വിവാഹാലോചനകൾ വന്നുവെങ്കിലും കൂട്ടിയുടെ ഭാവിയെ കരുതി ഒന്നും വേണ്ട എന്ന നിലപാടിൽ...

Valappottukal

 



രചന: Josepheena Thomas


ഓഫീസിലെ ബെസ്റ്റ് ഫ്രണ്ട്


പതിവായി ഓഫീസ്സിൽ നിന്നും

" അമ്മേ ഞാനെത്തി " എന്ന വിളി കേട്ടുകൊണ്ടായിരിക്കും മാലതിയമ്മ അടുക്കളയിൽ നിന്നും കടന്നുവന്ന് കതകു  തുറക്കുക.  മകളുടെ വിളി കാതോർത്തിരിക്കുന്ന ആ അമ്മ എത്ര ജോലിത്തിരക്കിനിടയിലും അതു കേൾക്കാതിരിക്കില്ല.   പക്ഷേ ഇന്നു തന്റെ മകൾക്കിതെന്തു പറ്റി?  തുറന്നു കിടന്നിരുന്ന അടുക്കള വാതിലിൽ കൂടി മിണ്ടാതെ കയറിപ്പോരുന്ന മാലിനിയെ കണ്ട് അവർ അന്ധാളിച്ചു.  എന്തു പറ്റി 

ഇന്നു തന്റെ മകൾക്ക്?  ചോദിക്കാമെന്നു വെച്ച് മുറിയിലേക്കു കാലെടുത്തു വച്ചപ്പോൾത്തന്നെ മകളുടെ താക്കീത്.  


              " അമ്മ പൊയ്ക്കാളു .  വല്ലാത്ത തലവേദന. ഞാനൊന്നു കിടക്കട്ടെ."


അവർ പോയി അടുക്കളയിലെ അലമാരയുടെ സൈഡിൽ വച്ചിരുന്ന 

ടൈഗർ ബാം എടുത്തു കൊണ്ടുവന്ന് മകൾക്കു നേരെ നീട്ടി.


             " ഇതു വല്യ ശല്യമായല്ലോ. ഒന്നുകിടക്കാമെന്നു വച്ചാലും സമ്മതിക്കില്ലേ ?"


മാലതിയമ്മയുടെ ഹൃദയം തേങ്ങി.  മകൾ ദേഷ്യപെട്ടതിലല്ല അവർക്കു സങ്കടം. അവൾക്കെന്തോ കാര്യമായി സംഭവിച്ചിരിക്കുന്നു.  തന്റെ മകളുടെ മനസ്സിനെ അലട്ടുന്നതെന്തായിരിക്കും എന്നവർക്ക് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല.  ചെറുപ്പത്തിലേ അച്ഛൻ നഷ്ടപ്പെട്ട മകളെ വളർത്താൻ താൻ ഒത്തിരി കഷ്ടപ്പെട്ടു.  


ഭർത്താവിന്റെ മരണ ശേഷം പല വിവാഹാലോചനകൾ വന്നുവെങ്കിലും കൂട്ടിയുടെ ഭാവിയെ കരുതി ഒന്നും വേണ്ട എന്ന നിലപാടിൽ താനുറച്ചു നിന്നു.

വാടകയ്ക്കു കൊടുത്തിരുന്ന കെട്ടിടങ്ങളിൽ നിന്നു  കിട്ടിയിരുന്ന വരുമാനം കൊണ്ടു മകളെ പഠിപ്പിച്ചു.  ഭാഗ്യത്തിനു പഠിച്ചു കഴിഞ്ഞ്

അധികം താമസിയാതെ തന്നെ  സർക്കാർ ജോലിയും കിട്ടി.  അച്ഛനും കൂടപ്പിറപ്പുകളും ഇല്ലാതിരുന്ന മകൾക്ക് താനതെല്ലാമായി.


മാലിനിയുടെ മനസ്സിൽ കൂടി പലവിധ ചിന്തകൾ കടന്നുപോയി.  വിഷ്ണു തന്റെ ഓഫീസ്സിൽ ചാർജെടുത്ത ദിവസം...  അന്നു താനൊരു സുഹൃത്തിന്റെ കല്യാണ  നിശ്ചയത്തിനു പോയിരിക്കുകയായിരുന്നു.

