അമാവാസി, ഭാഗം - 4

Valappottukal



രചന: സജി തൈപ്പറമ്പ്.
പൊടുന്നനെ നീട്ടിയൊരു ഹോണടി കേട്ട് ആദിത്യൻ ഞെട്ടി തിരിഞ്ഞ് നോക്കി

കൂപ്പിൽ നിന്ന് തടി കയറ്റിവന്ന നീളൻ, പാണ്ടിലോറിക്ക് വളവ് തിരിയാൻ കഴിയാതെ, ആദിത്യൻ പാർക്ക് ചെയ്ത കാറ് തടസ്സമായി കിടന്നത് കൊണ്ടാണ്, ഡ്രൈവർ ഹോണടിച്ചത്

അയാൾ വേഗം ജാനകിയെ വിളിച്ച് കൊണ്ട്, കാറിലേക്ക് കയറി.

തനിക്ക് കൈവന്ന ഒരവസരം തട്ടിത്തെറിപ്പിച്ച ലോറിക്കാരനെ മനസ്സിൽ ശപിച്ച് കൊണ്ടാണ്, ആദിത്യൻ കാറ് മുന്നോട്ടെടുത്തത്.

അവസരങ്ങൾ ഇനിയും വരുമെന്നും, എങ്ങനെയെങ്കിലും ജാനകിയെ തൻ്റെ ജീവിതത്തിൽ നിന്നൊഴിവാക്കി, ഒരു പണക്കാരിയായ സുന്ദരിയെ തന്നെ വിവാഹം കഴിക്കണമെന്നും, അയാൾ ശപഥം ചെയ്തു.

തിരിച്ച് മലയിറങ്ങുമ്പോൾ നേരം ഇരുട്ടി തുടങ്ങിയിരുന്നു.

പഞ്ചമത്തിലെത്തുമ്പോൾ പൂമുഖത്ത് ചാര് കസേരയിൽ ശാരദാമ്മ ഇരിപ്പുണ്ടായിരുന്നു

കാറിൽ നിന്നിറങ്ങിയ ജാനകി അകത്തേയ്ക്ക് കയറിയപ്പോൾ ആദിത്യൻ കാറ് പാർക്ക് ചെയ്യാനായി ,ബംഗ്ളാവിൻ്റെ വലത് വശത്ത് സ്ഥിതി ചെയ്യുന്ന  പോർച്ചിലേക്കോടിച്ച് പോയി.

ഔട്ടിങ്ങ് എങ്ങനെയുണ്ടായിരുന്നു മോളെ ? അവൻ നിന്നോട് സ്നേഹത്തോടെയാണോ പെരുമാറിയത്‌?

ശാരദാമ്മയുടെ വാത്സല്യപൂർവ്വമായ പെരുമാറ്റത്തിൽ ജാനകിയുടെ മനസ്സ് നിറഞ്ഞു .

അതെ അമ്മേ.. എന്നോട് വെറുപ്പൊന്നും കാണിച്ചില്ല

അവൻ ആള് പാവമാണ് മോളെ ,ഇത്രയും വലുതായിട്ടും കാര്യ പ്രാപ്തിയായിട്ടില്ല 
എന്ന് മാത്രം,
അത് കൊണ്ടാണല്ലോ ?
ഏല്പിച്ച രണ്ട് ബിസ്നസ്സുകളും നശിപ്പിച്ച് കളഞ്ഞത്, 
ഇനി മോള് വേണം അവനെയൊന്ന് നേരെയാക്കാൻ, നിനക്കവനെക്കാളും നല്ല വിദ്യാഭ്യാസമുണ്ടല്ലോ ,
കഴിവില്ലെങ്കിലെന്താ? 
നിൻ്റെ അച്ഛനും അമ്മയും നിന്നെ നന്നായി പഠിപ്പിച്ചില്ലെ ,അത് തന്നെയാണ് നിനക്ക് കിട്ടിയ ഏറ്റവും നല്ല അനുഗ്രഹം, അവൻ വരുന്നുണ്ട് ,മോള് അകത്തേയ്ക്ക് പോയിക്കോളു

പുറമെ കാണുന്നത് പോലെയല്ല, ശാരദാമ്മയുടെ ഉള്ള് പൊള്ളയാണെന്ന് ജാനകിക്ക് തോന്നി .

