വിശ്വഗാഥ, Part: 18

Valappottukal
വിശ്വഗാഥ💕
ഭാഗം- 18

കൈലാസ് വേഗം അവിടെയുള്ള ലൈറ്റ് എല്ലാം ഓൺ ചെയ്തു.  അപ്പോൾ വിശ്വ ശബ്ദം ഉണ്ടാക്കാതെ പതിയെ പടികൾ ഇറങ്ങി.  എന്നിട്ട് വീടിന്റെ പിൻവശത്തേക്ക് പോയി നിന്നു.  കൈലാസ് ടെറസ്സിന്റെ അവിടെ വന്നു നോക്കി.  ചെടിച്ചെട്ടി വീണുടഞ്ഞ് കിടക്കുന്നത് കണ്ടു.  അയാൾ ഉടനെ ടെറസ്സിലേക്ക് പോയി.  അവിടെ ആരെങ്കിലും ഉണ്ടോ എന്ന് സൂക്ഷ്മമായി പരിശോധിച്ചു.  എന്നിട്ട് താഴെ ചെന്ന് വീടിനകത്തേക്ക് കയറി ടോർച്ച് എടുക്കാനായി പോയി.  ഈ സമയത്ത് വിശ്വ അവിടെ നിന്നും പുറത്തേക്ക് കടന്നു.

"അങ്ങ് എന്താ തേടുന്നേ?"

"ടോർച്ച് എവിടെയാ വെച്ചേക്കുന്നേ?"

"ടോർച്ചോ? ഇപ്പോൾ എന്തിനാ അത് അന്വേഷിക്കുന്നേ?"

"പുറത്ത് ടെറസ്സിന്റെ താഴെ പടിയിൽ വെച്ചിരുന്ന ഒരു ചെടിച്ചെട്ടി അവിടെ വീണു കിടപ്പുണ്ട്.  ശബ്ദം ഞാൻ കേട്ടതാ. ഈ ഭാഗത്ത്‌ അങ്ങനെ പട്ടികളൊന്നും തന്നെ ഇല്ല. അഥവാ അങ്ങോട്ട്‌ കേറിയാലും അവറ്റകൾക്ക് രാത്രി നല്ല കാഴ്ചശക്തിയുണ്ട്. അതൊന്നും അങ്ങനെ തട്ടിയിടാൻ പോണില്ല. ഇത് ആരോ കേറിയതാകാനാണ് സാധ്യത"

"ഏഹ്?  അങ്ങ് എന്താണ് ഈ പറയുന്നേ? വല്ല കള്ളന്മാരുമാണോ?"

"അറിയില്ല. നീ ആദ്യം പാറുവിന്റെ റൂമിൽ പോയി ടെറസ്സിലേക്കുള്ള ഡോർ ശെരിക്കും ലോക്ക് ചെയ്തിട്ടുണ്ടോ എന്ന് നോക്ക്"

"മ്മ്...  ശെരി"

രാധിക ഗാഥയുടെ റൂമിലും കൈലാസ് ടോർച്ചുമായി പുറത്തേക്കും പോയി.

"അളിയൻ പോയോ?"

"മ്മ്..."

"പാവം അളിയൻ... മോള് പറഞ്ഞ ഉടനെ ഈ സമയത്ത് ഓടിയെത്തിയില്ലേ... ആഹ്... മതി ആലോചിച്ചു കിടന്നത്. ഇനി ഉറങ്ങാം"

"മ്മ്..."

"എന്താണ് ഒരു മൂളല്..."

"ഏയ്... ഒന്നുല്ല..."

"ഹ്മ്മ്..."

"ഗാഥേ... വാതിൽ തുറക്ക്... ഗംഗേ..."

"ഏഹ്?  അമ്മയല്ലേ അത്?! എന്താണാവോ?! വാ നോക്കാം..."

ഗംഗ പുതപ്പ് മാറ്റി എണീറ്റു. ഗാഥ ചെന്ന് വാതിൽ തുറന്നു.

"എന്താ അമ്മേ?"

"നിങ്ങൾ മാറിക്കേ..."

രാധിക അവരുടെ മുറിക്കകത്തേക്ക് കയറി.

"അമ്മ ഇത് എവിടെ പോവുകയാ?"

