പ്രിയ മാനസം, Part 18& 19

Valappottukal
പ്രിയ മാനസം, Part 18

പ്രിയ ഒന്നും പറഞ്ഞില്ല...
അത് കണ്ട് ആൽഫി പറഞ്ഞു, നാളെ വൈകിട്ടാവുമ്പോഴേക്കും പറഞ്ഞാൽ മതി...
ഞാനിപ്പോൾ വരാം എന്നു പറഞ്ഞവൻ റൂം വിട്ടിറങ്ങി...

പ്രിയ കണ്ണുകളടച്ചു കിടന്നു... മുമ്പൊരിക്കൽ അൽഫിയെ കുറിച്ച്  ഫ്രഡിയുമായ് സംസാരിച്ച ദിവസം ഓർമ്മ വന്നു....

ദുബായിലെ ആ വില്ലയിൽ എല്ലാവരും കൂടെ ഒത്തൊരുമിച ആ ദിവസം,  ആണുങ്ങൾ മൂന്നും ഏതോ ഫയലുകൾ നോക്കികൊണ്ടിരുന്നു, എന്തോ പറഞ്ഞ കൂട്ടത്തിൽ നിഷ, നിതിൻ വിളിച്ച കാര്യം പറഞ്ഞു... അക്കൂട്ടത്തിൽ ആൽഫിയെ കുറിച്ചും പറഞ്ഞു, അവനിപ്പോ ഓസ്‌ട്രേലിയയിൽ ആണെന്നുമൊക്കെ...

നിഷ പറഞ്ഞു കഴിഞ്ഞേന്തോ അബദ്ധം പറ്റിയ പോലെ പ്രിയയെ നോക്കി, അവൾക്കത് ഇഷ്ടപെട്ടില്ലായെന്നു നിഷക്കു മനസിലായി..
തങ്ങളെ തന്നെ നോക്കിയിരുന്ന ഫ്രഡി പെട്ടന്ന് ചോദിച്ചു..

...ആരാ ഈ ആൽഫി... എന്തോ ഒരു ഓൾഡിസ് മണക്കുന്നല്ലോ...
ആരും ഒന്നും മിണ്ടിയില്ല... പിന്നെയും അവൻ ചോദിച്ചു കൊണ്ടേയിരുന്നപ്പോൾ നിഷ, എല്ലാം വിളിച്ചു പറഞ്ഞു...

കഥയെല്ലാം കേട്ടു കഴിഞ്ഞു അവൻ പ്രിയയുടെ അടുത്ത് വന്നിരുന്നു... അവളുടെ കൈകൾ എടുത്തു പിടിച്ചു..
.....ഇത്രയും സ്നേഹമുള്ളൊരാളെ വേണ്ടാന്ന് വച്ചതു മണ്ടത്തരം തന്നെയല്ലേ എന്റെ മോളു..
എന്നിട്ട് എന്നെപ്പോലൊരു ആളെ തന്നെ തേടി പിടിച്ചു...
ആഹ്,,,, അവൻ രക്ഷപെട്ടു.... ഇപ്പൊ ഞാനല്ലേ കഷ്ടപെടുന്നേ... പറഞ്ഞേച്ചു ഏറുകണ്ണിട്ടു പ്രിയയെ നോക്കി...

അവൾ കണ്ണ് നിറച്ചും കൊണ്ടു അവിടുന്നെഴുന്നേറ്റു പോയി, ഒന്നും പറഞ്ഞില്ല..
കൂട്ടുകാർ അവനെ വഴക്ക് പറഞ്ഞു..
ചുമ്മാ എന്നു കണ്ണ് കൊണ്ടു കാണിച്ചേച്ചു പ്രിയയുടെ അടുത്തേക്ക് ചെന്നു....

അവൾ റൂമിൽ പിണങ്ങി ഇരിക്കുന്ന കണ്ട അവൻ, പുറകെ ചെന്നു കെട്ടിപിടിച്ചു...
....ഞാൻ ചുമ്മാ പറഞ്ഞതല്ലേ... നിന്നെയൊന്നു ശുണ്ഠി പിടിപ്പിക്കാൻ...
എനിക്കു നീയില്ലാതെ പറ്റില്ലെന്നറിഞ്ഞൂടെ... നീയെന്റെ ജീവനല്ലേ....
പിണങ്ങല്ലേ ഇനി ഞാനങ്ങനൊന്നും പറയില്ല കേട്ടോ....

അവളെ കെട്ടിപിടിച്ചു നിന്നിട്ട് വീണ്ടും അവൻ പറഞ്ഞു...
....എനിക്കെന്തെങ്കിലും സംഭവിച്ചാൽ, മനസമാധാനത്തോടെ മരിക്കാം.... കാരണം നിന്നെ എന്നെക്കാളും സ്നേഹിക്കുന്ന ഒരാളുണ്ടല്ലോ കൈപിടിച്ചു കൊണ്ടു നടക്കാൻ...

പ്രിയ അവന്റെ കൈ തട്ടിമാറ്റി, അവിടുന്ന് ഇറങ്ങി പോയി... കുറെ ദിവസത്തേക്ക് ഇക്കാര്യം പറഞ്ഞു അവൾ പിണങ്ങി നടന്നു... പിന്നെ വളരെ കഷ്ടപ്പെട്ടാണ് അവളുടെ പിണക്കം ഫ്രഡി മാറ്റിയത്...

അറം പറ്റിയ ഫ്രഡിയുടെ വാക്കുകൾ.....
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി...

അടുത്തിരുന്ന ആൽഫി അവളുടെ കവിളിൽ കണ്ണീർച്ചാലൊഴുകുന്ന കണ്ടു....

.....എന്തിനാ, ഇപ്പൊ വീണ്ടും കരയുന്നെ.... ഞാൻ പറഞ്ഞിട്ടില്ലേ ഇങ്ങനെ കരഞ്ഞു എന്നേ വിഷമിപ്പിക്കല്ലേ എന്നു....

പ്രിയ, കണ്ണ് തുറന്നു നോക്കി, തന്നെയും നോക്കിയിങ്ങനെ ഇരിക്കുന്ന ആൽഫിയെ കണ്ടു....
അവൻ അവളുടെ കണ്ണുനീർ തുടച്ചു, അവളുടെ കൈകൾ പിടിച്ചു, അവളെതിർത്തില്ല... എതിർക്കാനുള്ള  ശക്തി തീരെയില്ല...

....എന്തിനും ഞാനുണ്ട് കൂടെ, എനിക്ക്  ജീവനുള്ളടത്തോളം കാലം.. ....

അത് കേട്ടതും അവൾ കണ്ണുകൾ അടച്ചു.....

പിറ്റേന്ന് രാവിലെ ഡോക്ടർ കണ്ടു, ഉച്ചകഴിഞ്ഞു ഡിസ്ചാർജ് ചെയ്യാമെന്ന് പറഞ്ഞു...
പ്രിയ ആകെ ക്ഷീണിതയായി കാണപ്പെട്ടു... രാത്രി ഉറങ്ങാനുള്ള മരുന്ന് കൊടുത്തത് കൊണ്ടു കുറച്ചെങ്കിലും ഉറങ്ങിയവൾ...

വൈകിട്ട്  ഡിസ്ചാർജ് ആയപ്പോൾ ആൽഫി, പ്രിയയെ തന്റെ വീട്ടിലേക്കു കൊണ്ടു വന്നു... തിരിച്ചു പ്രിയയുടെ വീട്ടിലേക്കു പോകണ്ടായെന്നു അവൻ തീരുമാനിച്ചിരുന്നു.... അവിടെ അവളുടെ ഓർമകളെ തൊട്ടുണർത്തുന്ന പല സാധനങ്ങളും അവിടെയുണ്ട്....

വന്നു കുളിച്ചു ഫ്രഷ് ആയപ്പോഴേക്കും മക്കളെയും കൊണ്ടു അവളുടെ അപ്പച്ചനും അമ്മയും വന്നു...
കുഞ്ഞുങ്ങൾ സന്തോഷത്തോടെ ഓടി വന്നു...
അവരെ കണ്ടപ്പോൾ അവളുടെ മുഖം വിടർന്നു.
അവളവരെ വാരിപ്പുണർന്നു ഉമ്മ വച്ചു...
അവരുടെ സാന്നിധ്യം അവൾക്കു കൂടുതൽ ഉന്മേഷം നൽകി....

ആൽഫി അപ്പച്ചനോടും അമ്മയോടും കുഞ്ഞുങ്ങളെയും കൊണ്ടു രണ്ടു മൂന്നു ദിവസം ഇവിടെത്തന്നെ നിൽക്കാൻ ആവശ്യപ്പെട്ടു,

.....ഞാനും, പ്രിയയും കൂടി ഒരു യാത്ര പോവുകയാണ്... രണ്ടു ദിവസം കഴിഞ്ഞു മടങ്ങിയെത്തും...

....മോനെ അത് വേണോ... അവൾക്കു വയ്യാതിരിക്കുവല്ലേ....

കുഴപ്പമില്ല, ഒന്നും സംഭവിക്കില്ല,,, ഞാൻ ശ്രദ്ധിച്ചോളാം....

പ്രിയ റൂമിലായിരുന്നു, ആൽഫി അവളുടെ അടുത്തേക്ക് ചെന്നു...
....പ്രിയേ... നമുക്കൊരിടം വരെ പോകാനുണ്ട്, അത്യാവശ്യമാണ്.. ഇയാള് വന്നേ പറ്റൂ... എനിക്കൊരാളെ കാണാനുണ്ട്, അതിനു താൻ കൂടെ വരേണം...
ഇപ്പൊ കിടന്നോളൂ, ഞാൻ വിളിക്കാം...

പ്രിയ ഒന്നും പറയാതെ, നിന്നു...
ആൽഫി മുറി വിട്ടിറങ്ങി...

🎴🎴🎴🎴🎴🎴🎴🎴🎴🎴🎴🎴🎴🎴🎴🎴

നേരത്തെ പറഞ്ഞു വച്ച പരിചയക്കാരന്റെ വണ്ടി മുറ്റത് വന്നു...
ആൽഫി റൂമിൽ ചെന്നപ്പോൾ, പ്രിയ എഴുനേറ്റു ഇരിക്കുന്നു, പക്ഷേ ഒരുങ്ങിയില്ല...
അവനവളെ നിർബന്ധിച്ചു ഒരുക്കി....

വണ്ടിയിലേക്ക് കയറും മുമ്പ് ടീച്ചറമ്മയോടും അമ്മയോടും അപ്പച്ചനോടും പറഞ്ഞു, മക്കൾ എണീറ്റില്ലയിരുന്നു... ...
ആൽഫി മുമ്പിൽ ഡ്രൈവറുടെ അടുത്ത സീറ്റിൽ ഇരുന്നു പ്രിയയെ ബാക്കിൽ ഇരുത്തി...
വണ്ടി ഓടിക്കാൻ പറ്റിയ ഒരു മാനസികാവസ്ഥ അല്ലായിരുന്നു ആൽഫിക്കു...

പോകുന്ന വഴി,, ആൽഫിയും ഡ്രൈവറും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു,, പ്രിയ അവനോടു എങ്ങട്ടാ പോകുന്നെന്ന് രണ്ടു മൂന്നു വട്ടം ചോദിച്ചപ്പോഴും, അവിടെത്തുമ്പോൾ അറിഞ്ഞാൽ മതിയെന്ന് പറഞ്ഞത് കൊണ്ടു അവൾ വീണ്ടും ചോദിക്കാൻ മുതിർന്നില്ല...

ഇടക്ക് ഫുഡ്‌ കഴിക്കാൻ നിർത്തിയെങ്കിലും പ്രിയക്ക് ഒന്നും കഴിക്കാൻ സാധിച്ചില്ല, അത് കൊണ്ടു ആൽഫിയും ശരിക്ക് കഴിച്ചില്ല...
കുറച്ചു നേരം ഉണർന്നിരുന്നു, പിന്നെ അവൾ മയങ്ങി, എണീറ്റപ്പോൾ കണ്ട സ്ഥലവും റോഡുകളും അവളിൽ നടുക്കമുണ്ടാക്കി....
അവൾ സീറ്റിൽ നിന്നും ചാടിയെഴുനേൽക്കാൻ ശ്രമിച്ചു... ആൽഫി അവളെ തടഞ്ഞു...

സമയം വൈകിട്ടായിരുന്നു....
വണ്ടി പതിയെ, ഒരു മതില്കെട്ടിനകത്തേക്കു പ്രവേശിച്ചു.... പ്രിയക്ക് ദേഹം തളരുന്ന പോലെ തോന്നി,,, ആൽഫി ഒരു വാക്ക് പറഞ്ഞിരുന്നു എങ്കിൽ ഇങ്ങോട്ട് പുറപ്പെടില്ലായിരുന്നു... പക്ഷെ തന്റെ സ്വപ്നം, തന്റെ ജീവൻ ഉറങ്ങുന്ന മണ്ണിൽ താൻ വീണ്ടും....

പ്രിയ ഒരാശ്രയത്തിനായി ചുറ്റും നോക്കി,,, ഗദ്ഗദം തൊണ്ടക്കുഴിയിൽ തടഞ്ഞു നിക്കുന്ന പോലെയുണ്ട്...

....എന്തിനാ ആൽഫി എന്നോടി ചതി ചെയ്തേ... എന്തിനെന്നെ ദ്രോഹിക്കുന്നെ???
എനിക്കു ഒന്നും കാണണ്ട....
അവൾ മുഖം പൊത്തി പൊട്ടിക്കരഞ്ഞു...

ആൽഫി അവളുടെ കയ്യിൽ ബലമായി പിടിച്ചു, എന്നിട്ട് മുന്നോട്ട് നടന്നു...
കുറച്ചു മാറി, പൂക്കളാൽ അലങ്കരിച്ച ഒരു കല്ലറക്ക് മുമ്പിൽ പോയി മുട്ടു കുത്തി ഇരുന്നു...

