വിശ്വഗാഥ, Part: 20

Valappottukal
വിശ്വഗാഥ💕
ഭാഗം- 20

"ഞാനൊന്നു ആ സൈഡിൽ പോയി നിൽക്കട്ടെ. അവിടെന്നുള്ള വ്യൂ കാണാൻ നല്ല രസമായിരിക്കും..."

എന്ന് പറഞ്ഞിട്ട് ഗാഥ മുന്നോട്ട് പോയതും വിശ്വ അവളുടെ കയ്യിൽ പിടിച്ച് തനിക്ക് തൊട്ടു നേരെ നിർത്തി. അവളുടെ മൂക്കിൻ തുമ്പത്ത് നിന്നും ഇറ്റു വീഴുന്ന മഴത്തുള്ളികളെയും അത്  അവളുടെ അധരങ്ങളിലേക്ക് ഒലിച്ചിറങ്ങുന്നതും നോക്കിക്കൊണ്ട് ഒരു നിമിഷം അവൻ നിന്നു. എന്നിട്ട് അവളുടെ മുഖം പതിയെ തന്റെ മുഖത്തോട് അടുപ്പിച്ചു. അപ്പോൾ ഗാഥയുടെ അധരങ്ങൾ വിറക്കാൻ തുടങ്ങി. വിശ്വയുടെ നോട്ടം  അതിലേക്ക് പതിഞ്ഞു. വൈകാതെ തന്നെ മഴത്തുള്ളികൾ കൊണ്ടു പൊതിഞ്ഞ  അവളുടെ അധരങ്ങളെ വിശ്വ തന്റെ അധരങ്ങളാൽ ആഴത്തിൽ പൊതിഞ്ഞു. ഗാഥയുടെ കൈകൾ അവന്റെ നനഞ്ഞ തലമുടിയിഴകളിൽ മുറുകി.
ആ പ്രണയമഴയിൽ തന്റെ പ്രിയതമന്റെ ആദ്യചുംബനം സ്വീകരിച്ചുകൊണ്ട് അവൾ മിഴികൾ അടച്ചു. അല്പനേരം അവർ ആ മഴയിൽ അങ്ങനെ നിന്നു. പതിയെ വിശ്വ അവളുടെ അധരങ്ങളെ സ്വതന്ത്രമാക്കി. അവന്റെ കണ്ണുകളിലെ തിളക്കം ഗാഥയിൽ നാണം വിരിയിച്ചു. അപ്പോഴേക്കും മഴയും കുറഞ്ഞിരുന്നു.

"അതേ... നമുക്ക് തിരികെ പോകാം. ഇല്ലേൽ തനിക്ക് പനി പിടിക്കും. ഇപ്പോൾ തന്നെ മൊത്തത്തിൽ നനഞ്ഞു. പനി പിടിക്കാതെ നോക്കിക്കോ... തനിക്ക് എക്സാം അല്ലേ..."

അതിന് മറുപടി ആയി ഗാഥ ഒന്നു മൂളി. പാറക്കെട്ടുകളിൽ നിന്ന് സൂക്ഷ്മതയോടെ വിശ്വ അവളെ താഴെ എത്തിച്ചു. യാത്ര പറയാൻ നേരം വിശ്വയെ നോക്കി ചിരിച്ചപ്പോഴും അവളിൽ നാണം തല ഉയർത്തി തന്നെ നിന്നു. അവളെ നോക്കി ഒന്നു കണ്ണിറുക്കി കാണിച്ചിട്ട്  അവൻ പോയി. വീട്ടിൽ എത്തിയതും ആരും കാണാതെ ഗാഥ തന്റെ മുറിയിലേക്ക് ഓടിപ്പോയി വേഗം ഡ്രസ്സ്‌  മാറ്റി. തലമുടിയൊക്കെ നന്നായി തുവർത്തിയ ശേഷമാണ്‌ പിന്നെ താഴേക്ക് ചെന്നത്.

അന്ന് രാത്രി ലാപ്ടോപ്പിൽ ഒരു ഡിസൈൻ നോക്കിക്കൊണ്ട് ഇരിക്കെ ഗംഗ ഗാഥയുടെ അടുത്ത് വന്നു.

"ഗാഥേച്ചി... ഫോൺ ഒന്നു തരോ? സെന്റ് ഓഫിന്റെ ഫോട്ടോസ് ഇന്ന് വാട്സ്ആപ്പിൽ അയക്കാമെന്ന്‌ മായ പറഞ്ഞു"

"ആഹ്... അത് ഞാൻ നോക്കിക്കോളാം. നീ ഇരുന്ന് പഠിക്ക്. ഫോൺ ഒന്നും ഇപ്പോൾ കളിക്കാൻ തരില്ല. +2 എക്സാം ആണ്. അതോർമയുണ്ടല്ലോ അല്ലേ?"

"ഞാൻ ആ ഫോട്ടോസ് എഫ്.ബിയിൽ ഒന്നു പോസ്റ്റ്‌ ചെയ്തിട്ട് തിരിച്ചു തരാം ചേച്ചി... പ്ലീസ്..."

