പ്രിയമാനസം, Part: 1

Valappottukal
പ്രിയമാനസം 

   Part: 1
   

"എന്തേ  കിടക്കുന്നില്ലേ?   ഇങ്ങനെ ഇരുന്നു നേരം വെളുപ്പിക്കാനാണോ തീരുമാനം?? ആൽഫിയുടെ പെട്ടെന്നുള്ള ചോദ്യം  കേട്ട് ഞാൻ ഒന്ന് ഞെട്ടി...  

കട്ടിൽ തലക്ക് കയ്യും വച്ചു ചെരിഞ്ഞിരിന്നു ഓരോന്നു ആലോചിച്ചു, ഇടയ്ക്കു അടുത്ത് കിടന്നുറങ്ങുന്ന കുഞ്ഞുങ്ങളെയും നോക്കിയിരുന്ന ഞാൻ ആൽഫി വന്നതോ കുറച്ചു നേരം അവിടെ നിന്നതോ ഒന്നും അറിഞ്ഞില്ല.. 

"കട്ടിലിൽ കേറി ചൊവ്വേ കിടന്നോ.. താൻ ഒന്നും ഓർത്തു വിഷമിക്കണ്ട, എനിക്കു തന്നെ മനസിലാകും, എനിക്കു മാത്രമേ മനസിലാകൂ".. 'ഞാൻ അപ്പുറത്തെ മുറിയിൽ കിടന്നോളാം,  ഒരു ശല്യവും എന്നെ കൊണ്ടു ഉണ്ടാവില്ല ".. 

കുഞ്ഞുങ്ങൾ ഉറങ്ങിപ്പോയി അല്ലെ, നന്നായി, പാവങ്ങൾ ക്ഷീണിച്ചു പോയി കാണും.. 
താനും കിടന്നോ, രാവിലെ കാണാം.. 
ആൽഫി മുറി വിട്ടിറങ്ങി.. 

പ്രിയ, തന്റടുത്തു കിടന്നുറങ്ങുന്ന മൂന്നു  വയസുകാരി ദിയ മോളെയും അഞ്ചു വയസുകാരൻ ഡാവൂ എന്ന് വിളിക്കുന്ന ഡേവിഡിനെയും നോക്കി നെടുവീർപ്പിട്ടു..

 അവൾക്ക് സങ്കടം സഹിക്കാനായില്ല.. "എന്റെ കർത്താവെ, എന്നെ എന്തിനാ ഇങ്ങനെ പരീക്ഷിക്കുന്നെ, അതിനു മാത്രം എന്തു വലിയ തെറ്റാ ഞാൻ ചെയ്തേ?? 

പ്രിയ പതുക്കെ അവളുടെ മൊബൈൽ എടുത്തു, അതിലെ ഒരു ഫോൾഡർ എടുത്തു തുറന്നു, പിന്നെ അതിൽ കണ്ട ഒരു പടത്തിലേക്കുറ്റു നോക്കിക്കൊണ്ടു പറഞ്ഞു,

 "അറിഞ്ഞോ, ഇന്ന് എന്റെ വിവാഹമായിരുന്നു, എന്റെ രണ്ടാം വിവാഹം".. പിന്നെ അവൾ പൊട്ടി പൊട്ടിക്കരഞ്ഞു.. 

പുറത്തേക്കിറങ്ങിയ ആൽഫി ചുവരിൽ തൂക്കിയിരുന്ന തന്റെ അപ്പന്റെ ചിത്രത്തിൽ മിഴികൾ ഊന്നിക്കൊണ്ട് പറഞ്ഞു,

 "അപ്പാ അങ്ങനെ ആൽഫി വിവാഹിതനായി, എന്നോട് പൊറുക്കപ്പാ, എനിക്കറിയാം എന്റെ കല്യാണം വലിയ ആഘോഷമാകണം എന്നാഗ്രഹിച്ച അപ്പയുടെ ആഗ്രഹം നിറവേറിയില്ല, പകരം ഒരിക്കൽ എന്നെ തള്ളിപ്പറഞ്ഞവളെ തന്നെ ഞാൻ കൈ പിടിച്ചു കയറ്റി, ഈ വീട്ടിലേക്ക്,, 
 
ഇങ്ങനൊക്കെ ആയതിൽ എനിക്ക് ഒരു ദുഃഖവുമില്ല, കാരണം എന്റെ അപ്പക്കറിയാല്ലോ, പ്രിയയെ ഞാൻ അത്രയ്ക്ക് സ്നേഹിച്ചിരുന്നു എന്ന്,  ഇപ്പോഴും അതിനൊരു മാറ്റവുമില്ല... 

