ശ്യാമാംബരം, അവസാനഭാഗം

Valappottukal



രചന: രേവതി ജയമോഹൻ

"ഇള നീ എനിക്കായി കാത്തിരിക്കരുത്... എനിക്ക് എന്റെ സ്വപ്നം ആണ് വലുത്... ഓരോ മനുഷ്യനും ഓരോ സ്വപ്നങ്ങൾ ഉണ്ടാകും... അതിന് വേണ്ടി ശ്രമിക്കാതെ മറന്ന് കളയാൻ എനിക്ക് ആവില്ല... എന്റെ സ്വപ്നം ആണ് എന്റെ ലക്ഷ്യം... വിവാഹം അല്ല ജീവിതത്തിലെ ഏറ്റവും വല്യ കാര്യം... അത് ജീവിതത്തിലെ ഒരു ഏട് മാത്രം ആണ്...നീ സ്വപ്നം കാണു നിനക്കും ഉണ്ടാകും ഒരു ലക്ഷ്യം... ദയവായി എനിക്കായി നീ കാത്തിരിക്കരുത് ..."

അത്രയും പറഞ്ഞ് മഴയത്ത് നടന്ന് അകലുന്ന ഹരനെ ഇള കണ്ണിമയ്ക്കാതെ നോക്കി നിന്നു .... ഏറ്റവും പ്രിയപ്പെട്ട എന്തോ ഒന്ന് നഷ്ടപെടും പോലെ അവളുടെ ഉള്ള് പിടച്ചു....  ഒന്ന് അനങ്ങാൻ പോകും ആവാതെ അവൾ അങ്ങനെ തന്നെ നിന്നു, അതും ഒരു ഇറ്റ് കണ്ണീർ പോലും പൊഴിക്കാതെ....

പക്ഷേ ദേവനാരായണന്റെ കൈകൾ അവളുടെ തോളിൽ അമർന്നതും പെണ്ണ് ആ നെഞ്ചിലേക്ക് വീണ് പൊട്ടി കരഞ്ഞു....  എങ്ങനെ ആശ്വസിപ്പിക്കണം എന്ന് അറിയാതെ അദ്ദേഹവും കുഴഞ്ഞു .... ഒന്ന് ചിന്തിച്ച ശേഷം അദ്ദേഹം തന്റെ മകളെ ചേർത്ത് പിടിച്ചു, അതിൽ ഉണ്ടായിരുന്നു എല്ലാം.....

അപ്പോഴും ഇന്ദ്ര തന്റെ പതിവ് ശൈലിയിൽ ഹരനെ വിമർശിക്കുന്നുണ്ടായിരുന്നു ... അതിന് ഒപ്പം ഇന്ദ്രനും കൂടി ചേർന്നപ്പോൾ പെണ്ണിന് അത് സഹിക്കാൻ ആയില്ല   ... അവൾ തന്റെ മുറിയിൽ അഭയം പ്രാപിച്ചു.... കട്ടിലിൽ തന്നെ ഇരുന്നവൾ മുഖംപൊത്തി കരഞ്ഞു ...

ഹരനോട് ഒപ്പം ഉണ്ടായിരുന്ന ഓരോ നിമിഷങ്ങളും അവളുടെ ഓർമയിൽ തെളിഞ്ഞു വന്നു ... ഒരു ഭ്രാന്തിയെ പോലെ അവൾ ഉറക്കെ കരഞ്ഞു  .... ഹരനെയും കൂട്ടി ഇങ്ങോട്ട് വരുമ്പോൾ ഉണ്ടായിരുന്ന സ്വപ്നങ്ങൾ ഒരു ചില്ല് കൊട്ടാരം പോലെ അവൾക്ക് മുൻപിൽ തകർന്ന് അടിയുന്നത് പെണ്ണിന് സഹിക്കാൻ ആയില്ല....

ഒരു ഭ്രാന്തിയെ പോലെയവൾ അലറി.... പുസ്‌തകങ്ങളും സാധനങ്ങളും എല്ലാം അവൾ വലിച്ചെറിഞ്ഞു.... ഒടുവിൽ കരഞ്ഞു തളർന്നു എപ്പോഴോ അവൾ ഒന്ന് മയങ്ങി....