"ഞാൻ തന്നെ എഫ്.ബിയിൽ കേറിയിട്ട് മാസം ഒന്ന് കഴിഞ്ഞു. ഇനി ഫോണൊക്കെ മുംബൈയിൽ ചെന്നിട്ട് തരാം"

"ദുഷ്ട... മിണ്ടണ്ട..."

"ദേ... നിങ്ങളെ കൈലാസ് വിളിക്കുന്നു..."

"എന്തിനാ നാനി?"

"അതറിയില്ല. നിങ്ങൾ വാ..."

"ശെരി..."

അവർ മൂന്നുപേരും താഴെ കൈലാസിന്റെ അടുത്ത് ചെന്നു.

"എന്താ അച്ഛാ ഞങ്ങളെ വിളിപ്പിച്ചത്?"

"അത് നിങ്ങൾ രണ്ടു പേർക്കും എക്സാം എന്നാ കഴിയുന്നെ എന്നറിയാനാ... പാറുവിന്  എന്നാ?"

"എനിക്ക് 26nu ആണ് ലാസ്റ്റ്"

"നിനക്കോ?"

"എനിക്ക് 29..."

"ഹ്മ്മ്.... നിങ്ങൾ പോയിരുന്ന് പഠിച്ചോ..."

"ശെരി അച്ഛാ..."

"പിന്നെ,  അച്ഛാ..."

"എന്താ പാറു?

"ആശയുടെ കല്യാണത്തിന് അവിടെ സ്റ്റേ ചെയ്യണമെന്നുണ്ട്. ഞങ്ങൾ തലേ ദിവസം പൊയ്ക്കോട്ടേ..."

"മ്മ്... ശെരി. പൊയ്ക്കോ..."

"താങ്ക് യൂ അച്ഛാ..."
കൈലാസിനെ നോക്കി ചിരിച്ചുകൊണ്ട് ഗാഥയും ഗംഗയും തിരികെ റൂമിലേക്ക് പോയി.
     ***********---------------**********
ഗാഥയുടെ എക്സാമെല്ലാം കഴിഞ്ഞു. അതിന്റെ പിറ്റേന്ന് അവളും ഗംഗയും ശ്വേതയെയും കൂട്ടി ആശയുടെ വീട്ടിലേക്ക് പോയി.

"ഹായ്‌ മൈ ഡിയർസ്... രാവിലെ തന്നെ എത്തിയല്ലോ... വേഗം അകത്തേക്ക് കയറി വന്നേ... റൂമൊക്കെ ഞാൻ റെഡി ആക്കിയിട്ടുണ്ട്. നമുക്ക് നാലു പേർക്കും ഒരു കട്ടിലിൽ കിടക്കാം"

"ആഹാ... അത് കൊള്ളാം. അല്ലാ... നിന്നെ ഇവിടെ കയറൂരി വിട്ടേക്കുവാണോ?  എവിടേലും പോയി അടങ്ങി ഇരിക്കടി. ആളുകൾ ഇന്ന് നിന്നെ കാണാൻ അല്ലേ വരുന്നേ?"

"ഓ പിന്നെ,  കല്യാണപ്പെണ്ണെന്നും കരുതി ഒരു മൂലക്ക് പോയി ഇരിക്കാൻ എന്നെ കിട്ടില്ല"

"എങ്കിൽ നീ അടുക്കളയിൽ പോയി വല്ലതും സഹായിക്ക്"

"അമ്മയും അമ്മായിയും എന്നെ ആ പരിസരത്ത് അടുപ്പിക്കുന്നതേ ഇല്ല..."

"ആഹ്... ഇനി അവിടെ ചെന്നിട്ട് നല്ലതുപോലെ പണി എടുക്കേണ്ടത് അല്ലേ... അതുകൊണ്ടായിരിക്കും..."

"ഓഹ് അവൾ വന്നതും കരിനാക്ക് എടുത്ത് വളക്കാൻ തുടങ്ങി. ഗാഥേ... ഗംഗേ... നിങ്ങൾ വന്നേ..."

"അപ്പോൾ ഞാൻ വരണ്ടേ?"

"അത് പിന്നെ വരുമെന്ന് അറിയാലോ..."

"ഓഹോ..."

"ആഹ്... മക്കൾ എല്ലാവരും എത്തിയോ? ആശേ... ഇവർക്കുള്ള മുറി കാണിച്ചു കൊടുക്ക്. നിങ്ങൾക്ക് കുടിക്കാൻ തണുത്ത വെള്ളം എടുക്കട്ടെ..."

"ഇപ്പോൾ ഒന്നും വേണ്ടാ ആന്റി..."

"മ്മ്... ശെരി. എന്നാൽ മക്കള് മുറിയിലേക്ക്  പൊയ്ക്കോ..."

ആശ അവർ എല്ലാവരെയും കൂട്ടി മുറിയിലേക്ക് പോയി.

"വൗ... ഈ മുറി നല്ല വലുതാണല്ലോ... ഇതിൽ ഇനിയും രണ്ടുപേർക്ക് കൂടി കിടക്കാം..."

