ശ്യാമാംബരം, ഭാഗം 2

Valappottukal




രചന: രേവതി ജയമോഹൻ

അവൾ പൂച്ചയെ പോലെ പതുങ്ങി പതുങ്ങി മുറിയിലേക്ക് കാൽ എടുത്ത് വച്ചതും രണ്ട് ബലിഷ്ഠമായ കൈകൾ പിന്നിൽ നിന്നും അവളുടെ വാ മൂടി പൊത്തി ...

പെട്ടെന്ന് ഭയം എന്ന വികാരം അവളുടെ സിരകളിൽ പടർന്നു കേറി ... മിഴികൾ നിറഞ്ഞു .. ഒന്ന് ഉറക്കെ കരയാൻ പോലും ആകാതെ അവൾ പിടഞ്ഞു ... നെറ്റി തടങ്ങളിൽ വിയർപ്പ് പൊടിഞ്ഞു . . ഒരു നിമിഷം ചിന്തിച്ച ശേഷം അവൾ സർവ്വ ശക്തിയും എടുത്ത് കുതറി ....

കൈകൾ അയഞ്ഞതും അവൾ അയാളെ തള്ളി മാറ്റി നോക്കി . . 

"ഇന്ദ്രേട്ടൻ ..."

ആൾ ആരാണെന്നു കണ്ടതും അവളുടെ ചുണ്ടുകൾ മന്ത്രിച്ചു ...

ഇന്ദ്രൻ... ഇളയുടെ ഏട്ടൻ ...  ശ്രീശൈലത്തിലെ ദേവനാരായണന്റെയും ഇന്ദ്രയുടെയും മക്കൾ ആണ് ഇന്ദ്രനും ഇളയും... കുട്ടിക്കളി മാറാത്ത ഇരുപത്ക്കാരിയാണ് ഇള എങ്കിൽ അതിന് തീർത്തും വിപരീത സ്വഭാവം ആണ് ഇരുപത്തിയാറ് വയസ്സുക്കാരൻ ഇന്ദ്രന്...

ഇള എല്ലാവരോടും ഒരുപോലെ ആണ് പെരുമാറുക പക്ഷേ ഇന്ദ്രൻ അങ്ങനെ അല്ല.. ഇളയോട് മാത്രം അയാൾക്ക് ഒരു പ്രേത്യേക വാത്സല്യം ആണ് എന്നാൽ മറ്റുള്ളവരോട് വല്ലാത്ത പക്വത കലർന്ന പെരുമാറ്റവും...

"ഹോ ഏട്ടൻ ആയിരുന്നോ.. ഞാൻ വല്ലാതെ പേടിച്ച് പോയി..."

പെണ്ണ് കിതച്ചു കൊണ്ട് പറഞ്ഞു...

"നീ ഈ മഴയത്ത് എവിടെ പോയതാ..?"

ഇന്ദ്രൻ തോർത്ത്‌ എടുത്ത് അവളുടെ തല തോർത്തി കൊടുത്ത് കൊണ്ട് ചോദിച്ചു..

"ഞാൻ അമ്പലത്തിൽ പോയതാ ഏട്ടാ... അല്ല ഏട്ടൻ എപ്പോ എത്തി.. വരുന്ന കാര്യം ഒന്നും പറഞ്ഞില്ലല്ലോ...?"

ഇന്ദ്രൻ ബാംഗ്ലൂരിലെ ഒരു ഐ ടി കമ്പനി യിൽ ആണ് ജോലി ചെയ്യുന്നത്... അയാൾക്ക് തന്റെ നാടും വീടും ഉപേക്ഷിച്ചു മറ്റൊരു പട്ടണത്തിൽ ചേക്കേറാൻ കൊതി ഉണ്ടായിട്ട് ആയിരുന്നില്ല ഈ പറിച്ചു നടൽ, മറിച് ഉള്ളിൽ പൂത്ത പ്രണയത്തെ സ്വന്തം ആക്കാൻ ആയിരുന്നു....

