രചന: ആതൂസ് മഹാദേവ്
ആരവ് ഒഴികെ ബാക്കി മൂന്ന് പേരും എന്നത്തേയും പോലെ ദിനേഷിന്റെ വീട്ടിൽ ഒത്തു കൂടിയിരിക്കുകയാണ്.ആരവ് ഇപ്പൊ അധികം ഇങ്ങോട്ടേക്ക് വരാറില്ലാ.
"അവൻ വിളിച്ചിരുന്നോ നിങ്ങളെ "
കൈയിൽ ഇരിക്കുന്ന ഗ്ലാസിൽ നിന്ന് അൽപ്പം മദ്യം കുടിച്ചു കൊണ്ട് ജിബിൻ ചോദിച്ചു.
"ഇല്ല, എന്തൊക്കെയോ നമ്മളെ അറിയിക്കാതെ അവൻ ചെയുന്നുണ്ട് അതാ ഇവിടേയ്ക്ക് പോലും ഇപ്പൊ വരാത്തത് "
"അത് ശെരി, വന്നാൽ ചിലപ്പോ നമ്മളോട് പറയേണ്ടി വന്നാലോ "
ജിബിനും അതിനോട് യോജിച്ചു.
"നമ്മളും അവനോട് കൂടുതൽ ഒട്ടാൻ നിൽക്കണ്ട പണി വരുന്ന വഴി അറിയില്ല "
"എന്തായാലും അവൻ അവളെയും കൊണ്ടേ പോകൂ എന്നാ തോന്നുന്നത് "
ജിബിൻ അത് പറഞ്ഞു തീർന്നതും അവന്റെ ഫോൺ റിങ് ആയതും ഒരുമിച്ച് ആയിരുന്നു. അവൻ പാന്റ്സിന്റെ പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് നോക്കി.
"ടാ അവൻ ആണെല്ലോ "
ജിബിൻ കൈയിൽ ഇരിക്കുന്ന ഫോൺ അവർക്ക് നേരെ കാണിച്ചു കൊണ്ട് പറഞ്ഞു.
"നീ എന്തായാലും എടുക്ക് കാര്യം അറിയാലോ "
സാഗർ പറഞ്ഞതും ജിബിൻ കാൾ എടുത്തു.
"ഹലോ എന്താടാ "
"........................................"
"ഏ എപ്പോ "
അവൻ ഒന്ന് ഞെട്ടി കൊണ്ട് ചോദിച്ചു. ബാക്കി ഉള്ളവർ പരസ്പരം നോക്കി കൊണ്ട് അവനെ ശ്രെധിച്ചു.
"............................."
"ടാ അയാൾ എങ്ങാനും ഇത് അറിഞ്ഞാൽ, നീ സൂക്ഷിക്കണം "
"........................"
"അല്ല നിങ്ങൾ ഇപ്പൊ എവിടെയാ "
"....................................."
"ആ ഓക്കേ ശെരി "
അവൻ അതും പറഞ്ഞ് കാൾ കട്ട് ചെയ്തു.
"എന്താ ടാ എന്താ കാര്യം അവൻ എന്താ പറഞ്ഞെ "
ജിബിൻ കാൾ കട്ട് ചെയ്തതും സാഗാറും ജിബിനും ഓരോന്ന് ചോദിക്കാൻ തുടങ്ങി.
"എടാ അവളെ അവൻ പൊക്കി എന്ന്, ഇപ്പൊ അവര് ............. ഉണ്ടെന്ന്, അങ്ങോട്ടേക്ക് ചെല്ലാൻ പറഞ്ഞു നമ്മളോട് "
"ആരെ പൗർണമിയേയോ "
സാഗർ കണ്ണ് മിഴിച്ച് കൊണ്ട് ചോദിച്ചു.
"അല്ലാതെ വേറെ ആരെ വാ നമുക്ക് വേഗം ഇറങ്ങാം "
അതും പറഞ്ഞ് അവൻ എഴുന്നേറ്റു പുറകെ അവരും.
