രചന : സതി സുധാകരൻ , പൊന്നുരുന്നി
വെക്കേഷൻകാലം അമ്മവീട്ടിൽ കുട്ടികൾ എല്ലാവരും ഒത്തുകൂടും.
ഇലഞ്ഞിപ്പൂമാല കോർത്ത് ശ്രീധരേട്ടൻ എൻ്റെ കഴുത്തിൽ മാലയിട്ടുതന്നപ്പോൾ ഞാൻ ഓർത്തില്ല , ശ്രീധരേട്ടൻ്റെ വധുവാകുമെന്ന് .
കുട്ടികളെല്ലാരും ഓടിനടന്ന് മഞ്ചാടിക്കുരു പെറുക്കി കുട്ടും. ശ്രീധരേട്ടൻ അതു തട്ടിത്തെറിപ്പിച്ചു കൊണ്ടോടും. വലിയ കുസൃതിയായിരുന്നു ചെറുപ്പത്തിൽ, ശ്രീധരേട്ടന്.
ഇലഞ്ഞിമരച്ചോട്ടിൽ നിറയെ ഇലഞ്ഞിപ്പൂക്കളായിരിക്കും പവൻ വാരി വിതറിയ പോലെ !. ഇലഞ്ഞിപ്പൂക്കളുടെ വാസന പരിസരമാകെ നിറഞ്ഞു നില്ക്കും. കുളിരു കോരിയിടുന്ന തണുപ്പ് . മരക്കൂട്ടങ്ങൾക്കിടയിലൂടെ തിക്കിത്തിരക്കി വരുന്ന സൂര്യരശ്മികളുടെ ചൂടേറ്റ് മഞ്ഞുരുകി ഇലത്തുമ്പുകളിലൂടെ ഊർന്നിറങ്ങി വരുന്ന മുത്തുമണികൾക്ക് മാരിവില്ലിൻ്റെ ഏഴഴകാണ്.
കുരീച്ചിറയിലൊഴുകി വരുന്ന വെള്ളത്തിൽ മീൻ പിടിക്കാൻ പൗലോസു മാപ്പിള കൂടു വച്ചിട്ടുണ്ടാകും . അതിൽ കുടുങ്ങിക്കിടക്കുന്ന
വരാലുകൾ പിടക്കുന്നതു കാണാൻ ഞങ്ങൾ എല്ലാവരും കൂട്ടം കൂടി നില്ക്കും. അപ്പോഴായിരിക്കും ശ്രീധരേട്ടൻ്റെ വരവ്.
ശ്രീധരേട്ടൻ ഏറ്റവും വലിയ വരാലിനെ എടുത്ത് താഴെ ഇടും .അതു കിടന്നു പിടയ്ക്കുമ്പോൾ കുട്ടികൾ എല്ലാവരും പേടിച്ചോടും. പിന്നെ വെള്ളം തട്ടിത്തെറുപ്പിക്കും. അപ്പോൾ ചിലർ കരയും . അമ്മായി വന്ന് ചേട്ടനെ തല്ലും . അതിൻ്റെ ദേഷ്യം എന്നോട് തീർക്കും . ഇങ്ങനെ എന്തെല്ലാം കുരുത്തക്കേടുകളൊക്കെയാണ് ബാല്യകാലത്ത് കാട്ടിക്കൂട്ടിയിരുന്നത്.
ഒരു ദിവസം അമ്മാവൻ അമ്മായിയോടു പറയുന്നതു കേട്ടു
"നമുക്ക് ശ്രീധരനു വേണ്ടി പാർവ്വതിയെ വാക്കു പറഞ്ഞുറപ്പിച്ചു വച്ചാലോ . ഇപ്പോൾ കെട്ടുകല്യാണം നടത്താം... മുതലൊന്നും അന്യആളുകൾ കൊണ്ടു പോകില്ലല്ലോ. അവൾ എൻ്റെ പെങ്ങൾ രാജമ്മയുടെ മകളല്ലെ സമ്മതിക്കാതിരിക്കില്ല. "
"പാർവ്വതിക്ക് ഒന്പതു വയസ്സും, ശ്രീധരന് പതിമൂന്നു വയസ്സും ആയി. കെട്ടു കല്യാണം നടത്തി വാക്കുറപ്പിച്ചു വയ്ക്കാം. "
അമ്മായി സമ്മതം മൂളി അമ്മാവനെ എതിർത്താരും സംസാരിക്കാറില്ല.
എന്താണ് കെട്ടുകല്യാണം എന്ന് എനിക്കു മനസ്സിലായില്ല.
വെക്കേഷൻ തീരുന്നതിനു മുൻപ് ഞാൻ എൻ്റെ വീട്ടിലേക്കു പോന്നു. ഒരു ദിവസം അമ്മാവനും, അമ്മായിയും ശ്രീധരേട്ടനും കൂടി വീട്ടിൽ വന്ന് അച്ഛനോടും, അമ്മയോടും എന്തൊക്കെയോ കാര്യങ്ങൾ പറഞ്ഞു തീരുമാനിച്ച് ഒരാഴ്ച കഴിഞ്ഞപ്പോൾ അവർ വീണ്ടും വന്നു .