 ഒരാഗ്രഹം മാത്രമേ എനിക്കുള്ളു, എന്റെ ഇഷ്ടം, എന്റെ സ്നേഹം, അവൾ തിരിച്ചറിഞ്ഞു എന്നെയും മനസാൽ സ്വീകരിക്കണം,അതിനായ് അപ്പാ എനിക്കു വേണ്ടി പ്രാർത്ഥിക്കണം.... 

" നീ ഇതു എങ്ങോട്ടാ പോകുന്നെ, കിടക്കുന്നില്ലേ??  അങ്ങോട്ട് വന്ന ത്രേസ്സ്യമ്മ ടീച്ചർ അവനോടു ചോദിച്ചു, ആൽഫിയുടെ അമ്മ. 

"ഇല്ലമ്മേ, ഞാൻ അന്നയുടെ റൂമിൽ കിടന്നോളാം ".. ഈ വീടുമായും ഇവിടുത്തെ സാഹചര്യങ്ങളുമായും ഒന്നു അഡ്ജസ്റ്റ് ചെയ്യാനുള്ള സമയം നമ്മൾ അവൾക്കു കൊടുക്കേണ്ടേ,   എല്ലാം അറിയുന്ന 
 നമ്മളെങ്കിലും അങ്ങനെ ചെയ്യേണ്ടേ?.. 
 
"എന്തിയെ, പ്രിയേടെ അപ്പച്ചനും അമ്മയും??  അവർ കിടന്നോ?? 

, "ഇല്ല, അവർ ആന്റിമാരോടൊക്കെ വർത്തമാനം പറഞ്ഞിരിക്കുന്നു, 
പ്രിയേടെ ഒരാശ്വാസത്തിന് അവരോട് കുറച്ചു നേരം അവിടെ പോയിരിക്കാന് പറയാം.. 

 അവനെ നോക്കി ഒരു ദീർഘശ്വാസം വിട്ടു ത്രേസ്യമ്മ ടീച്ചർ,,, 
 ആൽഫി ബാക്കി ബന്ധുക്കളുടെ അടുതെക്കു പോയി.. 
 അവർ അവന്റെ പോക്കും നോക്കി നിന്നു, പല കാര്യങ്ങളും ആലോചിച്ചു, എങ്ങനെ നടന്ന ചെറുക്കനാ, ഇപ്പൊ കണ്ടില്ലേ.. എന്തു പറയാനാ.. 
 
അവന്റെ കല്യാണം കെങ്കേകമാക്കണം എന്ന് പറഞ്ഞ ആൾ ഇപ്പോൾ ഞങ്ങളെ വിട്ടു പോയിട്ട് ഒരു വർഷം കഴിഞ്ഞു.. 

പറയത്തക്ക ആൾക്കാരൊന്നും കല്യാണം കൂടാനുണ്ടായിരുന്നില്ല, വളരെ അടുത്ത ബന്ധുക്കളും, കൂട്ടുകാരും മാത്രം..

പ്രിയേടെ ചങ്കുകളായ ആതിരയും, നിഷയും കുടുംബവും പോകാനായിറങ്ങി, അവർ പ്രിയെയെ അന്വേഷിച്ചു, 

ആൽഫി പറഞ്ഞു, " എന്റെ റൂമിലുണ്ട്, കുഞ്ഞുങ്ങൾ ഉറങ്ങിപോയി, അതു കാരണം അവിടെ തന്നെ ഇരിക്കുവാ.. "

അവർ പതുക്കെ അവളുടെ റൂമിലേക്ക് ചെന്നു, നിഷയും ആതിരയും മാത്രം കയറിച്ചെന്നു, ശബ്ദമൊന്നുമില്ലാതെ മൂവരും കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു.. 

