***********
രചന: Vineetha Sekhar (വിനീത)
കോളിങ് ബെൽ നിർത്താതെ അടിക്കുന്നത് കെട്ടാണ് പാർവതി എഴുന്നേറ്റത്.. ഉച്ചഭക്ഷണത്തിന് ശേഷം ഒരു ബുക്കും വായിച്ച് ഒന്നുറങ്ങി പോയി..
അഴിഞ്ഞുകിടന്ന മുടി ഒന്ന് വാരിക്കട്ടി പാർവതി വാതിൽ തുറന്നു.. പത്തു പതിനേഴു വയസ്സുള്ള ഒരു ആൺകുട്ടി. ഓമനത്തമുള്ള മുഖം..
' ആന്റി. ഞാൻ അടുത്ത വീട്ടിൽ താമസിക്കുന്നു. ഇവിടെ പ്രിൻറർ ഉണ്ടോ..'
ഉണ്ടെങ്കിൽ എനിക്ക് രണ്ടു മൂന്നു പേപ്പേഴ്സ് പ്രിന്റ് എടുക്കണമായിരുന്നു..
'ഉണ്ടല്ലോ.. കുട്ടി വരൂ..'അവനെ അകത്തേക്ക് ക്ഷണിച്ചുകൊണ്ട് പാർവതി പറഞ്ഞു ..
നവീൻ പിൻതിരിഞ്ഞു , മതിലിനപ്പുറം ഒളിച്ചു നിൽക്കുന്ന കൂട്ടുകാരെ നോക്കി കണ്ണിറുക്കി കൊണ്ട് അകത്തേയ്ക്ക് നടന്നു..
'കുട്ടിയുടെ പേരെന്താ..' പാർവതി അന്വേഷിച്ചു..
' നവീൻ.' അവൻ പറഞ്ഞു.. ഞാനിവിടെ വിദ്യാനികേതനിൽ പഠിക്കുന്നു.
ഓഹ്.. അത് ശരി കുട്ടി ഇരിയ്ക്കു.. ഞാനിവിടെ പുതിയ താമസക്കാരിയാ.. ആരെയും അത്ര പരിചയമില്ല.കുടിയ്ക്കാൻ എന്തെങ്കിലും എടുക്കാം..
അവർ അകത്തേയ്ക്ക് പോയി...
അടുത്ത വീട്ടിൽ പുതിയ താമസക്കാരി വന്നത് കിഷോർ പറഞ്ഞാണ് നവീൻ അറിഞ്ഞത്.. ഒരു നാല്പത് വയസ്സ് കാണും.. പക്ഷേ കണ്ടാൽ ഒട്ടും തോന്നില്ല .. സുന്ദരി..ഒറ്റയ്ക്ക് താമസം..ഇടയിലെപ്പോഴോ വീട്ടുപണിക്ക് ഒരു പെണ്ണ് വന്നുപോകുന്നുണ്ട്..
'ഒന്നു മുട്ടിനോക്കെടാ..'
എന്ന് അവൻ പറഞ്ഞപ്പോൾ ഇത്രയുംസുന്ദരി യാണെന്ന് പ്രതീക്ഷിച്ചില്ല.. നവീൻ ഓർത്തു.
അപ്പോളേക്കും പാർവതി ഒരു ഗ്ലാസിൽ നാരങ്ങവെള്ളവുമായി എത്തി..
'കുട്ടിയുടെ വീട്ടിൽ ആരൊക്കെയുണ്ട്..'
അവർ അന്വേഷിച്ചു..
'അച്ഛൻ..സ്റ്റേറ്റ് ബാങ്കിൽ ജോലിയാണ്..'അവൻ പറഞ്ഞു..
'അമ്മയോ..'
നവീൻ ഒരു നിമിഷം മൂകനായി..
'അമ്മ മരിച്ചുപോയി.. എനിക്ക് എട്ടുവയസുള്ളപ്പോൾ..'
'ഓഹ്.. സോറി.. കുട്ടിയ്ക്ക് പ്രിന്റ് എടുക്കണ്ടേ.. വരൂ.... വിഷയം മാറ്റാനായി.അവർ അവനെ അകത്തേയ്ക്ക് കൊണ്ടുപോയി..
