മൗനനൊമ്പരം, Part 3

Valappottukal


രചന: ഉണ്ണി കെ പാർത്ഥൻ

കുറച്ചു നേരത്തെ സംഭാഷണത്തിനു ശേഷം ശ്രീമയി കാൾ കട്ട്‌ ചെയ്തു മെല്ലേ സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു..

"മായേ.."
വിച്ചു മെല്ലേ വിളിച്ചു..

"മ്മ്..."

"എന്തേ..."
ശ്രീമയി മെല്ലേ കണ്ണുകൾ തുറന്നു വിച്ചുവിനെ നോക്കി..
ഒരു ആശ്വാസം പോലേ..

"എവിടാ ഇറങ്ങുന്നത്..."
ശ്രീമയി ചോദിച്ചത് കേട്ട് വിച്ചു തല ചെരിച്ചു നോക്കി..

"അഗ്രഹാര..."

"താനോ..."
വിച്ചുവിന്റെ ചോദ്യത്തിന് ശ്രീമയി മറുപടി പറയാതെ നോട്ടം മാറ്റി..

"എപ്പോ എത്തും അഗ്രഹാര.."
ശ്രീമയി ചോദിച്ചു..

"പുലർച്ചെ എത്തും..
നാലോ.. അഞ്ചോ അതിനുള്ളിൽ.."

"അത്രേം നേരത്തെ എത്തോ.."
ശബ്ദത്തിൽ അൽപ്പം നിരാശ നിഴലിച്ചിരുന്നു ശ്രീമയിക്ക്..

"തനിക്ക് എന്തേലും പ്രശ്നമുണ്ടോ..."

"ഹേയ്...
ഇല്ല..."

"മ്മ്.."
കൂടുതൽ ഒന്നും ചോദിക്കാതെ വിച്ചു സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു..

"ഹെലോ..
സ്ഥലം എത്താറായി ന്ന് തോന്നുന്നു.."
ശ്രീമയി മെല്ലേ തട്ടി വിളിക്കുന്നത് കേട്ട് കൊണ്ടാണ് വിച്ചു കണ്ണുകൾ തുറന്നത്..

ബസ് നിർത്തിയിട്ടുണ്ട്..
ആളുകൾ ഓരോരുത്തരായി പുറത്തേക്ക് ഇറങ്ങുന്നുണ്ട്..
വിച്ചു വാച്ചിൽ സമയം നോക്കി..
നാല് നാൽപ്പത്..

"ഇടശ്ശേരി ആയിട്ടുള്ളു..
എനിക്ക് അഗ്രഹാര ആണ് ഇറങ്ങേണ്ടത്..
തനിക്കോ..."

"അഗ്രഹാര..."

"ആരാ ഉണ്ടാവുക പിക്ക് ചെയ്യാൻ.."

"ആരേലും ഉണ്ടാവും.."
ഒഴുക്കൻ മട്ടിലുള്ള മറുപടിയായിരുന്നു ശ്രീമയിയുടെ..

"തനിക്കു എവ്ടാണ് പോകേണ്ടത്..."

"എന്തിനാ അറിഞ്ഞിട്ട്.."
എടുത്തടിച്ചത് പോലേയുള്ള ശ്രീമയിയുടെ മറുപടി കേട്ട് വിച്ചു ഒന്ന് ഞെട്ടി...

"ഇവൾക്ക് വട്ടുണ്ടോ..."
വിച്ചുവിന് അങ്ങനെ ഒരു തോന്നൽ വരാതിരിന്നില്ല..

ബസ് വീണ്ടും മുന്നോട്ട് നീങ്ങി തുടങ്ങി..
ശ്രീമയി എന്തൊക്കെയോ ആലോചിച്ചു കൊണ്ട് പുറത്തേക്ക് നോട്ടം പായിച്ചു കൊണ്ടിരിന്നു..
സമയം അഞ്ചു കഴിഞ്ഞെങ്കിലും സ്ട്രീറ്റ് ലൈറ്റ്ന്റെ വെട്ടം പുലർച്ചക്ക് തടസം നില്കുന്നത് പോലേ തോന്നി ശ്രീമയിക്ക്..

