രചന: വൈദേഹി ദേഹി
ഊമപ്പെണ്ണ്...
നിന്നോട് പലവട്ടം പറഞ്ഞിട്ടുള്ളതല്ലേടി എന്റെ മുറിയിൽ കേറി പോകരുതെന്ന്...അതെങ്ങനാ നാക്കാടത്തില്ലേലും അഹങ്കാരത്തിനു യാതൊരു കുറവും ഇല്ല... ഇനി മേലിൽ ഇത് ആവർത്തിച്ചാൽ...
അവൻ ക - ത്തുന്ന കണ്ണുകളോടെ അവളുടെ നേർക്ക് കൈചൂണ്ടി...അവൾ നിറകണ്ണുകളോടെ അവനെ ഒന്ന് നോക്കി... എന്നിട്ട് മുറിക്ക് പുറത്തേക്കിറങ്ങാൻ തുടങ്ങി...
തമ്പുരാട്ടി ഒന്ന് നിന്നേ...
അവൾ തിരിഞ്ഞവനെ നോക്കി...
ഇനി ഇതാര് വൃത്തിയാക്കും...
അവൻ താഴെ കിടക്കുന്ന കു പ്പിച്ചില്ലിലേക്ക് നോക്കി പറഞ്ഞു... അവൾ കുനിഞ്ഞിരുന്നു അത് പതുക്കെ പെറുക്കിയെടുക്കാൻ തുടങ്ങി... അവൻ അത് നോക്കി നിന്നു...എന്നിട്ട് ഷർട്ടിന്റെ പോക്കറ്റിന്ന് ഒരു സി ഗരറ്റ് എടുത്ത് കത്തിച്ചു വലിക്കാൻ തുടങ്ങി...അവൾ വേഗം അവിടെ വൃത്തിയാക്കി പുറത്തേക്കിറങ്ങി... അപ്പോഴും അവളുടെ ചെവിയിൽ അവന്റെ വാക്കുകൾ മുഴങ്ങുന്നുണ്ടാരുന്നു... അവൾ ഓടി ഗോവണി ഇറങ്ങാൻ തുടങ്ങിയപ്പോൾ തൊട്ടപ്പുറത്തെ മുറിയുടെ ചാരിയിട്ടിരിക്കുന്ന വാതിലിലൂടെ കണ്ടു മാതംഗിയുടെ മടിയിൽ തലവെച്ചു കിടന്നു അവളുടെ കൈവിരലുകൾ പിടിച്ചുകൊണ്ടു എന്തോ പറയുന്ന മഹാദേവിനെ... അവൾ അവന്റെ മുടിക്കുള്ളിലൂടെ കൈകടത്തി എന്തോ കേട്ട് പൊട്ടിച്ചിരിക്കുന്നുമുണ്ട്... അവളാ കാഴ്ച ഒന്ന് കണ്ടു... എന്നിട്ട് സ്വയം ഒരു പുച്ഛച്ചിരി ചിരിച്ചുകൊണ്ട് അടുക്കളഭാഗത്തുള്ള തന്റെ മുറിയിലേക്ക് നടന്നു...
അവളാ മുറിയിലേക്ക് കയറി... തന്റെ ലോകം... തന്റെ വല്യ വല്യ സങ്കടങ്ങളും ചെറിയ ചെറിയ സന്തോഷങ്ങളും എല്ലാം ഈ നാല് ചുവരുകൾക്ക് അറിയുന്നതിനേക്കാൾ കൂടുതൽ മറ്റാർക്കും അറിയില്ല...
