അമാവാസി, മുഴുവൻ ഭാഗങ്ങൾ (4) ഒരുമിച്ചു
ഭാഗം: 1
രചന: സജി തൈപ്പറമ്പ്.
അമ്മേ... ജയേട്ടന് ടൗണിനടുത്ത് എവിടേക്കെങ്കിലും ഒരു വീടെടുത്ത് മാറണമെന്നുണ്ട്
മടിച്ച് മടിച്ചാണ് അമിദ, അമ്മയോട് അക്കാര്യം പറഞ്ഞത്.
ഇവിടെന്താ ഇപ്പോഴൊരു കുറവ്? അവനിവിടെ
ഉണ്ണാനുമുടുക്കാനുമില്ലേ? കിടക്കാൻ സൗകര്യമില്ലേ? നിങ്ങൾക്കുറങ്ങാൻ ഈ വീട്ടിലെ ഏറ്റവും വലിയ മുറിയല്ലേ തന്നിട്ടുള്ളത്, പിന്നെന്താ അവനിവിടെ പൊറുത്താൽ ,നിന്നെ കല്യാണമാലോചിച്ചപ്പോൾ ,
മരണം വരെ
ഈ തറവാട്ടിൽ തന്നെ താമസിച്ച് കൊള്ളാമെന്ന എഗ്രിമെൻ്റിലല്ലേ ?അവൻ നിന്നെ കല്യാണം കഴിച്ചത് ,അതിന് പ്രത്യുപകാരമായി കെട്ട് പ്രായം കഴിഞ്ഞ് നിന്നിരുന്ന അവൻ്റെ രണ്ട് പെങ്ങൻമാരെയാണ്, ഞാൻ പണവും പണ്ടവും കൊടുത്ത് കെട്ടിച്ചയച്ചത്,
എന്നിട്ട് അതൊക്കെ അവൻ മറന്നു പോയോ ?
ശാരദാമ്മ നീരസത്തോടെ ചോദിച്ചു.
അമ്മേ ഒന്ന് പതുക്കെ ,അത് മറ്റൊന്നുമല്ല ഇത്ര ദൂരം ,ജയേട്ടന്
ദിവസവും യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനാണ്
എങ്കിലവൻ, ടൗണിലുള്ള കടയിലേക്ക്
പോകേണ്ടെന്ന് പറ,
അതും കൂടി ഞാൻ ആനന്ദനെ ഏല്പിക്കാം ,അവനിവിടുത്തെ കൃഷിയും മറ്റും നോക്കട്ടെ, അതാവുമ്പോൾ യാത്ര ചെയ്യണ്ടല്ലോ?
അതമ്മേ.., ഡിഗ്രിക്കാരനായ ജയേട്ടനോട് എങ്ങനാ, ചെളിയിലിറങ്ങി പണി ചെയ്യാൻ പറയുന്നത് ?
ഓഹ് പിന്നേ... അതിലും വലിയ പഠിപ്പും പത്രാസുമുള്ളോരൊക്കെ
കൃഷി ചെയ്യുന്നു, പിന്നെയാ നിൻ്റെ ജയേട്ടൻ്റെയൊരു ഡിഗ്രി,,
ശാരദാമ്മ പുച്ഛത്തോടെ ചിറി കോട്ടി.
അത് മാത്രമല്ലമ്മേ.. കുട്ടികൾ വളർന്ന് വരുവല്ലേ? അവർക്ക് നല്ല വിദ്യാഭ്യാസം കൊടുക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം ,അതിന് പറ്റിയ സ്കൂളുകൾ ടൗണിലല്ലേ ഉള്ളത്
മ്ഹും,,, നിങ്ങൾക്ക് താമസം മാറണമെന്ന് അത്ര നിർബന്ധമാണെങ്കിൽ ഞാൻ തടയുന്നില്ല, ഇഷ്ടം പോലെയാവട്ടെ
മകൾ തീരുമാനത്തിലുറച്ച് തന്നെയാണെന്ന് മനസ്സിലായപ്പോൾ, ഗൗരവം വിടാതെ ശാരദാമ്മ സമ്മതം മൂളി.
പക്ഷേ അതിന് നല്ലൊരു തുക വേണം ,എൻ്റെ ഷെയറ് കിട്ടിയിരുന്നെങ്കിൽ ...
അമ്മയുടെ പ്രതികരണം താൻ പ്രതീക്ഷിക്കുന്നതിനുമപ്പുറമായിരിക്കുമെന്ന കണക്ക് കൂട്ടലിൽ തന്നെയായിരുന്നു അമിദ, രണ്ടും കല്പിച്ച് അത് ചോദിച്ചത് .