"ഇറങ്ങുന്നില്ലേ.."
ബെർത്തിൽ നിന്നും തന്റെ ബാഗ് എടുത്തു തോളിൽ ഇട്ടു കൊണ്ട് വിച്ചു ചോദിച്ചത് കേട്ടാണ് ശ്രീമയി ഓർമയിൽ നിന്നും ഞെട്ടി ഉണർന്നത്..

വേഗം ചാടിയെഴുന്നേറ്റു..
ഒന്നുടെ പുറത്തേക്ക് നോക്കി..
പിന്നെ തന്റെ ബാഗും എടുത്തു വിച്ചുവിന് പിറകേ ഇറങ്ങി...

"ഡാ..."
നീട്ടിയുള്ള വിളി കേട്ട് വിച്ചു തിരിഞ്ഞു നോക്കി..

"ഹെലോ മാഡം സുപ്രഭാതണ്ട് ട്ടാ..."

"കിട്ടിബോധിച്ചു...
എങ്ങനെ ഉണ്ടായിരുന്നു യാത്ര.."
മാലിനി ചിരിച്ചു കൊണ്ട് ചോദിച്ചു..

"അമ്മയുടെ ഉറക്കം പോയി ല്ലേ..."
ബാഗ് ഒന്നുടെ തോളിലേക്ക് വലിച്ചു കേറ്റി കൊണ്ട് വിച്ചു പറഞ്ഞു..

"ഇതിപ്പോ മാസത്തിൽ രണ്ടു വട്ടം ഉള്ളതല്ലേ..
ഇന്ന് ഞാൻ കിച്ചണിൽ കേറില്ല..
വിശന്നാൽ നീ എന്തേലും ഓർഡർ ചെയ്തു കഴിച്ചോണം...
ഞാൻ പോയി സുഖായി കിടന്ന് ഒന്ന് ഉറങ്ങും.."
മാലിനി പറഞ്ഞത് കേട്ട് വിച്ചു ചിരിച്ചു..

"അപ്പൊ..
താൻ എങ്ങനെ പോകും..
ആരും വന്നിട്ടില്ല ലോ.."
വിച്ചു ശ്രീമയിയേ നോക്കി ചോദിച്ചു..

"കുഴപ്പമില്ല..
ബസ് ഉണ്ടാവും ന്ന് തോന്നുന്നു.."
ശ്രീമയി മറുപടി പറഞ്ഞു..

"ബസിൽ വെച്ച് പരിചയപെട്ടതാ..
ശ്രീമയി.."
വിച്ചു മാലിനിയേ പരിചയപെടുത്തി..

"എന്റെ അമ്മയാണ്.."
വിച്ചു ശ്രീമയിയേ നോക്കി പറഞ്ഞു...

ശ്രീമയി മാലിനിയേ നോക്കി ചിരിച്ചു..

"എവിടാ പോകേണ്ടേ..."
മാലിനി ചോദിച്ചു..

"പെരിയാർ മേട്..."

"ഓ..
അത്രേം ദൂരം പോണോ..."

"മ്മ്.."

"അല്ല...
എങ്ങനെ അങ്ങോട്ട് പോകും..
അവിടെ ഇന്നലെ ഉരുൾ പൊട്ടൽ മൂലം ആ പ്രദേശം മുഴുവനും ഒറ്റപെട്ടുന്ന് ന്യൂസിൽ പറയുന്നുണ്ടായിരുന്നത് കേട്ടല്ലോ..
മാത്രമല്ല അങ്ങോട്ടുള്ള യാത്രകൾ സർക്കാർ നിരോധിച്ചു കൊണ്ട് ഉത്തരവ് ഇന്നലെ രാത്രി തന്നേ ഇറങ്ങിയിരുന്നുലോ.."
മാലിനി പറഞ്ഞത് കേട്ട് വിച്ചു ഞെട്ടി..

"അപ്പൊ അതായിരുന്നു കാരണം ല്ലേ.."
വിച്ചു ശ്രീമയിയേ നോക്കി സ്വയം ചോദിച്ചു...

