അമാവാസി, ഭാഗം -2

Valappottukal




രചന: സജി തൈപ്പറമ്പ്.
അങ്ങോട്ട് കുനിഞ്ഞ് നിന്നിട്ട് നിലം നന്നായിട്ട് അമർത്തിത്തുടയ്ക്കെൻ്റെ രാഗിണീ... നീയിങ്ങനെ കാല് കൊണ്ട് നൃത്തം ചവിട്ടിയാലൊന്നും ചളി പോകില്ല

മൊസൈക്ക് തറ തുടച്ച് കൊണ്ടിരുന്ന മരുമകളെ കുറ്റപ്പെടുത്തികൊണ്ട് വരാന്തയിലേക്ക് വന്ന ശാരദാമ്മ, ടീപ്പോയിലിരുന്ന പത്രമെടുത്ത് കൊണ്ട് ചാര് കസേരയിലേക്കമർന്നിരുന്നു.

ഈ തള്ളയ്ക്ക് നിലം തുടയ്ക്കാനും മുറ്റമടിക്കാനുമെങ്കിലും ഒരു ജോലിക്കാരിയെ വച്ച് കൂടെ? ബാക്കിയുള്ളവരെയിട്ട് ഇങ്ങനെ കഷ്ടപ്പെടുത്തണോ?

ഉള്ളിലെ അമർഷം രാഗിണിയുടെ അണപ്പല്ലുകൾക്കിടയിൽ പിറുപിറുപ്പായി ഞെരിഞ്ഞമർന്നു.

ഇനിയും മൂന്നാല് തലമുറയ്ക്ക് വെറുതെയിരുന്ന് തിന്ന് മുടിക്കാനുള്ള സ്വത്തുണ്ട് ഈ തറവാട്ടില് ,എന്നാലും ഒരു വേലക്കാരിയെ വയ്ക്കാൻ പറഞ്ഞാൽ തള്ള പറയും

ഇവിടുത്തെ ജോലികൾ ചെയ്യാൻ നിങ്ങള് രണ്ട് പെണ്ണുങ്ങള് തന്നെ ധാരാളമാണ്, അപ്പോൾ പിന്നെ വെറുതെയെന്തിനാ കണ്ടവളുമാർക്ക് മാസശബ്ബളം കൊടുക്കുന്നത്, പണ്ട് ഇക്കണ്ട ജോലികളൊക്കെ ചെയ്തത് ഞാനൊരുത്തി തനിച്ചായിരുന്നു,
അന്ന് ഞാനെൻ്റെ കെട്ട്യോനോട് വേലക്കാരിയെ നിർത്തിത്തരാനൊന്നും പറഞ്ഞിട്ടില്ല ,ഇപ്പോഴും നിങ്ങള് രണ്ടാള് ചെയ്യുന്ന ജോലി ഞാനൊറ്റയ്ക്ക് ചെയ്യും കാണണോ?

ആ വെല്ലുവിളിയിൽ മറ്റുള്ളവരുടെ നാവടപ്പിക്കാൻ അവർക്ക് നല്ല മിടുക്കായിരുന്നു ,പത്തിരുപത് കൊല്ലമായി, ആനന്ദേട്ടൻ തന്നെ ഇങ്ങോട്ട് താലികെട്ടി കൊണ്ട് വന്നിട്ട് ,നാല് പെൺമക്കളുള്ള ദിവാകരൻ്റെ മൂത്ത മകളെ പഞ്ചമത്തിലെ ശാരദാമ്മ തൻ്റെ മകന് വേണ്ടി ആലോചിച്ചപ്പോൾ, അയൽക്കാർക്കൊക്കെ തന്നോട് അസൂയയായിരുന്നു.

പെണ്ണിൻ്റെയൊരു ഭാഗ്യം കണ്ടില്ലേ? ഇനി  മുതൽ നിനക്ക് പഞ്ചമത്തിലെ മഹാറാണിയായി  കഴിയാമല്ലോ പെണ്ണേ?

അത് മാത്രമാണോ ? ഇവള് പഞ്ചമത്തിലേക്ക് പോകുന്നതോട് കൂടി,ദിവാകരേട്ടന് ഒരു കൈത്താങ്ങായില്ലേ ?അയാളുടെ ബാക്കി പെൺമക്കളെകൂടി ഇനി രാഗിണി വിചാരിച്ചാൽ കെട്ടിച്ചയക്കാൻ യാതൊരു പ്രയാസവുമുണ്ടാവില്ല

നാട്ടുകാര് തൻ്റെയും തൻ്റെ വീട്ടുകാരുടെയുമൊക്കെ സൗഭാഗ്യത്തെക്കുറിച്ച് വാചാലരായി.

