രചന: സജി തൈപ്പറമ്പ്
അമ്മേ,,, ഒന്നെഴുന്നേറ്റ് വന്ന് ആ മീനൊന്ന് നുറുക്കി താ, ഗിരിയേട്ടനിന്ന് നേരത്തെ ഇറങ്ങണമെന്ന് പറഞ്ഞു
ഞാനൊറ്റയ്ക്ക് ചെയ്താൽ തീരില്ല കുട്ടികളെയും സ്കൂളിൽ വിടാനുള്ളതാണ്
മകരമഞ്ഞിൻ്റെ ആലസ്യത്തിൽ പുതപ്പിനുള്ളിൽ ചുരുണ്ട് കിടന്നുറങ്ങുന്ന അമ്മായി അമ്മയെ ഗീത വിളിച്ചുണർത്തി
നാശം പിടിക്കാൻ മനുഷ്യനെ ഒന്നുറങ്ങാനും സമ്മതിക്കില്ല,
സുഖസുഷുപ്തിയിൽ നിന്നും ഉണരേണ്ടി വന്ന ദേഷ്യത്തിൽ ദേവകി മരുമകളെ പ്രാകി കൊണ്ടാണ് എഴുന്നേറ്റത്
രാവിലെ ശ്വാസം പോലും വിടാതെ ഓടി നടന്നിട്ടാണ് എട്ടരയ്ക്ക് ഭർത്താവിനെയും ഒൻപത് മണിയ്ക്ക് മക്കളെയും, പറഞ്ഞ് വിടാൻ ഗീതയ്ക്കായത്
ഇതിനിടയിൽ ദേവകി ആകെ ചെയ്ത സഹായം മീൻ നുറുക്കി കൊടുത്തത് മാത്രമാണ്
അടുക്കളയിലെ ജോലി ഒരു വിധം ഒതുങ്ങിയപ്പോൾ ,ഓരോരുത്തരുടെയും മുഷിഞ്ഞ തുണികൾ പെറുക്കിയെടുത്ത് കഴുകാനായി കല്ലിൻ്റെ ചുവട്ടിലേയ്ക്കവൾ നടന്നു
വാഷിങ്ങ് മെഷീൻ കേടായിട്ട് രണ്ടാഴ്ചയോളമായി അതൊന്ന് റിപ്പയർ ചെയ്തെടുക്കാൻ പറഞ്ഞിട്ട് ഗിരിയേട്ടൻ്റെ കയ്യിൽ കാശില്ലത്രേ
കാശ് ചിലവില്ലാതെ,കൈ കൊണ്ട് തുണി അലക്കിയെടുക്കുന്ന മറ്റൊരു മെഷീൻ വീട്ടിലുള്ളത് കൊണ്ട്, തുണികളെല്ലാം വൃത്തിയായിക്കൊള്ളുമെന്ന് പുള്ളിക്കാരനറിയാം,,
അമ്മേ,,, അവിടെ തല പുകഞ്ഞാലോചിച്ചോണ്ടിരിക്കുന്ന സമയത്ത് ,ഞാനീ കഴുകി വച്ചിരിക്കുന്ന തുണികളൊക്കെയൊന്ന് അയയിലോട്ട് വിരിച്ച് താ അമ്മേ ,,
ഇത്തിരി കഴിഞ്ഞാൽ ഈ ഉള്ള വെയിലങ്ങ് പോകും ,എപ്പോഴാണ് മഴ ആർത്തലച്ച് വരുന്നതെന്നറിയാൻ പറ്റില്ല
ഇവളെൻ്റെ മുജ്ജന്മ ശത്രു വല്ലതുമായിരുന്നോ? മനുഷ്യനെ ഒരു സ്ഥലത്തും അടങ്ങിയിരിക്കാൻ സമ്മതിക്കില്ലല്ലോ
അനിഷ്ടത്തോടെ പിറുപിറുത്ത് കൊണ്ടാണ് ദേവകി കഴുകിപ്പിഴിഞ്ഞ തുണികൾ ഉണങ്ങാനായി അയയിലേയ്ക്ക് വിരിച്ചത്.
