ചെകുത്താന്റെ പ്രണയം, തുടർക്കഥ ഭാഗം 5 വായിക്കൂ...

Valappottukal



രചന: ആതൂസ് മഹാദേവ

രജനി വന്നിട്ട് പോയതിന് ശേഷം എന്താ ചെയ്യേണ്ടത് എന്ന് ഒരു എത്തും പിടിയും ഇല്ലാതെ ഇരിക്കുവാണ് നിർമല. അവരെ സഹായിക്കണം എന്ന് ഉണ്ട് പക്ഷെ തന്റെ മകൾക്കായ് തന്റെ കൈയിൽ ഉള്ള അവസാന സമ്പാദ്യം ആണ് ഇത്. അതും കൂടെ കളഞ്ഞാൽ.

"നിമ്മി ചേച്ചി "

പുറത്ത് നിന്ന് ഒരു വിളി കേട്ട് നിർമല എഴുന്നേറ്റ് പുറത്തേയ്ക്ക് പോയി. തൊട്ടടുത്ത വീട്ടിലെ രാഗിണി ആയിരുന്നു.

"എന്താ രാഗി "

"ചേച്ചി ദേ ഈ ചുരിദാർ ഒന്ന് തയ്ക്കണം "

"അത്യാവശ്യം ഉള്ളത് ആണോ "

"അങ്ങനെ ഒന്നും ഇല്ല ചേച്ചിയുടെ തിരക്ക് ഒക്കെ കഴിഞ്ഞ് മതി "

അതും പറഞ്ഞ് അവർ കവർ നിർമലയുടെ കൈയിൽ കൊടുത്തു.

"ആമി കുട്ടി പോയോ "

"ആ പോയി "

"ആ സ്ത്രീ എന്തിനാ രാവിലെ വന്നത് "

രാഗി ആരെയാ ഉദ്ദേശിച്ചത് എന്ന് മനസിലായതും അവർ ഒന്ന് പതറി. അത് അവർ ശ്രെദ്ധിക്കുകയും ചെയ്തു.

"മോളുടെ കല്യാണം ഒക്കെ ആയി അത് പറയാൻ വന്നതാ "

അവർ തപ്പി തടഞ്ഞു കൊണ്ട് പറഞ്ഞു

"കല്യാണം പറയാൻ വന്നതോ അതോ കല്യാണത്തിന് വേണ്ടി എന്തെങ്കിലും തരണം എന്ന് പറയാൻ വന്നതോ "

അത് കേട്ട് നിർമലയുടെ മുഖം വാടിയത് അല്ലാതെ ഒന്നും പറഞ്ഞില്ല.

"ചേച്ചിയുടെ മുഖം എന്താ വല്ലാതെ ഇരിക്കുന്നേ, എന്താന്ന് വച്ചാൽ കാര്യം പറ "

നിർമല രജനി പറഞ്ഞ കാര്യങ്ങൾ എല്ലാം പറഞ്ഞു.

"ചേച്ചി ഇത്ര പാവം ആയി പോയല്ലോ, ഇന്ന് ഇവിടെ വന്ന് കാണിച്ചത് ഒക്കെ അഭിനയം ആയിരിക്കും ചേച്ചിയെ പറ്റിച്ച് കാശ് വാങ്ങി മോളെ നന്നായിട്ട് കെട്ടിച്ച് വിടാൻ "

"ഏയ് അങ്ങനെ തോന്നുന്നില്ല "

"മം അത്രയ്ക്ക് നന്നായി അഭിനയിച്ചിട്ടുണ്ടാകും "

രാഗി ഒരു പുച്ഛത്തോടെ പറഞ്ഞതും നിമ്മി തിരിച്ച് ഒന്നും പറഞ്ഞില്ല.

"അല്ല ചേച്ചി ഇപ്പൊ എന്ത് ചെയ്യാൻ പോകുവാ "

"എന്തെങ്കിലും ഒന്ന് ചെയ്യണം ഒരു പെൺകുട്ടിയുടെ കാര്യം അല്ലെ "

അത് കേട്ട് അവർ താടിക്ക് കൈ കൊടുത്ത് നിന്നു.

