നിന്നെ കുറിച്ചല്ലാതെ മറ്റൊരാളെ കുറിച്ച് കേൾക്കാൻ പോലും അവൾ തയ്യാറാവുന്നില്ല...

Valappottukal


രചന: എന്ന് സ്വന്തം ബാസി
"മോനേ... ഇനിയും പറ്റില്ലന്ന് പറയല്ലേ... രണ്ട് ദിവസമായി അവൾ വല്ലതും കഴിച്ചിട്ട്,അവൾ ഇങ്ങനെ ഇരിക്കുന്നത് കാണാൻ ഞങ്ങൾക്ക് പറ്റണില്ല... ആണായിട്ടും പെണ്ണായിട്ടും ഞങ്ങൾക്ക് അവൾ മാത്രമേ ഉള്ളൂ... " കരച്ചിലിന്റെ വക്കിലെത്തിയ ആ മാതാവ് ഏറെ പ്രയാസപ്പെട്ടാണ് അത് പറഞ്ഞു തീർത്തത്.

"നിങ്ങൾ എന്താ പറയുന്നേ,അവളുടെ കൂടി ജീവിതം നശിപ്പിക്കാണോ നിങ്ങൾ... ഈ കട്ടിലിൽ നിന്ന് ഞാൻ ഇനി എണീക്കോന്ന് പോലും അറിയില്ല...എണീറ്റാൽ തന്നെ 5 വർഷം കഴിയുംന്നാ ഡോക്ടർസ് പറയുന്നേ... എന്തിനാ വെറുതെ അവളെ കൂടി..."

"എല്ലാം അറിയാഞ്ഞിട്ടല്ല...നിന്നെ കുറിച്ചല്ലാതെ മറ്റൊരാളെ കുറിച്ച് കേൾക്കാൻ പോലും അവൾ തയ്യാറാവുന്നില്ല..."

"നിങ്ങൾ അവളെ വിളിക്ക് ഞാൻ സംസാരിക്കാം..."ബാസി അവരോടായി പറഞ്ഞു.

കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ചുവന്നു തുടുത്ത മുഖവുമായി ഹോസ്പിറ്റൽ റൂമിന്റെ വാതിൽ തുറന്ന് സുലു അകത്തേക്ക് കയറി.

"നിനക്ക് എന്താടി പറഞ്ഞാൽ മനസ്സിലാകൂലെ... നീ എന്ത് കണ്ടിട്ടാ എന്നേ കെട്ടൂന്നും പറഞ്ഞു നടക്കുന്നെ..."ബാസി ദേഷ്യത്തോടെ ഒച്ച വെച്ചപ്പോൾ അവൾ ദയനീയമായി അവനെ തന്നെ നോക്കികൊണ്ടിരുന്നു.

"ടീ..നീ ഒന്ന് മനസ്സിലാക്ക്... ഇനി ഞാൻ എണീറ്റ് നടക്കാൻ പോലും സാധ്യത ഇല്ല..."ബാസി ഒന്ന് മയത്തോടെ പറഞ്ഞപ്പോഴും അവൾ ഒന്നും പ്രതികരിക്കാതെ അവനെ തന്നെ നോക്കി ഇരുന്നു.

"ടീ... നിനക്ക് വല്ലതും മനസ്സിലാകുന്നുണ്ടോ...എന്റെ ഒപ്പം കൂടിയാൽ പട്ടിണി കിടന്ന് മരിക്കേണ്ടി വരും..."അവൾ ഒന്നും പറയാതിരുന്നപ്പോൾ ബാസി വീണ്ടും ദേഷ്യത്തിലായി.

"എനിക്ക് എല്ലാം മനസ്സിലാകുന്നുണ്ട്... നമുക്ക് ജീവിക്കാൻ എന്റെ ഈ ചെറിയ ജോലി ഒക്കെ മതി..."

"നിനക്ക് ഭ്രാന്താ...നീ പോയേ..."

"നിനക്ക് എന്നെ വേണ്ടെങ്കിൽ അതങ്ങ് പറഞ്ഞാൽ പോരെ..."സുലു ദേഷ്യത്തോട് പറഞ്ഞ് കരയാൻ തുടങ്ങി.

"ആകാശം പൊളിഞ്ഞു വീണാലും എന്നേ കെട്ടൂന്നൊക്കെ പറഞ്ഞു ചതിക്കായിരു..." വാക്കുകൾ മുഴുവൻ ആക്കാൻ ആവാതെ അവൾ ഉച്ചത്തിൽ കരഞ്ഞു.