"നിങ്ങൾ ടെറസ്സിലേക്കുള്ള ഈ വാതിൽ തുറക്കാറുണ്ടോ?"

ഇത് കേട്ട് ഗംഗ ഗാഥയുടെ മുഖത്തേക്ക് നോക്കി.

"ഞങ്ങൾ കഴിഞ്ഞ ശനിയാഴ്ചയോ എന്തോ തുറന്നതാണ് അമ്മേ... പിന്നെ,  തുറന്നിട്ടില്ല. അല്ലേ ഗാഥേച്ചി?"

"എന്താ അമ്മേ കാര്യം?"

"നിങ്ങളുടെ അച്ഛൻ ഇപ്പോൾ മുൻവശത്തെ ലൈറ്റ് ഓഫ് ചെയ്യാൻ പോയ സമയത്ത് എന്തോ ശബ്ദം കേട്ടു. ചെന്ന് നോക്കിയപ്പോൾ നമ്മുടെ ടെറസ്സിന്റെ സ്റ്റെപ്പിന്റെ അവിടെ വെച്ചേക്കുന്ന ചെടിച്ചെട്ടിയില്ലേ?..."

"ആ ചെടിച്ചെട്ടിക്ക് എന്ത് പറ്റി?"

"അതിപ്പോൾ താഴെ വീണു കിടക്കുന്നുവെന്നാ അദ്ദേഹം പറഞ്ഞെ... വല്ല കള്ളനുമാണോ എന്തോ... ഇപ്പോൾ നോക്കാൻ പോയിട്ടുണ്ട്. നിങ്ങൾ ഇനി ഈ വാതിൽ തുറന്നാൽ നേരെ കുറ്റിയിട്ടുണ്ടോ എന്ന് നോക്കിയിട്ട് വേണം കിടക്കാൻ. അല്ലെങ്കിൽ തുറക്കണ്ട. താഴെ വഴി പോയാൽ മതി. കേട്ടോ?"

ഗാഥയും ഗംഗയും പരസ്പരം നോക്കി. എന്നിട്ട് രാധികയെ നോക്കി തലയാട്ടി.

"ഹ്മ്മ്... നിങ്ങൾ കിടന്നുറങ്ങിക്കോ... സമയം ഒരുപാട് വൈകി..."
എന്ന് പറഞ്ഞിട്ട് രാധിക തിരികെ താഴെ പോയി.

"ഗാഥേച്ചി... അളിയൻ കലമുടച്ചിട്ടാണല്ലോ പോയത്. ശോ... ഇവിടെ ഉണ്ടോ അതോ പോയോ എന്തോ... അച്ഛൻ കണ്ടുപിടിക്കല്ലേ  എന്റെ ദൈവമേ... ചേച്ചി ഇവിടെ ആലോചിച്ചു നിന്നോ... ഇങ്ങോട്ട് വരാൻ പറഞ്ഞപ്പോൾ ഇതൊന്നും ആലോചിച്ചില്ലല്ലോ..."

"ഗംഗേ ഞാൻ..."

"ആഹ് ഇനി ഒന്നും ആലോചിക്കണ്ട. വന്നു കിടന്നുറങ്ങ്. മഹാദേവൻ രക്ഷിക്കട്ടെ..."

ഗംഗ പറഞ്ഞത് കേട്ട് ഗാഥ പ്രാർത്ഥനയോടെ കിടന്നു.
   ************---------------************
വീടിനു ചുറ്റും ആരെയും കാണാത്തത്കൊണ്ട് കൈലാസ് തിരികെ വീടിനകത്തേക്ക് കയറി.

"ആരെയെങ്കിലും കണ്ടോ?"

"ഇല്ലാ... അവൻ രക്ഷപ്പെട്ടുവെന്ന് തോന്നുന്നു... അവിടെന്ന് അകത്തേക്ക് കയറാൻ വല്ല വഴിയും ഉണ്ടോ എന്ന് നോക്കിയതായിരിക്കും. നാളെ മുതൽ രണ്ടുപേരോടും അവിടെ കിടക്കണ്ട എന്ന് പറയ്‌. മുകളിൽ തന്നെ വേറെ റൂം ഉണ്ടല്ലോ..."

"മ്മ്... പറയാം..."

