ഹൃദയത്തിൽ സൂക്ഷിക്കാൻ, Part: 23

Valappottukal
💕ഹൃദയത്തിൽ സൂക്ഷിക്കാൻ 💕 💕പാർട്ട്‌ 23💞

ദിവസങ്ങൾ വീണ്ടും കൊഴിഞ്ഞു പോയി... കാർത്തിയും ആർച്ചയും കുടുംബജീവിതം ആരംഭിച്ചു കഴിഞ്ഞു... കാര്യങ്ങൾ അറിഞ്ഞപ്പോൾ ആർച്ചയുടെ അച്ഛന്റെയും അമ്മയുടെയും ഭാഗത്ത്‌ നിന്നും വലിയ കോളിളക്കം അവർ പ്രതീക്ഷിച്ചു എങ്കിലും വലിയ പ്രേശ്നങ്ങൾ ഒന്നും ഉണ്ടായില്ല...
സാധാരണ എല്ലാ പ്രണയവിവാഹങ്ങളിലും വീട്ടുകാരുടെ ഭാഗത്ത്‌ നിന്നും ഉണ്ടാകുന്ന ക്ളീഷോ തന്നെ ഇവിടെയും
" ഇനി ഞങ്ങൾക്ക് ഇങ്ങനെ ഒരു മകൾ ഇല്ല... " എന്ന ഒറ്റ ഡൈലോഗിൽ അച്ഛനും അമ്മയും അവളെ പടിയടച്ചു.... ഇതിലും വലുത് പ്രതീക്ഷിച്ചു ഇരുന്നിരുന്ന അവർക്ക് ഈ ഡൈലോഗ് ഒന്നും ഏശിയതും ഇല്ല...

ആർച്ച പോയതിൽ പിന്നെ നീലിമ ഫ്ലാറ്റിൽ തനിച്ചായി... കൂടെ വന്നു താമസിക്കാൻ ആർച്ചയും കാർത്തിയും ഒരുപാട് നിർബന്ധിച്ചെങ്കിലും നീലിമ ഒരുക്കം ആയിരുന്നില്ല..... ഇടക്കൊക്കെ വന്നു നിൽക്കാം എന്ന ഉടമ്പടിയിന്മേൽ ആണ് അവളെ അവിടെ തനിച്ചു നിൽക്കാൻ എല്ലാരും സമ്മതം പറഞ്ഞത്... ഇതിനിടയിൽ വിശ്വൻ മാഷിന്റെ ചെല്ല കുട്ടി ആയി അവൾ മാറി.... അവരുടെ സ്നേഹബന്ധം കാണുമ്പോൾ സഞ്ജുവിനെ തവിടു കൊടുത്തു വാങ്ങിയതാണെന്നു പറഞ്ഞു കാർത്തിയും ആർച്ചയും അവനെ കളിയാക്കാനും തുടങ്ങി...

എന്നും ചാനലിൽ നിന്നും തിരിച്ചു പോകുമ്പോൾ എന്തെങ്കിലും ഒരു സ്പെഷ്യൽ വിഭവം സഞ്ജുവിന്റെ കയ്യിൽ നീലിമ മാഷിന് കൊടുത്തയക്കും...
എന്നെകൊണ്ട് വയ്യ ഇത് ചുമന്നു കൊണ്ടുപോകാൻ എന്നും പറഞ്ഞു കടുവ കിടന്നു ചാടുമെങ്കിലും മറക്കാതെ ആ പാത്രം വാങ്ങിയിട്ടേ ചാനൽ വിടാറുള്ളു... അതിനു മറ്റൊരു കാരണം കൂടി ഉണ്ട് മാഷ്ക്കുള്ളത് എന്ന്‌ പറഞ്ഞു കൊടുക്കുന്ന പാത്രത്തിനകത്തു മിക്കദിവസവും സഞ്ജുവിന് ഇഷ്ടമുള്ള എന്തെങ്കിലും ആകും ഉണ്ടാകുക... ഇടക്ക് ആർച്ചയുടെ കൂടെയും ഇടക്ക് നന്ദുട്ടിയുടെ കൂടെ കുറുമ്പ് കാട്ടിയും, മാഷിന്റെ കൂടെ പുതിയ പാചകപരീക്ഷണങ്ങൾ നടത്തിയും, ഒക്കെ നീലിമയുടെ ദിവസങ്ങൾ മുന്നോട്ടു പോയി...

ഇതിനിടയിൽ സ്വയപ്രയത്നത്തിലൂടെ ഒരു ജേർണേലിസ്റ്റ് റിപ്പോർട്ടർ എന്നനിലയിൽ ആരെയും കോപ്പി അടിക്കാതെ അവളുടുതേയ ഒരു ഐഡന്റിറ്റി ഉണ്ടാക്കി എടുക്കാൻ അവൾക്ക് കഴിഞ്ഞു...
പലവാർത്തകളും അവൾ വലിയ റിസ്ക് എടുത്തുകൊണ്ടായിരുന്നു കണ്ടെത്തിയിരുന്നത്... നേർക്കുനേർ കണ്ടാൽ ടോം ആൻഡ് ജെറി ആണെങ്കിലും അവളുടെ ഓരോ നേട്ടത്തിന് പിന്നിലും ചെറുതല്ലാത്ത പങ്ക് സഞ്ജുവിന് ഉണ്ടായിരുന്നു... എപ്പോളും അവൾക്ക് കരുത്തേകി അവൻ നിന്നു....
എണ്ണമറ്റ ഷോകളിലൂടെ നീലിമ എന്ന റിപ്പോർട്ടർ പ്രസിദ്ധ ആയപ്പോൾ, അതോണ്ടൊപ്പം എണ്ണമറ്റ ശത്രുക്കളെയും അവൾ സമ്പാദിച്ചു... അതിന്റെ പരിണിതഫലം എന്നോണം ഇടക്കിടക്കുള്ള ഭീഷണി കോളുകൾ പതിവായി... പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല എന്നപോലെ ആയിരുന്നു നീലിമയുടെ സ്റ്റാന്റ്.....