പ്രിയയാകട്ടെ, കാലുകളുടെ ചലനശേഷി നഷ്ടപെട്ടപോലെ നിശ്ചലയായി തറഞ്ഞു നിന്നു.....

......ഇതാ നമ്മുടെ പെണ്ണ്, നമ്മുടെ പ്രിയ....
നീ ഇവളെയും കൊണ്ടു പോയപ്പോൾ ഞാൻ സന്തോഷിച്ചു, എന്നെക്കാൾ നീ ഇവളെ സ്നേഹിക്കുന്നുവല്ലോ,, ഞാൻ ആശ്വസിച്ചു., സമാധാനിച്ചു,,, പക്ഷെ എന്തിനാ ഫ്രഡി അവളെ പാതിവഴിയിൽ തനിച്ചാക്കി പോയത്???....
നീ പോയപ്പോൾ കൂടെ ഇവളുടെ മനസും കൂടിയെന്തിന് കൊണ്ടു പോയി.... അതിങ്ങു തിരികെ തന്നേര്, ഞാൻ നോക്കിക്കോളാം പൊന്നുപോലെ കാത്തു സൂക്ഷിച്ചോളാം...
തരില്ലേ ഫ്രഡി എനിക്കു നിന്റെ ഈ പൊന്നൂസിനെ.....
ഞാൻ കൊണ്ടു പോകുവാ, നിന്റെ അനുമതിയോടും, സമ്മതത്തോടും കൂടി.....

പ്രിയ, ആൽഫിയെന്താ ഈ കാണിക്കുന്നതെന്ന് മനസിലാകാതെ നിന്നു,, ഒരു സ്വപ്നത്തിലെന്നവണ്ണം നിന്നു.... പിന്നെ പതിയെ താഴോട്ട് ഇരുന്നു, പൊട്ടി പൊട്ടി കരയുവാൻ തുടങ്ങി....

ആൽഫി അവളെ തനിച്ചിരുത്തി, എണീറ്റു,, അവൾ കരയട്ടെ,,,, അന്ന് ഫ്രഡി മരിച്ചപ്പോൾ കരയാതെ അടക്കിവച്ചതെല്ലാം എടുത്തു കരയട്ടെ.....

ഒരു മന്ദമാരുതൻ അവരെ തഴുകി കടന്നു പോയി..... പ്രിയക്ക് പെട്ടെന്ന് കുളിരു കോരി....
ഫ്രഡിയുടെ സാന്നിധ്യം പോൽ തോന്നിച്ചു....

ആൽഫി കുറച്ചു കഴിഞ്ഞ്, അവളെ അവിടെ നിന്നും എഴുന്നേൽപ്പിച്ചു, അവൾക്കു തീരെ ഭാരമില്ലാത്ത, ബലമില്ലാത്ത പോലെ, ആടിയാടി പോയി, ആൽഫി അവളെ താങ്ങി പിടിച്ചു...
വീണ്ടും വണ്ടിയിൽ കയറ്റി, ഇക്കുറി അവനും പുറകെ കയറി...
പ്രിയക്ക് തളർച്ച കാരണം, വല്ലായ്ക തോന്നിച്ചു....
അവർക്കു മുമ്പിലുള്ള കാറിനു പുറകെ ഇവർ പോയി....

ആ യാത്ര അവസാനിച്ചത് ഫ്രഡിയുടെ വീട്ടിനു മുമ്പിലാണ്, അവിടെ ഫ്രഡിയുടെ ഇച്ചാച്ച, അപ്പന്റെ അനിയൻ ഉണ്ടായിരുന്നു....
ആ വീട് വീണ്ടും കണ്ടതെ, പ്രിയ വാവിട്ട് കരഞ്ഞു..... ആരും അവളെ തടഞ്ഞില്ല....

 ഇച്ചാച്ച വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നു... അവർ വീടിന്റെ അടുത്ത് തന്നെയാണ് താമസിക്കുന്നത്..

 ആൽഫി അവളെയും കൊണ്ടു ഫ്രഡിയുടെ വീടിന്റെ ഹാളിലേക്ക് കയറി...
 അവിടെ അവരഞ്ചു പേരുടെയും ഫോട്ടോകൾ മാലയിട്ടു വച്ചിരുന്നു,,

 പ്രിയ വേച്ചു വേച്ചു നടന്നു,  എല്ലാ പടങ്ങളെയും നോക്കി, ഫ്രഡിയുടെ ഫോട്ടോയിൽ കണ്ണുടകി ആ ഫോട്ടോക്ക് മുമ്പിൽ നിന്നു,

ആൽഫി മുന്നോട്ട് നടന്നു, ആ  ഫോട്ടോകളിലേക്‌ ഉറ്റു നോക്കി....
ചിരിക്കുമ്പോൾ നുണകുഴി വിരിയുന്ന വെള്ളാരംകണ്ണുകാരനെ സൂക്ഷിച്ചു നോക്കി....

....ഡോ, ഫ്രഡി.... ഞാനങ്ങു എടുക്കുവാ... തന്റെ പ്രിയയെ.... ജീവിതകാലം മുഴുവൻ ആയിട്ട്,  എനിക്കൊരു കൂട്ടും അവൾക്കൊരു കൂട്ടും വേണം... പക്ഷെ താൻ പറഞ്ഞാലേ അവള് വരൂ..... ഞാൻ എന്റെ ജീവനേക്കാൾ അവളെ സ്നേഹിക്കുന്നുണ്ട്... അവളെയും കുഞ്ഞുങ്ങളെയും പൊന്നു പോലെ നോക്കികൊള്ളാം.....

പ്രിയ വെള്ളാരംകണ്ണുള്ള തന്റെ പ്രിയപെട്ടവനെ തന്നെ നോക്കി നിന്നു... ആ കണ്ണുകൾ ഒന്ന് ചിരിച്ചു കൊണ്ടു അടഞ്ഞു തുറന്നു.... അവൾ കണ്ണ് ചിമ്മി നോക്കി, താൻ സ്വപ്നം കണ്ടതോ... അതോ ശരിക്കും ആണോ...
അതെ പോലെ തന്നെ, ആൽഫിയും കണ്ടു, വെള്ളാരംകണ്ണുകൾ തനിക്കു മൗനാനുമതി തന്നതോ.....

ആൽഫിയും പ്രിയയും പരസ്പരം നോക്കി....
അവൾക്ക് ശരീരം വല്ലാതെ തളർന്നു പോവുന്ന പോലെ തോന്നിച്ചു...
ആൽഫിക്കു അവളുടെ വല്ലായ്മ മനസിലായി.. അവൻ അവളുടെ അടുത്തേക്ക് നീങ്ങി നിന്നു... അവൾ അവന്റ കൈകളിൽ മുറുകെ പിടിച്ചു,
പതിയെ താഴോട്ട് വീണു, അവളെ ആൽഫിയുടെ കരങ്ങൾ താങ്ങി....

കണ്ണു തുറന്നു നോക്കിയ പ്രിയ, തന്റെ അടുത്തിരിക്കുന്ന ആൽഫിയെയും, ചുറ്റുമിരിക്കുന്ന ആതിയെയും, വിവേകിനെയും, അരുണിനെയും, ഇച്ചാച്ചയെയും ആന്റിയെയും കണ്ട്, മെല്ലെ എഴുനേറ്റിരിക്കാൻ ശ്രമിച്ചു....
ആൽഫി അവളെ സഹായിച്ചു...

പ്രിയ ആരോടും ഒന്നും പറഞ്ഞില്ല, പകരം ആതിയുടെ മേലേക്ക് വീണു പൊട്ടിക്കരഞ്ഞു...
കണ്ടു നിന്ന അരുണിനും, വിവേകിനും കണ്ണിൽ വെള്ളം നിറഞ്ഞു...
അന്ന് രാത്രി പ്രിയയും ആൽഫിയും ഇച്ചചെടെ വീട്ടിൽ നിന്നു,, പ്രിയ രാത്രി മുഴുവൻ കരഞ്ഞുകൊണ്ടിരുന്നു, കൂട്ടിനു ആതിയും ഉണ്ടായിരുന്നു,,, പ്രിയക്ക് അതൊരാശ്വാസമായിരുന്ന....

അരുണിനും വിവേകിനും തങ്ങളുടെ ഫ്രഡിയോടു ഇടപഴകുന്നപോലെ തോന്നിച്ചു, ആൽഫിയോടു സംസാരിച്ചപ്പോൾ....

തിരികെ പോവുമ്പോൾ ആൽഫി, പ്രിയയുടെ അടുത്തിരുന്നു, അവൾ കണ്ണുകളടച്ചു സീറ്റിൽ ചാരിക്കിടന്നു കരഞ്ഞു കരഞ്ഞു തളർന്നെപ്പോഴോ  മയങ്ങി പോയി,,,
ഇടയ്ക്കു ഉണർന്നപ്പോൾ തന്നെ ചുറ്റിയിരിക്കുന്ന കൈകൾ കണ്ടു, പിന്നോക്കo മാറിയപ്പോഴാണ് താൻ ആൽഫിയുടെ നെഞ്ചിലാണ് കിടന്നതെന്നു മനസിലായി, പെട്ടെന്ന്  ഞെട്ടി മാറിയിരുന്നു...

ആൽഫി അവളുടെ വെപ്രാളം കണ്ടിട്ടും  കാണാത്തപോലെ നടിച്ചു, അവളോട്‌ ശരിക്ക് കിടന്നോളാൻ പറഞ്ഞു, എന്നിട്ട് മുമ്പിലേ  സീറ്റിലേക്ക് കയറിയിരുന്നു...
പ്രിയക്ക് താൻ വലിയ ഒരു തെറ്റ് ചെയ്ത ഭീതിയായിരുന്നു ..

ആൽഫി തിരിച്ചുള്ള യാത്രയിൽ ഉന്മേഷവനായിരുന്നു ..  പ്രിയ തന്നെ സ്വീകരിച്ചില്ലേലും സ്നേഹിച്ചില്ലേലും  സാരമില്ല, അവളെ പഴയ ഊർജസ്വലതയുള്ള  തങ്ങളുടെ പഴയ പ്രിയയാക്കി  മാറ്റണം...

ആതിയും അരുണും വിവേകും കുട്ടികളും കൂടെ വേറെ ഒരു വണ്ടിയിൽ തിരിച്ചു.....

പ്രിയക്ക് ആൽഫിയോടു വല്ലാത്ത ദേഷ്യം തോന്നി,,,, തന്നെ തന്റെ ഫ്രഡിയിൽ നിന്നും അവന്റെ ഓർമകളിൽ നിന്നും തന്നെ അകറ്റാൻ ശ്രമിക്കുന്നതു പോലെ അവൾക്കു തോന്നിച്ചു..

പല പല വിചാരങ്ങളോടും  ചിന്തകളോടും  കൂടെ അവർ യാത്ര തുടർന്ന്...

********

തിരിച്ചു വന്ന ആൽഫി, പ്രിയയെം കൊണ്ടു വീട്ടിലേക്കു കയറി, കൂട്ടുകാരും അവിടെയിറങ്ങി,  ടീച്ചറമ്മയും, അപ്പച്ചനും അമ്മയും, കുഞ്ഞുങ്ങളും അവരെ കാത്തിരിക്കുവായിരുന്നു... ഡാവുമോന് ഓടി വന്നു ആൽഫിയുടെ മേലേക്ക് ചാടി...
...അച്ചേ.... എന്നും വിളിച്ചോണ്ട്..

ആൽഫി അവനെ വാരിയെടുത്തു ഉമ്മ വച്ചു....
അതുകണ്ടപ്പോൾ ദിയമോളും ഓടി വന്നു,,, പക്ഷെ ഒന്ന് മടിച്ചു നിന്നു...
പിന്നെ പ്രിയയുടെ അടുത്തേക്ക് ചെന്നു, അവൾ കുഞ്ഞിനെ എടുത്തു...

പ്രിയക്ക് തലയാകെ പെരുത്തിരിക്കുന്ന പോലെ തോന്നി.... അവൾ കുഞ്ഞിനൊരുമ്മ കൊടുത്തിട്ടു അമ്മയുടെ കയ്യിലേക്ക് കൊച്ചിനെ കൊടുത്ത്...

....എനിക്കൊന്ന് കിടക്കണം... തീരെ പറ്റുന്നില്ല...

ആൽഫി അവളെ താങ്ങിപിടിച്ചും കൊണ്ടു റൂമിലേക്ക്‌ പോയി... കൂട്ടുകാരതു നോക്കി നിന്നു, പിന്നെ നാളെ കാണാൻ വരാമെന്നു പറഞ്ഞിറങ്ങി..

ആൽഫി പ്രിയയോട് ചോദിച്ചു..
ഒന്നു കുളിച്ചു ഫ്രഷ് ആകുമ്പോൾ ക്ഷീണം മാറും, എന്നിട്ട് വല്ലതും കഴിച്ചിട്ട് കിടന്നാൽ പോരെ..??

....വേണ്ട, എനിക്കൊന്നും വേണ്ട,,, ഞാൻ പിന്നെ കുളിച്ചോളാം...
ആൽഫി പ്രിയയെ കട്ടിലിലേക്ക് കിടത്തിയിട്ട്,
അവൻ കുളിച്ചു ഫ്രഷായി...
 ഡോർ ചാരിയിറങ്ങി..

