ഭാര്യയെ സാരിയുടുക്കാൻ സഹായിക്കാൻ എനിക്ക് യാതൊരു മടിയുമില്ല...

Valappottukal


രചന: Pratheesh

നിങ്ങളുടെ അച്ഛൻ നിങ്ങളുടെ അമ്മയേ സാരിയുടുക്കാൻ പോലും സഹായിച്ചിരുന്നു എന്നെന്റെ ഭാര്യ പറഞ്ഞപ്പോൾ ഞാനവളെ ഒരു പുച്ഛഭാവത്തോടെ നോക്കുക മാത്രമാണ് ചെയ്തത് !

മാത്രമല്ല അവൾ പറഞ്ഞതിനൊന്നും കാര്യമായ ശ്രദ്ധ കൊടുക്കാതെ നേരെ പോയി സോഫയിലിരുന്ന് മൊബൈൽ നോക്കുകയാണു ഞാൻ ചെയ്തത് !

അവൾക്കതു കണ്ട് എന്നോടു ചെറിയൊരു നീരസമുണ്ടായെങ്കിലും അത്തരം വികാരങ്ങളൊന്നും അതെ അളവിൽ അവൾ സാധാരണ പ്രകടിപ്പിക്കാറില്ലാത്തതു കൊണ്ട് അവളിൽ തള്ളിക്കയറി വന്ന ആ നീരസം അവളുടെ ഉള്ളിലേക്കു തന്നെ സ്വയമവൾ വലിച്ചിട്ടു !

എന്റെ അമ്മ അങ്ങിനെ ആരെയും ആശ്രയിക്കാത്ത ഒരു സ്ത്രീയായിരുന്നെന്ന് എനിക്കുത്തമ ബോധമുണ്ടായിരുന്നു,
സ്വയം ചെയ്യാൻ കഴിയുമായിരുന്ന ഒരു പ്രവർത്തിയും അമ്മ ആരേയും സഹായത്തിനു വിളിച്ചു ചെയ്യിക്കാറില്ലായിരുന്നു,

അമ്മ വളരെ സ്പെഷലായിരുന്നു,
എന്റെ അമ്മയേ പോലെയാവാൻ അവൾക്കു ഈ ജന്മമല്ല വരാനിരിക്കുന്ന മൊത്തം ജന്മമെടുത്താലും സാധിക്കില്ലെന്നെനിക്കുറപ്പായിരുന്നു,

അതു ഞാൻ തന്നെ അവളോട് പലപ്പോഴും മുഖത്തു നോക്കി പറഞ്ഞിട്ടുമുണ്ട്, അവൾക്കതിനൊരു പരാതിയും ഉണ്ടായിട്ടുമില്ല കാരണം അവൾക്കു തന്നെ വ്യക്തമായറിയാം എന്റമ്മയേ പോലെയാവാൻ അവൾക്കു സാധിക്കില്ലെന്ന് !

എന്നാൽ അവളോട് അത്തരത്തിൽ സംസാരിക്കുമ്പോൾ പലപ്പോഴും അമ്മ തന്നെ  അതിലിടപ്പെട്ട് അവളോട് അങ്ങിനെയൊന്നും സംസാരിക്കരുതെന്നു പറഞ്ഞു എന്നെ വിലക്കും, അമ്മക്കും അറിയാം അവൾക്കൊരിക്കലും എന്നിൽ അമ്മയോള്ളം സ്വാധീനം ചെലുത്താൻ കഴിയില്ലെന്ന് അതാണമ്മ ഞങ്ങൾക്കിടയിൽ അതൊരു പ്രശ്നമായി മാറേണ്ടെന്നു കരുതി പലപ്പോഴും അവളെ ചേർത്തു പിടിക്കുന്നത്,

അതിൽ നിന്നു തന്നെ ബുദ്ധിയുണ്ടെങ്കിൽ അവൾക്കു മനസിലാവും അമ്മയുടെ മഹത്വം ! 

ഇപ്പോഴും എനിക്കെന്തെങ്കിലും ചെറുതായൊരു അസുഖം വന്നാൽ പോലും അമ്മക്കുറക്കമില്ലാതെയാവും !
പിന്നെയതു മാറും വരെ അമ്മക്കു വേവലാധിയാണ്, 
എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ 
" നിങ്ങൾ മരുന്നു കഴിച്ചോ "
എന്ന ഒറ്റയൊരു ചോദ്യം ചോദിച്ചവൾ ഉറങ്ങാൻ കിടക്കും !
അതാണ് ഭാര്യയും അമ്മയും തമ്മിലുള്ള വ്യത്യാസമെന്നു ഞാനും ഒാർക്കും !

