വിശ്വഗാഥ, PART 24

Valappottukal
വിശ്വഗാഥ💕
ഭാഗം- 24

"അതേ... നമ്മൾ ഏത് ക്ഷേത്രത്തിലേക്കാണ് പോകുന്നത്?"

"മഹാദേവ ക്ഷേത്രത്തിലേക്ക് തന്നെയാ..."

"ഏഹ്?! ആണോ?"

"മ്മ്... അതെ. ഒരു മലയുടെ മുകളിലായിട്ടാണ്. വളരെ തിരക്ക് കുറവാ  അവിടെ. നല്ല സൈലെൻസ് ആണ്. വെരി പീസ്ഫുൾ പ്ലേസ്..."

"ആഹാ... മലയുടെ മുകളിലോ? ഞാൻ പോയിട്ടില്ലെന്ന് തോന്നുന്നു..."

"ആഹ്... കുറച്ച് സ്‌റ്റെപ്സ് ഉണ്ട് കേറാൻ. പിന്നെ,  അങ്ങനെ ഫേമസ് ഒന്നും അല്ലടോ... പക്ഷേ,  തനിക്ക് അവിടം ഇഷ്ടമാകും. തന്നെയും കൊണ്ട് ആളുകൾ കുറവുള്ള സ്ഥലത്തേക്ക് അല്ലേ കൊണ്ടുപോവാൻ പറ്റുള്ളു..."

"ഓഹോ... എന്താ ഇപ്പോൾ അവിടേക്ക് എന്നെ കൊണ്ടുപോകുന്നേ?"

"പറയാടോ..."

"മ്മ്..."

അങ്ങനെ കുറച്ചു ദൂരം കഴിഞ്ഞപ്പോൾ പിന്നെ മലയുടെ കേറ്റമായി....

"ദാ താനൊന്ന് അങ്ങോട്ട്‌ നോക്കിയേ..."

"വൗ... സൂപ്പർബ്... എന്ത് രസമാ കാണാൻ... നമ്മൾ മലയുടെ അടുത്ത് എത്തിയോ?"

"മ്മ്... പക്ഷേ,  തൊട്ടടുത്ത് പോവുകയൊന്നും വേണ്ട. അവിടെയൊന്നു എത്തട്ടെ... ഇതിനെക്കാളും രസമായിരിക്കും..."

"ഇങ്ങോട്ട് കേറിയപ്പോഴേ നല്ല കാറ്റ് വീശുന്നുണ്ട്. എനിക്ക് നമ്മുടെ നാട്ടിൽ ആ കുന്നിനെ ഓർമ വരുന്നു..."

"ആണോ?  മ്മ്... പക്ഷേ, ഇവിടെ അത്പോലെയല്ല"

എന്നും പറഞ്ഞ് വിശ്വ ബുള്ളറ്റിന്റെ സ്പീഡ് കൂട്ടി. ഒരു അഞ്ചു മിനിറ്റ് കൊണ്ട് അവൻ അവിടെ എത്തിച്ചു.

"ഇറങ്ങിക്കോ... ഇനി അങ്ങോട്ട്‌ കുറച്ച് സ്‌റ്റെപ്സ് ഉണ്ട്"

"മ്മ്..."
ഗാഥ ബുള്ളറ്റിൽ നിന്നും ഇറങ്ങി അവിടെയാകെ വീക്ഷിച്ചു.

"ഇവിടെ നിന്ന് നോക്കാതെ വാ..."

വിശ്വ തന്റെ കൈ അവളുടെ നേരെ നീട്ടി. അവൾ ഒരു പുഞ്ചിരിയോടെ അവന്റെ കൈ പിടിച്ചു. അവനവളുടെ വിരലുകൾ കോർത്തു  പിടിച്ചു നടന്ന് മെല്ലെ പടികൾ കേറാൻ തുടങ്ങി.
ഇപ്പോൾ മല നന്നായി അടുത്ത് കാണാം. നീലാകാശത്തിൽ മുട്ടി നിൽക്കുന്നതായി തോന്നും. അവിടെത്തെ കാറ്റ് അവളുടെ മുടിയിഴകളെ തഴുകികൊണ്ടിരുന്നു. അവൾ വിശ്വയെ നോക്കി ചിരിച്ചു.