പുറത്തു പോയി അമ്മയോടും, ടീച്ചറമ്മയോടും അപ്പച്ചനോടും വർത്തമാനം പറഞ്ഞിരുന്നു,
ഭക്ഷണം കഴിച്ചു, മക്കൾ ഉറങ്ങിയപ്പോൾ കൊണ്ടു അന്നയുടെ റൂമിലേക്ക്‌ പോയി, അവരെ അവിടെ കിടത്തിയിട്ടു അവന്റ റൂമിലേക്ക്‌ ചെന്നു,, പ്രിയ ക്ഷീണിച്ചു ഉറങ്ങുന്ന കണ്ടപ്പോൾ പാവം തോന്നി...
അവളുടെ മുഖത്തേക്ക് വീണു കിടന്ന മുടിയിഴകളെ മാറ്റി, നെറ്റിയിൽ പതിയെ ഒരുമ്മ കൊടുത്തു... അവളുണരാതെ...

....എന്റെ പൊന്നേ.... നിന്നെ ആ പഴയ പ്രിയയാക്കാതെ  എനിക്കിനി വിശ്രമമില്ല...

ഒന്നു പുഞ്ചിരിച്ചു, അവൻ തിരിച്ചിറങ്ങി...

മക്കളുടെ കൂടെ പോയി കിടന്നിട്ടും അവനു  ഉറക്കം വന്നില്ല, പലതും കൂട്ടിയും കിഴിച്ചും  ഏതാണ്ടൊക്കെ ആലോചിച്ചുറപ്പിച്ചും എപ്പോഴോ ഉറങ്ങിപ്പോയി...

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

രാവിലെ തന്നെ എണീറ്റു    ആൽഫി... ബ്രഷ് ചെയ്തു,   നേരെ പ്രിയ കിടക്കുന്നിടത്തേക്കു ചെന്നു..
കുറച്ചു നേരം അവളെത്തന്നെ നോക്കി നിന്നു..
പുതച്ചു മൂടി കിടക്കുവാ, പാവം ഇന്നലെതേ യാത്രയും, ക്ഷീണവും, മനോവ്യാകുലതയും ആകെ ഒരു കോലം കെട്ടു...
എല്ലാം ഒന്നു ശരിയാക്കണം... അവളോട്‌ ഒരു വാത്സല്യം പൊട്ടി അവനു...

ടോ, പ്രിയേ,,,, എന്തൊരുറക്കമാ.... എണീറ്റെ, ഇന്നലെ വന്നു കിടന്നതല്ലേ???..
എണീറ്റ് വേഗം ഫ്രഷ് ആയിക്കെ.....

പ്രിയ ചാടിയെഴുന്നേറ്റു, നോക്കുമ്പോൾ ആൽഫി മുമ്പിൽ നിൽക്കുന്നു, എന്തൊക്കെയോ പറയുന്നു...

"എന്താടോ, ഇങ്ങനെ നോക്കുന്നെ,,,, ആൽഫി തന്നെയാ, മനസിലായില്ലേ... ന്റ ചുന്ദരികുട്ടി വേഗം എണീറ്റു റെഡിയായി വന്നേ, നമുക്കൊന്നിച്ചു പള്ളിയിൽ പോയി വരാം....

പ്രിയ കണ്ണുംചിമ്മി നോക്കി, ഇവനെന്താ പറ്റിയെ?? പിച്ചും പേയും പറയുന്നോ...

,.. അതെ, ഞാനിപ്പോ കുളിച്ചു ഫ്രഷ് ആയിവരാം, അപ്പോഴേക്കും മോളു ആ അലമാര തുറന്നു ഇഷ്ടമുള്ള ഒരു സാരി സെലക്ട്‌ ചെയ്തോ,,, എന്നിട്ട് വേഗം കുളിച്ചു വായോ...
ആ അലമാരയിൽ നിനക്കും കുഞ്ഞുങ്ങൾക്കും ഉള്ള ഡ്രസ്സ്‌ ആണുട്ടോ....

ഞാൻ കുളിച്ചു വരുമ്പോഴേക്കും എണീറ്റില്ലെങ്കിൽ ചന്തിക്കു നല്ല പെട കിട്ടും.... വേഗം ആയിക്കോട്ടെ....

പ്രിയക്ക് ഒന്നും മനസിലായില്ല,,, ഇവനെന്താ ഇങ്ങനെ, പണ്ട് സ്കൂളിൽ പഠിക്കുമ്പൊഴെത്തെ പോലെ ഒരു പെരുമാറ്റം....
....ഞാൻ വരുന്നില്ല ആൽഫി... അവൾ പറഞ്ഞു...

...നീ വന്നില്ലേൽ നിന്നെ ഞാൻ ഇതുപോലെ തൂക്കിയെടുത്തോണ്ടു പോകും, കാണണോ...

....വേണ്ട... എന്തിനാ ഇങ്ങനെ നിർബന്ധം പിടിക്കുന്നെ... എന്നെയിങ്ങനെ എന്തിനാ ശല്യം ചെയ്യുന്നേ,,,, ഇങ്ങനെ നിർബന്ധിച്ചു ചെയ്യിക്കാൻ എന്റ ആരാ ഇയാള്??

പ്രിയയുടെ അടുത്ത്, കൈകുത്തി നിന്നു അവളുടെ കണ്ണുകളിലേക്കു നോക്കികൊണ്ടു ആൽഫി അവളുടെ മിന്നിലേക്കു ചൂണ്ടി ചോദിച്ചു...

ഇതാരാ കെട്ടിയെ??

...ആൽഫി...

ആണെല്ലോ,, അപ്പൊ ഞാൻ തന്റെ ആരാ??

......ഭർത്താവ്....

സമ്മതിച്ചേ... എങ്കിൽ പിന്നെ എന്റെ ഭാര്യ ചെന്നു വേഗം റെഡിയായി വന്നേ... എന്നേ വെറുതെ ദേഷ്യം പിടിപ്പിക്കാതെ.....

അവൻ മുണ്ട് മടക്കിക്കുത്തി ബാത്‌റൂമിലേക്ക് പോയി...

അവൾ മനസില്ലാമനസോടെ എണീറ്റു,അവൾക്കറിയാം ആൽഫിക്കു ദേഷ്യം വന്നാൽ പിന്നെ കണ്ണും മൂക്കും കാണില്ല, സ്കൂളിൽ പഠിക്കുമ്പോ അങ്ങനെ കുറെ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്,  തന്നോട് ദേഷ്യപ്പെട്ടിട്ടില്ല, അതിനായ് സാഹചര്യം ഒരുക്കിയിട്ടില്ല,,, ആതിക്കും നിഷക്കും നല്ല ഡോസ് കിട്ടിയിട്ടുണ്ട്.... പക്ഷെ മുതിർന്നപ്പോൾ ആ സ്വഭാവം മാറിയായിരുന്നു...

  അവൾ അലമാര തുറന്നു, തനിക്കും മക്കൾക്കുമുള്ള ഡ്രസ്സ്‌ അതിലുണ്ട്, നല്ല വലുപ്പമുള്ള കപ്ബോർഡ് ആണത്, ഇവിടെ ആകെ നിന്നത് മൂന്നു ദിവസം, പക്ഷെ ഇങ്ങനെയൊരു സാധനം ശ്രദ്ധിച്ചില്ല, മാത്രവുമല്ല താൻ വീട്ടിൽ നിന്നു രണ്ടു വലിയ പെട്ടി മാത്രമേ കൊണ്ടു വന്നുള്ളൂ, തന്റെയും മക്കളുടെയും ഡ്രെസ്സുകൾ...

അവൾ ഓരോന്നും എടുത്തു നോക്കി, കറക്റ്റ് സൈസ് എല്ലാം, സാരീ ബ്ലൗസ് വരെ, ശരിയായ അളവിൽ... ഇതൊക്കെ എപ്പോഴാ... ആഹ്..
അവളൊരു ബ്ലൂ സാരീ എടുത്തു,,

അവൾ ആലോചിച്ചു നിക്കുമ്പോൾ ആൽഫി കുളികഴിഞ്ഞിറങ്ങി, തല തുവർത്തികൊണ്ടു അവളുടെ അടുത്തേക്ക് വന്നു, തലയൊന്നു ആട്ടി, തലയിലെ വെള്ളം ചിതറി അവളുടെ മുഖത്തേക്ക് വീണു... അവൻ ഒരു കുസൃതി ചിരി ചിരിച്ചു...
അവൾ മുഖം കുടഞ്ഞു, ഇവനെന്താ വട്ടായോ, കൊച്ചു പിള്ളേരെ പോലെ...

ആൽഫി പ്രിയയുടെ കയ്യിലെ സാരിയിലേക്കു നോക്കി, തന്റെ പ്രിയപ്പെട്ട കളർ... അവനു സന്തോഷം തോന്നി...
....ഊം... വേഗം പോയി കുളിച്ചു, റെഡിയായി വാ.. ഞാൻ പുറത്തുണ്ടാകും....

പ്രിയ കുളിക്കാനായി കയറിയപ്പോൾ, ആൽഫി ഡ്രസ്സ്‌ ഒക്കെ മാറ്റി, റൂമിനു പുറത്തിറങ്ങി...
ചുണ്ടിലൊരു ചെറു പുഞ്ചിരിയും, മൂളിപ്പാട്ടുമായി, മുഖത്തു കൗതുകഭാവവുമായി...

അവിടെ ഹാളിലിരുന്ന ടീച്ചറമ്മ ഇവന്റെ മട്ടും ഭാവോം കണ്ടു അമ്പരന്നു...
ഇവനിതെന്തു പറ്റി,,, എങ്കിലും അവന്റെ ഈ പ്രകടനം കണ്ടു അവരുടെ മനം നിറഞ്ഞു, വർഷങ്ങൾക്കു ശേഷം അവനെ ചിരിച്ച മുഖത്തോടെ കണ്ടത് അവർക്കു പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം തോന്നി....

കുളിച്ചൊരുങ്ങി, നീലസാരിയും ചുറ്റി ഇറങ്ങി വന്ന പ്രിയയെ കണ്ട ആൽഫി  അവളെത്തന്നെ നോക്കി നിന്നുപോയി, സൗന്ദര്യവും മുഖകാന്തിയും ഐശ്വര്യവും നിറഞ്ഞ അവളെ കണ്ണിമയ്ക്കാതെ നോക്കുന്ന കണ്ട ടീച്ചറമ്മ അവന്റെ കാലിലൊരു ചവിട്ട് കൊടുത്തു...
അവരും മനസ്സിലോർത്തു,,, എന്റെ സുന്ദരികുട്ടി...

കാലിൽ ചവിട്ടുകൊണ്ടു ആൽഫി..
ആഹ്... എന്നു വച്ചു,,, പെട്ടെന്ന് പറഞ്ഞു
..പോകാം  പ്രിയേ..

അവൾ ഒരു തുറിച്ച നോട്ടം ആൽഫിയെ നോക്കി, അമ്മയോട് പോയിട്ട് വരാമെന്നു പറഞ്ഞു നടന്നു...

ആൽഫി കാർ സ്റ്റാർട്ട്‌ ചെയ്തു അവള് കേറാൻ ആയി വെയിറ്റ് ചെയ്തു
അവൾ പുറകിലെ ഡോർ തുറന്നകത്തു കാല് വച്ചതും ആൽഫി..
....ഞാൻ ആരുടേയും ഡ്രൈവർ ഒന്നുമല്ല...

അത് കേട്ട പ്രിയ ഡോർ വലിച്ചടച്ചു, മുമ്പിലെ ഡോർ തുറന്നു കയറിയിരുന്നു ശക്തിയായി വലിച്ചടച്ചു...

ചുണ്ടിലൂറിയ ചിരി മറച്ചുകൊണ്ട് ആൽഫി..

....എന്തിനാ പ്രിയേ.. എന്നോടുള്ള ദേഷ്യം അവിടെ തീർക്കുന്നെ..

....എന്തൊരു ശല്യമാണെന്നു നോക്കണേ.... പ്രിയ കൈചുരുട്ടി സൈഡിൽ ഇടിക്കാനൊരുങ്ങി....

ഞാൻ ശല്യം ചെയ്യാൻ തുടങ്ങുന്നതേ ഉള്ളൂ....മോളു കണ്ടോളൂ...
 പള്ളിയിൽ പോകാനല്ലേ വിളിച്ചേ...
ഇന്നല്ല, ഇനി എന്നും രാവിലെ എന്റെകൂടെ രാവിലത്തെ കുർബാനക്ക് വന്നോണം.. ഞാൻ പറയാതെ തന്നെ....

പിന്നെ, എന്റെ കൂടെ ബാങ്കിലും നമ്മുടെ സ്ഥാപനങ്ങളിലെല്ലാം വരണം,  എല്ലാം ഞാൻ പഠിപ്പിച്ചു തരുന്നുണ്ട്......എനിക്ക്  ഒറ്റയ്ക്ക് ഓടി നടക്കാനാവില്ല...
ഞാൻ പറയുന്നത് താൻ കേൾക്കുന്നുണ്ടോ????

ഹ്മ്മ്,,, പ്രിയ അമർത്തി മൂളി....

പള്ളി പിരിഞ്ഞശേഷം, വികാരിയച്ചനെ കണ്ടു, അദ്ദേഹം പ്രിയയോട് കൊയറിലുള്ള പിള്ളേർക്ക് പ്രാക്ടീസ് ചെയ്യിക്കാൻ കൂടാൻ ആൽഫിയോടു പറഞ്ഞു...

ആൽഫി. : " അതിനെന്താ, ഞങ്ങള് രണ്ടാളും സമയം പോലെ വന്നോളാം... അഥവാ ഞാനില്ലെല്ലും പ്രിയ ഇങ്ങേതിക്കോളും..

പ്രിയ രൂക്ഷമായി ആൽഫിയെ നോക്കി, തിരിച്ചിറങ്ങി... അവൾക്കു എത്രയും പെട്ടന്ന് തിരിച്ചു വീട്ടിലേക്കു പോകാൻ തോന്നി..
ഇതിപ്പോൾ എവിടെക്ക ഒന്നോടി പോകുവാ, ആൽഫിയുടെ വീടും, തന്റെ വീടും തനിക്കന്യമായ പോലാണ്....

