മൗനനൊമ്പരം, Part 5

Valappottukal



രചന: ഉണ്ണി കെ പാർത്ഥൻ

"എന്നിട്ട് എങ്ങനെ ഉണ്ട് ആ കുട്ടിക്ക്..."
രാത്രി കഴിക്കാൻ ഉള്ള ചപ്പാത്തി പരത്തുന്നതിനിടയിൽ വേണിയുടെ ചോദ്യം കേട്ട് വരുൺ തല ഉയർത്തി നോക്കി..

"ഒന്ന് പേടിപ്പിച്ചു ശരിക്കും.."
വരുൺ ചപ്പാത്തി മെല്ലേ പരത്തി കൊണ്ട് പറഞ്ഞു..

"പെട്ടെന്നുള്ള ഹൈപ്പർ ടെൻഷൻ...
പിന്നെ യാത്രയുടെ ക്ഷീണം..
സങ്കടം..
ദേഷ്യം എല്ലാം കൊണ്ടും വീണു പോയതാന്നാണ് ഡോക്ടർ പറഞ്ഞത്..
ഇപ്പൊ ഓക്കേ ആണ്..
റൂമിലേക്ക് മാറ്റി.."

"നാളേ ഡിസ്ചാർജ് ഉണ്ടാവോ.."

"ഹേയ്.. ഇല്ല.
ആ കുട്ടിയുടെ വീട്ടുകാരെ ബന്ധപെടാൻ പറ്റിയിട്ടുണ്ട് വൈകുന്നേരം ആയപ്പോൾ...
അവരോടു കാര്യം പറഞ്ഞിട്ടുണ്ട്...
അവിടന്നു വരാൻ ഉള്ള ബുദ്ധിമുട്ട് ഉണ്ട്...
വഴികൾ മൊത്തം ബ്ലോക്ക്‌ അല്ലേ..
അതോണ്ട് രണ്ടു ദിവസം ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്യാം ന്ന് പറഞ്ഞു ഡോക്ടർ.."

"അപ്പൊ ആരാ കൂടെ..
ആ കുട്ടിക്ക് എങ്ങനെ ഭക്ഷണം.."

"അരുന്ധതി ചേച്ചി ഉണ്ട് നൈറ്റ്‌..
പിന്നെ വേറെ രണ്ടു കോൺസ്റ്റബിൾസ്‌ കൂടെ ഉണ്ട്.."

"വല്യ വാർത്താ പ്രാധാന്യം കിട്ടിയ കേസ് അല്ലെ..
കേസ് എടുക്കുമോ..
എന്ത് പറഞ്ഞു...
 ഏട്ടന്റെ ഡി വൈ സ്‌ പി ഏമാൻ.."

"എന്നെ ആണ് ചീത്ത പറഞ്ഞത്..
അതും സ്നേഹത്തിന്റെ ഭാക്ഷയിൽ ഉള്ള ശാസന..
വല്യ ഇഷ്യൂ ആക്കേണ്ടാ..
ഇനി കേസ് എടുത്താൽ ചിലപ്പോൾ മീഡിയയിൽ അതൊരു അന്തി ചർച്ചക്കുള്ള ന്യൂസ്‌ ആവും..
പോരാത്തതിന് തന്റെ സ്റ്റേഷൻ ജനകീയ പോലീസ് സ്റ്റേഷനും..
വനിതാ ഹെല്പ് ലൈൻ സ്റ്റേഷനുമെന്ന്.."

"മ്മ്..
ആൾക്ക് വിവരമുണ്ട്.."

"ഡീ..
ഭാര്യേ...
നീ എന്താടീ അങ്ങനെ പറഞ്ഞത്...."

"ഏട്ടൻ ചെയ്തത് ശരിയായില്ല..
അതോണ്ട് തന്നേ.."

"ങ്ങേ..."

"മ്മ്...
ഒന്ന് ആലോചിച്ചു നോക്കിയാൽ പോരേ..
സാമാന്യ ബുദ്ധി വെച്ച്..
ഇപ്പൊ ഉള്ള കുട്ടികളുടെ സ്വഭാവം..
അവരൊക്കെ സ്ട്രൈറ്റ് ഫോർവെർഡ് ആണ് മനുഷ്യാ..
അതല്ലങ്കിൽ ആരേലും പോലീസ്‌ സ്റ്റേഷനിൽ വന്നു പറയോ എനിക്ക് എന്റെ വീട്ടിൽ പോകാൻ സഹായം വേണമെന്ന്..