 വാതിലുകൾ അടച്ചു പൂട്ടാനില്ലാതെ  തുറസ്സായ ഒരു ശിവക്ഷേത്രമായിരുന്നു അത്. ക്ഷേത്രത്തിന് അകത്തു കയറിയപ്പോൾ വിശ്വ പതിയെ അവളെ തന്നോട് ചേർത്ത് നിർത്തി. എന്നിട്ട് ഇരുവരും കൈകൾ കൂപ്പി മഹാദേവനെ നോക്കി പ്രാർത്ഥിച്ചു. പ്രാർത്ഥിക്കുന്നതിനിടയിൽ അവൻ ഗാഥയെ നോക്കി ചിരിച്ചു.

"പ്രാർത്ഥിച്ചു കഴിഞ്ഞെങ്കിൽ നമുക്ക് ദാ അവിടെ ഇരിക്കാം..."

വിശ്വയും ഗാഥയും അവിടെ ഒരു തൂണിന്റെ അടുത്ത് ഇരുന്നു. കുറച്ചു നിമിഷം കഴിഞ്ഞപ്പോൾ അവർ എണീറ്റ് പുറത്തേക്ക് നടന്നു.

"ഇവിടെ എങ്ങനെയുണ്ട്?  ഇഷ്ടമായോ?"

"മുഛേ യഹാം ബഹുത് അഛാ ലഗാ..."

"അഛാ... മേരേ സാഥ്‌ ആവോ..."
എന്നും പറഞ്ഞ് ചിരിച്ചുകൊണ്ടവൻ വീണ്ടും അവളുടെ കൈ കോർത്ത് പിടിച്ചു നടക്കാൻ തുടങ്ങി.

"എന്നാലും ഒരിക്കൽ പോലും പറയാൻ തോന്നിയില്ലലോ മുംബൈയിൽ ആയിരുന്ന കാര്യം..."

"പറയാൻ തോന്നിയില്ല അപ്പോൾ. താൻ അത് വിട്ടേക്ക്..."

"മ്മ്... ഇപ്പോൾ ഇവിടേക്ക് കൊണ്ടുവന്നത് എന്നോട് എന്ത് കാര്യം പറയാനാ?"

ഇത് കേട്ടതും വിശ്വ അതിശയത്തോടെ ഗാഥയുടെ മുഖത്തേക്ക് നോക്കി.

"തനിക്ക് അത് എങ്ങനെ മനസ്സിലായി?"

"അന്ന് അവിടേക്ക് എന്നെ കൊണ്ടുപോയിട്ട് എന്തോ പറയാൻ വന്നതല്ലേ... ഇവിടെ വന്നതും എന്തോ പറയാൻ തന്നെയാ"

"താൻ പറഞ്ഞത് വളരെ ശെരിയാണ്. എനിക്ക് തന്നോട് ഒരു കാര്യം പറയാൻ ഉണ്ട്.  ഇവിടെയാണ് പറ്റിയ സ്ഥലമെന്ന് എനിക്ക് തോന്നി. ഇവിടെ വരുമ്പോൾ മൈൻഡൊക്കെ ഒന്നു ഫ്രഷ് ആകും"

"അല്ലേലും മഹാദേവന്റെ അടുത്തേക്ക് വരുമ്പോൾ നമ്മുടെ മനസ്സൊക്കെ ശാന്തമാകും"

"മ്മ്... അതെ. തനിക്ക് ഇവിടെ കൂടുതൽ ഇഷ്ടപ്പെടുമെന്ന് അറിയാം. അതുകൊണ്ട് തന്നെയാണ് ഇങ്ങോട്ട്  കൊണ്ടുവന്നതും. ആളുകൾ ആണേൽ നന്നേ കുറവും..."

"പക്ഷേ,  ഇതുപോലൊരു സ്ഥലത്തേക്ക് കൂടുതൽ ആളുകൾ വരേണ്ടതല്ലേ?!"