പ്രിയ ദേഷ്യപ്പെട്ടിറങ്ങുന്ന കണ്ട ആൽഫിക്കു കുസൃതി തോന്നി.. അവളെ ശുണ്ഠി പിടിപ്പിക്കുകയും, ദേഷ്യം പിടിപ്പിക്കുകയും ചെയ്യുമ്പോൾ അവളാ പഴയ പ്രിയയെ പോലെയാണ് റിയാക്ട് ചെയ്യുന്നേ,,, അത് തന്നെയാണ് തന്റെ ലക്ഷ്യവും....

പത്തു മണി കഴിഞ്ഞ്, വീട്ടിൽ തിരിച്ചു ചെന്നപ്പോൾ ദിയമോളും, ഡാവുട്ടനും  മുറ്റത്ത്‌ കളിച്ചോണ്ടു നടക്കുന്നു...
ഇവരെ കണ്ടതും, പിള്ളേർ ഓടി വന്നു..
രണ്ടു പേരും ആല്ഫിയുടെ നേരെ കൈനീട്ടി ചെന്നു...
അവൻ രണ്ടു പേരെയും കയ്യിലെടുത്തു ഉമ്മ വച്ചു, പ്രിയയെ നോക്കി
.
ങേ... ഇതെന്താ, ഈ കുഞ്ഞുങ്ങൾക്കെന്നെ വേണ്ടേ?? എപ്പോഴും ആൽഫിയെ മതിയല്ലോ...
പ്രിയക്ക് വീണ്ടും ദേഷ്യം ഇരച്ചു കയറി..
അവൾ ആ ദേഷ്യത്തോട് ചവിട്ടിത്തുള്ളി അകത്തേക്ക് കയറി..

....പ്രിയേ.. അവിടെ നിന്നേ... കഴിക്കാനൊന്നും വേണ്ടേ.... ഇന്നലെ രാത്രിയിലും ഒന്നും കഴിച്ചില്ലല്ലോ...

ആ... എനിക്കു വേണ്ട...

അത്... നീയാണോ തീരുമാനിക്കുന്നെ??

പിന്നെ, എന്റെ കാര്യം ഞാനല്ലേ തീരുമാനിക്കേണ്ട..

അങ്ങനങ്ങു ഇയാള് തീരുമാനിക്കേണ്ട...
ആൽഫി കുഞ്ഞുങ്ങളെ താഴെ നിർത്തി, അവളുടെ അടുത്തേക്ക് ചെന്നു, കയ്യിൽ പിടിച്ചു

....വിട്, എനിക്കു വേണ്ടെന്നല്ലേ പറഞ്ഞേ...

ആൽഫി, അവളെ ശ്രദ്ധിക്കാതെ അവളുടെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ടു ഡൈനിങ്ങ് ടേബിളിലേക്കു കൊണ്ടു പോയി അവിടെയിരുത്തി...

...അമ്മേ, രാധേച്ചി.... കഴിക്കാനുള്ളതിങ്ങു എടുത്തു വച്ചേ....

കടന്നല് കുത്തിയ മുഖവുമായി പ്രിയ അവിടിരുന്നു....
...എന്താടാ ഒരു ബഹളം, ടീച്ചറമ്മ ഫുഡും കൊണ്ടു വന്നു...

ഒന്നുല്ലമ്മ,,, പിള്ളേരും, നിങ്ങളൊക്കെ കഴിച്ചോ..

...ഹ്മ്മ്... ഞങ്ങള് കഴിച് കുറച്ചു നേരമായി.. എന്താ മോളെ മുഖം വല്ലതിരിക്കുന്നെ??

ഒന്നുമില്ല ടീച്ചറമ്മ...തോന്നുന്നതായിരിക്കും...
പ്രിയ മുഖം പ്രസന്നമാകാൻ ശ്രമിച്ചു...

ഹാ... എന്നാ നിങ്ങള് രണ്ടും കൂടെ കഴിക്കു...
അവർ എണീറ്റു പോയി.. കുട്ടികളെയും കൊണ്ടു മുറ്റത്തേക്ക്...

ആൽഫി ദോശയും ചമ്മന്തിയും രണ്ടു പാത്രത്തിൽ വിളമ്പി, എന്നിട്ട് പ്രിയയോട്
....ഇന്നാ, കഴിക്ക്...
മുഴുവൻ കഴിച്ചിട്ടേ എണീക്കാവൂ... 

പ്രിയക്ക് അവനെ അരച്ച്കലക്കി കുടിക്കാനുള്ള ദേഷ്യമുണ്ട്, അവൾ തനിക്കു വേണ്ടായെന്ന രീതിയിൽ തലയാട്ടി...

.....പ്രിയാ... ഞാൻ പറഞ്ഞു, എന്നേ വെറുതെ ദേഷ്യം പിടിപ്പിക്കരുതെന്നു,,, അല്പം ഗൗരവത്തിൽ അവൻ തുടങ്ങി...

....എന്നോടുള്ള അരിശം ഭക്ഷണത്തോട് കാട്ടരുത്... അന്നമാണ്, വേസ്റ്റ് ചെയ്യല്ലേ....

പ്രിയ കൂടുതലൊന്നും പറയാതെ, മിണ്ടാതെ കഷ്ടപ്പെട്ട് രണ്ടു ദോശ കഴിച്ചു...
എന്നിട്ട് അവനെ നോക്കി.. അവനാകട്ടെ ദോശ ആസ്വദിച്ചു കഴിക്കുവാ..

ഹൂം... ഒരു തട്ട് കൊടുക്കാൻ തോന്നുന്നു.. അവൾ മനസ്സിലോർത്തു..
ഫ്രഡിയുടെ അടുത്ത് പോയി വന്നത് മുതൽ ഇവന്റെ സ്വരൂപം മാറിയല്ലോ, എന്ത് പറ്റി...
എന്തൊക്ക ചെയ്താലും നിന്നേ ഞാൻ സ്നേഹിക്കുമെന്നു വിചാരിക്കണ്ട ആൽഫി നീ...

അവളുടെ മനസു വായിച്ച പോലെ അവൻ പറഞ്ഞു...
ഇങ്ങനൊക്കെ ചെയ്യുമ്പോൾ നീ എന്നേ സ്നേഹിക്കുമെന്നു ഒരു പ്രതീക്ഷയും എനിക്കില്ല മോളെ... പക്ഷെ എനിക്കു നിന്നേ സ്നേഹിക്കാൻ നിന്റെ അനുമതിയൊന്നും വേണ്ട....
അത് കൊണ്ടു നിന്നെ പുറകെ നടന്നു, ശല്യം ചെയ്തു ഞാനങ്ങു സ്നേഹിക്കും...

അവളാകെ പെരുത്ത തലയുമായി ഇരുന്നു, അവൻ കഴിച്ചിട്ട് ഇറങ്ങി...
ഇറങ്ങാൻ നേരം അവളോടായ് പറഞ്ഞു..

....ഞാനൊന്നു പുറത്തു പോകുവാ, അല്പം വൈകും....

ഹ്മ്മ്... അവൾ മനസ്സിൽ സന്തോഷിച്ചു.. കുറച്ചു നേരം ഇനി ഫ്രീ ആയി ഇരിക്കലോ...

പോയ സ്പീഡിൽ തിരിച്ചു വന്നിട്ട് ആൽഫി പറഞ്ഞു..

അതെ, ഞാൻ ഇവിടില്ലെന്നു വിചാരിച്ചു, റൂമിലേക്കയറി, വേണ്ടാത്ത കാര്യങ്ങൾ ആലോചിച്ചു ഇരുന്നു കരയാനാ ഭാവമെങ്കിൽ എന്റെ സ്വഭാവം മാറും... അതുകൊണ്ട് എന്റെ സുന്ദരിക്കുട്ടി അമ്മേടേം പിള്ളേരുടെയും കൂടെ പോയിരുന്നെ... വൈകിട്ട് നമുക്കു വേറൊരിടത്തു പോകാനുണ്ട്...
അവളുടെ താടിയിൽ പിടിച്ചു, അവൻ പറഞ്ഞിട്ട് ഇറങ്ങി പോയി...

തനിക്കൊന്നു ശ്വാസം വിടണമെങ്കിലും ഇനി ഇവന്റെ പെർമിഷൻ വേണോ??. എന്തൊരു കഷ്ടാ എന്റെ കർത്താവെ...

അവൾ മുറ്റത്തേക്കിറങ്ങി ചെന്നിട്ട് പിള്ളേരുടെ കൂടെ കളിക്കാൻ കൂടി...
കുറച്ചു നേരo ആയപ്പോൾ അവൾ ടീച്ചറമ്മയോട് കുറച്ചു പണിയുണ്ട് എന്നു പറഞ്ഞു, ബെഡ്‌റൂമിലേക്ക് പോയി...

അവിടെ ചെന്നിരുന്നു, മൊബൈൽ ഓണാക്കി, ഫോട്ടോ ഫോൾഡർ ഓരോന്നും ഓപ്പൺ ചെയ്തു, ഫ്രഡിയുടെ ഒരൊറ്റ ഫോട്ടോ പോലുമില്ല,,, ഇതെന്തു പറ്റി..
ആൽഫി എല്ലാം എടുത്തു മാറ്റിയോ??  എന്നേ ഒരിക്കലും ശല്യം ചെയ്യൂല്ല, എന്നു പറഞ്ഞത് ഇതിനാണോ?? ഞാൻ എന്റെ ഫ്രഡിയുടെ ഓർമകളുമായി കഴിഞ്ഞോളം എന്നു പറഞ്ഞതല്ലേ,,, എന്നിട്ടും എന്നേ ദ്രോഹിക്കുന്നതെന്തിന്??
പ്രിയക്ക് ആൽഫിയോടെ വല്ലാത്ത ദേഷ്യം തോന്നി...

☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️

ആൽഫിയെ കാത്തു വിവേകും ആതിയും നിഷയും അരുണും ടൗണിൽ ഉണ്ടായിരുന്നു..
എല്ലാവരും കൂടെ തടാകത്തിനു അടുത്തു ഒരു ചെറിയ പാർക്കുണ്ട്, അവിടെ പോയിരുന്നു..

നിഷ : " ആൽഫി, എനിക്കു നല്ല ടെൻഷൻ ഉണ്ട്, പ്രിയയുടെ കാര്യത്തിൽ..
ആതി : " എനിക്കും, അവളുടെ മനസിന്‌ ഉലച്ചിൽ തട്ടാതെ നോക്കിക്കോണേ..

അരുണും വിവേകും ആകെ ഒരു വെപ്രാളത്തില,, തങ്ങളുടെ ഫ്രഡിയുടെ പതിയായിരുന്നവൾ സാഹചര്യങ്ങളുടെ സമ്മർദ്ദം  കൊണ്ടു  ഇപ്പോൾ വേറൊരാളുടേതായതു എന്തോ പോലെയാണവർക്കു...

ആൽഫി : " നിങ്ങളാരും ഒന്നു കൊണ്ടും വിഷമിക്കണ്ട,,, ഞാനില്ലേ കൂടെ.... ഞാൻ വാക്കുതരുന്നു, അവൾക്കു ഒന്നും സംഭവിക്കില്ല,
ഫ്രഡിയുടെ ഓർമകളിൽ അല്ലെങ്കിൽ ഫ്രഡിയെ ഓർമിപ്പിക്കുന്ന സാധനങ്ങൾ കാണുമ്പോഴാണ് അവൾ വിഷമിക്കുകയും കരയുകയും ചെയ്യുന്നേ...
കരഞ്ഞു കുത്തിയിരിക്കുന്ന മുഖവും, എപ്പോഴും ആലോചനയുമായി ഇരിക്കുന്നതെ, അവൾക്കു വേറെ ഒന്നും ചെയ്യാനില്ലാത്തടുകൊണ്ട,,,, എന്തെങ്കിലും പണികളിൽ ബിസി ആവുമ്പോൾ മനസും ചിന്തകളും ശാന്തമാകും...
അവളെ പഴയ, ഫ്രഡിയുടെ മരണത്തിന് മുമ്പു അവളെങ്ങനാണോ,,,
 അതെ പോലെ ആക്കിത്തന്നെക്കാം,,, എന്തെ പോരെ...

അവരെല്ലാം സന്തോഷത്തോടെ തിരിച്ചു പോയി, അടുത്താഴ്ച അവർ ദുബായിക്ക് പോകും.... അത് കൊണ്ടു  നാളെ ആൽഫിക്കും പ്രിയക്കും കൂടി എല്ലാവരുടെയും വക ട്രീറ്റുണ്ട്..

ആൽഫി, വീട്ടിലേക്കു ചെന്നു കയറിയതേ കണ്ടു,,,, വീർത്ത മുഖവുമായി ഒരു പോരാളി ഭാവത്തോടെ പ്രിയ സിറ്റ് ഔട്ടിലിട്ടിരിപ്പുണ്ട്..

.....ഹായ്... മോളു.... എന്നേ പ്രതീക്ഷിചിരിച്ചിരിക്കുവായിരുന്നോ????

ആൽഫി,.....അല്പം ഉച്ചത്തിൽ അവൾ വിളിച്ചു...
എന്റ ഫ്രഡിയുടെ ഫോട്ടോസ് ഒക്കെ എവിടെ??
ഞാൻ എന്റെ ഫ്രഡിയുടെ ഓർമകളുമായി കഴിഞ്ഞോളം എന്നു പറഞ്ഞതല്ലേ?? എന്തിനാ പിന്നെ ഓരോന്ന് ചെയ്തെന്നെ ദ്രോഹിച്ചു  വേദനിപ്പിക്കുന്നെ??? 