"ഞാൻ ഒരു കാര്യം പറയാം എന്ത് ചെയ്താലും ആമി മോളുടെ കാര്യം കൂടെ ഒന്ന് ഓർക്കണം ഞാൻ അത്രയേ പറയുന്നുള്ളു "

രാഗി പറയുന്നത് കേട്ട് നിർമല തലയാട്ടി.

"അവര് പറഞ്ഞത് പോലെ വീടും പ്രമാണവും പണയം വയ്ക്കാൻ തന്നെ ആണോ ചേച്ചിയുടെ തീരുമാനം "

"അല്ലാതെ വേറെ വഴി ഇല്ലല്ലോ "

അവർ സങ്കടത്തോടെ പറഞ്ഞു. അത് കേട്ട് രാഗി കുറച്ചു നേരം എന്തോ ആലോചിച്ചു നിന്നു ശേഷം പറഞ്ഞു.

"എന്നാ ബാങ്കിൽ ഒന്നും വയ്ക്കണ്ട എനിക്ക് പരിചയം ഉള്ള പണം പലിശയ്ക്ക് കിട്ടുന്ന ഒരു സ്ഥലം ഉണ്ട്. നമുക്ക് അത് ഒന്ന് നോക്കിയാലോ അത് ആകുമ്പോ കുറച്ച് സാവകാശം ഒക്കെ അവര് തരും ചേച്ചി എന്ത് പറയുന്നു "

"അത് എവിടെയാ "

"എന്റെ ചേട്ടന്റെ അനിയൻ വീട് വയ്ക്കാൻ അവിടുന്ന് ആണ് പണം വാങ്ങിയത്. ഇവിടുന്ന് കുറച്ച് ദൂരം ഉണ്ട്, ചേച്ചിയേ ഞാൻ കൊണ്ട് പോകാൻ. അവിടെ ആകുമ്പോ ബാങ്ക് പോലെ സമയത്ത് അടയ്ക്കാൻ പറ്റിയില്ല എങ്കിലും പേടി വേണ്ട "

രാഗി പറയുന്നത് കേട്ട് അവർ ഇത്തിരി നേരത്തെ ആലോചനയ്ക്ക് ശേഷം പറഞ്ഞു.

"എന്നാ അത് മതി രാഗി, നമുക്ക് നാളെ പോകാം. ഇന്ന് ഇനി ഇപ്പൊ മോൾ വരാൻ നേരം ആയി "

"എന്നാ ശെരി ചേച്ചി അങ്ങനെ ആയിക്കോട്ടെ "

അതും പറഞ്ഞ് അവർ തിരിഞ്ഞു നടന്നു.

"രാഗി "

നിർമല അവരെ പുറകെ നിന്ന് വിളിച്ചതും അവർ വിളി കേട്ട് തിരിഞ്ഞു നോക്കി.

"മോള് ഇത് അറിയണ്ട കേട്ടോ "

"ശെരി ചേച്ചി ഞാൻ പറയില്ല "

അതും പറഞ്ഞ് അവർ നടന്ന് പോയി. നിർമല ഒരു ദീർഘ നിശ്വസത്തോടെ അകത്തേയ്ക്ക് കയറി.

ഈവെനിംഗ് ക്ലാസ്സ്‌ കഴിഞ്ഞ് ആരവ് തന്നെ ആണ് അവരെ കോളേജിൽ നിന്ന് പിക് ചെയ്യാൻ വന്നത്. അതുകൊണ്ട് തന്നെ ആമി വേഗം വീട്ടിൽ എത്തി.

"അമ്മ "

അവൾ നിർമലയേ വിളിച്ചു കൊണ്ട് അകത്തേയ്ക്ക് കയറി.

"ആ നീ വന്നോ "

ആമി ചിരിച്ച് കൊണ്ട് അവരുടെ അടുത്തേയ്ക്ക് പോയി.