"മ്മ്..
അച്ഛൻ ഇന്നലെ രാത്രി വിളിച്ചു പറഞ്ഞിരുന്നു..
ഇപ്പൊ വിളിച്ചിട്ട് കിട്ടുന്നുമില്ല..
ഒരു വിവരോം അറിയാൻ കഴിയുന്നില്ല..."
ശ്രീമയി മാലിനിയേ നോക്കി പറഞ്ഞു..

"ഹേയ്...
ആളപായം ഒന്നും ഇത് വരേ റിപ്പോർട്ട്‌ ചെയ്തിട്ടില്ല..
ഞാൻ ഇന്ന് വെളുപ്പിന് കൂടെ ന്യൂസ്‌ നോക്കിയിട്ടാണ് വന്നത്..
പക്ഷേ പുറം ലോകവുമായി അവർക്ക് യാതൊരു ബന്ധവും ഇല്ല.."

"മ്മ്..
അച്ഛൻ പറഞ്ഞു..
ഇന്നലെ പിന്നെ ഒരുപാട് വട്ടം രാത്രി ഞാൻ ട്രൈ ചെയ്തു കിട്ടുന്നില്ലായിരുന്നു.."

"അപ്പൊ ഇനി എന്തു ചെയ്യും.."
ഇത്തവണ ചോദ്യം വിച്ചുവിന്റെ ആയിരുന്നു..

"ഹെല്പ് ലൈൻ നമ്പർ ഉണ്ട്..
അതിൽ വിളിച്ചു കാര്യം പറയാം...
അല്ലേൽ അടുത്തുള്ള പോലിസ് സ്റ്റേഷനിൽ ബന്ധപെടണം..
ഇവിടെ എവിടാ അടുത്ത് പോലീസ് സ്റ്റേഷൻ.."
ശ്രീമയി ചോദിച്ചു..

"വരൂ ഞങ്ങൾ അവിടെ വിടാം.."
മാലിനി പറഞ്ഞു..

"ഹേയ് വേണ്ടാ..
ഞാൻ ഒരു ഓട്ടോ പിടിച്ചു പൊയ്ക്കോളാം.."

"മോള് വായോ ന്നേ..
ഒറ്റയ്ക്ക് വെളുപ്പിന്..
ഇങ്ങനെ ഒരു യാത്ര വേണ്ടാ..
ഞങ്ങൾ കൊണ്ട് വിടാം..
ഡാ..
വണ്ടി നേരെ സ്റ്റേഷനിലേക്ക് വിട്ടേക്ക്.."
വിച്ചുവിനെ നോക്കി മാലിനി പറഞ്ഞു..
വിച്ചു ഡ്രൈവിംഗ് സീറ്റിൽ കയറിയിരുന്നു..

"കേറ്.."
പിറകിലേ ഡോർ തുറന്നു കൊടുത്തു കൊണ്ട് മാലിനി ശ്രീമയിയേ നോക്കി പറഞ്ഞു...

ശ്രീമയി ഒന്ന് മടിച്ചു..

"പേടിക്കേണ്ട ന്നേ..
ഒറ്റക്കാക്കി പോയി ന്ന് എനിക്ക് തോന്നാതിരിക്കാൻ വേണ്ടി..
ഇന്നത്തെ കാലമല്ലേ..
കുറച്ചു കഴിഞ്ഞു മോശം വാർത്തകൾ അറിയരുത് ലോ.. അതാണ്..
പിന്നെ പെണ്ണായി പിറന്നും പോയില്ലേ നമ്മൾ.."

"ഹേയ്..
അങ്ങനെയുള്ള പേടിയൊന്നും എനിക്കില്ല..
സാഹചര്യങ്ങളോട് എനിക്ക് പെട്ടന്ന് പൊരുത്തപെടാൻ കഴിയാറുണ്ട്..
പെണ്ണായ് പിറന്നത് ഞാൻ അഭിമാനമായാണ് കാണുന്നത്..
പിന്നെ..
എന്നേ പ്രോട്ടക്ട് ചെയ്യാൻ എനിക്ക് കഴിയുമെന്ന് തന്നെയാണ് എന്റെ വിശ്വസം.."
അകത്തേക്ക് കയറി സീറ്റിൽ ഇരുന്നു കൊണ്ട് ശ്രീമയി പറഞ്ഞു..