പുറത്ത് പെയ്ത മഴ തോർന്നിട്ടും പെണ്ണിന്റെ ഉള്ളിലെ മഴ തോർന്നില്ല... ഭക്ഷണം കഴിക്കാൻ ഇന്ദ്ര വന്നു വിളിച്ചെങ്കിലും അവൾ പോയില്ല... വിശപ്പും ദാഹവും ഒന്നും അവൾ അറിഞ്ഞില്ല...

ഒച്ചിഴയുന്ന പോലെ മൂന്ന് ദിനങ്ങൾ കടന്ന് പോയി... അവളുടെ പൊട്ടിച്ചിരികളോ കുസൃതിയോ ഇല്ലാതെ ആ വീടും മൗനത്തിൽ ആഴ്ന്നു... മുറിയിൽ നിന്നും പുറത്തിറങ്ങാതെ  ആ നാല് ചുവരുകൾക്ക് ഉള്ളിൽ തന്നെ അവൾ സ്വന്തമായൊരു ലോകം സൃഷ്ടിച്ചു .... അവന്റെ ഓർമ്മകൾ കൂട്ടിന് ഉള്ളപ്പോൾ അവൾ തനിച്ചു അല്ല എന്ന് അവൾക്ക് തോന്നി ...

ആദ്യമൊക്കെ ഇളയോട് വാശി കാണിച്ചിരുന്ന ഇന്ദ്രയും ഇന്ദ്രനും ഒടുവിൽ അവളുടെ അവസ്ഥക്ക് മുൻപിൽ ഒന്നുമല്ലാതെ ആയി...

സന്ധ്യക്ക്‌ ജനലിലൂടെ പുറത്തേക്ക് നോക്കി ഇരിക്കുക ആയിരുന്നു ഇള.... മഴ ഇപ്പോഴും പെയ്യുന്നുണ്ട്...  പാടവരമ്പിലൂടെ ആരോ വരുന്നത് കണ്ടതും അവൾ ഒന്നൂടി ശ്രദ്ധിച്ചു നോക്കി....

ഹരൻ ....

അവളുടെ മിഴികൾ വിടർന്നു .... അത് വരെ ഉണ്ടായിരുന്ന ക്ഷീണം മറന്ന് പെണ്ണിന്റെ മനസ്സ് അവന് അരികിലേക്ക് എത്താൻ ദൃതി കൂട്ടി.. അവൾ ഉടനെ തന്നെ മുറിയിൽ നിന്നും ഇറങ്ങി .... പടിക്കെട്ടുകൾ ഇറങ്ങുമ്പോൾ അവളുടെ കാലുകൾ ഇടറുന്നുണ്ടായിരുന്നു.. ഇടക്ക് ഒന്ന് വീഴ്ണെങ്കിലും പെണ്ണ് പിടഞ്ഞു എഴുന്നേറ്റ് ഉമ്മറത്തു എത്തുമ്പോൾ ഹരൻ ദേവനാരായണാനോട് എന്തോ സംസാരിക്കുക ആയിരുന്നു....

അവളുടെ കോലം കണ്ടപ്പോൾ തന്നെ അവന് കാര്യങ്ങൾ ഏറെക്കുറെ മനസിലായിരുന്നു...

"ഇള, ഞാൻ ഈ നാട്ടിന് പോവുക ആണ്... എന്റെ ലക്ഷ്യങ്ങൾക്ക് ഞാൻ യാത്ര ചെയ്യേണ്ടത് ആവിശ്യം ആണ് .... എപ്പോൾ മടങ്ങി വരുമെന്ന് അറിയില്ല... നീ എനിക്കായ് കാത്തിരിക്കരുത്... ഞാൻ ഇത് പറയുമ്പോൾ നിനക്ക് നോവും എന്ന് അറിയാം എന്നാലും നീ ഈ സത്യം ഉൾക്കൊള്ളണം... എനിക്കായ് കാത്തിരിക്കുക എന്നത് വെറുതെ ജീവിതം നശിപ്പിക്കുന്നതിന് തുല്യം ആണ്...."

ഹരന്റെ വാക്കുകൾക്ക് വല്ലാതെ മൂർച്ച കൂടിയ പോലെ തോന്നി എങ്കിലും മറുപടി അവളൊരു പുഞ്ചിരിയിൽ ഒതുക്കി....