"പിന്നെ രാധികേ... എനിക്കൊരു കാര്യം പറയാൻ ഉണ്ട്. അടുത്ത മാസം തന്നെ പാറുവിന്റെ കല്യാണം നടത്തിയാലോ എന്നൊരു ആലോചനയുണ്ട്"

"അതെന്താ ഇത്ര പെട്ടന്ന്? അവളുടെ എക്സാം കഴിഞ്ഞിട്ട് നോക്കാമെന്നല്ലേ പറഞ്ഞെ?? ഇതിപ്പോൾ ഉറപ്പിച്ചത് പോലെയാണല്ലോ അങ്ങ് പറയുന്നേ..."

"അത് രാധികേ... എന്റെ മനസ്സിൽ ഒരു പയ്യൻ ഉണ്ട്. വേറെയാരുമല്ല. മുരളിയുടെ മകൻ ആണ്. അവന് രണ്ടു ആൺമക്കളാണ്. മൂത്തവന്റെ കല്യാണമാണ് ഇപ്പോൾ കഴിഞ്ഞത്. ഇളയവൻ മുംബൈയിൽ ഒരു ഫാക്ടറിയിൽ വർക്ക്‌ ചെയ്യുകയാണ്. ഞാൻ അന്വേഷിച്ചു. നമുക്ക് എന്തുകൊണ്ടും യോജിക്കുന്ന ഫാമിലി"

"ഗാഥയോട് ഒന്നു പറഞ്ഞിട്ട് പോരെ ഉറപ്പിക്കുന്നത്?  അവൾക്ക് താല്പര്യമുണ്ടോ എന്നറിഞ്ഞിട്ട് നമുക്ക് തീരുമാനിക്കാം"

"പാറു അങ്ങനെ ഇഷ്ടക്കേടൊന്നും പറയില്ല. മുംബൈയിലാണ് ജോലി എന്നറിയുമ്പോൾ അവൾക്ക് സന്തോഷമാകും. പയ്യനും നല്ല സ്വാഭാവമാണ്‌. മുരളിയെ പോലെ തന്നെ നല്ല വിനയമാണ് രണ്ടു മക്കൾക്കും. ഞാൻ സംസാരിച്ചിരുന്നു ഈ കല്യാണത്തിന്റെ ഇടക്ക്"

"അപ്പോൾ ഈ കാര്യം മുരളിയോട് അങ്ങ്  സംസാരിച്ചോ?"

"ഇല്ലാ... അവൻ തന്നെ ഇങ്ങോട്ട് ഒന്നു ചെറുതായി സൂചിപ്പിച്ചു. നമുക്ക് ഈ കാര്യം നിന്റെ വീട്ടിൽ പോകുമ്പോൾ സംസാരിക്കാം. അവിടെയാകുമ്പോൾ എല്ലാവരും ഉണ്ടല്ലോ. പിന്നെ,  ഇപ്പോൾ ദേവുമ്മയോടും പറയാൻ നിൽക്കണ്ട"

"ഹ്മ്മ്... ശെരി"

അവർ രണ്ടുപേരും ഉറങ്ങുന്നത് വരെ തന്റെ മകളുടെ കല്യാണക്കാര്യം സംസാരിച്ചുകൊണ്ടിരുന്നു.
 ************---------------************
"ബേട്ടാ... ഇന്നലെ ആരോ ടെറസ്സിലേക്ക് കേറാൻ നോക്കിയെന്ന് രാധു പറഞ്ഞു. ശെരിയാണോ?"

"ഹാ... അമ്മ ഞങ്ങളോടും പറഞ്ഞിരുന്നു"

"ഇനി ആ രമേശനാണോ എന്ന് എനിക്കൊരു സംശയമുണ്ട്"

"എനിക്ക് അങ്ങനെയൊരു സംശയമേ ഇല്ലാ.."
ഗംഗ ഗാഥയെ നോക്കിക്കൊണ്ട് പറഞ്ഞു.

"അതെന്താ നിനക്ക് സംശയമൊന്നും ഇല്ലാത്തത്?"

"അത് നാനി... അങ്ങേര് അച്ഛൻ ഉള്ളപ്പോൾ ഇവിടേക്ക് വരാൻ ധൈര്യപ്പെടില്ല. ആ ഒരു ഇതിൽ ഞാൻ പറഞ്ഞതാ..."