അന്നു രാത്രി അപർണ്ണയുടെ കോളിൽ നിന്നാണ് ഓഫീസ്സിൽ പുതിയൊരാൾ വന്നു ചാർജെടുത്തിട്ടുണ്ടെന്നറിഞ്ഞത്.  അവളുടെ ഭാഷയിൽ പറഞ്ഞാൽ ഒരു "ചുള്ളൻ ചെക്കൻ. " തനിക്കതു കേട്ടപ്പോൾ പ്രത്യേകിച്ചൊന്നും തോന്നിയില്ല.  കുറച്ചു നാൾ ആളില്ലാതെ കിടന്ന സെക്ഷനിലെ ജോലി

തന്റെ തലയിലായിരുന്നു.  അതിനൊരറുതി വരുമല്ലോ എന്ന ആശ്വാസമായിരുന്നു തനിക്കപ്പോൾ.  


പിറ്റെ ദിവസം ഓഫീസ്സിൽ ചെന്നപ്പോൾ വിഷ്ണു തന്നെയാണ് തന്റെ അടുത്തേക്കു വന്നു പരിചയപ്പെട്ടത്.

നാട്ടിൽ പുറത്തിന്റെ വിനയവും ഒതുക്കവും അയാളുടെ  പെരുമാറ്റത്തിൽ നിഴലിച്ചിരുന്നു.

എന്നാൽ വേഷവിധാനത്തിൽ നാഗരികതയും തോന്നിച്ചിരുന്നു. എന്തുകൊണ്ടോ അയാളുടെ സംസാര ശൈലിയും പെരുമാറ്റവും തനിക്ക് ആദ്യമേ തന്നെ ഇഷ്ടപ്പെട്ടിരുന്നു.  അപർണ്ണ ഇടയ്ക്കിടെ തങ്ങളെ നോക്കുന്നുണ്ടായിരുന്നു. അയാളെ കുറിച്ചുള്ള അത്യാവശ്യ വിവരങ്ങൾ താൻ ചോദിക്കാതെ തന്നെ അയാൾ

പങ്കു വച്ചിരുന്നു. അധ്യാപകരായ മാതാപിതാക്കളുടെ ഒരേയൊരു മകൻ.

ഈ ജോലിയിൽ പ്രവേശിക്കുന്നതിനു മുമ്പ് ട്യൂട്ടോറിയൽ കോളേജ് അധ്യാപകനായിരുന്നയാൾ.


പലപ്പോഴും ഫയലുകളിലെ സംശയം തീർക്കാൻ വരുമായിരുന്ന വിഷ്ണവുമായി താനെത്ര വേഗമാണ് അടുത്തത്. തന്റെ മനസ്സിൽ പ്രണയത്തിന്റെ പൂത്തിരി കത്തി. 

കോളേജിൽ വച്ചും  അതു കഴിഞ്ഞും എത്രയോ പ്രണയാഭ്യർത്ഥനകൾ തനിക്കു നേരിടേണ്ടി വന്നിട്ടുണ്ട്.  ആർക്കും ഇതുവരെ മനസ്സു പകുത്തു കൊടുക്കാതിരുന്ന തനിക്കിതെന്തു പറ്റി?  ഓഫീസ്സിൽ പോകുന്ന നേരമാകുമ്പോൾ വല്ലാത്ത ഒരു വെപ്രാളം താനനുഭവിക്കാൻ തുടങ്ങി. അവധി ദിവസങ്ങളിൽ വല്ലാതെ വിഷമിച്ചു. വിഷ്ണുവിനും അങ്ങിനെതന്നെയായിരിക്കും എന്നു

തന്റെ മനസ്സു മന്ത്രിച്ചു.  വേഷവിധാനത്തിൽ കുറച്ചു കൂടി ശ്രദ്ധിക്കാൻ തുടങ്ങി.  


ഞങ്ങളുടെ അടുപ്പം ലേഡീസിന്റെയിടയിൽ ചർച്ചാ വിഷയമായി.

അപർണ്ണയ്ക്കു മാത്രം തന്നോട് എന്തോ നീരസ്സമുള്ളപോലെ തോന്നി.  തീർച്ചയായും വിഷ്ണുവിന് തന്നോടു താല്പര്യമുണ്ടെന്നു തന്നെ തോന്നിയിരുന്നു.  വിഷ്ണുവിൽ നിന്നും അതു കേൾക്കാൻ തന്റെ മനസ്സു കൊതിച്ചു. താനെങ്ങിനെയാണ് അയാളെ ഇഷ്ടമാണെന്ന് ആദ്യം പറയുക?  താനൊരു പെണ്ണല്ലേ?  അയാൾ എന്തു കരുതും തന്നെ പ്പറ്റി?  ഒരു പക്ഷേ താൻ വിചാരിക്കുന്നതുപോലെ തന്നെയാണ് വിഷ്ണുവും വിചാരിക്കുന്നതെങ്കിലോ?  എന്നെങ്കിലും വിഷ്ണു അതാദ്യം പറയുന്നതു കേൾക്കാൻ തന്റെ മനം തുടിച്ചു.   ഇല്ലെങ്കിൽ പറയാനവസരം

വരട്ടെ. പറയണം.  