"എന്നെ നിനക്ക് ഇഷ്ട്ടാണോ...അത് പറ ആദ്യം..."പെടുന്നനെ ഉള്ള അവളുടെ ചോദ്യത്തിന് മുമ്പിൽ ഒരു നിമിഷം എന്ത് പറയണമെന്നറിയാതെ ബാസി പകച്ചു നിന്നു.പിന്നെ കട്ടിലിൽ വെച്ച അവളുടെ കൈയ്യിൽ അവൻ മെല്ലെ ചുംബിച്ചു.

"നിന്നെ ഇഷ്ട്ടം ഇല്ലാഞ്ഞിട്ടൊന്നും അല്ലെടി...നിന്റെ ജീവിതം കൂടി കഷ്ട്ടം അവരുതെന്ന് കരുതിയാ..." ബാസിയുടെ കവിളിലൂടെ ഒഴുകുന്ന മിഴിനീർ തുടച്ച് അവൾ അവനെ നിർത്താതെ കുറെ ചുംബിച്ചു.

"ഉമ്മാ...ഈ മോനെ എനിക്ക് തന്നൂടെ..."കട്ടിലിന്റെ അറ്റത്ത് അമ്പരന്നു നിൽക്കുന്ന ബാസിയുടെ ഉമ്മയോട് സുലു ചോദിച്ചു.

"എന്റെ മോൻ കിടപ്പിലായിപ്പോയല്ലോ..."എന്തു പറയാണം എന്നറിയാതെ അതും പറഞ്ഞ് ഉമ്മ കരയാൻ തുടങ്ങി.

"എന്റെ മോൻ എണീച്ചു നടന്നിരുന്നേൽ ഇങ്ങനെ ഒക്കെ ചോദിക്കേണ്ടി വരായരുന്നോ..."ഉമ്മയുടെ കരച്ചിൽ ശക്തമാവുമ്പോൾ അവളുടെ മാതാപിതാക്കളുടെ മിഴികളും നിറയുന്നുണ്ടായിരുന്നു.

"ഉമ്മ എനിക്ക് തന്നൂടെ..."സുലു അത് തന്നെ ആവർത്തിച്ചപ്പോൾ ഉമ്മ ഒരു നിമിഷം അവളെ തന്നെ നോക്കി നിശബ്ദമായി നിന്നു.

"നീ അവനെ നല്ലപോലെ നോക്കോ..."ഉമ്മ പൊട്ടി കരഞ്ഞു.

പിന്നെ ആശുപത്രി കിടക്കയിൽ നിന്ന് വീട്ടിലേക്ക് മാറുമ്പോൾ സുലുവും ഉണ്ടായിരുന്നു അവന്റെ കൂടെ.കട്ടിലിൽ നിന്ന് വീൽ ചെയറിലേക്ക് മാറുമ്പോഴും വീൽ ചെയറിൽ നിന്ന് വീണ്ടും നടന്നു തുടങ്ങിയതുമെല്ലാം അവളുടെ കൈ പിടിച്ചായിരുന്നു,അവൾ തന്ന പ്രതീക്ഷകളുമായിട്ടായിരുന്നു.സത്യത്തിൽ അവൾ നൽകിയ ചുംബനങ്ങളിൽ നിന്ന് ഊർജ്ജം പറ്റി,അവളുടെ കണ്ണു നിറഞ്ഞ പ്രാർത്ഥനകൾ കൊണ്ട് അവൾക്കായി ജീവിതത്തിലേക്ക് തിരിച്ചു വരികയായിരുന്നു.7 വർഷങ്ങൾക്കിപ്പുറം ഒരു കുഞ്ഞു മോൻ കൂടി കടന്നു വരുമ്പോൾ ഇനിയുള്ള തന്റെ ജീവിതം മുഴുവൻ അവൾക്കായി സമർപ്പിക്കാൻ കഴിയണേ എന്ന നിറഞ്ഞ പ്രാർത്ഥനയിലാണ് അവൻ.

രചന: എന്ന് സ്വന്തം ബാസി

(ഇഷ്ട്ടായാലും ഇല്ലേലും എനിക്ക് വേണ്ടി രണ്ടു വരി കുറിക്കണേ...💓)
To Top