ഇവൾ ഗൗരി... മേലേടത്ത് വീട്ടിൽ നാരായണൻ മാഷിന്റെയും സീതയുടെയും ഏകമകൾ...ജന്മനാ അവൾക്കു സംസാരശേഷി ഉണ്ടായിരുന്നില്ല...അവളുടെ ജനനത്തോടെ സീത മരിച്ചു... പിന്നെ അവൾക്ക് അച്ഛനും അമ്മയുമെല്ലാം നാരായണൻ മാഷ് തന്നെ ആരുന്നു...അവരുടേത് മാത്രമായൊരു കൊച്ചു ലോകം...സീതയുടെ മരണത്തോടെ അവളുടെ വീട്ടുകാർക്ക് ഗൗരിയെ വേണ്ടാതായി...അവളുടെ ദോഷം കൊണ്ടാണത്രെ സീത മരിച്ചത്... അല്ലെങ്കിലും സാമാന്യ ബുദ്ധിയേക്കാൾ സ്ഥാനം അന്ധവിശ്വാസങ്ങൾക്കാണല്ലോ...
നാരായണൻ മാഷിനാകട്ടെ ആകെ ഉള്ളത് ഒരു സഹോദരി മാത്രമാരുന്നു...ശാരദ...സ്നേഹിച്ച പുരുഷനൊപ്പം ഇറങ്ങി പോയതാരുന്നു അവർ... അതിനു ശേഷം അവരുമായി അദ്ദേഹത്തിനൊരു ബന്ധവും ഉണ്ടാരുന്നില്ല...
എല്ലാം കീഴ്മേൽ മറിഞ്ഞത് പെട്ടന്നൊരു ദിവസം മാഷിന് നെഞ്ചുവേദന വന്നപ്പോഴാരുന്നു...ഗൗരിയേ തനിച്ചാക്കി അദ്ദേഹം പോയി... ചടങ്ങുകൾ കഴിഞ്ഞതും ബന്ധുക്കൾ എല്ലാരും മടങ്ങി... ആ വീട്ടിൽ അവൾ മാത്രമായി...അപ്പോഴാണ് ഏക സഹോദരന്റെ മരണ വാർത്ത അറിഞ്ഞു ശാരദ എത്തിയത്... കഴിഞ്ഞതെല്ലാം ഏറ്റു പറഞ്ഞു ആ കുഴിമാടത്തിൽ തല വെച്ചു അവർ കരഞ്ഞു... തിരിച്ചു പോകുമ്പോ ഗൗരിയെ കൂടി കൂടെ കൂട്ടാൻ അവർ ശഠിച്ചു...അവരുടെ നിർബന്ധത്തിന് വഴങ്ങി അവൾ അവരുടെ കൂടെ പോയി...
ശാരദാമ്മയുടെ ഭർത്താവ് കുറച്ചു വർഷങ്ങൾക്കു മുന്നേ ഒരു ആക്‌സിഡന്റിൽ മരിച്ചിരുന്നു... വിവാഹമുറപ്പിച്ചു വെച്ച പെങ്ങൾ സ്വന്തം കൂട്ടുകാരന്റെ കൂടെ പോയത് മാഷിന് വല്യ ഷോക്കാരുന്നു...മാഷിന്റെ മുന്നിൽ വരാനുള്ള ധൈര്യം അവർക്കും ഉണ്ടായിരുന്നില്ല...ശാരദാമ്മക്ക് രണ്ട് ആൺമക്കൾ ആരുന്നു... മൂത്തവൻ മഹാദേവ്... ബാംഗ്ലൂർ ഒരു ഐ.ടി കമ്പനിയിൽ ജോലി ചെയ്യുന്നു... ഇളയവൻ രുദ്രദേവ്... അവനെ പറ്റി പറഞ്ഞതും അവരുടെ കണ്ണുകൾ നിറഞ്ഞത് അവൾ ശ്രെദ്ധിച്ചു... ഏട്ടനെ പോലെ പഠിക്കാൻ മിടുക്കനാരുന്നു അവനും...ഫൈനൽ ഇയർ എഞ്ചിനീയറിംഗിന് പഠിച്ചുകൊണ്ടിരുന്ന ഒരു ദിവസം കോളേജ് ഫെസ്റ്റിന്റെ എന്തോ ആവിശ്യത്തിന്റെ ഭാഗമായി അവനെയും കൂടെ പഠിക്കുന്ന ഒരു പെൺകുട്ടിയേം കൂടെ അവരുടെ ക്ലാസ്സ് ട്യൂട്ടർ നിർബന്ധിച്ചു ഒരുമിച്ചു വിട്ടു...അവൻ അവളുമായി ബൈക്കിൽ പോയതും സിഗ്നൽ തെറ്റിച്ചുവന്ന ഏതോ ഒരു വണ്ടി അവരുടെ വണ്ടിയെ ഇടിച്ചു തെറിപ്പിച്ചു...ഹെൽമെറ്റ് വെച്ചതുകൊണ്ട് അവനു തലയ്ക്കു കാര്യമായി പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല... പക്ഷെ പിറകിലിരുന്ന ആ കുട്ടി തെറിച്ചു മറ്റൊരു വണ്ടിയുടെ കീഴിൽ ചെന്നു വീണു അപ്പോഴേ മരിച്ചു...
