ഇതെല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണ് ഞാൻ തന്നെ എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നത്...

Valappottukal


രചന: Arunthettaly

പ്രണയം....

അന്ന് കോളേജിലെ അവസാന ദിവസമായിരുന്നു അർജുൻ  പതിവിലും നേരത്തെ ഉണർന്ന് കോളേജിലേക്ക് പോകാനായി തിടുക്കം കൂട്ടി.

ഇങ്ങനെ അവൻ തിടുക്കം കൂട്ടുന്നതിന് ഒരു പ്രത്യേക കാരണം കൂടിയുണ്ട് കഴിഞ്ഞ രണ്ടര വർഷമായി അർജുൻ ആമി എന്ന പെൺകുട്ടിയുടെ പിന്നാലെ ആണ് എന്നാൽ നാളിതുവരെയായി അവൾ ഒരു അനുകൂല മറുപടി അവന് കൊടുത്തിരുന്നില്ല. അവൻ പതിവിലും നേരത്തെ കോളേജിൽ എത്തി. ആമി എന്നും കോളേജ് ബസ്സിൽ ആണ് വരുന്നത്.അർജുൻ നേരത്തെ തന്നെ ചെന്ന് കോളേജ് ബസ്സ് എന്നും കൊണ്ടുവന്ന് നിർത്താറുള്ള ആൽത്തറയുടെ അരികിലായി സ്ഥാനമുറപ്പിച്ചു.

ഇന്നു കൂടിയേ ആമിയെ കാണുവാൻ കഴിയൂ എന്ന് അവനറിയാമായിരുന്നു. കാരണം നാളിതുവരെയായി  അവന് ഒരു അനുകൂല മറുപടി അവൾ കൊടുത്തിരുന്നില്ല. അവസാനത്തെ ശ്രമം എന്നോണം അവളെ കണ്ട് ഒന്നു കൂടി സംസാരിക്കാൻ ഉറപ്പിച്ച് ആയിരുന്നു അർജുൻ വന്നത്. ബസ്സ് കൃത്യസമയത്തുതന്നെ കോളേജിൽ എത്തി. ആമി അതിൽനിന്നും ഇറങ്ങിവരുന്നത് അവൻ നോക്കി നിന്നു. അവൻ ആമയുടെ പിന്നാലെ തന്നെ കൂടി

അർജുൻ : " ആമീ പ്ലീസ് ഒന്നു നിൽക്കുമോ? "
 ആമി        :" എന്താ അർജുൻ എന്താ കാര്യം? "
 അർജുൻ :" എനിക്കൊരു കാര്യം പറയാനുണ്ട് "
 ആമീ         :" തനിക്കു പറയാനുള്ള കാര്യം ഞാൻ പലതവണ
കേട്ടതാണ്. അതിനുള്ള മറുപടിയും ഞാൻ തന്നു കഴിഞ്ഞു. ഇനിയെന്താണ് അർജുന് വേണ്ടത്? "

 അർജുൻ: " എനിക്കറിയണം എന്തുകൊണ്ടാണ് ഇത്രയും നാൾ പുറകെ നടന്നിട്ടും എന്നെ ഇങ്ങനെ അവോയ്ഡ് ചെയ്യുന്നത് എന്ന്
ആമി   :" നോക്കൂ അർജുൻ ഇപ്പോൾ എനിക്ക് തീരെ സമയമില്ല ക്ലാസ്സ് തുടങ്ങാറായി അർജുന് എന്തെങ്കിലും പറയുവാൻ ഉണ്ടെങ്കിൽ ലാസ്റ്റ് അവർ എനിക്ക് ഫ്രീ ആണ് ഞാൻ ക്യാന്റീനിൽ കാണും
                     ഇത്രയും പറഞ്ഞു അവൾ നടന്നു. അർജുൻ ആമി പോകുന്നതും നോക്കി നിന്നു. പിന്നീട് അവന് വൈകുന്നേരം ആകാൻ വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു. ഓരോ മണിക്കൂറും ഓരോ യുഗം പോലെ തോന്നിക്കുന്ന കാത്തിരിപ്പ്. ഒടുവിൽ ആ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് അവസാനത്തെ അവറിന്റെ ബെൽ മുഴങ്ങി. അതുകേട്ടതും അർജുൻ കാന്റീൻ ഇലേക്ക് ഓടി. അവനു തൊട്ടുപിന്നാലെ തന്നെ ആമിയും കാന്റീൻ ഇൽ എത്തി. അർജുൻ ആമിക്ക് അഭിമുഖമായി സ്ഥാനമുറപ്പിച്ചു. രണ്ടുപേരും കുറച്ചു നേരം ഒന്നും മിണ്ടാതെ മുഖത്തോട് മുഖം നോക്കി ഇരുന്നു. ഒടുവിൽ മൗനം ഭേദിച്ചുകൊണ്ട് അർജുൻ സംസാരം തുടങ്ങി

