ചെകുത്താന്റെ പ്രണയം, തുടർക്കഥ ഭാഗം 20 വായിക്കൂ...

Valappottukal

 


രചന: ആതൂസ് മഹാദേവ്

പെട്ടന്ന് അവളെ അവിടെ കണ്ടതും അവന് വിശ്വാസിക്കാൻ കഴിഞ്ഞില്ല. ഏറെ നേരം പരിസരം മറന്ന് നോക്കി നിന്നു പോയി. തന്നെ കണ്ടപ്പോൾ വിടർന്ന അവളുടെ കണ്ണുകൾ കാൺകേ ഉള്ളിൽ എന്തെന്നില്ലാത്ത സന്തോഷം തോന്നി.


ഒരുപാട് നേരത്തിന് ശേഷം ആണ് ചുറ്റും ഉള്ളതിനെ കുറിച്ച് ഓർമ വന്നത്. പിന്നെ ഉള്ളിൽ തോന്നിയ സന്തോഷം ഒക്കെ അടക്കി വച്ച് പുറമെ ദേഷ്യത്തിന്റെ മുഖം മൂടി അണിഞ്ഞു. അപ്പൊ വായിൽ വന്നത് വിളിച്ച് പറഞ്ഞു. അവളുടെ കണ്ണുകൾ നിറഞ്ഞപ്പോഴാണ് വേണ്ടിയിരുന്നില്ല എന്ന് തോന്നിയത്. പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല.


അവളുടെ അരികിൽ നിന്ന് തിരികെ ക്യാബിനിലേയ്ക്ക് വരുമ്പോഴാണ് ഏതോ ഒരുത്തൻ ഫോണിൽ ആരോടോ മോശമായി സംസാരിക്കുന്നത് കേട്ടത്. എങ്ങോട്ടോ നോക്കി വല്ലാത്തൊരു ഭാവത്തിൽ പറയുന്ന അവനെ ഒന്ന് ശ്രെദ്ധിച്ചു. അവന്റെ നോട്ടത്തെ പിൻ തുടർന്ന് പോയപ്പോഴാണ് താൻ അത് കണ്ടത്. തന്റെ പെണ്ണിനെ നോക്കി അവളെ കുറിച്ചാണ് ഈ സംസാരിക്കുന്നത് എന്ന്. അവൻ പറയുന്നത് ഒക്കെ കേട്ട് അവനെ കൊല്ലാൻ ഉള്ള കലി തോന്നി എങ്കിലും ഇപ്പൊ പ്രതികരിച്ചാൽ ശെരിയാവില്ല എന്ന് തോന്നി.അവിടെ നിന്നാൽ എന്തെങ്കിലും ചെയ്ത് പോകും എന്ന് തോന്നിയപ്പോൾ ആണ് വേഗം അകത്തേയ്ക്ക് കയറി പോയത്.


ക്യാബിനിലേയ്ക്ക് കയറി ഇരുന്നിട്ടും ഒരു സമാധാനവും ഉണ്ടായിരുന്നില്ല. അവനെ എങ്ങനെ കൈകാര്യം ചെയ്യാം എന്ന് ആലോചിച്ച് ഇരിക്കുമ്പോൾ ആണ് അലോഷി വിളിക്കുന്നത്.ആദ്യം ഒക്കെ ഒഴിഞ്ഞു മാറി എങ്കിലും പിന്നെ അവനോട് കാര്യം പറഞ്ഞു. കേട്ട് കഴിഞ്ഞപ്പോ അവന് ദേഷ്യം ആയി. പിന്നെ അവന്റെ അടുത്തേയ്ക്ക് വിളിച്ചോണ്ട് പോയി അവനെ ഒന്ന് വിരട്ടാൻ നോക്കി.


എന്നാൽ തന്നെ ഞെട്ടിച്ചത് അലോഷിയുടെ വാക്കുകൾ ആണ്. അറിയാതെ ആണെങ്കിൽ പോലും അവൾ തന്റെ പെണ്ണാണെന്ന് പറഞ്ഞപ്പോ അറിയില്ല എന്തൊക്കെയാ ഉള്ളിൽ തോന്നിയത് എങ്കിൽ. അവനെ വിരട്ടിയിട്ടും ഏറ്റില്ല എന്ന് അവന്റെ മുഖ ഭാവത്തിൽ നിന്ന് തന്നെ മനസിലായി.