'സ്നേഹം ഒരു വല്ലാത്ത മുള്ള് തന്നെ.വിഷമുള്ള്. തറയുമ്പോഴും പിഴുത് എടുക്കുമ്പോഴും വേദന. '
(കടപ്പാട് : കെ ആർ മീര )

"നീ ഇങ്ങനെ വിഷമിച്ചു നിൽക്കുന്നത് കാണാൻ ഞാൻ ഒട്ടും ആഗ്രഹിക്കുന്നില്ല ഇള... നീ എപ്പോഴെങ്കിലും നിന്റെ സ്വപ്നങ്ങളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ...? ഉറപ്പായും നിനക്കും ഒരു സ്വപ്നം ഉണ്ടാകും ഒരിക്കൽ എങ്കിലും നീ അതിനായ് പരിശ്രമിച്ച് നോക്ക്... അവ നമുക്ക് ലക്ഷ്യ ബോധം ഉണ്ടാക്കും ...

സ്വപ്‌നങ്ങൾ നേടി എടുക്കാത്ത മനുഷ്യർ യന്ത്രങ്ങൾക്ക് തുല്യം ആണ്, അവർ ആർക്കോ വേണ്ടി ജീവിച്ചു മരിക്കുന്നു... സ്വന്തം ഇഷ്ടങ്ങൾ പോലും അറിയാതെ, അതിന് വേണ്ടി പരിശ്രമിക്കാതെ, ആർക്കോ വേണ്ടി ആരുടെയോ ഇഷ്ടങ്ങൾ മാത്രം നോക്കി ജീവിക്കുന്നത് ജീവിതം അല്ല...

എങ്കിൽ ശരി ഞാൻ ഇറങ്ങട്ടെ...ഒരിക്കൽ കൂടി ഞാൻ പറയുകയാണ് എനിക്കായ് നീ കാത്തിരിക്കരുത് ഇള ...."

ഹരൻ അത്രയും പറഞ്ഞു നടന്ന് അകലുമ്പോൾ അവൾക്ക് ഓടി ചെന്ന് അവന്റെ കൈകളിൽ പിടിച്ച് പോകരുത് എന്ന് പറയാൻ  ... ഒത്തിരി ഇഷ്ടം ആണെന്ന് പറയാൻ ... ചുംബനങ്ങൾ കൊണ്ട് തന്റെ പ്രണയത്തിൻ ചൂട് അവനെ അറിയിക്കാൻ... കാത്തിരിക്കണ്ട എന്ന് പറഞ്ഞാലും കാത്തിരിക്കും എന്ന് വാശിയോടെ പറയാൻ ... പോകുമ്പോൾ കൂടെ കൂട്ടണം എന്ന് പറയാൻ ... മരിക്കും വരെ പെണ്ണിന് മറ്റൊരു കൂട്ട് വേണ്ടന്ന് പറയാൻ... ഇങ്ങനെ ഒക്കെ തോന്നിയെങ്കിലും അവൾ ഒന്ന് അനങ്ങുക പോലും ചെയ്യാതെ അങ്ങനെ തന്നെ നിന്നു...

ആ നിൽപ്പ് അല്പം നേരത്തെ തുടർന്നു പിന്നെ,കണ്ണുകളിൽ നിന്നും ചാലിട്ട് ഒഴുകിയ നീർത്തുള്ളിയെ വാശിയോടെ തുടച്ച് കൊണ്ടവൾ അകത്തേക്ക് കേറി പോയി....

ഒന്ന് കരയുക പോലും ചെയ്യാതെ അവൾ നടുമുറ്റത്ത് ഇരുന്നു... അവളുടെ ആ ഇരുപ്പ് രാത്രി വരെ നീണ്ടു ... അവളുടെ ചിന്തകൾ എല്ലാം ഹരന്റെ വാക്കുകളിൽ കുരുങ്ങി കിടന്നു... 

ഇടക്ക് ഇന്ദ്ര അവളെ വിളിക്കാൻ അടുത്ത് വരെ പോയെങ്കിലും ദേവനാരായണൻ അരുത് എന്ന് കണ്ണ് കൊണ്ട് വിലക്കി.... രാത്രി ഏറെ വൈകിട്ടും അവൾ അവിടെ തന്നെ ഇരിക്കുന്നത് കണ്ടപ്പോൾ മൂവരും അവൾക്ക് അരികിലായി വന്ന് ഇരുന്നു.... അപ്പോഴും ചെറുതായി മഴ ചാറ്റുന്നുണ്ടായിരുന്നു ...

"ഇള, മോളെ... നീ എത്ര നേരമായി ഒരെ ഇരുപ്പ് ഇരിക്കുന്നു...."

