എൻ പാതിയായി...

Valappottukal

രചന: ഇരുൾ

" എന്താ ഇനി ഞാൻ ചെയേണ്ടത് സർ ...? " നിറഞ്ഞു വന്ന മിഴികൾ തുടച്ചുകൊണ്ട് മെഹർ തനിക്ക് മുൻപിൽ ഇരിക്കുന്ന യുവാവിനെ നോക്കി ...... 

" റൈഹാൻ കുറച്ച് അധികം നാളുകളായി അവന്റെ പ്രിയപ്പെട്ട ടീച്ചറിനെ കുറിച്ചു പറയാൻ തുടങ്ങിയിട്ട് ...... ഉമ്മയോട് ഇങ്ങനെ വാ തോരാതെ പറയുന്നത് ആദ്യം വെറുതെ കേട്ടിരിക്കും എന്നല്ലാതെ അതിന് വലിയ പ്രാധാന്യം നൽകിയിരുന്നില്ല ഞാൻ ... " ഏറെ നേരത്തെ നിശബ്ദതയ്ക്ക് ശേഷം ഹൈദർ പറഞ്ഞു തുടങ്ങി ..... 

" ഓരോ ദിവസവും കഴിയുമ്പോഴും വീട്ടിൽ ഇല്ലാത്ത ടീച്ചറിന്റെ പേരാണ് എന്റെ വീടിന്റെ ഏതൊരു ഭാഗത്തു നിന്നും ഉയർന്നു കേൾക്കുന്നത് എന്ന് തോന്നി ..... ടീച്ചർ എന്ന് വിളിച്ചിരുന്ന അവൻ പിന്നെ ടീച്ചറുമ്മി എന്നായി വിളി ...... അപ്പോൾ തൊട്ട് എനിക്ക് ചില സംശയങ്ങൾ തോന്നിയെങ്കിലും വിട്ട് കളഞ്ഞു ..... കുറച്ച് ദിവസം മുൻപാണ് എന്റെ മടിയിൽ കേറിയിരുന്ന് ഒരു ചോദ്യം ... ''ടീച്ചറുമ്മിയെ അവന്റെ സ്വന്തം ഉമ്മിയാക്കി കൊടുക്കുമോ'' എന്ന് ... Lkgയിൽ പഠിക്കുന്ന എന്റെ മോന്റെ മനസ്സിൽ അങ്ങനെ ഒരു ചിന്ത എങ്ങനെ വന്നു എന്നായി പിന്നെ എന്റെ മനസ്സിൽ ... അതേപോലെ ഉമ്മ എന്നൊരു വ്യക്തിയുടെ അഭാവം അവന്റെ ഉള്ളിൽ ഇത്രയും വലിയ ഒരു വിടവ് ഉണ്ടാക്കിയിരുന്നു എന്ന് എനിക്ക് അറിയില്ലായിരുന്നു ...... ബിസിനെസ്സ് തിരക്കുകളിൽ പെട്ടപ്പോൾ അവനെ അധികം ശ്രദ്ധിക്കാനും സാധിച്ചിരുന്നില്ല ..... 

അവന്റെ ആവശ്യം കേട്ടപ്പോൾ ആദ്യം എനിക്ക് ദേഷ്യവും അതിലുപരി സങ്കടവും തോന്നി ..... ദേഷ്യം ആ കുഞ്ഞിന്റെ ഉള്ളിൽ ഇങ്ങനെ ഒരു ചിന്ത വരുവാൻ ടീച്ചർ ആണല്ലോ എന്നുള്ളതായിരുന്നു ..... ടീച്ചറിനെ അവൻ ഉമ്മി എന്ന് വിളിച്ചപ്പോൾ തന്നെ നിങ്ങൾ എന്തുകൊണ്ട് അവനെ തടഞ്ഞില്ല എന്ന് തോന്നി ..... പിന്നെ അവനു മുൻപിൽ ഒരു വാപ്പ എന്നാ നിലയിൽ ഞാൻ പരാജയപ്പെട്ടുവല്ലോ എന്നോർത്തപ്പോൾ സങ്കടവും ..... അതായിരുന്നു കഴിഞ്ഞ ദിവസം ഞാൻ ടീച്ചറിനോട് അങ്ങനെയെല്ലാം പറയുവാൻ കാരണം ..... അതെല്ലാം റൈഹാൻ കേൾക്കുമെന്ന് ഞാൻ അറിഞ്ഞിരുന്നില്ലാ ..... അത്‌ അവനിൽ ഉണ്ടാക്കിയ ആരോഗ്യപ്രശ്നങ്ങൾ ... അതെല്ലാം .... " ഹൈദർ വീണ്ടും മൗനം പൂണ്ടു ..... 