ദിവസങ്ങൾ കൊഴിഞ്ഞു വീണു കൊണ്ടിരുന്നു. അമ്മയ്ക്കു പനിയായതുകൊണ്ട് താൻ ഒരാഴ്ച അവധിയിലായിരുന്നു.  കുഴപ്പമില്ല. ഓഫീസ്സിൽ പൊയ്ക്കോളാൻ അമ്മ പറഞ്ഞുവെങ്കിലും വയ്യാത്ത അമ്മയെ തനിച്ചാക്കിയിട്ടു പോകാൻ തന്റെ മനസ്സനുവദിച്ചില്ല. 


ലീവു കഴിഞ്ഞ് ഓഫീസിലേക്കു പോയത് വലിയ ഉത്സാഹത്തിലായിരുന്നു.    വിഷ്ണുവിന്റെ സീറ്റിലേയ്ക്കാണ് പതിവു പോലെ തന്റെ കണ്ണുകൾ

ആദ്യം ചെന്നത്.  ആ സീറ്റ്  ശൂന്യമായി കിടക്കുന്നതു കണ്ടപ്പോൾ തന്റെ നെഞ്ചകം തേങ്ങി.  സീറ്റിൽ വന്നിരുന്നപ്പോൾ ആരോ പറയുന്നതു കേട്ടു  അപർണ്ണ ലീവാണെന്ന്.  അവളെ പെണ്ണു കാണാൻ

വിഷ്ണുവും വീട്ടുകാരും ചെല്ലുന്നുണ്ടത്രെ!


ങേ! താൻ ലീവിലായിരുന്ന ഈ ഒരാഴ്ചക്കാലം എന്തൊക്കെയാണു സംഭവിച്ചത് ?  ആരും തന്നെയൊന്നറിയിച്ചില്ല.

ഒന്നും പറഞ്ഞതുമില്ല. ഓഫീസിലെ അറ്റൻഡർ സുകുമാരൻ ചേട്ടനാണ് ഇവർ തമ്മിലുള്ള വിവാഹക്കാര്യത്തെക്കുറിച്ച് ആലോചനയിട്ടതത്രെ!  അപർണ്ണ നേരത്തെ തന്നെ അതാഗ്രഹിച്ചിരുന്നു പോലും!!!


തന്റെ നെഞ്ചിലാരോ കത്തിയിറക്കുന്നതു പോലെയാണു തോന്നിയത്.  തനിക്കൊന്നു പൊട്ടിക്കരയണമെന്നു തോന്നി.   ടോയ്ലറ്റിൽ പോയി പൊട്ടിക്കരഞ്ഞു. മുഖം കഴുകി തിരിച്ചു വന്നു സീറ്റിലിരുന്നപ്പോൾ  എല്ലാവരും തന്നെ നോക്കുന്നുണ്ടെന്നു തോന്നി.  ഒരു വിധത്തിലാണ് വൈകുന്നേരം വരെ സമയം കഴിച്ചു കൂട്ടിയത്.  വിഷ്ണുവിന് അപ്പോൾ തന്നോടു സ്നേഹമില്ലായിരുന്നോ?  അതാണോ അവൻ തന്നോടെന്നും പറയാതിരുന്നത് ?താനെന്തെല്ലാം മന:ക്കോട്ടകൾ കെട്ടി. ഒരു വിധത്തിലാണു വീടെത്തിയത്...


വിഷ്ണുവിനെ എങ്ങിനെ കുറ്റപ്പെടുത്താനാവും?  താനയാളോട് ഇതെക്കുറിച്ചൊന്നും പറഞ്ഞിട്ടില്ലല്ലോ.  പക്ഷേ അപ്പോഴും തനിക്കു മനസ്സിലാകാത്ത കാര്യം വിഷ്ണു തന്നോടു കാണിച്ച അടുപ്പം തന്റെ തോന്നലായിരുന്നോ?  ആ അടുപ്പത്തിന് ഒരു പ്രണയത്തിന്റെ പരിവേഷം നൽകിയ തന്റെ  മനസ്സിനോട് തനിക്കു പുച്ഛം തോന്നി.  അപ്പോൾ അപർണ്ണയുമായി വിഷ്ണുവിന് അടുപ്പമുണ്ടായിരുന്നോ?