എങ്ങനെ അവനിട്ട് രണ്ട് പൊട്ടിക്കാം എന്ന് ആലോചിച്ച് ഇരിക്കുമ്പോൾ ആണ് അലോഷി റീനയുടെ കാര്യം പറയുന്നത്. പിന്നെ ഒന്നും നോക്കിയില്ല അവന്റെ സ്ഥലം തപ്പി പിടിച്ച് പോയ്‌ കാര്യമായ് പെരുമാറി. ഇനി അവൻ തല പോക്കില്ല എന്നാ കരുതിയത്. പക്ഷെ പിന്നെ ആണ് മനസിലായത് അത് കൊണ്ടും അവൻ അടങ്ങിയില്ല എന്ന്.


ഒരു ദിവസം അവളെ കാണാൻ ആ വഴിയിൽ പോയ്‌ നിൽക്കുമ്പോൾ ആണ് അവളുടെ നാവിൽ നിന്ന് തന്നെ താൻ അത് അറിയുന്നത്. കൂടെ ഉണ്ടായിരുന്ന ഒരു കുട്ടിയോട് സംസാരിക്കുന്നത്.(നീതു )


"ദിവസം അടുക്കും തോറും നിക്ക് എന്തോ പേടി തോന്നുവാ "


"എന്തിന് കല്യാണം എന്ന് പറയുന്നത് എപ്പോഴായാലും നടക്കും, പിന്നെ നിന്നെ കെട്ടാൻ പോകുന്നത് എന്റെ ഏട്ടൻ അല്ലെ അതുകൊണ്ട് എന്റെ മോള് പേടിക്കുകയെ വേണ്ട "


ഇരുവരും സംസാരിച്ച് കൊണ്ട് ആ ഇട വഴിയിലേക്ക് കയറി പോയി. കേട്ട കാര്യങ്ങൾ ഒന്നും വിശ്വാസിക്കാൻ കഴിഞ്ഞില്ല. തന്റെ പെണ്ണിനെ മറ്റൊരാൾ സ്വന്തമാക്കാൻ പോകുന്നു എന്നത് തനിക്ക് ഉൾകൊള്ളാൻ കഴിഞ്ഞില്ല. ദേഷ്യം തോന്നി എല്ലാത്തിനോടും. പക്ഷെ പെട്ടന്നാണ് അവന്റെ മുഖം മനസിലേയ്ക്ക് വന്നത്. ഉടൻ തന്നെ അലോഷിയെ വിളിച്ച് പറഞ്ഞ് കാര്യങ്ങൾ അനേക്ഷിക്കാൻ പറഞ്ഞു.


എന്റെ ഊഹങ്ങൾ എല്ലാം ശെരിയായിരുന്നു എന്ന് പിന്നെ ആലോഷി വിളിച്ച് പറഞ്ഞപ്പോ മനസിലായി. എന്ത് വന്നാലും അവളെ മറ്റൊരുത്തന് വിട്ടു കൊടുക്കില്ല എന്ന് താൻ ഉറപ്പിച്ചത. വീട്ടിലേയ്ക്ക് പോയ്‌ അലോഷിയുമായി കാര്യങ്ങൾ സംസാരിച്ചു. അവനെ കൊണ്ട് തന്നെ നീ അവളെ കെട്ട് എന്ന് വരെ പറയിപ്പിച്ചു. ആദ്യം ഒക്കെ വല്യ ജാട ഇട്ട് നിന്നു. അവന് ഒരു സംശയം തോന്നൽ പാടില്ലല്ലോ. ഇനിയും ജാടയും കാണിച്ച് നിന്നാൽ ചീത്തയും പറഞ്ഞ് അവൻ ഇറങ്ങി പോകും എന്ന് മനസിലായപ്പോൾ താൻ സമ്മതിച്ചു.


