എന്നോട് പ്രണയം ആണെങ്കിൽ അത് തന്റെ വീട്ടിൽ പറയേണ്ടത് ഞാൻ അല്ല താൻ ആണ്...

Valappottukal





ശ്യാമാംബരം, ഭാഗം: 1

രചന: രേവതി ജയമോഹൻ

"തനിക്ക് എന്നോട് പ്രണയം ആണെങ്കിൽ അത് തന്റെ വീട്ടിൽ പറയേണ്ടത് ഞാൻ അല്ല താൻ ആണ് ഇള  .."

ഹരന്റെ വാക്കുകൾ കേട്ടതും വിടർന്ന മിഴികൾ കൂർപ്പിച്ചവൾ അവനെ ഒന്ന് നോക്കി ...

"സാധാരണ ചെറുക്കൻ അല്ലേ പെണ്ണിനെ കെട്ടിച്ചു തരോ എന്ന് ചോദിക്കുന്നത് .. ?"

നെറ്റിയിലേക്ക് വീണ് കിടന്ന മുടിയിഴകൾ മാടി ഒതുക്കി കൊണ്ടവൾ ചോദിച്ചു  . 

"അങ്ങനെ തന്നെ വേണം എന്ന് നിർബന്ധം എന്താ ? താൻ അല്ലേ എന്നെ പ്രണയിക്കുന്നു എന്ന് പറഞ്ഞത്.. അപ്പോൾ ആ പ്രണയം സത്യം ആണെന്ന് തെളിയിക്കേണ്ടത് തന്റെ ഉത്തരവാദിത്തം അല്ലേ   ..?"

ഹരൻ ചെറു പുഞ്ചിരിയോടെ ചോദിച്ചു   ... ചിരിക്കുമ്പോൾ തെളിയുന്ന അവന്റെ  നുണക്കുഴികളെ അവൾ പ്രണയത്തോടെ നോക്കി ...

"അത് ഇപ്പോൾ മാഷ് എന്നോട് പ്രണയം  ഉണ്ടോ ഇല്ലയോ എന്ന് പോലും പറഞ്ഞില്ലല്ലോ പിന്നെ ഞാൻ എങ്ങനെ വീട്ടിൽ പറയും ?"

ഇള സംശയത്തോടെ ചോദിച്ചു ...

"തന്നോട് എനിക്ക് പ്രണയം ആണെന്ന് പറഞ്ഞ് നമ്മൾ ഒരുമിച്ച് സ്വപ്നങ്ങൾ കണ്ടു എന്ന് കരുതുക ... പിന്നെ ഭാവിയിൽ തന്റെ അച്ഛൻ പറയുക ആണ് ജോലിയും കൂലിയും ഇല്ലാത്ത ഒരു ചിത്രകാരൻന്  എന്റെ മകളെ കൊടുക്കില്ല എന്ന് ... അപ്പോൾ ഉറപ്പായും അച്ഛന്റെ വാക്കുകൾ താൻ അനുസരിക്കും ... അപ്പോൾ നോവുന്നത് എനിക്ക് മാത്രം ആവും ഇള   .  .. അത്കൊണ്ട് തന്റെ പ്രണയം സത്യം എന്ന് തെളിക്കേണ്ടതും വീട്ടുകാരെ സമ്മതിപ്പിക്കേണ്ടതും തന്റെ ഉത്തരവാദിത്തം ആണ്    ....."

ഹരൻ അത് പറയുമ്പോൾ മുഴുവൻ ഇള അവനെ മാത്രം നോക്കി ഇരിക്കുക ആയിരുന്നു .. അവൾക്ക് അവനോട് പ്രണയം ആണ് .. ഉള്ളിന്റെ ഉള്ളിൽ ആഴത്തിൽ വേരിറങ്ങിയ പ്രണയം ...

"താൻ എന്താ മറുപടി പറയാതെ ...?"

അവൻ വീണ്ടും തന്റെ ചോദ്യം ആവർത്തിച്ചതും അവൾ സ്വപ്നത്തിൽ നിന്നും ഞെട്ടി ഉണർന്നത് പോലെ അവനെ മിഴിച്ചു നോക്കി ...

"അത് ... അത്  ഞാൻ ആലോചിക്കുവായിരുന്നു .. എങ്ങനെ വീട്ടിൽ പറയും എന്ന് ... മാഷ് വീട്ടിൽ വന്നു ചോദിക്കുന്നത് അല്ലേ ഒന്നൂടി ഭംഗി ..."

അവൾ ഇടം കണ്ണാൽ അവനെ ഒന്ന് നോക്കി ...

"നോക്ക് ഇള  , പത്തിരുപ്പത്ത് വർഷം തന്നെ നോക്കി വളർത്തിയ അച്ഛന്മമാരോട് താൻ പറയുമ്പോൾ ആണോ അതോ അധികം പരിചയം ഇല്ലാത്ത ഞാൻ പറയുമ്പോൾ ആണോ അവർ കൂടുതൽ മനസിലാക്കുക ...?"