"വേണോ ഒന്നൂടെ ആലോചിച്ചിട്ട് പോരെ, ഇത് എങ്ങാനും അയാൾ അറിയുകയാണെങ്കിൽ വെറുതെ നമുക്ക് ഉള്ള കുഴി നമ്മൾ തന്നെ എടുക്കണോ "
പുറത്തേയ്ക്ക് നടക്കുന്നതിന് ഇടയിൽ ദിനേഷ് ഒന്നൂടെ ജിബിനോട് ചോദിച്ചു.
"എന്തായാലും അവന്റെ ഫ്രണ്ട്സ് എന്ന നിലയിൽ നമ്മൾക്കും കിട്ടും പിന്നെ എന്താ. നിങ്ങൾ വാ പേടിക്കാതെ "
ഡോർ ലോക്ക് ചെയ്ത് കൊണ്ട് അവർ വേഗം കാറിലേയ്ക്ക് പോയി.
==================================
സാന്ദ്ര താഴേയ്ക്ക് ഇറങ്ങി വരുമ്പോ കാണുന്നത് ഹാളിൽ ഇരുന്ന് കരയുന്ന മേരിയും അവരെ സമാധാനിപ്പിക്കുന്ന മാത്യുവിനേയും ആണ്. ഉള്ളിൽ ചിരിച്ചു കൊണ്ട് പുറമേ സങ്കടത്തിന്റെ മുഖം മൂടി അണിഞ്ഞു അവൾ അവരുടെ അടുത്തേയ്ക്ക് പോയി.
"എന്തായി അങ്കിൾ ആമി "
അവൾ മാത്യുവിന്റെ അടുത്തേയ്ക്ക് പോയ് വിഷമത്തോടെ ചോദിച്ചു.
"ഒന്നും അറിഞ്ഞില്ല മോളെ "
അയാൾ സങ്കടത്തോടെ പറഞ്ഞു.
"ഞാൻ കാരണം ആണ് ഇതൊക്കെ ഉണ്ടായത്, മോളെ ഒറ്റയ്ക്ക് വിടാൻ പാടില്ലായിരുന്നു. അതുകൊണ്ട് അല്ലെ ഇങ്ങനെ ഒക്കെ വന്നത് "
മേരി കരഞ്ഞു കൊണ്ട് പറഞ്ഞു. സാന്ദ്ര വേഗം പോയ് അവർക്ക് അരുകിൽ ഇരുന്ന് കൊണ്ട് പറഞ്ഞു.
"ആന്റി കരയണ്ട ആമിക്ക് ഒന്നും വരില്ല, അവര് പോയിരിക്കുവല്ലേ അവളെയും കൊണ്ടേ അവർ തിരികെ വരുള്ളൂ "
"അത് തന്നെയാ ഞാനും ഇവളോട് പറഞ്ഞത് ആദം ഒരു കാര്യത്തിന് ഇറങ്ങിയിട്ടുണ്ടെങ്കിൽ അത് നേടെതെ അവൻ വരില്ല "
മാത്യുവിന്റെ വാക്കുകളിൽ വല്ലാത്ത ഒരുതരം ഉറപ്പ് ഉണ്ടായിരുന്നു. ഒരു വേള ആ വാക്കുകൾ സാന്ദ്രയിൽ നേരിയ തോതിൽ ഭയം ഉടലെടിത്തിരുന്നു. എന്നാലും അവൾ അത് പുറമെ കാണിച്ചില്ല.
===================================
ആമി തളർച്ചയോടെ നിലത്ത് കാൽ മുട്ടിൽ മുഖം അമർത്തി ഇരിക്കുവാണ്. കണ്ണിൽ നിന്നും കണ്ണുനീർ ധാര ധാര ആയ് ഒഴുകുന്നുണ്ട്. ഇത്തിരി മുൻപ് ഫോണും കൊണ്ട് പുറത്തേയ്ക്ക് ഇറങ്ങിയത് ആണ് ആരവ്. തിരികെ വരാത്തതിൽ അവൾ അൽപ്പം ആശ്വാസിച്ചു.