അതായത്..
പോലീസ് ഭാഷയിൽ പറഞ്ഞാൽ ഉടായിപ്പുകളയിട്ടുള്ളവർ..
എങ്ങനെ വരും സ്റ്റേഷനിൽ..
കാരണം അവർക്ക് അറിയാം പണി കിട്ടുമെന്ന്....

അവടെ ആണ് ആ കുട്ടി..
എന്താ ആ മിടുക്കിയുടെ പേര്.."
ചപ്പാത്തി എടുത്തു ഒന്ന് മറച്ചിട്ട് കൊണ്ട് വേണി ചോദിച്ചു..

"ഡീ..
ഡീ..
വേണ്ടാ.. വേണ്ടാ..
പോലീസിനെ താങ്ങിയുള്ള കളി വേണ്ടാ.."

"നിങ്ങള് അവളുടെ പേര് പറ മനുഷ്യാ.."

"ശ്രീമയി..."

"ആഹാ അടിപൊളി പേരാണ് ലോ.."

"മ്മ്.."

"എന്നാലും കാക്കിക്കുള്ളിലേ ഈ കശ്മലന് എങ്ങനെ തോന്നി ആ പാവം കുട്ടിയേ വെറുതെ വിടാൻ.."

"നമ്മുടെ അമ്മുമോളേ പോലേ ആണ് കാണാൻ.."
വല്ലാതെ നേർത്തിരുന്നു വരുണിന്റെ ശബ്ദം..

"ഏട്ടാ..."

"മ്മ്..

ആ വാശി..
ദേഷ്യം..
കണ്ണുകൾ..
എല്ലാം എനിക്ക് നമ്മുടെ അമ്മുമോളേ പോലേ തോന്നി..
ഇടക്ക് എപ്പോളോ ഒന്ന് വിതുമ്പി അവൾ..

പിന്നെ അവളുടെ ഭാവി..
അവസ്ഥ എല്ലാം കൂടെ ഓർത്തപ്പോൾ..
മറ്റെന്തിനെക്കാളും വലുതായി തോന്നിയില്ല.."

"നാളെയാണ്...
നമ്മേ വിട്ടു പോയിട്ട്.."
വിങ്ങുന്നുണ്ടായിരുന്നു വേണിയുടെ ശബ്ദം..

"മ്മ്..
വരുണേട്ടാന്നുള്ള വിളി കേട്ടപോലെ തോന്നി എനിക്ക്...
എപ്പോളോ...
ആ നിമിഷങ്ങളിൽ...
പിന്നെ ഒന്നും ഓർമയുണ്ടായില്ല എനിക്ക്..
അതാണ് സത്യം.."

"എന്തേ..
കരയണോ.."
വേണി വരുണിന്റെ തോളിൽ മെല്ലേ പിടിച്ചു കൊണ്ട് ചോദിച്ചു..

"ആണുങ്ങൾ കരയരുത് ന്ന് നീ തന്നെ അല്ലെ പറഞ്ഞു തന്നത്..
അന്ന് അമ്മുവിനെ നമ്മുടെ ഉമ്മറ കോലായിൽ വെള്ള പുതപ്പിച്ചു കൊണ്ട് വന്നു കിടത്തിയപ്പോൾ..
അലറി കരഞ്ഞ എന്റെ നെഞ്ചിൽ അള്ളി പിടിച്ചു കൊണ്ട് നീ പൊട്ടികരഞ്ഞത് മറന്നോ.."

"എനിക്ക്  ഇന്ന് ഒന്നും വേണ്ടാ..
ഞാൻ പോയി കിടക്കാൻ പോവാ.."
അതും പറഞ്ഞു വേണി ഗ്യാസ് ഓഫ് ചെയ്തു വേഗം റൂമിലേക്ക് ഓടി..