"പറഞ്ഞിട്ട് വന്നാൽ എന്താ ഒരു രസം അതാ ഇങ്ങനെ..."

അയാൾ ചിരിച്ചു കൊണ്ട് മറുപടി കൊടുത്തു..

"ഈ പെണ്ണ് എന്താ ഇങ്ങനെ നനഞ്ഞു കുതിർന്നു നിൽക്കുന്നേ...??? വല്ല ജലദോഷവും വരുത്താതെ പോയി ഡ്രസ്സ്‌ മാറ്റ് പെണ്ണേ..."

അമ്മയുടെ ഉറക്കെ ഉള്ള ശകാരം കേട്ടതും ഇള വേഗം മുറിയിലേക്ക് ഓടി... ഇനിയും നിന്നാൽ വല്യ പെണ്ണാ എന്ന് പോലും ഓർക്കാതെ നല്ല അടി കിട്ടും എന്ന് അവൾക്ക് നന്നായി അറിയാം...

"അമ്മയുടെ ശബ്ദം കേട്ടതും അവൾ മുങ്ങി .."
ഇന്ദ്രൻ ഒരു ചിരിയോടെ പറഞ്ഞു...

"ഹും കെട്ടിക്കാറായി എന്നിട്ടും പെണ്ണിന്റെ കുട്ടിക്കളി മാറിയിട്ടില്ല അത് എങ്ങനെ കൊഞ്ചിച്ചു വഷളാക്കാൻ പുന്നാര ഏട്ടൻ ഉണ്ടല്ലോ .."

ഇന്ദ്രയുടെ വാക്കുകൾ കേട്ടപ്പോൾ അവന് ചിരിയാണ് വന്നത് ..

''നീ ചിരിക്കണ്ട ഞാൻ കാര്യം ആണ് പറഞ്ഞത്... നീ ഒരാളാണ് അവളുടെ കുരുത്തക്കേടുകൾക്ക് എല്ലാം വളം വച്ച് കൊടുക്കുന്നത് ... "

"എന്റെ അമ്മ കുട്ടി ഇങ്ങനെ പരിഭവിക്കാതെ, അവൾക്ക് ഞാൻ അല്ലാതെ വേറെ ആരാ ഉള്ളത് ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കാൻ..."

അത് കേട്ടപ്പോൾ ഇന്ദ്ര ക്കും വല്ലാത്തൊരു സന്തോഷം തോന്നി .... മക്കൾ പരസ്പരം സ്നേഹിച്ചു ജീവിക്കുന്നതിന് അപ്പുറം ഒരു അമ്മക്ക് എന്താ വേണ്ടത് ...

മുറിയിൽ എത്തി നനഞ്ഞ വസ്ത്രങ്ങൾ മാറ്റുമ്പോഴും മുടി തോർത്തുമ്പോഴും എല്ലാം അവളുടെ ഉള്ളിൽ ഹരൻ പറഞ്ഞ കാര്യം ആയിരുന്നു... എങ്ങനെ ഇത് അച്ഛന്റെയും അമ്മയുടെയും മുൻപിൽ അവതരിപ്പിക്കും എന്നോർത്ത് അവൾ വല്ലാതെ കുഴഞ്ഞു...

കണ്ണാടിക്ക് മുൻപിൽ നിന്ന് അച്ഛനോട് എങ്ങനെ ഇത് അവതരിപ്പിക്കും എന്നൊക്കെ പ്രാക്ടീസ് ചെയ്തെങ്കിലും അവൾക്ക് യാതൊരു സമാധാനവും കിട്ടില്ല ..

അച്ഛൻ ഇത് അറിഞ്ഞാൽ ചിലപ്പോൾ അതോടെ എല്ലാം അവസാനിക്കും എന്ന് ആ പെണ്ണ് വല്ലാതെ ഭയന്നു...

ഒരു മാത്ര ഈ കാര്യം ഏട്ടനോട് പറഞ്ഞാലോ എന്ന് ഓർത്തെങ്കിലും അവൾക്ക് എന്തോ അതിനും വല്ലാത്ത മടി തോന്നി ....