അങ്ങനെ ഇരിക്കെ ആണ് ഒരുനാൾ ചാനലിന്റെ ഹൈ അതോറിറ്റി ബോർഡ്‌ ഓഫ് ഡയക്ടർസിൽ ഒരാൾ ആയ ശശീധരൻ സാർ ചാനൽ ഓഫീസിൽ എത്തുന്നത്... ശശീധരൻ സിറിന് നീലിമയോട് ഒരു പ്രത്യേക വാത്സല്യം ആണ്... അവളുടെ കഴിവുകളെ ആദ്യം തിരിച്ചറിഞ്ഞതും, ആദ്യമായി ഒരു ഇന്റിപെന്റന്റ് വർക്ക്‌ അവൾക്ക് നൽകിയതും അദ്ദേഹം ആണ്.... അദ്ദേഹത്തിന്റെ വിശ്വാസം ഇന്നുവരെ തെറ്റിക്കാതെ ഇരിക്കാൻ നീലിമക്കും കഴിഞ്ഞു... വിശ്വാൻ മാഷിന്റെ ഉറ്റ സുഹൃത്ത് കൂടി ആണ് ശശിധരൻ...

അദ്ദേഹം വന്നു കയറി കുറച്ചു കഴിഞ്ഞപ്പോൾ നീലിമയേ ക്യാബിനിലേക്ക് വിളിപ്പിച്ചു... അവൾ അകത്തേക്ക് ചെല്ലുമ്പോൾ അദ്ദേഹം എന്തോ കാര്യമായ പണിയിൽ ആണ്... അവൾ അടുത്തെത്തി എന്ന്‌ അറിഞ്ഞപ്പോൾ ഒരു ചിരി സമ്മാനിച്ചു ഒരു ഇന്വോലെപ് അവൾക്കു നേരെ നീട്ടി അദ്ദേഹം... സംശയത്തോടെ അദ്ദേഹത്തെ നോക്കി നിൽക്കുകയാണ് അവൾ ഇപ്പോളും...

" എന്നെ നോക്കി നിൽക്കാതെ അത് തുറന്നു നോക്കു കുട്ടി.... " ശശീധരൻ സാർ പറഞ്ഞപ്പോൾ അവൾ ആ ഇന്വോലോപ് തുറന്നു... അതിലെ കടലാസിലെ മാറ്റർ വായിച്ചപ്പോൾ വിശ്വസിക്കാൻ ആകാതെ അവൾ രണ്ടു മൂന്നു തവണ വീണ്ടും വീണ്ടും നോക്കി.... ആ കടലാസിലെ അക്ഷരങ്ങൾ അവളെ ഭീതിയിൽ ആഴ്ത്തി... ഇല്ല എനിക്ക് ഇത് ഒരിക്കലും ചെയ്യാൻ കഴിയില്ല...
അവളുടെ മനസ്സ് അന്ന് ആദ്യമായി അവളെ നിരുത്സാഹപ്പേടുത്തി... അദ്ദേഹത്തിന് എന്തു മറുപടി കൊടുക്കും എന്ന്‌ അറിയാതെ അവൾ ഒരുമാത്ര നിന്നു....

പലപ്പോഴും തന്റെ ജീവിതത്തിൽ ഒരു ഗാർഡിയന്റെ റോൾ കൈകാര്യം ചെയ്തിട്ടുള്ള ആളാണ്... എന്നെ ഒരു വർക്ക്‌ ഏൽപ്പിക്കുമ്പോൾ ഒരിക്കലും അതിൽ തോൽക്കേണ്ടി വരില്ല എന്നാ അദ്ദേഹത്തിന്റെ വിശ്വാസം, അത് എന്നിലുള്ള അദ്ദേഹത്തിന്റെ വിശ്വാസം ആണ്... അത് ആ കണ്ണുകളിൽ തെളിഞ്ഞു കണ്ടിട്ടുണ്ട് പലപ്പോഴും... ഇപ്പോളും ആ മുഖത്തു കാണുന്ന തിളക്കത്തിന് കാരണം അത് തന്നെ ആണെന്ന് എനിക്ക് അറിയാം... അങ്ങനെ ഉള്ളപ്പോൾ എങ്ങനെ ഞാൻ ഇത് ചെയ്‌യാൻ കഴിയില്ല എന്ന്‌ പറയും... അവൾ ചിന്തയിൽ ആണ്ടു... ഇന്വോലെപ് നൽകി നിമിഷങ്ങൾ കഴിഞ്ഞിട്ടും അവളിൽ നിന്നും മറുപടി ഒന്നും വരാതെ ആയപ്പോൾ ശശീധരൻ തന്റെ ലാപ്പിൽ നിന്നും മിഴികൾ ഉയർത്തി അവളെ നോക്കിയത്... ഏതൊക്കെയോ ചിന്തകളാൽ ചുറ്റുപെട്ട് വിദൂരതയിലേക്ക് ദൃഷ്ട്ടി ഊന്നി നിൽക്കുകയാണ് അവൾ...

"ഹെലോ... ഇത് ഏത് ലോകത്താ... ഇത്ര അതികം ചിന്തിച്ചു കൂട്ടാൻ എന്താ അതിൽ ഉള്ളത്... " മേശമുകളിൽ കൈകൾ തട്ടിക്കൊണ്ടു അദ്ദേഹം ആരാഞ്ഞു... മേശപ്പുറത്തു കൈതട്ടുന്ന ശബ്ദം കേട്ടു നീലിമ ഒന്ന് ഞെട്ടി... ചിന്തകളെ അവധിക്കു വച്ചവൾ അദ്ദേഹത്തിന് മുന്നിൽ ഇരുന്നു... അവളുടെ മറുപടിക്കായി ആയാളും കാതോർത്തു..