പിറ്റേന്ന് രാവിലെ, സമയം കഴിഞ്ഞിട്ടും, പതിവ് പോലെ പത്രം വായിക്കാൻ ശാരദാമ്മയെ പൂമുഖത്തേയ്ക്ക് കാണാതിരുന്നപ്പോൾ, രാഗിണിയുടെ ഉള്ളിൽ ഉദ്വോഗം നിറഞ്ഞു

തള്ളേടെ കാറ്റ് പോയിക്കാണുമോ?

വെറുതെയൊന്ന് മനസ്സിൽ വിചാരിച്ച് കൊണ്ടാണ് മുകൾനിലയിലെ അവരുടെ മുറിയിലേക്ക് രാഗിണി ചെന്നത്

അടഞ്ഞ് കിടന്നിരുന്ന വാതിൽ മെല്ലെ  തള്ളി നോക്കിയപ്പോൾ അത് മലർക്കെ തുറന്നു, ശാരദാമ്മ കസേരയിൽ നിന്ന് ഊർന്ന് വീണത് പോലെ താഴെ കിടക്കുന്നു.

ഉത്ക്കണ്ഠയോടെ ഓടിച്ചെന്ന രാഗിണി, ശാരദാമ്മയെ പിടിച്ചുയർത്തുമ്പോൾ ,
അവർക്ക്
അനക്കമില്ലായിരുന്നു, 
മൂക്കിൽ നിന്നും 
ഒലിച്ചിറങ്ങിയ ചോര,
കട്ട പിടിച്ച് ചുണ്ടുകളിൽ ഉണങ്ങിപ്പിടിച്ചിരുന്നു.

ഹോസ്പിറ്റലിൽ എത്തിയപ്പോഴേക്കും അവർ മരിച്ചിട്ട് മണിക്കൂറുകളായെന്ന് പരിശോധിച്ച ഡോക്ടർ പറഞ്ഞു.

അസ്വാഭാവിക മരണത്തിന് മെഡിക്കൽ കോളേജ് 
പോലീസ് കേസ് ചാർജ്ജ് ചെയ്യുകയും ബോഡി പോസ്റ്റ്മോർട്ടത്തിനയക്കുകയും ചെയ്തു.

ശാരദാമ്മയുടെ ശവസംസ്കാരം കഴിഞ്ഞ് പിറ്റേ ദിവസം ഒരു പോലീസ് ജീപ്പ് പഞ്ചമത്തിൻ്റെ ,വിശാലമായ
മുറ്റത്ത് വന്ന് നിന്നു.

അതിൽ നിന്നിറങ്ങിയ Si ഉം ഒരു പോലീസുകാരനും കൂടി അകത്തേയ്ക്ക് വന്നപ്പോൾ ആനന്ദൻ ബഹുമാനത്തോടെ അവരോടിരിക്കാൻ പറഞ്ഞു

പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നിരുന്നു ,ശ്വാസതടസ്സമുണ്ടായത് കൊണ്ടാണ് മരണം സംഭവിച്ചത് ,അമ്മയ്ക്ക് എന്തെങ്കിലും അസുഖമുണ്ടായിരുന്നോ?

si ചോദിച്ചു.

ഉവ്വ് ഡോക്ടർ ,അമ്മ ഒരു ആസ്തമ രോഗിയായിരുന്നു, പക്ഷേ, ശ്വാസം മുട്ടുമ്പോൾ അമ്മ സ്ഥിരമായി കൈയ്യിൽ കരുതുന്ന സ്പ്രേ ഉപയോഗിക്കുകയും റിലാക്സാവുകയും ചെയ്യുമായിരുന്നു 

ഇന്നലെ പിന്നെന്താ? അമ്മ സ്പ്രേ ഉപയോഗിച്ചിരുന്നില്ലേ?