ഓഫീസ് റൂം പോലെ തോന്നിച്ചിരുന്ന ഒരു ചെറിയ റൂം ആയിരുന്നു അത്. എന്തോ രണ്ടു പേപ്പർ പ്രിന്റ് എടുത്ത് അവൻ തിരിഞ്ഞപ്പോൾ, തന്നെ തന്നെ നോക്കിനിൽക്കുന്ന പാർവതിയെ കണ്ട് നവീൻ ഒന്ന് ലജ്ജിച്ചു.
'ആന്റി ഞാൻ പോകട്ടെ..'
ഇനിയും ആവശ്യമുണ്ടെങ്കിൽ വരാട്ടോ..
അവൻ പറഞ്ഞു..
'ആയിക്കോട്ടെ...' മിണ്ടിയും, പറഞ്ഞുമിരിക്കാൻ ഒരാളായല്ലോ.. അവർ മറുപടി കൊടുത്തു..
അവിടെ നിന്നും ഇറങ്ങി വരുന്ന നവീനിനെ കൂട്ടുകാർ പൊതിഞ്ഞു..
പാർവതിയേ പരിചയപെട്ടത് പൊടിപ്പും, തൊങ്ങലും വെച്ച് പറയാൻ അവന് നല്ല ഉത്സാഹം ആയിരുന്നു..
'ഇനി നീ ഇടയ്ക്കിടെ അവിടെ ചെല്ലണം.. അവരുമായി കൂടുതൽ അടുക്കണം..
വേണ്ട നിർദ്ദേശങ്ങൾ അപ്പപ്പോൾ ഞങ്ങൾ തരാം..'
കൂട്ടുകാരിൽ ഒരാളായ വരുൺ അത് പറഞ്ഞപ്പോൾ മറ്റുള്ളവരും ശരിവെച്ചു.
പിന്നീട് ഇടയ്ക്കിടെ നവീൻ അവിടെ പോയി തുടങ്ങി.. പാർവതിയാകട്ടെ സംസാരിക്കാൻ ഒരു കൂട്ടു കിട്ടിയ പോലെ വാചാലയായി..
അവന്റെ പഠിത്തം, ഹോബി എല്ലാം അവർ ചോദിച്ചറിഞ്ഞു.. പഠിത്തത്തോട് താല്പര്യം കുറവായ നവീൻ അത്തരം സബ്ജെക്ട് സംസാരിക്കാൻ തുടങ്ങുമ്പോൾ തന്നെ വിഷയം മാറ്റാൻ ശ്രദ്ധിച്ചിരുന്നു..
രണ്ടുപേരുംതമ്മിലുള്ളസൗഹൃദംഅത്രയുമെത്തിയപ്പോളാണ് കൂട്ടുകാർ പുതിയ ഒരു ആവശ്യം മുൻപിൽ വെച്ചത്..
അത് കേട്ടപ്പോൾ നവീൻ കുറച്ചൊന്നു ഞെട്ടി.. മറ്റൊന്നുമല്ല.. നവീനിന് എന്തായാലും ആ വീട്ടിൽ പൂർണ്ണസ്വാതന്ത്ര്യം ഉണ്ട്.. അതിനാൽ അവരുടെ ബാത്‌റൂമിൽ കയറി ഒരു ചെറിയ ക്യാമെറ വെയ്ക്കണം.. അത്രമാത്രം..
ആദ്യം അവൻ സമ്മതിച്ചില്ല.. പിന്നെയും നിർബന്ധം സഹിക്കാൻവയ്യാതായപ്പോൾ അവനതേറ്റു..
ഇനിയിതെങ്ങനെ പ്രവർത്തികമാക്കും എന്നാലോചിചിരിക്കുമ്പോളാണ് അടുത്തഞായറാഴ്ച പാർവതി ഉച്ചയ്ക്ക് തന്നെ സദ്യയ്ക്ക് ക്ഷണിച്ചത് അവനോർത്തത്..
ഇത് തന്നെ പറ്റിയ തക്കം..
ഞായറാഴ്ചയാകാൻ നോക്കിയിരുന്നു. ഏകദേശം ഉച്ചയായപ്പോൾ, കുളിച്ചു സുന്ദരനായി നേരെ അവുടെയ്ക്ക് പുറപ്പെട്ടു.. ഏറ്റെടുത്ത കൃത്യം ഭംഗിയായി ചെയ്യാൻ സാധിക്കണേ എന്ന പ്രാർത്ഥനയായിരുന്നു മനസ്സിൽ..
നീല നിറത്തിലുള്ള ഷർട്ട് നവീനിന് നന്നായി ഇണങ്ങുന്നുവെന്ന് പാർവതിപറഞ്ഞു.