അങ്ങിനെയിരിക്കെ പെട്ടന്നൊരു ദിവസം ഉറങ്ങി കിടന്ന അമ്മ എഴുന്നേറ്റില്ല,
ഉറക്കത്തിൽ തന്നെ അമ്മയുടെ മരണം സംഭവിച്ചു !

എനിക്കതൊരു ഷോക്കായിരുന്നു അമ്മ ഇനിയില്ല എന്ന സത്യം ഉൾക്കൊള്ളാൻ ഞാനൊരുപാടു പ്രയാസ്സപ്പെട്ടു,
ലോകത്തെവിടെയായിരുന്നാലും സമയാസമയങ്ങളിൽ വിളിച്ചു 
" നീ ഭക്ഷണം കഴിച്ചോ ?!"
എന്നു ചോദിക്കുന്ന ആ ശബ്ദം ഇനിയില്ല എന്നത് ഉള്ളിലുള്ള ദു:ഖത്തിന്റെ ആഴം പരമാവധി കൂട്ടി !

അമ്മയുടെ പെട്ടന്നുള്ള മരണം എന്നെക്കാൾ അതു ബുദ്ധിമുട്ടായത് സുഖമില്ലാതെ കിടന്നിരുന്ന അച്ഛനായിരുന്നു,
അമ്മയുടെ പേരോന്നു വിളിച്ചാൽ ആ വിളിക്കേൾക്കുമ്പോൾ അമ്മക്കറിയാം അതെന്തിനുള്ള വിളിയായിരിക്കുമെന്ന് രണ്ടാമതതൊന്നു ചോദിക്കാനുള്ള അവസരം ഇതുവരെ അമ്മ ഉണ്ടാക്കിയിട്ടുമില്ല,

എന്നാൽ അവിടെയൊരു അത്ഭുതം സംഭവിച്ചു അച്ഛൻ അമ്മയുടെ പേരെടുത്തു വിളിച്ചു കൊണ്ടാണ് ഒരോ കാര്യങ്ങളെ ഒാർമ്മപ്പെടുത്തിയിരുന്നതെങ്കിൽ ആ വിളി ആവശ്യമില്ലാതെ തന്നെ അച്ഛനാവശ്യമുള്ള മരുന്നും ഭക്ഷണവും കുളിക്കാനുള്ള ചൂടു വെള്ളവും അടക്കം എല്ലാം തന്നെ പടി പടിയായി സമയാസമയങ്ങളിൽ അച്ഛന്റെ മുന്നിലെത്തി അമ്മക്കു പകരം അതിനെല്ലാം ചുക്കാൻ പിടിച്ചത് എന്റെ ഭാര്യയായിരുന്നു എന്നു മാത്രം !

അച്ഛന്റെ കാര്യങ്ങളിൽ മാത്രമല്ല ആ വീട്ടിൽ അമ്മ ചെയ്തു കൊണ്ടിരുന്ന ഒരു പ്രവർത്തികളും മുടങ്ങിയില്ലെന്നു മാത്രമല്ല അതെല്ലാം അതാതു സമയത്തു വളരെ കൃത്യമായി തന്നെ നടക്കുകയും ചെയ്തു,

അമ്മേയെന്നു വിളിച്ചാൽ ആ വിളി കേൾക്കാൻ ഒരാളില്ലെന്നതൊഴിച്ചാൽ മറ്റെല്ലാം അമ്മയോള്ളം തുല്യമായി തന്നെ അവിടെ നടന്നു പോയി കൊണ്ടിരുന്നു,

അമ്മയുടെ കൈപുണ്യവും രുചിയും പുനർസൃഷ്ടിക്കാൻ അവൾക്കു കഴിഞ്ഞില്ലെങ്കിലും അതെ കാര്യങ്ങൾക്കെല്ലാം അതിനോള്ളം തന്നെ തുല്യവും സ്വാദിഷ്ടവുമായ മറ്റൊരു രുചിയുണ്ടെന്നും അവൾ ഞങ്ങളെ ബോധ്യപ്പെടുത്തി