മെഹർ വളരെ ശ്രദ്ധയോടെ അവനേ കേട്ടിരുന്നു ..... 

" മരിച്ചു ജീവിച്ചതാണ് ഒരിക്കൽ ഞാൻ ... അതിൽ പ്രാണനായവളെ എനിക്ക് നഷ്ടപ്പെട്ടു ..... തിരികെ ലഭിച്ചത് പാതി ചത്ത ഒരു ശരീരവും പിന്നെ എന്റെ കുഞ്ഞിനേയുമാണ് ...... അവൾ ഇല്ലാത്ത ആ നാട്ടിൽ കഴിയാൻ സാധിക്കാത്തതുക്കൊണ്ടാണ് ഉമ്മയെയും റൈഹൂനേയും കൂട്ടി ഇവിടേക്ക് വന്നത് ...... അവനൊപ്പം ഞാനും പിച്ചവെച്ചു തുടങ്ങി. പതിയെ നഷ്ടപ്പെട്ട ആരോഗ്യവും ബിസിനെസ്സുമെല്ലാം തിരിച്ചുപിടിച്ചു ..... 

വീണ്ടും ഒരു നിക്കാഹ് ... അത്‌ പലകുറി ഉമ്മയും കൂട്ടുകാരുമെല്ലാം പറഞ്ഞപ്പോഴും റൈഹൂന് ഞാനും എനിക്ക് അവനും മതി എന്ന് തന്നെയായിരുന്നു എന്റെ ഉറച്ച തീരുമാനം ...... ഇപ്പോഴും അതിൽ യാതൊരു മാറ്റവും വന്നട്ടില്ല ..... പക്ഷെ ... അവനിൽ നിങ്ങൾ ഉണ്ടാക്കിയ സ്വാധീനം ... അത്‌ എന്നെ തോൽപ്പിക്കുകയാണ് ടീച്ചർ .... " 

മെഹർ തന്റെ കണ്ണുകൾ ഇറുക്കെ അടച്ചു ...... 

" ഞാൻ കാരണം ഇനി എത്ര പേർ വേദനിക്കണം അല്ലാഹ് ...? " അവൾ അറിയാതെ മനസ്സിൽ ചോദിച്ചുപോയി ..... 

അവളുടെ നിറഞൊഴുകുന്ന കണ്ണുകൾ കണ്ട് ഹൈദറിന് വല്ലാതെയായി ..... ഒരിക്കൽ അവളെ പലതും പറഞ്ഞു വേദനിപ്പിച്ചതാണ് ..... തന്റെ വാക്കുകളുടേ ഫലമെന്നോണം ലോങ്ങ്‌ ലീവ് എടുത്ത് ഇവിടെ നിന്നും പോകാൻ ഇരുന്നവളെ ഒരു വിധത്തിൽ തേടി കണ്ടുപ്പിടിച്ചത് ഹോസ്പിറ്റലിൽ തളർന്നു കിടക്കുന്ന ആ കുഞ്ഞു ജീവനെ ഓർത്താണ് ..... ഇന്നിപ്പോൾ ആ കണ്ണുകൾ വീണ്ടും നിറയുവാൻ കാരണം താൻ ആണല്ലോ എന്ന് ഓർത്തപ്പോൾ ഹൈദറിൽ അത്‌ വേദനയുണ്ടാക്കി ..... 