മാലിനിയുടെ ചുണ്ടിൽ നേർത്ത പുഞ്ചിരി വിടർന്നു ..
ഒന്ന് ചെരിഞ്ഞു വിച്ചുവിനെ നോക്കി ഒന്നുടെ ചിരിച്ചു..

"ഒരുപാട് ദൂരം ഉണ്ടോ സ്റ്റേഷനിലേക്ക്.."

"ഹേയ് ഇല്ല...

വീട്ടിൽ ആരൊക്കെയുണ്ട് ശ്രീമയിക്ക്.."
മാലിനി ചോദിച്ചു..

"അച്ഛൻ..
അമ്മ..
ചേച്ചി.."

"അച്ഛന് ന്താ കൃഷി ആണോ..
അവിടെ അങ്ങനെ ആണല്ലോ അതോണ്ട് ചോദിച്ചതാ.. "

"മ്മ്..
കുടിയേറ്റ കർഷകര് ആണ്..
അച്ഛന്റെ പൂർവികർ..
അത് അച്ഛനും പിന്തുടർന്നു പോരുന്നു.."

"എന്നിട്ടും..
ഒരു സാമ്യം ഇല്ല ലോ ഭാഷക്ക്.."
ചിരിച്ചു കൊണ്ട് മാലിനി ചോദിച്ചു..

"ഭാഷ..
പൊതുവെ ഇങ്ങനെ തന്നെയാണ്..
വീട്ടിൽ ചിലപ്പോൾ ഇങ്ങനെ സംസാരിക്കുന്നത് കൊണ്ടാവാം.."

"ചേച്ചി എന്താ ചെയ്യുന്നേ.."

"നേഴ്‌സ് ആണ്..
ഡൽഹിയിൽ സെറ്റിൽഡ് ആണ്..
ചേച്ചി ഒരു മോൻ.. പിന്നെ ആൾടെ ഹസ്‌.."

"ശ്രീമയി എന്താ വർക്ക്‌ ചെയ്യുവാണോ..."

"അല്ല..
പഠിക്കുന്നു..
ബി എസ് സി നേഴ്സിംഗ്.."

"ഫസ്റ്റ് ഇയർ ആണോ.."

"മ്മ്..
അഡ്മിഷൻ കിട്ടി..
രണ്ടു മാസം ആയുള്ളൂ ക്ലാസ്സ്‌ തുടങ്ങിയിട്ട്.."

"റിലേറ്റിവ്സ് ന്റെ വീട്ടിൽ പോകാമായിരുന്നു ലോ..
അടുത്ത് ആരേലും ഉണ്ടോ.."

"അങ്ങനെ പറയത്തക്ക ആരുമില്ല..
ചേച്ചിയുടെ ഒരു ഇന്റർകാസറ്റ് മാരേജ് ആയിരുന്നു...
ബന്ധുക്കൾ അതോടെ എല്ലാരും അകന്നു..
ഞങ്ങളും അങ്ങോട്ട് പോകാറില്ല.."

"മ്മ്...
മോള് എന്തായാലും സ്റ്റേഷനിൽ ഒന്ന് റിപ്പോർട് ചെയ്യൂ..
അവർ ഏതെങ്കിലും ഷെൽട്ടർ റെഡിയാക്കി തരുമായിരിക്കും..
ഇല്ലേ..
നമുക്ക് ഏതെങ്കിലും ലേഡീഡ് ഹോസ്റ്റൽ നോക്കാം.."

"മ്മ്...
ഇവിടെ ഫ്രണ്ട്സിന്റെ വീടുണ്ട്..
പക്ഷേ അവരേ വിളിച്ചിട്ട് കിട്ടുന്നില്ല..
ഹോസ്റ്റലിലേ നമ്പർ വിളിച്ചിട്ട് എടുക്കുന്നുമില്ല.."