എന്നും പറഞ്ഞ് ശ്വേത കട്ടിലിൽ മലർന്ന് കിടന്നു.

"ഇത് രണ്ടു കട്ടിൽ ചേർത്ത് ഇട്ടത്താടി..."

"ആഹ്... അത് മനസ്സിലായി. ഡി ഗാഥേ... നീ എന്താ ഒന്നും മിണ്ടാത്തെ?"

"ഏയ്... ഒന്നുല്ലാടി..."

"ദേ ഇവിടെ ഇങ്ങനെ ആലോചിച്ചു ഇരിക്കാൻ പറ്റില്ലാട്ടോ... ഇന്നും കൂടിയേ ഞാൻ ഫ്രീ ബേർഡ് ആയിട്ടുള്ളു. ഇന്ന് രാത്രി അടിച്ചു പൊളിക്കണം"

"ഞാൻ ഒന്നും ആലോചിച്ചില്ല"

"മ്മ്... ശെരി. നിങ്ങൾ ഡ്രസ്സ്‌ മാറ്. ഞാൻ പോയി നിങ്ങൾക്ക് എന്തേലും കഴിക്കാൻ കൊണ്ടു വരാം..."

"ഏയ്... ഇപ്പോൾ ഈ ഡ്രസ്സ്‌ മതി ഡി..."

"മ്മ്..."

"അതേ ആശ ചേച്ചി... വീടിന് മുന്നിലായി ഒരു സ്റ്റേജ് കെട്ടിയിട്ടേക്കുന്നത്  എന്തിനാ? അവിടെയാണോ കല്യാണം നടത്തുന്നെ?"

"അതേടാ..."

"അത് കൊള്ളാം... സ്വന്തം വീടിന് മുന്നിലായി തന്നെ കല്യാണം. ഇതാകുമ്പോൾ ഓഡിറ്റോറിയത്തിലേക്ക് പോകാൻ രാവിലെ ധൃതി പിടിച്ച് ഇറങ്ങണ്ടല്ലോ"

"മ്മ്... ശെരിയാ... ഗാഥേ... നിന്റെ കല്യാണം അവിടെ മുംബൈയിൽ വെച്ച് എങ്ങനെയായിരിക്കും?"

"അറിയില്ല..."

"ഇത് ചോദിച്ചപ്പോൾ നിന്റെ മുഖത്ത് എന്താ ഒരു വിഷമം പോലെ..."

"ഏയ്... അങ്ങനെ ഒന്നുല്ല ശ്വേതാ..."

"ഓക്കേ നിങ്ങൾ ഇവിടെ ഇരിക്ക്. ഞാൻ ഇപ്പോൾ വരാമേ..."
ആശ മുറിയിൽ നിന്നും പോയി.

"ഞാനൊന്ന് ബാത്‌റൂമിൽ പോയിട്ട് വരാം..."

"മ്മ്... ശെരി"

ശ്വേത എണീറ്റ് ബാത്‌റൂമിലേക്ക് പോയതും ഗംഗ ഗാഥയുടെ തോളിലൊന്നു ചെറുതായി ഇടിച്ചു.

"ദേ ചേച്ചി... ഇന്നെങ്കിലും ഇവരോട് പറയ്‌. നിങ്ങൾ ബെസ്റ്റ് ഫ്രണ്ട്സ് ആയിട്ട് ഇത് മാത്രം ഷെയർ ചെയ്യാതെ ഇരുന്നാൽ... എപ്പോഴായാലും ഇവരോട് പറയണ്ടേ? പിന്നെ,  അറിയുമ്പോൾ എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ലേ എന്ന് ചോദിക്കില്ലേ?"

"അച്ഛനോടാ എനിക്ക് പറയണമെന്ന് തോന്നുന്നത്. ഇവരോട് ഞാൻ ഇപ്പോഴൊന്നും പറയുന്നില്ല. ശെരിയാകില്ല മോളെ..."

"അതെന്താ ചേച്ചി...?"

ഗാഥ മറുപടി പറയും മുൻപേ ആശ അവർക്ക് കഴിക്കാനുള്ളത് എടുത്ത് കൊണ്ട് വന്നു.

"ദാ ഗംഗേ... എടുത്ത് കഴിച്ചേ... ജിലേബിയൊക്കെ ഉണ്ട്"

"ആഹാ... കൊള്ളാലോ..."

ഗംഗ എടുക്കും മുന്നേ ശ്വേത വന്ന് മൂന്നു ജിലേബി ഒരുമിച്ച് എടുത്തു.

"ഡി... ഈ കൊച്ചിന് ഒരെണ്ണം കൊടുക്കടി"

"അയ്യോ സോറി മോളെ... വീട്ടിലെ പോലെ എടുത്തു പോയതാ..."

ശ്വേത തന്റെ കയ്യിലെ ജിലേബി ഗംഗക്ക് കൊടുത്തു.

"നിനക്ക് വേണ്ടേ ഗാഥേ?"