അതൊക്കെ കേട്ടാണ് താനും സ്വപ്നങ്ങൾ നെയ്ത് തുടങ്ങിയത് ,പക്ഷേ ഇവിടെ വന്ന് കയറിയപ്പോഴല്ലേ മനസ്സിലായത്, അവർക്ക് വേണ്ടത് ഒരു മരുമകളെ മാത്രമായിരുന്നില്ല, അവരുടെ ആജ്ഞയ്ക്കനുസരിച്ച് ജീവിക്കുന്ന മിണ്ടാപ്രാണിയായ ജോലിക്കാരിയെ കൂടിയായിരുന്നെന്ന് ,അത് കൊണ്ട്  മനപ്പൂർവ്വമായിരുന്നു കഴിവില്ലാത്ത തൻ്റെ കുടുംബത്തിലേക്ക് തന്നെ, മകന് പെണ്ണന്വേഷിച്ച് അവർ വന്നത് ,എന്തൊക്കെ വിഷമങ്ങളുണ്ടായാലും വിവാഹപ്രായമെത്തി നില്ക്കുന്ന മൂന്ന് അനുജത്തിമാരുള്ള സ്വന്തം വീട്ടിലേക്ക്, താനൊരിക്കലും മടങ്ങിപ്പോകില്ലെന്ന ഉറപ്പും അവർക്കുണ്ടായിരുന്നു.

ആനന്ദേട്ടനോട് തൻ്റെ വിഷമങ്ങളെക്കുറിച്ച് പലപ്പോഴും പറഞ്ഞിട്ടുണ്ടെങ്കിലും അമ്മയെ എതിർക്കാനോ ചോദ്യം ചെയ്യാനോ ഉള്ള ത്രാണി, അങ്ങേർക്കില്ലായിരുന്നു.

എടീ... ഭാര്യേ ..ഇപ്പോൾ കുറച്ച് ബുദ്ധിമുട്ടുണ്ടെന്നേയുള്ളു,
അമ്മയെ അക്ഷരംപ്രതി അനുസരിച്ച് ഒന്നും മിണ്ടാതെ നിന്നാൽ ,ഭാവിയിൽ നമുക്ക് നമ്മുടെ ഷെയറും വാങ്ങി സ്ഥലം വിടാം ,പിന്നെ നമുക്ക് ആരെയും പേടിക്കാതെ ആഘോഷമായി ജീവിക്കാം,
അല്ലാതെ ഇപ്പോൾ എടുത്ത് ചാടി എന്തേലും മണ്ടത്തരം കാണിച്ചാൽ, അമ്മ നമ്മളെ ഇവിടുന്ന് വെറുംകൈയ്യോടെ പറഞ്ഞ് വിടും

തൻ്റെ ഭർത്താവ് തന്നോട് പറയുന്ന ന്യായം അതായിരുന്നു,

പക്ഷേ കുറച്ച് നാളായി അങ്ങേർക്കും മനസ്സിലായി തള്ളേടെ കാറ്റ് പോകാതെ ഒരു ചില്ലിക്കാശിൻ്റെ മുതല് അവർ ആർക്കും കൊടുക്കില്ലെന്ന് ,അത് കൊണ്ട് താനും കാത്തിരിക്കുന്നത് തള്ളയുടെ പുകയൊന്ന് കാണാൻ വേണ്ടി തന്നെയാണ്

എടീ കൊച്ചേ..ആ ഗേറ്റ് കടന്ന് വരുന്നത് ആരാന്ന് നോക്കിക്കേ?

മുൻവശത്തെ വലിയ ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ട് വരാന്തയിലിരുന്ന ശാരദാമ്മ, രാഗിണിയോട് വിളിച്ച് പറഞ്ഞു

അത് അക്കരെപ്പാടത്തെ കേളുവിൻ്റെ ഭാര്യ ചീരുവും അവരുടെ മോളുമാണ്

പുറത്തേയ്ക്ക് തലയിട്ട് നോക്കിയിട്ട് രാഗിണി പറഞ്ഞു

എന്താടീ,, ചീരു..നേരം വെളുക്കുന്നേന് മുന്നേ ഇങ്ങോട്ട് വന്നത് ,വല്ല കാശും കടം ചോദിക്കാനായിരിക്കുമല്ലേ?

ശാരദാമ്മ മുൻ വിധിയോടെ ചോദിച്ചു .

അല്ല കൊച്ചമ്മേ.. എനിക്കൊരു സങ്കടം ബോധിപ്പിക്കാനുണ്ടായിരുന്നു

അവരുടെ മുഖത്തെ നിസ്സഹായതയും തൊട്ടടുത്ത് തല കുമ്പിട്ട് നില്ക്കുന്ന മകളെയും കണ്ടപ്പോൾ ശാരദാമ്മയ്ക്ക് എന്തോ പന്തികേട് തോന്നി

എന്താണെങ്കിലും നീ കാര്യം പറയ് ,എന്നെ കൊണ്ട് സാധിക്കുന്നതാണെങ്കിൽ ഞാൻ തീർപ്പാക്കാം

അത് പിന്നെ, ,,, കൊച്ചമ്മേ... എൻ്റെ മോള് ജാനകി ഗർഭിണിയാണ്..

ചീരു ,വിതുമ്പിക്കൊണ്ടാണത് പറഞ്ഞത്.

ങ് ഹേ ,ആണോടി കൊച്ചേ... നിൻ്റെ തള്ള പറയുന്നത് നേരാണോ ?ആരാടീ നിൻ്റെ വയറ്റിലുണ്ടാക്കിയത്?

ശാരദാമ്മ നിർദ്ദയം അവളോട് ചോദിച്ചു

അതിന് മറുപടി പറയാതെ അവള് പൊട്ടിക്കരഞ്ഞു.

എന്താ ചീരു, ഇവൾക്ക് സ്വപ്നത്തിൽ വല്ലതുമാണോ ഗർഭമുണ്ടായത് ,ഇവളൊന്നും പറയുന്നില്ലല്ലോ?

അത് കൊച്ചമ്മാ ... അവൾക്ക് പറയാൻ പേടിയായിട്ടാണ് ,ആളാരാണെന്ന് അവളെന്നോട് പറഞ്ഞു

ആങ്ഹാ, നിനക്കറിയാമോ ? എങ്കിൽ നീ പറ'

അത് പിന്നേ ...

ഒന്ന് പറഞ്ഞ് തൊലയ്ക്കടീ...

ശാരദാമ്മയുടെ ശബ്ദമുയർന്നു.

ഇവിടുത്തെ കൊച്ച് മുതലാളിയാണ് ,അതിനുത്തരവാദി

എന്താ നീ പറഞ്ഞത്?

ശാരദാമ്മ ഒരലർച്ചയോടെ ചാടിയെഴുന്നേറ്റു

അതെ കൊച്ചമ്മേ ..
ഞാനൊരുപാട് തല്ലിച്ചതച്ചതിന് ശേഷമാണ്, അവള് ആളെ പറഞ്ഞത് ,കഴിഞ്ഞ ആറാട്ടിന് ഞങ്ങളെല്ലാം അമ്പലത്തിൽ പോയ സമയത്ത്, ഇവള് വീട്ടിൽ തനിച്ചേ ഉണ്ടായിരുന്നുള്ളു ,
അന്നവിടെ വന്ന കൊച്ച് മുതലാളിയാണ് ഇവളെ ഉപദ്രവിച്ചത് ,പേടിച്ചിട്ട് അവള് ഞങ്ങളോടൊന്നും പറഞ്ഞിരുന്നില്ല ,ഇന്നലെ പതിവില്ലാതെ ഓക്കാനിച്ചപ്പോഴാണ്, കാര്യമറിയുന്നത് ,ഞാനിനി എന്ത് ചെയ്യും കൊച്ചമ്മേ..? നാട്ടുകാരറിഞ്ഞാൽ എൻ്റെ മോളുടെ ജീവിതം നശിച്ച് പോകില്ലേ?

അവർ പൊട്ടിക്കരഞ്ഞ് കൊണ്ട് ശാരദാമ്മയുടെ കാലിൽ കെട്ടിവീണു.

ഇല്ല, നാട്ടുകാരറിഞ്ഞാൽ ഇവളുടെ ജീവിതം മാത്രമല്ല ഈ തറവാടിൻ്റെ കൂടി അന്തസ്സാണ് ഇല്ലാതാവുന്നത് ,ഈ കുലദ്രോഹി എൻ്റെ തറവാട് നശിപ്പിക്കുമല്ലോ ദൈവമേ .. എടീ രാഗിണീ.. അവനെയിങ്ങോട്ട് വിളിക്ക്
അവനോട് ഞാനൊന്ന് ചോദിക്കട്ടെ

മുന്നിലെ സംസാരം കേട്ട് കൊണ്ട് നിന്ന രാഗിണിക്ക് സന്തോഷമായി, ശാരദാമ്മ കഷ്ടപ്പെട്ടുണ്ടാക്കിയ അന്തസ്സും ആഭിജാത്യവുമൊക്കെ ഒരു നിമിഷം കൊണ്ട് തകർന്ന് വീഴാൻ പോകുന്നു

അവൾ ഉത്സാഹത്തോടെ ആദിത്യൻ്റെ മുറിയിലേക്ക് പോയി

ഈ നില്ക്കുന്ന പെൺകൊച്ചിനെ നിനക്കറിയാമോടാ?

ഉറക്കച്ചടവോടെ മുന്നിൽ വന്ന് നില്ക്കുന്ന ആദിത്യനെ തീഷ്ണമായി നോക്കിക്കൊണ്ട് ശാരദാമ്മ ചോദിച്ചു.

മുറ്റത്ത് നില്ക്കുന്ന ഞാനകിയെ കണ്ട മകൻ്റെ മുഖത്തെ പരവേശം, ശാരദാമ്മ കണ്ടു.

എനിക്കറിയില്ലമ്മേ.. ആരാ ഇത്?

നിനക്കറിയില്ലല്ലേ ?എങ്കിൽ ഞാൻ പറയാം, നിന്നെക്കുറിച്ച് അപവാദം പറഞ്ഞ് പരത്തി, ഈ തറവാടിൻ്റെ യശസ്സിന് കളങ്കം വരുത്താൻ ഇറങ്ങിത്തിരിച്ച അമ്മയും മോളുമാണിത് ,
ഈ നില്ക്കുന്ന ജാനകി ഗർഭിണിയാണത്രെ, അതിനുത്തരവാദി,
നീയാണെന്നാണ് ഇവര് പറഞ്ഞത്,
ഇത്രയും വലിയ നുണ പറഞ്ഞ് ,നിന്നെ അപമാനിക്കാൻ ഇറങ്ങിപ്പുറപ്പെട്ട അവളുടെ അടിനാഭി നോക്കി, ചവിട്ടെടാ മോനേ... അവൾക്കുണ്ടായ ദിവ്യഗർഭം ഇവിടെ വച്ച് തന്നെ അലസിപോകട്ടെ

ശാരദാമ്മയുടെ അലർച്ചകേട്ട് ചീരുവും ജാനകിയും മാത്രമല്ല, ആദിത്യനും ഞെട്ടിപ്പോയി.

നിന്നോട് പറഞ്ഞത് കേട്ടില്ലെ? എടാ അവളെ ചവിട്ടിയെറിയാൻ,
നിനക്ക് വയ്യെങ്കിൽ അവളുടെ ഗർഭം ഞാനില്ലാതാക്കി തരാം

ശാരദാമ്മ ,ജാനകിയുടെ നേരെ തൻ്റെ വലത് കാലുയർത്തിയതും, ആദിത്യൻ പെട്ടെന്ന് ഇടയിൽ കയറി അമ്മയെ ,വട്ടം പിടിച്ചു.

വേണ്ടമ്മേ.. എനിക്കറിയാം ഇവളെ ,ഇവൾ ഗർഭിണിയാണെന്നത് സത്യമാണെങ്കിൽ, അതിനുത്തരവാദി ഞാൻ തന്നെയാണ് , എനിക്കൊരബദ്ധം പറ്റിയതാണ്,
സ്വന്തം പേരക്കുട്ടിയെ ചവിട്ടിക്കൊന്ന പാപം ഏറ്റ് വാങ്ങാൻ, ഞാനമ്മയെ അനുവദിക്കില്ല ,നമുക്കിത് ആരുമറിയാതെ ,ഏതെങ്കിലുംഹോസ്പിറ്റലിൽ കൊണ്ട് പോയിട്ട് നശിപ്പിച്ച് കളയാം

പ്ഫാ... നായേ...

ശാരദാമ്മ സർവ്വശക്തിയുമെടുത്ത് ആദിത്യനെ കുടഞ്ഞെറിഞ്ഞു.

മലർന്ന് വീണ മകൻ്റെ നെഞ്ചിൽ ശാരദാമ്മ വലത് കാലെടുത്ത് വച്ചു .


രചന
സജി തൈപ്പറമ്പ്.

കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top