ആൽഫി പതിയെ പ്രിയയുടെ അടുത്ത് ചെന്നു, തൊട്ടു തൊട്ടില്ലാത്ത പോലെ നിന്നു,, പ്രിയക്ക് ഏതാണ്ട് പോലെ തോന്നിച്ചു,,, ആദ്യമായിട്ടാണ് ആൽഫി ഇത്ര അടുത്ത് വന്നു നിൽക്കുന്നെ..

അവളുടെ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കിയവൻ പറഞ്ഞു....

......ഫ്രഡി പൂർണമായും നിന്നെ എനിക്കു വിട്ടുതന്നെക്കുന്നു,,,, ഇപ്പോൾ നീ എന്റെ ഭാര്യയാണ്,,, അതുകൊണ്ട് ഇനി ഫ്രഡിയെ കുറിച്ചാലോചിക്കാൻ എന്റെ അനുമതി നീ തേടണം.... ഞാനിവിടെ ഇങ്ങനെ നിൽക്കുമ്പോൾ എന്തിനാ മോളെ നീ ഇനിയും  ഫ്രഡിയുടെ പുറകെ പോകുന്നെ.....

കണ്ണിമയ്ക്കാതെ അവളെ തന്നെ നോക്കിയവൻ അത്രയും പറഞ്ഞത് അവളും കണ്ണിമയ്ക്കാതെ തന്നെ കേട്ട് അവളുടെ കണ്ണിൽ നിന്നും വെള്ളച്ചാട്ടം പോൽ ഒഴുകിയിറങ്ങി...
ആൽഫി ആ കണ്ണുനീർ തുടക്കാനായി ഒരുങ്ങിയതും അവന്റെ കൈ തട്ടി മാറ്റി അവൾ റൂമിലേക്ക് നടന്നു....

മനസ്സിൽ ഒരു വേദനയോടെ അവൾ പോകുന്നതും നോക്കി അവൻ നിന്നു....

പ്രിയമാനസം, Part 19

ആൽഫിയുടെ വാക്കുകൾ കാതുകളിൽ മുഴങ്ങി കൊണ്ടിരുന്നു.... അവൻ തന്നെ പറഞ്ഞു പറ്റിക്കുകയായിരുന്നോ... എന്തിനു വേണ്ടി, ആർക്കും ഒരു ശല്യവുമില്ലാതെ ജീവിക്കില്ലായിരുന്നോ ഞാനും എന്റെ മക്കളും.
അപ്പച്ചന് വയ്യാതായതു കൊണ്ടറിയാതെ സമ്മതം മൂളിയത്....
പ്രിയ സങ്കടത്തോടെ കട്ടിലിലേക്ക് വീണു....
അവൾക്കു ആൽഫിയോട് പക തോന്നി..
നിർബന്ധിച്ചു അവകാശം സ്ഥാപിക്കാനുള്ള തന്ത്രം ആണവന്...

ആൽഫിക്കു അവളോട്‌ അങ്ങനൊക്കെ പറയേണ്ടി വന്നതിൽ ദു:ഖമുണ്ട്, മനഃപൂർവമല്ല, അവളെ സന്തോഷത്തോടെ കാണാനായാണ് ഇക്കാട്ടി കൂട്ടലുകളൊക്കെ, എല്ലാം കഴിയുമ്പോഴേക്കും അവളെന്നെ വെറുക്കുമായിരിക്കും... ആൽഫി മനസ്സിലോർത്തു...

അവൻ ടീച്ചറമ്മയുടെയും മക്കളുടെയും അടുത്ത് ചെന്നു, കുട്ടികളുടെ കൂടെ കുറച്ചു നേരം കളിച്ചു... പക്ഷെ ഉള്ളിന്റെ ഉള്ളിലുള്ള നീറ്റൽ ആരും അറിയാതിരിക്കാൻ പാട് പെട്ടു...

ഉച്ചക്ക് ഊണ് കഴിക്കാൻ വിളിച്ചിട്ടും പ്രിയ വന്നില്ല...  ടീച്ചറമ്മയും, രാധേച്ചിയും വിളിച്ചിട്ടും വന്നില്ല... മണി രണ്ടു കഴിഞ്ഞു...
ആൽഫി അകത്തേക്ക് ചെന്നു,,
....പ്രിയേ... വന്നേ, എല്ലാരും നിന്നെക്കാത്തിരിക്കുവാ, ഊണ് കഴിക്കാൻ...

....എന്നെകാത്തിരിക്കാൻ ഞാനാരോടും പറഞ്ഞിട്ടില്ല, എനിക്കു വിശപ്പില്ല,, വിശക്കുമ്പോൾ എടുത്തു കഴിച്ചോളാം...

....പ്രിയേ... ആരോടാ നിന്റെ വാശി... ഭക്ഷണം കഴിക്കാതിരിക്കാൻ മാത്രം എന്താ ഇവിടുണ്ടായത്..??

....ആൽഫി ഒന്നു പൊയ്‌ക്കെ, അല്പം സ്വസ്ഥത തരാമോ....

....കഴിച്ചിട്ട് വന്നു എന്താന്ന് വച്ചാൽ ചെയ്യാൻ...
നീ നിന്റെ മക്കളെക്കുറിച്ചു ആലോചിക്കുന്നുണ്ടോ???
വേദനിക്കുന്ന ഓർമകളെ തൊട്ടുണർത്തി വീണ്ടും നീ വേദനിക്കുമ്പോൾ നിന്റെ  കൂടെയുള്ളവരും വേദനിക്കുന്നുവെന്നു നീ തിരിച്ചറിയുന്നില്ലേ....

മക്കൾക്ക് നിന്നെ എന്ത് മാത്രം മിസ്സ്‌ ചെയ്യുന്നുവെന്ന് നിനക്കറിയാമോ, എന്നോടുള്ള വാശിയും ദേഷ്യവും നീ അവരോടു കാണിക്കല്ലേ,,,, എണീറ്റ് വന്നേ ഇങ്ങോട്ട്...

ആൽഫി അവളെയും വലിച്ചു കൊണ്ടു വരുന്നത് കണ്ട ടീച്ചറമ്മ, ആൽഫിയെ വഴക്ക് പറഞ്ഞു..
....എന്നതാ ആൽഫി നീയീ കാണിക്കുന്നേ... അവൾക്കു വേണ്ടങ്കിൽ നീയെന്തിനാ നിർബന്ധിക്കുന്നെ???

...അങ്ങനെ പട്ടിണി കിടന്നിവിടെ ആരും ആരോടും വാശി കാണിക്കേണ്ട... അവളുടെ കാര്യങ്ങൾ തീരുമാനിക്കാൻ ഞാനിവിടെ ഉണ്ട്..
മര്യാദക്കിരുന്നു കഴിക്കു പ്രിയേ...
കുഞ്ഞുങ്ങൾ ശ്രദ്ധിക്കുന്നത് നീ കണ്ടോ??

ആൽഫിയെ ഒരു അവിശ്വസനീയമായൊരു നോട്ടം നോക്കി പ്രിയ,,, ഇവനെന്തിന്റെ കേടാണോ ദൈവമേ,, എന്നെയിങ്ങനെ കൊല്ലാകൊല ചെയ്യിക്കാൻ...

അവൾ കുഞ്ഞുങ്ങളെ നോക്കി അവരാണെങ്കിൽ ആൽഫിയെയും പ്രിയ്യയെയും മാറി മാറി നോക്കുന്നു, ഇവിടെന്തോ അരുതാത്തതു സംഭവിക്കുന്ന മട്ടിൽ... അവൾക്കു കുറ്റബോധം തോന്നി..
കുഞ്ഞുങ്ങളെ കരുതുകയും സംരക്ഷിക്കുകയും ചെയ്യേണ്ട താൻ തന്നെ അവരെ ഒന്നു ശ്രദ്ധിക്കുന്നു കൂടെയില്ല...
ആൽഫി ഉരുള ഉരുട്ടി കൊടുത്തു അവരെ കഴിപ്പിക്കുന്നുണ്ട്...

...ആൽഫി, എല്ലാ രീതിയിലും തന്നെ തോൽപ്പിക്കുയാണോ, പാടില്ല,, തോറ്റു കൊടുക്കില്ല പ്രിയ... ഇനി ചടഞ്ഞു കൂടിയിരിക്കാതെ എല്ലാം ചെയ്യണം,, അൽഫിയുടെ സഹായമില്ലാതെ.... അവൾ മനസ്സിലുറപ്പിച്ചു...

പിറ്റേന്ന് രാവിലെ പ്രിയയുണർന്നു, വേഗം റെഡിയായി, ആൽഫി പറയാതെ തന്നെ, ഇന്ന് മുതൽ പ്രിയ പ്രിയയാകണം,,, ആൽഫിയുടെ പുറകെ പോയല്ലാതെ... പള്ളിയിൽ പോകണം.. ആലോചിച്ചു നിൽക്കുമ്പോൾ ആൽഫി അങ്ങോട്ട്‌ വന്നു..
കുളിച്ചു റെഡി ആയ അവളെ കണ്ടു ആൽഫി അമ്പരന്നു.. താൻ സ്വപ്നം കാണുവാനോ, ഇന്നലെ പറഞ്ഞത് അവളനുസരിച്ചോ...

....ഞാനിപ്പോ വരാം.. എന്നു പറഞ്ഞവൻ ഓടി ബാത്റൂമിലേക്കു കയറി..

കുളിച്ചു റെഡിയായി വന്നപ്പോൾ, പ്രിയയെ കാണുന്നില്ല,,, രാധേച്ചി പറഞ്ഞു
...പ്രിയമോള് പോയല്ലോ മോനെ,...
അവനതു വിശ്വസിക്കാനായില്ല.... അവൾ തന്നെയിറങ്ങിയോ ...
പെട്ടെന്ന് കാർ സ്റ്റാർട്ട്‌ ചെയ്തു അവൻ, ഗേറ്റിനു പുറത്തേക്ക് പായിച്ചു.. കുറെ ദൂരം കഴിഞ്ഞപ്പോൾ അവൻ കണ്ടു അവൾ നടന്നു പോകുന്നത്..

അവളുടെ അടുത്ത് ചെന്നു നിർത്തി, അവളൊന്നു നോക്കി, ആൽഫിയാണെന്നു കണ്ടു വീണ്ടും നടക്കാൻ തുടങ്ങി..
ആൽഫിക്കു അത് കണ്ടു ചിരി വന്നു,,, അപ്പോൾ വാശിയാണല്ലേ,, ഇപ്പോ ശരിയാക്കിത്തരാം...
അവൻ കുറച്ചൂടെ മുമ്പോട്ട് ചെന്നു നിർത്തി, എന്നിട്ട് പുറത്തിറങ്ങി, അവളുടെ കൈപിടിച്ച് കോഡ്രൈവർ സീറ്റിന്റെ ഡോർ തുറന്നു..

ഊം... കേറൂ..

നടന്നാലും പള്ളിയിലെത്താമല്ലോ... അവൾ അലസമായി പറഞ്ഞു..
...നമുക്കൊന്നിച്ചു പോകാം, കേറൂ പ്രിയേ...

...ആൽഫി വണ്ടിയിൽ പൊയ്ക്കോ,, ഞാൻ വന്നോളാം...
വരാനല്ലേ പറഞ്ഞേ... ആൽഫി ബലമായി അവളെ വണ്ടിയിലേക്ക് കയറ്റി...
അവൾ പല്ലിറുമ്മി...

....പള്ളിയിലേക്കാ പോകുന്നേ, പല്ലിറുമ്മണ്ട...

പിന്നെയവൾ ഒന്നും പറഞ്ഞില്ല...

പള്ളി കഴിഞ്ഞിറങ്ങിയതും അവൾ വേഗം നടക്കാനൊരുങ്ങി, പക്ഷെ ആൽഫിയുടെ രൂക്ഷ നോട്ടത്തിനുമുമ്പിൽ അവൾ പതറി...
അനുസരിച്ചില്ലെങ്കിൽ പള്ളിയാണെന്നു നോക്കാതെ ചിലപ്പോൾ ഒച്ച വച്ചേക്കും...

കാറിൽ കയറിയിരുന്നു, ആരോടോ ഒക്കെ സംസാരിച്ചിട്ട് ആൽഫി വണ്ടിയിൽ കയറി.

...നല്ല കുട്ടി... ഇങ്ങനെ എപ്പോഴും അങ്ങ് ചെയ്താലെന്താ.. എന്നേ ദേഷ്യം പിടിപ്പിക്കാതെ..
അവൾ ചുണ്ടും മുഖവും കൂർപ്പിച്ചു ദേഷ്യം അടക്കി പിടിച്ചിരുന്നു...

വീട്ടിലെത്തിയതേ റൂമിലേക്ക്‌ കയറി, വാതിൽ ചാരിയിട്ടു സാരി മാറാൻ തുടങ്ങി, പെട്ടന്നാണ് ആൽഫി അങ്ങോട്ട്‌ വന്നത്,, അവങ്ങനെ പെട്ടെന്ന് വരുമെന്ന് അവളൊട്ടും പ്രതീക്ഷിച്ചില്ല.. ഉടൻതന്നെ  അവൾ സാരിത്തലപ്പ്   തിരിച്ചിട്ടു.. അവൾ വല്ലാതായി..
അവൻ അവള് ഡ്രസ്സ്‌ മാറുന്നത് മനസിലാക്കി തിരിഞ്ഞു നിന്നു...

....സോറി... ഞാനൊരു കാര്യം പറയാൻ വന്നതാ... നമുക്കൊന്ന് പുറത്തു പോകണം,,, വേഷം മാറേണ്ട...

....ഞാനെങ്ങും വരുന്നില്ല...

....ഇയാളുടെ വരേണ്ട ആവശ്യമുണ്ട്...
പറ്റില്ലെന്ന് പറയരുതെന്ന് ഇന്നലെ ഞാൻ പറഞ്ഞത് മറന്നു പോയോ..
വേഗമാകട്ടെ... അവൻ റൂം വിട്ടിറങ്ങി...