രണ്ടു ദിവസങ്ങൾക്കു ശേഷമാണവന് ബോധം വീണത്...ആ കുട്ടിയുടെ മരണം... അതിനേക്കാൾ ഉപരി തങ്ങളെ പറ്റി പ്രചരിച്ച കഥകൾ...കോളേജ് ഫെസ്റ്റിനിടക്ക് കറങ്ങാൻ പോയ കമിതാക്കൾ അപകടത്തിൽ പെട്ടു... കാമുകൻ രക്ഷപെട്ടു... കാമുകി മരിച്ചു...എന്നിങ്ങനെ ആരുന്നു...സദാചാര ബോധം കത്തി പടർന്നപ്പോൾ അതിനിടക്ക് അവന്റെ വാക്കുകളോ...ആ ട്യൂട്ടറുടെ ഏറ്റുപറച്ചിലോ...അതിലുപരി ഒന്നുമറിയാത്ത ഒരു നിരപരാധിയായ പെൺകുട്ടിയുടെ ജീവനോ... ഒന്നും ആരും മുഖവിലക്കെടുത്തില്ല...
പിന്നീട് ആരോടൊക്കെയോ ഉള്ള വാശി പോലെയാരുന്നു അവന്റെ ജീവിതം... ആരു പറഞ്ഞാലും കേൾക്കാൻ അവൻ കൂട്ടാക്കിയിരുന്നില്ല...ശാരദാമ്മയുടെ കരച്ചിലിന് മുന്നിൽ അവൻ പരീക്ഷ എഴുതി പാസ്സായി... പക്ഷെ ജോലിക്കും ഒന്നിനും അവൻ ശ്രമിച്ചില്ല...എല്ലാരോടും ചിരിച്ചു കളിച്ചു നടന്നവൻ പെട്ടന്ന് ആരോടും മിണ്ടാതായി... ആരോടൊക്കെയോ ഉള്ള വാശി ആരുന്നു അവനു...എല്ലാവരോടും ദേഷ്യം...ആ മുറിയും കള്ളുകുടിയും മാത്രമായി അവൻ ഒതുങ്ങി...
എല്ലാം കേട്ടുകഴിഞ്ഞപ്പോൾ ഗൗരിക്ക് അവനോട് സഹതാപം തോന്നി...എല്ലാവരിൽ നിന്നും ഒഴിഞ്ഞു ജീവിക്കുന്നവനോടുള്ള അനുകമ്പ...ഒരിക്കൽ പോലും അവളെന്നൊരാൾ അവിടെ ഉണ്ടെന്ന് അവൻ ഗൗനിച്ചിരുന്നില്ല... ശാരദാമ്മ പരിചയപടുത്തിയപ്പോഴും അവളുടെ മുഖത്തേക്കൊന്ന് നോക്കി അകത്തേക്ക് കയറി പോയി...