"ആവോ... അറിയില്ല. എനിക്ക് പറയാൻ ഉള്ളത് ഒരു ഹാപ്പി ന്യൂസ്‌ ആണ്?"

"ഹാപ്പി ന്യൂസോ? ചേട്ടനെ കണ്ടെത്തിയോ?"

"മ്മ്... ഇപ്പോൾ വീട്ടിലുണ്ട്"

ഇന്നലെ വിഷ്ണുവിനെ കണ്ടെത്തിയ കാര്യമെല്ലാം വിശ്വ ഗാഥയോട് പറഞ്ഞു.

"ആളിപ്പോൾ ഓക്കേ ആണോ?"

"മ്മ്... ഓക്കേ ആയി വരുന്നു... അച്ഛന്റെ മരണത്തിന് കാരണം താൻ ആണെന്നൊരു തോന്നൽ. അതുകൊണ്ടാ ഇത്രയും ദിവസം ഞങ്ങളുടെ അടുത്തേക്ക് വരാതെ ഇരുന്നത്. പിന്നെ,  സേതുവിന്റെ കാര്യം ഞാൻ ഭയ്യയോട് പറഞ്ഞു. അപ്പോഴാ വേറെയൊരു കാര്യം അറിഞ്ഞത്..."

"വേറെയെന്ത് കാര്യം?"

"അത്... തന്റെ ബെസ്റ്റ് ഫ്രണ്ട് ഇല്ലേ ശ്വേത? അവളുമായി ഭയ്യാ ഇഷ്ടത്തിൽ ആയിരുന്നു"

ഇത് കേട്ട് ഒരു ഞെട്ടലോടെ ഗാഥ അവന്റെ മുഖത്തേക്ക് നോക്കി.

"ഇഷ്ടമോ? എങ്ങനെ?  അവർ തമ്മിൽ കണ്ടിട്ടുണ്ടോ?"

"ഇല്ല. സേതു ഭയ്യയുടെ ഫോട്ടോ കാണിച്ചു കൊടുത്തിട്ടുണ്ട്. അവനാണ് ഭയ്യയെ പരിചയപ്പെടുത്തി കൊടുത്തത്. അവളെ വിളിക്കുമ്പോഴൊക്കെ ഭയ്യക്കും സംസാരിക്കാൻ കൊടുക്കുമെന്ന്. പിന്നെ,  അവർ തമ്മിൽ ഫോണിൽ വിളിക്കാൻ തുടങ്ങി. പിന്നീട് അത് ഇഷ്ടത്തിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ഭയ്യാ എനിക്കൊരു സൂചന പോലും തന്നില്ലായിരുന്നു"

"ശോ... എന്നിട്ട് അവൾ ഞങ്ങളോട് ഒന്നും പറഞ്ഞിട്ടില്ലലോ..."

"താൻ ഇതുവരെ നമ്മുടെ കാര്യം അവരോട് പറഞ്ഞിട്ടുണ്ടോ?"

"ഇല്ലാ..."

"ആഹ് ഇതുപോലെ തന്നെയാ അതും. പിന്നെ, എന്റെ ഫോട്ടോയൊന്നും കണ്ടുകാണില്ലെന്ന് തോന്നുന്നു. ഭയ്യാ അന്ന് സിങ്കപ്പൂരിന് പോകുന്നതിന്റെ തലേ ദിവസമാണ് അവസാനമായി അവർ സംസാരിച്ചത്"

"അതിന് ശേഷം അവൾ വിളിച്ചില്ലേ?"