"അച്ഛനും, അമ്മയും ഇല്ലാത്ത അനാഥകുട്ടികളായിരുന്നു വേണിയും അമ്മുവും..
അമ്മാവൻമാരുടെ കീഴിൽ ആട്ടും തുപ്പും കേട്ട് വളർന്നബാല്യം...
കൌമാരം..
എന്നോ ഒരു നാൾ ബസ്സ്റ്റോപ്പിൽ വെച്ച്..
വേണിയെ അമ്മാവൻ പട്ടിയെ പോലേ തല്ലുന്നത് കണ്ട് അടുത്ത് നിന്നു അലറി കരയുന്ന പതിനഞ്ചു വയസ് പ്രായമുള്ള ഒരു പെൺകുട്ടി..
അമ്മാവന്റെ കാലിൽ വീണു കരയുമ്പോൾ ദൂരേക്ക് ചവിട്ടി തെറിപ്പിച്ചു അയ്യാൾ..
അവിടെ നിന്നും എഴുന്നേറ്റു ഓടി വന്നു തന്റെ ചേച്ചിയുടെ മുടിക്കുത്തിൽ പിടിച്ച അയ്യാളുടെ തലയിൽ..
അടുത്ത് കിടന്ന കമ്പി വടി കൊണ്ട് തലയിൽ അടിക്കുന്നു..
അടി കൊണ്ട് അയ്യാൾ തല പൊത്തിപിടിച്ചു താഴേക്ക് വീഴുന്നു..
അപ്പോളേക്കും ആൾക്കൂട്ടത്തിൽ നിന്നും ആരൊക്കെയോ അയ്യാളെ പിടിച്ചു എഴുന്നേൽപ്പിച്ചു വണ്ടിയിൽ കയറ്റി ഹോസ്പിറ്റലിൽ കൊണ്ട് പോകുന്നു...

അലറി വിളിച്ചു കൊണ്ട് ആ പെൺകുട്ടിയും ചേച്ചിയും നടു റോഡിൽ കുത്തിയിരുന്ന കാഴ്ച..
അത് ഇപ്പോളും മനസ്സിൽ ഇന്നലെകൾ പോലേ തെളിയുന്നു..

ഇനി എന്ത് എന്നുള്ള ചോദ്യത്തിനു മറുപടി കിട്ടും മുൻപേ..
പോലീസ് എത്തി അവരേ രണ്ടു പേരെയും കൊണ്ട് പോകുന്നു..

അമ്മാവന് പരാതിയില്ല എന്ന് പോലീസ് ഹോസ്പിറ്റലിൽ മൊഴി എടുക്കാൻ പോയപ്പോൾ അയ്യാൾ മൊഴി കൊടുത്തു..
പക്ഷേ...
അതൊരു കെണി ആയിരുന്നുവെന്ന് മറ്റാരേക്കാളും വേണിക്കും.. അമ്മുവിനും മനസിലായിരുന്നു..
സ്റ്റേഷനിൽ നിന്നും ഇറങ്ങി രാത്രിയിൽ പുറത്ത് ഇറങ്ങിയ അവർ വീണ്ടും എന്റെ മുന്നിൽ വരുന്നു...
ഞാൻ ഓടിക്കുന്ന ഓട്ടോക്ക് കൈ കാണിക്കുന്നു..

"എങ്ങോട്ടാ.."
എന്റെ ചോദ്യം...

"അടുത്തുള്ള റെയിൽവേ സ്റ്റേഷൻ..."
മറുപടി വേണിയുടെയായിരുന്നു..

എസ് ഐ ടെസ്റ്റ്‌ പി എസ് സി എഴുതി നിൽക്കുന്ന സമയത്തു ഓട്ടോ ഓടിക്കൽ ആയിരുന്നു തൊഴിൽ..

"റെയിൽവേ സ്റ്റേഷനിൽ ചെന്നിട്ട് എന്ത് ചെയ്യാനാ...
എങ്ങോട്ടാ പോണേ ഈ രാത്രിയിൽ.."
എന്റെ ചോദ്യം അവർ കേട്ടില്ല എന്ന് നടിച്ചു..

"എനിക്ക് ഒരു ജോലി വാങ്ങി തരുമോ..."
ഒരു പരിചയവിമില്ലാത്ത ഒരു പെൺകുട്ടി എന്നോട് ചോദിക്കുന്നത് കേട്ട് ഉള്ളൊന്നു പിടച്ചു..

"ജോലി ഒന്നും വാങ്ങി തരാൻ എനിക്ക് കഴിയില്ല...
ഞാൻ വിവാഹം കഴിക്കാം വേണേൽ..
വീട്ടിൽ അമ്മയും ഞാനും മാത്രം...
ഇതാണ് തൊഴിൽ..
സമ്മതമാണേൽ..
നാളേ രാവിലെ കിടക്കത്താൽ ദേവി ക്ഷേത്രത്തിൽ വെച്ച് കഴുത്തിൽ താലി ചാർത്താം ഞാൻ..."

"എന്നെയും എന്റെ അനിയത്തിയേയും പൊന്നു പോലേ നോക്കുമോ..."
ആ മറുപടി എന്നേ ഞെട്ടിച്ചു....