####################
പിറ്റേന്ന് കൈയ്യില്ലൊരു ചെറിയ ട്രാവൽ ബാഗുമെടുത്ത് ഒരുങ്ങിയിറങ്ങുന്ന ദേവകിയെ കണ്ട് ഗീത അമ്പരന്നു
അല്ല അമ്മയിതെങ്ങോട്ടാണ് ?
ഞാൻ എൻ്റെ ഗൗരിമോളുടെ വീട്ടിലേയ്ക്ക് പോകുവാണ്, അവളെന്നെ പൊന്ന് പോലെ നോക്കും ,ഇവിടെ നിൻ്റെ കെട്ടിയോൻ്റ ചിലവിൽ കഴിയുന്നത് കൊണ്ടല്ലേ? നീയെന്നെ വെറുതെ എങ്ങുമിരുത്താതെ, ഓരോരോ ജോലികൾ വിളിച്ചേൽപ്പിക്കുന്നത്
നീ നോക്കിക്കോ എൻ്റെ ഗൗരി മോള് എന്നെ അവിടെ റാണിയെപ്പോലെ വാഴിക്കും
മരുമകളെ വെല്ലുവിളിച്ച് കൊണ്ട് ദേവകി ഇറങ്ങി പോയപ്പോൾ ഗീത,സ്തബധയായി നിന്ന് പോയി.
#######$$##############
അമ്മയിതെന്താ ഒരു മുന്നറിയിപ്പു പോലുമില്ലാതെ കയറി വന്നത്?
ഗൗരിയുടെ ചോദ്യം കേട്ട് ദേവകി നെറ്റി ചുളിച്ചു
അത് കൊള്ളാം, എൻ്റെ മോളുടെ വീട്ടിൽ വരാൻ എനിക്ക് നേരത്തെ കൂട്ടി ആരുടെയെങ്കിലും അനുവാദം വാങ്ങിക്കണോ?
നീരസത്തോടെ പറഞ്ഞിട്ട് മകളെ തള്ളി മാറ്റി, ദേവകി അകത്തേയ്ക്ക് കയറിപ്പോയി.
അല്ല അമ്മ ഇതെപ്പോൾ വന്നു?
രാത്രി ഏറെ വൈകി വന്ന ഗൗരിയുടെ ഭർത്താവ് ദിനേശൻ ദേവകിയോട് കുശലം ചോദിച്ച് കൊണ്ട് സിറ്റൗട്ടിലെ കസേരയിൽ ഇരുന്നു
ഞാൻ രാവിലെ വന്നതാണ്, മോനെന്താ ഇത്രയും വൈകിയത് ?എന്നും ഇത്രയും താമസിച്ചാണോ വരുന്നത്?
അത് ചില ദിവസങ്ങളിൽ തിരക്കുള്ളത് കൊണ്ട് ഷോപ്പ് അടയ്ക്കാൻ വൈകും ,അത് കൊണ്ടാണമ്മേ ?
ഓഹ് എന്ത് തിരക്കാണേലും സന്ധ്യയ്ക്ക് മുൻപ് വീട്ടിൽ വരാൻ നോക്കണം, ഇവിടെ ഗൗരിയും രണ്ട് കൊച്ച് കുഞ്ഞുങ്ങളുമാണെന്ന് ദിനേശനറിയാമല്ലോ?
അമ്മയുടെ ആധികാരികത കലർന്ന ആ സംസാരം,ഗൗരിക്ക് തീരെ ഇഷ്ടമായില്ല
ങ്ഹാ ഇനിയെന്തായാലും ഞാനിവിടെയുണ്ടല്ലോ ?അത് കൊണ്ട് കുഴപ്പമില്ല
ങ്ഹേ, അമ്മയിനി തിരിച്ച് പോകുന്നില്ലേ?
ഒരു ഞെട്ടലോടെയാണ് ഗൗരി
അത് ചോദിച്ചത്
ഇല്ല ,നിനക്കിപ്പോൾ സന്തോഷമായില്ലേ?
അത് കേട്ട് ദിനേശനും ,ഗൗരിയും മുഖത്തോട് മുഖം നോക്കി.