ഇന്ദ്ര അവളുടെ ചുമലിൽ കൈ വച്ച് കൊണ്ട് ചോദിച്ചു....

"എനിക്ക് എന്റെ നൃത്തപഠനം പൂർത്തിയാക്കണം...."

അത്ര മാത്രം പറഞ്ഞു കൊണ്ടവൾ അവിടെ നിന്നും മുറിയിലേക്ക് പോയി... ആർക്കും മറ്റൊന്നും ചോദിക്കാൻ അവസരം കൊടുക്കാതെ.... മറുപടി പറയാൻ ആഗ്രഹിക്കാതെ.... അതൊരിക്കലും ഒരു ഒളിച്ചോട്ടം ആയിരുന്നില്ല... പെണ്ണിന്റെ ഉറച്ച തീരുമാനം ആയിരുന്നു ..... പ്രണയത്തിനും അപ്പുറം  ആദ്യമായി തന്റെ ലക്ഷ്യത്തേക്കുറിച്ച് തീരുമാനിച്ച നിമിഷം അവൾ എടുത്ത തീരുമാനം ആയിരുന്നു അത്....

                നീണ്ട ഏഴ് വർഷങ്ങൾക്ക് ശേഷം......

അമ്പലത്തിൽ നിന്നും പ്രാർത്ഥിച്ചു ഇറങ്ങിയ ഇളക്കായി കാത്തിരിക്കുക ആയിരുന്നു ദേവൂട്ടിയും ഇന്ദ്രനും അവരുടെ മകൾ ഹൃദ്യയും... ദേവൂട്ടി പറഞ്ഞ പോലെ ഇന്ദ്രൻ അവളുടെ വീട്ടിൽ പോയി പെണ്ണ് ചോദിച്ചു, പിന്നെ എല്ലാം വളരെ പെട്ടെന്ന് ആയിരുന്നു... അവരുടെ സ്നേഹത്തിൻ അടയാളം ആയി ഹൃദ്യ കൂടി വന്നപ്പോൾ അവരുടെ പ്രണയത്തിന് ഇരട്ടി മധുരം ആയി... അതിന് ഇനിയും മധുരം കൂട്ടാൻ ഒരാളും കൂടെ വരുക ആയി.... ദേവൂട്ടി ഇപ്പോൾ ആറ് മാസം ഗർഭിണി ആണ്....

"അപ്പേ....."

ഇളയെ കണ്ടതും ഹൃദ്യ ഓടി അവളുടെ അരികിൽ എത്തി.... ജോലി സൗകര്യത്തിനായി ഇന്ദ്രനും ദേവൂട്ടിയും പട്ടണത്തിലേക്ക് താമസം മാറിയെങ്കിലും ഹൃദ്യ ക്ക് ഇഷ്ടം  അവളുടെ അപ്പയുടെ യും അപ്പൂപ്പന്റെയും അമ്മുമ്മയെയുംകൂടെ നിൽക്കുന്നത് ആണ്...

"പെണ്ണിന് നിന്നെ കണ്ടാൽ പിന്നെ ഞങ്ങളെ ആരെയും വേണ്ടാ...."

ദേവൂട്ടി അവളോട് പരിഭവം പറഞ്ഞു...
അത് കേട്ടപ്പോൾ ഇള ഒന്ന് പുഞ്ചിരിച്ച് കൊണ്ട്,
"ആണോടി കിങ്ങിണി..."
അവളുടെ ചോദ്യത്തിന് ഹൃദ്യ തന്റെ കിന്നാരിപ്പല്ലുകൾ കാട്ടി ചിരിച്ചു... മറ്റുള്ളവർക്ക് കുട്ടികുറുമ്പി ഹൃദ്യ ഇവിടെ വരുമ്പോൾ കിങ്ങിണി ആവും....

"ഇന്നലെയും നിനക്ക് പ്രോഗ്രാം ഉണ്ടായിരുന്നു അല്ലേ...?"

ഇന്ദ്രൻ കാറിന് അരികിലേക്ക് നടക്കുന്നിടെ ചോദിച്ചു...

"ഊവ് ഏട്ടാ.. ആറ്റുകാൽ ദേവി ക്ഷേത്രത്തിൽ ആയിരുന്നു... ഇന്ന് വെളുപ്പിനെ എത്തിയെ ഒള്ളു..."