ശാരദാമ്മ സ്വന്തം മകളെ പോലെ അവളെ നോക്കി... അച്ഛന് ശേഷം ആരെങ്കിലും തന്നെ നിസ്വാർത്ഥമായി സ്നേഹിച്ചിട്ടുണ്ടെങ്കിൽ അത് അവർ മാത്രമാണെന്ന് അവൾക്ക് തോന്നി... മഹാദേവും അങ്ങനെ അകൽച്ച ഒന്നും കാണിച്ചിരുന്നില്ല...താൻ മടിച്ചു നിൽക്കുമ്പോഴും അവൻ അവളെ അടുത്ത് വിളിച്ചു എന്തെങ്കിലും കാര്യം പറയുകയും അവൾക്കായി എന്തെങ്കിലും ഒക്കെ വാങ്ങി നൽകുകയും ഒക്കെ ചെയ്തിരുന്നു... ഒരു ഏട്ടന്റെ സ്ഥാനം ആരുന്നു അവനു അവൾടെ മനസ്സിൽ...പക്ഷെ അപ്പോഴും രുദ്രദേവ് മാത്രം അവളെ എപ്പോഴും അകറ്റി നിർത്തിയിരുന്നു...
ശാരദാമ്മക്ക് അവൾ അടുത്തുതന്നെ വേണമെന്നുള്ള ആഗ്രഹത്തിൽ മഹാദേവിനെ കൊണ്ടു അവളെ കല്യാണം കഴിപ്പിക്കാൻ ആലോചിച്ചപ്പോഴാണ് അവന്റെ മനസ്സിൽ അവൾക്കുള്ള സ്ഥാനം അവൾ അറിഞ്ഞത്...
അമ്മയെന്തൊക്കെയാ ഈ പറയുന്നേ... അവളെ ഞാൻ വിവാഹം കഴിക്കാനോ...കൊള്ളാം... ഞാൻ എന്റെ കൂടെ ജോലി ചെയ്യുന്ന മറ്റൊരു കുട്ടിയുമായി സ്നേഹത്തിൽ ആണ്...അത് മാത്രവുമല്ല എന്റെ ഭാര്യ എന്നു പറഞ്ഞു ഒരു ഊമയെ മറ്റുള്ളവരുടെ മുന്നിൽ പ്രസന്റ് ചെയ്യാൻ എനിക്ക് മനസ്സില്ല...
വിഷമം ഒന്നും തോന്നിയില്ല... അല്ലെങ്കിലും എന്തിനു വിഷമിക്കണം...ഏട്ടന്റെ സ്ഥാനത്ത് കണ്ട ഒരാളെ വിവാഹം കഴിക്കണമെന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല... പക്ഷെ ഹൃദയം മുറിവേറ്റിരുന്നു... അതൊരു പക്ഷെ ആ നാവിൽ നിന്നു വന്ന ഊമ എന്നാ വാക്ക് കേട്ടിട്ടായിരുന്നു...ആദ്യമൊന്ന് എതിര് നിന്നെങ്കിലും മകന്റെ ഇഷ്ടത്തിന് ശാരദാമ്മയും വഴങ്ങി... മഹാദേവിന്റെയും മാതംഗിയുടെയും വിവാഹം നടന്നു...