....എന്തൊരു മാരണം... അവൾ പിറുപിറുത്തു..

അവൾ പുറത്തേക്കു വന്നപ്പോൾ ദിയമോളും, ഡാവൂട്ടനും ആൽഫിയുടെ കൂടെ നിൽപ്പുണ്ട്..

....പിള്ളേരെയും റെഡിയാക്കിയല്ലോ,,, ഇതിപ്പോൾ എങ്ങോട്ടാണാവോ..

ആൽഫി, കുഞ്ഞുങ്ങൾക്ക് വേഗം ബ്രേക്ഫാസ്റ് കഴിപ്പിച്ചു, അവനും കഴിച്ചു, പ്രിയയെ നോക്കി, അവൾ വേണ്ടാന്ന് തലയാട്ടി..

ആൽഫിക്ക് ദേഷ്യം വന്നു,,, അവളെ തുറിച്ചു നോക്കി... അവൾക്കു അവന്റെ ഭാവമാറ്റം മനസിലായി, കുഞ്ഞുങ്ങൾ ഉള്ളതുകൊണ്ട് ഒച്ച വെക്കില്ല,,, അവളും എടുത്തു ഇത്തിരി കഴിച്ചു

ടീച്ചറമ്മ അകത്തെവിടയോ ആണ്.. അവർ പുറത്തേക്കിറങ്ങി...
.....കുഞ്ഞുങ്ങളെയും കൊണ്ടു എങ്ങോട്ടാ...

....ഒക്കെ പറയാം, വേഗം വന്നു കയറു...

ആൽഫി, ദിയമോളെ കാർ സീറ്റിലിരുത്തി..ഡാവുട്ടനു സീറ്റബെൽട് ഒക്കെ ഇട്ടിരുത്തി..  അവൾക്കു അതിശയമായി,, എത്ര തന്മയത്തോടെയാണ് ആൽഫി ഓരോന്നും ചെയ്യുന്നേ...

അവൾ കുഞ്ഞുങ്ങളുടെ കൂടെ പുറകിലെ സീറ്റിലിരിക്കാൻ തുനിഞ്ഞു,, ആൽഫി വണ്ടിയെടുക്കാതെ അവളെന്താ ചെയ്യുന്നേ എന്നു നോക്കിയിരുന്നു..
....അമ്മേ, അമ്മ അച്ഛെടെ കൂടെ മുമ്പിലിരുന്നാൽ മതി,, ഞങ്ങളിവിടെ ഇരുന്നോളാം... ഡാവുട്ടൻ അങ്ങനെ പറഞ്ഞപ്പോൾ ആൽഫി പൊട്ടിച്ചിരിച്ചു..

....കുഞ്ഞുങ്ങൾക്കു വിവരമുണ്ട്, ഇവിടൊരാൾക്ക് എന്നിനി ബുദ്ധിയുദിക്കും ദൈവമേ....

പ്രിയ ദേഷ്യത്തോടെ ആൽഫിയുടെ അടുത്ത് പോയിരുന്നു...
....അപ്പൊ നമുക്ക് പോയാലോ പ്രിയേ... ഒരു കുസൃതി ചിരിയോടെ ആൽഫി വണ്ടി മുന്നോട്ടെടുത്തു...

സേക്രഡ് ഹാർട്ട്‌ ഹയർ സെക്കൻഡറി സ്കൂളിന്റെ മുമ്പിൽ വണ്ടി നിർത്തി..

...ഇവിടെന്താ... ഇവിടെ??  അവളാലോചിച്ചു..

ആൽഫി മക്കളെയും കൂട്ടി മുമ്പിൽ നടന്നു, പുറകെ പ്രിയയും...
പ്രിൻസിപ്പലിന്റെ റൂമിൽ ചെന്നു, പ്രിൻസിപ്പൽ ആൽഫിക്ക് ഷേക്ക്‌ഹാൻഡ് കൊടുത്തു, അകതിരിത്തി....

ഡാവുട്ടൻറെ  ഒന്നാം ക്ലാസ്സിലേക്കുള്ള
അഡ്മിഷനുള്ള എല്ലാ പേപ്പേഴ്സിലും ആൽഫി എഴുതി ഒപ്പിട്ടു കൊടുത്തു..
യൂണിഫോം, ബുക്സ് എല്ലാം വാങ്ങിച്ചു
എന്നിട്ട് ഡാവുട്ടനോട് ചോദിച്ചു.

....ഇഷ്ട്ടായോ മോന്റെ പുതിയ  സ്കൂൾ..
ഊം... ഒത്തിരി ഇഷ്ടമായി അച്ചേ... ലവ് യു അച്ചേ... മോൻ ആൽഫിയെ ഉമ്മ വച്ചു...

എല്ലാം കണ്ടു നിന്ന പ്രിയക്ക് വെകിളി പിടിച്ചപോലെ,, താൻ ചെയ്യേണ്ടിയിരുന്ന കാര്യം ആരും പറയാതെ തന്നെ ആൽഫി ചെയ്തിരിക്കുന്നു... എന്തൊരമ്മയാ ഞാൻ... പ്രിയ മനസ്സിലോർത്തു..
ആൽഫി ഓരോന്ന് ചെയ്തു എന്നേ തോൽപ്പിക്കാൻ ആണോ...

പ്രിയ ഓരോന്ന് ആലോചിച്ചു കൊണ്ടിരുന്നപ്പോൾ ആൽഫി മക്കളെയും കൂട്ടി പുറത്തേക്കിറങ്ങി..
അവരെ സ്കൂൾ മൊത്തം ഒന്നു കാണിച്ചു...
ഇന്നിപ്പോൾ ബുധനാഴ്ച ആണ്, അതുകൊണ്ട് അടുത്ത തിങ്കൾ മുതൽ വന്നാൽ മതിയെന്ന് പ്രിൻസിപ്പൽ പറഞ്ഞു...

ആൽഫി കുഞ്ഞുങ്ങളെയും കൊണ്ടു തിരിച്ചു വന്നപ്പോ, പ്രിയയോട് ചോദിച്ചു.
....എന്തെങ്കിലും ചോദിക്കാനുണ്ടോ...
....ഇല്ല... പോകാം..

വീട്ടിലേക്കുള്ള മടക്കയാത്രയിൽ പ്രിയ സൈലന്റ് ആയിരുന്നു... അവളോർത്തു, എപ്പോഴോ കുഞ്ഞിന്റെ സ്കൂൾ മാറ്റുന്ന കാര്യം ടീച്ചറമ്മയോട് പറഞ്ഞിരുന്നത്, ആൽഫി അറിഞ്ഞു കാണും..

....എന്ത് പറ്റി... പ്രിയേ.. ആൽഫി ചോദിച്ചു.

....ഒന്നുമില്ല.. അവൾ കണ്ണുകളടച്ചു സീറ്റിൽ ചാരിയിരുന്നു...

🧿🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶

വൈകിട്ട്, ആതിയുടെ വീട്ടിൽ എല്ലാവരും ഒത്തു കൂടി, വർഷങ്ങൾക്കു ശേഷം ആതിയും, നിഷയും, പ്രിയയും, കൂടെ ആൽഫിയും... പണ്ട് സ്കൂളിലെ പരിപാടിക്ക് ഒന്നിക്കുന്ന പോലെ തോന്നിച്ചു..
വിവേകും, അരുണും, ആൽഫിയും, അവിനാശേട്ടനും, ലച്ചു ചേച്ചിയും, കുട്ടികളെല്ലാവരും, ടീച്ചറമ്മ അടക്കം എല്ലാവരുടെയും പേരെന്റ്സും ഉണ്ടായിരുന്നു...

ആട്ടവും പാട്ടും, കഥ പറച്ചിലും, അന്താക്ഷരി കളികളും എല്ലാം,,, ഇതെല്ലാം പ്രിയക്ക് വേണ്ടി മാത്രമാണ്, അവളെ ഒന്നുഷാറാക്കാൻ ആയിട്ട്.. പക്ഷെ ഒന്നിലും കൂടാതെ മൗനിയായിരുന്നു പ്രിയ....ആദ്യമൊക്കെ ആൽഫിയും കൂടി, വർഷങ്ങൾക്കു ശേഷം അവൻ പാട്ടു പാടി,, സന്തോഷിച്ചു, പക്ഷെ  പ്രിയയുടെ ഉത്സാഹക്കുറവും, താത്പര്യമില്ലാമട്ടും അവളുടെ അവനെ തുറിച്ചു നോക്കിയുള്ള ഇരുപ്പും അവനും സൈലന്റ് ആയി...

വിവേകിനും, അരുണിനും ആൽഫിയെ നല്ല ഇഷ്ടമായി...

ഭക്ഷണമൊക്കെ കഴിഞ്ഞ് ഇറങ്ങാൻ നേരം, ആതിയും നിഷയും പ്രിയയോട് പറഞ്ഞു...

....മോളെ, പ്രിയേ... ജീവിതം ഒന്നേയുള്ളു, അത് എങ്ങനെ ജീവിച്ചു തീർക്കണം എന്നു അവനവന്റെ തീരുമാനമാണ്... പോകേണ്ടവർ പോയി, ഇനിയും അവരുടെ ഓർമകളുമായി ഇരുന്നു ബാക്കി ജീവിതം ഇങ്ങനെ ചത്തതിന് തുല്യമാക്കാനാണോ നീ....

ആൽഫിക്ക് നിന്നെയും കുഞ്ഞുങ്ങളെയും എന്തിഷ്ടമാണെന്നോ,, ജീവനാണ് നിന്നെയവന്...
ഇപ്പോഴും നിന്നെ വേദനിപ്പിക്കാനോ, വിഷമിപ്പിക്കുന്ന കാര്യം ചെയ്യാനോ ഇഷ്ടമല്ല അവനു...

നിനക്ക് വേണ്ടിയാണു ഒരാവശ്യവുമില്ലാതെ നഴ്സിംഗ് തിരഞ്ഞെടുത്തത്..
നിനക്കു വേണ്ടിയാണു ബാംഗ്ലൂർ വന്നത്..
നിനക്കു വേണ്ടിയാണ് അവന്റെ സ്നേഹം ഉള്ളിലടക്കിയത്.... അങ്ങനെ പലതും..
ഇപ്പോൾ നിന്നെ വീണ്ടും  സ്വീകരിച്ചതും നിന്നോടുള്ള അടങ്ങാത്ത സ്നേഹം കൊണ്ടു തന്നെയാണ്...
തട്ടിത്തെറിപ്പിക്കല്ലേ മോളെ ഈ ജീവിതം..
പ്ലീസ്‌ നിഷയും ആതിയും അവളെ കെട്ടിപിടിച്ചു കരഞ്ഞു...

എല്ലാം കേട്ട് കഴിഞ്ഞു, പ്രിയ അവരോടായി പറഞ്ഞു...
.....ഉപദേശിക്കാൻ ആർക്കും സാധിക്കും.... അങ്ങനുള്ള സാഹചര്യങ്ങൾ ഓരോരുത്തർക്കും വരുമ്പോഴാ മനസിലാവുക....

അന്ന് രാത്രിയിൽ ഉറങ്ങാൻ  കിടന്നതു കലുഷിത മനസുമായാണ്.... പ്രിയക്ക് ഒരെത്തും പിടിയും കിട്ടിയില്ല,,, എങ്ങോട്ടാണോ ഈ ജീവിതത്തിന്റെ പോക്ക്....

അടുത്ത ദിവസവും പതിവുകൾ ആവർത്തിച്ചു, പള്ളിയിൽ പോയിവന്നതിനുശേഷം പ്രിയയെ നിർബന്ധിച്ചു തന്റെ സ്ഥാപനങ്ങളിൽ കൊണ്ടു പോയി ആൽഫി... എല്ലാവരെയും പരിചയപ്പെടുത്തി... എല്ലാവർക്കും പ്രിയയെ വലിയ കാര്യമായിരുന്നു...

പതിയെ പ്രിയ എല്ലാം പഠിച്ചെടുത്തു...

ദിവസങ്ങൾ, ആഴ്ചകളായി കടന്നു പോയി...
ഡാവുട്ടനെ രാവിലെയും വൈകുന്നേരവും സ്കൂളിൽ വിടുകയും കൊണ്ടു വരുകയും ചെയ്തു ആൽഫി.. ദിയമൊളേയും കൊണ്ടു ഇടക്കൊക്കെ പുറത്തും പാർക്കിലുമൊക്കെ  പോവുകയും ചെയ്തു, അങ്ങനെ കുഞ്ഞുങ്ങളുമായി നല്ലൊരു ഹൃദയ ബന്ധം സ്ഥാപിച്ചെടുത്തു അവൻ..

ഒന്നും രണ്ടും പറഞ്ഞു പ്രിയയും ആൽഫിയും അവരുടെ പോര് തുടർന്ന്, അവൾ അവനെ വെറുപ്പിക്കൽ തുടർന്നു...
അതിനുള്ള ശ്രമങ്ങളിൽ, ഫ്രഡിയെയും ഫ്രഡിയെക്കുറിച്ചുള്ള ഓർമകളും മങ്ങി തുടങ്ങി...

ഒരു ദിവസം, ആൽഫി പ്രിയയോട് ചോദിച്ചു..
...എന്റെ എല്ലാ സ്ഥാപനങ്ങളും എനിക്കു ഒറ്റയ്ക്ക് മേൽനോട്ടം വഹിക്കാൻ വയ്യ... തന്നെ തുല്യ അവകാശിയാക്കട്ടെ ഞാൻ...

....അതിന്റ ആവശ്യമുണ്ടോ.... മാസാമാസം ശമ്പളം തന്നാൽ, ജോലി ഞാനെടുത്തോളം..