ഇള കിങ്ങിണിയെയും എടുത്ത് കൊണ്ട് നടക്കുന്നതിന് ഇടയിൽ പറഞ്ഞു...

"നിന്നെ ശരിക്കും സമ്മതിക്കണം, ഡാൻസ് പ്രോഗ്രാമും ഡാൻസ് ക്ലാസും എല്ലാം കൂടി മാനേജ് ചെയുന്നുണ്ടല്ലോ.... "

ദേവൂട്ടി കാറിൽ കേറുന്നതിന് ഇടയിൽ പറഞ്ഞു...

"സ്വപ്നങ്ങൾക്ക് വേണ്ടി പ്രയത്നിക്കാത്ത മനുഷ്യർ വെറും യന്ത്രങ്ങൾ അല്ലേ ഏട്ടത്തി.."

കിങ്ങിണി യെ കാറിന്റെ പിൻസിറ്റിൽ തന്റെ മടിയിൽ ഇരുത്തി കൊണ്ട് ഇള പറഞ്ഞു... പെണ്ണ് ഏഴ് വർഷങ്ങൾക്ക് ഇപ്പുറവും അവനിൽ തന്നെ നിൽക്കുക ആണെന്ന സത്യം അറിയാവുന്നത് കൊണ്ട് ആരും പിന്നെ ഒന്നും മിണ്ടിയില്ല...

കാർ അമ്പലത്തിൽ നിന്നും അകലുന്നതിന് ഇടയിൽ പെണ്ണ് വെറുതെ പഴയ  ആലിൻ ചുവട്ടിലേക്ക് നോക്കി... അതിന് ചുവട്ടിൽ കണ്ണിൽ കുസൃതി ഒളിപ്പിച്ചു, ചെറു പുഞ്ചിരിയോടെ കാര്യം പറയുന്ന ഒരു ചുരുണ്ട മുടിക്കാരനും അയാൾക്ക് അരികിലായി അവനെ തന്നെ നോക്കി ഇരിക്കുന്ന, നോട്ടത്തിൽ പോലും പ്രണയം നിറച്ച ഒരു ദാവണിക്കാരിയും.... ഓർത്തപ്പോൾ പെണ്ണിന്റെ ചുണ്ടിൽ വെറുതെ ഒരു പുഞ്ചിരി വിടർന്നു, ഒപ്പം കൺകോണിൽ നനവും....

ഏഴു വർഷങ്ങൾക്ക് ഇപ്പുറം അറിയപ്പെടുന്ന ഒരു നൃത്തകി ആയി പക്ഷേ മനസ്സ് ഇപ്പോഴും അലസമായി കിടക്കുന്ന ചുരുണ്ട മുടിയുള്ളവന്റെ അരികിൽ തന്നെ ആയിരുന്നു....

വീടിന് മുൻപിൽ കാർ എത്തിയതും അവൾ കിങ്ങിണിയെയും ആയി പുറത്തേക്ക് ഇറങ്ങിയപ്പോൾ ആണ് ഉമ്മറത്ത് അച്ഛനോടൊപ്പം ആരോ ഇരിക്കുന്നത് കണ്ടത്... അരികിൽ തന്നെ അമ്മയും ഉണ്ട്.... ആരാ എന്ന് ഒന്നുടെ നോക്കിയതും പെണ്ണിന്റെ ഹൃദയം വല്ലാതെ പിടഞ്ഞു...

"ഹരൻ....!!!

ഇന്ദ്രൻ സ്വയമറിയാതെ  പറഞ്ഞതും പെണ്ണ് കണ്ണുകൾ പിടച്ചു കൊണ്ട് ഒന്നുടെ നോക്കി.... അതെ ഹരൻ... ഏഴു വർഷങ്ങൾക്ക് ഇപ്പുറവും യാതൊരു മാറ്റവും അയാൾക്ക് വന്നിട്ടില്ല എന്ന് അവൾക്ക് തോന്നി.... ഓടി അരികിൽ ചെല്ലാൻ കൊതിച്ചെങ്കിലും സ്വയം നിയന്ത്രിച്ചു ....

"ഇള, തനിക്ക് സുഖം ആണോ...?"

ഉമ്മറത്തേക്ക് കേറി വന്ന ഹരൻ ചെറുപുഞ്ചിരിയോടെ ചോദിച്ചു...