"സാർ ഇത്.... എനിക്ക്.... എന്നെ കൊണ്ട് കഴിയില്ല.... ഒന്ന് എന്നെ ഇതിൽ നിന്നും ഒഴിവാക്കി തരാമോ..?? " അവളുടെ ശബ്ദം ഇടറി... അവളിൽ നിന്നും മറുപടി ആയി വന്ന വാക്കുകൾ അയാളിൽ അത്ഭുതം ഉളവാക്കി... ഇങ്ങനെ ഒരു നീലിമയെ അയാൾ ആദ്യമായി കാണുകയായിരുന്നു... എന്തു വർക്ക്‌ കൊടുത്താലും ഊർജസ്വലതയോടെ ഏറ്റെടുക്കയും മനോഹരമായി മുഴുമിപ്പിക്കുകയും ചെയ്യുന്ന നീലിമയെ മാത്രമേ അയാൾക്ക് പരിജയം ഉണ്ടായിരുനുള്ളു....

" എന്താ ഇപ്പൊ അങ്ങനെ ഒരു തോന്നൻ...? ഇതിലും വലിയ പ്രൊജെക്ടുകൾ പൂ പറിക്കുന്ന ലാഘവത്തോടെ ചെയ്തു തീർക്കുന്നവൾക്ക് ഇവിടെ മാത്രം എന്തു പറ്റി... ?? " അയാളുടെ ശബ്ദത്തിൽ പതിവിലും കവിഞ്ഞ ഗൗരവം സ്ഥാനം പിടിച്ചു...

" അത്... സാർ... ഞാൻ.... " മറുപടി പറയാൻ ആകാതെ അവളും... ശെരിയാണ്... ഇവിടെ മാത്രം... അയാളുടെ മുന്നിൽ മാത്രം ഞാൻ തളർന്നു പോകുന്നത് എന്താണ്...??? അയാളെ ഞാൻ ഇത്രയും അധികം ഭയക്കുന്നത് എന്താണ്...?? യാഥാര്ച്ഛികമായി പോലും അയാളുടെ മുന്നിൽ ചെന്നെത്തരുത് എന്ന്‌ തോന്നുന്നതു എന്താണ്...??? ചിലപ്പോൾ ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിൽ അന്ന് അയാളിൽ നിന്നും ഉണ്ടായ പെരുമാറ്റം ആകാം അതിനു കാരണം...

"സീ നിമ്മി... ഇന്നത്തെ സിറ്റുവേഷനിൽ നമ്മുടെ ചാനലിന് കിട്ടിയ ബിഗ് ഓപ്പർട്യൂണിറ്റി ആണ് ഇത്.... വിഷ്ണു വർദ്ധനെ പറ്റി ഒരു സ്റ്റോറി... എല്ലാ ചാനലുകളുടെയും സ്വപ്നം ആണ്... ആ സ്വപ്നം ആണ് നമ്മുക്ക് മാത്രമായി സ്വന്തമായിരിക്കുന്നതു... ഇത് എന്തു വിലകൊടുത്തും ചെയ്തേ പറ്റു... " അയാളുടെ വാക്കുകൾ അവളെ ധർമ്മസങ്കടത്തിൽ ആക്കി...

"അറിയാം സാർ... എന്നേക്കാൾ നന്നായി ഇത് കംപ്ലീറ്റ് ആകാൻ കഴിയുന്ന കുറെ പേര് വേറെ ഉണ്ടല്ലോ... അവരെ ആരെങ്കിലും ഏൽപ്പിച്ചാൽ പോരെ... " അവസാന ശ്രെമം എന്ന നിലയിൽ അവൾ തിരക്കി... ശശീധരന്റെ മുഖത്തെ ഗൗരവം ഭാവം കുറച്ചുകൂടെ തിളക്കമേറി...

"ഇവിടെ ഏതൊക്കെ വർക്ക്‌ ആരൊക്കെ ചെല്ലണം എന്ന്‌ തീരുമാനിക്കുന്നത് ബോർഡ് ഓഫ് ഡിറക്ടർസ് ആണെന്ന് അറിയാലോ... എനിക്ക് ഒരു എക്സ്ക്യുസും കേൾക്കണ്ട... do what i say.... " അയാളുടെ ഇത്തരം ഒരു രൂപം നീലിമക്കും പുതുമയായിരുന്നു... അവൾ ആകെ വിറച്ചു.. ആ വിറയൽ അവളുടെ കൈവിരലിലേക്കും പ്രാപിച്ചപ്പോൾ കയ്യിലെ ഇന്വെലോപ് കയ്യിൽ നിന്നും ഊർന്നു നിലത്തു വീണു..

" ഈ വർക്കിൽ തനിക്ക് ഇഷ്ടമുള്ളവരെ കൂടെ കൂട്ടാം... ഒരു ഫുൾ ലൈഫ് സ്റ്റോറി അതാണ് ആഗ്രഹിക്കുന്നത്... ഡീറ്റെയിൽസ് ഒന്നും വിട്ടു പോകാതെ എല്ലാം കല്ലെക്ട ചെയ്യണം... നമ്മുടെ ചാനലിൽ ഇപ്പോൾ റണ്ണിങ് ആയികൊണ്ടിരിക്കുന്ന അഗ്നിചിറകുള്ള പക്ഷികൾ എന്ന പ്രോഗ്രാമിൽ ഒരു എപ്പിസോഡ് ആയി ചെയ്താൽ മതി... " കയ്യിലുണ്ടായിരുന്ന പേന അവൾക്കു നേരെ നീട്ടിപിടിച്ചു കൊണ്ട് ശശീധരൻ സാർ പറഞ്ഞു തീർത്തു ... മറുപടി ഒന്നും പറയാനാകാതെ നീലിമ നിന്നു... തൊണ്ടയിൽ നിന്നും വാക്കുകൾ ഒന്നും പുറത്തേക്ക് വരാത്ത പോലെ... അയാൾക്ക് ഉള്ള മറുപടി ആയി ഒന്ന് തലയാട്ടിയത് അല്ലാതെ വേറെ ഒന്നിനും അവൾക്ക് സാധിച്ചില്ല... നിലത്തു വീണു പോയ ഇൻവെലപ്പ് കുനിഞ്ഞെടുത്തു അവൾ ഒരു മരവിപ്പോടെ പുറത്തേക്ക് നടന്നു... അവൾ തിരിഞ്ഞു നടന്നു പോകുമ്പോൾ ശശീധരന്റെ മുഖത്തെ ഇതുവരെ ഉണ്ടായ ഗൗരവം മാഞ്ഞു അവിടെ ചെറിയ ഒരു ചിരി വിരിഞ്ഞു...
പോക്കറ്റിൽ നിന്നും ഫോൺ എടുത്തു ആദ്യം കണ്ട നമ്പറിലേക്ക് മെസ്സേജ് ടൈപ്പ് ചെയ്തു...
"She agreed..... mission completed... "

സഞ്ജു തന്റെ ക്യാമ്പിനിൽ ഇരുന്നു ലാപ്പിൽ ന്യൂസിന്റെ സ്ലൈഡ്‌സ് നോക്കുമ്പോൾ ആണ് നിലാവത്ത്‌ അഴിച്ചു വിട്ട കോഴിയെ പോലെ എന്തൊക്കെയോ ആലോചിച്ചു പോകുന്ന നീലിമയെ കാണുന്നത്... കയ്യിലെ പേപ്പർ ചുരുട്ടി മടക്കുന്നുമുണ്ട്... സാധാരണ അവന്റെ ക്യാബിനു മുന്നിലൂടെ പോകുമ്പോൾ ഒരു മാത്ര അവളുടെ കണ്ണുകൾ റൂമിനുള്ളിലേക്ക് പാഞ്ഞെത്തുക പതിവാണ്... അത് ഇനി എത്ര തിരക്കിൽ ആയാലും ആ കണ്ണുകൾ റൂമിലേക്ക് വന്നെത്താറുണ്ട്... ഇന്ന് പക്ഷേ അത് ഉണ്ടായില്ല... അവൾക്ക് തൊട്ടു മുന്നിലൂടെ കാർത്തി കടന്നു വന്നിട്ടും അവൾ കണ്ടില്ല... കാർത്തി അവളെ വിളിച്ചിട്ടും കേൾക്കാതെ അവളുടെ സീറ്റിൽ പോയി ഇരിക്കുകയാണ് ആണ് ഉണ്ടായത്....

"ഇവൾക്ക് ഇത് എന്തു പറ്റി... !"

ലാപ് അടച്ചു വച്ചു അവൻ ക്യാബിനു വെളിയിൽ ഇറങ്ങി.. അവളുടെ സീറ്റിൽ നോക്കിയിട്ടും സീറ്റ്‌ കാലി ആയിരുന്നു... ഓഫീസിലെ കോറിഡോർ ചെന്നവസാനിക്കുന്നത് ഒരു മീറ്റിങ് ഹാളിനു അടുത്താണ്... ബോർഡ് മീറ്റിംഗ് ഉണ്ടാകുന്ന സമയത്തു മാത്രമേ അങ്ങോട്ട്‌ ആരെങ്കിലും പോകാറുള്ളൂ.. ഹാളിന്റെ മുന്നിലെ ജനാലയിൽ കൂടി വെളിയിലേക്ക് നോക്കിയാൽ സൂപ്പർ വ്യൂ ആണ്... ചാനൽ ഓഫീസിന്റെ മുന്നിലെ ഗാർഡൻ ഏരിയ മുഴുവൻ കാണാം... സഞ്ജു ആ വഴി കടന്നു പോയപ്പോൾ ആണ് ജനലിനരികിൽ നീലിമയെ കണ്ടത്..

അവൻ അവൾക്കടുത്തെത്തി... അവളുടെ പുറകിൽ ചുമലിൽ അവന്റെ താടി ഊന്നി പുറത്തേക്ക് നോക്കി നിന്നു... കുറച്ചു നേരം ആയിട്ടും അവളിൽ നിന്നും പ്രതികരണം ഒന്നും ഇല്ലാതിരുന്നപ്പോൾ അവൻ അവളെ തിരിച്ചു നിർത്തി... ആ കണ്ണുകൾ നിറഞ്ഞിരുന്നു... കാരണം എന്താണെന്ന് ചോദിക്കാതെ അവൻ അവളെ ചേർത്തു പിടിച്ചു ക്യാബിനിലേക്ക് നടന്നു.... ക്യാബിനിൽ എത്തി അവന്റെ റിവോൾവിങ് ചെയറിൽ നീലിമയെ പിടിച്ചിരുത്തി സഞ്ജു... അവൾക്ക് അഭിമുഖമായി അവനും ടേബിളിനു മുകളിൽ കയറി ഇരുന്നു...

"ഇനി പറയെടോ... എന്താ പ്രശ്നം... " മറുപടി ഒന്നും പറയാതെ അവൾ തലതാഴ്ത്തി ഇരുന്നതേ ഉള്ളൂ... സഞ്ജു അവളുടെ കൈകൾ അവന്റെ കൈക്കുളിൽ ആക്കി....

"എടൊ..... ഒന്ന് എന്നെ നോക്കടോ... " അവന്റെ ശബ്ദം ആർദ്രമായി... അവളെ കേൾക്കാൻ അവൻ പൂർണ്ണമനസാൽ തയ്യാറാണെന്ന് ആ വാക്കുകൾ അവൾക്ക് ഉറപ്പു നൽകി... പതിയെ അവൾ തലയുയർത്തി.... അവന്റെ നെഞ്ചിൽ വീണു മനഃസംഘർഷം അകറ്റാൻ അവൾ ആഗ്രഹിച്ചു... പക്ഷേ എന്തോ ഒന്ന് ഇപ്പോളും അവളെ അതിൽ നിന്നും വിലക്കുന്നു... അറിയാം വിജയേ പോലെ അല്ല സഞ്ജു... വിജയിൽ നിന്നും ഏറ്റുവാങ്ങേണ്ടി വന്ന അപമാനം ഒരിക്കലും സഞ്ജു എനിക്ക് നൽകില്ല... അവന്റെ ഉള്ളിൽ ഞാൻ ആണെന്ന് ചേർന്നു നിൽക്കുന്ന ഓരോ നിമിഷവും അവന്റെ ഹൃദയതാളം എന്നോട് ആവർത്തിക്കുന്നുണ്ട്... എന്നാലും എന്തോ ഒന്ന്...... അവനിൽ നിന്നും എന്നെ അകറ്റുന്നു...

" പറ എന്താ ഈ മുഖം വാടാൻ കാരണം...?? " സഞ്ജു വീണ്ടും തിരക്കി.. മറുപടി ആയി കയ്യിൽ കരുതിയ ഇൻവലപ്പ് അവന് നേരെ നീട്ടി അവൾ.... അവൻ അത് വാങ്ങി തുറന്നു വായിച്ചു... വിഷ്ണു വർദ്ധനെ കുറിച്ചുള്ള ഡോക്യൂമെന്ററി ചെയ്യാൻ നീലിമയെ ചുമലത പെടുത്തികൊണ്ടുള്ള ലെറ്റർ.... ഇമ്പോര്ടന്റ് ആയി വേണ്ട ഡീറ്റെയിൽസ് കൂടി അതിൽ എഴുതി ചേർത്തിട്ടുണ്ട്... അവൻ അത് വായിച്ചു മടക്കി മേശമുകളിൽ വച്ചു...

" അപ്പോ വിഷ്ണു വർദ്ധൻ ആണെല്ലേ പ്രശ്നം... ഹ്മ്മ്....? "
അവന്റെ ചോദ്യത്തിന് മുന്നിൽ അവൾ അവനെ ഒന്ന് നോക്കുകമാത്രം ചെയ്തു... ആ കണ്ണുകളിൽ നിന്നും അവന് തിരിച്ചറിയാൻ സാധിച്ചു അവൾക്കുള്ളിൽ കടന്നു പോകുന്നു ചിന്തകളുടെ ആഴവും പരപ്പും... അവൻ ഒന്ന് ചിരിച്ചു
കൈകൾ രണ്ടും അവളുടെ കഴുത്തിലൂടെ ഇട്ടു അവളുടെ നെറ്റിമേൽ ചെറുതായി അവന്റെ നെറ്റി ഒന്ന് മുട്ടിച്ചു.....

"താൻ എന്തിനാടോ അയാളെ ഇങ്ങനെ ഭയക്കുന്നത്... ഇതിനേക്കാൾ എത്രയോ വലിയ കൊലകൊമ്പൻമാരെ മൂക്കൊണ്ടു അക്ഷരമാല എഴുതിപ്പിച്ച ആളല്ലേ... പിന്നെ എന്താ ഇവിടെ മാത്രം താൻ ഇങ്ങനെ തളർന്നു പോകുന്നത്... "

പറയാൻ അവൾക്ക് മറുപടി ഉണ്ടായിരുന്നില്ല... അന്ന് നടന്ന കാര്യങ്ങൾ ഒന്നും അവൾ ആരോടും പറഞ്ഞിരുന്നില്ല..
അന്ന് എന്തോ പറയാൻ തോന്നിയില്ല... ഇനി ഇപ്പോൾ പറഞ്ഞാൽ ആരും വിശ്വസിച്ചില്ലെങ്കിലോ...?

"എടൊ..... ഭൂമിക്കുമുകളിൽ നമ്മൾ ഭയക്കേണ്ടത് ദൈവത്തിനെ മാത്രം ആയിരിക്കണം... ബഹുമാനം ആകാം അത് അർഹിക്കുന്നവരോട് മാത്രം... സ്നേഹം ആകാം, നമ്മൾ നൽകുന്ന സ്നേഹം കൊണ്ട് നമ്മളെ ഒരിക്കലും വേദനിപ്പിക്കില്ല എന്ന്‌ തോന്നുന്നവരോട് മാത്രം...... ചങ്ങാത്തം ആകാം ചങ്കായി എപ്പോളും കൂടെ നിൽക്കും എന്ന്‌ ഉറപ്പുള്ളവരോട് മാത്രം... " അവൻ അവളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി... അവന്റെ വാക്കുകൾ അവളുടെ ഭയത്തെ അലിയിച്ചു കളയുന്നത് അവന് ആ കണ്ണുകളിൽ കാണാൻ സാധിച്ചു....

"എപ്പോളും നമ്മളെ കൊണ്ട് ചെയ്യാൻ സാധിക്കില്ല എന്ന്‌ തോന്നുന്ന കാര്യങ്ങൾ വേണം ആദ്യം ചെയ്യാൻ, കാരണം അത്തരം കാര്യങ്ങൾക്ക് മാത്രമേ നമ്മളെ ശെരിക്കും ശക്തരാകാൻ സാധിക്കു... ആ കാര്യങ്ങൾ ചെയ്യുമ്പോൾ മാത്രമേ നിനക്ക് നിന്റെ കഴിവുകളെ കുറിച്ചു തിരിച്ചറിയാൻ സാധിക്കു... "

" നിമ്മി സ്ട്രോങ്ങ്‌ ആണ്.. ബോൾഡ് ആണ്... ഈ വർക്ക്‌ ശശീധരൻ സാർ ഉദ്ദേശിക്കുന്നതിലും ഒരു പടി മുകളിൽ കൊണ്ട് നിർത്താൻ നിനക്ക് സാധിക്കും... നിന്നിൽ എനിക്ക് വിശ്വാസം ഉണ്ട്... അത് ഒരിക്കലും തെറ്റിപ്പോകില്ല എന്ന ഉറപ്പും... " അവളുടെ കൈകൾ തന്റെ കൈക്കുള്ളിലാക്കി ആ കൈകളോട് തന്റെ കൈകൾ ചേർത്തു വച്ചു......

വല്ലാത്ത ഒരു ആത്മവിശ്വാസം തോന്നി നീലിമക്ക്... ഉള്ളിൽ ഇതുവരെ ഉണ്ടായിരുന്നു എന്തൊക്കെയോ ഒരു അപ്പുപ്പൻ തടി പോലെ പറന്നു പോയ ഒരു സുഖം... അവളുടെ ചുണ്ടിൽ മനോഹരമായ ഒരു ചിരി വിരിഞ്ഞു... തികഞ്ഞ ആത്മവിശ്വസം നിറഞ്ഞു നിന്ന ചിരി... ആ ചിരി സഞ്ജുവിന്റെ ചുണ്ടിലേക്കും പറന്നു.... പതിയെ അവൻ അവളുടെ കയ്യുകൾ മോചിപ്പിച്ചു... അവളും കസേരയിൽ നിന്നും എഴുന്നേറ്റു...

" അപ്പോ എങ്ങനെയാ... നമ്മുക്ക് അങ്ങ് തുടങ്ങാം അല്ലെ... ഞങ്ങൾ ഉണ്ടാകും എന്തിനും കൂടെ... " സഞ്ജു ചോദിച്ചു
മറുപടി ആയി ഒന്ന് തലയാട്ടി അവൾ പുറത്തേക്ക് നടന്നു... അവൾ പോകുന്നതും നോക്കി അവനും... വാതിൽക്കലിൽ എത്തിയപ്പോൾ അവൾ ഒന്ന് നിന്നു... പതിയെ തിരിഞ്ഞു അവനെ നോക്കി...

"നാളെ എനിക്ക് ഒരിടം വരെ പോകണം... വരുമോ എന്റെ കൂടെ ഒരു കൂട്ടായി...?? " അവൾ ചോദിച്ചു... ഓരോ നിമിഷവും കേൾക്കാൻ കൊതിച്ച എന്തോ ഒന്ന് കേട്ടപോലെ സഞ്ജുവിന്റെ കണ്ണുകൾ തിളങ്ങി...

"എങ്ങോട്ടാ... " അവളുടെ അടുത്തേക്ക് നടന്നുകൊണ്ടു അവൻ തിരക്കി...

"കോട്ടയം... "

" ഹ്മം"

"എന്താ വരുമോ...? " അവൾ പ്രതീക്ഷയോടെ തിരക്കി...

"കൂട്ട് കോട്ടയം വരെ മാത്രം മതിയോ... അതോ ജീവിതാവസാനം വരെ വേണോ..??? " ഒരു കുസൃതി ചിരിയോടെ സഞ്ജു ചോദിച്ചു... അവൾ കണ്ണു മിഴിച്ചു നിന്നു പോയി... അങ്ങനെ ഒരു ചോദ്യം അവനിൽ നിന്നും അവൾ പ്രതീക്ഷിച്ചതല്ല... എന്തു പറയണം എന്ന്‌ അറിയാതെ അവൾ നിന്നു വിയർത്തു പോയി...
ആ വിറയൽ അവസാനിക്കും മുന്നേ സഞ്ജു ഇടുപ്പിലൂടെ കൈയിട്ടു അവളെ തന്നോട് അടുപ്പിച്ചു കഴിഞ്ഞിരുന്നു... ചെന്നിയിലൂടെ ഡാം പൊട്ടിയപോലെ വിയർപ്പു തുള്ളികൾ ഒലിച്ചിറങ്ങി...

"പറയെടോ... കൂട്ട് ഏതുവരെ വേണം... " അവളുടെ മൂക്കിന് മുകളിൽ അവന്റെ മൂക്കുരസി അവൻ ചോദിച്ചു... ഉയർന്നു പൊന്തുന്ന അവളുടെ നിശ്വാസങ്ങൾ പോലും ഏതൊക്കെയോ വികാരങ്ങൾക്ക് അടിമപ്പെട്ടു പോയിരിക്കുന്നു... ഇനി ഇവനിൽ നിന്നും ഒഴിഞ്ഞു നിൽക്കുക എന്നത് അസാധ്യം... എന്നാലും അങ്ങനെ അങ്ങ് സമ്മതിച്ചു കൊടുത്തുക്കൂടല്ലോ... അവന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കി കൊണ്ട് അവൾ ഒന്ന് പുഞ്ചിരിച്ചു.. അവളുടെ ആലിലവയറിൽ മുറുകിയ അവന്റെ കൈക്കൾക്ക് മുകളിൽ തന്റെ കൈകൾ ചേർത്തുവച്ചു ആ കൈകളിൽ അവൾ അമർത്തി നുള്ളി... അവൻ പെട്ടന്ന് തന്നെ കൈകൾ വലിച്ചെടുത്തു അവളെ മോചിപ്പിച്ചു...

" ഹാവു... വേദനിപ്പിക്കാതേടി വാടയക്ഷി... " അവൻ കൈകൾ കുടഞ്ഞു നോക്കുമ്പോൾ അവൾ നിന്നു ചിരിക്കുന്നു...