ഭക്ഷണം കഴിക്കാൻ അവർ ക്ഷണിച്ചപ്പോൾ ഇതാണ് പറ്റിയ തക്കം എന്നവന് അവൻ അവരുടെ കിടപ്പു മുറിയുടെ ബാത്‌റൂമിൽ കയറി.
മൊബൈലിൽ ക്യാമെറ ഓൺ ചെയ്ത് പെട്ടെന്ന് കണ്ടുപിടിക്കാൻ പറ്റാത്ത ഒരു സ്ഥലത്ത് വെച്ചു. ശേഷം ഒന്നുമറിയാത്ത പോലെ വന്നു സോഫയിൽ ഇരിപ്പുറപ്പിച്ചു.. അപ്പോഴേക്കും പാർവതി വന്നു പറഞ്ഞു..
' ഭക്ഷണം എല്ലാം റെഡി ആയി..
ഇന്നെന്താ പ്രത്യേകത എന്ന് നവീൻ ചോദിച്ചില്ലല്ലോ..'
അപ്പോഴാണ് അവനതോർത്തത്..
വെപ്രാളത്തിനിടയ്ക്ക് മറന്നുപോയി..
'സോറി ആന്റി... ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത എന്താണ്..'
അവൻ ആരാഞ്ഞു..
'പറയാം വരൂ..' പാർവതി അവന്റെ കൈ പിടിച്ച് അവരുടെ കിടപ്പു മുറിയിലേയ്ക്ക് പോയി.
നവീന്റെ ഹൃദയമിടിപ്പു കൂടിയിരുന്നു..
അവനോട് കട്ടിലിൽ ഇരിക്കാൻ പറഞ്ഞിട്ട് അവർ അലമാരയിൽ നിന്ന് ഒരാൽബം എടുത്തു തുറന്നു..
' നവീന് എന്റെ കുടുംബത്തെ കാണണ്ടേ...' എന്ന മുഖവൂര യോടെ ആൽബം മറിച്ചു .
ആദ്യ പേജിൽ തന്നെ ഒരു കുടുംബഫോട്ടോ ആയിരുന്നു..
പാർവതിയും, മറ്റൊരാളും ഏഴെട്ടു വയസ്സുള്ള ഒരാ ൺകുട്ടിയും കുട്ടിയും..
കുട്ടിയ്ക്ക് പാർവതിയുടെ ഛായ ഉണ്ടല്ലോ എന്ന് ഒറ്റനോട്ടത്തിൽ അവനു തോന്നി..
അടുത്ത പേജ് മറിച്ചപ്പോൾ ആ കു-ട്ടിയുടെ മുതിർന്ന ഒരു ഫോട്ടോ.. പത്തു പതിനേട്ട് വയസ്സ് കാണും..
'ഇതാരാ ആന്റി..'
ആകാംഷയോടെ അവൻ തിരക്കി .
'എന്റെ മോൻ.'അവരുടെ കുടുംബത്തെ ക്കുറിച്ച്
സത്യത്തിൽ അവനൊന്നും അറിയില്ലായിരുന്നു..
'ഇപ്പോൾ എവിടെയാണ്..'
മോൻ എന്നെ വിട്ടുപോയിട്ട് രണ്ടു വർഷമായി.. അവർ ഒന്നു കിതച്ചു..
അവനൊന്നും മനസ്സിലായില്ല..
'എങ്ങനെ.. എപ്പോൾ..'
അവൻ തിരക്കി..
പറയാം..അവർ തുടർന്നു..
'എന്റെ ഭർത്താവ് ഒരാക്സിഡൻഡിൽ മരണപ്പെട്ടിട്ട് പത്തു വർഷമായി.. ഞാനും, മകനും മാത്രമായിരുന്നു താമസം..
അച്ഛൻ ഇല്ലാത്ത ദുഃഖം അറിയിക്കാതെയാണ് ഞാനവനെ വളർത്തിയത്..
രണ്ടു വർഷം മുൻപ് പത്രത്തിൽ ഒരു വാർത്തവന്നിരുന്നത് നവീന് ഓർമ്മയുണ്ടോ..
കിടപ്പു മുറിയിൽ അമ്മയുടെ നഗ്ന ദൃശ്യം പകർത്താൻ ഒളി ക്യാമറ വെച്ചതിന് മകൻ പിടിയിൽ എന്ന വാർത്ത..'
നവീൻ വീണ്ടും ഞെട്ടി..