അവർക്കിരുവർക്കും അവളുടെ അവസ്ഥയോർത്തു സങ്കടം വന്നു..എങ്ങനെ അടിച്ചു പൊളിച്ചു നടന്നതാ എല്ലാവരും   കൂടെ,  ഈ അവസ്ഥയിൽ അവളുടെ കൂടെ നിൽക്കണമെന്നുണ്ട്, പക്ഷെ രണ്ടു പേർക്കും കുടുംബം കുഞ്ഞുങ്ങൾ ഒക്കെ ഉള്ളത് കൊണ്ടു പറ്റില്ല, മാത്രവുമല്ല, നിഷ രണ്ടാമതും പ്രെഗ്നന്റ് ആണ്..സാരമില്ല എല്ലാം  മാറും, അവളെ ജീവനുതുല്യം സ്നേഹിക്കുന്ന ആളുടെ അടുത്തല്ലേ അവൾ, പതുക്കെ പതുക്കെ അവൾ ജീവിത്തിലേക്ക് തിരിച്ചു വരും, അവളും അവനെ സ്നേഹിക്കുo..
അവർ യാത്ര പറഞ്ഞിറങ്ങി.. 

അങ്ങനെ ഓരോരുത്തരും യാത്ര പറഞ്ഞിരിറങ്ങി..

ഇനി അവിടെ പ്രിയേടെ പേരെന്റ്സും, ആൽഫിയും അവന്റെ അമ്മയും പ്രിയയും കുഞ്ഞുങ്ങളും അവശേഷിച്ചു... 

അവളെ കണ്ടാൽ തങ്ങൾക്ക് പിടിച്ചു നിൽക്കാനാവില്ലെന്ന് അവളുടെ അപ്പനും അമ്മയ്ക്കും നന്നായറിയാം, എന്നാലും അവളെ ഒന്ന് കണ്ടു ആശ്വസിപ്പിക്കാനായ് അവർ അവിടക്കു ചെന്നു.. 

ചെന്നപ്പോൾ അവൾ മൊബൈലും നോക്കിയിരുന്നു കരയുന്ന കാഴ്ച്ച അവർക്കു കണ്ടു നിൽക്കാനായില്ല.. അവരെ കണ്ടതും അവൾക്കു കരച്ചിൽ വന്നെങ്കിലും അവൾ  അതു നിയന്ത്രിച്ചു,  

എന്നിട്ട് പറഞ്ഞു, " നിങ്ങൾ പോയി കിടന്നോ,  മരുന്നൊക്കെ എടുക്കുന്നതല്ലേ, വിഷമിക്കണ്ട,  ഞാൻ.... അവൾക്കു പൂർത്തിയാക്കാൻ കഴിഞ്ഞില്ല.. 

ഞാൻ കുറച്ചു നേരം തനിയെ ഇരിക്കട്ടെ.. 
അവർ കണ്ണ് തുടച്ചു കൊണ്ടു അവിടുന്നും ഇറങ്ങിപ്പോയി... 

എല്ലാരും ഓരോരോ മുറികളിലേക്കു പോയി,  ആർക്കും കിടന്നിട്ടു ഉറക്കം വരുന്നില്ല, എല്ലാരും കഴിഞ്ഞ പോയ കാര്യങ്ങൾ  ഓർത്തു കിടന്നു...  

പ്രിയ ഫോണിൽ നോക്കിക്കൊണ്ടു പറഞ്ഞു, ഇതിനായിരുന്നോ നമ്മൾ കണ്ടു മുട്ടിയതും ഒന്നിച്ചതും, ഒന്നും വേണ്ടിയിരുന്നില്ല..എന്തിനായിരുന്നു എല്ലാം..ഇങ്ങനെ പാതിവഴിയിൽ ഇട്ടിട്ട് പോകാനായിരുന്നു എന്നറിഞ്ഞേൽ ഒരിക്കലും ഒന്നാവണ്ടായിരുന്നു,,,, 
എൻറെ ഫ്രഡി" !!എന്റെ റോങ്ങ്‌ നമ്പരെ!! നീയില്ലാത്തൊരു ജീവിതം എനിക്കാലോചിക്കാൻ  വയ്യ..

