പാവത്തിന്റെ ഒരാഗ്രഹം അല്ലെ, സാധനം വാങ്ങികൊടുക്കാം...

Valappottukal


രചന: സൽമാൻ സാലി

""ഇക്കൂ....!!......ഈ..ക്കു...

  ഉച്ചക്ക് ചോറും തിന്ന് കൊറച്ചു നേരം ഫേസൂക്ക് നോക്കാന്നു ബെച്ചാൽ ഈ കുരിപ്പ് സമ്മയ്ക്കൂല്ല..അപ്പൊ വരും ഇക്കൂന്നും പറഞ്ഞോണ്ട്.. ഇന്നിപ്പോ ഈ വരവ് എന്തിനാണാവോ...

ഓൾടെ ഇക്കു വിളി കേട്ട ദിവസങ്ങൾ ഒക്കെയും ന്റെ കീശേന്ന് ഗാന്ധിജി ഇറങ്ങിപോയിട്ടുണ്ട്..."പടച്ചോനെ കനം കുറഞ്ഞ ആഗ്രഹം വല്ലതും ആവണെ...

""Mm.. ന്തേ...?

"ഇ..ക്കു...ഇങ്ങള് ഇന്നലെ ഇട്ട പോസ്റ്റില് കണ്ടല്ലോ ഭാര്യയുടെ ഏതൊരു ആഗ്രഹവും നടത്തി കൊടുക്കുമ്പോൾ കിട്ടുന്ന സന്തോഷം ആണ് ഭർത്താവിന്റെ വിജയം എന്ന്.. അത് നേരായിരിന്നോ ....?

""ഉം.. സത്യാണ്... ഇൻക് ഇപ്പൊ എന്തേലും പൂതീണ്ടോ.. ഇക്ക ഇപ്പൊ.. നടത്തി തരും...

ഇന്നലത്തെ എഴുത്തിന് കിട്ടിയ ലൈക്കിന്റെ ആവേശത്തിൽ പറഞ്ഞതാണെന്ന് ആ പാവത്തിന് മനസിലായിട്ടില്ല...

""ഉം.... യ്ക്ക്.. ഒരു ചെറിയ പൂതി..ണ്ട്..

ഇന്നലെ.. ഞാനെ.. യൂട്യൂബിൽ ഒരു കേക്ക് ണ്ടാക്കുന്ന വീഡിയോ കണ്ടിന്... യ്ക്ക് അത് ഇകൂന് ണ്ടാക്കി തരണം...

""പടച്ചോനെ പണി പാളി... കഴിഞ്ഞ ആഴ്ച കുഴി മന്തി ഉണ്ടാക്കിയിട്ട് കോഴിക്കോടൻ കറുത്ത ഹലുവ പോലെയാണ് കിട്ടിയത്..അവസാനം കുഴി മാന്തി അതിലേക്ക് ഇടേണ്ടി വന്നു 

""അയിനെന്താ... ഇയ്യ്‌..ണ്ടാക്കി കൊണ്ട് വാ.. ഞാൻ ഇബടെ..ണ്ട്..

സംഗതി അവൾക്ക് അതിനുള്ള സാധനം വാങ്ങിക്കാനാണെന്ന് എനിക്ക് മനസിലായെങ്കിലും അവളുടെ മുന്നിൽ  അറിയാത്ത പോലെ അഭിനയിച്ചു..!!

""അതല്ല.. ഇക്ക.. ഇൻക് കൊറച്ച് സാധനം മാണം.. ഇങ്ങള് ബേം പോയിട്ട് അത് മാങ്ങീറ്റ് ബാ... ലിസ്റ്റ് ഇങ്ങളെ വാട്സാപ്പിൽ വിട്ടിട്ടുണ്ട്...

അതും പറഞ്ഞു ഓള് എണീറ്റ് പോയി... പാവത്തിന്റെ ഒരാഗ്രഹം അല്ലെ.. സാധനം വാങ്ങികൊടുക്കാം എന്ന് കരുതി അങ്ങാടിയിൽ പോയി അവളുടെ ലിസ്റ്റിൽ ഉള്ള സാധനങ്ങൾ എല്ലാം എടുത്തു കൌണ്ടറിൽ ചെന്നപ്പോൾ എന്റെ ആദ്യ കിളി പോയി..965 രൂപ ബില്ല്.. ഇതിലും നല്ലത് ഒരു കിലോ ബ്ലാക് ഫോറസ്റ്റ് വാങ്ങി വീട്ടിൽ കൊണ്ട് പോകുന്നതായിരുന്നു.. പക്ഷെ ഓൾടെ ഒരു പൂതി അല്ലെ.. നടത്തികൊടുക്കാം.. എന്ന് കരുതി സാധനവും വാങ്ങി അവളുടെ കയ്യിൽ കൊടുത്തു...

സാധനത്തിനു പകരമായി ഞങ്ങളുടെ ഇളയ ട്രോഫി എന്റെ കയ്യിൽ ഏല്പിച്ചു ഓള് പണി തുടങ്ങി...

ഇനി കുറച്ചു നേരം ഫോൺ പോയിട്ട് ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ അനങ്ങാൻ പോലും സമ്മയികൂല,, അത്രക്ക് അനുസരണ ആണ് ന്റെ മക്കൾക്ക്..

""ആ.. അതെങ്ങനെ അനുസരിക്കുന്നെ.. ന്റെ അല്ലെ.. മക്കള്...

അങ്ങനെ മൂത്തതിനെ  പുറത്തിരുത്തി ഞാൻ ആനയായി.. ഇളയതിനെ തുമ്പി കൈ കൊണ്ട് ഇക്കിളിയാകുമ്പോൾ അടുക്കളെന്ന് ഒരു വിളി...