ഒന്നും പിടികിട്ടുന്നില്ല. അപർണ്ണയ്ക്ക് താൻ വിഷ്ണുവുമായി സംസാരിക്കുന്നതിൽ

എന്തോ നീരസമുള്ളതു പോലെ തനിക്കു തോന്നിയിട്ടുണ്ട്.  അപ്പോഴൊക്കെയും അവളുടെ മനസ്സിൽ ഇങ്ങനെയൊരാഗ്രഹം ഉണ്ടെന്ന്  അറിഞ്ഞിരുന്നില്ല.  എങ്കിൽ അവൾക്കു തന്നോടു പറയാമായിരുന്നില്ലേ?

അല്ല... പറഞ്ഞാൽത്തന്നെ തനിക്കതു സന്തോഷമായിരിക്കുമോ... ?ഒരിക്കലുമില്ല.

തനിക്ക് അത്രമേൽ സ്നേഹമായിരുന്നു അയാളോട്.  ഒരു പെണ്ണായ താൻ എങ്ങിനെ അതാദ്യം പറയും?  വിഷ്ണു വേണ്ടെ അതാദ്യം പറയാൻ?  അപർണ്ണയ്ക്കു വേണ്ടി വിഷ്ണുവിനെ ആലോചിച്ചത് സുകുമാരൻ 

ചേട്ടനാണെന്നല്ലേ പറഞത്? അയാളോടു തനിക്കു ദേഷ്യം തോന്നി.  ഒരു കണക്കിന് അയാളോട് ദേഷ്യം  തോന്നേണ്ട കാര്യമില്ല.

അയാൾ ഇതൊന്നും അറിയുന്നില്ലല്ലോ.    


അപർണ്ണ ഭാഗ്യവതിയാണ്. വിഷ്ണുവിനെപ്പോലൊരു നല്ല പുരുഷനെ ഭർത്താവായി  ലഭിക്കുക ഒരു പെണ്ണിന്റെ

ഏറ്റവും വലിയ ഭാഗ്യമാണ്.  താനതിലസൂയപ്പെട്ടിട്ടു കാര്യമില്ല.  തനിക്കു വിധിച്ചത് മറ്റാരെങ്കിലുമായിരിക്കാം. 


വിഷ്ണുവിന്റെ കാര്യം പലപ്പോഴും അമ്മയോടു സൂചിപ്പിക്കണമെന്നു വിചാരിച്ചതാണ്.  വിഷ്ണുവിന്റെ ഭാഗത്തുനിന്നും അനുകൂലമായ ഒരു പ്രതികരണം ഉണ്ടായിട്ടുമതി എന്നോർത്താണ്  ആ ഉദ്യമത്തിൽ നിന്നും പിന്മാറിയത്.  പറയാതിരുന്നത് എത്ര നന്നായി.  പാവം അമ്മ 

ഒന്നുമറിഞ്ഞില്ലല്ലോ. 



ഇനി വിഷ്ണു തനിക്കാരുമല്ല. വെറും ഒരു സഹപ്രവർത്തകൻ മാത്രം.  അയാളെക്കുറിച്ചോർത്ത് മനസ്സു നീറുന്നതിലിനി അർത്ഥമില്ല.  


ഡ്രസ്സു മാറുന്നതിനിടയിൽ മാലതിയമ്മ ചായയുമായി വന്നു.  പാവം അമ്മ. ഒരിക്കലും അമ്മയോടു ദേഷ്യപ്പെട്ടിട്ടില്ലാത്ത താൻ അതും ചെയ്തു. തനിക്കു വല്ലാത്ത വിഷമം തോന്നി.  തനിക്ക് ഭാഗ്യമില്ലാത്തതിന് അമ്മയെന്തു പിഴച്ചു?  ഇത്രയും നാൾ കഷ്ടപ്പെട്ടു വളർത്തിയ അമ്മയോട്  ആരുമല്ലാത്ത ഒരാൾക്കുവേണ്ടി

ദേഷ്യപ്പെട്ടതു ശരിയായില്ല.  


         " അമ്മയിങ്ങു വന്നേ.. "


താനമ്മയെ തന്റെ അരികെ പിടിച്ചിരുത്തി.  അവർ ആദ്യമായി

കാണുന്നതുപോലെ അതിശയത്തോടെ തന്നെ നോക്കി.


           "അമ്മേടെ മോൾക്ക് ഒന്നുമില്ലാട്ടോ.

അതേയ് ഓഫീസിൽ ഒരു ചിന്ന പ്രശ്നം. 

അതു സോൾവായി.  ഇനി ഒന്നുല്ലാട്ടോ."


            മാലതിയമ്മ ഒരു നെടുവീർപ്പോടെ

മകളെ ചേർത്തുപിടിച്ചു. ലൈക്ക് കമന്റ് ചെയ്യണേ...

To Top