ഡേറ്റ് നേരത്തെ അറിയാൻ കഴിഞ്ഞത് കൊണ്ട് കൃത്യ സമയത്ത് തന്നെ അവിടെ എത്താൻ കഴിഞ്ഞു. അവനിട്ട് രണ്ട് കൊടുക്കയും ചെയ്തു, എന്റെ പെണ്ണിനെ താലി കെട്ടി സ്വന്തമാക്കുകയും ചെയ്തു. അവളുടെ മുഖവും കണ്ണീരും തന്നെ നോവിച്ചു എങ്കിലും അപ്പോൾ അത് കണ്ടില്ല എന്ന് നടിക്കേണ്ടി വന്നു. പോരുന്നതിന് മുന്നേ തന്നെ അലോഷിയോട് പറഞ്ഞിരുന്നു അവളുടെ അമ്മയോട് കാര്യങ്ങൾ പറഞ്ഞ് മനസിലാക്കണം എന്ന്. അതിന് വേണ്ടി ആണ് അവൻ അവളുടെ അമ്മയെയും കൊണ്ട് അവിടെക്ക് വന്നത്.




(പാസ്റ്റ് തീർന്നു ട്ടോ )


==================================



എല്ലാം പറഞ്ഞ് കഴിഞ്ഞ് ആദം അലോഷിയെ നോക്കി. അവൻ ആണെങ്കിൽ ആദമിനെ നോക്കി പേടിപ്പിക്കുന്നുണ്ട്.


"എന്താടാ "


ആദം ഇത്തിരി കലിപ്പിൽ തന്നെ ചോദിച്ചു. പിന്നെ അവൻ ഒന്നും നോക്കിയില്ല അവന്റെ അരുകിലേയ്ക്ക് പാഞ്ഞു ചെന്ന് ഷർട്ടിൽ കുത്തി പിടിച്ച് കൊണ്ട് ചോദിച്ചു.


"കോപ്പേ ഇതൊക്കെ ഉള്ളിൽ വച്ചിട്ടാണോടാ നിന്റെ ഒടുക്കത്ത ജാടയും കാണിച്ച് നടന്നത് തെണ്ടി "


ആദം അവന്റെ കൈ പിടിച്ച് മാറ്റാൻ നോക്കുന്നുണ്ട് എങ്കിലും അവൻ വിടുന്നില്ല.


"എന്തൊക്കെ ആയിരുന്നു അവൾ കുഞ്ഞാണ്,എനിക്ക് താല്പര്യം ഇല്ല, നീ വെറുതെ നിർബന്ധിക്കരുത്, അവന്റെ ഒരു ഊള ഷോ "


അലോഷി അവന്റെ ഷർട്ടിൽ നിന്ന് കൈ എടുത്ത് അവനെ നോക്കി പല്ല് കടിച്ച് കൊണ്ട് പറഞ്ഞു. ആദം ആണെങ്കിൽ ഇതൊക്കെ എനിക്കാ ഗ്രാസ്സ് ആണ് എന്ന ഭാവത്തോടെ ആണ് നിൽക്കുന്നത്.


"നിന്റെ വായിൽ നാക്ക് ഇല്ലെടാ കോപ്പേ, ഇതൊക്കെ നിനക്ക് അന്നേ പറഞ്ഞാൽ പോരായിരുന്നോ "


"നിനക്ക് എന്നെ പോലെ അഭിനയിക്കാൻ ഉള്ള കഴിവ് ഇല്ല അതുകൊണ്ട് ആണ് പറയാത്തത് "


ആദം ഒരു പുച്ഛത്തോടെ പറഞ്ഞതും അലോഷി അവനെ നോക്കി പല്ല് കടിച്ചു.


"നീ എന്താ ഡി ഒന്നും മിണ്ടാതെ നിൽക്കുന്നെ "


ഇതൊന്നും ശ്രദ്ധിക്കാതെ വേറെ ഏതോ ലോകത്ത് എന്ന പോലെ നിൽക്കുന്ന സാന്ദ്രയെ നോക്കി ആദം ചോദിച്ചു.പെട്ടന്ന് അത് കെട്ട് ഞെട്ടി കൊണ്ട് അവൾ അവന്റെ മുഖത്തേയ്ക്ക് നോക്കി.


"ഏയ് ഞാൻ വെറുതെ ഓരോന്ന് "


അവൾ ഉള്ളിലേ പതർച്ച മുഖത്ത് പ്രകടമാകാതിരിക്കാൻ ശ്രെമിച്ചു കൊണ്ട് പറഞ്ഞു.