"ഇപ്പോൾ ഒന്നും വേണ്ടെടി"

"നിനക്ക് ഇഷ്ടമുള്ള ഓറഞ്ച് കളർ ലഡ്ഡു കിട്ടിയില്ല. വാങ്ങിക്കാൻ ഞാൻ അശോകേട്ടനോട് പറഞ്ഞിട്ടുണ്ട്"

"ആശേ..."

"ദേ ഏട്ടൻ വിളിക്കുന്നു... ഞാനിപ്പോ വരാം..."
ആശ അശോകിന്റെ അടുത്തേക്ക് പോയി.

"എന്താ ഏട്ടാ?"

"ഇന്നാ... നിന്റെ കൂട്ടുകാരിക്ക് ഇഷ്ടമുള്ള ഓറഞ്ച് ലഡ്ഡു..."

"ആഹാ കിട്ടിയോ... പിന്നെ,  അവൾക്ക് പേരുണ്ട്. ഗാഥ. കേട്ടല്ലോ..."

"ഓഹ്... അങ്ങനെ വിളിക്കാനൊക്കെ ആളുണ്ടല്ലോ"

"ഏഹ്?! ആര്?"

"ഒന്നുല്ലേ... നീ ചെല്ല്"

"ഹ്മ്മ്..."

"ഡി ആശേ... നീ ബ്യൂട്ടി പാർലറിൽ പോയില്ലേ..."

"പോയല്ലോ..."

"എന്നിട്ട് ഫേഷ്യൽ ഒന്നും ചെയ്തില്ലേ?"

"ചെയ്തു"

"പിന്നെന്താ മുഖം ഇങ്ങനെ കരുവാളിച്ച് ഇരിക്കുന്നേ?"

"കരുവാളിച്ചോ?"

"അതേടി... നീ എന്നെ കണ്ടോ? എനിക്ക് അങ്ങനെ ബ്യൂട്ടി പാർലറിൽ പോകേണ്ട കാര്യമൊന്നും ഇല്ല. അശോകേട്ടാ... ഒന്നു നിന്നേ... ആഹ് നീ നിന്റെ കൂട്ടുകാരികളുടെ അടുത്ത് പൊയ്ക്കോ..."

"ഹൊ... ഒരു സുന്ദരിക്കോത..."
എന്നിങ്ങനെ പിറുപിറുത്തോണ്ട് ആശ റൂമിലേക്ക് ചെന്നു.

"എന്താടി പിറുപിറുത്തോണ്ട് വരുന്നേ?"

"ഒന്നുല്ലാടി... അമ്മാവന്റെ മോള് എന്നെ കളിയാക്കി. അവൾ വല്ല സുന്ദരിയെന്നാ വിചാരം. അശോകേട്ടനെ വളക്കാൻ വേണ്ടി നടക്കുവാ... പിശാച്‌..."

"അവളോട് പോകാൻ പറയ്‌. നീ ഹാപ്പി ആയി ഇരുന്നേ..."

"മ്മ്മ്... ഗാഥേ... ദാ ലഡ്ഡു കിട്ടിയിട്ടുണ്ട്. അശോകേട്ടൻ വാങ്ങി കൊണ്ടു വന്നു"
ആശ കവർ ഗാഥയുടെ കയ്യിൽ കൊടുത്തു.

അന്ന് രാത്രി അവർ എല്ലാവരും വളരെ സന്തോഷത്തിൽ ആയിരുന്നു. ആശയെ കളിയാക്കുന്നതിനിടയിലും ഗാഥയുടെ മനസ്സ് വിശ്വയെ ഓർത്തായിരുന്നു. അടുത്ത് അവരൊക്കെ ഉള്ളതിനാൽ അവൾക്ക് അവനെ കാൾ ചെയ്യാൻ പറ്റിയില്ല. ഒരു അവസരത്തിനായി ഗാഥ കാത്തിരുന്നു. അപ്പോഴാണ് അവളുടെ മൊബൈൽ റിങ്ങ് ചെയ്തത്. വിശ്വ ആയിരിക്കുമെന്ന് അവൾ വിചാരിച്ചു.

"അമ്മയാ ചേച്ചി..."

ഗംഗ ഗാഥക്ക് മൊബൈൽ എടുത്ത് കൊടുത്തു.

"ഹെലോ അമ്മേ... ആഹ് ഞങ്ങൾ നാളെ ഉച്ചക്ക് ഇവിടുന്ന് ഇറങ്ങും. മ്മ്... ശെരി"

"എന്താ ചേച്ചി അമ്മ വിളിച്ചേ?"

"നമ്മൾ നാളെ എപ്പോൾ എത്തുമെന്ന് അറിയാൻ വിളിച്ചതാ..."

"മ്മ്..."

"ഗാഥേ... മാളുവിന്റെ ഹരിയേട്ടൻ ഇല്ലേ പുള്ളിയുടെ പെങ്ങളാ നമ്മുടെ അവിടെയുള്ള കടയിൽ സെയിൽസ് ഗേൾ ആയി നിൽക്കുന്നത്. ഞാനിപ്പോൾ കല്യാണത്തിന് ഡ്രെസ്സും മറ്റും എടുക്കാൻ പോയപ്പോഴാ ശ്രദ്ധിച്ചത്"

"മ്മ്മ്..."