മാതംഗി പലപ്പോഴും അവളോടൊരു അകൽച്ച കാണിച്ചിരുന്നത് അവൾ ശ്രെദ്ധിച്ചിരുന്നെങ്കിലും അവളത് കാര്യമാക്കിയില്ല... ശാരദാമ്മ മാത്രമാരുന്നു അവൾക്കൊരു ആശ്വാസം... പക്ഷെ വിധി അവിടെയും അവൾക്കെതിരായി... അമ്പലത്തിലേക്ക് പോയ ശാരദാമ്മ പെട്ടന്ന് കുഴഞ്ഞു വീണെന്നറിഞ്ഞു ആശുപത്രിയിൽ ഓടിയെത്തിയ അവൾ കാണുന്നത് ഐ. സി. യു വിൽ നിന്നിറക്കിയ അവരുടെ മുഖം വെള്ളത്തുണിയിൽ മൂടുന്നതാരുന്നു...കത്തിച്ചു വെച്ച നിലവിളക്കിന് മുന്നിൽ കിടത്തിയ ശാരദാമ്മയ്ക്കരികിൽ ഇരിക്കാൻ അവൾ മാത്രമേ ഉണ്ടായിരുന്നുള്ളു...അവരുടെ ചിത എരിഞ്ഞപ്പോൾ അവൾ അറിഞ്ഞു താൻ വീണ്ടും അനാഥയായെന്ന്...
പിന്നീടുള്ള ദിവസങ്ങളിൽ അവൾ ആ വീട്ടിലെ ജോലിക്കാരി മാത്രമായി...അടുക്കളയിലെ ഒരു കോണിലേക്ക് താമസം മാറി...ശാരദാമ്മ ഉള്ളപ്പോൾ കാണിച്ചിരുന്ന ഒരടുപ്പവും മഹാദേവ് പിന്നീട് അവളോട് കാണിച്ചിരുന്നില്ല...മാതംഗി പറയുന്ന ജോലികൾ ചെയ്തും ശകാരങ്ങൾ കേട്ടും അവൾ അവിടെ ഒരു അഭയാർത്ഥിയെ പോലെ കഴിഞ്ഞു... പലപ്പോഴും അവൾക്ക് ഒരു ആശ്വാസം തോന്നിയിരുന്നത് രുദ്രനെ കാണുമ്പോൾ മാത്രമാരുന്നു...പക്ഷെ അറിയാതെ പോലും സ്നേഹത്തോടെ ഉള്ള ഒരു നോട്ടം അവനിൽ നിന്നുണ്ടായിരുന്നില്ല...അവൻ വഴക്ക് പറയുമ്പോൾ ശാരദാമ്മ തന്നെ സ്നേഹത്തോടെ ശാസിക്കുന്നതാണ് അവൾക്കോർമ്മ വന്നിരുന്നത്... അതുകൊണ്ട് അത് കേൾക്കാൻ വേണ്ടി തന്നെയായിരുന്നു മനപ്പൂർവം അവനിഷ്ടമില്ലാതെ ആ മുറിയിൽ കേറിയിരുന്നത്...
അവനും മഹാദേവും വീട്ടിൽ ഇല്ലാതിരുന്ന ഒരു ദിവസം ആരുന്നു മാതംഗിയുടെ കൂട്ടുകാരായ കുറച്ചു ആണുങ്ങൾ ആ വീട്ടിൽ എത്തിയത്... അവൾ ഗൗരിയോട് അവർക്ക് കുടിക്കാൻ ജ്യൂസ് എടുക്കാൻ പറഞ്ഞു... അതുമായി ചെന്ന അവളുടെ മേലുള്ള അവരുടെ നോട്ടം അവൾക്ക് അസഹ്യമായിരുന്നു... അത് കൊടുത്തു അടുക്കളയിലോട്ട് ചെന്ന അവളുടെ പിറകെ ഒരുത്തൻ ചെന്നു...അവളെ ചൂഴ്ന്നു നോക്കികൊണ്ട് അവൻ അവളെ കയറി പിടിക്കാൻ ചെന്നപ്പോ അന്നാദ്യമായി ശബ്ദം ഇല്ലാത്തതിന് അവൾക്ക് അവളോട് തന്നെ പുച്ഛം തോന്നി... അവനെ തള്ളിമാറ്റി അവൾ പുറത്തേക്കോടി...