( പ്രിയയുടെ മനസ്സിൽ, ആൽഫിയെ ഒന്നിനും ആശ്രയിക്കാതെ സ്വന്തം കാലിൽ നിൽക്കാൻ താൻ പ്രാപ്തയായി എന്നു തോന്നി തുടങ്ങി.. )

....ശമ്പളക്കാരിയായല്ല,,, ഞാൻ തന്നെ എന്റെ ജീവിതത്തിലേക്ക് കൂട്ടിയത്... എന്റെ എല്ലാത്തിനും അവകാശിയായിട്ടു തന്നെയാണ്...
അവന്റെ സ്വരം ഇടറി... ആ ഇടർച്ചയോടെ അവൻ തുടർന്നു..

....ഈ ഭാര്യപദവി സ്വീകരിച്ചതും അതിനു വേണ്ടിയായിരുന്നോ??

ആൽഫിയുടെ ചോദ്യം കേട്ട പ്രിയയോന്നു ഞെട്ടി...
അവളുടെ ഉത്തരത്തിനായി അവൻ കാതോർത്തു....

********

ആൽഫിയുടെ ചോദ്യം പ്രിയയെ അലോരസപ്പെടുത്തിയെങ്കിലും എന്ത് മറുപടി പറയുമെന്ന് അവളാലോചിച്ചു...
സത്യത്തിൽ അപ്പച്ചന് വയ്യാതായപ്പോൾ ആൽഫിയെ കല്യാണം കഴിക്കാൻ സമ്മതിച്ചത് തന്നെ, തനിക്കു താനായി തന്നെ ജീവിക്കാനാകുമെന്നു ഓർത്തിട്ടാണ്... പക്ഷെ ഇപ്പോൾ ആൽഫിയുടെ നിയന്ത്രണത്തിൽ അല്ലേ ഞാൻ... പ്രിയ ഓരോന്ന്  ആലോചിച്ചു കൊണ്ടിരിക്കുമ്പോൾ വീണ്ടും

....പ്രിയേ... താൻ മറുപടി ഒന്നും പറഞ്ഞില്ല...
അല്ലേലും ഞാനെന്തൊരു മണ്ടനാ... പ്രിയയെ പോലൊരു ആളിന്റെ സ്നേഹം പിടിച്ചു പറ്റാനാവില്ലെന്ന് ഞാനോര്ത്തില്ല.. ഒരിത്തിരി പ്രതീക്ഷയുണ്ടായിരുന്നു... പക്ഷെ ഇനിയില്ല...

ശമ്പളക്കാരിയെങ്കിൽ അങ്ങനെ.... എന്റെ കൂടെയുണ്ടായാൽ മതി... ഒരു സുഹൃത്തായെങ്കിലും...
ആൽഫി പെട്ടെന്ന് തിരിഞ്ഞ് നടന്നു.... എന്തോ വല്ലാത്തൊരു മനോഭാരം....

🔶🔷🔷🔶🔷🔷🔶🔷🔷🔶🔷🔷🔶🔷🔷🔶

ആഴ്ചകൾ, മാസങ്ങളായി പുരോഗമിച്ചെങ്കിലും
ആൽഫിയും പ്രിയയും തല്ലു കൂടൽ തുടർന്നു കൊണ്ടിരുന്നു....
 പ്രിയ ആൽഫിയുടെ കൂടെ ഓരോരോ സ്ഥാപനങ്ങളിൽ അവന്റെ മാനേജർ പോസ്റ്റും വഹിച്ചു കൊണ്ടു നടന്നു... മൗനമായി അവളെ പ്രണയിച്ചും കൊണ്ടു ആൽഫിയും....

ഇപ്പോൾ വീട്ടിൽ എല്ലാകാര്യത്തിനും അവൾ മുന്കയ്യെടുക്കും, കുരിശു വരക്കാനും, പ്രാർത്ഥിക്കാനും, കുഞ്ഞുങ്ങളുടെയും  ടീച്ചറമ്മയുടെയും കാര്യത്തിനും, കൂട്ടുകാരെ വിളിക്കാനും, ഷോപ്പിംഗിനു പോകാനും  ഒക്കെ അവൾ സമയം കണ്ടെത്തി,, അവൾ അവളെത്തന്നെ തിരിച്ചു പിടിക്കുകയായിരുന്നു...

അവൾ ചിരിക്കുമ്പോൾ, സന്തോഷിക്കുമ്പോൾ ആൽഫിയുടെ മനസും നിറഞ്ഞു... തനിക്കു വാക്കു പാലിക്കാനായല്ലോ....

അന്നമോളുടെ പ്രസവ സമയമായപ്പോൾ ടീച്ചറമ്മ അവളുടെ അടുത്തേക്ക് പോകാനായൊരുങ്ങി..
പോകുന്നതിനു മുമ്പു ആൽഫിയോട ചോദിച്ചു..

....മോനെ, ഞാനവിടെ പോയി നിക്കുന്നത് കൊണ്ടു കുഴപ്പമില്ലല്ലോ.. നിങ്ങള് തമ്മിൽ ഒരൊത്തു തീർപ്പാവാത്തതു എനിക്കു വല്ലാത്ത വിഷമമാണ്....

....അമ്മ പോയി വാ,,, അന്നമോളുടെ കാര്യങ്ങൾ നോക്കിക്കോ,,, ഇവിടെ അമ്മ പേടിക്കുന്നപോലെ ഒന്നുമില്ല... ഞാൻ ഇടയ്ക്കു വന്നു കണ്ടോളാം...

അവർ പ്രിയയോടും യാത്ര പറഞ്ഞിറങ്ങി...
ദിയമോൾക്ക് സങ്കടമായി, ഇനി ആരുടെ കൂടെ കളിക്കും..

അങ്ങനെ വീണ്ടും ദിവസചക്രങ്ങൾ ഉരുണ്ട് നീങ്ങി....

ഒരു ദിവസം, രാത്രിയിൽ കിടക്കാനൊരുങ്ങുമ്പോൾ ദാവുട്ടൻ ആൽഫിയോടു ചോദിച്ചു...
....അച്ചേ.. അച്ചേ നമുക്കിന്നു ഇവിടെ അമ്മേടെ കൂടെ കിടക്കാം,,, ഈ റൂമാ നല്ലത്..
( ആ വീട്ടിലേ ഏറ്റവും വലിയ മുറിയാണത്, നല്ല വിശാലമായതു.. കട്ടിലും വലിതാണ്, )

മോന്റെ പറച്ചിൽ കേട്ട പ്രിയയോന്നു ഞെട്ടി, ഈ കൊച്ചെന്തു ഭാവിച്ചാ... ഇനി ഇതിന്റെ കൂടെ കുറവേ ഉള്ളൂ...

.....മക്കൾക്ക്‌ അമ്മയുടെ കൂടെ കിടക്കണമെങ്കിൽ കിടന്നോ, അച്ച അപ്പുറത്ത് കിടന്നോളാം....

....അതുവേണ്ട നമുക്കെല്ലാവർക്കും ഇന്നിവിടെ കിടക്കാം, അമ്മ കഥയൊന്നും പറയൂല്ല, എപ്പോഴു0 എന്തെങ്കിലും ആലോചിച്ചു കൊണ്ടിരിക്കും.... വാ അച്ചേ....

....ആ,, മോൻ അമ്മയോട് ചോദിക്ക്.... അല്ലേൽ വേണ്ട, നമുക്ക് അവിടെത്തന്നെ പോയി കിടക്കാം...

....വേണ്ട അച്ചേ... അച്ചേ...

അവളുടെ ഞെട്ടലും മുഖഭാവോം കണ്ട ആൽഫി  അവളുടെ തൊട്ടടുത്തു പോയിനിന്നു പറഞ്ഞു...

.....പ്രിയേ.... പേടിക്കേണ്ടടോ... ഈ ആൽഫിക്കു പ്രിയയോടുള്ള സ്നേഹവും, പ്രണയവുമെല്ലാം തന്റെ മാനസത്തോടാണ്, ശരീരത്തോടല്ല..... എന്നു തന്റെ മാനസം എന്നേ അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നുവോ അന്ന് മതി തന്റെ ശരീരവും..
അഥവാ മറിച്ചാണെങ്കിൽ അങ്ങനൊന്നു എനിക്കു ദൈവം വിധിച്ചിട്ടില്ലെന്നു കരുതും..
.
ഇത്രയും പറഞ്ഞു, ആൽഫി കുഞ്ഞുങ്ങളോട് കഥ പറയാൻ തുടങ്ങി... അവരുറങ്ങിയപ്പോൾ എണീറ്റു അന്നയുടെ റൂമിലേക്ക്‌ പോയി....

അവന്റെ ഓരോ പ്രവർത്തിയും പ്രിയയിൽ ചലനമുണ്ടാക്കിയെങ്കിലും അത് ക്ഷണികമായിരുന്നു...

ഒരിക്കൽ പ്രിയയോട് ആൽഫി അവൾക്കിഷ്ടപെട്ട നഴ്സിംഗ് ജോലി ചെയ്യുന്നോ എന്നു ചോദിച്ചപ്പോൾ അവളുടെ മറുപടി ഇങ്ങനെയായിരുന്നു...

....എനിക്കു എന്നെത്തന്നെ നിയന്ത്രിക്കാനോ നോക്കാനോ ഇപ്പോൾ സാധിക്കുന്നില്ല, പിന്നെ ഞാനെങ്ങനെ രോഗികളെ നോക്കും..

ആൽഫി പിന്നെയതിനെക്കുറിച്ചു ചോദിച്ചിട്ടില്ല.

അന്നമോൾക്ക് ഒരു പെണ്കുഞ്ഞു ജനിച്ചു, അവളെയും കുഞ്ഞിനേയും കാണാൻ പ്രിയയും ആൽഫിയും കുഞ്ഞുങ്ങളും കൂടെയാണ് പോയത്....
കുറെ ഗിഫ്റ്സ്, ആഭരണങ്ങൾ ഒക്കെ സമ്മാനിച്ചു....

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵🔵🔵🔵🔵

ആൽഫിയുടെയും പ്രിയയുടെയും വിവാഹം കഴിഞ്ഞിട്ട് നാല്  മാസമായി... ഇപ്പോഴും പ്രിയക്ക് ആൽഫിയെ അംഗീകരിക്കാൻ സാധിച്ചിട്ടില്ല...

നാളെ പ്രീതിയും കുടുംബവും വരും... പ്രീതിയുടെ കല്യാണത്തിനാണ് പ്രിയയെ കണ്ടത്,, പിന്നെ ഫ്രഡിയുടെ മരണസമയത്തും.. പ്രീതിയുടെ പ്രെഗ്നൻസിയും ഡെലിവെറിയുമെല്ലാം ന്യൂസിലാൻഡിൽ തന്നെയായിരുന്നു.. ഇരട്ടപെൺകുട്ടികൾ ആണ്, അവളുടെ ഡെലിവറി കഴിഞ്ഞ് ആറു മാസം കഴിഞ്ഞാണ് ഫ്രഡി മരിക്കുന്നതു...

ഒരു ഫാമിലി ഗെറ്റ് ടുഗെതർ അറേഞ്ച് ചെയ്തിട്ടുണ്ട് അവിനാശേട്ടൻ, പക്ഷെ വെന്യൂ തീരുമാനിച്ചില്ല.... ഇക്കുറി പ്രീതി, നോബിൾ, നിതിൻ, അങ്ങനെ പഴയ കൂട്ടുകാരെല്ലാം കുടുംബസമേതം ഒത്തു കൂടുന്നുണ്ട്,, ആതിയും നിഷയും ഉണ്ടാവില്ല... നിഷക്ക് രണ്ടാമത്തെ കുഞ്ഞുണ്ടായി ആരോൺ.. അവളുടെ അമ്മ അവളോടൊപ്പം ദുബൈയിൽ ആണ്..
ടീച്ചറമ്മ അന്നമോളുടെ അടുത്താണ്, വന്നിട്ടില്ല..
നിതിനും അവിനാശേട്ടനും ഒരു ആണും ഒരു പെണ്ണും മക്കൾ... അതുപോലെ നോബിക്കു രണ്ടാണ്മക്കൾ...

നോബിൾ വന്നയുടനെ ആൽഫിയെ തേടി വന്നു,, അവനാണ്  ആൽഫി പ്രിയയെ സ്വീകരിച്ചതിലേറെ സന്തോഷം...
ഓടിവന്നു കെട്ടിപിടിച്ചു....
...ടാ... സന്തോഷമയടാ.... എങ്ങനുണ്ട് നിന്റെ ജീവിതം???

....കുഴപ്പമില്ല ടാ..... അങ്ങനെയങ്ങു പോകുന്നു..
...അതെന്താടാ, നിനക്കൊരു വാട്ടം... എന്താടാ??

....ഒന്നുമില്ലെടാ... ഞങ്ങൾ രണ്ടാളും ഞങ്ങളുടെ പോസ്റ്റ്‌ വൃത്തിയായി ചെയ്യുന്നുണ്ട്...

....എന്നു വച്ചാൽ???

....എന്നു വച്ചാൽ, ഭർത്താവിന്റെ പദവി ഞാനും, ഭാര്യയുടെ പദവി അവളും വഹിക്കുന്നുണ്ട്...
ഞങ്ങൾ രണ്ടു പേരും രണ്ടു ദ്രുവങ്ങളിൽ സഞ്ചരിക്കുന്നവരട....
അവൾക്കൊരിക്കലും എന്നേ സ്നേഹിക്കാൻ പറ്റില്ലടാ... അവളുടെ മനസ്സിൽ ഫ്രഡി മാത്രമേയുള്ളു... അവർ തമ്മിൽ വളരെ ആഴത്തിലുള്ള ബന്ധമായിരുന്നു.... ഒരു പക്ഷെ ഞാനവളെ സ്നേഹിക്കുന്നതിനേക്കാൾ..