അതറിയില്ല സാർ അമ്മ തനിച്ചാണ് മുകളിലെ മുറിയിൽ കഴിയുന്നത്

മരിച്ചത് ആസ്തമ മൂർഛിച്ചിട്ടാണെങ്കിലും
ഇതൊരു അസ്വാഭാവിക മരണമായിട്ട് രജിസ്റ്റർ ചെയ്ത് പോയത് കൊണ്ട്, ഒരു പ്രാഥമിക അന്വേഷണം നടത്താതെ ഞങ്ങൾക്കീ
ഫയല് ക്ലോസ്സ് ചെയ്യാൻ കഴിയില്ല ,എന്തായാലും ഇവിടെ വരെ വന്ന സ്ഥിതിക്ക് അമ്മയുടെ മുറിയിൽ കൂടി ഒരു പരിശോധന നടത്തിയിട്ട് ഞങ്ങൾ പോകാം

ഓകെ സർ ,വരു.. ഞാൻ മുറി കാണിച്ച് തരാം

മുറിയിലെത്തിയ പോലീസുകാർക്ക് അസ്വാഭാവികമായി അവിടെ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും ആ മുറിയിലൊരിടത്തും സ്പ്രേ കുപ്പി കാണാതിരുന്നതിൽ ഒരു വല്ലായ്ക തോന്നി.

അമ്മയത് സ്ഥിരമായി മടിയിൽവച്ച് കൊണ്ടാണ് നടക്കാറുള്ളതെന്നല്ലേ പറഞ്ഞത് ,ഒരു പക്ഷേ പകൽ സമയത്ത് പാടത്തും പറമ്പത്തുമൊക്കെയായി നടന്ന സമയത്ത്, അത് നഷ്ടപ്പെട്ട് പോയതായിരിക്കാം

si ,ആനന്ദനോട് പറഞ്ഞു.

സംശയിക്കത്തക്കതായി ഒന്നുമവിടെ കാണാതിരുന്നത് കൊണ്ട്, കൂടുതൽ അന്വേഷണങ്ങളിലേക്ക് പോകാതെ, പോലീസ് ഫയല് മടക്കി.

ശാരദാമ്മയുടെ മരണത്തിൽ ജാനകിക്ക് മാത്രമേ ആ വീട്ടിൽ കുറച്ചെങ്കിലും വിഷമം തോന്നിയിരുന്നുള്ളു

ഒരാഴ്ച കഴിഞ്ഞപ്പോൾ ,പഞ്ചമത്തിലേക്ക് അഡ്വക്കേറ്റ് രവിശങ്കർ വന്നു .

ഞാൻ കുറച്ച് ദിവസമായി മുംബയിലായിരുന്നു ,ഇന്നലെ തിരിച്ചെത്തിയപ്പോൾ ഭാര്യ പറഞ്ഞാണ്  ശാരദാമ്മയുടെ മരണവിവരമറിയുന്നത് ,അത് കൊണ്ടാണ് ഞാൻ രാവിലെ തന്നെ ഇങ്ങോട്ട് വന്നത്, കഴിഞ്ഞ വർഷം ഏതാണ്ട് ഇതേ സമയത്ത് നിങ്ങളുടെ അമ്മ എന്നെ കാണാൻ വന്നിരുന്നു

ങ്ഹേ അതെന്തിനാണ് സാർ?

ആദിത്യനാണത് ചോദിച്ചതെങ്കിലും, മറ്റുള്ളവരുടെ മുഖത്തും ജിജ്ഞാസ നിറഞ്ഞ് നില്ക്കുന്നത് രവിശങ്കർ തിരിച്ചറിഞ്ഞു.

വില് പത്രം തയ്യാറാക്കാനായിരുന്നു ആ വരവ് ,മരണം മുന്നിൽ കണ്ടത് പോലെയായിരുന്നു അന്നവർ സംസാരിച്ചത് ,പെട്ടെന്നൊരു ദിവസം താൻ മരണപ്പെട്ടാൽ തൻ്റെ സ്വത്തിന് വേണ്ടി മക്കൾ പരസ്പരം അടി കൂടരുതെന്ന് അവർക്ക് നിർബന്ധമുണ്ടായിരുന്നു ,
അത് കൊണ്ട് സ്വത്തുക്കളെല്ലാം 
മൂന്ന് പേരുടെ പേരിലും പ്രത്യേകം എഴുതി വച്ചിട്ടുണ്ട്

ആർക്കൊക്കെ എങ്ങനെയൊക്കെയാ എഴുതി വച്ചിരിക്കുന്നത് ?