" ഞാൻ ഇവിടെ ജോയിൻ ചെയ്ത് വളരെ കുറച്ച് നാളുകൾ ആയതേ ഉള്ളൂ സർ ... റൈഹാനെ ആദ്യം കാണുമ്പോഴും പരിചയപ്പെടുമ്പോഴും മുപ്പത് കുട്ടികളിൽ ഒരുവൻ അത്ര മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളു ..... പക്ഷെ ... ഓരോ ദിവസവും കടന്ന് പോകുമ്പോഴും മറ്റു കുട്ടികളിൽ നിന്ന് വ്യത്യസ്തമായി അവൻ എന്നിലേക്ക് കൂടുതൽ അടുത്ത് ..... മുപ്പത് പേരും എന്റെ സ്വന്തമായി തന്നെ കാണുന്നത് കൊണ്ടു അവന് എന്നോടുള്ള അടുപ്പം .... അത്‌ അവനിൽ ഉണ്ടാക്കിയ മാറ്റങ്ങൾ ... അതെല്ലാം മറ്റൊരു രീതിയിലേക്കാണ് പോകുന്നതെന്ന് ഞാൻ മനസിലാക്കിയിരുന്നില്ല ...... പിന്നീട് ഒരിക്കൽ ' ഉമ്മി ' എന്ന് ആ കുഞ്ഞിവായിൽ നിന്ന് വീണപ്പോൾ ... ഒരിക്കലും എനിക്ക് ലഭിക്കാൻ സാധ്യതയില്ലാത്ത ഒന്ന് .... അവനിലൂടെ പടച്ചവൻ എനിക്ക് നൽകുകയാണോ എന്ന് എനിക്ക് തോന്നി പോയി .... " 

അവളുടെ വാക്കുകൾ ഹൈദറിൽ ന ടുക്കം സൃഷ്ടിച്ചു ...... ഒരിക്കൽ കൂടെ ആ വാക്കുക്കൾ അവന്റെ മനസിലൂടെ കടന്നു പോയി ..... 

""" ഒരിക്കൽ ഉമ്മ എന്ന് ആ കുഞ്ഞിവായിൽ നിന്ന് വീണപ്പോൾ... ഒരിക്കലും എനിക്ക് ലഭിക്കാൻ സാധ്യതയില്ലാത്ത ഒന്ന് ..... അവനിലൂടെ പടച്ചവൻ എനിക്ക് നൽകുകയാണോ എന്ന് എനിക്ക് തോന്നി പോയി .... """ 

" അപ്പോൾ അതിനർത്ഥം ....? " അവൻ അവളെ ഉറ്റുനോക്കി ...... 

അവൻ നോക്കുന്നത് കണ്ടപ്പോൾ അവൾക്ക് അവന്റെ മനസ്സിൽ ഉള്ള ചോദ്യം എന്തായിരിക്കുമെന്ന് മനസിലായി ..... പക്ഷെ അതിന് മറുപടി നൽകാൻ അവൾക്ക് ആ നിമിഷം തോന്നിയില്ല ...... 

" അവന്റെ ആ വിളി എന്നിൽ ഉണ്ടാക്കിയ വികാരങ്ങൾ എന്തെല്ലാമാണെന്ന് എനിക്ക് പറയാൻ അറിയില്ല ..... പക്ഷെ അവൻ അങ്ങനെ വിളിച്ചാൽ ഉണ്ടാകുന്ന ഭവിഷ്യത്തുകൾ ഞാൻ തീർച്ചയായും ചിന്തിച്ചിരുന്നു ..... സർ പറഞ്ഞല്ലോ ഞാൻ അവനെ തടഞ്ഞില്ല എന്ന് ..... തടഞ്ഞിരുന്നു സർ ... ' ഉമ്മി ' എന്ന് വിളിച്ചവനെ എന്ത് പറഞ്ഞു തിരുത്തും എന്ന് ഒരുപാട് ആലോചിച്ചു .... ഒടുവിൽ ആ പേരിനൊപ്പം ടീച്ചർ എന്നുകൂടി ചേർത്തോളൂ എന്ന് പറയുക അല്ലാതെ മറ്റൊന്നും എനിക്ക് സാധിക്കുമായിരുന്നില്ല ..... 
ഒരുതരത്തിൽ പറഞ്ഞാൽ ആ വിളി ഞാനും ആസ്വദിച്ചിരുന്നു ..... സ്വാർത്ഥതയാകാം. പക്ഷെ ഒരുപാട് ഇഷ്ടപ്പെട്ടുപോയി സർ .. എന്നോട് ക്ഷമിക്കണേ .... " മെഹർ കൈകൾ കൂപ്പി അവനു മുൻപിൽ .... 