" പിച്ചി തോൽ കളഞ്ഞിട്ട് ചിരിക്കുന്നോടി കുറ്റിപിശാശേ... നിന്നെ ഞാൻ... "
അവൻ അവളെ പിടിക്കാൻ ആയവെ ആ കൈകൾ തട്ടി മാറ്റി അവൾ മുറിയിൽ നിന്നും വെളിയിലേക്ക് ഓടി...

ഓടും വഴി
" ഇപ്പൊ കോട്ടയം പോയി വരാനുള്ള കൂട്ട് മതി... ബാക്കി ഞാൻ വഴിയേ അറിയിക്കാം..." എന്ന്‌ വിളിച്ചു പറയുന്നുണ്ടായിരുന്നു അവൾ...

അവൾ നുള്ളിയ കൈകൾക്കു മുകളിൽ ചുണ്ടുകൾ ചേർത്തു സഞ്ജുവും അവൾ പോകുന്നതും നോക്കി നിന്നു...

💎💎💎💎💎💎💎💎💎💎💎💎💎💎💎

ഒഴിവു സമയത്തെ കറക്കത്തിന് ഇറങ്ങിയതാണ് വിഷ്ണുവും ദേവനും ഗീതുവും... ഇതിനിടയിൽ ദേവൻ മഹാരാജാസ് ഹെൽത്ത്‌ സെന്ററിൽ ജോയിൻ ചെയ്തു കഴിഞ്ഞിരുന്നു... ചുരുങ്ങിയ കാലയളവിൽ തന്നെ നല്ല കൈപ്പുണ്യം ഉള്ള ഡോക്ടർ എന്ന പേര് നേടിയെടുക്കാൻ അവന് കഴിഞ്ഞു... അതിനോടൊപ്പം നിന്നു തിരിയാൻ സമയം ഇല്ലാതെയും ആയി... ഗീതുവും വിഷ്ണുവിന്റെ കൂടെ ഓഫീസിൽ പോയി തുടങ്ങി... ടെക്സ്റ്റടെൽസിന്റെ മുഴുവൻ കാര്യങ്ങളും വിഷ്ണു വർദ്ധൻ ഗീതുവിനെ ഏൽപ്പിച്ചു...
അതോടെ അവളും തിരക്കുകളിൽ പെട്ടു... പിന്നെ ഒരുമിച്ചുള്ള ഒത്തുകൂടലുകളും കുറഞ്ഞു.... ഇന്ന് ഗീതുവിന്റെ വാശിക്കുമുന്നിൽ മറ്റു എല്ലാ തിരക്കുകളും മാറ്റിവച്ചതാണ് ദേവനും വിഷ്ണുവും......

മാളിലും ഫുഡ്‌ കോർട്ടിലും ഒക്കെ കയറി നിരങ്ങി ദേവനെയും വിഷ്ണുവിനെയും വെറുപ്പിച്ചു ഒരു പരുവം ആക്കിയിട്ടുണ്ട് ഗീതു... ഒടുക്കം ദേവൻ മടുത്തു ഒരു വശത്തു ഇരിപ്പായി... വിഷ്ണുവിനു പിന്നെ ഇതൊന്നും ഒരു വിഷയമേ അല്ല... അവളുടെ സകല കുരുത്തക്കേടിനും കൂട്ട് അവനാണ്...
ഒടുക്കം എല്ലാം കഴിഞ്ഞു ഇറങ്ങുമ്പോൾ സമയം മൂന്നുമണിയോട് അടുത്തു... പുറത്തു ഇറങ്ങി വിഷ്ണുവിനു വേണ്ടി ഉള്ള കാത്തിരിപ്പിൽ ആണ് ദേവനും ഗീതുവും... കുറച്ചു കഴിഞ്ഞപ്പോളേക്കും ബ്ലാക്ക് കളർ മഹേദ്ര ടോപ് ഓപ്പൺ ജീപ്പ് വന്നു നിന്നു... ദേവൻ വിഷ്ണുവിന് കൂടെയും ഗീതു പിന്നിലും കയറി... സീറ്റിൽ ഇരിക്കാൻ തുടങ്ങവേ ആണ് സൈഡിൽ ഒരു കവർ അവൾ ശ്രെദ്ധിച്ചത്... പെട്ടന്ന് ആരും ശ്രെദ്ധിക്കാതെ ഇരിക്കാൻ സീറ്റിനടിയിലേക്ക് നീക്കി വച്ചിരിക്കുകയാണ്... ദേവനും വിഷ്ണുവും ഏതൊക്കെയോ സംസാരത്തിൽ മുഴുകിയ സമയത്തു ഗീതു അവർ കാണാതെ ആ കവർ എടുത്തു നോക്കി... ഉള്ളിലെ വസ്തുക്കൾ കണ്ടപ്പോൾ അവൾക്കുള്ളിൽ പുതിയ ചില സംശയങ്ങൾ മുളപൊട്ടി...

ഇടയ്ക്കിടയ്ക്ക് ഇപ്പൊ ആരോടും പറയാതെ വിഷ്ണു എങ്ങോട്ടോ പോകാറുണ്ടെന്നു പ്രിയ പറഞ്ഞത് അവൾ ഓർത്തു.... എന്തെക്കെയോ പന്തികേടുകൾ...
പഴയതു പോലെ അല്ല അവന്റെ സ്വഭാവത്തിലും മാറ്റങ്ങൾ വന്നു തുടങ്ങിയിരിക്കുന്നു... നഷ്ടപ്പെട്ടു പോയ, ഇനി ഒരിക്കലും തിരിച്ചു കിട്ടില്ല എന്ന്‌ കരുതിയ, ആ പഴയ ഉണ്ണി ഏട്ടനിലേക്ക്, വിഷ്ണു വർദ്ധനിലേക്ക്, വിച്ചുണ്ണിയിലേക്ക്, അവൻ ഇപ്പോൾ തിരിച്ചെത്തുകയാണെന്നു പലപ്പോഴും തോന്നിപോകാറുണ്ട്... എല്ലാവരോടും സ്നേഹം മാത്രമുള്ള, മുഖത്തു ഒരു ചിരി എപ്പോളും കാത്ത് സൂക്ഷിക്കുന്ന, ആരോടും ദേഷ്യപെടാത്ത പഴയ വിഷ്ണു.....
ആരാകും അവന്റെ ഈ മാറ്റത്തിനൊക്കെ പിന്നിൽ....?? വണ്ടി മുന്നോട് ഓടുന്നതിനോടൊപ്പം അവളുടെ സംശയങ്ങളും മുന്നോട്ടു ചലിച്ചുകോണ്ടിരുന്നു...