എല്ലാവരുടെയും സമ്മതം വാങ്ങി ചെല്ലുമ്പോൾ ഹരൻ തന്നെ വേണ്ടാ എന്ന് പറയുമോ എന്ന ഭയം അവളെ ശ്വാസമുട്ടിച്ചു...

പതിവില്ലാതെ ഉള്ള ഇളയുടെ പരവേശവും പരിഭ്രമവും കണ്ട് ഇന്ദ്ര കാര്യം തിരക്കി എങ്കിലും ഒന്നുമില്ല എന്ന മറുപടിയിൽ അവൾ ഉത്തരം ഒതുക്കി...

പതിവ് കുസൃതികളുമായി ഇളയെ കാണാതെ ആയപ്പോൾ ഇന്ദ്രൻ അവളെ തിരക്കി മുറിയിലേക്ക് ചെന്നു .... അവിടെ കാണാതെ ആയപ്പോൾ ആണ് ബാൽക്കണിയിൽ നോക്കിയത്.. ഏതോ ഒരു പുസ്തകം തുറന്ന് വച്ച് പുറത്തേക്ക് മിഴി പായ്ച്ചു ഇരിക്കുക ആണ് പെണ്ണ്...

"ഹലോ ബുക്കും തുറന്ന് വച്ച് നീ സ്വപ്നം കാണുവാണോ??"

ഇന്ദ്രന്റെ ശബ്ദം കേട്ടതും അവൾ ചിന്തകളിൽ നിന്നും ഉണർന്ന് അവനെ നോക്കി വെറുതെ ഒന്ന് പുഞ്ചിരിച്ചു ..

"എന്ത് പറ്റി മോളെ... മുഖം വല്ലാതെ ഇരിക്കുന്നല്ലോ വയ്യേ എന്റെ കുട്ടിക്ക്...?"

ഇന്ദ്രൻ വാത്സല്യത്തോടെ അവളുടെ നെറ്റിയിൽ തലോടി ..

"ഹേയ് എനിക്ക് ഒന്നുമില്ല, ഞാൻ വെറുതെ ഇങ്ങനെ ചെടികൾ നോക്കി ഇരുന്നതാ .... ഏട്ടന്റെ ദേവൂന്റെ കാര്യം എന്തായി? ഉടനെ എങ്ങാനും എനിക്ക് നാത്തൂൻ പോര് എടുക്കാൻ പറ്റോ   ....?"..

അവൾ വിഷയം മാറ്റാനായി വെറുതെ ചോദിച്ചു... ഇന്ദ്രന് ഒപ്പം ജോലി ചെയുന്ന കുട്ടി ആണ് ദേവു എന്ന ദേവിക... ആദ്യ കാഴ്ചയിൽ തന്നെ ദേവൂന്റെ കുസൃതി നിറഞ്ഞ ചിരി ഇന്ദ്രനെ വല്ലാതെ സ്വാധിനിച്ചു... പിന്നെ അവളുടെ പോസിറ്റീവ് ആയിട്ടുള്ള രീതികളും കൂടി ആയപ്പോൾ ഇന്ദ്രനിൽ അവൾ പ്രണയമായി പൂത്തു ....

"ഉം ഞാൻ ആളോട് കാര്യം തുറന്ന് പറഞ്ഞു, പക്ഷേ വീട്ടിൽ വന്ന് സംസാരിക്കാനാ പറഞ്ഞേ... അച്ഛനും അമ്മയും സമ്മതിച്ചാൽ അവൾക്കും സമ്മതം ആണ് അത്രേ...."

അത് പറയുമ്പോൾ ഏട്ടന്റെ മുഖത്ത് കുറച്ച് മുൻപ് കണ്ട സന്തോഷം ഇല്ല എന്ന് അവൾക്ക് തോന്നി..

"അത് നല്ല കാര്യം അല്ലേ...? അതിന് ഏട്ടന്റെ മുഖം വാടിയത് എന്തിനാ?"