"അവിടെന്ന് എടുത്ത ഡ്രസ്സൊക്കെ കൊള്ളാം... ഇവിടെ അമ്മായി കുറേ സാരി എടുത്തു"

"അതേ... ഞാൻ അന്ന് പറഞ്ഞില്ലേ... എന്റെ കസിൻസിനൊക്കെ ഇഷ്ടായി. ഈ വെക്കേഷന് അവർ വരുമ്പോൾ പോകണം"

"അതേ... നമുക്ക് എല്ലാർക്കും അങ്ങ് ഉറങ്ങിയാലോ... വെളുപ്പിനെ എണീക്കണം"

"മ്മ്... ശെരി"

"ഗാഥേച്ചി... അന്ന് ആ കല്യാണത്തിന് രമേശൻ വന്നിരുന്നോ? അങ്ങേരും ബാങ്കിൽ അല്ലേ?"
ഗംഗ പതിയെ ഗാഥയോട് ചോദിച്ചു.

"വന്നില്ല. സാഹിറയോട് ഞാൻ ചോദിച്ചിരുന്നു. ഹരിക്കും അയാളെ ഇഷ്ടല്ല"

"ഓഹ് അത് ശെരി..."

"എന്താണ് ലൈറ്റ് ഓഫ് ചെയ്തപ്പോൾ ചേച്ചിക്കും അനിയത്തിക്കും ഒരു കുശുകുശുപ്പ്..."

"ഒന്നുല്ല ആശ ചേച്ചി... വീട്ടിലെ കാര്യം പറഞ്ഞതാ..."

"ആണോ?  മ്മ്... ശെരി... ഉറങ്ങിക്കോ... ഗുഡ് നൈറ്റ്‌"

വിശ്വയെ വിളിക്കാൻ പറ്റാത്ത വിഷമത്തോടെ ഗാഥ അവരോടൊപ്പം ആ രാത്രി കിടന്നുറങ്ങി.
പിറ്റേന്ന്,  എല്ലാവരും നേരത്തെ തന്നെ എണീറ്റു. ആശയെ അവരൊക്കെ തന്നെ ഒരുക്കി.

"മോളെ... കഴിഞ്ഞോ?"

"ഹാ..."

"ദേ ചെക്കനും കൂട്ടരും എത്തി"

അത് കേട്ടപ്പോൾ ആശയുടെ നെഞ്ച് വേഗത്തിൽ മിടിക്കാൻ തുടങ്ങി.

"എന്റെ ആശേ... നീ ഇങ്ങനെ ടെൻഷൻ ആകല്ലേ... ഇതിപ്പോ കഴിയും. താലി കെട്ടി കഴിയുന്നതും പിന്നെ,  ഫോട്ടോ സെക്ഷൻ അല്ലേ... ബി കൂൾ..."

"ഉവ്വാ... നിന്റെ കല്യാണത്തിനും ഇങ്ങനെ ടെൻഷൻ അടിക്കാതെ ഇരിക്കണം കേട്ടോ... "

"ഓഹ്... അതൊക്കെ ഞാൻ മാനേജ് ചെയ്തോളാം. പിന്നെ,  ഫോട്ടോ എടുക്കുമ്പോൾ ഹീൽസ് ഞാൻ അങ്ങ് കൊണ്ടു വരാട്ടോ..."

"ഡി... നിന്റെ കരിനാക്ക് കാരണമാ എനിക്കിത് വാങ്ങേണ്ടി വന്നത്. നോക്കിക്കോ... നിന്നെ കല്യാണം കഴിക്കാൻ പോകുന്നത് എന്നെ പോലൊരു പൊക്കം കുറഞ്ഞ ആളായിരിക്കും"

"ഏയ്... എന്റെ ആൾക്ക് ആവശ്യത്തിന് പൊക്കമുണ്ട്"

"ഏഹ്?  അതെങ്ങനെ നിനക്ക് അറിയാം"

"അ..അത് ഞാൻ ഊഹിച്ചതാ..."

"ഓഹോ..."

"ആശേ... വാ..."

"ശോ... എനിക്ക് ടെൻഷൻ ആകുന്നു... എല്ലാവരെയും നോക്കാൻ ഒരു ചമ്മൽ പോലെ... പിന്നെ,  മുല്ലപ്പൂവ്... സാരി എല്ലാം ഓക്കേ അല്ലേ?"

"എല്ലാം ഓക്കേ ആണ്. നീ ടെൻഷൻ കളഞ്ഞേ ഛോട്ടു... നന്നായി ചിരിച്ചു നിൽക്കണം കേട്ടോ..."

"മ്മ്... ഓക്കേ..."
അവർ എല്ലാവരും ആശയോടൊപ്പം  മുൻവശത്തേക്ക് ചെന്നു.