ഹൈദർ പെട്ടെന്ന് ചുറ്റും നോക്കി ..... ഭാഗ്യത്തിന് ആ നേരം അവിടെ ആരും ഉണ്ടായിരുന്നില്ല ...... വർക്കിംഗ്‌ ഡേ ആയിരുന്നത് കൊണ്ടു റെസ്റ്റ്വാറന്റിൽ തിരക്ക് കുറവായിരുന്നു  ...... 

" ടീച്ചർ ... പ്ലീസ് ..... " അവൻ അവളെ വിളിക്കുന്നുണ്ട്... എങ്കിലും അവനെ നോക്കാതെ കരഞ്ഞുകൊണ്ടേയിരുന്നു ..... 

അവളുടെ എതിരെ ഇരുന്നിരുന്ന അവൻ ഒടുവിൽ അവളുടെ അടുത്തായി വന്നിരുന്നു ..... അവൾ കരച്ചിൽ നിർത്താൻ യാതൊരു ഉദ്ദേശവും ഇല്ല എന്ന് തോന്നിയപ്പോൾ അവൻ സ്വയമറിയാതെ അവളുടെ ചുമലിലേക്ക് തന്റെ കൈകൾ ചേർത്ത നിമിഷം അവൾ ആ കൈകളിൽ പിടിത്തമിട്ടു ..... 

" എന്നെ മോന്റെ അടുത്തേക്ക് കൊണ്ടുപോകുമോ ...? ഹോസ്പിറ്റലിൽ ആണെന്നല്ലേ പറഞ്ഞെ ..? അത്‌ അറിഞ്ഞപ്പോൾ തന്നെ അവിടേക്ക് പോകണം എന്ന് കരുതിയതാണ് ..... പക്ഷെ അവന്റെ അടുത്തേക്ക് ഇനി വന്നുപോകരുത് എന്ന് സർ പറഞ്ഞതുകൊണ്ടു മാത്രമാണ് ഞാൻ ... പ്ലീസ് സർ ... എന്നെ ഒന്ന് കൊണ്ടുപോകാമോ ...? ഒരിക്കൽ കൂടി .... ഒരിക്കൽ കൂടി കണ്ടിട്ട് ഞാൻ പൊയ്ക്കോളാം ... പ്ലീസ് .... " 

അവൾ പറയുന്നത് കെട്ട് ഹൈദർ പകച്ചിരുന്നുപോയി ..... സ്വന്തമല്ലാത്ത .....  ഒരു കുഞ്ഞിന് വേണ്ടി ഇത്രയും അധികം ആരെങ്കിലും കരയുമോ ...? വേദനിക്കുമോ ... ...? അവൻ ഹോസ്പിറ്റലിൽ ആണെന്ന് ഞാൻ പറഞ്ഞ നിമിഷം മുതൽ ആ കണ്ണുകൾ തോർന്നട്ടില്ല ...... അവളുടെ മുഖത്തേക്ക് അവൻ നോക്കി ..... ഒരുപാട് സമയം കരഞ്ഞതുകൊണ്ടാകണം ... കണ്ണുകൾ ചുവന്നു തടിച്ചിട്ടുണ്ട് ..... കവിളുകൾ  വിറകൊള്ളുന്നു ...... ചുണ്ടുകൾ ഇടക്ക് വിതുമ്പുന്നുണ്ട് ...... തന്റെ കൈയിൽ അമർത്തി പിടിച്ചിരിക്കുന്ന ആ കൈകളുടെ മുറക്കം വല്ലാതെ കൂടുന്നുണ്ടായിരുന്നു ...... ആ മുഖത്തു നോക്കി പറ്റില്ല എന്ന് പറയാൻ അവനെ കൊണ്ടു കഴിഞ്ഞില്ല ...... 

അവളെയും കൊണ്ടു അവൻ ചെന്നു റൈഹാനെ അഡ്മിറ്റ്‌ ചെയ്ത ഹോസ്പിറ്റലിലേക്ക് ...... റൂമിലേക്ക് നടക്കുമ്പോൾ പലയിടങ്ങളിലും മെഹറിന്റെ കാലുകൾ ഇടറുന്നുണ്ടായിരുന്നു ..... എതിരെ വന്ന ആളെ തട്ടി വീഴാൻ പോയ നിമിഷം ഹൈദർ അവളെ ചേർത്തുപിടിച്ചെങ്കിലും അവൾ അവനിൽ നിന്നും പിടഞ്ഞുകൊണ്ട് വിട്ടുമാറി നിന്നു ..... അവളുടെ ആ പ്രവർത്തി അവനേ ബാധിച്ചതേയില്ല...