ഇള ഇന്ദ്രന്റെ മുഖത്തേക്ക് തന്നെ നോക്കി കൊണ്ട് ചോദിച്ചു...

"അവൾക്ക് എന്നെ ഇഷ്ടം ആണോ അല്ലയോ എന്ന് അറിയാതെ എങ്ങനെ ഞാൻ വീട്ടുകാരെ കൂട്ടി ചെല്ലും...."

ഏട്ടൻ പറഞ്ഞത് കേട്ടപ്പോൾ ഇള ഉറക്കെ പൊട്ടി ചിരിച്ചു....

"എന്റെ മണ്ടുസേ, ദേവു ചേച്ചിക്ക് ഏട്ടനെ ഇഷ്ടം ആയോണ്ടാ അങ്ങനെ പറഞ്ഞേ..."

അത് കേട്ടതും ഇന്ദ്രന്റെ മുഖം വിടർന്നു....

"ആണോ...?"

അവൻ സംശയത്തോടെ ചോദിച്ചു....

"അതെന്നെ... ഇല്ലേൽ ആരേലും പെണ്ണ് ചോദിച്ചു വരാൻ പറയോ...?".

അത് കേട്ടതും ഇന്ദ്രൻ ഇളയെ കെട്ടിപിടിച്ചു നെറ്റിയിൽ ഒരു മുത്തം നൽകി... അത് കുഞ്ഞിലെ മുതൽ ഉള്ള പതിവ് ആണ്, എപ്പോൾ സന്തോഷം തോന്നിയാലും ഇന്ദ്രൻ പ്രകടിപ്പിക്കുന്നത് ഇങ്ങനെ ആണ്...

ഇന്ദ്രന്റെ കാര്യം ശരിയാക്കിയപ്പോൾ ആണ് ഇളയുടെ ഉള്ളിൽ അത് വരെ ഉണ്ടായിരുന്ന സംശയം ഇല്ലാതെ ആയത് ...

അതെ ഹരനും തന്നെ പ്രണയിക്കുന്നു... അത്കൊണ്ട് ആവുമല്ലോ അവനും തന്നോട് വീട്ടിൽ പറയാൻ പറഞ്ഞത് എന്ന് ഓർത്തപ്പോൾ ആ പെണ്ണിന് സന്തോഷം കൊണ്ട് തുള്ളിചാടാൻ തോന്നി....

അപ്പോഴേക്കും അമ്മ രണ്ട് പേരെയും അത്താഴം കഴിക്കാനായി ക്ഷണിച്ചു... അത്താഴം കഴിക്കുമ്പോൾ അച്ഛനോട് ഹരന്റെ കാര്യം പറയണം എന്ന് അവൾ ഉറപ്പിച്ചെങ്കിലും അവളുടെ ഉള്ളിൽ വല്ലാത്തൊരു ഭയം നിറഞ്ഞിരുന്നു....

ദേവനാരായണനോട് എന്തെങ്കിലും ഭയം കൂടാതെ പറയുന്ന ഒരാൾ ഇള മാത്രം ആയിരുന്നു ഇപ്പോൾ അവളിലും ഭയം പടർന്നു പിടിച്ചിരിക്കുന്നു.... അത്താഴം കഴിക്കാൻ തുടങ്ങിയതും അവൾ അത് പറയാൻ തന്നെ തീരുമാനിച്ചു.... അത്താഴ സമയം ആകുമ്പോൾ ശകാരത്തിൽ ഒതുക്കും എന്നൊരു വിശ്വാസം പെണ്ണിന്റെ ഉള്ളിൽ ഉണ്ട്...

"അച്ഛാ, എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്...'

ഇള അത് പറഞ്ഞതും ദേവനാരായണൻ കാര്യം അറിയാനായി അവളെ ഒന്ന് നോക്കി...

"എനിക്ക്.... എനിക്ക് ഒരാളെ ഇഷ്ടം ആണ് അച്ഛാ...."

വിറയാർന്ന സ്വരത്തിൽ പെണ്ണ് പറഞ്ഞു....
To Top