"എന്താണ് അമ്മയുടെ മോൾക്ക് ഇന്ന് വല്ലാത്ത സന്തോഷത്തിൽ ആണല്ലോ "

അത് കേട്ട് അവൾ കണ്ണ് ചിമ്മി കൊണ്ട് ഒന്നുമില്ല എന്ന് പറഞ്ഞു കൊണ്ട് മുകളിലേയ്ക്ക് കയറി പോയി.

റൂമിലേയ്ക്ക് എത്തിയ ആമി ഡ്രസ്സ്‌ പോലും മാറാതെ ബെഡിൽ കയറി കിടന്നു. കുറച്ച് മുന്നേ കാറിൽ വച്ച് നടന്ന കാര്യങ്ങൾ ഒക്കെ മനസിലേയ്ക്ക് തെളിയവേ അവളുടെ മുഖം നാണത്താൽ ചുവന്നു.


ആരവിനോടൊപ്പം കാറിൽ വീട്ടിലേയ്ക്ക് വരുവാണ് ആമിയും, നീതുവും. എന്നത്തേയും പോലെ ആമി ബാക്ക് സീറ്റിലും, നീതു ഫ്രിണ്ടിലും ആണ് ഇരിക്കുന്നത്.

"ഏട്ടാ ഏട്ടാ കാർ നിർത്ത് "

കുറച്ച് ദൂരം പിന്നീട്ടതും നീതു ആരവിനെ നോക്കി ഉച്ചത്തിൽ പറഞ്ഞു.

"എന്താടി "

കാർ സൈഡിലേക്ക് ഒതുക്കി കൊണ്ട് ആരവ് അവളോട്‌ ചോദിച്ചു.

"ദേ ഐസ് ക്രീം വാങ്ങി തായോ "

സൈഡിൽ ഒരു കൂൾ ബാർ കണ്ട് അവിടെയ്ക്ക് കൈ ചൂണ്ടി കൊണ്ട് പറയുവാണ് അവൾ.അത് കേട്ട് അവൻ അവളെ നോക്കി പല്ല് കടിച്ചു കൊണ്ട് ചോദിച്ചു.

"മനുഷ്യൻ പേടിച്ച് പോയല്ലോ അവളുടെ ഒരു കാറൽ. നീ എന്താ കുഞ്ഞ് വാവയാ ഐസ് ക്രീം കുടിക്കാൻ"

അത് കേട്ട് അവൾ ചുണ്ട് പിളർത്തി കൊണ്ട് അവനെ നോക്കി. അവൻ ഗൗരവത്തിൽ തന്നെ ഇരിക്കുവാണ്. ഇതൊക്കെ കണ്ട് പുറത്തേയ്ക്ക് വരുന്ന ചിരി ഒതുക്കി പിടിച്ച് ഇരിക്കുവാണ് ആമി.

"ദാ പോയ്‌ വാങ്ങി വാ "

ആരവ് തന്റെ പേഴ്സിൽ നിന്ന് കാശ് എടുത്ത് നീതുവിന്റെ നേരെ നീട്ടി കൊണ്ട് പറഞ്ഞതും അവൾ വേഗം അതും വാങ്ങി ഡോർ തുറന്ന് പുറത്തേയ്ക്ക് ഇറങ്ങി പോയി.


ആമി അവൾ പോയ വഴിയേ നോക്കി ഇരിക്കുവാണ്. ഇത്തിരി നേരത്തിന് ശേഷം നോട്ടം മാറ്റി മുന്നോട്ട് നോക്കിയ ആമി കണ്ടത് തല അൽപ്പം പുറകിലേയ്ക്ക് ചരിച്ച് തന്നെ നോക്കി ഇരിക്കുന്ന ആരവിനെ ആണ്. അത് കണ്ട് ഒരു പിടച്ചിലോടെ അവൾ മുഖം കുനിച്ച് ഇരുന്നു.

"ആമി "

അവന്റെ വിളിയിൽ മുഖം ഉയർത്തി നോക്കാതിരിക്കാൻ അവൾക്ക് കഴിഞ്ഞില്ല.

"എന്താ പെണ്ണെ ഒന്നും മിണ്ടാതെ "

അവൾ ചെറു ചിരിയോടെ ഒന്നും മിണ്ടാതെ മുഖം കുനിച്ച് തന്നെ ഇരുന്നു.