അർജുൻ :" ആമീ... "
ആമി :" പറയൂ അർജുൻ എന്താണ് തന്റെ പ്രശ്നം "
അർജുൻ : ആമീ ഞാൻ രാവിലെ പറഞ്ഞതാണ് എന്തിനാണ് താൻ എന്നെ പൂർണമായും അവോയ്ഡ് ചെയ്യുന്നത്
ആമി :" അർജുൻ താൻ എന്ത് കണ്ടിട്ടാണ് എന്റെ പിന്നാലെ നടക്കുന്നത് എന്ന് എനിക്കറിയില്ല. എന്നെക്കുറിച്ച് തനിക്ക് എന്തെങ്കിലും അറിയുമോ എന്റെ ഫാമിലി ബാഗ്രൗണ്ട്, എന്റെ സ്വഭാവം എന്തെങ്കിലും? "
 അർജുൻ :" അതൊന്നും എനിക്കൊരു പ്രശ്നമല്ല താൻ എന്റെ കൂടെ ഉണ്ടായാൽ മാത്രം മതി "
ആമി :" അതൊക്കെ ഒരു പ്രശ്നം തന്നെയാണ് അർജുൻ. താൻ അറിയണം എല്ലാം. എന്നാലേ ഞാൻ എന്താണെന്ന് തനിക്ക് മനസ്സിലാകു
അർജുൻ :" ആമി പറയൂ ഞാൻ കേൾക്കാം"
 ആമി :" എടോ എന്റെ കുടുംബവും തന്റെ കുടുംബവും തമ്മിൽ ഒരുപാട് അന്തരമുണ്ട് തനിക്കൊരിക്കലും എന്റെ കുടുംബവുമായി ചേർന്നു പോകുവാൻ കഴിയില്ല ഞാനും എന്റെ കുടുംബവും തനിക്ക് ഒരു ബാധ്യതയാവും ''
 അർജുൻ :" ആമി അങ്ങനെയൊന്നും ചിന്തിക്കരുത് താൻ ഒരിക്കലും എനിക്ക് ഒരു ബാധ്യത ആവില്ല "
ആമി :" എടോ എന്റെ അച്ഛൻ ഒരു കൂലിപ്പണിക്കാരൻ ആയിരുന്നു 3 വർഷം മുമ്പ് ഒരു കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് നട്ടെല്ലിന് പരിക്കേറ്റ അച്ഛന് ഇപ്പോൾ ജോലി ഒന്നും ചെയ്യാനാവാതെ കിടപ്പാണ്. അമ്മ തയ്യൽ ചക്രം ചവിട്ടി ഉണ്ടാക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ഞങ്ങൾ ജീവിച്ചു പോകുന്നത്. അച്ഛന്റെ ചികിത്സയ്ക്കായുള്ള ചിലവിനു വേണ്ടി തന്നെ ഒരുപാട് തുക ചിലവായി.