റൂമിന്റെ അകത്തേക്ക് കയറിയപ്പോൾ കണ്ടു തളർന്നുറങ്ങുന്ന ആ പൈതലിനെ ... മെഹറിന്റെ തൊണ്ടക്കുഴിയിൽ ഒരു വേദന വന്നടിഞ്ഞു ..... തീർത്തും അസഹനീയ വേദന ... അവൾ വേഗത്തിൽ ആ കുഞ്ഞിന്റെ അടുത്തേക്ക് പാഞ്ഞു ...... അവന്റെ നെറുകയിൽ അരുമയായി തലോടി ..... 

" ടീച്ചറുമ്മി .... " 

ഉറക്കത്തിൽ തന്നെ ആണെങ്കിലും അവളുടെ ആ സ്പർശം പോലും ആ കുഞ്ഞു തിരിച്ചറിഞ്ഞു എന്നതിന് തെളിവായിരുന്നു ആ വിളി ..... 

" കുഞ്ഞാ .... " ഒരു പൊട്ടിക്കരച്ചിലോടെ മെഹർ ആ കുഞ്ഞിനെ എടുത്ത് തന്റെ മാറോടു ചേർത്തുപ്പിടിച്ചു ..... 

ഹൈദറും അവന്റെ ഉമ്മയും അത്ഭുതത്തോടെയാണ് ആ കാഴ്‌ച കണ്ടത് ..... 

ഹൈദറിന്റെ മനസ്സിൽ പിടിവലി നടക്കുകയിരുന്നു ..... ഇനി എന്ത് എന്നൊരു ചോദ്യം അവനെ ഉലച്ചുകൊണ്ടേയിരുന്നു ..... എന്നാൽ അതേ ചോദ്യത്തിന്റെ ഉത്തരമാണ് അവന്റെ മുൻപിൽ ഉള്ളതെന്ന് അവൻ തിരിച്ചറിഞ്ഞില്ലെങ്കിലും അവന്റെ ഉമ്മ സൈറ ബീഗം ആ നിമിഷം തന്റെ മനസ്സിൽ പല കണക്കുക്കൂട്ടലുകളും നടത്തിക്കഴിഞ്ഞിരുന്നു ... 

പിന്നീട് ആരോടും ഒരു അനുവാദവും ചോദിക്കാതെ മെഹർ റൈഹാന്റെ കൂടെ നിന്നു ...... തന്റെ ടീച്ചറുമ്മി ഉള്ളപ്പോൾ മറ്റാരും വേണ്ട പഹയന് എന്ന് ഉമ്മ കളിയായി പരാതി പറയുകയും ചെയ്തു ..... 

ഇതിനിടയിൽ മെഹർ ഒരു ഡിവോഴ്സി ആണെന്നും ..... ആർഭാഡപൂർവ്വം നടത്തിയ ഒരു വിവാഹത്തിന് ശേഷം കുട്ടികൾ ഉണ്ടാകാത്തത് അവളുടെ കുഴപ്പം കൊണ്ടാണെന്നു മുദ്ര കുത്തിയ ചെക്കന്റെ വീട്ടുകാർ ആ ബന്ധം ഒഴിയാൻ പല വിധത്തിൽ ശ്രമിക്കുകയും ഒടുവിൽ അതിൽ വിജയം കാണുകയും ചെയ്തുവെന്നും .....  സ്വന്തം വീട്ടിൽ നിന്നാൽ അതെല്ലാവർക്കും സങ്കടവും തന്റെ അനിയത്തിക്ക് താൻ കാരണം നല്ല ഒരു ജീവിതം ഉണ്ടാകില്ല എന്ന് കരുതി .... ഒരു ജോലി കണ്ടുപിടിച്ചു ഈ നാട്ടിലേക്ക് വന്നവതാണവൾ എന്നും ആ ഉമ്മ അവളിൽ നിന്നും തന്നെ മനസിലാക്കി ...... ഉമ്മയിലൂടെ ഹൈദറും ..... 