എന്റെ കാര്യത്തിൽ അമ്മക്കു മാത്രം ചെയ്യാൻ കഴിയുമെന്നു ഞാൻ വിചാരിച്ചിരുന്ന പല കാര്യങ്ങളും അവൾ വളരെ തന്മയത്തോടെ തന്നെ എനിക്കായി ചെയ്തു തന്നു,

അമ്മയേ പോലെ ഒരു കാര്യത്തിനും അവൾ ആരേയും സഹായത്തിനു വിളിച്ചതുമില്ല,
ആർക്കും ഒരു പരാതിയും ഉണ്ടാവാത്തവിധത്തിലുള്ള അവളുടെ പ്രവർത്തികൾ ഒരോ ദിവസവും എന്നെ അത്ഭുതപ്പെടുത്തി കൊണ്ടേയിരുന്നു,

ഒരു ദിവസം അടുത്ത കുടുംബത്തിൽ ഒരു കല്യാണത്തിനു പോകേണ്ട ആവശ്യം വന്നപ്പോൾ പോയി എളുപ്പം വരാമായിരുന്നിട്ടും അവൾ വരാൻ കൂട്ടാക്കിയില്ല,

എങ്ങാനും വരാൻ വൈകിയാൽ അച്ഛനതു ബുദ്ധിമുട്ടാവും എന്നറിയാവുന്നതു കൊണ്ടാണ് അവളതിനു വരാതിരുന്നതെന്ന് എനിക്കും മനസിലായി !

പതിയെ പതിയെ എനിക്കു കാര്യങ്ങൾ മനസിലായി തുടങ്ങി, എന്റെ അമ്മയോള്ളം തന്നെ ഞങ്ങളുടെ ആവശ്യങ്ങളെ ഞങ്ങൾക്കായി പകർന്നു നൽകി അവൾ ഉയർന്നിരിക്കുന്നുയെന്ന് !

അന്നു കല്യാണത്തിനു പോയി വന്ന എന്നെ അച്ഛൻ മുറിയിലേക്കു വിളിച്ച് എന്നോടു പറഞ്ഞു,

നിന്റെ അമ്മയില്ല എന്ന ദു:ഖം ഞാനിപ്പോൾ അറിയുന്നില്ല, നീയും അതറിയില്ല അതിന്റെ കാരണം ഞാൻ പറയാതെ തന്നെ നിനക്കു മനസിലാവും !

നീ പലപ്പോഴും അവളെ കുറ്റപ്പെടുത്തുന്നത് ഞാൻ കേട്ടിട്ടുണ്ട് അപ്പോഴെല്ലാം അതിനെതിരായി ഉയർന്നത് നിന്റെമ്മയുടെ മാത്രം ശബ്ദമായിരുന്നില്ല ഞാൻ നിന്റെ അമ്മയോട് പറഞ്ഞതും കൂട്ടിച്ചേർത്താണ് അവൾ അതെല്ലാം നിന്നോടു വന്നു പറഞ്ഞിട്ടുള്ളത്,

അന്നു ഞങ്ങളവളെ ചേർത്തു പിടിക്കുന്നതായി മാത്രമാണ് നിനക്ക് തോന്നിയിട്ടുണ്ടാവുക, എന്നാലിപ്പോൾ നിനക്കതെല്ലാം വളരെ കൃത്യമായി മനസിലാവുന്നുണ്ടാവും, 
അല്ലെങ്കിൽ ഉണ്ടാവണം !

നിന്റമ്മ ഇല്ലാത്തതിന്റെ വിടവ് അവളാൽ കഴിയും വിധം ഭംഗിയായി ഈ വീട്ടിലവൾ കൃത്യമായി നികത്തുന്നുണ്ട് !

അവസരങ്ങൾക്കൊത്ത് ഉയരുക എന്നൊന്നുണ്ട് അതിനു അവസരങ്ങൾ ഉണ്ടാവുക തന്നെ വേണം അപ്പോഴെ നമുക്കോരോർത്തരേയും മനസിലാവു,
അങ്ങിനെയൊരവസരം വന്നപ്പോൾ നിന്റെ ഭാര്യ അതിനൊത്തുയർന്നു അവൾ ആരാണെന്ന് അവൾ നമ്മൾക്കു കാണിച്ചു തന്നു !