മക്കൾ മൂവരും അക്ഷമയോടെ ഒരേ സ്വരത്തിൽ ചോദിച്ചു.

ആനന്ദന് സിനിമാ തീയറ്ററും ഓഡിറ്റോറിയവും ,അമിദയ്ക്ക് പെട്രോൾ പമ്പും ,സൂപ്പർ മാർക്കറ്റും ,ആദിത്യനാണ് ഈ വീടും ടൗണിലെ ഷോപ്പിംഗ് കോംപ്ളക്സും എഴുതി വച്ചിരിക്കുന്നത്

എല്ലാവരുടെ മുഖത്തും സന്തോഷം നിറഞ്ഞു .

പിന്നെ , ഒരു കത്ത് കൂടി ശാരദാമ്മ എന്നെ രഹസ്യമായി ഏല്പിച്ചിട്ടുണ്ട് ,അത് ഒരിക്കലും തുറന്ന് വായിക്കരുതെന്നും അവരുടെ മരണശേഷം മക്കളുടെ കൈയ്യിൽ മാത്രമേ കൊടുക്കാവു എന്നും ,പുറത്ത് നിന്ന് മറ്റാരും ആ ലെറ്ററിലുള്ള വിവരങ്ങൾ അറിയരുതെന്നും പ്രത്യേകം പറഞ്ഞിരുന്നു, അത് കൊണ്ട് ഇതിലെ ഉള്ളടക്കം നിങ്ങൾ മക്കളെല്ലാവരും കൂടി ഇരുന്ന് വായിച്ചറിഞ്ഞോളു, ഞാൻ പോകുവാണ്

വക്കീൽ തിരിച്ച് പോയപ്പോൾ
ആനന്ദൻ കത്ത് തുറന്ന് അമിദയുടെ നേർക്ക് നീട്ടി

ഇത് നീ വായിക്കെടീ എനിക്ക് കണ്ണടയെടുക്കണം

അമിദ, എല്ലാവരും കേൾക്കെ കത്ത് വായിച്ചു.