"നിനക്ക് ഒന്നും പറയാൻ ഇല്ലേ "


അത് കേട്ട് അവൾ ആദമിനെ ഒന്ന് നോക്കി. അവൻ ഒന്നും ശ്രദ്ധിക്കാതെ വേറെ എങ്ങോ നോക്കി നിൽക്കുവാണ്.


"സാരമില്ല വിട്ടേക്ക് എപ്പോഴെങ്കിലും അവൻ പറഞ്ഞല്ലോ "


"അല്ലെങ്കിലും നീ ഇവന്റെ ആള് ആണല്ലോ "


അലോഷി അവളെ നോക്കി ഗൗരവത്തിൽ പറഞ്ഞു. അതിന് അവൾ വെറുതെ ഒന്ന് ചിരിച്ചു.


"അല്ല ഇനി എന്താ നിന്റെ പ്ലാൻ, ഞാൻ രാവിലെ ചോദിച്ച ചോദ്യം തിരിച്ചെടുത്തു. അതിന് ഇനി ഇവിടെ കാര്യം ഇല്ല എന്ന് അറിയാം "


"നാളെ അവളെയും കൊണ്ട് അവളുടെ വീട്ടിലേയ്ക്ക് പോയിട്ട് വരാം "


"ആ അതാ നല്ലത്, വാ പോകാം "


അതും പറഞ്ഞ് അലോഷിയും ആദവും കാറിലേയ്ക്ക് കയറി. പുറകെ എന്തോ ആലോചിച്ചു കൊണ്ട് സാന്ദ്രയും.





===============================




"മോള് പോയിട്ട് ഒരുപാട് നേരം ആയല്ലോ ഇച്ചായ, എനിക്ക് എന്തോ പേടി തോന്നുവാ "


പെട്ടന്ന് പോയിട്ട് വരാം എന്ന് പറഞ്ഞിട്ട് പോയ ആമിയെ ഒരുപാട് നേരം ആയിട്ടും തിരിച്ച് വരാത്തത് കണ്ട് പേടിയോടെ ഇരിക്കുവാണ് മേരിയും, മാത്യുവും.


"ഞാൻ അവനെ ഒന്ന് വിളിക്കട്ടെ "


മാത്യു അതും പറഞ്ഞ് ഫോൺ എടുത്തതും പുറത്ത് ഒരു കാർ വന്നതും ഒരുമിച്ച് ആയിരുന്നു.


"ദേ അവൻ വന്നെന്ന് തോന്നുന്നു "


"പറയാതെ പോയതിന് ഇനി അവൻ കൊച്ചിനെ ഏതെങ്കിലും പറയുമോ എന്തോ "


മേരി ടെൻഷനോടെ പറഞ്ഞു. അപ്പോഴേയ്ക്ക് അവർ മൂന്ന് പേരും അകത്തേയ്ക്ക് വന്നിരുന്നു. ടെൻഷനോടെ നിൽക്കുന്ന അവരെ കണ്ട് ആദവും അലോഷിയും പരസ്പരം നോക്കി.


"എന്താ മമ്മി "


അലോഷി അവരുടെ അടുത്തേയ്ക്ക് വന്ന് കൊണ്ട് ചോദിച്ചു.


"അത് മോനെ ആമി മോള് "


ആമി എന്ന പേര് കേട്ടതും ആദമിന്റെ ഹൃദയം ക്രമാതീതമായ് മിടിക്കാൻ തുടങ്ങി.


"ആമിക്ക് എന്താ "


"അത് ആമി മോള് വീട്ടിലേയ്ക്ക് പോയി, പെട്ടന്ന് വരാം എന്ന് പറഞ്ഞാണ് പോയത് പക്ഷെ ഇതുവരെ ആയിട്ടും മോളെ കണ്ടില്ല "


മാത്യു ആണ് അത് പറഞ്ഞത്. അലോഷി അത് കേട്ട് ഞെട്ടി ആദമിനെ നോക്കി. എന്നാൽ ആദമിന്റെ മുഖത്ത് തിരിച്ചറിയാൻ കഴിയാത്ത ഭാവങ്ങൾ ആയിരുന്നു. അവൻ വേഗം പുറത്തേയ്ക്ക് പാഞ്ഞു. പുറകെ അലോഷിയും.