ആൽഫിയെ ഒട്ടും മനസിലാക്കാൻ പറ്റുന്നില്ല, എന്തിനാണ് എന്നെ ഇങ്ങനെ സ്നേഹിക്കുന്നെ, തിരിച്ചു അതുപോലെ സ്നേഹിക്കാൻ എന്നെക്കൊണ്ടാവുമോ ഫ്രഡ്‌ഡി,  അറിയില്ല എനിക്കൊന്നുമറിയില്ല..എന്റെ ദൈവമേ നീ എന്നെ കൈവിടല്ലേ...

---------------

ആൽഫിയും ഇതേസമയം പ്രിയെയെ കുറിച്ചോർത്തു കിടക്കുവായിരുന്നു..തന്റെ പ്രാണൻ ആയിരുന്നു അവൾ, പക്ഷേ ഒരിക്കലും താനവളോട് തന്റെ ഇഷ്ടത്തെക്കുറിച്ചു പറഞ്ഞിരുന്നില്ല..തന്റെ പ്രണയസാഫല്യം നേടിയെടുക്കാൻ ഇത്രയും  വർഷത്തെ കാത്തിരുപ്പ്..

എല്ലാരും എന്നെ ഒരുപാടു ഉപദേശിച്ചു രണ്ടാം കെട്ടുകാരിയാ ഇതു വേണോ എന്നു.. ടീച്ചറമ്മ കൂടെ നിന്നു കാരണം അമ്മക്കറിയാം ഞാൻ എന്തു മാത്രം പ്രിയെയെ സ്നേഹിക്കുന്നെന്നു..

ഒരു വിധത്തിൽ പറഞ്ഞാൽ എന്റെ ഹൃദയത്തിലെ പ്രതിഷ്ട എന്ന് പറയാം... കൂട്ടുകാർക്കൊക്ക ഇതൊക്കെ അറിയാമായിരുന്നു, 

അവരൊക്കെ ഓരോന്ന് പറഞ്ഞു കളിയാക്കുമ്പോൾ താൻ പറഞ്ഞിരുന്നു, " എന്റെ സ്നേഹം യാഥാർത്ഥമാണെങ്കിൽ അത് എന്നേ തേടിവരും"  പക്ഷെ....ഇങ്ങനൊക്കെ സംഭവിക്കുമെന്ന് ആരറിഞ്ഞു..

പ്രിയ വേറൊരാളുടെ സ്വന്തമായതറിഞ്ഞു താൻ തകർന്നു പോയിരുന്നു, അപ്പോഴെക്കെ നോബിളും അപ്പയും അമ്മയും താങ്ങായി നിന്നു.. 
------------

കർഷക ദമ്പതികളായ ജോസഫിന്റെയും അന്നമ്മയുടെയും രണ്ടു പെൺമക്കളിൽ മൂത്തവളാണ് പ്രിയ, അനിയത്തി പ്രീതി.

രണ്ടു പേരും നാട്ടുകാർക്ക് ഏറെ പ്രിയങ്കരികളായിരുന്നു, സുന്ദരികളുമായിരുന്നു നാട്ടിലെ ഏതൊരു കാര്യത്തിനും മുമ്പിലുണ്ടാവും...സ്കൂളിലെ പരിപാടിക്കും പള്ളിയിലെ പരുപാടിക്കും എല്ലാം മുൻപന്തിയിൽ....

പ്രിയയുടെ ഏറ്റവും അടുത്ത കൂട്ടുകാരാണ് നിഷയും ആതിരയും..ഒന്നാം ക്ലാസ്സ്‌ മുതൽ എപ്പോഴും  ഒന്നിച്ചാണ്.. ആട്ടത്തിനും പാട്ടിനും എല്ലാം അവരങ്ങോട്ട് പങ്കെടുക്കും..ലേശം കുറുമ്പും കൈവശമുണ്ട് ട്ടൊ... 

ആൽഫിയും സ്മാർട്ട്‌ ആണ്..പഠിക്കാനും മിടുക്കനാ, കാണാനും കൊള്ളാം. പ്രിയേടെ നാട്ടുകാരനും ഒരേ സ്കൂളിൽ വേറെ ബാച്ചിലുമായിരുന്നു ആൽഫി, കൂടാതെ ഒരേ പള്ളിക്കാരും, അതാവശ്യം ഇവരെല്ലാം കൂട്ട് കൂടാറുമുണ്ട്...
പിന്നെന്താ പറ്റിയെ എന്നല്ലേ..എല്ലാം വഴിയേ മനസിലാകും..