അവനിൽ ഒരു വിറയൽ പടർന്നു..
അവർ തുടർന്നു .
' ഞാനവനെ ഒരുപാട് ലാളിച്ചു.. അവന്റെ പല കുരുത്തക്കെടുകളും കണ്ടില്ലന്നു നടിച്ചു.. അവന്റെ കൂട്ടുകെട്ട് ശരിയല്ലന്ന് പലരും പറഞ്ഞെങ്കിലും ഞാനതൊന്നും അത്ര കാര്യമാക്കിയുമില്ല..
ഒടുവിൽ എന്തോ... കൂട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി അവനിതു ചെയ്തപ്പോൾ...
അവിചാരിതമായി ഞാനത് കണ്ടുപിടിക്കുകയും. പോലീസിനെ അറിയിക്കുകയും ചെയ്തപ്പോൾ അവനെന്നെ കുറേ വിലക്കി... പറയാതിരിക്കാൻ..
അപ്പോഴും ഞാനത് അറിഞ്ഞിരുന്നില്ല...
ഞാൻ മു-ലപ്പാലൂട്ടി വളർത്തിയ എന്റെ മകനാണ് എന്നോടിത് ചെയ്തതെന്ന്..
പറയുന്നതിനിടയിൽ സാരി തലപ്പു കൊണ്ട് അവർ കണ്ണീരോപ്പി..
എന്നിട്ട് തുടർന്നു..
'പോലീസ് വന്നു ചോദ്യം ചെയ്തപ്പോൾ അവൻ എല്ലാം ഏറ്റുപറഞ്ഞു.. എന്റെ മുഖത്ത് നോക്കാനാകാതെ തലയും കുമ്പിട്ടു നിന്ന അവന്റെ മുഖം ഇപ്പോഴും എന്റെ കണ്മുൻപിൽ തെളിയുന്നുണ്ട്..
അവൻ ആത്മഹത്യ ചെയ്യുമ്പോൾ വെറും പതിനേട്ട് വയസ്സായിരുന്നു..
ഏകദേശം നിന്റെ പ്രായം..
നവീൻ നിന്നെ കാണുമ്പോൾ ഞാൻ എന്റെ മകനെയോർക്കും..
ഇന്ന് എന്റെ മോന്റെ പിറന്നാൾ ആണ്..
അതുകൊണ്ടാണ് നിന്നെ വിളിച്ച് സദ്യ തരാമെന്ന് കരുതിയത്.. നീ കൂടെയുള്ളപ്പോൾ എനിക്കെന്റെ മകൻ ഒപ്പമുള്ളത് പോലെ തോന്നുന്നു.
ചെറുപ്പത്തിൽ അമ്മ നഷ്ടപ്പെട്ട.. നീ..
അച്ഛൻ കഷ്ടപ്പെട്ടു വളർത്തുന്ന കുട്ടി.
കുഞ്ഞേ.. ഈ പ്രായത്തിൽ കൂട്ടുകാരെ തിരഞ്ഞെടുക്കുമ്പോൾ ഒരുപാട് ശ്രദ്ധിക്കണം..
നമ്മളെ നന്നാക്കാനും, ചതിയിൽ വീഴ്ത്താനും അവർ മതി..
മോൻ.. നല്ലകുട്ടിയാണ്.. മോൻ ചീത്ത കൂട്ടുകെട്ടിൽ ചാടില്ലെന്ന് ആന്റിക്ക് ഉറപ്പുണ്ട്..മോന് നല്ലതേ വരൂ..'
ഇതും പറഞ്ഞ് അവർ ഡൈനിംഗ് റൂമിലേക്ക് നടന്പ്പോൾ കൈ കാലുകളിൽ ഒരു വിറയൽ പടരുന്നത് നവീൻ അറിഞ്ഞു..
വീട്ടിലെ ചില്ലലമാരിയിൽ ഫ്രെയിം ചെയ്തു വെച്ചിരിക്കുന്ന അമ്മയുടെ ചിരിച്ച മുഖം ഓർത്തു..
ഇതും ഒരമ്മയേല്ലേ...
മകൻ നഷ്ടപ്പെട്ട ഒരമ്മ...
തന്നെ മകനായി കണ്ട് സർവ്വ സ്വാതന്ത്ര്യവും ഈ വീട്ടിൽ നൽകിയ ഒരമ്മ..
പകരം താനെന്താണ് ചെയ്തത്...