"വാ..
നമുക്ക് പോയി റിപ്പോർട്ട്‌ ചെയ്തിട്ട് വരാം.."
കാർ സ്റ്റേഷനിലെ പാർക്കിങ് ഏരിയയിൽ ഒതുക്കി നിർത്തി കൊണ്ട് വിച്ചു പുറത്തേക്ക് ഇറങ്ങി..
മാലിനിയും ശ്രീമയിയും പിറകേ നടന്നു..

"ഇൻസ്‌പെക്ടർ ഇല്ലേ.."
വിച്ചു സ്റ്റേഷന് മുന്നിൽ പാറാവ് നിന്ന പോലീസുകാരനോട് ചോദിച്ചു..

"ഇല്ല...
പരാതി എന്തേലും ആണേൽ..
ഉള്ളിൽ പറഞ്ഞാൽ മതി.."
ആ പോലീസുകാരൻ ഉള്ളിലേക്ക് നോക്കി പറഞ്ഞു..
അപ്പോളേക്കും ഒരു വനിതാ കോൺസ്റ്റബിൾ പുറത്തേക്ക് വന്നു..
അവരേ അടിമുടി നോക്കി...

"എന്തേ.."
നോട്ടത്തിലെ ഭാവം ശബ്ദത്തിൽ ഉണ്ടായിരുന്നില്ല...
സൗമ്യമായിരുന്നു ശബ്ദം...

"ഈ കുട്ടി ബാംഗ്ലൂർ ന്ന് വരുന്നതാണ്..
പെരിയാർ മേട് ആണ് വീട്..
അറിയാലോ..
അവിടത്തെ അവസ്ഥ..
ഈ കുട്ടിക്ക് ഹെല്പ് വേണം.."

"ഡീറ്റിയൽസ് വേണം..
എവിടന്ന് വരുന്നു..
എവ്ടാണ് പോകേണ്ടത്..
എല്ലാം കൃത്യമായി എഴുതി തന്നേക്കു..
നമുക്ക് മാർഗം ഉണ്ടാക്കാം..

ദാ..
പേപ്പറും പേനയും അവിടെ ഉണ്ട്.."
പരാതി എഴുതാനുള്ള സ്ഥലം ചൂണ്ടി കാണിച്ചു കൊണ്ട് കോൺസ്റ്റബിൾ അകത്തേക്ക് പോയി..

"ഇനി വേണേൽ നിങ്ങൾ പൊക്കൊളു ട്ടോ..
ഇനി ഇപ്പൊ ഇവരൊക്കെ ഉണ്ടല്ലോ..."
ശ്രീമയി മാലിനിയേയും വിച്ചുവിനെയും നോക്കി പറഞ്ഞു...

"ചെന്നിട്ടു ഉറങ്ങാൻ ആയിരുന്നു പ്ലാൻ..
അത് ഇച്ചിരി ലേറ്റ് ആയാലും നടക്കും.."
മാലിനി ശ്രീമയിയേ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു..

"ഇൻസ്‌പെക്ടർ എപ്പോളാ വരിക.."
പരാതി എഴുതികൊണ്ടിരിക്കുന്ന ശ്രീമയിയുടെ അടുത്ത് നിന്നും മുന്നോട്ട് വന്നു വിച്ചു പാറാവുകാരനോട് ചോദിച്ചു..

"ഇന്ന് ചിലപ്പോൾ നേരത്തെ വരും..
സമയം ആറര അല്ലെ ആയുള്ളൂ.. ചിലപ്പോൾ ഏഴ് മണിക്ക് ഉള്ളിൽ വരും..
മാത്രമല്ല അരുന്ധതി മാഡം വിളിച്ചു പറഞ്ഞിട്ടുണ്ട് നിങ്ങളുടെ കാര്യം.."

"അതേ..
നിങ്ങൾ രണ്ടാളും ഒരുമിച്ചാണോ ബാംഗ്ലൂർന്ന് വന്നത്.."
അരുന്ധതി പുറത്തു വന്നു അവരോടു ചോദിച്ചു..

"മ്മ്..
അതേ.."
പരാതി എഴുതുന്നത് നിർത്തി തല ഉയർത്തി കൊണ്ട് ശ്രീമയി പറഞ്ഞു..

"നിങ്ങളുടെ ടിക്കറ്റ് വേണം..."