തനിക്ക് ഇനി ഇവിടുന്ന് രക്ഷപെടാൻ കഴിയില്ല എന്നവൾക്ക് തോന്നി. അതിനിരട്ടി അവളെ തളർത്തിയത് ആദമിനെ തനിക്ക് ഇനി കാണാൻ കഴിയില്ലേ എന്നതാണ്. ഒരു തവണ കൂടെ അവനെ ഒന്ന് കാണാൻ, പറഞ്ഞതിനും ചെയ്തതിനും ഒക്കെ മാപ്പ് ചോദിക്കാൻ കഴിയണേ എന്നവൾ ആത്മാർത്ഥമായി ആഗ്രഹിച്ചു.
ഒരു വേള കഴുത്തിൽ കിടക്കുന്ന അവന്റെ പേരിൽ ഉള്ള താലിയിൽ അവൾ മുറുകെ പിടിച്ചു. തന്റെ സമ്മതം ഇല്ലാതെ ചാർത്തിയത് ആണ് ഇത്. എന്നാൽ ഇപ്പൊ ഇതിനോട് വല്ലാത്ത സ്നേഹവും പ്രണയവും തോന്നുന്നു. തന്റെ മരണത്തിലൂടെ അല്ലാതെ ഈ താലി തന്റെ കഴുത്തിൽ നിന്ന് പോകരുതേ എന്നവൾ ആഗ്രഹിക്കുന്നു.
ഇത്രയും നാൾ അവന്റെ അരികിൽ ഉണ്ടായിട്ടും ആ മനസ്സ് ഒന്ന് അറിയാൻ ശ്രെമിക്കാത്തത്തിൽ അവൾക്ക് അവളോട് തന്നെ ദേഷ്യവും സങ്കടവും തോന്നി.കഴുത്തിലെ താലിയിൽ മുറുകെ പിടിച്ചു കൊണ്ട് അവൾ കരഞ്ഞു കൊണ്ടിരുന്നു.
=================================
ആദവും അലോഷിയും ആമിയുടെ വീട്ടിൽ നിന്ന് ഇറങ്ങി നേരെ പോയത് ദിനേഷിന്റെ വീട്ടിലേയ്ക്ക് ആണ്.എന്നാൽ അവിടെ എത്തിയപ്പോ ഡോർ ലോക്ക് ചെയ്തിരിക്കുന്നത് കണ്ട് ആദമിന് ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി. അവൻ കാറിന്റെ ബോണറ്റിൽ ദേഷ്യത്തോടെ ആഞ്ഞടിച്ചു.
"ആദം നീ ഒന്ന് റിലാസ് ആക്, നമുക്ക് അനേക്ഷിക്കാം "
അലോഷി അവന്റെ അടുത്തേയ്ക്ക് വന്ന് തോളിൽ കൈ വച്ച് കൊണ്ട് പറഞ്ഞു. അപ്പോഴേയ്ക്ക് തന്നെ അവന്റെ ഫോൺ റിങ് ചെയ്തു.
"ഹെലോ പറ "
".........................."
"ആ ഓക്കേ ടാ താങ്ക്സ് "
അതും പറഞ്ഞ് അവൻ വേഗം കാൾ കട്ട് ചെയ്തിട്ട് ആദമിനോട് പറഞ്ഞു.
"അവന്റെ ഫോൺ ലൊക്കേഷൻ ഇപ്പൊ ................ ആണ് "
അത് കേട്ടതും ആദമിന്റെ കണ്ണുകൾ ഒന്ന് ക്രൂരമായ് തിളങ്ങി. ഉടൻ തന്നെ അവർ അവിടുന്ന് പോയി.
====================================
ജിബിനും സാഗാറും ദിനേഷും ആരവ് പറഞ്ഞു കൊടുത്ത സ്ഥലത്ത് ഇതിനോടകം എത്തിയിരുന്നു. അവർ വേഗം കാർ പാർക്ക് ചെയ്ത് അകത്തേയ്ക്ക് കയറി. വളരെ പഴക്കം ഉള്ള വീടായിരുന്നു അത്. കണ്ടാൽ തന്നെ അറിയാം അടുത്ത് എങ്ങും ആൾതാമസം ഇല്ല എന്ന്. അത്രയും വിജനമായിരുന്നു ആ സ്ഥലം.