""ഇക്കാ...ഒന്ന് ഇങ് വന്നേ...

ആനപ്പുറത്ത് ഇരിക്കുന്ന മൂത്ത പാപ്പാൻ ഇറങ്ങാത്തത്കൊണ്ട് മുട്ടിലിഴഞ്ഞു അടുക്കളയിൽ എത്തി...

""ഇക്കു.. ങ്ങള് മധുരം ഒന്ന് നോകിയെ...

കയ്യിലേക്ക് വെച്ച് നീട്ടിയ കേക്ക് കൂട്ട് വായിലേക്ക് വെച്ച് അടിപൊളി എന്ന് തള്ളവിരലും ചൂണ്ടുവിരലും വട്ടത്തിൽ പിടിച്ചു ആംഗ്യ കാണിച്ചു 👌👌ഞാൻ ഉമ്മറത്തേക്ക് പോയി..

നീണ്ട ഒന്നര മണിക്കൂർ പരിശ്രമം അവൾ കേക്കുമായി വന്നു....

ഒറ്റ നോട്ടത്തിൽ കോഴിക്ക് വയറിളക്കം പിടിച്ചത് പോലെ വിപ്പിങ് ക്രീം ഒലിച്ചിറങ്ങുന്നുണ്ട്..

ന്നാലും.. ഓള വേഷമിപ്പിക്കണ്ടാലോ എന്ന് കരുതി ഒരു പീസ് എടുത്തു വായിലിട്ട് എന്റെ മനസാക്ഷിയെ വീണ്ടും വീണ്ടും വഞ്ചിച്ചു കൊണ്ട് ഞാൻ കേക്ക് സൂപ്പർ ആണെന്ന് പറഞ്ഞപ്പോൾ ഓൾടെ മുഖത്ത് സന്തോഷം വിരിഞ്ഞു.. പക്ഷെ ന്റെ വയറ്റിൽ കേക്ക് പിരിഞ്ഞെന്ന് കുറച്ചു കഴിഞ്ഞപ്പോളാണ് മനസിലായത്...

സ്നേഹത്തോടെ ഓള് വായിൽ വെച്ച് തന്ന മൂന്ന് പീസ് കേക്ക് വയറ്റിൽ എത്തിയതും ഉച്ചക്ക് തിന്ന ചോറുമായി യുദ്ധം ആരംഭിച്ചു... വയറ്റിൽ ആകെ ബഹളം...

പിടിച്ചു നിൽക്കാനാവാതെ ഞാൻ ബാത്‌റൂമിലേക്ക് ഓടി....

പിന്നെ സംഭവിച്ചത്.. ഏതോ സിനിമയിൽ പപ്പു പറഞ്ഞത് പോലെ താമരശ്ശെരി ചുരത്തുമ്മന്നു ബ്രേക്ക് പോയ വണ്ടീടെ അവസ്ഥയായിരുന്നു... പിടിച്ചിട്ട് നിക്കുന്നില്ല.....

അവസാനം ബാത്‌റൂമിൽ നിന്നും ഇറങ്ങുമ്പോ കാണാം അവൾ ഒരു പീസ് കേക്കുമായി എന്നേ കാത്ത് നിൽക്കുന്നു.....

ബാത്‌റൂമിൽ ഇനിയും ഒരംഗത്തിനു ആരോഗ്യം ഇല്ലാത്തത് കൊണ്ട് സ്നേഹപൂർവ്വം നിരസിച്ചു ഞാൻ ഉമ്മറത്ത് പോയി ഇരുന്നു...

കുറച്ചു കഴിഞ്ഞു അടുത്ത് വന്നിരുന്നു ഓള് പറയുവാ. "ഇക്കാ..ഞമ്മക്ക് നാളെ ചിക്കൻ പൊട്ടിത്തെറിച്ചത് ണ്ടാക്കണം.. ഞാൻ ആ വീഡിയോ കണ്ടക്കണ്  ന്ന്.....

""ന്റെ മുത്തുമണിയെ.. നിന്റെ സന്തോഷമാണ് ന്റെ വിജയം പക്ഷെ ഇയ്യ്‌ ഇങ്ങനെ ബല്ലാണ്ട് സന്തോഷിച്ചാൽ ഞാൻ ബാത്‌റൂമിൽ കിടന്നു മയ്യത്താകും എന്ന് പറയാൻ വന്നെങ്കിലും.. പിന്നെ ഉണ്ടാകുന്ന പുകിൽ ഓർത്തു ഒന്നും മിണ്ടാതെ അവിടെ ഇരുന്നു....

ന്നാലും.. ഈ യുട്യൂബിൽ വീഡിയോ ഇടുന്നവർക്ക് സബ്സ്ക്രൈബും ലൈകും ബെല്ലും അടിച്ചാൽ പോരെ.. ബെർതെ എന്തിനാണ് വീട്ടിൽ ട്രൈ ചെയ്യാൻ പറയണത് എന്നാണ് മനസിലാവാത്തത്....ലോകത്ത് 965 രൂപ മുടക്കി വയറിളക്കിയ ഒരാൾ ഞാൻ മാത്രമായിരിക്കും....

ഇനി നാളെ ചിക്കൻ പൊട്ടിത്തെറിച്ചത് കഴിച്ചിട്ട് വയറ് പൊട്ടിത്തെറിക്കാതെ ജീവനോടെ ഉണ്ടേൽ കാണാം...

ഈ എഴുത്ത് നിങ്ങൾക് ഇഷ്ട്ടമായാലും ഇല്ലെങ്കിലും.. ലൈക്, കമന്റ് അടിക്കുക.. ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത ശേഷം ബെല്ലടിക്കാനും മറക്കണ്ട...


To Top