എൻ്റെ മൂന്ന് മക്കളും അറിയാൻ

നിങ്ങളുടെയെല്ലാം മനസ്സിൽ ഞാനൊരു ശത്രുവിനെ പോലെയാണെന്നെനിക്കറിയാം
നിങ്ങൾ വളർന്ന് സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്തരായിട്ടും, നിങ്ങൾക്കൊക്കെ ഒരു കുടുംബമുണ്ടായിട്ടും, സ്വതന്ത്രമായി നിങ്ങളെ ജീവിക്കാൻ വിടാതെ, ഇപ്പോഴും ഞാനെൻ്റെ കാൽച്ചുവട്ടിൽ തന്നെ തളച്ചിട്ടിരിക്കുകയാണെന്ന ചിന്തയാണ് ,എന്നെ നിങ്ങളുടെ ശത്രുവാക്കിയതെന്നും എനിക്കറിയാം, പക്ഷേ ,നിങ്ങൾ കരുതുന്നത് പോലെ, നിങ്ങളെ ഞാൻ എൻ്റെ വരുതിക്ക് നിർത്തുകയായിരുന്നില്ല, മറിച്ച് ഏതൊരമ്മയെയും പോലെ, സ്വന്തം മക്കൾ എപ്പോഴും കൂടെയുണ്ടാവണമെന്ന ആഗ്രഹം കൊണ്ട് ,ഞാനെൻ്റെ ചിറകിനടിയിൽ നിങ്ങളെ ചേർത്ത് വയ്ക്കുകയായിരുന്നു, 
മരണം വരെ നിങ്ങളെൻ്റെ കൂടെ ഉണ്ടാവണമെന്ന സ്വാർത്ഥ താത്പര്യം ഒന്ന് കൊണ്ട് മാത്രമായിരുന്നു, നിങ്ങൾക്ക് ഞാൻ ശബ്ബളം തരാതിരുന്നതും, നിങ്ങളുടെ പേരിൽ സ്വത്തുക്കളൊന്നും എഴുതി തരാതിരുന്നതും, പക്ഷേ എൻ്റെ പെരുമാറ്റങ്ങൾ നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടെന്നും, ഞാനൊന്ന് മരിച്ച് കാണാൻ നിങ്ങളെല്ലാവരും ആഗ്രഹിക്കുന്നുണ്ടെന്നും, എനിക്ക് മനസ്സിലായി തുടങ്ങിയപ്പോഴാണ്, എനിക്ക് മരണഭയം ഉണ്ടായത്, പക്ഷേ ഞാൻ തകർന്ന് പോയത് അപ്പോഴല്ല, ഞാൻ നൊന്ത് പ്രസവിച്ച എൻ്റെ മൂന്ന് മക്കളിൽ ഒരാൾ, എന്നെ കൊല്ലാൻ ശ്രമിച്ചപ്പോഴായിരുന്നു ,അത് മുൻ കൂട്ടി അറിഞ്ഞത് കൊണ്ട് മരണത്തിൽ നിന്നും തലനാരിഴയ്ക്ക് ഞാൻ രക്ഷ പെട്ടെങ്കിലും, മരണം എൻ്റെ പിന്നാലെ തന്നെയുണ്ടെന്ന് എനിക്കറിയാമായിരുന്നു,
അത് കൊണ്ടാണ്, ഇനിയുമൊരു കൊലപാതകശ്രമം ഉണ്ടാകു ന്നതിന് മുൻപ്, ഈ വില് പത്രം തയ്യാറാക്കാൻ ഞാൻ വക്കീലിനെ സമീപിച്ചത്, ഇപ്പോൾ എന്നെ കൊല്ലാൻ ശ്രമിച്ചതാരാണെന്ന്, നിങ്ങളിൽ രണ്ട് പേർ ചിന്തിക്കുന്നുണ്ടാവും,
അത് ഞാനാരോടും പറയില്ല ,കാരണം അയാളെയായിരുന്നു, ഞാനേറ്റവും അധികം സ്നേഹിച്ചിരുന്നത് ,
നാളെ നിങ്ങളെൻ്റെ സ്ഥാനത്ത് വരുമ്പോഴെ, ഞാനെന്ത് കൊണ്ടാണ് ഇങ്ങനെ ആയിപോയതെന്ന് നിങ്ങൾക്ക് മനസ്സിലാകും ,
എനിക്കൊരപേക്ഷ മാത്രമേയുള്ളു, നിങ്ങൾ സഹോദരങ്ങൾ ഒരിക്കലും വഴക്കിടരുത്, എന്നും സ്നേഹത്തോടെ വേണം കഴിയാൻ, എല്ലാവർക്കും നന്മ മാത്രം ആശംസിച്ച് കൊണ്ട് നിർത്തട്ടെ ,

             എന്ന്

             മക്കളെ ഭ്രാന്തമായി          സ്നേഹിച്ച  ഒരമ്മ..

ഇടർച്ചയോടെയാണ് അമിദ കത്ത് വായിച്ച് നിർത്തിയത്, ആനന്ദൻ്റെ കണ്ണുകൾ നിറഞ്ഞിരുന്നു, ഒന്നും മിണ്ടാതെ തല കുനിച്ചിരുന്ന ആദിത്യൻ, പെട്ടെന്നെഴുന്നേറ്റ് പുറത്തേയ്ക്ക് പോയി.

ഉമ്മറത്തെ പടർന്നു പന്തലിച്ച് നില്ക്കുന്ന ബുഷ് ചെടികൾക്കിടയിൽ, അയാൾ എന്തോ പരതി

കുറച്ച് കഴിഞ്ഞപ്പോൾ, അയാളത് തപ്പിയെടുത്തു.

കഴിഞ്ഞയാഴ്ച ശാരദാമ്മ മരിക്കുന്ന ദിവസം രാത്രിയിൽ തൻ്റെ മുറിയുടെ മുന്നിൽ കൂടി, നടന്ന് പോകുകയായിരുന്ന ആദിത്യനെ, അവർ മരണവെപ്രാളത്തോടെ വിളിച്ചു.