"പട്ടിണിക്കിടില്ല..
സങ്കടപെടുത്തില്ല..
അത് വാക്ക് തരാം.."

"ഞങ്ങൾക്ക് ഇന്ന് രാത്രി ഒന്ന് ഉറങ്ങണം സ്വസ്ഥമായി.."
വേണിയുടെ മറുപടി കേട്ട് കണ്ണാടിയിലൂടെ അവരേ നോക്കി..

"അമ്മേ...
ഇതാണ് ഞാൻ കല്യാണം കഴിക്കാൻ പോകുന്ന പെണ്ണ്..
നാളേയാണ് കല്യാണം..
ഇന്ന് രാത്രി ഇവർ ഇവിടെ ഉറങ്ങട്ടെ..
എനിക്ക് ഓട്ടം ഉണ്ട്.."
ചിരിച്ചു കൊണ്ട് അമ്മയേ നോക്കി പറയുമ്പോ ചീത്ത വിളിക്കുമെന്നാണ് കരുതിയത്..

വേണിയുടെ വലതു കൈയ്യിൽ പിടിച്ചു അമ്മ അകത്തേക്ക് നടന്നു..
"വാ..മോളേ.."
അമ്മുവിനെ നോക്കി അമ്മ വിളിച്ചു..

ഈ സമയം തന്നേ വരുണിന്റെ മൊബൈൽ റിംഗ് ചെയ്തു..
ഓർമയിൽ നിന്നും പെട്ടന്ന് വരുൺ ഞെട്ടി ഉണർന്നു..
ചുറ്റിനും നോക്കി...
പിന്നെ മൊബൈൽ എടുക്കാൻ ഹാളിലേക്ക് നടന്നു..
ഹാളിൽ എത്തും മുൻപേ കാൾ കട്ട്‌ ആയി..

മൊബൈൽ എടുത്തു കാൾ ലിസ്റ്റ് പരിശോധിക്കും മുൻപേ കാൾ വീണ്ടും വന്നു..

"സാറേ..
ഇവിടെ ഒരു പയ്യൻ വന്നു ബഹളം വെയ്ക്കുന്നു..
ശ്രീമയിയേ കാണാണം ന്ന് പറഞ്ഞു..
ആ കുട്ടി വിളിച്ചു പറഞ്ഞിട്ട് വന്നതാണ് പോലും.."
അപ്പുറത്ത് അരുന്ധതിയുടെ ശബ്ദമായിരുന്നു..

"ഏത് പയ്യൻ ആണ്..
സ്റ്റേഷനിൽ കൂടെ ഉണ്ടായിരുന്ന പയ്യൻ ആണോ..."

"അല്ല..
വേറൊരു പയ്യൻ ആണ്.."

"പേര് ചോദിച്ചോ.."

"മ്മ്...
ഹരൻ എന്നാണ് പറഞ്ഞത്..."

"ഈ നേരത്ത് വിസിറ്ററേ അനുവദിക്കില്ല ന്ന് പറഞ്ഞേക്ക്.."

"അതൊക്കെ പറഞ്ഞു..
അകത്തു ശ്രീമയിയും അവനെ കാണണമെന്ന് പറയുന്നു.."

"ഈ നേരത്ത് ആരാ അവനെ അകത്തേക്കു കയറ്റി വിട്ടത്.."

"അറിയില്ല സാർ.."

"മ്മ്..."

"ഇന്ന് എന്തായാലും കാണാൻ പറ്റില്ലന്ന് പറഞ്ഞേക്ക് രാവിലെ കാണാമെന്ന് പറയൂ..
എന്നിട്ടും പറ്റിയില്ലേൽ ബലം പ്രയോഗിച്ചു പുറത്ത് ആക്കിയേക്ക്..."

"മ്മ്..
ശരി സാർ..."
അതും പറഞ്ഞു വരുൺ കാൾ കട്ട്‌ ചെയ്തു...

"ഇതാരാവോ പുതിയ അവതാരം.."
അതും പറഞ്ഞു വരുൺ വേണിയുടെ അടുത്തേക്ക് നടന്നു...
ലൈറ്റ് ഓഫ് ചെയ്തു വേണി കട്ടിലിൽ കിടന്നു വിതുമ്പുന്ന ശബ്ദം വരുണിന്റെ കാതിൽ അലയടിച്ചു...