"ഹ്മ്മ്... ഏതായാലും ഇനി നിങ്ങൾ ഈ മുറിയിൽ കിടക്കണ്ട"

"ഏഹ്?  അപ്പോൾ താഴെ വന്ന് കിടക്കാനോ?"

"ഓ അല്ലാ... അപ്പുറത്തെ മുറിയുണ്ടല്ലോ... അവിടെ..."

"ഓഹ്...  മ്മ്മ്... ശെരി. ഗാഥേച്ചി എന്താ ഒന്നും മിണ്ടാത്തെ?"

"ഏയ്... ഒന്നുല്ല. ഇതിനെ പറ്റി ആലോചിച്ചതാ"

"ആഹ്... നാനി... ബ്രേക്ക്‌ ഫാസ്റ്റ് റെഡി ആയില്ലേ?"

"ഓഹ് അതൊക്കെ ഫാസ്റ്റ് ആയി നിങ്ങളുടെ അമ്മ റെഡി ആക്കിയിട്ടുണ്ട്. നിങ്ങൾ വേഗം വരാൻ നോക്ക്..."
എന്ന് പറഞ്ഞിട്ട് നാനി താഴേക്ക് പോയി.

"ശെരി നാനി..."

"ഗാഥേച്ചി... അപ്പോൾ ഇന്ന് മുതൽ രാത്രി ടെറസ്സിലേക്കുള്ള പോക്ക് നിർത്തിക്കോ... അതാ നല്ലത്. അല്ലാ... ഇനി അച്ഛൻ എങ്ങാനും പോലീസിൽ പറയുമോ? എന്നാൽ പിന്നെ പോലീസ് നായയൊക്കെ വന്ന്...ശോ..."

"ദേ ഗംഗേ... ഒന്നു മിണ്ടാതിരുന്നേ... ചുമ്മാ ഓരോന്നും ആലോചിച്ചു കൂട്ടാതെ"

"ഹി...ഹി... പേടിക്കണ്ട. ഞാൻ ചുമ്മാ പറഞ്ഞത് തന്നെയാ. വാ... താഴേക്ക് പോകാം"

അവർ താഴെ ചെന്നപ്പോൾ കൈലാസ് ഡൈനിങ്ങ് ടേബിളിന്റെ മുന്നിൽ ഇരിക്കുന്നുണ്ടായിരുന്നു.

"ആഹ് വേഗം വന്നിരിക്ക്..."

കൈലാസിനെ നോക്കി ചിരിച്ചുകൊണ്ട് അവർ അവിടെ ഇരുന്നു.

"ഇന്നലെ അമ്മ പറഞ്ഞല്ലോ അല്ലേ?"

"എന്താ അച്ഛാ?  ആ ചെടിച്ചെട്ടി വീണ കേസ് ആണോ?"

"മ്മ്... അതെ. ഇനി നിങ്ങൾ അവിടെ കിടക്കണ്ട"

"ആഹ്... അതും പറഞ്ഞു"

"ഹ്മ്മ്..."

"അച്ഛന് വല്ല സംശയവുമുണ്ടോ കള്ളനാണെന്ന്??"

"ഞാൻ ഇപ്പോഴായിട്ട് നോക്കിയതേ ഉള്ളു. അങ്ങനെ ചെരിപ്പിന്റെ അടയാളമൊന്നും കണ്ടില്ല"

"അതിപ്പോൾ കള്ളന് ചെരിപ്പില്ലാതെ വരാലോ അച്ഛാ..."

"ആഹ്... അതും ശെരിയാ. ഇനി എന്തേലും ഇതുപോലെ തോന്നിയാൽ ഉടനെ പോലീസിൽ അറിയിക്കും. പിന്നെ ഗംഗേ... ഇന്ന് സൈക്കിളിൽ പോകണ്ട. നിന്റെ സ്കൂളിന്റെ അത് വഴിയാ പോകുന്നത്"

"അവിടെയുള്ള നമ്മുടെ ഹോട്ടലിലേക്കാണോ അച്ഛാ പോകുന്നെ?"

"മ്മ്... അതെ. നിങ്ങൾ കഴിക്ക്"

കഴിച്ചു കഴിഞ്ഞ് ഗാഥ ഉടനെ മുറിയിലേക്ക് പോയി.