"ആമി എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് "

അത് കേട്ട് അവൾ സംശയത്തോടെ അവന്റെ മുഖത്തേയ്ക്ക് നോക്കി ചോദിച്ചു.

"എന്താ "

"വീട്ടുകാരേയും കൂട്ടി ഞാൻ വരട്ടെ തന്റെ വീട്ടിലേയ്ക്ക്. തന്നെ എനിക്ക് തരുവോ എന്ന് ചോദിക്കാൻ "

ആമി അവിശ്വസിനീയമായി അവനെ നോക്കി അത് കണ്ട് അവൻ ചിമ്മി കാട്ടി. ആമി നിറഞ്ഞ ചിരിയോടെ അവനെ നോക്കി.

അപ്പോഴേയ്ക്ക് നീതു വന്നിരുന്നു അവൾ വന്നതും ആമി പുറത്തേയ്ക്ക് നോക്കി ഇരുന്നു. വീട് എത്തുന്നവരെ അവന്റെ കണ്ണുകൾ മിറർ വഴി അവളിൽ തന്നെ ആയിരുന്നു. അത് അവളിൽ ഒത്തിരി ഒത്തിരി സന്തോഷം നിറച്ചു.





================================



ഒരു പുഞ്ചിരിയോടെ ആണ് അവൾ എല്ലാം ഓർത്തെടുത്തത്.

"വീട്ടുകാരേയും കൂട്ടി ഞാൻ വരട്ടെ തന്റെ വീട്ടിലേയ്ക്ക്. തന്നെ എനിക്ക് തരുവോ എന്ന് ചോദിക്കാൻ "

ആരവിന്റെ വാക്കുകൾ പിന്നെയും പിന്നെയും ഓർമയിൽ വന്നതും അവൾ മനസ്സ് നിറഞ്ഞു പുഞ്ചിരിച്ചു. തന്റെ പ്രണയം തനിക്ക് സ്വന്തമാകാൻ പോകുവാണ് എന്നാ ചിന്ത അവളെ ആനന്ദത്തിൽ ആഴ്ത്തി.

പിറ്റേന്ന് ആമി കോളേജിൽ പോയ്‌ കഴിഞ്ഞതും നിർമല രാഗിയേയും കൊണ്ട് അവർ പറഞ്ഞ സ്ഥലത്തേക്ക് ഇറങ്ങി. വീട്ടിൽ നിന്ന് കുറച്ച് അധികം ദൂരം ഉണ്ടായിരുന്നു അവിടെക്ക്.

ഒരു കൊട്ടാരം പോലുള്ള ഇരുനില വീടിന് മുന്നിൽ ആണ് അവർ പോയ്‌ നിന്നത്. വീട് കണ്ടാൽ തന്നെ അറിയാം അവിടെ താമസിക്കുന്നവർ എത്ര വലിയ ആളുകൾ ആണെന്ന്.

"വാ നമുക്ക് അകത്തേയ്ക്ക് പോകാം "

പുറത്ത് നിന്ന് കണ്ണുകൾ കൊണ്ട് ചുറ്റും nokki നിരീക്ഷിക്കുന്ന നിർമ്മലയുടെ രാഗിണി പറഞ്ഞു.

"മം "

ഒന്നും മൂളി കൊണ്ട് നിർമല അവരുടെ കൂടെ അകത്തേക്ക്  നടന്നു. വാതിലിൽ അടഞ്ഞു കിടക്കുന്ന കാരണം അവർ പോളിംഗ് ബെൽ അടിച്ച ശേഷം പുറത്തു വെയിറ്റ് ചെയ്തു നിന്നു. ഇത്തിരി നേരം കഴിഞ്ഞതും ഡോർ തുറന്ന് ഒരു സ്ത്രീ പുറത്തേയ്ക്ക് വന്നു.

"ആരാ "

പരിചയമില്ലാത്ത രണ്ടുപേർ നിൽക്കുന്നത് കണ്ടു അവർ മുന്നോട്ടു വന്നു ചോദിച്ചു.