സ്വന്തമായി ഉണ്ടായിരുന്നു വീടും സ്ഥലവും എല്ലാം ആ വഴിക്ക് പോയി. അച്ഛനും അമ്മയ്ക്കും ഞാൻ മാത്രമാണ് ഏക പ്രതീക്ഷ. അർജുൻ ഇനി പറയൂ ഇത്രയും അധപ്പതിച്ചു നിൽക്കുന്ന എന്നെ തന്നെ വേണോ തനിക്ക് പ്രേമിക്കാൻ "
 ഇതു പറഞ്ഞിരിക്കെ ആമിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ക്യാൻഡിനിലെ ടേബിളിന് മുകളിൽ വച്ചിരുന്ന ആമയുടെ ഇടതുകൈയിൽ അർജുൻ തന്റെ വലതുകൈകൊണ്ട് മുറുകെ പിടിച്ചു
 അർജുൻ :" താൻ എന്താ കരുതിയത് മറ്റു പലരെയും പോലെ ഞാൻ ഒരു നേരമ്പോക്കിന് തന്റെ പിന്നാലെ നടന്നതല്ല തന്നെക്കുറിച്ച് എല്ലാ കാര്യങ്ങളും ഞാൻ ഇതിനു മുന്നേ തന്നെ അറിഞ്ഞിരുന്നു തന്നെ വിഷമിപ്പിക്കേണ്ട എന്ന് കരുതി പറഞ്ഞില്ല എന്നെയുള്ളു. ഇതെല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണ് ഞാൻ തന്നെ എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നത്. തനിക്ക് എന്നെ വിശ്വസിക്കാം ഒരിക്കലും താൻ എനിക്ക് ഒരു ഭാരം ആവില്ല. എന്തിനും ഞാനുണ്ടാകും തന്റെ കൂടെ"
 ഇങ്ങനെ പറഞ്ഞ് അർജുൻ ആമിയുടെ ഇടതുകൈ തന്റെ രണ്ട് കൈകളിലും ആക്കി മുന്നോട്ടു വലിച്ച് അവളുടെ കയ്യിൽ ഒരു ചുംബനം കൊടുത്തു. അർജുന്റെ അപ്രതീക്ഷിതമായ ഈ സംസാരത്തിലും പ്രവർത്തിയിലും ഞെട്ടിത്തരിചിരിക്കാനേ ആമിക്ക് കഴിഞ്ഞുള്ളൂ. അർജുന്റെ ഈ വാക്കുകൾ കേട്ട് ആമയുടെ മുഖത്ത് ഉണ്ടായിരുന്ന സങ്കടം പെട്ടെന്ന് മാറുകയും അവിടെ ഒരു ചെറുപുഞ്ചിരി പ്രത്യക്ഷപ്പെടുകയും ചെയ്തു
ആമി:" അർജുൻ ഈ പറഞ്ഞതൊക്കെ എനിക്ക് വിശ്വസിക്കാമോ എല്ലാം അറിഞ്ഞിട്ടാണോ താൻ... "
അർജുൻ :" അതെ ആമീ എന്നെ തനിക്ക് പൂർണമായും വിശ്വസിക്കാം എല്ലാം അറിഞ്ഞിട്ടു തന്നെയാണ് ഞാൻ തന്നെ ഇഷ്ടപ്പെട്ടത്. ഈ കൈ ഞാനൊരിക്കലും വിടില്ല"