"അച്ഛൻ അതിനെപ്പറ്റി ചോദിച്ചപ്പോൾ ഗാഥേച്ചി എന്താ ഒന്നും മിണ്ടാത്തെ?"

"അത്... അച്ഛന്റെ മുഖത്തേക്ക് നോക്കാൻ എന്തോ പോലെ തോന്നി"

"മ്മ്... ഇനി അളിയൻ എങ്ങാനും ചെരിപ്പില്ലാതെ ആയിരിക്കുമോ വന്നത്?!"

"പോടീ അവിടെന്ന്... അങ്ങനെയൊന്നും വരില്ല"

"ഇതും ചുമ്മാ പറഞ്ഞതാണേ... ഗാഥേച്ചിക്ക് പോകാൻ സമയം ആയില്ലേ?"

"മ്മ്... ആയി"

ഗാഥ തന്റെ ബാഗുമെടുത്ത് താഴേക്ക് പോയി. പോകുന്ന വഴിയിൽ അവൾ വിശ്വയെ കാൾ ചെയ്തു.

"ഹെലോ..."

"എന്താണ് രാവിലെ തന്നെ? അവിടെ വല്ല പ്രശ്നവും ഉണ്ടായോ?"

"ഉണ്ടായേനെ. അമ്മാതിരി പണിയല്ലേ കാണിച്ചിട്ട് പോയേ?"

"ഓഹോ... ആ ചെടിച്ചെട്ടി തള്ളിയിട്ടതിന്റെ കാര്യമാണോ ഈ പറയുന്നേ?"

"ഓഹ് അപ്പോൾ മനസ്സിലായി. അല്ലേ?"

"അതൊക്കെ വിളിച്ചു വരുത്തുമ്പോൾ ഓർക്കണമായിരുന്നു. പെട്ടന്ന് ലൈറ്റ് പോയപ്പോൾ പറ്റിയതാടോ... അത് അവിടെയുള്ള കാര്യം ഓർത്തില്ല"

"ഹ്മ്മ്...  ശെരി. ബസ്സ് വരുന്നുണ്ട്. ഞാൻ വെക്കുവാണേ..."

"മ്മ്... ഓക്കേ"

"ആരോടാ രാവിലെ?  ഏഹ്?"

"അത് അമ്മ ഊഹിച്ച ആള് തന്നെ"

വിശ്വ രാഗിണിയെ കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു.

"മ്മ്... മ്മ്... അല്ലാ... നീ ഇന്നലെ രാത്രി എവിടെപ്പോയതാ... ബുള്ളറ്റ് എടുക്കുന്ന ശബ്ദം ഞാൻ കേട്ടായിരുന്നു"

"ആഹ്... അത് ഒരാളെ അത്യാവശ്യമായി കാണാൻ പോയതാ. രാത്രി ആയാലും പോയല്ലേ പറ്റുള്ളു"

"ഹ്മ്മ്... ഇപ്പോൾ പോയത് പോട്ടെ... ഇനി അവളുടെ വീടിന്റെ പരിസരത്ത് പോലും പോകരുത്"

"മ്മ്... ശെരി"

"ഓഹ് അപ്പോൾ അങ്ങോട്ട്‌ തന്നെ പോയതാണല്ലേ..."

ഇത് കേട്ടപ്പോൾ വിശ്വ ഇളിച്ചോണ്ട് നിന്നു.

"നിന്ന് ഇളിക്കാതെ വേഗം പോയി കുളിച്ച് റെഡി ആയി കടയിൽ പോകാൻ നോക്ക് ചെക്കാ..."
എന്ന് പറഞ്ഞിട്ട് രാഗിണി പോയി. ഒരു ചിരിയോടെ ടവ്വലും എടുത്ത് കുളിക്കാനായി വിശ്വ ബാത്‌റൂമിൽ കയറി.
   **********--------------**********
"ഇന്നലെ വിളിക്കാൻ പറ്റിയില്ലെടി. ഫുൾ ബിസി ആയിരുന്നു. പിന്നെ എന്റെ ഫോണിൽ മിനിഞ്ഞാന്ന് ഓഫർ തീർന്നായിരുന്നു. ഞാൻ ദേ ഇപ്പോഴാണ് റീച്ചാർജ് ചെയ്തത്.  കല്യാണത്തിനുള്ള ഡേറ്റ് നോക്കി. നമ്മുടെ എക്സാമൊക്കെ കഴിഞ്ഞിട്ടാടി. 28ന് ആണ്. ഞായറാഴ്ചയാ"

"ആഹാ... അത് നന്നായി..."