ശ്രീധരേട്ടൻ പുത്തൻ ഷർട്ടും മുണ്ടും ,നെറ്റിയിൽ ചന്ദനക്കുറിയും തൊട്ട് ഒരു മണവാളനെപ്പോലെ ആയിരുന്നു. അന്ന് എന്തു ഭംഗിയായിരുന്നു ശ്രീധരേട്ടനെ കാണാൻ . ഞാനും പട്ടുപാവാടയുമിട്ട് ജാക്കറ്റുമിട്ട് മുറ്റത്തു കൂടി ഓടിക്കളിച്ചു നടക്കുമ്പോഴാണ് ശ്രീധരേട്ടൻ്റെ വരവ് . പിന്നെ ഞാൻ കളി നിർത്തി ശ്രീധരേട്ടൻ്റെ കൂടെ കൂടി വർത്തമാനം പറഞ്ഞിരുന്നു.
അമ്മ ഓടിനടന്ന് പണിയെടുക്കുന്നുണ്ടായിരുന്നു. അച്ഛൻ എല്ലാവരോടും വർത്തമാനം പറഞ്ഞ് പുമുഖപ്പടിയിൽ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പേൾ കളിച്ചു കൊണ്ടു നടന്ന ഞങ്ങളെ വിളിച്ചു . എന്നെ അച്ഛൻ്റെ മടിയിലും ശ്രീധരേട്ടനെ ശ്രീധരേട്ടൻ്റെ അച്ഛൻ്റെ മടിയിലും ഇരുത്തി. അച്ഛൻ എടുത്തു തന്ന മാല ശ്രീധരേട്ടൻ്റെ കഴുത്തിൽ ഇടാൻ പറഞ്ഞു , ഞാനത് അനുസരിച്ചു. ശ്രീധരേട്ടനും അച്ഛൻ കൊടുത്ത മാല എൻ്റെ കഴുത്തിലും അണിയിച്ചു. എനിക്കു വലിയ സന്തോഷമായി.
പൂമാലയെടുത്ത് എനിക്ക് ഇനി മുടിയിൽ ചൂടാമല്ലൊ.
ഇങ്ങനെ ഓർത്തിരുന്നപ്പോഴാണ് ഞങ്ങളെ ഊണുകഴിക്കാൻവിളിച്ചത്.
സദ്യയായിരുന്നു അന്ന്. പായസം കണ്ടപ്പോൾ എൻ്റെ വായിൽ നിന്നും വെള്ളമൂറി.
സദ്യ കഴിഞ്ഞ് അമ്മാവനും ശ്രീധരേട്ടനും മറ്റെല്ലാവവരും തിരിച്ചു പോയി. എനിക്കു സങ്കടമായി ശ്രീധരേട്ടൻ്റെ കൂടെ പോകാൻ വാശി പിടിച്ചെങ്കിലും എന്നെ വിട്ടില്ല.
ഞാനന്ന് കുറെ കരഞ്ഞു.
അങ്ങനെ വർഷങ്ങൾ പലതും കഴിഞ്ഞു പോയി. അമ്മ പറഞ്ഞു ഞാൻ പ്രായപൂർത്തിയായെന്ന് എനിക്കൊന്നും മനസ്സിലായില്ല. പിന്നെ നിയന്ത്രണങ്ങളുടെ കാലമായിരുന്നു. ഒറ്റയ്ക്ക് ഒരു സ്ഥലത്തും വിടില്ല, മുൻവശത്ത് ഇരിക്കാൻ പാടില്ല , പുറമെ ആണുങ്ങളോടു മിണ്ടാൻ പാടില്ല എന്തിനു പറയുന്നു ശ്രീധരേട്ടൻ്റെ വീട്ടിൽ പോലും വിടാതായി.
ഞാൻ പത്താംതരം പാസ്സായി. അച്ഛനാണെങ്കിൽ എന്നെ കോളേജിൽ വിടണമെന്നൊരു നിർബന്ധം. അമ്മയാണെങ്കിൽ സമ്മതിക്കുന്നുമില്ല ഞാൻ കരച്ചിലായി .
ഒരു ദിവസം അമ്മാവനും, അമ്മായിയും കൂടി വീട്ടിൽ വന്നു കല്യാണക്കാര്യം സംസാരിച്ചുകൊണ്ടിരുന്നു.
അവർക്ക് പെട്ടെന്ന് കല്യാണം കഴിപ്പിക്കണം. ഇനി പഠിപ്പിക്കാനൊന്നും വിടണ്ട. അമ്മാവന് ഒരേ നിർബന്ധം ഇനി വച്ചു താമസിപ്പിക്കേണ്ട കല്യാണം വേഗം നടത്തണമെന്ന്! .
അച്ഛൻ സമ്മതിച്ചില്ല.അമ്മ കലി തുള്ളിയെങ്കിലും അച്ഛനും വിട്ടു കൊടുത്തില്ല. അങ്ങനെ കോളേജിൽ പോകുന്നതും ഓർത്ത് സന്തോഷം കൊണ്ട് മതി മറന്നു കോളേജ് തുറക്കാനായി ഞാൻ കാത്തിരുന്നു.
തുടരുന്നു, ബാക്കി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.