     ഇങ്ങനെ പറഞ്ഞ അർജുൻ ആമിയുടെ കൈ ഒന്നുകൂടെ മുറുകെ പിടിച്ചു. ഇത്രയും കേട്ട് ആമിയുടെ മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞു. കുറച്ചു മുന്നേ സങ്കടംകൊണ്ട് നിറഞ്ഞ അവളുടെ കണ്ണുകളിൽ എപ്പോൾ സന്തോഷത്തിന്റെ കണ്ണുനീരൊഴുക്കി. അവൾ ആനന്ദാശ്രുക്കളോടെ അർജുന്റെ കയ്യിൽ  മുത്തമിട്ടു. രണ്ടുപേരും കൈകൾ കോർത്തു പിടിച്ച് കോളേജ് വരാന്തയിലൂടെ നടന്നു. ആൽത്തറയുടെ അരികിലായി ആമിക്ക് പോകാനുള്ള കോളേജ് ബസ് നിർത്തിയിട്ടുണ്ടായിരുന്നു. കോളേജ് ബസ് പോകുന്നതുവരെ അർജുനും ആമിയും ആൽത്തറയിലിരുന്ന് സംസാരിച്ചു. അർജുൻ കൂട്ടുകാരൻ വിഷ്ണുവിന്റെ ബൈക്കിലാണ് സാധാരണ വീട്ടിലേക്ക് പോകാറ്. ആമിയെ ബസ് കയറ്റി വിട്ടശേഷം അർജുൻ വിഷ്ണുവിനെ വെയിറ്റ് ചെയ്തു. ആമിയുടെ ബസ് കോളേജ് ഗേറ്റ് കടന്നു പോയതിനു പിന്നാലെ വിഷ്ണു ബൈക്കുമായി വന്നു. അർജുന്റെ മുഖത്തെ പതിവില്ലാത്ത സന്തോഷം കണ്ട വിഷ്ണു കാര്യം തിരക്കി
വിഷ്ണു : "എന്താടാ മുഖത്തിന് ഒരു തെളിച്ചം.?"
അർജുൻ :"എടാ ഞാൻ ഇന്ന് അവളോട് സംസാരിച്ചു"
വിഷ്ണു :"നിനക്ക് വേറെ പണി ഒന്നുമില്ലേ.. ആണുങ്ങളുടെ വില കളയാൻ. കുറേ നാളായല്ലോ പുറകെ നടക്കുന്നു അവൾ തിരിഞ്ഞു നോക്കുന്നു പോലുമില്ല. കഷ്ട്ടം"
അർജുൻ :"ഇന്നു തിരിഞ്ഞുനോക്കിയെടാ... നോക്കിയത് മാത്രമല്ല അവൾക്ക് എന്നെ ഇഷ്ട്ടമാണ്"
    വിഷ്ണു ഒന്ന് തല കുടഞ്ഞിട്ട് അർജുനെ അത്ഭുതത്തോടെ നോക്കി
വിഷ്ണു :"മോനേ എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ലല്ലോ.!!!!. എന്തായാലും പൊളിച്ചു.
ചിലവ് വേണം. "
അർജുൻ :"പിന്നെന്താ അതൊക്ക തരാം നീ വണ്ടി എടുക്ക് ഇപ്പൊ പോയാൽ അവളുടെ ബസ്സിന്‌ പിന്നാലെ എത്താം "
വിഷ്ണു :"മ്മ് ok ok വാ കേറ്
 അർജുൻ വളരെ ഉത്സാഹത്തോടെ വിഷ്ണുവിന്റെ ബൈക്കിനു പിന്നിൽ ചാടിക്കയറി. വിഷ്ണു ബൈക്ക് വേഗത്തിൽ വിട്ടു. കുറച്ചു ദൂരെയായി അവർ ആമി സഞ്ചരിച്ചിരുന്ന ബസ് കണ്ടു. അർജുനും വിഷ്ണുവും സഞ്ചരിച്ചുകൊണ്ടിരുന്ന ബൈക്ക് ബസ്സിന് തൊട്ടുപിന്നിൽ എത്തിയപ്പോൾ ബസ് പെട്ടെന്ന് ഇടത്തോട്ട് വെട്ടിച്ച് റോഡിന് ഇടതുവശത്ത് ഉണ്ടായിരുന്ന പാടത്തേക്ക് മറിഞ്ഞു. നിയന്ത്രണംവിട്ട് ബസിന് നേരെ വന്ന ഓട്ടോയിൽ ഇടിക്കാതിരിക്കാൻ ഡ്രൈവർ വണ്ടി വെട്ടിച്ചു മാറ്റിയപ്പോൾ ആണ് അപകടം ഉണ്ടായത്. തൊട്ടുപിന്നാലെ ഉണ്ടായിരുന്ന വിഷ്ണുവിന്റെ ബൈക്കിനെ അല്പം വേഗത കൂടുതലായതിനാൽ വിഷ്ണുവിന് ഒന്നും ചെയ്യാനുള്ള സമയം ലഭിച്ചിരുന്നില്ല.