"അങ്ങനെ ഛോട്ടാ മുംബൈയും ബിഗ് ബിയും ഒന്നായി. അല്ലേ ഗാഥേ?"

ആശയെ രതീഷ് താലി കെട്ടികഴിഞ്ഞപ്പോൾ ശ്വേത ഗാഥയോട് പറഞ്ഞു.

"മ്മ്... അതേ... അല്ലാ... നിന്റെ ചേട്ടൻ എവിടെ?"

"ദേ... നോക്ക്... അവിടെ അശോകേട്ടന്റെ ഒപ്പം നിൽക്കുന്നത്. ഇന്നലെ ലേറ്റ് ആയിട്ടാ സേതുവേട്ടൻ എത്തിയേ... അതാ രാത്രി വരാത്തെ..."

"മ്മ്..."

ഗാഥ സേതുവിന്‌ ഒരു ഹായ് കൊടുത്തു. അവൻ അവളെ നോക്കി ചിരിച്ചു. ആശയുടെ ഒപ്പം നിന്ന് ഫോട്ടോയൊക്കെ എടുത്ത് കഴിഞ്ഞപ്പോൾ  അവരുടെ  അടുത്തേക്ക് സേതു വന്നു.

"ഇപ്പോൾ സേതുവേട്ടനെ കാണാൻ കൂടി ഇല്ലാലോ..."

"തിരക്കായി പോയി മോളെ... എല്ലാം എന്റെ ഈ പെങ്ങൾക്ക്  വേണ്ടിയല്ലേ.. അച്ഛന്റെ ജോലിയുടെ ശമ്പളം കൊണ്ടൊന്നും ഇവളെ കെട്ടിച്ചയക്കാൻ പറ്റില്ല. നല്ല ഗ്രാൻഡ് ആയി തന്നെ ശ്വേതയുടെ കല്യാണം നടത്തണമെന്നാ എന്റെ ആഗ്രഹം. ആകെ പെങ്ങൾ ആയി ഇവൾ മാത്രമല്ലേ ഉള്ളു. ഗാഥയുടെ കല്യാണം അങ്ങ് മുംബൈയിൽ വെച്ചാണെന്ന് ഇവൾ എപ്പോഴോ എന്നോട് പറഞ്ഞു. ആണോ?"

"അതെ സേതുവേട്ടാ... ഏപ്രിൽ ഞങ്ങൾ മുംബൈയിലേക്ക് പോകും"
ഗംഗ പറഞ്ഞു.

"ആഹ്... കാന്താരിക്ക് സുഖമല്ലേ? എക്സാമൊക്കെ കഴിഞ്ഞോ? ഇപ്പോൾ നീ പ്ലസ് ടു വിൽ അല്ലേ?"

"അതെ. പിന്നെ,  എക്സാം കഴിഞ്ഞിട്ടില്ല. നാളെ ഒരെണ്ണം കൂടിയുണ്ട്"

"ആഹാ... എന്നിട്ടാണോ കല്യാണത്തിന് വന്നത്?"

"അത് പിന്നെ ആശ ചേച്ചിയുടെ കല്യാണത്തിന് വരാതെ ഇരിക്കാൻ പറ്റില്ലാലോ. നാളെത്തേത് പഠിക്കാൻ സ്റ്റഡി ലീവ് കിട്ടിയാർന്നു"

"മ്മ്... കഴിഞ്ഞതൊക്കെ എങ്ങനെയുണ്ട്?"

"നന്നായിരുന്നു..."

"സേതുവേട്ടാ... നമുക്കൊരു സെൽഫി എടുത്താലോ. ഇനി എപ്പോഴാ കാണാൻ പറ്റുക എന്നറിയില്ലലോ..."

"അതിനെന്താ എടുക്കാലോ..."

ഗാഥ അവളുടെ മൊബൈലിൽ അവർ നാലുപേരുടെയും സെൽഫി എടുത്തു.

"അല്ലാ... നിങ്ങൾ സദ്യയുണ്ടോ?"

"ഇല്ലാ..."

"എന്നാൽ വേഗം പോയി കഴിക്ക്. പെണ്ണും ചെക്കനും സദ്യ കഴിച്ച് പെട്ടന്ന് ഇറങ്ങുമെന്നാ അശോക് പറഞ്ഞെ..."

"മ്മ്... ശെരി സേതുവേട്ടാ..."

അങ്ങനെ അവർ സദ്യയൊക്കെ കഴിച്ച് ആശയെ യാത്രയാക്കി കഴിഞ്ഞപ്പോൾ സേതു വീണ്ടും അവരുടെ അടുത്തേക്ക് വന്നു.

"അതേ... നിങ്ങൾ എങ്ങനെയാ തിരിച്ചു പോകുന്നെ?"

"അത് ബസ്സിൽ..."