💎💎💎💎💎💎💎💎💎💎💎💎💎💎💎

പിറ്റേന്ന് രാവിലെ തന്നെ നീലിമയും സഞ്ജുവും കോട്ടയത്തേക്ക് തിരിച്ചു... ആർച്ചയെയും കാർത്തിയെയും കൂടെ വിളിച്ചു എങ്കിലും കല്യാണം കഴിഞ്ഞു കുറെ ദിവസം ലീവ് എടുത്തത് കൊണ്ട് ഇനി ലീവ് കിട്ടാത്തത് കൊണ്ട് അവരുടെ വരവ് മുടങ്ങി...

ഗ്രീൻ ലൈൻ ഫ്ലാറ്റിനു താഴെ നീലിമയെ കാത്തു നിൽക്കുകയാണ് സഞ്ജു... അവൾ എത്താൻ വൈകുന്ന ഓരോ നിമിഷവും വല്ലാതെ അവനെ മടുപ്പിച്ചു കൊണ്ടിരുന്നു... ഓരോ സെകന്റും ഓരോ യുഗത്തിന് തുല്യം... അതികം വൈകാതെ അവൾ അവന് അരികിൽ എത്തി...

അവളും അവനെ നോക്കുകയായിരുന്നു...
അവന്റെ ഗോൾഡൻ കളർ ഡസ്റ്ററിൽ ചാരി നിന്നു അവൻ ഫോണിൽ എന്തോ നോക്കുകയാണ്... അപ്പോളാണ് അവൻ ധരിച്ചിരിക്കുന്ന ഷർട്ട്‌ അവൾ ശ്രെദ്ധിക്കുന്നത്.... ഒരുമാത്ര അവൾ ഒന്ന് അമ്പരന്നു... ഇത് ഞാൻ അന്ന് ടെക്സ്റ്റൈൽസിൽ കണ്ടതല്ലേ... അതേ അത് തന്നെയാണ്... വൈറ്റ് ആൻഡ് ഡാർക്ക്‌ ബ്ലൂ കോമ്പിനേഷൻ വരുന്ന ഷർട്ട്‌ അതിലേക്ക് ബ്ലൂ പാന്റ്സ് നന്നായി ചേരുന്നുണ്ട് അവന്... എല്ലാം മറന്നു നിന്നുപോയി നീലിമ കുറച്ചു നേരം..

ഫോണിൽ നിന്നും തലഉയർത്തി നോക്കവേ ആണ് തന്നെ തന്നെ നോക്കി നിൽക്കുന്ന നീലിമയെ അവൻ കാണുന്നത്...
ഓഫ്‌ വൈറ്റ് സിംപിൾ ചുരിദാറിൽ എന്നത്തേയും പോലെ ഇന്നും അവൾ സുന്ദരി ആയിരുന്നു... കയ്യിലെ ഫോൺ പോക്കറ്റിൽ തിരികെ വച്ചു അവൻ അവൾക്കടുത്തെത്തി....

"എന്താ പോകാം... " അവൾക്ക് മുന്നിൽ കൈ ഞൊടിച്ചു അവൻ ചോദിച്ചു... തലയാട്ടി അവളും...

വിന്റോ ഗ്ലാസ്‌ പൂർണ്ണമായി താഴ്ത്തിയിട്ടു കാറ്റിൽ അവളുടെ മുടിയിഴകളെ അഴിച്ചു വിട്ടു അവർ യാത്ര തുടങ്ങി... യാത്രക്കിത്തിരി മോടികൂട്ടി സ്റ്റീരിയോയിൽ നിന്നും ആ വരികൾ പുറത്തേക്ക് വന്നു...

"കൂടെ കൂട്ടായി നീ ഉണ്ടാകുമ്പോൾ ആണ് ഓരോ യാത്രയും മനോഹരമായി തീരുന്നത്......"

(തുടരും)

[ചങ്ങായിമാരെ.... കുറച്ചു ദിവസങ്ങളായി ഉള്ള ടൈപ്പിങ്ങും ഫോണിൽ ഉള്ള കളിയും കാരണം എന്റെ കണ്ണ് എനിക്ക് പതിനെട്ടിന്റെ പണി തന്നിരിക്കുകയാണ്..... ചുമ്മാ ഒരു കമ്പനിക്ക് കണ്ണിന്റെ കൂടെ തലവേദന കൂടി ചേർന്നപ്പോൾ സംഭവം കളർ ആയി.... അതുകൊണ്ട് ഇന്നത്തെ പാർട്ട്‌ ലെഗ്ത് ഇത്തിരി കുറവാണെ... നാളെ വലിയ പാർട്ടുമായി വരാം... പിന്നെ എല്ലാവരും കാത്തിരിക്കുന്ന വിഷ്ണു വാർദ്ധന്റെ കഥയിലേക്ക് ഉള്ള ദൂരം കുറഞ്ഞു കുറഞ്ഞു വരുകയാണ് എന്ന്‌ ഞാൻ ഇതിനാൽ സാക്ഷ്യപ്പെടുത്തുന്നു... ]
To Top