അപൂർവ്വം ചിലരൊഴിച്ചാൽ മിക്ക ഭർത്താക്കന്മാരായ ആണുങ്ങളിലും ഇത്തരം ചില തോന്നലുകളുണ്ട് കാലം അതിനുള്ള ഉത്തരവും അവർക്കു നൽകും !

ആദ്യകാലങ്ങളിൽ എന്റമ്മയേ കരുതി അത്തരം ചിന്ത എന്നിലും ഉണ്ടായിരുന്നു അതു തിരുത്തിയതു നിന്റെ അമ്മയാണ്, 

ഇതറിയാമായിരുന്നിട്ടും എന്തു കൊണ്ട് നിന്നോടതു പറഞ്ഞില്ല എന്നു ചോദിച്ചാൽ നിന്റെ ഭാര്യയും അതെ ഗുണഗണത്തിൽ പെടുന്നവൾ തന്നെയാണോ എന്നത് സാഹചര്യത്തിനൊത്ത് അവൾ തന്നെ സ്വയം ഉയർന്ന് അവളുടെ പ്രവർത്തിയിലൂടെ അതു വെളിപ്പെടുത്തുമ്പോഴേ അവളെ പൂർണ്ണമായ അർത്ഥതലത്തിൽ നമ്മൾക്കും വിലയിരുത്താൻ കഴിയു എന്നതു കൊണ്ടാണ് !

നിനക്ക് എങ്ങിനെയാണോ നിന്റെ അമ്മ അതു പോലെയാണ് നിന്റെ മക്കൾക്കു അവരുടെ അമ്മയായ അവളും !

അവൾ നിന്റെ ഭാര്യ ആയിരിക്കാം, 
എന്നാൽ നിന്റെ മക്കൾക്ക് അവൾ അവരുടെ അമ്മയാണ് നിനക്ക് നിന്റെ അമ്മയോടുള്ളതു പോലെ സ്നേഹം അവർക്കവളോടുമുണ്ട്, 
അതു മറന്നു പോകരുത് !

ഇനി ഒരിക്കൽ പോലും നിന്റെ അമ്മയേ ഉയർത്തിപ്പിടിച്ച് അവളെ ചെറുതാക്കി കാണിക്കാൻ നീ ശ്രമിക്കരുത് !

അച്ഛന്റെ വാക്കുകൾക്കു മറുത്തൊരക്ഷരം ശബ്ദിക്കാൻ എനിക്കായില്ല അച്ഛൻ പറഞ്ഞതു തന്നെയായിരുന്നു ശരി !

ചിലരെ കുറിച്ച് അവർ അങ്ങിനെയാവില്ല എന്നൊക്കെ നമ്മൾക്കു വെറുതെ തോന്നുന്നതാണ് അവസരങ്ങൾ വരുമ്പോൾ അവർ നമ്മൾ കരുതിയതിലും ഒക്കെ മേലെയാണെന്നവർ തെളിയിക്കും !

നമ്മൾ ഒരിക്കലും സാധ്യമാവില്ലെന്നു കരുതുന്ന ചില മാറ്റങ്ങളിലാണ് പലപ്പോഴും മാറ്റം ആരംഭം കുറിക്കുന്നതു തന്നെ അതിന് വരാനിരിക്കുന്ന ജന്മങ്ങൾ എണ്ണി കാത്തിരിക്കുകയൊന്നും വേണ്ട അതിന് ഈ ജന്മം തന്നെ ധാരാളമാണ് !

ആരും ആർക്കും പകരമാവണമെന്നില്ല,
എന്നാൽ അവരുടെ പ്രവർത്തിയായി മാറാൻ ചിലർക്കാവും !

അതിനുത്തമ ഉദാഹരണമാണ് ഇന്നെന്റെ ഭാര്യ !

ഇപ്പോൾ ഭാര്യയെ സാരിയുടുക്കാൻ സഹായിക്കാൻ എനിക്ക് യാതൊരു മടിയുമില്ല കാരണം അവളെ അവളുടെ ഏതാവശ്യങ്ങൾക്കും സഹായിക്കുക എന്നതെന്റെ കടമയാണെന്ന് ഇന്നെനിക്ക് വ്യക്തമായറിയാം !!!!


കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top