ബസ് മറിഞ്ഞതും എതിരെ വന്ന ഓട്ടോയിൽ വിഷ്ണുവിന്റെ ബൈക്കിടിച്ചു. ബൈക്കിൽ നിന്ന് തെറിച്ചുവീണ അർജുന്റെ തല അടിച്ചു കൊണ്ടതിനാൽ അർജുന്റെ ബോധം നഷ്ടപ്പെട്ടിരുന്നു. പിന്നീട് അർജുന് ബോധം തെളിയുന്നത് ആശുപത്രിക്കിടക്കയിൽ വച്ചാണ്. അർജുന്റെ തൊട്ടടുത്ത ബെഡിൽ തന്നെ വിഷ്ണുവും കിടപ്പുണ്ടായിരുന്നു. അർജുന്റെ തലയിൽ കെട്ടുണ്ട് തോളെല്ലിന് ഒടിവും. അർജുൻ നോക്കുമ്പോൾ വിഷ്ണുവിന്റെ കാലിൽ പ്ലാസ്റ്ററിട്ട് മേലോട്ട് കെട്ടിവച്ചിരിക്കുന്നു അതിൽനിന്നും വിഷ്ണുവിന്റെ കാൽ ഒടിഞ്ഞിരിക്കുന്നു എന്ന അർജുന് മനസ്സിലായി.

 പിന്നീട് അവൻ തിരക്കിയത് ആമിയെയാണ്. എന്നാൽ അർജുന് ആമിയെ കുറിച്ച് ഒരു വിവരവും കണ്ടെത്താനായില്ല. അവൻ അവളുടെ കാര്യം ഓർത്ത് വല്ലാതെ സങ്കടപ്പെട്ടു. ആമിയുടെ നമ്പറിൽ അർജുൻ പലതവണ വിളിച്ചു. ആദ്യമൊക്കെ റിങ് ചെയ്തിരുന്നുവെങ്കിലും പിന്നീട് ആ നമ്പർ സ്വിച്ച് ഓഫ് ആയി. അർജുന് ആറു മാസം വിശ്രമം ഡോക്ടർ പറഞ്ഞു. ഇതിനിടെ അർജുൻ ആമിയെക്കുറിച്ച് പല അന്വേഷണങ്ങളും നടത്തിയെങ്കിലും അതൊന്നും ഫലം കണ്ടില്ല. അർജുന് വല്ലാതെ നിരാശ തോന്നി. എങ്ങിനെയെങ്കിലും ഈ വിശ്രമ കാലാവധി ഒന്ന് കഴിയാൻ അവൻ കാത്തിരുന്നു. ആറുമാസം അവൻ ദിവസങ്ങളെണ്ണി കഴിച്ചുകൂട്ടി. വിശ്രമക്കിടക്കയിൽ നിന്നും എഴുന്നേറ്റ് അർജുൻ നേരെ പോയത് ആമിയുടെ വീട്ടിലേക്കാണ്. ആമിയുടെ വീട്ടിലെ വരാന്തയിലേക്ക് കയറി നിന്ന് അർജുൻ കോളിംഗ് ബെൽ അമർത്തി. മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരു മധ്യവയസ്ക ഉമ്മറത്തേക്ക് നടന്നുവന്നു ഒറ്റനോട്ടത്തിൽതന്നെ അർജുന് മനസ്സിലായി അത് ആമിയുടെ അമ്മയാണെന്ന്.
അമ്മ :'' ആരാ മനസ്സിലായില്ല.? "
അർജുൻ :"ഞാൻ അർജുൻ. ആമിയുടെ കൂടെ പഠിച്ചതാണ്. ആമിയുടെ ഫ്രണ്ട് ആണ് "
 അമ്മയുടെ കണ്ണിൽ നിന്നും കണ്ണുനീർ പൊഴിഞ്ഞു
അർജുൻ :"ആമി...? "
അമ്മ :(കണ്ണുനീർ തുടച്ചുകൊണ്ട് )"അകത്തുണ്ട് കേറിവാ "
 അർജുനെ അമ്മ അകത്തേക്ക് വിളിച്ചുകൊണ്ടുപോയി. ആമിയുടെ അച്ഛൻ കിടക്കുന്ന അതേ മുറിയിൽ തന്നെ ഒരു ഭാഗത്തെ മറ്റൊരു കട്ടിലിൽ ആമി കിടക്കുന്നതാണ് അർജുൻ കണ്ടത്. അവൻ ആമിയുടെ യുടെ അടുത്തേക്ക് ഓടി. അവൾ ചെറിയ മയക്കത്തിലായിരുന്നു. അർജുൻ ആമിയെ കുലുക്കി വിളിച്ചു. ഉറക്കത്തിൽ നിന്നും ഉണർന്ന ആമി കാണുന്നത് അർജുന്റെ മുഖമായിരുന്നു. അവനെ കണ്ടതും ആമി പൊട്ടിക്കരഞ്ഞു.
അർജുൻ :" ഇതെന്ത് കിടപ്പാടി പോത്തേ വാ എഴുന്നേൽക്ക് നമുക്ക് പോകാം"
ആമി :" അർജുൻ നീ എന്നോട് ക്ഷമിക്ക് നിന്റെ കൂടെ വരണമെന്ന് ഒത്തിരി ആഗ്രഹത്തോടെയാണ് ഞാനന്ന് കോളേജ് ബസ്സിൽ കയറി ഇങ്ങോട്ട് പോന്നത്. പക്ഷേ ഈ അവസ്ഥയിൽ നീ എന്നെ കൊണ്ടു പോയാൽ ഞാൻ ഉറപ്പായും നിനക്ക് ഒരു ഭാരമാകും. ഇത്രയും നാൾ നീ വരാതിരുന്നപ്പോൾ ഞാൻ വിചാരിച്ചു എന്നെ മറന്നു കാണും എന്ന്  "