=================================




ആദവും അലോഷിയും പുറത്തേയ്ക്ക് പോയതും സാന്ദ്ര മുകളിൽ അവളുടെ റൂമിലേയ്ക്ക് കയറി. ഡോർ അടച്ച് അവൾ ബെഡിൽ പോയ്‌ ഇരുന്നു. കുറച്ച് മുന്നേ ആദമിൽ നിന്ന് അറിഞ്ഞ കാര്യങ്ങൾ അവളുടെ മനസിലൂടെ പോയ്‌ കൊണ്ടിരുന്നു.


എല്ലാം ആലോചിക്കും തോറും അവൾക്ക് ദേഷ്യം അടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ആമിയെ കൊല്ലാൻ ഉള്ള ദേഷ്യം തോന്നി അവൾക്ക്.


എന്നാൽ ആ നേരം ആണ് അവളുടെ ഫോൺ റിങ് ചെയ്തത്. ഒരുതരം അസ്വസ്ഥതയോടെ അവൾ ഫോൺ എടുത്ത് നോക്കി. പക്ഷെ ഡിസ്പ്ലേയിൽ തെളിഞ്ഞ പേര് കണ്ടതും ഒരു സംശയത്തോടെ അവൾ വേഗം കാൾ എടുത്തു.





===================================





തല വീട്ടിപൊളിയും പോലുള്ള വേദന തോന്നിയപ്പോൾ ആണ് ആമി കണ്ണുകൾ പതിയെ ചിമ്മി തുറന്നത്. ഇത്തിരി നിമിഷം അവൾ അങ്ങനെ തന്നെ കിടന്നു. എന്നാൽ ഏതൊക്കെയോ ഉള്ളിലൂടെ പാഞ്ഞതും അവൾ ചാടി എഴുന്നേറ്റു.


ഒരു ഇരുട്ട് നിറഞ്ഞ നേരിയ വെളിച്ചം മാത്രം ഉള്ള റൂം ആയിരുന്നു അത്. പേടിയോടെ അവൾ ഒരു ആശ്രയത്തിനായി ചുറ്റും നോക്കി. പേടി കാരണം അവളുടെ ശരീരം നന്നായി വിറയ്ക്കുന്നുണ്ടായിരുന്നു. കഴുത്തിലൂടെ വിയർപ്പ് തുള്ളികൾ ഒഴുകി ഇറങ്ങി.


അടഞ്ഞു കിടക്കുന്ന വാതിൽ കണ്ടതും അവൾ പതിയെ അവിടെക്ക് നടന്നു. തുറക്കാൻ ശ്രെമിച്ചപ്പോ അത് പുറത്ത് നിന്ന് ലോക്ക് ആയിരുന്നു. ഭയം കാരണം ശരീരം ആകെ തളരും പോലെ തോന്നി അവൾക്ക്.എന്നാലും ധൈര്യം സംഭരിച്ച് അവൾ ആ വാതിലിൽ തട്ടി വിളിച്ച്.


"ഈ വാതിൽ ഒന്ന് തുറക്ക്, പ്ലീസ് ഒന്ന് തുറക്ക് "


എന്നാൽ പുറത്ത് നിന്ന് ഒരു മറുപടിയും കേൾക്കുന്നുണ്ടായിരുന്നില്ല. അവൾ പിന്നെയും പിന്നെയും വാതിലിൽ മുട്ടി വിളിക്കാൻ തുടങ്ങി. ഒരുപാട് നേരം ഇത് തന്നെ തുടർന്നിട്ടും തീർത്തും നിരാശ ആയിരുന്നു ഫലം. അവൾ തളർച്ചയോടെ അതിലധികം പേടിയോടെ താഴേയ്ക്ക് ഊർന്നിരുന്നു.കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു.


അവളുടെ മനസിലേയ്ക്ക് ഇത്തിരി മുൻപ് നടന്ന കാര്യങ്ങൾ ഓരോന്ന് ആയി തെളിഞ്ഞു വരാൻ തുടങ്ങി.ഒരുതരം ഉൾ ഭയത്തോടെ അവൾ ഓരോന്ന് ആയി ഓർത്തെടുക്കാൻ തുടങ്ങി. തുടരും

To Top