"പെയ്തൊഴിയട്ടേ...
ഒന്നും പറയണ്ടായിരുന്നു.."
മനസ്സിൽ പറഞ്ഞു കൊണ്ട് വരുൺ വീണ്ടും ഹാളിലേക്കു വന്നു ടിവി ഓൺ ചെയ്തു റിമോട്ട് എടുത്തു കസേരയിലേക്ക് ചാരി കിടന്നു..
********************************************

പിറ്റേന്ന് രാവിലെ..
ഹോസ്പിറ്റൽ റൂം..

"വീണ്ടും ഒരു കൂടിക്കാഴ്ച വേണായിരുന്നോ.."
ശ്രീമയിയേ നോക്കി ഹരൻ ചോദിച്ചു..

ശ്രീമയി ചിരിച്ചു കൊണ്ട് കട്ടിലിൽ മെല്ലേ എഴുന്നേറ്റിരുന്നു..
തലയിണ ഒന്ന് പൊക്കി ചുമരിലേക്ക് ചാരി വെച്ചു കൊണ്ട് ഒന്നുടെ ഹരനെ നോക്കി ചിരിച്ചു..

"എന്തേ ചിരിക്കുന്നത്.."

"ഇവിടെ ഉണ്ടായിരിന്നോ നീ.."
ശ്രീമയി ചോദിച്ചു..

"മ്മ്..
ഇവിടാണ് ഇപ്പൊ വർക്ക്‌..
സൈറ്റ് മേനേജരെ സഹായിക്കുന്നു.."

"അപ്പൊ അസിസ്റ്റന്റ് മേനേജർ ല്ലേ.."
ഒന്നുടെ ചിരിച്ചു ശ്രീമയി..

"എന്റെ നമ്പർ.."
പാതിയിൽ നിർത്തി ഹരൻ ശ്രീമയിയേ നോക്കി..

"പഴയ നമ്പർ മറന്നിട്ടില്ല...
ഓർക്കാൻ ശ്രമിച്ചിരുന്നുമില്ല..
മാറാല കൂടു കൂട്ടിയിരുന്നു..
ഒന്ന് പൊടി തട്ടി എടുത്തു നോക്കി.."

"എന്തേ ഇപ്പൊ ഇങ്ങനെ ഒരു.."

"ഒന്നൂല്യ...
കാണാൻ തോന്നി..
പെട്ടന്നെങ്ങാനും ഞാൻ തട്ടിപോയാൽ..
നീ അറിയാതെ പോയാലോ.."

"എന്ത്.."

"എന്റെ മരണം ന്നേ.."
പൊട്ടിച്ചിരിച്ചു കൊണ്ട് ശ്രീമയി പറഞ്ഞത് കേട്ട് ഹരൻ ഒന്ന് ഞെട്ടി..

"നീ ആളാകെ മാറി.."
ഹരൻ പതിയേ പറഞ്ഞു..

"മാറിയോ..."

"മ്മ്.."

"ശരിക്കും.."

"മ്മ്.."

"എന്താ മാറ്റം..."

"ഈ സ്വഭാവം തന്നേ.."

"സ്വഭാവത്തിന് എന്താ കുഴപ്പം..."

"നീ ഇങ്ങനെ ഒന്നുമല്ലായിരുന്നു..
ഇങ്ങനെ സംസാരിക്കാൻ അറിയില്ലായിരുന്നു..
വല്ലാതെ മാറി...
എടുത്തടിച്ചത് പോലുള്ള മറുപടി.."

"ബോറാണോ..."

"അങ്ങനെ അല്ല..
എന്തോ ഒരു..."
പാതിയിൽ നിർത്തി ഹരൻ..

"ഇങ്ങനെ തുറന്നു പറയാൻ കഴിഞ്ഞുവെങ്കിലെന്നു ഇടക്ക് ഞാനും ആലോചിക്കാറുണ്ട്.."

"എന്ത്..."
ഹരൻ ചോദിച്ചു..

"നിന്നോടുള്ള പ്രണയം..."
ശ്രീമയിയുടെ മറുപടി കേട്ട് ഹരൻ ഒന്ന് ചിരിച്ചു..

"തുറന്നു പറഞ്ഞിട്ട് വേണോ പ്രണയം മനസിലാക്കാൻ.. "

"പിന്നല്ലാതെ..."

"പറയാതെ അറിഞ്ഞത് കൊണ്ടല്ലേ..
ഇന്നും ശ്രീമയി എന്നോട് തന്റെ പ്രണയം പറയാതെ പോയത്.."