എങ്കിൽ അമ്മ പോയി കിടന്നോളു നേരം ഒരുപാടായി,,
ദിനേശനോടൊപ്പം അല്പനേരം അവിടെയിരുന്ന് അന്നത്തെ വിശേഷങ്ങളൊക്കെ പങ്ക് വച്ചിട്ടാണ് സാധാരണ അത്താഴം കഴിച്ച് അവർ കിടക്കുന്നത്, ഇപ്പോൾ അമ്മ അടുത്തിരിക്കുന്നത് കൊണ്ട് ഒന്നും തുറന്ന് സംസാരിക്കാൻ കഴിയാതെ വീർപ്പ് മുട്ടിയത് കൊണ്ടാണ് ഗൗരി അമ്മയോടങ്ങനെ പറഞ്ഞത്
ഓഹ് എനിക്കുറക്കമൊന്നും വരുന്നില്ല നമുക്ക് കുറച്ച് നേരം സംസാരിച്ചിരിയ്ക്കാം
അത് കേട്ട് ഗൗരിയ്ക്ക് ദേഷ്യം വന്നെങ്കിലും മനസ്സിലടക്കി, ശാന്തസുന്ദരമായൊഴുകിയിരുന്ന തങ്ങളുടെ സ്വകാര്യതയിലേയ്ക്ക് മുന്നറിയിപ്പില്ലാതെ കടന്ന് വന്ന വെറുക്കപ്പെട്ട ഒരു അതിഥിയായിട്ടാണ് ദേവകിയെ അവൾ കണ്ടത്
എന്നാൽ ദിനേശേട്ടൻ ഫ്രഷായിട്ട് വാ, നല്ല വിശപ്പുണ്ടാവും ഞാൻ അത്താഴം വിളമ്പാം
അമ്മയിൽ നിന്നൊഴിവാകാൻ
അതേ മാർഗ്ഗമുള്ളു എന്ന് മനസ്സിലാക്കിയാണ് അവളങ്ങനെ പറഞ്ഞത്.
മോളും മരുമകനും അകത്തേയ്ക്ക് പോയപ്പോൾ തനിച്ചായിപ്പോയ ദേവകി പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്തത് കൊണ്ട് തനിക്കായി മകളൊരുക്കിയിരുന്ന കിടപ്പ് മുറിയിലേയ്ക്ക് പോയി
കിടന്ന ഉടനെ തന്നെ ഉറക്കത്തിലേയ്ക്ക് വീണ് പോയ ദേവകി രാത്രിയിലെപ്പോഴോ ഉണർന്നു
ദാഹം കൊണ്ട് തൊണ്ട വരണ്ട അവർ ,കുടിവെള്ളമെടുക്കാനായി അടുക്കളയിലേയ്ക്ക് പോകുമ്പോഴാണ് മകളുടെ മുറിയിൽ ലൈറ്റ് കിടക്കുന്നത് കണ്ടത് ,അകത്ത് ഉറക്കെയുള്ള സംസാരം കേട്ടപ്പോൾ അവർ ഉറങ്ങിയിട്ടില്ലെന്ന് മനസ്സിലായി.