കട്ടിളപ്പടിയിൽ തട്ടി അവൾ തെറിച്ചു വീണത് രുദ്രന്റെ കയ്യിലേക്കാരുന്നു... അവളുടെ കണ്ണിൽ നിന്നു വീഴുന്ന കണ്ണുനീരും പിറകെ ഓടി വന്ന ഒരുത്തനെയും അവിടെ ഉള്ളവരെയും ഒക്കെ കണ്ടപ്പോൾ തന്നെ അവിടെ നടന്നത് അവനു ഊഹിക്കാമായിരുന്നു...അവന്റെ കണ്ണുകൾ രക്തവർണമായി...അവളെ കയറി പിടിച്ചവനെ കരണത്തടിച്ചവൻ കഴുത്തിൽ പിടിച്ചു ചുമരിലേക്ക് ചേർത്തു...അപ്പോഴേക്കും മഹാദേവും മാതംഗിയും വന്നവനെ പിടിച്ചു മാറ്റി... എല്ലാവരും അവളെ പഴിചാരി രക്ഷപെട്ടപ്പോഴും അവളെ തളർത്തിയത് അതിൽ ഏട്ടനായി കണ്ട മഹാദേവും ഉണ്ടായിരുന്നു എന്നതായിരുന്നു...അപ്പോഴും രുദ്രൻ ഒന്നും മിണ്ടിയില്ല...ഇറങ്ങിപോകാൻ പറഞ്ഞ മാതംഗിയുടെ വാക്ക് കേട്ടിട്ടും അവൾക്കൊന്നും തോന്നിയില്ല...ആരുമില്ലെങ്കിലും തനിക്ക് കയറി കിടക്കാൻ ഒരു വീടുണ്ടല്ലോ... ആ ഉറപ്പിൽ അവൾ പുറത്തേക്ക് കാൽ എടുത്തു വെച്ചതും ആരോ അവളുടെ കൈകൾ പിടിച്ചു... തിരിഞ്ഞു നോക്കിയ അവൾ കാണുന്നത് അവളെ തന്നെ നോക്കികൊണ്ട് ആ വിരലുകളിൽ വിരൽ കോർത്തു ഒന്നുടെ മുറുകി പിടിക്കുന്ന രുദ്രനെയാരുന്നു...അവളവനെയും ആ കൈകളിലേക്കും മാറി മാറി നോക്കി...
അവൻ അവളെ ചേർത്തു പിടിച്ചുകൊണ്ടു മഹാദേവിന്റെ മുന്നിലേക്ക് വന്നു...
ഇവളെന്റെ പെണ്ണാ...ഈ രുദ്രദേവിന്റെ പെണ്ണ്...മരിക്കുന്നേനു മുന്നേ ഞാൻ എന്റെ അമ്മയ്ക്ക് കൊടുത്ത വാക്കാ അത്... മറ്റാര് വിശ്വസിച്ചില്ലെങ്കിലും എനിക്കവളെ വിശ്വാസമാണ്... എന്റെ അമ്മയോളം...
അതും പറഞ്ഞവൻ അവളുടെ കയ്യും പിടിച്ചു ആ വീട്ടിൽ നിന്നിറങ്ങി...
ആ കൈകൾ കൊണ്ടൊരു താലി കഴുത്തിൽ വീണപ്പോൾ അവൾ ആ കണ്ണുകളിലേക്ക് നോക്കി...ആ കണ്ണുകളിൽ അപ്പോൾ അവൾ മാത്രമേ ഉണ്ടായിരുന്നുള്ളു...അവന്റെ നെഞ്ചിൽ തല വെച്ചു ആ രോമക്കാട്ടിൽ വിരലോടിച്ചു കിടന്നപ്പോൾ അവൾ അറിഞ്ഞു... ഊമപെണ്ണെന്ന അവന്റെ വിളിയിൽ ഒളിഞ്ഞു കിടന്ന സ്നേഹക്കടൽ... ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ...