മഴമുകിൽ, Part: 2

Valappottukal
⛈️🌈 മഴമുകിൽ  ഭാഗം : 2 🌈⛈️
 


         എസ്ഐയുടെ ചോദ്യം കേട്ടതും  റിഷിയും തനുവും പകച്ചു പരസ്പരം നോക്കി…പണി നല്ല നൈസ് ആയി പാളിയെന്ന് രണ്ടു പേർക്കും മനസിലായി….അവനവൻ കുഴിച്ച കുഴിയിൽ തന്നെ തലയും കുത്തി വീണ അവസ്ഥ…ഇതെന്റെ ഐഡിയ ആയി പോയി അല്ലേൽ കൊന്നേനെ എന്നുളള ഭാവമാണ് റിഷിയുടെ മുഖത്ത്...എന്താണ് ചെയ്യേണ്ടതെന്നോ പറയേണ്ടതെന്നോ അറിയാതെ മിഴിച്ചു നിൽക്കുകയാണ് രണ്ടു പേരും…
        “എന്താടാ ചോദിച്ചത് കേട്ടില്ലേ….സമ്മതമാണോന്ന്…… “
       
          രണ്ടും കൂടെ നിന്നു പരുങ്ങുന്നത് കണ്ടിട്ട് അയാൾ ചോദിച്ചു…
       
       “കേട്ടു….!!
         റിഷി നിസ്സാഹായതയോടെ അവളെ നോക്കി….
            “പിന്നെന്താ പ്രശ്നം…നമുക്കിതങ്ങു നടത്താന്നെ “
   
       “അതല്ല സർ…പോലീസ് സ്റ്റേഷനിൽ വെച്ചു…..”
           
     “അതെന്താടാ പോലീസ് സ്റ്റേഷന് ഒരു കുഴപ്പം ഞങ്ങളെ ജനമൈത്രി ആണ് മോനേ… കല്യാണോം നടത്തി സദ്യയും തന്നിട്ടേ ഞങ്ങൾ വിടുള്ളൂ.... “
     
          പെട്ടു എന്ന് പൂർണ്ണമായി ബോധ്യമായതും റിഷി ദയനീയമായി തനുവിനെ നോക്കി… അവൾ കലിപ്പോടെ തിരിച്ചും..
   
       “രണ്ടു പേരും അങ്ങോട്ട് മാറി നിന്നു കണ്ണും കണ്ണും നോക്കി കളിക്ക്…എന്നിട്ട് തീരുമാനം പറ ഞങ്ങൾ വെയിറ്റ് ചെയ്യാം….“
             അതും പറഞ്ഞു എസ് ഐ അവരെ അവിടെ നിർത്തി തന്റെ ക്യാബിനിലേക്ക്  പോയി….

           അയാൾ പോയതും      തൊട്ടടുത്ത നിമിഷം റിഷി അവളെയും കൊണ്ടു ഒരു മൂലയ്ക്കലേക്ക് മാറി നിന്നു…
 
           “തൻവി…ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം… നമ്മൾ രണ്ടു പേരുടെയും ജീവിതം  ആണ് അയാൾ എഫ് ഐ ആർ  എഴുതിയാൽ നമ്മുടെ രണ്ടാളുടെയും ലൈഫ് പോകും അതു ഞാൻ പറയണ്ടല്ലോ..അനാശ്യാസത്തിനു കേസെടുത്താൽ മാനവും പോകും ജീവിതവും കുട്ടിച്ചോറാകും…നമ്മുടെ  മുന്നിൽ ഇതല്ലാതെ വേറെ വഴിയില്ല… “
 
             അവൻ പറഞ്ഞത് കേട്ടതും അവനെന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലായതും    അവൾ രൂക്ഷമായി അവനെ നോക്കി…
   
       “നോക്കി പേടിപ്പിക്കൊന്നും വേണ്ട… എനിക്കു വേണ്ടി മാത്രമല്ല… തനിക്കു കൂടെ വേണ്ടിയിട്ടാ..തൽക്കാലത്തേക്ക് ഒരു അഡ്ജസ്റ്റ്മെന്റ്…ഈ കേസിൽ നിന്ന് ഒന്ന് രക്ഷപെടാൻ… പിന്നെ നിയമം പോലെ എങ്ങനെ ആണെന്ന് വെച്ചാൽ അതുപോലെ  ഡിവോഴ്സ് തരും മരിച്ചു പോയ എന്റെ അമ്മയാണെ സത്യം…പ്ലീസ്… “
 
       അവൻ നെഞ്ചിൽ തൊട്ട് പറഞ്ഞതും അവൾക്കെന്തോ ആത്മാർത്ഥത തോന്നി… ഇവിടെ നിന്ന് രെക്ഷപെടേണ്ടത് തന്റെ കൂടെ ആവശ്യം ആണല്ലോ.. അല്ലേൽ തന്റെ ഭാവിയും ഇതോടു കൂടെ തീരുമെന്ന് അവൾക്കറിയാം… കേസിലെങ്ങാനും കുടുങ്ങിയാൽ തന്നെ പോലൊരു പെണ്ണിന്റ ഭാവി എന്താണ്…അവൾ ഒരുപാടാലോചിച്ചു ഇതിൽ നിന്ന് രക്ഷപെടാൻ വേറെ വഴി ഇല്ലന്ന് മനസ്സിലായതും  സമ്മത ഭാവത്തിൽ അവനെ നോക്കി….റിഷിയുടെ മുഖത്തും ആശ്വാസം വീണു….  അവൻ അവളുടെ കയ്യും പിടിച്ചു എസ് ഐയുടെ ക്യാബിനിലേക്ക് നടന്നു…
     
          “എന്ത് തീരുമാനിച്ചു..?
     അയാൾ ചോദ്യഭാവത്തോടെ ഇരുവരെയും മാറി മാറി നോക്കി...
 
           “സമ്മതം……ഞങ്ങൾ കല്യാണം കഴിക്കാൻ തയ്യാറാണ്… “
     റിഷി തനുവിനെ നോക്കികൊണ്ട്‌ പറഞ്ഞു.. അവൾ അപ്പോളും തല കുമ്പിട്ടു നിൽക്കുകയാണ്..
     “തനിക്കു പൂർണ്ണ സമ്മതമാണോ “
    അയാൾ തൻവിയോടായി ചോദിച്ചു…
    “സമ്മതം “
      അവൾ നേർത്ത ശബ്ദത്താൽ പറഞ്ഞു …
   അവരുടെ കയ്യിൽ നിന്നു തിരിച്ചറിയുന്നതിനുള്ള രേഖകൾ വാങ്ങി അയാൾ ക്യാബിനിലോട്ട് പോയി…ഇന്റർവ്യൂനു വന്നത് കാരണം തനുവിന്റെ കയ്യിൽ ആവശ്യമുളള ഡോക്യൂമെന്റസ് എല്ലാം ഉണ്ടായിരുന്നു….  അവരോടു രണ്ടു പേരോടും അവിടെ വെയിറ്റ് ചെയ്യാൻ പറഞ്ഞു അയാൾ ആരൊക്കെയോ ഫോണിൽ വിളിക്കുന്നുണ്ടായിരുന്നു…
 
         റിഷിയും തനുവും ഒരു ബെഞ്ചിന്റെ രണ്ടറ്റത്തായി തങ്ങളുടെ ജീവിതത്തിൽ നടക്കാൻ പോകുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യത്തിനായുള്ള കാത്തിരിപ്പിലാണ് ..എന്ത് പെട്ടെന്നാണ് ജീവിതം  മാറി മറിയുന്നത്… അവർക്ക് എല്ലാം അവിശ്വസിനീയമായി തോന്നി ഇന്ന് രാവിലെ വരെ അപരിചിതരായ രണ്ടു വ്യക്തികൾ ഒന്നാവാൻ പോവുകയാണ് വീട്ടുകാരും നാട്ടുകാരും ഒന്നുമില്ലാതെ..അനുഗ്രഹങ്ങളും ആശീർവാദങ്ങളും ഇല്ലാതെ…അതും പോലീസ് സ്റ്റേഷനിൽ …ശരിക്കും ജീവിതമെന്ന നാടകത്തിലെ  കഥയറിയാതെ ആടുന്ന കോമാളികൾ പോലെ…..
                തനു ഒരു ദീർഘ നിശ്വാസം എടുത്തു നോക്കിയതും കണ്ടത് തന്നെ തന്നെ നോക്കിയിരിക്കുന്ന റിഷിയെ ആണ്…അവൾക്കെന്തോ വല്ലായ്മ തോന്നി അവൾ മറുവശത്തേക്ക് നോട്ടം മാറ്റിയപ്പോളാണ് താൻ എന്തൊക്കെയോ ആലോചിച്ചു അവളെ തന്നെ നോക്കി ഇരിക്കുവാണെന്ന് അവനു മനസിലായത് അവനും ചമ്മലോടെ മുഖം തിരിച്ചു… അവരുടെ നെഞ്ചിടിപ്പിന്റെ ശബ്ദം പോലും ആ നിശബ്ദതയിൽ ഉയർന്നു കേട്ടു കൊണ്ടേ ഇരുന്നു…..
   
          കുറച്ചു കഴിഞ്ഞപ്പോൾ ഒരു കോൺസ്റ്റബിൾ അവരെ വന്നു വിളിച്ചു ക്യാബിനിലോട്ടു ചെല്ലാൻ പറഞ്ഞു അങ്ങോട്ട്‌ ചെന്നപ്പോൾ രജിസ്ട്രാർ  വന്നിട്ടുണ്ട്… രജിസ്റ്റർ മാരേജിനുള്ള എല്ലാ ഒരുക്കങ്ങളും ആയിട്ടുണ്ട് സാക്ഷികളുൾപ്പെടെ…
      തനു തളർച്ചയോടെ റിഷിയെ നോക്കി അവൻ  പേടിക്കാൻ ഒന്നുമില്ലെന്ന് കണ്ണുകൊണ്ട് കാണിച്ചു….. ഉയർന്നു വരുന്ന നെഞ്ചിടിപ്പോടെ വല്ലാത്തൊരു അവസ്ഥയിൽ  അവൾ നിന്നു…
     ആദ്യം റിഷിയാണ് വരന്റെ കോളത്തിൽ ഒപ്പിട്ടത് പിന്നെ വിറയ്ക്കുന്ന കൈകളോടെ തനുവും … അതിനുശേഷം പോലീസുകാർ തന്നെ അറേഞ്ച് ചെയ്ത രണ്ടു സാക്ഷികളും… അങ്ങനെ തൻവി   തൻവി റിഷബ് മഹേന്ദ്രൻ  ആയി മാറി …… അവരു തന്നെ കൊടുത്ത വരണമാല്യം അവർ പരസ്പരം നോക്കാതെ യാന്ത്രികമായി  പരസ്പരം ചാർത്തി…ശേഷം  തനു നിറകണ്ണുകളുയർത്തി അവനെനോക്കിയതും കണ്ടത് ഒരാശ്വാസത്തോടെ തന്നെ നോക്കിനിൽക്കുന്ന അവനെയാണ്…
        “ഹാപ്പി ആയല്ലോ അപ്പോ രണ്ടു പേർക്കും ഹാപ്പി മാരീഡ് ലൈഫ്…. “
        എസ് ഐ റിഷിക്കു കൈ കൊടുത്തു കൊണ്ടു പറഞ്ഞു….
         “തെണ്ടികൾ. “
           റിഷി മനസ്സിൽ പറഞ്ഞുകൊണ്ട് അയാൾക്ക് നേരെ ചിരിച്ചു കൊണ്ടു കൈനീട്ടി…തനുവും അയാളെ നോക്കി ഒരു വിളറിയ ചിരിയോടെ നിന്നു….
    എല്ലാം കഴിഞ്ഞു പോലീസ് സ്റ്റേഷനിൽ നിന്നു മാലയും ബൊക്കെയും ആയി ഇറങ്ങി വരുന്ന തനുവിനെയും റിഷിയെയും കണ്ട് പുറത്തു  കാത്തു നിന്നിരുന്ന മനുവിന്റെ രണ്ടു കണ്ണുകളും തള്ളി പുറത്തേക്ക് വന്നു……
   
      “ടാ.. ഇതെന്തോന്ന്… നിന്നെ ജയിലിൽ അടക്കുന്നെന് പകരം ജീവപര്യന്തം ആണോ തന്നത്.. “
     
      മനു റിഷിയേയും തനുവിനെയും മാറി മാറി നോക്കിക്കൊണ്ട് പറഞ്ഞു…റിഷി അവനെ കണ്ണുരുട്ടി പേടിപ്പിക്കുന്നുണ്ട്…
    “ഒരു ചെറിയ കൈയ്യബദ്ധം ദയവുചെയ്ത് മൈക്ക് വെച്ച് നാട്ടുകാരെ അറിയിക്കരുത് ജീവിതമാണ് പ്ലീസ്….. “
     റിഷി തൊഴുതുകൊണ്ട് മനുവിനോട് പറഞ്ഞു..
     “സത്യം പറ ഇത് നിങ്ങൾ രണ്ടുപേരും കല്യാണം കഴിക്കാൻ കാണിച്ച അടവല്ലേ..നീയും ഇവളും പ്രേമത്തിലല്ലേ… ഇത്രനാളും എന്നെ ചതിക്കുവാരുന്നല്ലേടാ തെണ്ടി…?
     മനു രണ്ടാളെയും സംശയപൂർവം മാറി മാറി നോക്കി….
     “ഇവനെ ഞാനിന്നു… “
      റിഷി പല്ലു കടിച്ചു പിടിച്ചു തനുവിനെ ഒന്ന് പാളി നോക്കിയിട്ട് മനുവിനേം കൊണ്ടു കുറച്ചങ്ങോട്ടു നീങ്ങി നിന്നു…
   
     “അളിയാ ദൈവത്തെ ഓർത്തു  നാറ്റിക്കരുത്…. പോലീസ് സ്റ്റേഷനിലേക്ക് വരുന്ന വഴി കൂടെയുണ്ടാരുന്ന പോലീസ് മാമൻ പറഞ്ഞുതന്ന അടവാണ് ഇത്.. രക്ഷപെടാൻ എന്റെ മുന്നിൽ വേറൊരു വഴിയും കണ്ടില്ല..ദയവുചെയ്ത് ആ തിരുവാ തുറന്നു ഒന്നും പുറത്തു പറയരുത് പ്ലീസ് ജീവിത പ്രശ്നമാണ് “
              “നീ ആ ഹോട്ടലും റൂമും ഒന്ന് പറഞ്ഞേ നാളെ പോയിനോക്കാനാ കിട്ടിയാൽ ഒരു ജീവിതം “
     മനു ഒരു നിമിഷം കൊണ്ടു എന്തൊക്കെയോ സ്വപ്നങ്ങൾ കണ്ടു കൂട്ടി…..
       
      “ബാക്കിയുള്ളവർ ഇവിടെ കല്യാണ നാടകം നടത്തി നിക്കുമ്പോൾ ഒരു മാതിരി ഓഞ്ഞ ഡയലോഗ് അടിക്കരുത് കേട്ടല്ലോ…”
      റിഷി കലിപ്പിൽ അവനെ നോക്കി…..
   
      “അപ്പോൾ നീ ശരിക്കും കല്യാണം കഴിച്ചില്ലേ?
 
      “ഇല്ലടാ ഞങ്ങൾ തമ്മിലുള്ള ഒരഡ്ജസ്റ്മെന്റാ കേസിൽ നിന്നും ഊരിപ്പോരാൻ.. ആറു മാസം കഴിഞ്ഞാൽ ഡിവോഴ്സ് ഫയൽ ചെയ്യും “
    “അടിപൊളി…എന്തായാലും ആറു മാസത്തിനു അവൾ നിന്റെ ഭാര്യ ആണല്ലോ… അതുവരെ എന്ത് ചെയ്യാനാ പരിപാടി വീട്ടിലേക്ക് കൊണ്ടു പോകുന്നുണ്ടോ “
 
     “അതിലും ഭേദം അവളെ വല്ല കോഴിക്കൂട്ടിലേക്കും തള്ളിവിടാം… അവനുണ്ടല്ലോ അവിടെ “
    “ആര് ഉണ്ണിയോ….. “”
    “ആ ആ മണ്ണുണ്ണി തന്നെ”
       “അതും ശരിയാ ഗിരിരാജൻ കോഴിയിൽ ബ്രോയിലർ കോഴിക്ക് ഉണ്ടായ ഐറ്റമാ… നോക്കി ഗർഭം വരുത്തുന്ന ഇനം… പിന്നെന്ത് ചെയ്യും “?
   
     “അതിനു നിനക്കെന്താ  ഇത്ര ടെൻഷൻ അവൾ അവളുടെ വീട്ടിൽ പൊക്കോളും…അല്ലെങ്കിലും ഞാനെന്തിനാ കൊണ്ടുപോകുന്നത് എനിക്കു വേറെ പണിയില്ലല്ലോ   വാടാ  “
     
      “നിന്നെ ഏതായാലും  കേരളാ പോലീസ് പിടിച്ചത് നന്നായി വല്ല ഹൈദരാബാദ് പോലീസ് എങ്ങാനും ആയിരുന്നെങ്കിൽ നെഞ്ചത്ത് മാലക്കു  പകരം റീത്തു ഇരുന്നേനെ.. “
       
    “ചളി കൊട്ടാതെ നടക്കടാ… “
 
       റിഷി മനുവിനേം കൊണ്ടു അവളുടെ അടുത്തേക്ക് പോയി…. തനു അടുത്തുള്ള മരച്ചുവട്ടിൽ നിറകണ്ണുകളോടെ  ഇരിക്കുന്നുണ്ടായിരുന്നു..
   
    “ഹലോ.. തൻവി.. “
  റിഷിയുടെ വിളി കേട്ടതും അവൾ തലയുയർത്തി നോക്കി
   “ഇയാൾ വീട്ടിലേക്കല്ലേ എന്നാ ഞങ്ങൾ ഇറങ്ങട്ടെ.. ഇനി ഡിവോഴ്സിന്   കാണാം… ഇതാ എന്റെ ഫോൺ നമ്പർ  അഡ്രസ്സും…..  “
 
      അഡ്രസ്സും ഫോൺ നമ്പറും എഴുതിയ കടലാസ്  അവളുടെ കയ്യിൽ കൊടുത്തു  അവളുടെ മുഖത്ത് പോലും നോക്കാതെ മുന്നോട്ടു നടന്നു   റിഷി നൈസ് ആയി തടിയൂരി…
   
  “നീയെന്ത് ദുഷ്ടനാടാ...അതിനെ ഒന്ന് വീട്ടിൽ  കൊണ്ട് വിടുകയെങ്കിലും ചെയ്യരുന്നില്ലേ നിനക്ക് അവളൊറ്റക്കല്ലേ.. നേരവും വൈകി “
   മനു റിഷിയെ കുറ്റപ്പെടുത്തി..
 
      “അവളെ കൊണ്ടാക്കികൊടുക്കാൻ അവളെന്താ എന്റെ ഭാര്യയാണോ “

        “അതേ നിയമപരമായി അവളിപ്പോൾ  നിന്റെ ഭാര്യ തന്നെയാണ് എന്താ സംശയമുണ്ടോ... “
 
    അപ്പോളാണ് താൻ എന്താണ് പറഞ്ഞതെന്ന ബോധം റിഷിക്കു  വന്നത്…അവളെ കൊണ്ടുപോയി ആക്കികൊടുക്കാത്തതിൽ അവനു എന്തോ ഒരു വിഷമവും തോന്നി ..ഒരു നിമിഷം അവന്റെ മനസ്സിൽ അവളുടെ നിറ കണ്ണുകളോടെയുള്ള  നിഷ്കളങ്കമായ മുഖം നിറഞ്ഞു നിന്നു… പിന്നെയൊന്നും നോക്കിയില്ല അവളിരിക്കുന്നിടത്തേക്കു തിരിച്ചു നടന്നു…. ചെന്നുനോക്കുമ്പോൾ  അവിളിരുന്നിടം  ശൂന്യമായിരുന്നു…അവൻ ചുറ്റും നടന്നു നോക്കി… ഒരുത്തിലുമില്ലായിരുന്നു… അപ്പോളാണ് നമ്പർ പോലും വാങ്ങിയില്ലന്നു അവനോർമ വന്നത്.. ഛെ….ഉള്ളിന്റെയുള്ളിൽ എന്തോ ചെറിയ വിഷമം പോലെ തോന്നി അതോടൊപ്പം ആശ്വാസവും…തലയിൽ നിന്ന് ഒഴിഞ്ഞു പോയല്ലോ….തലയിൽ പെടുമോ എന്നൊരു ചെറിയ പേടി ഉള്ളിന്റെ ഉള്ളിൽ അവനു  ഇല്ലാതില്ല…..
         എന്തായാലും ഇനി ഡിവോഴ്സിന്   നോക്കിയാമതിയല്ലോ…അപ്പോൾ അവൾ വിളിക്കുമായിരിക്കും….അങ്ങനെയൊക്കെ സ്വയം ആലോചിച്ചു ആശ്വസിച്ചു അവൻ….
          അവൻ നേരെ മനുവിനെയും കൂട്ടി അവരുടെ സ്ഥിരം സങ്കേതത്തിലേക്ക് വിട്ടു...അവരുടെ ക്ലബ്‌ ഉണ്ട് വീടിനു കുറച്ചു മാറി തന്നെ.. രാത്രി വൈകുവോളം രണ്ടെണ്ണം അവിടെത്തന്നെയുണ്ടാകും…പാതിരാത്രിക്കാണ് വീട്ടിൽ പോകുന്നത് തന്നെ…..
                  **************************
    ഈ സമയം റിഷിയുടെ വീട്ടിൽ…

    “🎶🎶🎵🎵🎼🎼റോസ് റോസ് റോസ് അഴകാന റോസ് നീ..🎼🎼🎼
പീസ് പീസ് പീസ് എനക്കേത്ത പീസ് നീ….!!🎼🎶🎵🎵…“
 
              റിഷിയുടെ പുന്നാര അനിയൻ ആദിയും അമ്മാവന്റെ മോൻ ഉണ്ണിയും അവരുടെ കട്ട  ഫ്രീക് മുത്തിയും കൂടെ  ടിക്ട്ടോക്ക്    വീഡിയോ ചെയ്യുകയാണ്….
    റിഷിയുടെയും ആദിയുടെയും അച്ഛനും അമ്മയും മുന്നേ മരിച്ചതാണ് മുത്തിയാണ് അവരെ  വളർത്തിയത്…ഉണ്ണി അമ്മാവന്റെ മോനാണ് അവർ വിദേശത്തു ആയതു കാരണവും മോന്റെ  കയ്യിലിരിപ്പ് നല്ലതായകാരണവും നാട്ടിൽ നിർത്തിയിരിക്കുകയാണ്…എംബിഎ ഫൈനൽ ആണ് കക്ഷി ആദി ഡിഗ്രി ഫൈനലും….മൂന്നാൺപിള്ളേരും മുത്തിയും  അതാണവരുടെ കൊച്ചു ലോകം…
    മുത്തി  ആണേൽ പറയുകയേ  വേണ്ട ഒരു കിടിലൻ  കൊച്ചിക്കാരി ഫ്രീക്കി ആണ് കക്ഷി..സ്വഭാവം കൊച്ചുമക്കളെക്കാൾ കഷ്ടം…കൊച്ചുപിള്ളാരുടെ പോലെയാ ഏത് കന്നംതിരിവിനും കൂട്ടുനിക്കും….പിള്ളേർ തല്ലാൻ പോയാൽ കൊന്നു കൊണ്ടു വരാൻ പറയുന്ന മുതലാ…ഒരു ആടാർ ഓൾഡ് പീസ്……ആ ഹൗസിംഗ് കോളനിയിലെ കിളവന്മ്മാരുടെ ഉറക്കം കെടുത്തുന്ന  രോമാഞ്ചകഞ്ചുകം….
         
        മൂന്നെണ്ണവും കൂടെ ടിക്ട്ടോക്ക്  നടത്തിക്കൊണ്ടിരിക്കുകയാ റിഷി വരുമ്പോളേക്കും തീർക്കണം അല്ലേൽ  പണിപാളും ……അവനിതു കണ്ടു കൂടാ…കണ്ട് കഴിഞ്ഞാൽ മൂന്നിനും കിട്ടും വയറു നിറച്ചു നല്ല നാടൻ പദങ്ങൾ..റിഷി വരുമ്പോളേക്കും തീർക്കാനുള്ള തത്രപ്പാടിൽ ആണ് മൂന്നാളും….
 
          “മുത്തൂസ്… അഴകാന പീസെന്ന് പറയുമ്പോൾ എക്സ്പ്രെഷൻ ശരിയല്ല മുഖത്തു  ശൃംഗാരം വരട്ടെ ശൃംഗാരം…ഇതെന്തോന്ന് ഒരുമാതിരി…. “
 
             വീണ്ടും വീണ്ടും ടേക്ക് എടുത്തു പ്രാന്ത് വന്നു ക്ഷമ നശിച്ചു ആദി കിടന്നു കാറി 
         
      “ആദി മോനേ ഇതു ലാസ്റ്റ്… ഇതു ഞാൻ പൊളിച്ചടുക്കും നീ നോക്കിക്കോ.. “
     
        മുത്തി വാക്ക് പറഞ്ഞതും   വീണ്ടും പാട്ടു പ്ലേ ആയി ഇപ്രാവശ്യവും  മുത്തി ഗംഭീരമായി കുളമാക്കി….
 
      “ഇതാണോ മുത്തേ ശൃംഗാരം ഇത് കഞ്ചാവടിച്ചു കിറുങ്ങിയ  പശു മുക്കി  ചാണകം ഇടുന്ന നേരത്തുള്ള എക്സ്പ്രെഷൻ  പോലുണ്ടല്ലോ “
   
    ഉണ്ണിയുടെ കമന്റ്‌ കൂടെ കേട്ടതും മുത്തി  വയലെന്റ് ആയി

       “ഫ…കുരുത്തം കെട്ടതുങ്ങളെ… അർക്കടാ ശൃംഗാരം വരാത്തത് നിൻറ്റ കുഞ്ഞമ്മക്കോ… ഈ എക്സ്പ്രെഷൻ ഇട്ടിട്ടാണെടാ പത്തമ്പത് കൊല്ലം മുന്ന് നിന്റെയൊക്കെ അപ്പാപ്പൻ അടക്കം അഞ്ചാറെണ്ണത്തിനെ വളച്ചിട്ടുള്ളത്.. വരുന്നില്ലപോലും…ഈ ലക്ഷ്മികുട്ടിയെ പഠിപ്പിക്കാൻ നീയൊന്നും വളർന്നിട്ടില്ലടാ പോങ്ങന്മാരെ..  “
                ആദ്യത്തെ ആട്ടിന് തന്നെ ഉണ്ണിയും ആദിയും തെറിച്ചു അപ്പുറത്തേക്ക് വീണിരുന്നു….
 
      “എന്റെ പൊന്നു മുത്തി  ഇങ്ങനെ  എക്സ്പ്രഷനിട്ടാൽ  ഒരു ലൈക്‌ പോലും കിട്ടൂല കമന്റും കൂടും തെറിവിളി ആയിരിക്കുമെന്ന് മാത്രം…ഭാവങ്ങൾ വാരി  വിതറി  കുണുങ്ങി അങ്ങ് നടക്കു സുന്ദരികുട്ടി… “
     
    ആദിയുടെ ഒലിപ്പീരിൽ മുത്തി ഫ്ലാറ്റ് പിന്നെ തകർത്തഭിനയിച്ചു് കൊടുത്തു…
     റിഷി വന്നു ഡോർ തുറന്നപ്പോൾ കണ്ടത് അമ്മാമ അവന്റെ പാന്റും  ഷർട്ടും  കൂളിംഗാൾസും വെച്ചു മുടി രണ്ടുഭാഗത്തും പിന്നിക്കെട്ടി വലിയൊരു ചുവന്ന പൂവും വെച്ചു  പീസ് പീസ് ആടി തകർക്കുന്നതാണ് രണ്ടു ഭാഗത്തു ട്രൗസറും ബനിയനും കൂളിംഗ് ഗ്ലാസും വെച്ച് കഴുത്തിൽ ഷാളും ചുറ്റി ആദിയും ഉണ്ണിയും… റിഷിയുടെ കണ്ണ് രണ്ടും തള്ളി പുറത്തേക്ക് വന്നു
     റിഷിയെ കണ്ടതും മൂന്നും കൂടെ പരുങ്ങി നിൽപ്പുണ്ട്
 
       “ഈ കുരിപ്പെന്തിനാ ഇത്ര നേരത്തെ കെട്ടിഎഴുന്നുള്ളിയത് പതിവ് സമയം ആയിട്ടില്ലല്ലോ “
     റിഷിയെ കണ്ടതും ഭയം ഉള്ളിലൊതുക്കി മുത്തി  പതിയെ പിറുപിറുത്തു ആദിയും ഉണ്ണിയും ഇപ്പൊ കിട്ടും എന്ന് പറഞ്ഞു നിൽക്കുന്നുണ്ട്
 
    “ആരിത് റിഷി മോനോ… എപ്പോ വന്നടാ കണ്ണാ…എന്താ അവിടെ തന്നെ നിന്നു കളഞ്ഞത് വന്ന കാലിൽ നിക്കാതെ അവിടിരിക്കടാ മുത്തി ചോറെടുക്കാം കുട്ടന് … “
      അതുംപറഞ്ഞു ആദിയേയും ഉണ്ണിയേയും നിർദാക്ഷണ്യം  റിഷിയുടെ മുന്നിൽ തള്ളി ഇട്ടുകൊടുത്തിട്ടു മുത്തി നൈസ് ആയി മുങ്ങി…
 
        “നിന്നോടൊക്കെ ഞാൻ പറഞ്ഞിട്ടില്ലെടാ… ഈ പേക്കൂത്ത് ഇവിടെ പറ്റൂല്ലന്നു…മേലാൽ എന്റെ കണ്ണിൽ ഇനി കണ്ടാൽ രണ്ടെണ്ണത്തിനേം തൂക്കി വെളീൽ എറിയും…ആ  അകത്തോട്ടു പോയ പല്ലില്ലാത്ത ഐശ്വര്യറായിയോടും കൂടെ പറഞ്ഞേക്ക്… വയസാം കാലത്താണ് തള്ളേടെ ഓരോ ഇളക്കം. “
    അതും പറഞ്ഞു അവൻ അകത്തേക്ക് പോയി.. ആദിയും ഉണ്ണിയും പിടിച്ചു വെച്ച ശ്വാസം വിട്ടുകൊണ്ട് പതിയെ അടുക്കളയിലേക്കു ഓടി..
   
        “ഞങ്ങളെ ആ കാലന്റെ മുന്നിൽ ഇട്ടു കൊടുത്തിട്ട് ഇവിടെ വന്നു ഒളിച്ചിരിയ്ക്കാണല്ലേ കള്ളി … എത്ര കുപ്പി  ബിയർ വാങ്ങിത്തന്നു അതിന്റെ ഒരു  നന്ദിയെങ്കിലും കാണിച്ചുടായോ… “
   
       “അതിന്റെ നന്ദി കാണിക്കാൻ നിന്നാലേ ആ പന്നി എന്നെ   വറുക്കും…ഓൾഡ് ബോഡിയാ മക്കളേ താങ്ങൂല… തൽക്കാലം ഞാൻ ഇപ്പോ മീൻ വറുക്കട്ടെ മക്കൾ പോയി പാത്രങ്ങളൊക്കെ എടുത്തു വെക്ക്…ബാക്കി ടെയ്ക്ക്  ലവൻ ഉറങ്ങി കഴിഞ്ഞു എടുക്കാന്നേ…  “
   
     “നിങ്ങൾക്കിനീം മതിയായില്ലലെ കിളവി… “
        മുത്തി ഇല്ലന്ന് നിഷ്കളങ്കമായി ചുമൽ കൂച്ചി കാണിച്ചു…
   
     രാത്രി എല്ലാവരും കൂടെ ഒരുമിച്ചിരുന്നാണ് ഭക്ഷണം റിഷി വല്ലപോളും മാത്രമേ ഉണ്ടാവുള്ളു…മുത്തി കോസ്റ്റും ഒക്കെ മാറ്റി നൈറ്റി ഇട്ടു വന്നു….
   റിഷി വന്നിരുന്നതും ടേബിളിലെ കറി പാത്രത്തിലേക്ക് നോക്കി… രസവും മത്തി വറുത്തതും മാത്രം..മുത്തി  അതൊന്നും ശ്രദ്ധിക്കാതെ ഉത്തരത്തിൽ എന്തോ തിരയുന്നുണ്ട്
   
      “ഇതെന്താ വേറൊന്നില്ലേ ഇന്ന് … “
        കറി ഒന്നുമില്ലെന്ന് കണ്ടതും     അവനങ്ങു പ്രാന്ത് വന്നു…
 
     “അത് പിന്നെ റിഷി മോനേ ടിക്ടോക് ചെയ്തു നേരം പോയതുകൊണ്ട് ഒന്നും ഉണ്ടാക്കാൻ പറ്റിയില്ലടാ… “
    മുത്തി  ദയനീയമായി റിഷിയെ നോക്കി
   “അതിപ്പോളല്ലേ അപ്പോ രാവിലെ സമയം ഉണ്ടാരുന്നല്ലോ  “
   “രാവിലെ ഞാൻ വടക്കേലെ സുമതിടെ കൂടെ ഫേഷ്യൽ ചെയ്യാൻ പോയേക്കല്ലായിരുന്നോ.. നോക്ക് മുടിക്ക് വേറെ കളറും അടിച്ചു  വെയിലത്തു നിന്നാൽ തിളങ്ങുന്നത്  വയലറ്റ്..വയലറ്റ്…. കൊള്ളാവോ…“
  മുത്തി  നാലും മൂന്നും കൂട്ടിയാൽ ഏഴു ഇഴകൾ പോലും ഇല്ലാത്ത  തന്റെ മുടി ഉയർത്തി കാണിച്ചുകൊണ്ട് ചോദിച്ചു… ആദിയും ഉണ്ണിയും ചിരി കടിച്ചമർത്തി ഇരിക്കുന്നുണ്ട്…
      “നിങ്ങടെ മുടിക്കല്ല തലക്ക് ആണ് അടിക്കേണ്ടത്… നല്ല പട്ടിക കഷ്ണം കൊണ്ടു എന്നാലേ നേരെയാവു.. “”

    റിഷി ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന രീതിയിൽ ഒന്ന് കലിപ്പിച്ചു  നോക്കി.. പിന്നെ കഴിക്കാൻ തുടങ്ങി…
   
    “ഒന്നില്ലെങ്കിൽ നീ കല്യാണം കഴിക്കണം അല്ലേൽ ഇവിടൊരു പണിക്കാരിയെ നിർത്തണം അല്ലേൽ ഇങ്ങനെയൊക്കെ ഉണ്ടാകും “
   
  മുത്തി ആരോടെന്നില്ലാതെ പറഞ്ഞു
   
     “ മനുഷ്യനു ടിക് ടോക് ചെയ്യാൻ നേരമില്ല  ഇവിടെ  അപ്പോളാ  കഞ്ഞീം കറീം വെക്കുന്നത് ഒന്ന് പോടാപ്പാ..
    മുത്തി  ഇരുന്നു പിറുപിറുത്തു…
    കല്യാണം എന്ന് കേട്ടതും കഴിച്ചുകൊണ്ട്ഇരിക്കുന്നത് റിഷിയുടെ തൊണ്ടയിൽ കുടുങ്ങി ചുമക്കാൻ തുടങ്ങി…അവന്റെ മനസിലൂടെ ഇന്നുണ്ടായ സംഭവങ്ങൾ ഒന്നുടെ മിന്നിമറഞ്ഞു..കഴിപ്പു നിർത്തി അവൻ എഴുനേറ്റുപോയി അവർ മൂന്നുപേരും അവന്റെ പൊക്കുംനോക്കി കാര്യം മനസിലാവാതെ ഇരുന്നു..
      മുത്തി  പാത്രങ്ങൾ എല്ലാം കഴുകി കിച്ചൺ ക്ലീൻ ആക്കി നേരെ ആദിയും ഉണ്ണിയും കിടക്കുന്ന റൂമിൽ  ബാക്കി വീഡിയോസ് എടുക്കാൻ ആയി പോയി ഇതൊന്നുമറിയാതെ റിഷി തന്റെ റൂമിൽ എന്തോ ആലോചനയിലാണ്
   അവന്റെ കണ്മുന്നിൽ അവളുടെ മുഖം തെളിഞ്ഞു നിന്നു… ആരാണെന്നോ എന്താണെന്നോ എവ്ടെന്നാണെന്നോ ഒന്നും അറിയില്ല പക്ഷേ ആ മുഖം തന്നെ വല്ലാതെ ശല്യപെടുതുന്നപോലെ… അവളുടെ മുഖത്തെ നിഷ്കളങ്കതയും കണ്ണുകളിലെ വിഷാദഭാവവും അവന്റെ കണ്ണുകളിൽ തെളിഞ്ഞു നിന്നു…പിന്നെ ഇനിയും അതിന്റ പുറകെ പോകാൻ നടക്കണ്ടല്ലോ എന്നാലോചിച്ചു അവൻ അതൊക്ക മനസ്സിൽ തന്നെ കുഴിച്ചുമൂടി…..അതെല്ലാം ഒരു ദുസ്വപ്നം പോലെ മറന്നു നല്ല സുഖമായി കിടന്നുറങ്ങി…..
   
    രാവിലെ റിഷിയാണ് ആദ്യം എഴുനേൽക്കുക ജോഗിങ്ങിന് പോകുവാൻ…അവൻ എഴുനേറ്റു ട്രാക് സ്യുട്ട് ഒക്കെ ഇട്ടു റെഡി ആകുമ്പോൾ പുറത്തു വാതിലിൽ ഒരു മുട്ട് കേട്ടു..അവൻ ചെന്നു വാതിൽ തുറന്നതും മുന്നിൽ നിൽക്കുന്ന ആളെ കണ്ടു ശ്വാസം വിലങ്ങിയത് പോലെ നിന്നു…
    കയ്യിൽ രണ്ടു മൂന്നു ബാഗുകളുമായി തനു… !!!!
   അവളെ കണ്ടതും ഒന്നുരണ്ടു നിമിഷം അവൻ ഷോക്കടിച്ചത് പോലെ നിന്നു….കണ്ണ് രണ്ടും തള്ളി പുറത്തേക്ക് വന്നു…

          “നീ നീയെന്താ ഇവിടെ…?
          അവളെ കണ്ട ഷോക്കിൽ അവന്റെ തൊണ്ടയിൽ നിന്ന് ശബ്ദം പോലും പുറത്തു വന്നില്ല…….
 
           “അതെന്ത് ചോദ്യമാ റിഷിയേട്ടാ ഞാൻ വേറെ എവിടെ പോകാനാ  ..ഭാര്യ പിന്നെ ഭർത്താവിന്റെ വീട്ടിൽ അല്ലയോ  താമസിക്കേണ്ടത്.... ഒന്ന് മാറിക്കെ പ്ലീസ്…. “
         അതുംപറഞ്ഞു അവനെ തട്ടി മാറ്റി ബാഗും എടുത്തു അവൾ അകത്തേക്കു കയറിയതും തടയാൻ പോലും ആകാതെ  എന്ത് ചെയ്യണമെന്നറിയാതെ റിഷി വാതിൽക്കൽ തറഞ്ഞുനിന്നു…ഇനി ഉണ്ടാകാൻ പോകുന്ന പുകിലുകളെ ഓർത്ത്…..
   
          (തുടരും )

ആദ്യഭാഗത്തിന് നിങ്ങൾ നൽകിയ സപ്പോർട്ടിന് ഒരുപാട് നന്ദി, ഇനിയും കൂടെ ഉണ്ടാവണം അഭിപ്രായങ്ങൾ അറിയിക്കണേ...
രചന: മീനു
To Top