"കൂയ്..."

"ദേ വന്നല്ലോ... ടി ശ്വേതേ... നിന്റെ കരിനാക്ക് ഫലിച്ചില്ലട്ടോ. മാളവികയുടെ കല്യാണം കഴിഞ്ഞിട്ടാ എന്റേത്"

"ആഹാ ഡേറ്റ് ഫിക്സ് ആയോ? ഇപ്പോൾ നിനക്ക് സമാധാനമായില്ലേ?"

"ഓഹ് ആയി..."

"അല്ലാ... എന്നാണെന്ന് പറഞ്ഞില്ലാലോ..."

"28നു ആണ്"

"മ്മ്... ഓക്കേ"

"ഗാഥേ... ഇന്ന് വൈകിട്ട് ആ കടയിൽ കേറണം. അമ്മക്ക് ഒരു സാരി വാങ്ങണം. അമ്മക്ക് ഇഷ്ടമായാൽ ബാക്കി ഡ്രെസ്സൊക്കെ അവിടെന്ന് വാങ്ങാം"

"മ്മ്... ശെരി"

അവർ വൈകുന്നേരം വിശ്വയുടെ കടയിൽ കയറി. ആശയുടെ അമ്മക്ക് വേണ്ടി സാരി നോക്കികൊണ്ടിരിക്കെ ഗാഥയുടെ കണ്ണുകൾ വിശ്വയുടെ നേരെ തിരിഞ്ഞു. അവിടെന്ന് ഇറങ്ങാൻ നേരം അവൾ അവനെ നോക്കി ചിരിച്ചു.

ബസ്സ് സ്റ്റോപ്പിൽ നിൽക്കാൻ നേരം വിശ്വ പുറത്തേക്ക് വന്നു. ആശക്ക് അപ്പോൾ തന്നെ ബസ്സ് കിട്ടിയിരുന്നു. ശ്വേതയും ഗാഥയും മാത്രമാണ്  ബസ്സ് സ്റ്റോപ്പിൽ നിൽക്കുന്നത്.

"ഗാഥേ ദേ നോക്കിയേ... മഴക്കോള് ഉള്ളത് പോലെ തോന്നുന്നു"

"മ്മ്... കണ്ടു"

"എന്താ ഇപ്പോഴൊരു മഴ...?! ഡി... നീ ഇത് എവിടെ നോക്കുവാ?"

"അത് ശ്വേതേ... എനിക്കും ഒരു ഡ്രസ്സ്‌ എടുക്കണം"

"ഏഹ്? ഇപ്പോഴോ?  നിനക്ക് നേരത്തെ കയറിയപ്പോൾ എടുത്തൂടായിരുന്നോ?"

"അത്... ഇപ്പോഴാ തോന്നിയെ..."

"ശേ... ദേ ഇപ്പോൾ മഴ വരുമെന്നാ  തോന്നുന്നെ... ആഹാ ബസ്സും വരുന്നു"

"നീ പൊയ്ക്കോ... ഞാൻ അടുത്ത ബസ്സിൽ വന്നോളാം"

"ഇവളുടെ കാര്യം... മഴ വരുന്നതിന് മുൻപ് പോകാൻ നോക്കണേ..."

എന്നും പറഞ്ഞ് ശ്വേത ബസ്സിൽ കയറി. അവൾ പോയതും ഗാഥ വിശ്വയെ നോക്കി ചിരിച്ചു. അവൻ അവളുടെ അടുത്ത് വന്നതും ബസ്സ് വന്നു. അതും ഗാഥക്ക് പോകാനുള്ളതായിരുന്നു. പക്ഷേ, റൂട്ട് കുറച്ചു ചുറ്റി വളച്ചു പോകുന്നു എന്ന് മാത്രം. ഗാഥ ബോർഡ്‌ നോക്കിയിട്ട് അതിൽ കയറി. വിശ്വ ചിരിച്ചുകൊണ്ട് അവളുടെ കൂടെ കയറി. അതിൽ വളരെ ആളുകൾ  കുറവായിരുന്നു. ഗാഥ ബാക്ക് സീറ്റിൽ തന്നെ പോയിരുന്നു. വിശ്വ ടിക്കറ്റ് എടുത്തിട്ട് അവളുടെ അടുത്തിരുന്നു.