ഓഹ് അപ്പോൾ അതാണ് കാര്യം ,ഈ കാണുന്നതൊക്കെ ഞാനും എൻ്റെ ഭർത്താവും കൂടി നല്ലത് പോലെ അദ്ധ്വാനിച്ചുണ്ടാക്കിയതാണ് ,
അത് വെട്ടിമുറിച്ചിട്ട് നീയൊന്നു മങ്ങനെ ടൗണിൽ പോയി സുഖിച്ച് ജീവിക്കണ്ടാ ,
സ്വന്തമായിട്ടെന്തെങ്കിലുമുണ്ടെങ്കിൽ, പോയി വാങ്ങുകയോ, താമസം മാറുകയോ ആവാം, ഇനി ഈ പേരും പറഞ്ഞ് എൻ്റെയടുത്തേക്ക് വന്ന് പോകരുത്
ശാരദാമ്മയുടെ ശബ്ദമുയരുന്നത് കണ്ട് അമിദ പതിയെ അവിടുന്ന് പിൻവാങ്ങി
തൻ്റെ മരുമകന് താൻ ശബ്ബളമായി ഒന്നും കൊടുക്കാത്തത് കൊണ്ട് അവരുടെ കൈയ്യിൽ നീക്കിയിരിപ്പൊന്നുമുണ്ടാവില്ലെന്ന് ശാരദാമ്മയ്ക്ക് നല്ല ഉറപ്പുണ്ടായിരുന്നു
ആ നാട്ടിലെ പഴക്കം ചെന്ന തറവാടുകളിൽ സാമ്പത്തികമായി മുന്നോക്കം നില്ക്കുന്ന വീടായിരുന്നു ശാരദാമ്മയുടെ പഞ്ചമം എന്ന മണി സൗധം
അൻപതിലധികം തൂണുകളിൽ താങ്ങി നിർത്തിരിക്കുന്ന പഴയ കൊട്ടാരം പോലെയുള്ള ആ ബംഗ്ളാവിൽ ധാരാളം കിടപ്പുമുറികളും വലിയ ഹാളും ഡൈനിങ്ങ് റൂമും വിസിറ്റിങ് റൂമുമൊക്കെയുണ്ടായിരുന്നു
ഇരുനിലയിൽ പണിത ആ വലിയ വീട്ടിൽ വിധവയായ ശാരദാമ്മയും മക്കളായ ആനന്ദനും കുടുംബവും ,അമിദയും കുടുംബവും, ഇളയ മകൻ ആദിത്യനുമാണുള്ളത്
എല്ലാ സ്വത്തുവകകളും ശാരദാമ്മയുടെ പേരിൽ എഴുതി വച്ചിട്ടാണ് അവരുടെ ഭർത്താവ് മരണത്തിന് കീഴടങ്ങിയത്.
മക്കൾക്കെല്ലാവർക്കും തങ്ങളുടെ ഷെയറ് വാങ്ങി കുറച്ച് കൂടി സ്വതന്ത്രമായതും സൗകര്യപ്രദമായതുമായ നഗരജീവിതം തുടങ്ങണമെന്ന് ആഗ്രഹമുണ്ടെങ്കിലും, ശാരദാമ്മ ഒരിക്കലും അവരുടെ ആഗ്രഹങൾക്കായി തൻ്റെ സ്വത്തുക്കൾ പകുത്ത് നല്കാൻ തയ്യാറല്ലായിരുന്നു
മക്കളുടെ
ആവശ്യങ്ങൾക്കെല്ലാം വേണ്ട പണം, കൃത്യമായ കണക്ക് വച്ചിട്ടാണ്, അവർ നല്കി പോന്നത്.
ടൗണിലെ സിനിമാ തീയറ്ററും ഓഡിറ്റോറിയവും നോക്കി നടത്തുന്നത് മൂത്ത മകൻ ആനന്ദനാണ് ,അമിദയുടെ ഭർത്താവ് ജയകാന്തന്, പെട്രോൾ പമ്പിൻ്റെയും സൂപ്പർ മാർക്കറ്റിൻ്റെയും ചുമതലയാണ് ,ഇളയവനായ ആദിത്യന് മാത്രം, അവർ ഒരു ചുമതലയും കൊടുത്തിട്ടില്ല, കാരണം അയാളെ ഏല്പിച്ച റ്റുവീലർ ഷോറൂമും , ടെക്സ്റ്റൈൽസ് ഷോപ്പും ആദിത്യൻ്റെ കെടുകാര്യസ്ഥത കൊണ്ട് നഷ്ടപ്പെടുത്തിയതിന് ശേഷം, ശാരദാമ്മ അയാളോട് കൃഷിയിടത്തിൽ പോയി ട്രാക്ടറോടിക്കാൻ പറയുകയായിരുന്നു.