ആദീ... എനിക്ക് ശ്വാസം മുട്ടല് കൊണ്ട് ഇരിക്കുന്നിടത്തു നിന്ന് അനങ്ങാൻ പോലും വയ്യ, ഞാനെൻ്റെ സ്പ്രേ ആ ഡ്രോയറിനുള്ളിലേക്ക് വച്ചു, അതൊന്ന് എടുത്ത് താടാ

നെഞ്ച് തടവിക്കൊണ്ട് ശ്വാസം കിട്ടാതെ പിടയുന്ന അമ്മയെ നോക്കി, ഒരു നിമിഷം ആലോചിച്ച് നിന്നിട്ട്, അയാൾ അകത്ത് കയറി ഡ്രോയറിനുള്ളിൽ നിന്നും സ്പ്രേ കൈയ്യിലെടുത്ത് കൊണ്ട് ,അവരുടെ അരികിലേക്ക് വന്നു.

ഈ സ്പ്രേ ഞാൻ നിങ്ങൾക്ക് തന്നാൽ നിങ്ങൾ ഇനിയും ജീവിച്ചിരിക്കും, പക്ഷേ നിങ്ങൾ എത്രയും വേഗം മരിക്കണമെന്നാണ് ഞാനും, മറ്റുള്ളവരും ആഗ്രഹിക്കുന്നത്, ഒരു പണക്കാരിയായ പെൺകുട്ടിയെ വിവാഹം കഴിച്ച് അന്തസ്സായി ജീവിക്കേണ്ട എൻ്റെ തലയിലേക്ക്, നിങ്ങൾ ഞാനകിയെന്ന ഭാണ്ഡമെടുത്ത് വച്ച് തന്നു, എനിക്കവളെ എങ്ങനെയെങ്കിലും ഒഴിവാക്കണം, നിങ്ങൾ ജീവിച്ചിരുന്നാൽ അത് നടക്കില്ല,
നിങ്ങൾ മരിക്കേണ്ടത്, ഇപ്പോൾ എൻ്റെയൊരാവശ്യമാണ്, അത് കൊണ്ട്, ഈ സ്പ്രേ ഞാൻ കൊണ്ട് പോകുവാണ്

അന്ന് രാത്രി സ്പ്രേയുമായി പുറത്തിറങ്ങിയ ആദിത്യൻ, കതക് വലിച്ച് അടച്ചിട്ട് , ബാൽക്കണിയിൽ നിന്ന് കൊണ്ട് സ്പ്രേ പുറത്തേയ്ക്ക് വലിച്ചെറിയുകയായിരുന്നു.

താനന്ന് വലിച്ചെറിഞ്ഞ സ്പ്രേ കുപ്പി, അയാളുടെ കൈയ്യിലിരുന്നു വിറച്ചു.

സ്വന്തം അമ്മയെ കൊന്ന തനിക്കിനി, അവർ തന്ന ഈ വീട്ടിൽ കഴിയാൻ അർഹതയില്ലെന്നും, തൻ്റെ സ്ഥാനം ജയിലറയാണെന്നും മനസ്സിലാക്കിയ ആദിത്യൻ, അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് വേഗം നടന്നു.

വർഷങ്ങൾ കടന്ന് പോയി,

ഇന്ന് ആദിത്യൻ ശിക്ഷ കഴിഞ്ഞ് ജയിൽ മോചിതനാവുകയാണ് ,നീണ്ട നാളത്തെ ജയിൽവാസം അയാളെ പുതിയൊരു മനുഷ്യനാക്കിയിരുന്നു

ശിക്ഷ കഴിഞ്ഞ്, സെൻട്രൽ ജയിലിന് പുറത്തേയ്ക്കിറങ്ങി വന്ന ആദിത്യനെ സ്വീകരിക്കാൻ ജാനകിയും അവരുടെ മകനും കാറുമായി കാത്ത് നില്പുണ്ടായിരുന്നു

താനവളെ സ്നേഹിക്കാതിരുന്നിട്ടും
താനൊരു കൊലപാതകിയായിട്ടും തനിക്ക് വേണ്ടി ഞാനകി ഇപ്പോഴും കാത്തിരിക്കുന്നു എന്ന തിരിച്ചറിവായിരുന്നു പിന്നീട് ജാനകിയെയും മോനെയും ജീവന് തുല്യം സ്നേഹിക്കാൻ അയാളെ പ്രേരിപ്പിച്ചത് .
ഒരുമിച്ച് വായിച്ചു ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യണേ, ലൈക്ക് കമന്റ് ചെയ്യണേ...
അവസാനിച്ചു.

രചന: സജി തൈപ്പറമ്പ്.
കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top