"സാർ ഇല്ലെ "

രാഗി അകത്തേയ്ക്ക് നോക്കി കൊണ്ട് ആ സ്ത്രീയോട് ചോദിച്ചു.

"സാർ ഇല്ല വരാൻ നേരം ആകുന്നതേ ഉള്ളു, നിങ്ങൾ ആരാ "

"ഞങ്ങൾ സാറിനെ കാണാൻ വന്നതാ "

"ആണോ എന്നാൽ അകത്തേയ്ക്ക് വരൂ "

ആ സ്ത്രീ വിളിച്ചതും രാഗിണി നിർമ്മലയെ വിളിച്ചുകൊണ്ട് അകത്തേക്ക് കയറി.

"ഇരിക്ക് സാർ ഇപ്പൊ വരും "

അതും പറഞ്ഞ് അവർ അകത്തേയ്ക്ക് കയറി പോയി.





==================================



ടെക്സ്റ്റൈൽസിൽ നിന്ന് ആദം നേരെ വീട്ടിലേയ്ക്ക് തിരിച്ചു. കൂടെ അലോഷിയും ഉണ്ട്.

"നീ ഇന്ന് ഇനി കോളേജിലേയ്ക്ക് പോകുന്നില്ലേ "

അലോഷി അവനെ നോക്കി ചോദിച്ചു.

"നാളെ പോകാം "

ഡ്രൈവ് ചെയ്യുന്നതിനിടയിൽ അവൻ അലസമായി പറഞ്ഞു.

"ഡാ പിന്നെ ടെക്സ്റ്റൈൽസിൽ  ഉള്ളവർക്ക് ഈ മാസം സാലറി കൊടുത്തിട്ടില്ല "

"സമയം ആകുന്നത് അല്ലെ ഉള്ളു "

"ആ ഞാൻ നിന്നെ ഓർമിപ്പിച്ചതാ "

"മം "

അതിനവൻ ഒന്ന് മൂളുക മാത്രം ചെയ്തു.

കാർ വീട്ടിലെ പോർച്ചിലേയ്ക്ക് കയറ്റി നിർത്തിയ ശേഷം അവൻ വണ്ടി ഓഫ്‌ ചെയ്തു ഡോർ തുറന്ന് പുറത്തേയ്ക്ക് ഇറങ്ങി.കൂടെ അലോഷിയും.

"ഇനി കുറച്ച് നേരം റസ്റ്റ്‌ എടുക്കണം "

അതും പറഞ്ഞ് ഒന്ന് മൂരി നിവർന്ന് കൊണ്ട് അലോഷി അകത്തേയ്ക്ക് കയറി പോയി. കാർ ലോക്ക് ചെയ്ത് കൊണ്ട് പുറകെ ആദവും.

അകത്തേയ്ക്ക് ചെല്ലുമ്പോൾ ആണ് പരിചയമില്ലാത്ത രണ്ടുപേർ സോഫയിൽ ഇരിക്കുന്നത് അവർ കാണുന്നത്.അലോഷി സംശയത്തോടെ അവന്റെ മുഖത്തേയ്ക്ക് നോക്കി. അവനും അവരെ തന്നെ നോക്കി ഇരിക്കുവാണ്.

അകത്തേയ്ക്ക് വന്ന അവരെ കണ്ട് സോഫയിൽ ഇരുന്ന രണ്ട് പേരും വേഗം എഴുന്നേറ്റു. തുടരും...


നിങ്ങളുടെ സ്വന്തം രചനകൾ അത് ഷോർട്ട് സ്റ്റോറിയോ, തുടർക്കഥയോ എന്തും ആവട്ടെ വളപ്പൊട്ടുകൾ ഉൾപ്പെടെയുള്ള ഞങ്ങളുടെ ലക്ഷ കണക്കിന് വരുന്ന വായനക്കാരുടെ അരികിൽ എത്തിക്കുവാൻ ഇപ്പോൾ തന്നെ പേജിലേക് മെസേജ് അയക്കുക.
To Top