ഹരന്റെ ആ ചോദ്യം അവളെ വല്ലാതെ കുഴപ്പിച്ചു ...

"എന്താ മറുപടി പറയാതെ ?"

അവൻ ഒന്നുടെ ചോദിച്ചു ...

"അത്  ... ഞാൻ പറയുമ്പോൾ... എന്നാലും ഞാൻ എങ്ങനെ യാ മാഷേ അച്ഛനോട് ഇത് പറയണേ ..?"
ഇള തലകുനിച്ചു കൊണ്ട് ചോദിച്ചു ...

"തനിക്ക് വേണേൽ പറഞ്ഞാൽ മതി ഞാൻ നിർബന്ധിക്കില്ല ... ഇപ്പോൾ അച്ഛനോട് പോലും ഇത് പറയാൻ ധൈര്യം ഇല്ലാത്ത തന്നെ ഞാൻ എങ്ങനെ വിശ്വസിച്ചു പ്രണയിക്കും ... പ്രണയത്തിൽ പുരുഷൻ എത്രത്തോളം ആത്മാർത്ഥത കാണിക്കുന്നോ അത്രത്തോളം സ്ത്രീ ധൈര്യവും കാണിക്കണം ...

താൻ എന്തായാലും നന്നായി ആലോചിച്ചു വേണം തീരുമാനം എടുക്കാൻ .. ഇപ്പോൾ തനിക്ക് തോന്നുന്നത് ചിലപ്പോൾ പ്രായത്തിന്റെ ആവാം ... അങ്ങനെ എങ്കിൽ അധികം വൈകാതെ തന്റെ ഉള്ളിൽ നിന്നും ഞാൻ മായും .. ഒടുവിൽ എനിക്ക് മാത്രം ആയി നോവും ...ഇനി ഒരിക്കൽ കൂടി അങ്ങനെ ഒരു നോവ് അത് എനിക്ക് സഹിക്കാൻ ആവില്ല ..."

അത്രയും പറഞ്ഞു അവൻ നടന്ന് പോകുമ്പോൾ ആ പെണ്ണിന് ഉറക്കെ പറയണം എന്ന് ഉണ്ടായിരുന്നു ... ഇത് പ്രായത്തിന്റെ കുസൃതി അല്ല അത്രമേൽ ആഴത്തിൽ വേരിറങ്ങിയ പ്രണയം ആണെന്ന്  .... 

അവൻ പോകുന്നതും നോക്കി അവൾ അമ്പലക്കുളത്തിലെ പടവിൽ ഇരുന്നു ... അവൻ പോയി മറഞ്ഞതും മെല്ലെ കണ്ണുകൾ അടച്ച് അവനെ ആദ്യമായി കണ്ട ദിവസം പെണ്ണ് ഓർത്ത് എടുത്തു ...

ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടയിൽ ആയിരുന്നു ആദ്യമായി ഹരനെ അവൾ കാണുന്നത് ... കുഞ്ഞിപ്പിള്ളേർക്ക് അവരുടെ ചിത്രങ്ങൾ നിമിഷനേരം കൊണ്ട് വരച്ച് നൽകുന്ന ഒരുവൻ ... കുഞ്ഞിപ്പിള്ളേരുടെ ബഹളം കേട്ടാണ് അവൻ ഇരുന്നിടത്തേക്ക് പെണ്ണിന്റെ ശ്രദ്ധ പതിച്ചത്  .. ചുരുണ്ട് അലസമായി കിടക്കുന്ന മുടിയും ചിരിക്കുമ്പോൾ തെളിയുന്ന കൊമ്പൻ പല്ലിനോടും ആദ്യ കാഴ്ച്ചയിൽ തന്നെ അവൾക്ക് ഒരു ആകർഷണം തോന്നി ....

പിന്നെ യും കണ്ടു , വായനശാലയിലും അമ്പലത്തിലും ഒക്കെ .. ഓരോ തവണ കാണുമ്പോഴും ഒരു പുഞ്ചിരിക്ക് അപ്പുറം മറ്റൊന്നും ഇല്ലായിരുന്നു ... 

ഒരിക്കൽ കൂട്ടുക്കാരിയോട് വെറുതെ വീമ്പ് പറഞ്ഞ് ഇരിക്കുമ്പോൾ ആയിരുന്നു ഹരൻ പാടവരമ്പിലൂടെ പോകുന്നത് കണ്ടത് , അന്നും പതിവ് പോലെ ഒന്ന് പുഞ്ചിരിച്ചു ... പക്ഷേ പുള്ളിക്കാരൻ പതിവിന് വിപരിതമായി അന്ന് തന്റെ അരികിലേക്ക് വരുന്നത് കണ്ടപ്പോൾ നെഞ്ചിടിപ്പ് വല്ലാതെ ഉയർന്നു ...