അവ്യക്തമായ സംസാരത്തിൽ നിന്നും അവർ തന്നെ കുറിച്ചാണ് പറയുന്നതെന്ന് മനസ്സിലാക്കിയ ദേവകി ജിജ്ഞാസയോടെ അടഞ്ഞ് കിടന്ന വാതിലിനരികിൽ ചെവിയോർത്ത് അല്പനേരം നിന്നു
എൻ്റെ ദിനേശേട്ടാ,,, എനിക്ക് ഇഷ്ടമുണ്ടായിട്ടാണോ? സ്വന്തം അമ്മയായിപ്പോയില്ലേ? എങ്ങനെ ഇറങ്ങിപ്പോകാൻ പറയും ? ദിനേശേട്ടനറിയാമല്ലോ ? നിങ്ങളും കുഞ്ഞുങ്ങളും മാത്രമുള്ള ഈ വീടാണ് എൻ്റെ സ്വർഗ്ഗം ,നമ്മുടെ ഈ കുഞ്ഞ് ലോകത്തേയ്ക്ക് സ്വന്തം അമ്മ പോലും വരുന്നത് എനിക്കിഷ്ടമല്ല ,എങ്ങനെയെങ്കിലും ഒന്ന് അമ്മയെ ഇവിടെ നിന്ന് പറഞ്ഞ് വിടുന്നത് വരെ എനിയ്ക്ക് ഭയങ്കര ശ്വാസം മുട്ടലായിരിക്കും
താൻ നൊന്ത് പെറ്റ സ്വന്തം മകളുടെ മൂർച്ചയേറിയ വാക്കുകൾ ദേവകിയുടെ ഹൃദയം കീറി മുറിച്ചു
പിറ്റേന്ന് ഗൗരി ഉറക്കമെഴുന്നേല്ക്കുന്നതിന് മുമ്പ് ദേവകി സ്വന്തം വീട്ടിലേയ്ക്ക് യാത്രയായിരുന്നു
മകൾ എത്ര സ്വാർത്ഥമതിയാണ്, പക്ഷേ തൻ്റെ മരുമകളൊരിക്കലും തന്നോട് ഇങ്ങനെയൊന്നും കാണിച്ചിട്ടില്ല ,എന്ത് കാര്യത്തിനും അവൾ തന്നെയും കൂട്ടുമായിരുന്നു, അവര് സിനിമയ്ക്ക് പോകുമ്പോഴും ബീച്ചിൽ പോകുമ്പോഴും ,എന്തിന്? സ്വന്തം അനുജത്തിയുടെ വിവാഹത്തിന് ഒരാഴ്ച മുൻപേ അവളുടെ വീട്ടിലേയ്ക്ക് പോയപ്പോൾ പോലും തന്നെയും കൂട്ടിയാണ് പോയത്, ഇല്ലെങ്കിൽ അമ്മ തനിച്ചിരുന്ന് ബോറടിയ്ക്കുമത്രേ ,എന്നിട്ട് അവളുടെ ആ നല്ലമനസ്സ് കാണാതെ വെറുതെ കുറ്റം മാത്രം കണ്ട് പിടിച്ച് അതിലും നല്ല പരിഗണന തേടി സ്വന്തം മകളുടെ അടുത്തേയ്ക്ക് പോയ താനാണ് മണ്ടി,,
കെ എസ് ആർ ടി സി ബസ്സിൻ്റെ സൈഡ് സീറ്റിലിരിയ്ക്കുമ്പോൾ നിറഞ്ഞ് വന്ന കണ്ണുകൾ ആരും കാണാതെ അവർ തുടച്ചു.
ഇടവഴി താണ്ടി വീട്ട് മുറ്റത്തേയ്ക്ക് കയറുമ്പോൾ ഗീത അരപ്രൈസിലിരിപ്പുണ്ടായിരുന്നു
എനിക്കറിയാമായിരുന്നു ,അമ്മ അതിരാവിലെ ഇങ്ങെത്തുമെന്ന്
കാരണം ,എന്നോട് ദേഷ്യമാണെങ്കിലും ഏട്ടനെയും കുട്ടികളെയും കാണാതെ അമ്മയ്ക്ക് ഇരിപ്പുറയ്ക്കില്ലെന്ന് എനിക്കറിയില്ലേ?
മുറ്റത്തേക്കിറങ്ങി വന്ന് തന്നെ സ്നേഹത്തോടെ ചേർത്ത് പിടിച്ച് അകത്തേയ്ക്ക് കൂട്ടികൊണ്ട് പോകുമ്പോൾ ,മരുമകൾ പറഞ്ഞത് കേട്ട് ,ദേവകിയുടെ ഉള്ള് പിടഞ്ഞു
ഇല്ല മോളേ ,,, ഒറ്റ ദിവസം കൊണ്ട് ഞാൻ നിൻ്റെ വില മനസ്സിലാക്കിയത് കൊണ്ടാണ് തിരിച്ച് വന്നത്, ഇനി ഒരിക്കലും ഈ സ്വർഗ്ഗം വിട്ട് ഞാനെങ്ങും പോകില്ല
അവർ മനസ്സിൽ പറഞ്ഞു.