    എന്നുപറഞ്ഞുകൊണ്ട് ആമീ തന്റെ കാലിലെ പുതപ്പു മാറ്റി. ആ കാഴ്ച കണ്ട് അർജുൻ ഞെട്ടിത്തരിച്ചു നിന്നുപോയി. ആമയുടെ വലതുകാൽ മുട്ടിനു താഴെ മുറിച്ചു മാറ്റിയിരിക്കുന്നു. ഇത് കണ്ട് ഒന്നും മിണ്ടാനാവാതെ അർജുൻ അല്പനേരം നിന്നു. ആരോടും മിണ്ടാതെ അർജുൻ തിരിഞ്ഞുനടന്നു. ആമി പിറകിൽ നിന്നും തന്റെ പേര് വിളിക്കുന്നത് അർജുൻ സ്വപ്നത്തിലെന്നപോലെ കേൾക്കുന്നുണ്ടായിരുന്നു എങ്കിലും മറുപടി കൊടുക്കാതെ അർജുൻ നടന്നുനീങ്ങി. അവൻ ബൈക്ക് എടുത്ത് തിരികെ പോയി. ആമിക്ക് അർജുൻ പോയശേഷം കിടന്നിട്ട് ഉറക്കം വരാതെയായി. അവൾ അമ്മയോട് തന്നെ വീടിന്റെ വരാന്തയിലേക്ക് ഇരുത്താൻ ആവശ്യപ്പെട്ടു. അമ്മ അവളെ വീൽചെയറിൽ ആക്കി വീടിനു മുന്നിലേക്ക് കൊണ്ടുപോയി. കുറച്ചുനേരം അവൾ അവിടെ ഇരുന്ന് പഴയ കാര്യങ്ങളൊക്കെ ആലോചിച്ചു. അവളുടെ കണ്ണിൽ നിന്നും അറിയാതെ കണ്ണുനീർ പൊഴിഞ്ഞു. അങ്ങനെയിരിക്കെ കുറച്ചു സമയത്തിന് ശേഷം ആ വീട്ടുമുറ്റത്ത് ഒരു കാർ വന്നു നിന്നു അതിൽനിന്നും അർജുൻ ഇറങ്ങിവന്നു. അവൾ അത്ഭുതത്തോടെ അവന്റെ വരവ് നോക്കി നിന്നു 
അർജുൻ :" ഈ കഴിഞ്ഞ ആറുമാസം ഞാൻ നിന്നെ വിട്ടു നിന്നത് ഞാൻ നിന്നെ മറന്നത്‌കൊണ്ടല്ല. അന്നുണ്ടായ ആക്സിഡന്റിൽ എന്റെ വണ്ടിയും പെട്ടിരുന്നു. തോളെല്ലിനും തലയ്ക്കും പരിക്കുപറ്റി ആറുമാസം ഞാൻ വിശ്രമത്തിലായിരുന്നു"