"താൻ എന്താ ഈ ബസ്സിൽ കേറിയേ? ഇത് കുറച്ചു വളഞ്ഞു പോകുന്നതല്ലേ...? ബസ്സിന്റെ ബോർഡ്‌ നോക്കിയില്ലേ?"

"നോക്കിയല്ലോ..."

ഗാഥ വിശ്വയെ നോക്കി ചിരിച്ചു. ആ ചിരിയിൽ നിന്നും അവൾ അറിഞ്ഞുകൊണ്ട് കേറിയതാണെന്ന് വിശ്വക്ക് മനസ്സിലായി.

"മ്മ്..."

"അതേ... അന്ന് എന്നോട് എന്തൊക്കെയോ പറയാൻ വന്നതല്ലേ... അച്ഛൻ വിളിച്ചതുകൊണ്ടാ പെട്ടന്ന് പോകേണ്ടി വന്നേ..."

"അത്... ഞാൻ എന്റെ..."

വിശ്വ പറയാൻ തുടങ്ങിയതും മഴ  ചെറുതായി പെയ്യാൻ ആരംഭിച്ചു. തണുത്ത കാറ്റ് അവളുടെ മുടികളെ തൊട്ടു വിളിച്ചപ്പോൾ ഗാഥ പുറത്തേക്ക് നോക്കി.

"നല്ല മഴ വരുന്നുണ്ട്. താൻ ഇങ്ങോട്ട് മാറിക്കെ..."
എന്നും പറഞ്ഞ് വിശ്വ ഷട്ടർ ഇടാൻ പോയി.

"വേണ്ടാ... ചെറുതായല്ലേ പെയ്യുന്നുള്ളു. സാരല്ല..."

"ഇപ്പോൾ ഇടുന്നതാ നല്ലത്... പിന്നെ മഴ കൂടിയാൽ ഇടാൻ നേരത്ത് മുഖത്താകെ നനയും"

"നല്ല രസമല്ലേ മുഖത്ത് മഴത്തുള്ളികൾ പതിക്കുമ്പോൾ... മഴ കൂടുമ്പോൾ ഞാൻ ഇട്ടോളാം"

"എന്നാൽ ശെരി"

വിശ്വ തന്റെ രണ്ടു കയ്യും കെട്ടിയിരുന്ന് ഗാഥയെ നോക്കി.  അവൾ അവനെ നോക്കി ചിരിച്ചുകൊണ്ടിരുന്നു. പെട്ടെന്നായിരുന്നു മഴയുടെ ശക്തി കൂടിയത്. അവൾ ഷട്ടർ അടക്കാൻ നോക്കിയിട്ട് പറ്റിയില്ല. അതിന്റെ ക്ലിപ്പ് അവിടെ ഇറുകിയിരുന്നു. ഗാഥ പതിയെ തിരിഞ്ഞു.

"എന്താ നോക്കുന്നേ?  മഴത്തുള്ളികൾ വീഴുന്നത് കാണാൻ നല്ല രസല്ലേ..."

അവൻ അവളെ കളിയാക്കി ചിരിച്ചുകൊണ്ട് എണീറ്റ് നിന്ന് ഷട്ടറിട്ടു. ഗാഥ അവളുടെ മുഖം തന്റെ ഷാൾ കൊണ്ടു തുടക്കുവാണ്. അവനത് നോക്കിക്കൊണ്ട് ഇരുന്നു. വിശ്വ അവളുടെ കവിളിൽ മെല്ലെ തൊട്ടു. അവൾ അവനെ നോക്കി. എന്നിട്ട് എന്താന്ന് കണ്ണുകൊണ്ട് ചോദിച്ചു. അവൻ ഒരു പുഞ്ചിരിയോടെ അവന്റെ നെറ്റി ഗാഥയുടെ നെറ്റിയുമായി മുട്ടിച്ചു.
(തുടരും)
©ഗ്രീഷ്മ. എസ്

കൂട്ടുകാരെ വായിക്കുന്ന കൂട്ടുകാർ ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കുറിക്കണേ....
To Top