"അതെ .... സുഖമാണോ ...?"
പതിഞ്ഞ സ്വരത്തിൽ അവളും ചോദിച്ചു....
അത് ചോദിക്കുമ്പോൾ പുഞ്ചിരിക്കാൻ അവളൊരു പാഴ് ശ്രമം നടത്തി...

അവൻ അവളെ തന്നെ ഒരുമാത്ര നോക്കി നിന്നു.... അവളുടെ കണ്ണുകൾക്ക് പഴയ തെളിച്ചം ഇല്ലാത്ത പോലെ അവന് തോന്നി...

"ഇതാ, ഇത് നോക്ക്.... "
അവൻ അന്നത്തെ പത്രം അവൾക്ക് നേരെ നീട്ടി കൊണ്ട് പറഞ്ഞു....

ഈ വർഷത്തെ കേരള ലളിതകല അക്കാഡമി മികച്ച ചിത്രകാരനായി ഹരനെ തിരഞ്ഞെടുത്തു.

ആ വാർത്തയിലൂടെ കണ്ണോടിക്കുമ്പോൾ പെണ്ണിന്റെ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വിടർന്നു...

"ഞാൻ എന്റെ സ്വപ്നം നേടി... അതിന് ലഭിച്ച ആദ്യ സമ്മാനം ആണ് ഈ അവാർഡ്... ഇനി എനിക്ക് തുണയായി വരാമോ....?"

ഹരന്റെ ചോദ്യം കേട്ടതും പിടക്കുന്ന മിഴികളോട് പെണ്ണ് അവനെ നോക്കി...

"നോക്കി പേടിപ്പിക്കാതെ ഉണ്ടക്കണ്ണി .... ശരിക്കും ഇഷ്ടം ആണ്... ജീവൻ ആണ്..."

അവൾ മറുപടി ഒന്നും പറയാതെ നിറമിഴികളോടെ അച്ഛനെ നോക്കി...

"അതെ മോളെ ഹരന് നിന്നെ ഇഷ്ടം ആണ്... അന്ന് അവസാനമായി ഇവിടെ വന്ന ദിവസം അവൻ പറഞ്ഞത് ആണ് എന്നോട്.... ലക്ഷ്യം നേടി തിരിച്ചു എത്തുമ്പോഴും നിനക്ക് ഇഷ്ടം ആണെങ്കിൽ മേറ്റാർക്കും കൊടുക്കാതെ നിന്നെ അവന് തന്നെ കൊടുക്കണം എന്ന്..."

അച്ഛന്റെ വാക്കുകൾ കൂടി കേട്ടതും അവൾക്ക് ഉള്ളിൽ ദേഷ്യമോ പരിഭവമോ സങ്കടമോ എന്തൊക്കെയോ വന്ന് നിറഞ്ഞു...

"എനിക്ക് ഇഷ്ടം അല്ല....'
അത്രയും പറഞ്ഞു അവൾ മുറിയിലേക്ക് പോയി... അത് കണ്ടതും ഹരന്റെ ഉള്ളിൽ വല്ലാത്തൊരു ഭാരം തോന്നി....

"ഹേയ്, ഒന്നുമില്ലടോ... താൻ ഒന്ന് പോയി സംസാരിക്ക്, ശരിയാകും.. തനിക്ക് വേണ്ടി മാത്രം കാത്തിരുന്നവൾ അല്ലേ... ചെല്ല് ചെന്ന് സംസാരിക്ക്...."
ഇന്ദ്രൻ ഹരനോട് ആയി അത് പറഞ്ഞതും അവൻ മെല്ലെ ഒന്ന് തലയാട്ടിയിട്ട് അകത്തേക്ക് പോയി....

ഹരൻ മുറിയിൽ ചെല്ലുമ്പോൾ ജനൽ വഴി അവൾ പുറത്തേക്ക് നോക്കി നിൽക്കുക ആയിരുന്നു...

"ഇള...."
അവൻ ആർദ്രമായി വിളിച്ചു....

"എന്തിനാ ഇപ്പോൾ വന്നേ? എന്നെ വേണ്ടാഞ്ഞിട്ട് അല്ലേ പോയേ...? കാത്തിരിക്കണ്ടാന്ന് പറഞ്ഞില്ലേ പിന്നെ എന്തിനാ ഇപ്പോൾ ....?"

പെണ്ണ് അവനോട് മിഴികൾ നിറച്ച്, ദേഷ്യത്തിൽ ചോദിച്ചു...