അവർ മൂന്ന് പേരും അകത്തേയ്ക്ക് കയറിയപ്പോ കണ്ടു ഒരു ചെയറിൽ ഇരുന്ന് കൊണ്ട് മറ്റൊരു ചെയറിൽ കാലുകൾ നീട്ടി വച്ച് ഇരിക്കുന്ന ആരവിനെ. അകത്തേയ്ക്ക് വരുന്ന അവരെ കണ്ട് അവൻ ഒരു ചിരിയോടെ ചോദിച്ചു.
"ആ നിങ്ങൾ എത്തിയോ "
"അവൾ എവിടെ "
ജിബിൻ ചുറ്റും നോക്കി കൊണ്ട് ചോദിച്ചു.
"അകത്ത് ഉണ്ട് "
ആരവ് അവൻ ഇരിക്കുന്നതിന്റെ ഓപ്പോസിറ്റ് സൈഡിൽ ഉള്ള പുറത്ത് നിന്ന് പൂട്ടി ഇട്ടിരിക്കുന്ന റൂമിലേയ്ക്ക് കണ്ണ് കാണിച്ച് കൊണ്ട് പറഞ്ഞു.
"ടാ ഈ സ്ഥലം സേഫ് ആണോ "
സാഗർ ടെൻഷനോടെ ചോദിച്ചു.
"ഇവിടേയ്ക്ക് ആരും വരില്ല, ഇനി അഥവാ വന്നാൽ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് എനിക്ക് അറിയാം "
അവനോരു പുച്ഛത്തോടെ അവരെ നോക്കി പറഞ്ഞു.
"ആരവ് എന്താ ഇനി നിന്റെ പ്ലാൻ "
ജിബിൻ അവന്റെ അടുത്തേയ്ക്ക് ഇരുന്ന് കൊണ്ട് ചോദിച്ചു.
"ഇപ്പൊ ഒരു ഉദ്ദേശം മാത്രമേ എന്റെ മുന്നിൽ ഉള്ളൂ. അവളെ എത്രയും പെട്ടന്ന് എനിക്ക് സ്വന്തമാക്കണം "
"എന്നുവച്ചാൽ നീ എന്താ ഉദ്ദേശിക്കുന്നത് "
"ആദ്യം അവളുടെ കഴുത്തിൽ കിടക്കുന്ന അവൻ കെട്ടിയ ആ താലി വലിച്ച് പൊട്ടിച്ചു കളഞ്ഞിട്ട് എനിക്ക് അവളെ താലി കെട്ടണം "
ആരവ് ഒരു തരം വാശിയോട് പറഞ്ഞു.
"അതിന് അവള് സമ്മതിക്കുമോ "
"സമ്മതിക്കാത്തത് എന്താ, അവൾക്ക് ഇവനെ അല്ലെ ഇഷ്ടം പിന്നെ എന്താ "
സാഗർ സംശയത്തോടെ ചോദിച്ചു.
"അതൊക്കെ പണ്ട് എന്നാൽ അവൾക്ക് ഏറെ പ്രിയം അവനോട് ആണ് ആ ആദമിനോട് "
പല്ല് കടിച്ച് കൊണ്ട് ആരവ് കോപത്തോടെ പറഞ്ഞു. അത് കേട്ട് അവർ പരസ്പരം നോക്കി.
"അല്ല ടാ അപ്പൊ അവൾ എല്ലാം അറിഞ്ഞിട്ടുണ്ടാകുവോ, അയാൾ അവളോട് എല്ലാം പറഞ്ഞിട്ടുണ്ട് എങ്കിലോ "
ദിനേഷ് ആ സംശയം പറഞ്ഞത്.