"ഞാൻ കാർ കൊണ്ടുവന്നിട്ടുണ്ട്. നിങ്ങളെ ഞാൻ അവിടെ ഡ്രോപ്പ് ചെയ്തോളാം"

"ആഹ്... അത് മതി"

ഗംഗ സന്തോഷത്തോടെ പറഞ്ഞു. ഇത് കേട്ട് ഗാഥയുടെ മുഖം മങ്ങി. തിരിച്ച് പോകുമ്പോൾ ബസ്സിൽ വെച്ച് വിശ്വയെ വിളിക്കാമെന്നായിയുന്നു അവൾ കരുതിയത്. അവർ രണ്ടുപേരെയും വീടിനു മുന്നിൽ സേതു ഡ്രോപ്പ് ചെയ്തു.

"ഒന്നു കേറിയിട്ട് പോകാം ശ്വേതാ..."

"പിന്നെ, വരാടി... സേതുവേട്ടൻ ഇന്ന് തന്നെ തിരിച്ചു പോകും"

"മ്മ്...  ശെരി... ബൈ..."

"സേതുവേട്ടാ റ്റാറ്റാ..."

സേതു അവരെ നോക്കി ചിരിച്ചിട്ട് തിരികെ കാറോടിച്ചു പോയി.

"ആഹ് വന്നല്ലോ നാനിയുടെ മുത്തുമണികൾ... മോളെ ഗാഥേ... എന്ത് പറ്റി?  മുഖത്ത് ഒരു വിഷമം പോലെ..."

"അത് ഒന്നുല്ല നാനി... വെളുപ്പിനെ എണീറ്റത് കൊണ്ടായിരിക്കും"

"മ്മ്... ശെരി. പോയി ഒന്നു കിടക്ക്"

ഗാഥ വേഗം മുറിയിൽ  ചെന്ന് വിശ്വയെ കാൾ ചെയ്തു.

"ഹെലോ... സോറി... ഇപ്പോഴാ വിളിക്കാൻ പറ്റിയേ..."

"അതിന് സോറി എന്തിനാ പറയുന്നെ? തന്റെ ഫ്രണ്ടിന്റെ കല്യാണത്തിന് പോകുന്ന കാര്യം എന്നോട് പറഞ്ഞിരുന്നല്ലോ. പിന്നെ,  കല്യാണം എങ്ങനെയുണ്ടായിരുന്നു?  എല്ലാവരും അടിച്ചുപൊളിച്ചോ?"

"മ്മ്... തന്നെ മിസ്സ്‌ ചെയ്യുന്നതിൽ ഒഴിച്ച് ബാക്കിയെല്ലാം നല്ല രസമായിരുന്നു അവിടെ... ഫോട്ടോയൊക്കെ  എടുത്തിട്ടുണ്ട്. അതൊക്കെ നേരിൽ കാണുമ്പോൾ കാണിക്കാട്ടൊ..."

"ഓക്കേ ഓക്കേ..."

"ഗാഥേച്ചി... ദേ അമ്മ വരുന്നുണ്ട്..."

"ഹെലോ... ഞാൻ വെക്കുവാ... പിന്നെ വിളിക്കാം..."

"മ്മ്... ശെരി"

ഗാഥ കാൾ ചെയ്ത ഉടനെ രാധിക റൂമിലേക്ക് കയറി.

"അതേ... നാളെ നമ്മൾ മുംബൈയിലേക്ക് പോവാട്ടോ... വൈകിട്ടുള്ള ട്രെയിനിൽ. നിങ്ങളുടെ അത്യാവശ്യ ഡ്രെസ്സൊക്കെ ഞാൻ പാക്ക് ചെയ്തിട്ടുണ്ട്. നാളെ ഗംഗക്ക് മാത്രമല്ലേ എക്സാം ഉള്ളത്. ഗാഥേ... നീ നിങ്ങൾക്ക് ആവശ്യമുള്ളത് ബാക്കി പാക്ക് ചെയ്തോണം. ഇന്ന് ഒന്നും ഇനി ചെയ്യാൻ നിൽക്കണ്ട"

ഇത് കേട്ട് ഗാഥയും ഗംഗയും ഒരുപോലെ ഞെട്ടി നിന്നു.

"എന്താ അമ്മേ ഇത്ര പെട്ടെന്ന്?"