എന്നാൽ ഹൈദർ അറിയാതെ സൈറ ബീഗം മറ്റു പലതും ചെയ്തുകഴിഞ്ഞിരുന്നു  ...... തന്റെ മകന്റെ ജീവിതത്തിലും അതിലൂടെ ഒരു കുഞ്ഞി ജീവനും സന്തോഷം ലഭിക്കുന്നതിനായി തന്നെ കൊണ്ടാകുന്നതെന്തും ചെയ്യുമെന്ന് ആ ഉമ്മ ദൃഡനിശ്ചയമെടുത്തിരുന്നു ..... 

ഹൈദറിന്റെ നല്ല ഭാവി ആഗ്രഹിക്കുന്ന അവന്റെ കൂട്ടുകാരെ തന്നെ ഉമ്മ അതിനായി കൂട്ട് പിടിച്ചു ..... അവരിലൂടെ മെഹറിന്റെ കുടുംബത്തെ കണ്ടുപിടിച്ചു തന്റെ ആഗ്രഹം അറിയിച്ചു ..... ഇനി ഒരിക്കലും സന്തോഷമെന്നൊന്ന് തന്റെ മകളുടെ ജീവിതത്തിൽ ഉണ്ടാവുകയില്ല എന്ന് കരുതിയ ആ മാതാപിതാക്കൾക്ക് സ്വർഗം ലഭിച്ച പ്രതീതിയായിരുന്നു ...... 

അവരുടെ പൂർണ സമ്മതം ലഭിച്ചതോടെ മെഹറിന്റെയും ഹൈദറിന്റെയും മുൻപിൽ എല്ലാം അവതരിപ്പിച്ചപ്പോൾ പ്രതീക്ഷിച്ച പൊട്ടിത്തെറികൾ ഒന്നും തന്നെ രണ്ടുപേരുടെ ഭാഗത്തു നിന്നും ഉണ്ടായില്ല .... അവസാനം ഇങ്ങനെ ഒരു നിമിഷത്തിലേക്ക് വന്നെത്തിച്ചേരുമെന്ന് അവർ രണ്ടുപേർക്കും തോന്നിയിരുന്നു ...... എന്നാൽ ഇനി ഒരു നിക്കാഹ് എന്നൊരു ചോദ്യം രണ്ടുപേരുടെയും മനസ്സിൽ വന്നപ്പോൾ ആ ചോദ്യത്തിന്റെ ഉത്തരമെന്ന പോലെ റൈഹാന്റെ പുഞ്ചിരിക്കുന്ന മുഖം അവരുടെ മുന്നിലേക്ക് വന്നു ...... അവന്റെ സന്തോഷത്തിന് വേണ്ടി എന്തും ചെയ്യാൻ അവർ തയ്യാറായി ..... അതിന് വേണ്ടി ബലി കഴിക്കേണ്ടത് സ്വന്തം ജീവിതമാണെങ്കിൽ കൂടിയും ... 

അങ്ങനെ മന്നത് മൻസിലിൽ മെഹർ എന്ന മെഹർ സൈബ .... ഇറക്കത്തു വീട്ടിൽ ഹൈദർ അലി ഖാന്റെ മഹറിന് ഉടമായയായും റൈഹാൻ അലി ഖാന്റെ ഉമ്മയായും ആ വീട്ടിലേക്ക് ചുവടു വെച്ചു ...... 

സൈറ ബീഗത്തിന് ഒരു മകളായി ആ കുടുംബത്തിന് ചേർന്ന മരുമകളായി വളരെ വേഗത്തിൽ തന്നെ മെഹർ സ്ഥാനം പിടിച്ചു  ...... റൈഹാന്റെ കാര്യം പിന്നെ പറയണ്ടല്ലോ ..... ടീച്ചറുമ്മി എന്നും ഉമ്മി എന്നും മാറി മാറി വിളിച്ചുകൊണ്ട് അവളുടെ പുറകിൽ നിന്നും മാറില്ല ചെക്കൻ ... 

എന്നാൽ ഒരു ഭാര്യ എന്ന നിലയിലേക്ക് മാത്രം .... അതിലേക്ക് എത്തിച്ചേരാൻ മാത്രം അവളെക്കൊണ്ട് സാധിക്കുന്നുണ്ടായിരുന്നില്ല ...... എങ്കിലും അവളെ കൊണ്ടു കഴിയുന്നതുപോലെ റൈഹാനൊപ്പം ഹൈദറിന്റെയും കാര്യങ്ങൾ അവൾ നോക്കി ...... 

മകന്റെ ഓരോ ഭാവങ്ങളും വ്യക്തമായി മനസിലാക്കുന്ന ആ ഉമ്മയ്ക്ക് താനായി ചേർത്ത് വെച്ച ബന്ധത്തിലെ താളപിഴകൾ മനസിലാക്കാൻ അധികം താമസമൊന്നും വേണ്ടി വന്നില്ല ..... ഇങ്ങനെ തന്നെ വിട്ടുകൊടുത്താൽ ആയുസ് ഒടുങ്ങുന്ന വരെയും അവർ റൈഹാന്റെ ഉമ്മി - അബ്ബ എന്ന നിലയിൽ മാത്രം അവരുടെ ബന്ധം ഒതുങ്ങുമെന്ന് അവർക്ക് ബോധ്യപെട്ടു ...... ഇതിൽ ഒരു പരിഹാരം കാണാൻ അവർ തിരഞ്ഞെടുത്തത് ഹൈദറിന്റെ ഉറ്റ സുഹൃത്തും സൈക്കോളോജിസ്റ്റായ സുദീപിനെ തന്നെയാണ് ...... 

ആർക്കും പിടിക്കൊടുക്കാത്ത ഒരാൾ ആണ് ഹൈദർ ..... അല്പം കഷ്ടപ്പെട്ടിട്ട് ആണെങ്കിലും സുദീപ് അവന്റെ മനസ്സിലുള്ളത് പുറത്തെത്തിച്ചു ..... മെഹറിനെ സ്നേഹിക്കുന്നില്ലേ എന്ന  ചോദ്യത്തിന് തന്റെ കുഞ്ഞിനെ പൊന്ന് പോലെ നോക്കുന്നവളെ എങ്ങനെ സ്നേഹിക്കാതെയിരിക്കുമെന്ന ഒരു മറുചോദ്യമാണ് അവനിൽ നിന്നും ഉണ്ടായത്  ...... പ്രാണനായി കണ്ടവളുടെ അകാലത്തിൽ ഉണ്ടായ വിയോഗം ... അതിൽ നിന്ന് കരകയറാൻ ഒരുപാട് നാളുകളെടുത്തു ..... ഇനിയും അതുപോലെ ഒന്ന് സംഭവിച്ചാൽ ഒരിക്കലും അതിൽ നിന്നൊരു തിരിച്ചുവരവുണ്ടാവില്ല എന്നതാണ് അവന്റെ പ്രശ്നം എന്ന് സുദീപ് മനസിലാക്കി ..... 

പിന്നീട് കുറച്ചധികം സെഷൻസ് ..... മെഹറിനും ഹൈദറിനും...... രണ്ട് പേർക്കും ഒരുമിച്ചു സുദീപ് ഒരിക്കലും ഒരു സെഷൻ വെച്ചിരുന്നില്ല ...... എന്നാൽ അത്‌ അവൻ റൈഹാനിലൂടെ നേടിയെടുത്തു ...... സംസാരിക്കുമ്പോഴും രാത്രിയിൽ കിടക്കുമ്പോഴും ഉമ്മിയെയും അബ്ബയേയും തനിക്കൊപ്പം ഒരുമിച്ചു കൂട്ടണമെന്ന് സുദീപ് റൈഹാനെ ചട്ടം കെട്ടി ..... ആ കുഞ്ഞിന് ഒന്നും മനസിലായില്ലെങ്കിലും അവനെ ഏല്പിച്ച ജോലി അവൻ കൃത്യമായി തന്നെ ചെയ്തു .... രണ്ടു മുറികളിൽ കിടന്നിരുന്നവരെ ഒരു കട്ടിലിലേക്ക് കൊണ്ടു വരാൻ അവനെക്കൊണ്ട് സാധിച്ചു ...... 