"ഇല്ല. പിന്നെ, ഭയ്യ വിളിച്ചപ്പോൾ ആ നമ്പർ നിലവിൽ ഇല്ലെന്നാ കേട്ടത്"

"ഹാ... അവളുടെ സിം കളഞ്ഞു പോയെന്ന് പറഞ്ഞായിരുന്നു. പിന്നെ,  ഫേസ്ബുക്ക് ഒന്നും എടുക്കാൻ അവളുടെ ചേട്ടൻ സമ്മതിച്ചിട്ടില്ല"

"ഹ്മ്മ്... അവനെ ഞാനൊന്നു നേരിൽ കാണട്ടെ... എല്ലാം ചേർത്ത് ഞാൻ കൊടുക്കുന്നുണ്ട്. ആ ഡോക്യുമെന്റ്സ് എങ്ങനെയെങ്കിലും കൈക്കലാക്കണം"

"മ്മ്... അതേ... ഇപ്പോൾ കമ്പനിയിലെയും ഫാക്ടറിയിലെയും കാര്യങ്ങൾ നോക്കുന്നത് ആരാ?"

"അതിനൊക്കെ ആളുണ്ട്. പിന്നെ,  അതിന്റെയൊക്കെ മേൽനോട്ടം വഹിക്കാൻ ഷാജഹാനെ നിർത്തിയിട്ടാ ഞാൻ അങ്ങോട്ട്‌ വന്നത്"

"അല്ലാ... അവരുമായി എങ്ങനെയാ പരിചയം?"

"ഞങ്ങൾ തൊട്ടടുത്ത അയൽക്കാരായിരുന്നു"

"ഓഹ്... പിന്നെ,  തന്റെ ഡ്രീം എന്തായി?"

"ആ ഡ്രീം നേരത്തെ നടക്കുമായിരുന്നു. അച്ഛൻ ഞങ്ങളെ വിട്ട് പെട്ടന്ന് പോയില്ലായിരുന്നുവെങ്കിൽ.... ബിൽഡിംഗൊക്കെ ഓക്കേയാണ്. കുറച്ചു മെയിന്റനൻസ് വർക്ക്‌ ബാക്കിയുണ്ട്. പിന്നെ,  അച്ഛൻ മധേഷിന്റെ കാര്യം തന്നോട് പറഞ്ഞോ?"

"ഹാ... പറഞ്ഞു. ഞാൻ ഇഷ്ടമല്ലെന്ന് പറഞ്ഞു"

"ആഹാ... അതിനുള്ള ധൈര്യമൊക്കെ കിട്ടിയോ?"

"മ്മ്... കിട്ടി..."

"എങ്ങനെ?"

"അതൊക്കെ കിട്ടി..."

"ഒന്നു പറയെന്നേ..."

"ആഹ് പറയാം... തല ഒന്നു കുനിച്ചേ..."

എന്താ പറയുന്നതെന്നറിയാൻ വിശ്വ തല  കുനിച്ചതും ഗാഥ അവന്റെ ഇടത്തെ കവിളിൽ ഒരുമ്മ കൊടുത്തു. എന്നിട്ട് അവന്റെ കൈ വിടുവിച്ച് താഴേക്ക് ഓടി.

"ഗാഥാ.... ദേ ഓടല്ലേ... അവിടെ സ്‌റ്റെപ്സ് തട്ടി വീഴും കേട്ടോ..."
എന്നും പറഞ്ഞ് വിശ്വ അവളുടെ പുറകേ ചെന്നു.

"സാരമില്ല... വീഴ്ന്നോട്ടെ..."

ഗാഥ അവനെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു. വിശ്വ വേഗം അവളുടെ അടുത്തെത്തി.

"തന്നോട് ഓടരുത് എന്നല്ലേ പറഞ്ഞെ"

എന്ന് പറഞ്ഞുകൊണ്ട് വിശ്വ അവളെ തന്റെ കൈകളിൽ കോരിയെടുത്തു. ഗാഥ അതൊരിക്കലും പ്രതീക്ഷിച്ചില്ല.

"വിശ്വാ... ഇവിടെ ആളുകൾ കാണും... താഴെ നിർത്തിക്കേ..."

"കാണുന്നവർ കാണട്ടെ... താൻ എപ്പോഴും പറയുമ്പോലെ മഹാദേവൻ നോക്കിക്കോളും"

ഗാഥ അവനെ പ്രണയാർദ്രമായി നോക്കി. അവൻ എന്താ എന്ന് പുരികം പൊക്കി ചോദിച്ചു. അവൾ ഒന്നുമില്ലെന്ന് തലയാട്ടി. ബുള്ളറ്റിന്റെ അടുത്ത് എത്തിയതും വിശ്വ ഗാഥയെ നിലത്ത് നിർത്തി. എന്നിട്ട് ബുള്ളറ്റിൽ ചാരി നിന്ന് അവളുടെ ഇടുപ്പിൽ പിടിച്ച് അവനോട് ചേർത്തു.
അവളുടെ കൈകൾ എടുത്ത് തന്റെ തോളിൽ വെച്ചിട്ട് അവൻ പതിയെ നെറ്റിന്മേൽ ചുംബിച്ചു.

"തന്നെ ഒരു നിമിഷം പോലും കാണാതിരിക്കാൻ പറ്റാത്ത അവസ്ഥയായി മാറി കൊണ്ടിരിക്കുവാ"

"എനിക്കും..."

"ഓഹോ... ആണോ...?"

വിശ്വ അവന്റെ മുഖം അവളുടെ ചുണ്ടിനോട് അടുപ്പിച്ചു.

"വിശ്വാ താൻ എന്താ ഈ കാണിക്കുന്നേ? റോഡ് സൈഡ് ആണെന്ന് മറന്നോ?"

"ഓഹ്... അല്ലായിരുന്നുവെങ്കിലോ? ഏഹ്?"

വിശ്വ ഒരു കള്ളച്ചിരിയോടെ അവളോട് ചോദിച്ചു. അവൾ അവന്റെ നെഞ്ചിൽ ചെറുതായൊന്നു ഇടിച്ചു.

"നമുക്ക് പോകാം..."

"മ്മ്... ശെരി. പിന്നെ,  അമ്മ തന്നെ അന്വേഷിച്ചിരുന്നു"

"ആഹ് എനിക്ക് ആന്റിയെയും വിച്ചു ചേട്ടനെയും കാണണമെന്നുണ്ട്"

"ഹ്മ്മ്... അതൊക്കെ ഒരു ദിവസം കാണാം. ഇനി എല്ലാമൊന്ന് ഓക്കേ ആകട്ടെ. പോകുന്ന വഴിയിൽ നമുക്ക് എന്തേലും കഴിക്കാം"

"അയ്യോ വേണ്ടാ... ലേറ്റ് ആകും. മാലു അവിടെന്ന് ഇറങ്ങിക്കാണും"

"എന്നാൽ ശെരി. പിന്നേ,  താൻ ഇപ്പോൾ താമസിക്കുന്നതിന്റെ അഡ്രസ്സ് ഒന്നു പറയോ?"

"എന്തിനാ?"

"എപ്പോഴെങ്കിലും തന്നെ കാണണമെന്ന് തോന്നിയാൽ വരണ്ടേ?"

"അങ്ങോട്ടോ... അത് വേണ്ട"

"അപ്പോൾ അഡ്രസ്സ് പറയില്ല അല്ലേ?  വേണ്ട. ഞാൻ കണ്ടുപ്പിടിച്ചോളാം. താൻ കേറിയിരിക്ക്. ഇനിയും ഇവിടെ നിന്നാൽ ലേറ്റ് ആകും"

വിശ്വ ബുള്ളറ്റിൽ കേറി സ്റ്റാർട്ട്‌ ചെയ്തു. ഗാഥ കേറിയിരുന്നതും അവൻ അവളുടെ വലതു കൈ എടുത്ത് ചുംബിച്ച ശേഷം തന്റെ വയറിന്മേൽ വെച്ചു. അവൾ അവന്റെ തോളിൽ  തലവെച്ച് അവനോട് ചേർന്ന് ഇരുന്നു. അധികം വൈകാതെ തന്നെ വിശ്വ അവളെ മാലുവിന്റെ അടുത്ത് എത്തിച്ചു. വീട്ടിൽ ചെന്നപ്പോൾ ഗംഗ അവളെ കാത്തു നിൽക്കുന്നുണ്ടായിരുന്നു.

"ഗാഥേച്ചി വേഗം ഒന്നു വന്നേ..."

"എന്താടി?"

"റൂമിലേക്ക് വാ... പറയാം..."

ഗംഗ ഗാഥയുടെ കൈ പിടിച്ച് വേഗം റൂമിലേക്ക് കൊണ്ടുപോയി.

"എന്താ?  ഇനി കാര്യം പറയ്‌"

"അച്ഛൻ സീരിയസ് ആണ് കേട്ടോ... ചേച്ചി ഇഷ്ടമല്ല എന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ആ മാധേഷിനെ അച്ഛന് നന്നേ ബോധിച്ചിട്ടുണ്ട്. അയാളെ പോലെ വേറൊരു പയ്യനെയും ഗാഥേച്ചിക്ക് കിട്ടില്ലെന്നാ പറയുന്നെ"

"ഇതൊക്കെ നീ എങ്ങനെ അറിഞ്ഞു?"

"ഞാൻ ഇപ്പോഴായിട്ട് നാനിയോട് ചോദിച്ചതാ. അന്ന് അച്ഛന്റെ അടുത്ത് പോയിട്ട് എന്താ സംസാരിച്ചതെന്ന് ഞാൻ ചോദിച്ചപ്പോഴാ പറഞ്ഞത്. ചേച്ചിയെ കൊണ്ട് എങ്ങനെയെങ്കിലും സമ്മതിപ്പിക്കാനാ അച്ഛൻ നാനിയോട് പറഞ്ഞെ"

"ശോ..."

"ചേച്ചി എത്രയും വേഗം ചേട്ടന്റെ കാര്യം പറയുന്നതായിരിക്കും നല്ലത്"

"ഇതിനിടയിൽ ഞാൻ എങ്ങനെ പറയാനാ?"

"ഹ്മ്മ്... പിന്നെ,  രതീഷ് അമ്മാവൻ ശാലിനി അമ്മായിയോട്  പറയുന്നത് കേട്ടു. ഗാഥേച്ചി വന്നിട്ട് അവരെ മൈൻഡ് ചെയ്തില്ലെന്ന്. ഇനി ഇത് പ്രശ്നമായാൽ സപ്പോർട്ട് ചെയ്യാൻ രതീഷ് അമ്മാവനെ കാണുള്ളു. പോയി അവരോട് മിണ്ടിക്കെ"

"അയ്യോ... ഞാൻ അങ്ങനെ മൈൻഡ് ചെയ്യാതെ ഇരുന്നില്ലലോ..."

ഗാഥ വേഗം അടുക്കളയിലേക്ക് പോയി. അവിടെ ശാലിനിയും  രതീഷും നിൽക്കുന്നുണ്ടായിരുന്നു.
       *********--------------********
അന്ന് രാത്രി ഗാഥയും ഗംഗയും ശ്വേതയെ കുറിച്ച് പറഞ്ഞുകൊണ്ടിരുന്നു.

"ശ്വേത ചേച്ചിയും ആശ ചേച്ചിയും വിളിച്ചായിരുന്നോ?"

"വിളിച്ചില്ല. മെസ്സേജ് അയച്ചായിരുന്നു"

"ഹ്മ്മ്... "

"നമുക്ക് ഉറങ്ങിയാലോ..."

"ശെരി. പിന്നെ,  നാളെ മുതൽ ഡാൻസ് പ്രാക്ടീസ് ചെയ്യാം കേട്ടോ"

"ഓക്കേ... വിശ്വയെ ഒന്നു വിളിച്ചിട്ട് കിടക്കാം"

ഗാഥ വിശ്വയെ കാൾ ചെയ്തു. ഫസ്റ്റ് റിങ്ങിൽ തന്നെ അവൻ കാൾ അറ്റൻഡ് ചെയ്തു.

"ഹെലോ... ഞാൻ ഇപ്പോൾ അങ്ങോട്ട്‌ വിളിക്കാൻ പോയതാ..."

"ആണോ?  അപ്പോൾ ശെരി,  ഗുഡ് നൈറ്റ്‌..."

"അതേ... വെക്കല്ലേ... താനൊന്നു താഴേക്ക് ഇറങ്ങി വന്നേ..."

"ഏഹ്? താഴേക്കോ?! എവിടെ?"

"ഇവിടെ നിങ്ങളുടെ തൊഴുത്ത് ഇല്ലേ?  അവിടെ ആയിട്ട്... വേഗം വാ... ഒരു അത്യാവശ്യ കാര്യം പറയാനുണ്ട്"

"എന്റെ മഹാദേവാ... വിശ്വ ഇത് എന്ത് ഭാവിച്ചാ?  ഞാനെങ്ങും ഇല്ല. വന്നപോലെ തിരിച്ചു പൊയ്ക്കേ... പ്ലീസ്..."

"അങ്ങനെ പറയല്ലേ... ജസ്റ്റ്‌ ഒന്നു കണ്ടാൽ മതി. എന്നിട്ട് ഞാൻ പൊയ്ക്കോളാം"

"ശേ... ഞാനെങ്ങനെ വരും?"

"അത് തനിക്കല്ലേ അറിയുള്ളു"

"എന്തായാലും ഫോണിലൂടെ പറയ്‌...".

"അത് പറ്റില്ല. അതുകൊണ്ടല്ലേ ഞാൻ നേരിട്ട് വന്നത്. താൻ എങ്ങനെയെങ്കിലും വരാൻ നോക്ക്. ഓക്കേ?"
എന്നും പറഞ്ഞ് വിശ്വ കാൾ കട്ട്‌ ചെയ്തു.

"ഹ... ഹെലോ..."
ഗാഥ തലക്ക് കയ്യും കൊടുത്തിരുന്നു.

"എന്താ ചേച്ചി?  എന്തേലും പ്രശ്നം ഉണ്ടോ?

"മ്മ്... ഉണ്ട്. വിശ്വ താഴെ വന്ന് നിൽപ്പുണ്ട്. നമ്മുടെ തൊഴുത്തിന്റെ അവിടെ ആയിട്ട്..."

"ഈശ്വരാ... ഇതെങ്ങനെ?"

"ആവോ... അറിയില്ല. എന്നോട് വേഗം വരാൻ പറഞ്ഞു. എന്തോ അത്യാവശ്യ കാര്യം പറയാൻ ആണെന്ന്"

"ചേച്ചി വേഗം പോയി വാ... ഇപ്പോൾ ചിത്ര അമ്മായിയും അമ്മാവനും അടുത്ത റൂമിൽ ഇല്ലല്ലോ... എല്ലാവരും നേരത്തെ കിടന്നതല്ലേ... ഉറങ്ങിക്കാണും. വേഗം പോയിട്ട് വാ. എന്തോ അത്യാവശ്യ കാര്യം തന്നെ ആയിരിക്കും. അല്ലെങ്കിൽ ഇപ്പോൾ വരില്ല"

"ഹ്മ്മ്... ശെരി"

കട്ടിലിൽ കിടന്ന ഷാളും എടുത്തിട്ടു കൊണ്ട് ഗാഥ പതിയെ ശബ്ദം ഉണ്ടാക്കാതെ വാതിൽ തുറന്ന് പുറത്തിറങ്ങി. എന്നിട്ട് നേരെ  തൊഴുത്തിന്റെ അവിടേക്ക് നടന്നു. അവിടെയുള്ള ഒരു വൈക്കോൽക്കൂനയുടെ അടുത്തായി വിശ്വ നിൽക്കുന്നുണ്ടായിരുന്നു. അവൾ പതിയെ അടുത്ത് ചെന്ന് അവന്റെ തോളിന്മേൽ കൈ വെച്ചു. ഗാഥ വന്നുവെന്ന് അറിഞ്ഞപ്പോൾ ഒരു കള്ളച്ചിരിയോടെ അവൻ തിരിഞ്ഞ്  അവളുടെ മുഖത്തേക്ക് നോക്കി.
(തുടരും)
©ഗ്രീഷ്മ. എസ്
To Top