"ആര് പറഞ്ഞു.."

"ഞാൻ പറയുന്നു.."

"അത് നുണ.."

"എനിക്ക് ഹരനോട് പ്രണയമുണ്ടായിരുന്നുവെന്ന് എങ്ങനെ തോന്നി.."

"തന്റെ അച്ഛനും അമ്മാവനും എന്നേ തേടി..
എന്റെ നാട്ടിൽ വരുന്ന അന്ന്..."

"അച്ഛനും അമ്മാവനും വന്നുവെന്നോ...
എന്ന്.."
ഞെട്ടലോടെ ശ്രീമയി ചോദിച്ചു..

"എനിക്ക് അറിയില്ലായിരുന്നു..
നിനക്ക് എന്നോട് പ്രണയമുണ്ടായിരുന്നുവെന്ന്..
നിന്റെ അച്ഛൻ എന്നോട് പറയും വരേ...

നമ്മൾ ഒരേ ക്ലാസിൽ പഠിച്ചിട്ടുണ്ട് ഒന്ന് മുതൽ പത്തു വരേ..
ഒരാളുടെയും മുഖത്ത് നോക്കാത്ത..
ആരോടും ഒന്നും സംസാരിക്കാത്ത ഒരു പെൺകുട്ടി..
എല്ലാരേം പേടി..
ആൺകുട്ടികളേ നോക്കുകയേ ഇല്ല..
അവരുടെ നിഴൽ വെട്ടം കണ്ടാൽ ഓടി ഒളിക്കുന്ന വെള്ള ഷർട്ടും നീല പാവാടയുമിട്ട തൊട്ടാവാടി പെണ്ണിന്റെ മനസ്സിൽ..
ഞാൻ കൂടു കൂട്ടിയിരുന്നുവെന്ന്..."

"ഹരൻ..."
ശ്രീമയി മെല്ലേ വിളിച്ചു..

"എങ്ങനെ..
എന്ന്..
എപ്പോ..
ഒരുപാട് വട്ടം ആലോചിച്ചു നോക്കിയിട്ടുണ്ട് ഞാൻ..

പ്ലസ്‌ ടുക്കാരിയുടെ നോട്ട് ബുക്കിൽ..
എന്നോടുള്ള പ്രണയം വരികളായി പെയ്തിറങ്ങിയതും...
ഏഴാം ക്ലാസ് മുതൽ എന്നോടുള്ള ഇഷ്ടം..
ഞാൻ പോലും അറിയാതെ കൂടെ കൂട്ടിയിരുന്നു എന്നുള്ളതും..
എന്നേ ശരിക്കും ഞെട്ടിച്ചു കളഞ്ഞിരുന്നു.."

"എന്നേ കുറിച്ച് നീ എഴുതിയ..
അല്ല എനിക്ക് നൽകാനായി നീ എഴുതിയ വരികൾ..
നീ ആരുമറിയാതെ ഒളിപ്പിച്ചുവെങ്കിലും..
ഒരിക്കൽ കണ്ടെത്തിയത് നിന്റെ അച്ഛൻ തന്നേയായിരുന്നു..

രണ്ടു പെണ്മക്കളേ ചിറകിൻ കീഴിൽ ഒളിപ്പിച്ചു കൊണ്ട് നടന്ന നിന്റെ അച്ഛന് നിന്റെ മാറ്റം..
അത് ചിന്തിക്കാൻ പോലും സാധ്യമല്ലായിരുന്നു..
നീ പോലും അറിയാതെ എന്നേ തേടി നിന്റെ അച്ഛനും അമ്മാവനും വന്നതും...
പ്ലസ്‌ടു കഴിഞ്ഞു നല്ല മാർക്ക് ഉണ്ടായിട്ടും നിന്നേ രണ്ടു വർഷം പഠിക്കാൻ വിടാതെ ഇരുന്നതും..
നീ പോലും അറിയാതെ..
നിന്നെ അവർ അറിഞ്ഞു തുടങ്ങിയിരുന്നു..."
ഹരൻ പറഞ്ഞത് കേട്ട് ശ്രീമയി വാ പിളർന്നു നിന്നു പോയി..

ഈ സമയം വാതിൽ മെല്ലേ തുറന്നു അകത്തേക്കു കയറി വന്നവരേ കണ്ട് ശ്രീമയിയും ഹരനും ഞെട്ടി..

"അച്ഛൻ..."
ശ്രീമയി ഉള്ളിൽ പറഞ്ഞു..

കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top