പക്ഷേ ഹരൻ വന്നത് അനുരാധ യോട് എന്തോ പറയാൻ ആയിരുന്നു ... അവളും തിരിച്ചു കാര്യമായി സംസാരിക്കുന്നത് കണ്ടപ്പോൾ അതിശയം തോന്നി   ... ഇവൾക്ക് എങ്ങനെ ഹരനെ അറിയാം എന്ന ചിന്തയായിരുന്നു പെണ്ണിന്റെ ഉള്ള് നിറയെ ...

ഹരൻ പോയതും ഇള അനുരാധയോട് അവനെ ക്കുറിച്ച് തിരക്കി ... അന്ന് ആണ് അവൾ ആ സത്യം തിരിച്ചറിഞ്ഞത് ഹരൻ തനിക്ക് ഒഴികെ നാട്ടിലെ പലർക്കും പരിചിതൻ ആണെന്ന് .... 

പിന്നെ അനുവിലൂടെ ഹരനെക്കുറിച്ച് അവൾ അറിയുക ആയിരുന്നു ... അതി മനോഹരമായി ചിത്രങ്ങൾ വരക്കുന്നവൻ ... തന്റെ സ്വപ്നങ്ങളെയും ലക്ഷ്യത്തെയും മറ്റ്‌ ഒന്നിന് വേണ്ടിയും ഉപേക്ഷിക്കാത്തവൻ ... ആരോടും മുഖത്ത് നോക്കി എന്തും തുറന്ന് പറയുന്ന പ്രകൃതക്കാരൻ .. അങ്ങനെ ഹരനെ ക്കുറിച്ച് അറിയും തോറും പെണ്ണിന്റെ മിഴികൾ ഒന്നുടെ വിടർന്നു ...

അനു വഴി തന്നെ ആദ്യം ഹരനോട് സൗഹൃദത്തിൽ ആയി .. ആദ്യമൊക്കെ എന്തെങ്കിലും അല്പം മാത്രം രണ്ട് പേരും സംസാരിച്ചിരുന്നോള്ളൂ .. എന്നാൽ ഒരു ദിവസം ഹരൻ വരച്ച  ഒരു ചിത്രത്തെ ക്കുറിച്ചുള്ള ചർച്ച അവളെ അവനോട് വല്ലാതെ അടുപ്പിച്ചു ... 

അനുരാധ അവളുടെ അമ്മ വീട്ടിൽ പോയ ശേഷം പിന്നെ മടങ്ങി വന്നില്ലെങ്കിലും ഇളയിൽ അത് വല്യ രീതിയിൽ ബാധിക്കാതെ ഹരൻ അവൾക്ക് ഒപ്പം തന്നെ ഉണ്ടായിരുന്നു .. അവന്റെ ചിത്രങ്ങളിലൂടെ , സംസാരത്തിലൂടെ എല്ലാം അവൾ അവനെ അറിയുക ആയിരുന്നു .. ഒരു ഒറ്റ ചിത്രത്തിൽ ഒരുപാട് കാഴ്ചകൾ വരച്ച് കാട്ടണം എന്നത് ആണ് ഹരന്റെ ഏറ്റവും വല്യ ആഗ്രഹം ... അതിന് ഒരുപാട് യാത്ര ചെയ്യണം ... അവന്റെ ആഗ്രഹം അറിഞ്ഞപ്പോൾ പെണ്ണിന്റെ ഉള്ളിൽ അവനോട് വല്ലാത്ത ബഹുമാനം തോന്നി ...

ആ സൗഹൃദം എപ്പോഴോ പ്രണയത്തിന് വഴി മാറി .. അത് തുറന്ന് പറഞ്ഞപ്പോൾ ആദ്യം ഹരൻ അവളെ ഉപദേശിച്ചു ... പിന്നെ ആണ് അത്രയ്ക്കും ഇഷ്ടം ഉണ്ടേൽ വീട്ടിൽ അറിയിക്കാൻ പറഞ്ഞത് ....

മഴത്തുള്ളികൾ ശരീരത്തിൽ പതിച്ചപ്പോൾ ആണ് താൻ നേരം കുറെ ആയി ഇവിടെ ഇങ്ങനെ ഇരിക്കുക ആണെന്ന ബോധം അവളിൽ ഉണ്ടായത് ...

തുള്ളിക്ക് ഒരു കുടം കണക്കെ മഴ ഭൂമിയിൽ പതിച്ചു ... ഇള പെട്ടെന്ന് തന്നെ വീട്ടിലേക്ക് ഓടി ... 

മഴ നനഞ്ഞു കേറി വരുന്നത് ആരും കാണുന്നില്ല എന്ന് ഉറപ്പാക്കി ആണ് അവൾ മുറിയിലേക്ക് നടന്നത് ... കണ്ടാൽ പിന്നെ അത് മതി അമ്മക്ക് ശകാരിക്കാൻ ..

അവൾ പൂച്ചയെ പോലെ പതുങ്ങി പതുങ്ങി മുറിയിലേക്ക് കാൽ എടുത്ത് വച്ചതും രണ്ട് ബലിഷ്ഠമായ കൈകൾ പിന്നിൽ നിന്നും അവളുടെ വാ മൂടി പൊത്തി ....
To Top