റൈഹാന്റെ വാശിയും സുദീപിന്റെ സെഷൻസും സൈറ ബീഗത്തിന്റെ നിർബന്ധങ്ങളും ... അങ്ങനെ പലതും അവരെ കൂടുതൽ അടുപ്പിച്ചു ..... അവർ തമ്മിൽ നല്ല ഒരു സുഹൃത്ത് ബന്ധം ഉടലെടുത്തു ...... ദിവസങ്ങൾ ഓരോന്നായി കടന്ന് പോകുന്തോറും റൈഹാനെന്ന പോൽ മെഹറിൻ ഇല്ലാതെ ഹൈദറിന് ഒന്നിനും കഴിയാതെ വന്നു ... മെഹറിനും തിരിച്ചും ... 

പതിയെ വളരെ പതിയെ അവർ തമ്മിൽ അടുത്തു തുടങ്ങി ...... ഒടുവിൽ പരസ്പരം അറിഞ്ഞു ...... ആഴത്തിൽ തന്നെ ... ജീവിതത്തിൽ ഒരിക്കൽ പോലും അറിയാതെ ഇരുന്ന പ്രണയം എന്നാ മായാജാലത്തെ മെഹർ ആദ്യമായി അറിഞ്ഞു ...... ഇനി ഒരിക്കലും തന്റെ ജീവിതത്തിൽ ഉണ്ടാകില്ല എന്ന് കരുതിയ പ്രണയത്തെ ഹൈദറിന് തിരികെ ലഭിച്ചു ......
അങ്ങനെ ആ പ്രണയത്തിന്റെ ഫലമായി എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട്  മെഹറിന്റെ ഉദരത്തിൽ ജീവന്റെ ഒരു ചെറു തുടിപ്പ് രൂപംക്കൊണ്ടു  ...... വാർത്ത അറിഞ്ഞ റൈഹാൻ നിലത്തൊന്നുമായിരുന്നില്ല ..... അവന്റെ ഉമ്മിയെ അവൻ വാരിപ്പുണർന്നു ഉമ്മ വെച്ചു  ...... ഹൈദർ അവളുടെ കൈയിൽ മുറുകെ പിടിച്ച് കൂടെ തന്നെ ഉണ്ടായിരുന്നു  ...... 

അങ്ങനെ ഒരു ഡിസംബർ മാസ പുലരിയിൽ ഒരു പെൺകുഞ്ഞിനെ ജന്മം നൽകി മെഹർ ..... തന്റെ കുഞ്ഞനിയത്തിയെ ആർക്കും വിട്ടുകൊടുക്കില്ല എന്നാ പോലെ റൈഹാൻ കുഞ്ഞിന്റെ ഇടം വലം നിന്നു  ..... ആ കാഴ്‌ച കണ്ടു നിന്ന ഹൈദറിന് തന്റെ കുടുംബം പൂർണമായി എന്ന് തോന്നി ...... നിറമിഴികളോടെ മെഹറിനെ നോക്കിയപ്പോൾ അവളുടെ കണ്ണുകളും അവനിലായിരുന്നു  ..... 
അവളുടെ അരികിലായി വന്നിരുന്നു അവൻ ...... ക്ഷീണം നിറഞ്ഞ ആ മുഖത്തേക്ക് നോക്കി. 

" Thank you .... " ചുണ്ടുകൾ കൊണ്ടു ശബ്ദമില്ലാതെ അവൻ പറഞ്ഞു. 

അതുകണ്ടതും അവൾ ചിരിച്ചുകൊണ്ട് തന്റെ കണ്ണുകൾ ഒന്ന് ചിമ്മിയടച്ചു ..... 

തങ്ങൾക്കായി പടച്ചവൻ കരുതി വെച്ച ആ സ്വർഗത്തെ അവൻ ഇരുകൈകൾക്കൊണ്ട് ചേർത്തുപിടിച്ചു ..... എന്തൊക്കെ സംഭവിച്ചാലും ഈ കൈകൾ എന്നും ഈ സ്വർഗത്തെ കാത്തുസൂക്ഷിക്കുമെന്ന് കാരുണ്യവനെ സാക്ഷിനിർത്തി അവൻ മനസ്സിൽ പറഞ്ഞുറപ്പിച്ചു .... 

(അവസാനിച്ചു...) 

രചന: ഇരുൾ 🖤

കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top