കൂട്ടുകാരുടെ കേവല താല്പര്യങ്ങളെ മുഖവിലയ്‌ക്കെടുത്ത് ഈ അമ്മയോട് എന്താണ് കാട്ടി കൂട്ടിയത്.
കലങ്ങിയ കണ്ണുകളോടെ അവൻ ബാത്‌റൂമിലേക്ക് ഓടി.. അവിടെ ഒളിപ്പിച്ചു വെച്ചിരുന്ന മൊബൈൽ എടുത്ത് ക്യാമെറ ഓഫാക്കി പോക്കറ്റിൽ ഇട്ടു..
മുഖം ഒരാവർത്തി കൂടി കഴുകി..
നേരെ ഡൈനിംഗ് റൂമിലേക്ക് നടന്നു.. ആഹാരം എല്ലാം വിളമ്പി വെച്ചിട്ടുണ്ടായിരുന്നു..
'അമ്മ കൂടി ഇരിക്കു...' അവൻപറഞ്ഞു.
'അമ്മ....' എന്ന വിളിയിൽ അവരൊന്നു പകച്ചു..
' സംശയിക്കേണ്ട.. ഞാനിനി അമ്മയെന്നെ വിളിക്കു..'
അവൻ അവരെ പിടിച്ച് തൊട്ടടുത്ത കസേരയിൽ ഇരുത്തി..
' അമ്മ കഴിക്കു...
എന്ന് പറഞ്ഞ് ആദ്യഉരുള അവരുടെ വായിലേക്ക് കൊടുത്തു.. അപ്പോൾ അവരുടെ കണ്ണുകൾ എന്തിനോ വേണ്ടി നിറയുന്നുണ്ടായിരുന്നു..
ഇത്രയും നല്ല ഭക്ഷണം ഇത്രയും സ്വദോടെ കഴിച്ചിട്ടേയില്ലാന്ന് നവീൻ ഓർത്തു..
യാത്ര പറഞ്ഞിറങ്ങുമ്പോൾ നവീൻ മനസ്സിലോർത്തു.. തന്നെ നശിപ്പിക്കുന്ന ആ കൂട്ടുകെട്ടുകൾ ഇനി തനിയ്ക്ക് വേണ്ട..
ദൃഢനിച്ഛയത്തോടെ, ഉറച്ചകാൽ വെപ്പുകളോടെ അവൻ റോഡിലേയ്ക്കിറങ്ങി...
നിറഞ്ഞു വരുന്ന മിഴികൾ തുടച്ചുകൊണ്ട് അവനെ യാത്രഅയച്ച പാർവതി , ആത്മഗദം പോലെ പറഞ്ഞു..
മറ്റൊരു മനു ആകാൻ അവനെ ഞാൻ സമ്മതിക്കില്ല..
അവൻ ചെയ്ത കാര്യം താൻ കണ്ടത് അവനോടൊരിക്കലും പറയാനും പാടില്ല..
കാരണം നവീൻ തന്റെ മകനാണ്.. പിറക്കാതെ പോയ തന്റെ മകൻ...
അവർ കണ്ണ് തുടച്ചുവീട്ടിലേക്ക് കയറി..
നാല് വർഷങ്ങൾക്ക് ശേഷം..
ബി ടെക് എക്സാമിന് ഒന്നാം റാങ്ക് കിട്ടിയ 'നവീൻ ഗോപിനാഥ്.'
എന്ന ബാനറിനു മുൻപിൽ കാർ നിർത്തി അച്ഛനൊപ്പം നവീൻ പുറത്തിറങ്ങി..
ചുറ്റുമെങ്ങും മുഴങ്ങന്ന കരഘോഷം കണ്ട് നിറഞ്ഞ മിഴികൾ തുടച്ചു ഒരാൾ കാറിന്റെ പിൻസീറ്റിൽ ഇരുപ്പുണ്ടായിരുന്നു.
' അമ്മ.. ഇറങ്ങു...' നവീൻ കാറിന്റെ ബാക്ക്ഡോർ തുറന്നു..
മഞ്ഞ നിറമുള്ള പട്ടുസാരിയും, സീമന്തരേഖയിൽ സിന്ദൂരപൊട്ടും അണിഞ്ഞു തലയിൽ മുല്ലപൂവും ചൂടി കാറിൽ നിന്ന് അഭിമാനത്തോടെ ഇറങ്ങിയ ആ സ്ത്രീ, അത് പാർവതിയായിരുന്നു....
സ്നേഹം
രചന: Vineetha Sekhar (വിനീത)