"അറിഞ്ഞോട്ടെ അത് എനിക്ക് ഇനി ഒരു പ്രശ്നമേ അല്ല. എന്തായാലും ഇനി അവൾ എന്റെ കൈയിൽ നിന്ന് രക്ഷപെടില്ല "
"ആരവ് എന്തായാലും എത്രയും പെട്ടന്ന് എന്തെങ്കിലും ചെയ്യണം. എത്രയൊക്കെ കോൺഫിഡൻസ് ഉണ്ടെങ്കിലും ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ "
"ശെരിയാ ടാ ആയാൾ എങ്ങാനും ഈ സ്ഥലം കണ്ടു പിടിച്ച് വരുന്നതിന് മുന്നേ നിന്റെ പ്ലാൻ നീ നടപ്പിലാക്കണം "
ജിബിനും അത് ജോചിക്കുന്ന പോലെ പറഞ്ഞു.അതിന് മറുപടി ഒന്നും പറയാതെ ആരവ് എഴുന്നേറ്റ് പൂട്ടി ഇരിക്കുന്ന വാതിലിന്റെ അടുത്തേയ്ക്ക് പോയ് ഡോർ തുറന്ന് അകത്തേയ്ക്ക് കയറി.പുറകെ അവരും.
=================================
വീട്ടിൽ ഇരുന്നിട്ടും നിർമലയ്ക്ക് ഒരു സമാധാനവും കിട്ടുന്നുണ്ടായിരുന്നില്ല. അവർ വന്ന് പോയതിൽ പിന്നെ ഇതുവരെ വിളിച്ചതും ഇല്ല. അതുകൊണ്ട് തന്നെ ആമി തിരിച്ച് എത്തി കാണില്ലേ എന്നവർ ഭയപ്പെട്ടു.നേരത്തെ തളർന്ന് ഇരുന്ന ആ ഇരുപ്പ് തന്നെ ആയിരുന്നു അവർ ഇത്രയും നേരം. കരഞ്ഞു കരഞ്ഞു ആകെ തളർന്ന് പോയി.
ഇത്രയും നേരം ആയിട്ടും അലോഷി വിളിക്കാത്തത് കൊണ്ട് അങ്ങോട്ടേക്ക് പോകാം എന്നവർ തീരുമാനിച്ചു. നിലത്ത് നിന്ന് പതിയെ അവർ എഴുന്നേറ്റ് ഡ്രസ്സ് പോലും മാറാൻ നിൽക്കാതെ അകത്തേയ്ക്ക് കയറി പേഴ്‌സും എടുത്ത് ഡോർ ലോക്ക് ചെയ്ത് പുറത്തേയ്ക്ക് ഇറങ്ങി നടന്നു. തന്റെ മകൾ അവിടെ ഉണ്ടാവാണേ എന്ന പ്രാർത്ഥനയോടെ.
===================================
റൂം തുറക്കുന്ന ശബ്ദം കേട്ട് ആമി ഞെട്ടി എഴുന്നേറ്റു അങ്ങോട്ടേക്ക് നോക്കി.ആരവിന്റെ കൂടെ വരുന്നവരെ അവൾ ഒന്ന് നോക്കി. ഇടയ്ക്ക് എപ്പോഴോ ഒന്നോ രണ്ടോ തവണ അവന്റെ കൂടെ അവരെ കണ്ടതായ് അവൾക്ക് ഓർമ വന്നു. അവൾ എല്ലാവരെയും മാറി മാറി നോക്കി.
എന്നാൽ അവരുടെ മൂന്ന് പേരുടെയും നോട്ടം അവളുടെ ശരീരത്തിലേയ്ക്ക് ആയിരുന്നു.അവരുടെ കഴുകൻ കണ്ണുകൾ കൊണ്ട് ആ കുഞ്ഞുടലിനേ കൊത്തി വലിച്ചു. അവളുടെ സൗന്ദര്യം അവരെ അത്രമേൽ മോഹിപ്പിച്ചു.
തന്നെ വല്ലാത്തൊരു ഭാവത്തിൽ നോക്കുന്ന അവരെ കണ്ട് അവൾക്ക് പേടി തോന്നി.അവരുടെ കണ്ണുകൾ തന്റെ ശരീരത്തിലേയ്ക്ക് പാഞ്ഞു നടക്കുന്നത് കണ്ട് അവൾക്ക് അറപ്പും സങ്കടവും ഭയവും തോന്നി.അവൾ ഒരു ആശ്രയത്തിനായി ആരവിനെ നോക്കി. എന്നാൽ അവളെ വല്ലാത്തൊരു ഭാവത്തോടെ നോക്കി നിൽക്കുന്ന അവനെ കൂടെ കണ്ടതോടെ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. തുടരും