ആൽഫിക്കുമുണ്ട് ഒരു ചങ്കൻ, എന്ന് വച്ചാൽ ഹൃദയസൂക്ഷിപ്പുകാരൻ നോബിൾ..ഇപ്പോൾ കല്യാണം ഒക്കെ കഴിഞ്ഞു കുടുംബമായി  ഓസ്‌ട്രേലിയയിൽ സെറ്റിലായി.. 

ആല്ഫിയും അവിടെയായിരുന്നു, ഒരു വർഷം മുമ്പ് അപ്പന് വയ്യാതായപ്പോൾ   ഇങ്ങു പോന്നു, അധികം താമസമില്ലാതെ അപ്പൻ മരിക്കുകേം ചെയ്തു,  പിന്നെ തിരിച്ചു പോകാൻ തോന്നിയില്ല, അതിനു കുറെയേറെ കാരണങ്ങൾ ഉണ്ടായിരുന്നു..
------------------------------------------------

നാട്ടിലെ ഒരു ചെറിയ പ്രമാണി ആയിരുന്നു,കുറച്ചു ബിസിനസും കുറെയേറെ ഭൂസ്വത്തുക്കളുമുള്ള ആളുമായിരുന്നു  ആൽഫിയുടെ അപ്പൻ മാത്യൂസ്, പക്ഷേ അതിന്റെതായ യാതൊരു തലക്കനവുമില്ല, ഒരു പാവം നല്ല മനുഷ്യൻ, അമ്മയാകട്ടെ ഹൈ സ്കൂൾ ടീച്ചറും, 
പിന്നെ ഒരു പെങ്ങളുണ്ട് ആൽഫിക്കു,  പേര് അന്ന, ഇപ്പോൾ കല്യാണം കഴിഞ്ഞു, കുറച്ചു ദൂരെയാണ് ഭർതൃഗൃഹത്തിൽ,  ഏഴു മാസം പ്രെഗ്നന്റ് ആണ്, ഒരു വട്ടം അബോർട് ആയതുകൊണ്ട്  അവിടുള്ളവർ എങ്ങോട്ടും വിടുകേല, ഭയങ്കര കേറിങ് ആണ്..  

അവരുടെ വീടിനു അടുത്ത് തന്നെ നല്ല  ഡോക്ടറും ഹോസ്പിറ്റലും ഒക്കെയുണ്ട്, ഒരേ ആളെ തന്നെ കാണിക്കുന്നതല്ലെ നല്ലതെന്നൊക്കെ പറഞ്ഞ്  ആൽഫിയുടെ കല്യാണത്തിന് പോലും വിട്ടില്ല, 

അവളുടെ ഭർത്താവ്  അവൾക്കു കൂട്ടിരുന്നു. അപ്പനും അമ്മയും മാത്രം വന്നു..

അവരുടെ നാടിനെകുറിച്ചു എടുത്തു പറയേണ്ട ഒന്നാണ്, കാരണം അതു പോലെ ഐക്യമായ് നാനാമതസ്ഥർ ഒത്തൊരുമിച്ചു വാഴുന്നിടം വേറെ എവിടെയുമില്ല, മാവേലിയുടെ കാലത്തുപോലും🤔🤔..

ആരാധനാലയങ്ങൾ ഒരു ഐശ്വര്യവും പ്രേത്യേകകതയും ആയിരുന്നു, ഒരു അമ്പലവും, മസ്ജിദും ഒരു ക്രൈസ്‌തവ ദൈവാലയവും ഒരു ത്രികോണാകൃതിയുടെ രൂപത്തിൽ  മൂന്നു കോണുകളിലായി സ്ഥിതി ചെയ്യുന്നു,  ശരിക്കും ഒരു ത്രികോണം കാണുന്ന പോലെ, !!!!  ആർക്കും ആരോടും വഴക്കുമില്ല, പരസ്പര ധാരണയോട് കൂടെ എല്ലാരും ജീവിക്കുന്നത് മറ്റു  നാട്ടുകാർ തെല്ലസൂയയോട് ആണ് നോക്കികണ്ടത്...എല്ലാ ആഘോഷങ്ങളും സ്വന്തമായി കരുതിപോന്നു അവിടുള്ളവർ.. 