അമ്മയുടെ വാക്കിന് മറുവാക്ക് പറയാനുള്ള ധൈര്യം ചേട്ടനും ചേച്ചിക്കുമില്ലാത്തത് പോലെ തന്നെ, ആദിത്യനുമില്ലായിരുന്നു,
അത് കൊണ്ട് മാത്രമാണ് അയാൾ കടിച്ച് പിടിച്ച് പാടത്തും വരമ്പത്തും ഇഷ്ടമില്ലാത്ത തൊഴിലെടുക്കുന്നത്.
##################
അറിഞ്ഞോ?നിങ്ങളുടെ അനുജത്തി, രാവിലെ അമ്മയെ സോപ്പിടാൻ വേണ്ടി ചെന്നിരുന്നു
അത്താഴം കഴിഞ്ഞ്
ആനന്ദൻ മുറിയിലേക്ക് വന്നപ്പോൾ ഭാര്യ രാഗിണി,അയാളോട് ഏഷണി പറഞ്ഞു
അതെയോ ?എന്താ അവള് പറഞ്ഞത് ?
അവർക്ക് ടൗണിലേക്ക് താമസം മാറണമെന്ന്, അതിന്ഷെയറ് ചോദിക്കാനാണ് അവള് ചെന്നത്
എന്നിട്ട് അമ്മ എന്ത് പറഞ്ഞു ?
മ്ഹും ,പാലം കുലുങ്ങിയാലും കേളൻ കുലുങ്ങുമോ ?പണ്ട് നമ്മളോട് പറഞ്ഞത് തന്നെ അവരോട് പറഞ്ഞു, ഇനി മേലാൽ ഷെയറും ചോദിച്ച് ചെന്നേക്കരുതെന്ന്
ഹ ഹ ഹ,, അവൾക്കത് തന്നെ വേണം,നമ്മളോടൊന്നുമാലോചിക്കാതെ, സ്വന്തമായി വാങ്ങിച്ചെടുക്കാൻ പോയതല്ലെ?
ആനന്ദന് അത് കേട്ട് സന്തോഷമായി.
###################
ആദിച്ചേട്ടോ... നിങ്ങളിങ്ങനെ എത്ര നാളാണ് , ഒറ്റാംതടിയായിട്ട് നടക്കുന്നത്, ഒരു പെണ്ണൊക്കെ കെട്ടണ്ടെ ?
രണ്ടേക്കറ് കണ്ടത്തിൽ ട്രാക്ടറോടിച്ച് നിലമുഴുത് കഴിഞ്ഞ്, പോക്കറ്റിൽ നിന്ന് സിഗരറ്റടുത്ത് ചുണ്ടിൽ വച്ച് കത്തിക്കുന്ന, ആദിത്യനോട് പണിക്കാരൻ ഗോപു ചിരിച്ചു കൊണ്ട് ചോദിച്ചു.
ഓഹ് എന്ത് കാര്യത്തിനാ ,ഏതെങ്കിലുമൊരു പാവം പെണ്ണിനെ കൂടി കൊണ്ട് വന്നിട്ട്, പഞ്ചമത്തിലെ അടുക്കളയിലിട്ട് കരിയും പുകയും കൊള്ളിക്കാനല്ലേ? വല്ലപ്പോഴുമൊരു സിനിമയ്ക്ക് അവളേയും കൊണ്ട് പോകണമെങ്കിൽ പോലും, അമ്മേടെ മുന്നിൽ ചെന്ന് കൈ നീട്ടണം
ങ് ഹേ, അപ്പോൾ ആദിച്ചേട്ടൻ പെണ്ണ് കെട്ടുന്നില്ലെന്ന് തീരുമാനിച്ചോ?
ഹേയ് അങ്ങനെ സന്യസിക്കാനൊന്നും ഞാനില്ല, ഞാൻ നല്ലൊരു പെണ്ണിനെ കല്യാണം കഴിക്കും, പക്ഷേ അത് എൻ്റമ്മേടെ പതിനാറടിയന്തിരം കഴിഞ്ഞിട്ടാണെന്ന് മാത്രം
അത് പറയുമ്പോൾ ആദിത്യന് അമ്മയോടുള്ള പക എത്രത്തോളമുണ്ടെന്ന് അയാളുടെ മുഖഭാവത്തിൽ നിന്ന് ഗോപുവിന് മനസ്സിലായിരുന്നു.
രചന: സജി തൈപ്പറമ്പ്.