"അദ്ദേഹം മെനിഞ്ഞാന്ന് എന്നോട് പറഞ്ഞതാ. അദ്ദേഹത്തിന്റെ സുഹൃത്തിന്റെ മകന്റെ കല്യാണം. അവിടെ മുംബൈയിൽ നല്ല അടുപ്പമുണ്ടായിരുന്നു. ഈ മാസം 31ന് ആണ് ഡേറ്റ്. പോയേ പറ്റുള്ളു എന്ന് അദ്ദേഹം പറഞ്ഞപ്പോൾ ഞാൻ സമ്മതിച്ചു. പിന്നെ, ഞാനും അമ്മയും കൂടി ആവശ്യമുള്ളതൊക്കെ പാക്ക് ചെയ്ത് വെച്ചു. ആഹ്... വൈകുന്നേരം റെഡി ആകണം കേട്ടോ... ഇന്ന് നമുക്ക് ഒരു കല്യാണത്തിന് പോകണം. ശേഖരേട്ടന്റെ മകളുടെ കല്യാണമാ. താലികെട്ട് നാളെയാ. അതിന് നിങ്ങളുടെ അച്ഛൻ പൊയ്ക്കോളാമെന്ന് പറഞ്ഞിട്ടുണ്ട്. വൈകുന്നേരത്തെ  ഫങ്ക്ഷന്  നമുക്ക് എല്ലാർക്കും കൂടി പോകാമെന്ന് അദ്ദേഹം പറഞ്ഞു. ഇത്രയും വർഷം നമ്മുടെ കൂടെ ജോലി ചെയ്യുന്ന മനുഷ്യൻ അല്ലേ. ഇവിടെ വന്ന് വിളിച്ചതാ. നിങ്ങൾക്കും അറിയാലോ. പോകാതെ ഇരിക്കാൻ പറ്റില്ല. അപ്പോൾ നിങ്ങളൊന്നു റസ്റ്റ്‌ എടുത്തോ... വൈകുന്നേരം നിങ്ങൾക്ക് ഇടാനുള്ള ഡ്രസ്സ്‌ ഞാൻ എടുത്ത് വെച്ചിട്ടുണ്ട്"

ഇത്രയും പറഞ്ഞ ശേഷം രാധിക താഴേക്ക് പോയി. ഇതൊക്കെ കേട്ട് ഗാഥക്ക് ആകെ വിഷമമായി.

ഇത്ര പെട്ടന്ന് മുംബൈയിലേക്ക് പോകേണ്ടി വരുമെന്ന് കരുതിയില്ല. രണ്ടുദിവസമായി വിശ്വയെ കണ്ടിട്ട്. ഇനി ഇന്നോ നാളെയോ ഒന്നും പറഞ്ഞ് ഇവിടുന്ന് ഇറങ്ങാൻ പറ്റില്ല. ശ്വേതയുടെ വീട്ടിൽ പോകുന്നു എന്ന് പറഞ്ഞ് ഇറങ്ങിയാലും അവിടെ വെച്ചെങ്ങാനും സേതുവേട്ടൻ കണ്ടാൽ പിന്നെ കുഴപ്പമാകും. എന്ത് ചെയ്യും മഹാദേവാ...

"ഗാഥേച്ചി... അളിയനോട് പറയ്‌... മുംബൈയിലേക്ക് പോകുന്ന കാര്യം"

"ഹ്മ്മ്..."
ഗാഥ ഉടനെ തന്നെ വിശ്വക്ക് കാൾ ചെയ്തു.

"ഹെലോ... ഇപ്പോഴായിട്ട് വിളിച്ചതല്ലേ ഉള്ളു. അപ്പോൾ എന്തോ എന്നോട് പറയാൻ ഉണ്ടല്ലോ. പറയ്‌..."

അവൾ വളരെ വിഷമത്തോടെ മുംബൈയിലേക്ക് പോകുന്ന കാര്യം വിശ്വയോട് പറഞ്ഞു. അവനും അത് കേട്ട് വിഷമമായി.

"അതേ... വൈകിട്ട് താൻ ഏതോ കല്യാണത്തിന് പോകുമെന്ന് പറഞ്ഞില്ലേ... അതെവിടെയാ? എനിക്ക് തന്നെ കാണണം"
അവൾ സ്ഥലം അവന് പറഞ്ഞുകൊടുത്തു.

വൈകുന്നേരം അവിടെ  കല്യാണഫങ്ക്ഷനിൽ വിശ്വ ഗാഥയെ കാണാൻ ആയി വന്നു. പക്ഷേ, അവളുടെ അടുത്ത് കൈലാസും രാധികയും ഉള്ളതിനാൽ അവൾക്ക് അവനെ നോക്കി നേരെയൊന്നു ചിരിക്കാൻ കൂടി കഴിഞ്ഞില്ല. വിശ്വയെ നാനിയും കണ്ടിരുന്നു. അവർ ഉടനെ ഗാഥയുടെ മുഖത്ത് നോക്കി. അവളുടെ മുഖം പെയ്യാൻ നിൽക്കുന്ന കാർമേഘങ്ങൾ പോലെ നാനിക്ക് തോന്നി. അവിടെന്ന് പോകാൻ നേരം ഗാഥ വിശ്വയെ ഒന്നു തിരിഞ്ഞു നോക്കി. അവനും ആകെ വിഷമത്തിൽ ആണെന്ന് മനസ്സിലായപ്പോൾ അവൾ മുഖം തിരിച്ച് നടന്നു.

പിറ്റേന്ന് ട്രെയിനിൽ ഇരിക്കുമ്പോൾ വിശ്വയുടെ ഓർമ്മകളെ കൂട്ട്പ്പിടിച്ച്  അവൾ പുറത്തേക്ക് നോക്കിയിരുന്നു.
(തുടരും)
©ഗ്രീഷ്മ. എസ്
[അപ്പോൾ ഇനി മുംബൈയിൽ വെച്ച് കാണാം🙋‍♀️.
പിക്ചർ അഭി ബാക്കി ഹെ😎...]
To Top