നോബിക്കു ആൽഫി പറഞ്ഞത് വിശ്വസിക്കാനായില്ല... അവനു ആൽഫിയെക്കുറിച്ചോർത്തു ദുഃഖം തോന്നി....
പ്രിയയെ അഭിമുഘീകരിക്കാൻ വിഷമം തോന്നി, പണ്ട് താൻ പറഞ്ഞത് പോലെ സംഭവിച്ചു, ഒന്നും മനഃപൂർവമല്ല, പക്ഷെ പ്രിയ അതൊന്നും ഓർക്കാത്ത മട്ടിലാണ് പെരുമാറിയത്...

പ്രീതി വന്നപ്പോൾ പ്രിയയെ വിളിച്ചു, കുറെ നേരം സംസാരിച്ചു..
...ഡി, ചേച്ചിപ്പെണ്ണേ... സുഗാണോ ടീ... എന്തിയെ ചേട്ടായീം പിള്ളേരും??

....സുഖമായിരിക്കുന്നു.....

....ഞാനൊരു കാര്യം അറിഞ്ഞു,,,, ചേച്ചിയോടൊന്നു ചോദിച്ചേക്കാം എന്നു വച്ചു.
ചേച്ചിയും ചേട്ടായീം തമ്മിലെന്നതാ പ്രശ്നം??
ചേച്ചിക്ക് ആല്ഫിച്ചായനെ ഇഷ്ടമല്ലേ...

....നീ എന്തിനാ വേണ്ടാത്ത കാര്യങ്ങളൊക്കെ ചോതിക്കുന്നെ... ഞങ്ങൾക്ക് കുഴപ്പമൊന്നുമില്ല....

ഗെടുഗെതർ നോബിളിന്റെ വീട്ടിൽ വച്ചായിരുന്നു..
എല്ലാവരും ഒത്തു കൂടിയപ്പോൾ, പ്രിയ നല്ല സന്തോഷത്തിലും ഉത്സാഹത്തിലുമായിരുന്നു... പഴയ കുറുമ്പത്തി മിടുക്കിയായി എല്ലാവരോടും തമാശ പറഞ്ഞും പൊട്ടിച്ചിരിച്ചും നടന്നു...

ആൽഫിക്ക് പക്ഷെ ഒന്നിനും ഒരു ഉഷാര് തോന്നിയില്ല.. എങ്കിലും എല്ലാവരെയും കാണിക്കാനായി എന്തൊക്കെയോ ചെയ്തു കൂട്ടി.... നോബിളിനും പ്രീതിക്കുമത് മനസിലായി

ഇടയ്ക്കു പ്രീതി ചേച്ചിയെ തനിയെ മാറ്റി നിർത്തി,,, എന്നിട്ട് പറഞ്ഞു..
....ചേച്ചി,, ഞാൻ ചേച്ചിടെ അനിയത്തി മാത്രമല്ല, ഫ്രണ്ടും കൂടെയല്ലേ.... നീ ഇപ്പോൾ ചെയ്യുന്നത് നിന്നോടും ആല്ഫിച്ചായനോടും ചെയ്യുന്ന ദ്രോഹമാണ്..
എനിക്കറിയാം ചേച്ചിക്ക് ഫ്രഡിച്ചായന്റെ ഓർമ്മകൾ ആണെന്ന്... പക്ഷെ അദ്ദേഹം മരിച്ചു പോയില്ലേ... ഇന്നാട്ടിൽ ഭർത്താവ് ജീവിച്ചിരിക്കുമ്പോൾ വഞ്ചിക്കുന്നു...
നിന്നെ തെറ്റായൊരു നോട്ടം പോലും നോക്കാതെ, കൊണ്ടു നടക്കുന്നു, എല്ലാം അറിഞ്ഞോണ്ട് ആല്ഫിച്ചായൻ നിന്നെ സ്വീകരിച്ചില്ലേ....

നിന്നെ ഒന്ന് ചേർത്ത് നിർത്തണമെന്നും, ഒന്നു തലോടി ആശ്വസിപ്പിക്കണമെന്നുമൊക്കെ തോന്നുന്നുണ്ടാവും,,, കാമത്തോടെയല്ല,,, സ്നേഹത്തോടെ, വാത്സല്യത്തോടെ, കരുണയോടെ....
എന്റെ ചേച്ചി,,, നീയിങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ... ഇപ്പോൾ എന്താ പറ്റിയെ നിനക്കു????
ഇപ്പോൾ നീ വേണ്ടായെന്നു തട്ടി കളഞ്ഞാൽ ദൈവം നിനക്കൊരിക്കലും വേറെ ഒരവസരം തരില്ല,,, നോക്കിക്കോ

പ്രിയയും ഓർത്തു,,, എന്താണ് എനിക്കു പറ്റിയത്??  ഫ്രഡിയായിരുന്നു എന്റെ എല്ലാം,, ആ സ്ഥാനത്തു വേറൊരാളെ ചിന്തിക്കാൻ പോലുമാകുന്നില്ല... അദ്ദേഹം മരിച്ചപ്പോൾ താൻ തന്റെ മനസിനെ കല്ലാക്കിയതാ...
ആൽഫിയോടു ദേഷ്യമോ പിണക്കമോ ഒക്കെ ഉണ്ടായിരുന്നു,,, ഇപ്പോൾ  ഒന്നുമില്ല... പക്ഷെ സ്നേഹിക്കാനാകുന്നില്ല...

 പിന്നെയെന്താണ്???

ആ വലിയ ഒരു എന്താണ്??? ഒരു ഹിമാലയത്തിന്റെ സൈസിൽ ചോദ്യചിന്ഹമാകുന്നത് പ്രിയക്കും ആൽഫിക്കുമിടയിൽ....

നോബിയുടെ ഭാര്യയുടെ കസിൻ, ആൽഫിക്കു പറഞ്ഞു വച്ച കൊച്ചും വന്നിട്ടുണ്ടായിരുന്നു അവിടെ,,, മെർലിൻ.. നല്ല സുന്ദരികൊച്ചു..

അവളെ കണ്ട പ്രിയ മനസ്സിലോർത്തു,,, ആൽഫിയും ഇവളും നല്ല ചേർച്ചയായിരുന്നു..
വെറുതെ ആൽഫി എന്നെ കെട്ടണ്ടായിരുന്നു...

ആൽഫി മെർലിനോട് എന്തോ പറഞ്ഞു ചിരിക്കുന്ന കണ്ട പ്രിയക്ക് പെട്ടെന്ന് കുശുമ്പ് തോന്നി,, എന്നതാ ഇത്രയ്ക്കു കൊഞ്ചികുഴയാണ് ഞാനിവിടെ നിൽക്കുന്നത് കാണുന്നില്ലേ...

...അയ്യേ... ശേ... ഇതെന്തോന്ന്,, പൈങ്കിളി പ്രേമമോ,, ആര് ആൽഫിയോടു സംസാരിച്ചാലും കുഴഞ്ഞാലും എനിക്കെന്ത്...
അവൾ തല കുടഞ്ഞു... എന്തൊക്കെയോ മുഖഭാവങ്ങൾ കാട്ടി..

അവളുടെ ആക്ഷൻ കണ്ട ആൽഫിക്കു ചിരി വന്നു,,, അവൻ .. ചിരി കടിച്ചമർത്തി..
അവരെല്ലാവരും സന്തോഷത്തോടെ അവിടെ നിന്നും പിരിഞ്ഞു...
പ്രീതി ഒരഴ്ച കഴിഞ്ഞു, കിരണിന്റെ തൃശ്ശൂരുള്ള  വീട്ടിലേക് പോയി...
നോബിയും അനുവിന്റെ വീട്ടിലേക്കും മറ്റും പോയി... നിതിനും ജോലിസ്ഥലത്തേക്ക് തിരികെ പോയി....

◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️

പ്രിയയിപ്പോൾ ആകെ കൺഫ്യൂഷനിൽ ആണ്,,, നേരത്തെ ആൽഫിയോടുണ്ടായിരുന്ന പകയും അരിശവും ഒക്കെ കുറഞ്ഞത് പോലെ..

ഒരിക്കൽ ബാങ്കിലെ സ്ഥിതിഗതികൾ അറിയാനായി ആൽഫിയോടൊപ്പം പ്രിയയും ചെന്നു...
മാനേജരോട് ആൽഫി സംസാരിക്കുമ്പോൾ തൊട്ടടുത്തു നിന്ന പ്രിയയുടെ ശ്രദ്ധ പുറകിലെ രണ്ടു സ്റ്റാഫുകളുടെ സംഭാഷണത്തിലായിരുന്നു

....ദേ.. നോക്കിയെടി... ആ സാറ് എന്തൊരു ഗ്ലാമർ ആണല്ലേ... ചിരിക്കുമ്പോൾ നിരയൊത്ത വെളുത്ത പല്ലുകളും ആ കട്ടിമീശയും... എന്തൊരു ആകർഷണം...

....ശരിയാടി.... ആ സാറ് കെട്ടിയില്ലായിരുന്നെങ്കിൽ ഒന്നു നോക്കാമായിരുന്നു....
കെട്ടിയവള് സുന്ദരിയൊക്കെയാ പക്ഷെ കടന്നല് കുത്തിയപോലെയാ  മുഖം എപ്പോഴും...

ഇതെല്ലാം കേട്ട പ്രിയ ആൽഫിയെ നോക്കി,,, ശരിയാ... നല്ല ഗ്ലാമർ ഒക്കെ ഉണ്ട്,, സുന്ദരനാ
ഓരോ പെണ്ണുങ്ങൾക്ക്‌ വേറെ ഒരു പണിയുമില്ല
മനുഷ്യനെ വഴി തെറ്റിക്കാനായിട്ടു...
അല്ലേലും ആരേലും ആൽഫിയെ വായിനോക്കുന്നതിനു ഞാനെന്തു വേണം...
അവൾ ചെരിഞ്ഞു ആൽഫിയെ നോക്കി..

ആൽഫിയും അവരുടെ സംഭാഷണവും പ്രിയയെയും ശ്രദ്ധിച്ചു, ചുണ്ടിലൂറിയ ചിരി സമർഥമായി മറച്ചു..

ഇനി ഇവളുമാരാരേലും ആൽഫിയെ കൊണ്ടു പോകുമോ...
....ഹേ.... എനിക്കെന്താ പറ്റിയെ..... ശേ...
അവൾ മനസിനെ അടക്കി നിർത്തി...

പിന്നീടുള്ള ദിവസങ്ങളിൽ അവൾ പറ്റുന്നത് പോലെ ആൽഫിയെ ശ്രദ്ധിച്ചു... ഭക്ഷണം കഴിപ്പിക്കാനും, ഒന്നിച്ചിരുന്നു കഴിക്കാനും, പുറത്തു പോകാനും, ഓരോന്ന് എടുത്തു വക്കാനും ഒക്കെയായി പലതിനും അവനെ സഹായിച്ചു..
അവനും അവളുടെ ഈ മാറ്റത്തിൽ സന്തോഷിച്ചു..

....എന്ത് പറ്റി ഇവൾക്ക്???  ഒന്നും മനസിലാവുന്നില്ലല്ലോ... ഒന്നും വിശ്വസിക്കാനാവുന്നില്ല... കാരണം പ്രിയ അങ്ങനൊരു കാരക്ടർ ആണല്ലോ....

എങ്കിലും ആൽഫി സാധാരണ പോലെ സംസാരിച്ചു, അധികം അടുപ്പത്തിനൊന്നും നിന്നില്ല, വെറുതെ ആശിച്ചു വേദനിക്കണ്ടല്ലോ..
അവൾ അവളുടെ ഇഷ്ടപ്രകാരം ജീവിക്കട്ടെ...

ഒരു കാര്യത്തിൽ മാറ്റം വന്നു, കുഞ്ഞുങ്ങളുടെ നിരന്തര അഭ്യർത്ഥന മാനിച്ചു, ആൽഫിയെ തങ്ങളുടെ കൂടെ കിടക്കാൻ പ്രിയ സമ്മതിച്ചു
കട്ടിലിന്റെ ഒരറ്റത്ത് ആൽഫിയും, മറ്റേ അറ്റത്തു  പ്രിയയും,, നടുക്ക് കുഞ്ഞുങ്ങളും...

ഒരു ദിവസം, റൂമിൽ ഓരോന്ന് അടുക്കി വെക്കുമ്പോളാണ് പ്രിയ ആ ചെറിയ കപ്ബോര്ഡില് താക്കോൽ കൂട്ടം കിടക്കുന്നതു  കണ്ടത്... ആ അലമാര എപ്പോഴു0 പൂട്ടിയിടാറാണ് പതിവ്, ചോദിച്ചപ്പോൾ ആൽഫി അതിൽ ആധാരവും, സ്ഥാപനങ്ങളുടെ ഡോക്യൂമെന്റും ആണെന്ന് പറഞ്ഞിരുന്നു...

അവൾ വെറുതെ അത് തുറന്നു നോക്കി... ഒരു ചെറിയ ഫയൽ അതിൽ നിന്നും താഴെ വീണു..
അവളതെടുത്തു നോക്കി.. അതിലെ ഒരു പേപ്പറിൽ  ബാംഗ്ലൂരിലെ ഒരു ഹോസ്പിറ്റലിന്റെ അഡ്രസ് , രോഗിയുടെ പേരിനു നേരെ ആൽഫി മാത്യൂസ്...
ആ പേപ്പറിൽ നോക്കിയ പ്രിയ ഒരു നിമിഷം സ്തംഭിച്ചിരുന്നു.....

( തുടരും )
കുറച്ചു കൂട്ടുകാരെ വായിക്കുന്നുള്ളൂ, സോ വായിക്കുന്നവർ എങ്കിലും ലൈക്ക് ചെയ്യണേ...
രചന ✍️✍️✍️✍️  ആശ ജോൺ...
To Top