"ഏത് ടിക്കറ്റ്.."
നെറ്റി ചുളിച്ചു കൊണ്ട് വിച്ചു ചോദിച്ചു..

"ബസിൽ യാത്ര ചെയ്ത ടിക്കറ്റ്..."

"ഞാൻ ഓൺലൈൻ ആണ് ബുക്ക്‌ ചെയ്തത്..
മൊബൈലിൽ ഡൌൺലോഡ് ചെയ്തിട്ടുണ്ട്.."
മൊബൈലിൽ നിന്നും ടിക്കറ്റ് ബുക്ക്‌ ചെയ്തത് കാണിച്ചു കൊടുത്തു വിച്ചു..

"ഇതിന്റെ ഡീറ്റിയൽ ഈ നമ്പറിൽ ഒന്നു വാട്സാപ്പ് ചെയ്തേക്കു.."
അരുന്ധതി വിച്ചുവിന് നമ്പർ പറഞ്ഞു കൊടുത്തു..

"തന്റെയോ..."
ശ്രീമയിയേ നോക്കി അരുന്ധതി ചോദിച്ചു...

"ഞാനും അങ്ങനെ തന്നേ ആണ് ബുക്ക്‌ ചെയ്തത്.."

"താനും ഈ നമ്പറിൽ വാട്സാപ്പ് ചെയ്തേക്കു..."

പരാതിയെഴുതി ശ്രീമയി അരുന്ധതിയേ ഏല്പിച്ചു തിരയും മുൻപ് സ്റ്റേഷന്റെ മുന്നിൽ പോലിസ് ജീപ്പ് വന്നു നിന്നു..
അതിൽ നിന്നും ഇൻസ്‌പെക്ടർ യൂണിഫോമിൽ ഒരു ചെറുപ്പക്കാരൻ ഇറങ്ങി...

വെട്ടിയൊതുക്കിയ മീശയും..
ഷേവ് ചെയ്ത മുഖവും..
താഴ്ത്തി വെട്ടിയ മുടിയും...
ഇരു നിറം..
കാണാൻ ഒരു ജെന്റിൽമാൻ ലുക്ക്‌..
സബ് ഇൻസ്‌പെക്ടർ..
വരുൺ കാളിദാസൻ..

ജീപ്പിൽ നിന്നും തൊപ്പിയെടുത്തു തലയിൽ വെച്ചു കൊണ്ട് വരുൺ മുന്നോട്ട് വന്നു.

പാറാവുകാരനും..
സ്റ്റേഷനിലെ മറ്റു പോലീസുകാരും സല്യൂട്ട് ചെയ്തു..

വലതു കൈ മെല്ലേ ഉയർത്തി..
അവരുടെ സല്യൂട്ടിനു മറുപടി കൊടുത്തു കൊണ്ട് വരുൺ മുന്നോട്ട് നടന്നു..

"ഇവരാണോ.."
ശ്രീമയിയേ നോക്കി വരുൺ ചോദിച്ചു..

"യെസ് സാർ.."
അരുന്ധതി മറുപടി കൊടുത്തു...

"ക്യാബിനിലേക്ക് വരാൻ പറയൂ.."
അതും പറഞ്ഞു വരുൺ ക്യാബിനിലേക്ക് നടന്നു..

"വരൂ.."
അരുന്ധതി ശ്രീമയിയേ വിളിച്ചു..
ശ്രീമയി മുന്നോട്ട് നടന്നു..
പിറകേ മാലിനിയും വിച്ചൂവും..

"ഇതിൽ ആരാ ശ്രീമയി ശശിധരൻ.."
മൊബൈലിൽ നിന്നും തലയുയർത്തി കൊണ്ട് വരുൺ മുഖമുയർത്തി ചോദിച്ചു..

"ഞാനാണ്..."

"അപ്പൊ ഇവരോ.."

"ഇത് വിഷ്ണു മുരളി..
എന്റെ കൂടെ ബാംഗ്ലൂർ മുതൽ അടുത്ത സീറ്റിൽ ഉണ്ടായിരുന്നു...
ഇത് വിഷ്ണുവിന്റെ അമ്മ മാലിനി..
വിഷ്ണുവിനെ പിക്ക് ചെയ്യാൻ വന്നതാ.."