  ഇത്രയും പറഞ്ഞ അർജുൻ ആമിയുടെ അടുത്തേക്ക് ചെന്ന് ആ വീൽചെയറിൽ നിന്നും അവളെ തന്റെ കൈകളിലേക്ക് കോരിയെടുത്തു. എന്താണ് സംഭവിക്കുന്നത് എന്നറിയാതെ ആമി അർജുന്റെ കൈകളിൽ അവന്റെ കണ്ണുകളിലേക്ക് നോക്കി കിടന്നു. അവൻ നേരെ ആമിയും കൊണ്ട് അവളുടെ അച്ഛന്റെ മുറിയിലേക്ക് ചെന്നു. അർജുൻ ആമിയെയും താങ്ങിക്കൊണ്ട് അച്ഛനോടായി സംസാരിച്ചു
അർജുൻ :" അച്ഛാ ഞാൻ ആമിയെ മൂന്നുവർഷമായി സ്നേഹിക്കുന്നു. ഇവിടുത്തെ സാഹചര്യങ്ങൾ എല്ലാം അറിഞ്ഞു തന്നെയാണ് ഞാനവളെ ഇഷ്ടപ്പെട്ടത്. എന്നാൽ അവൾ എന്റെ ഇഷ്ടത്തിന് സമ്മതം മൂളിയ ആ ദിവസം തന്നെയാണ് വിധി അവളെ ഈ അവസ്ഥയിൽ ആക്കിയത്. ഞാൻ അവളുടെ ശരീരത്തെയോ സാഹചര്യങ്ങളെയോ സാമ്പത്തികതെയോ അല്ല സ്നേഹിച്ചത്. അവളുടെ മനസ്സിനെയാണ്. അതുകൊണ്ടുതന്നെ അവൾ ഏത് അവസ്ഥയിൽ ആയിരുന്നാലും ആ സ്നേഹം ഒരിക്കലും മാറുകയില്ല. ഈ കുടുംബം എനിക്ക് ഒരിക്കലും ഒരു ബാധ്യതയും ആകില്ല. പുറത്ത് എന്റെ വണ്ടി ഉണ്ട് നമുക്ക് ഇനി ഈ വാടകവീട് വേണ്ട അച്ഛനും അമ്മയും എന്റെ കൂടെ വരണം"
   ആശുപത്രിക്കിടക്കയിൽ കിടക്കുമ്പോൾ തന്നെ അർജുനെ കുറിച്ച് അവൾ അവളുടെ അമ്മയോട് സംസാരിച്ചിരുന്നു.

  അർജുന്റെ വാക്കുകൾ കേട്ട് ആമയുടെ അച്ഛന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു പോയി. ആ മുഖത്ത് അർജുന് ആശ്വാസത്തിന്റെ ഒരു പുഞ്ചിരി കാണാൻ സാധിച്ചു. അർജുൻ ആമിയെ കൊണ്ടുപോയി കാറിന്റെ മുൻസീറ്റിൽ ഇരുത്തി തിരികെ വന്ന് അച്ഛനെയും അമ്മയെയും കൂട്ടി കാറിൽ അർജുന്റെ വീട്ടിലേക്ക് യാത്രയായി.

ആമി അർജുന്റെ ഇടതുവശത്ത് ഇരുന്ന് അവന്റെ തോളിലേക്ക് തലചായ്ച്ചു. അർജുൻ എന്നും അവൾക്ക് ഒരു കൈത്താങ്ങാകുമെന്ന് ആശ്വാസത്തോടെ............ കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top