"എനിക്ക് നിന്നെ അന്നും ഇന്നും ഇഷ്ടം ആണ് ഇള... പക്ഷേ എന്റെ അന്നത്തെ ജീവിത അവസ്ഥയിലേക്ക് നിന്നെ വലിച്ചിടാൻ വയ്യായിരുന്നു പെണ്ണേ... ഞാൻ പോലും അര പട്ടിണി ആയിരുന്നു, പിന്നെ എങ്ങനെ നിന്നെ കൂടി??? ഇവിടെ നിന്ന് പോകുമ്പോൾ എനിക്ക് അറിയാമായിരുന്നു കാത്തിരിക്കണ്ട എന്ന് പറഞ്ഞാലും നീ എനിക്കായ് ഇവിടെ ഉണ്ടാകും എന്ന്..."

ഹരൻ അവളെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ച് കൊണ്ട് പറഞ്ഞു....

"ഞാൻ വേറെ വിവാഹം ചെയ്തിരുന്നെങ്കിലോ?"
അവൾ കണ്ണുകൾ കൂർപ്പിച്ചു ചോദിച്ചു...

"നിന്റെ കണ്ണിൽ എനിക്ക് ഇപ്പോഴും കാണാം എന്നോടുള്ള അടങ്ങാത്ത പ്രണയം ആ നീ എങ്ങനെ മറ്റൊരാൾക്ക്‌ സ്വന്തം ആകും... പിന്നെ അന്ന് എനിക്ക് മറ്റൊരു ലക്ഷ്യം കൂടിയുണ്ടായിരുന്നു , നിന്നെ സ്വപ്നം കാണാൻ പഠിപ്പിക്കുക... ഞാൻ അതിലും വിജയിച്ചു... ഇനി എങ്കിലും പരിഭവം മാറ്റി വച്ച് എന്റെത് ആയിക്കൂടെ ..."

ഹരൻ വാത്സല്യത്തോടെ അവളുടെ നെറുകയിൽ തലോടി കൊണ്ട് ചോദിച്ചു...

"അന്ന് ഇവിടെ നിന്ന് ഇറങ്ങിപ്പോയപ്പോൾ എനിക്ക് എത്ര വേദനിച്ചു എന്ന് അറിയോ...? പോകണ്ട എന്ന് അലറി കരയാൻ തോന്നി എനിക്ക് .... പിന്നെ ഓർത്തു എനിക്കും സ്വപ്‌നങ്ങൾ വേണം എന്ന്.. ഞാൻ ഇന്ന് എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ ഹര കാരണം ആണ് ..."

അവൾ ചെറു പുഞ്ചിരിയോടെ ഇടറിയ സ്വരത്തിൽ പറഞ്ഞു....

"ഞാൻ അന്ന് നിന്നെ കൂടെ കൂട്ടിയിരുന്നെങ്കിൽ നീ എന്നിൽ മാത്രം ആയി ചുരുങ്ങിയേനെ .. നീ നിന്റെ സ്വപ്നം നേടണം എന്ന് നിന്നെക്കാൾ ഏറെ ഞാൻ ആഗ്രഹിച്ചിരുന്നു.... ഇള, നിനക്ക് എന്നെ വിവാഹം ചെയ്യാമോ...?"

ഹരൻ കൈവിരലാൽ അവളുടെ താടിയിൽ പിടിച്ചു ഉയർത്തി കൊണ്ട് ചോദിച്ചു ...

"ഇല്ലെങ്കിലോ...?"
അവൾ കുസൃതിയോടെ ചോദിച്ചു...

"ഇല്ലെങ്കിലും ഞാൻ കൊണ്ട് പോകും ഹരയുടെ മാത്രം ഇളയായിട്ട് ...."
അത്രയും പറഞ്ഞു കൊണ്ടവൻ അവളുടെ നെറുകയിൽ ചുണ്ടുകൾ അമർത്തി....

(അവസാനിച്ചു.... )
ഹരന്റെയും ഇളക്കും ഒപ്പം ഉള്ള യാത്ര ഇവിടെ അവസാനിക്കുക ആണ്... അവരിലെ പ്രണയം ഇനിയും ആഴത്തിൽ വേരിറങ്ങട്ടെ....💜 ഇതുവരെ കൂടെ നിന്ന എല്ലാവർക്കും നന്ദി .. അപ്പോൾ ഇനി കഥയെ ക്കുറിച്ച് വല്യ കമന്റ് ഇട്ടോ 😌

To Top