"പെരിയാർ മേട് പോകണ്ട ആളെന്തിനാ ശ്രീപുരത്തേക്ക് ടിക്കറ്റ് എടുത്തത്...
ശ്രീപുരത്തേക്ക് ടിക്കറ്റ് എടുത്തിട്ട് ഇറങ്ങിയതോ..
അഗ്രഹാരയിലും.."
വരുണിന്റെ ശബ്ദത്തിൽ അൽപ്പം പരിഹാസമുണ്ടായിരുന്നു..

ശ്രീമയി അത് കണ്ടില്ലന്ന് നടിച്ചു..

"പെട്ടന്ന് വരണം ന്ന് വീട്ടിൽ നിന്നു വിളി വന്നു..
ആദ്യം കിട്ടിയ ബസിൽ ടിക്കറ്റ് എടുത്തു.."

"അങ്ങനെ അല്ല ലോ..
ഇതിന്റെ തൊട്ട് പിറകിൽ തന്റെ നാട്ടിലേക്കുള്ള ബസ് ഉണ്ടായിരുന്നു.."

"എനിക്കറിയില്ല..സാർ..
എന്റെ ലക്ഷ്യം എത്രയും പെട്ടന്ന് നാട്ടിൽ എത്തുക എന്ന് മാത്രം ആയിരുന്നു..

അല്ല സാർ ഇതൊക്കെ എന്തിനാണ് അന്വേഷിക്കുന്നത്..
എനിക്ക് എന്റെ നാട്ടിൽ എത്താൻ ഹെല്പ് ചോദിച്ചാണ് ഞാൻ ഇവിടെ വന്നത്..
അറിയാലോ...
എന്റെ നാട്ടിലേ അവസ്ഥ..
എന്റെ കുടുബത്തെ കുറിച്ച് ഒരു വിവരവുമില്ല..
പുലർച്ചയിൽ എപ്പോളോ അച്ഛൻ വിളിച്ചു നാട്ടിലേ കാര്യം എന്നോട് പറഞ്ഞത് കേട്ട് തകർന്നിരിക്കുവാ ഞാൻ..
പിന്നെ എനിക്ക് അവരേ കോൺടാക്ട് ചെയ്യാൻ കഴിഞ്ഞിട്ടില്ല..
സോഷ്യൽ മീഡിയ വഴി വരുന്ന വാർത്തകൾ കണ്ട്...
കൈയും കാലും തളരുവാ എനിക്ക്..
എനിക്ക് എന്റെ നാട്ടിൽ പോണം..
എന്റെ അച്ഛനെയും അമ്മയെയും കാണണം.."
ശ്രീമയിയുടെ ശബ്ദം ഉയർന്നു.

"ഡീ..
രാത്രി മുഴുവൻ ഒരുത്തന്റെ കൂടെ മദിച്ചു ആസ്വദിച്ചു നടന്നിട്ട്..
അതിന്റെ ആലസ്യം മാറിയപ്പോൾ 
പിറ്റേന്ന് രാവിലെ പോലീസ് സ്റ്റേഷനിൽ വന്നു വീട്ടിൽ കൊണ്ട് വിടാൻ പറഞ്ഞാൽ..
പോലീസ് സ്റ്റേഷൻ നിന്റെ തന്തക്ക് സ്ത്രീധനം  കിട്ടിയതല്ല മനസ്സിലായോടീ നിനക്ക്..."
വരുൺ പറഞ്ഞു തീർന്നതേ ഓർമയുള്ളൂ..
തൊട്ടടുത്ത് കിടന്ന കസേരയെടുത്തു ശ്രീമയി വരുണിന്റെ തല ലക്ഷ്യമാക്കി ആഞ്ഞു വീശി..

ഒഴിഞ്ഞു മാറാൻ കഴിയും മുൻപേ വരുണിന്റെ തലയിൽ കസേര ആഞ്ഞു പതിച്ചിരുന്നു..
വരുൺ പിന്നിലേക്ക് തെറിച്ചു വീണു..



കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top