ഈ നാടിന്റെ മാറ്റുകൂട്ടുന്ന വേറൊരു കാര്യം കൂടെയുണ്ട്,   ആരാധനാലയങ്ങൾക്ക് നടുവിലായ് ഒരു ശുദ്ധ തെളിനീർ ജലാശയം, ചെറിയൊരു തടാകം 💧💧💧
ആ നീരുറവ ഒരിക്കലും അശുദ്ധമാക്കാൻ ആ നാട്ടുകാർ സമ്മതിക്കില്ല...
----------------------------------------------
അവിടുത്തെ പള്ളിപെരുനാളായിരുന്നു, എല്ലാരും പലവിധ പരിപാടികൾക്കായ് ഒരുങ്ങി..ആൽഫി പ്രിയയോട് പറഞ്ഞു, 

 "നമുക്ക് ഇത്തവണ ഒന്ന് മാറ്റിപിടിക്കാം, എല്ലാത്തവണയും ഗ്രൂപ്പ്‌ സോങ് അല്ലേ,  ഇക്കുറി നമുക്കൊരു നാടകം കളിക്കാം, വേറൊന്നും വേണ്ട, ക്രിസ്തുവിന്റെ ജനനതേകുറിച്ചു തന്നെയാക്കാം,  അപ്പോൾ ഒത്തിരി ബുദ്ധിമുട്ടില്ലല്ലോ"??  
 
" എന്താ നിങ്ങടെ അഭിപ്രായം? "

എല്ലാർക്കും സമ്മതം... 

അങ്ങനെ  ആൽഫിയും  പ്രിയയും യൗസേപും  കന്യകാമറിയാവും ആയി തകർത്തഭിനയിച്ചു്... 
എല്ലാർക്കും ഇഷ്ടമായി. 

പ്രത്യേകിച്ചു ആൽഫിയുടെ അമ്മക്ക്,  "ഇവര് തമ്മിൽ നല്ല ചേർച്ചയാണല്ലേ അച്ചായാ?? "  "നമ്മുടെ മോനുവേണ്ടി  പ്രിയയെ ഒന്നാലോചിച്ചാലോ"??  
ടീച്ചറമ്മയുടെ അരുമശിഷ്യയും കൂടിയാണ് പ്രിയ.. 

ഇതു കേട്ട മാത്യൂസ് പറഞ്ഞു 
"എന്റെ  ടീച്ചറേ, പിള്ളേർ പഠിക്കുവല്ലേ, പ്ലസ്ടു അല്ലേ ആയുള്ളൂ, സമയമാകുമ്പോൾ ആലോചിക്കാന്നെ,  താനിപ്പോൾ ഇങ്ങു വാ, നേരം വൈകുന്നു,  വീട്ടിപോവാം"..

അങ്ങനെ എല്ലാരും  അവരവരുടെ വീടുകളിലേക്കു പോയ്‌.
ഓർമകളിൽ നിന്നും ഉറക്കത്തിലേക്കു വഴുതി  വീണു ടീച്ചറമ്മ..! 

( തുടരും )

രചന :   ആശ 

(തുടക്കമാണ്, എല്ലാവരും എന്നെ സപ്പോർട്ട് ചെയ്യണം പ്രോത്സാഹനം നൽകണം, ഏതൊരു നിർദ്ദേശങ്ങളും സ്വീകരിക്കുന്നതാണ്..ഇതു ഒരു കുടുംബകഥയാണ്,  ഇതിൽ പ്രണയമുണ്ട്,... കളിയുണ്ട്,  കാര്യമുണ്ട്.. പതുക്കെ നീങ്ങുന്നൊരു കഥയാണ്..കഥയും, കഥാപാത്രങ്ങളും, കഥാസന്ദർഭങ്ങളും, കഥാപശ്ചാത്തലവും എല്ലാം എന്റെ മാത്രം സങ്കൽപത്തിന്,.... 
പിഴവുകൾ തിരുത്തി തരണം... 
അപ്പൊ ശരി... കാണാം )
To Top