ഈ കഥ വായിക്കാതെ പോവല്ലേ....

Valappottukal
സ്വർണം

പത്താം ക്ലാസ്സിലെ മുഴുവൻ  കൊല്ല പരീക്ഷ  കഴിഞ്ഞു   പുസ്തകം വീടിന്റെ പിന്നിലെ ചാക്ക് കെട്ടിൽ കൊണ്ട് കെട്ടി വെച്ച്     ഞാൻ നേരെ പോയത്  ഗോവിന്ദൻ ആശാന്റെ  വീട്ടിലേക്ക് മേസ്തിരി പണിക്ക് ആളെ എടുക്കുന്നുണ്ടോ  എന്ന് അനേഷിച്ചായിരുന്നു...


    ഒരു പതിനഞ്ചു വയസുകാരൻ അമ്മയ്ക്ക് താലി മാല  വാങ്ങാൻ വേണ്ടി  പണി അനേഷിച്ചു വന്നതിന്റെ കൗതുകത്തിൽ ആശാൻ  എന്റെ തോളിൽ രണ്ടു തട്ട് തട്ടി ഒരു ചിരിയും ചിരിച്ചു.    പഴയ   ഒരു ജോഡി ഡ്രെസ്സും കൈ പിടിച്ചു  നാളെ തൊട്ട്   പണിക്ക്   പോന്നോളാൻ   പറഞ്ഞു..

  ആഗ്രഹ സഫലീകരണത്തിന്റെ പുൽ നാമ്പുകൾ മനസിൽ മുളപ്പിച്ച് ഞാൻ വീട്ടിലേക്ക്‌ നടന്നു...

      വരുന്ന വഴിയിൽ   മനക്കലെ പറമ്പിൽ കൂട്ടുകാർ ഫുട്‌ബോൾ കളിക്കുന്നതും  വേനലിലും വറ്റാത്ത  ഞങ്ങളുടെ അമ്പല കുളവും ഞാൻ കണ്ടു ..

അവക്ക് ഒന്നും  ഞാൻ എന്റെ മനസ്സിനെ  പിന്തിരിപ്പിക്കാനായില്ല

 കുറച്ചു കാലമായി മനസിൽ ഉറപ്പിച്ചെടുത്ത തീരുമാനയിരുന്നു  പണിക്ക് പോയി കുറച്ചു പൈസ ഉണ്ടാക്കണമെന്ന്..
.
 അന്നാന്ന്  കിട്ടുന്ന കാശ്  ഒരു പൈസ കളയാതെ കൂട്ടി  വെച്ച്  അമ്മയ്ക്ക്  ഒരു പവന്റെ  എങ്കിലും ഒരു താലി മാല വാങ്ങണമെന്ന്..
.
പഠനം  പാതി വഴിയിൽ ഉപേക്ഷിക്കാൻ കഴിയാത്തത് കൊണ്ട്  മാത്രമായിരുന്നു ആഗ്രഹം  ഈ കാലംവരേയും നീണ്ടു പോയത്.

 ഇനിയും അത് വൈകിക്കാൻ വയ്യ....

  അച്ഛനെ ജീവനെ പോലെ സ്നേഹിക്കുന്ന അമ്മയുടെ കഴുത്തിൽ അച്ഛൻ കെട്ടി കൊടുത്ത താലി   ഒരിക്കൽ പോലും ഞാനും    അനിയത്തിയും കണ്ടിട്ടില്ല ..

 ഒരു പെണ്ണിന്റെ സൗന്ദര്യം ആസ്വദിക്കാനുള്ള  പ്രായമായപ്പോഴാണ്   ഞാൻ  അമ്മയുടെ ഒഴിഞ്ഞ കഴുത്തിൽ നോക്കി ചോദിച്ചത് അമ്മ എന്താ  അച്ഛൻ കെട്ടി തന്ന താലി മാല  ഇടാത്തതെന്ന് ...?

.അത് എവിടെ എന്ന് ... ?

അമ്മയ്ക്ക് അമ്മയുടെ വീട്ടിൽ നിന്ന് ഒന്നും തരാതെ ആണോ അമ്മയെ എന്റെ അച്ഛന്റെ കൂടെ ഇറക്കി വിട്ടതെന്ന്.. ?

 മറുപടിയായി  കുതിർന്നു തുടങ്ങിയ കണ്ണുമായി ' ' അമ്മ എന്നോട് ചോദിച്ചത് നീ വളർന്നപ്പോൾ അമ്മയെ ചന്തം  പോരായെന്നു തോന്നി തുടങ്ങിയോ എന്നായിരുന്നു...

പിന്നെ ഒരു കരച്ചിലായിരുന്നു 'അമ്മ..

അതിന്റെ ഇടയിൽ എണ്ണി പറക്കുന്ന പോലെ പറഞ്ഞു. പത്തു പവനും കൊണ്ട് 'അമ്മ  ഈ വീടിന്റെ പടികയറി വന്ന കഥ.....

  ആ പണ്ടങ്ങൾ എല്ലാം അച്ഛൻ ഓരോ കാരണങ്ങൾ പറഞ്ഞ്  അമ്മയിൽ നിന്ന് പലപ്പോഴായി വാങ്ങികൊണ്ട്  പോയി  കൂട്ടുകാരുടെ കൂടെ ധൂർത് അടിച്ചു   പറ്റിക്ക പെട്ടതിന്റെ കഥകൾ. ...

  ഇന്നും കുടിച്ചു ബോധമില്ലാതെ വരുന്ന അച്ഛന്റെ പോക്കറ്റിൽ നിന്ന് സ്വന്തം  മക്കൾക്   അന്നത്തിന് വേണ്ടി   മോഷ്ടിക്കേണ്ടി വരുന്ന അമ്മയുടെ ഗതി കേടിന്റെ അവസ്ഥയെ കുറിച്ച്.

അവസാനമായി  ഒന്നു കൂടെ  'അമ്മ 'പറഞ്ഞു '.  മാലയ്ക്ക് ഒപ്പം കെട്ട് താലി കൂടി വിൽക്കേണ്ടി വന്നത് എനിക്ക് വേണ്ടിയാണെന്ന് ....

 എന്നെ  അമ്മയുടെ വയറ്റിൽ നിന്ന് ജീവനോടെ കിട്ടാൻ വേണ്ടിയായിരുന്നു എന്ന്...

 ഞാൻ എന്റെ താലി കഴുത്തിൽ തന്നെ ഇട്ടിരുന്നെങ്കിൽ ഇത് ചോദ്യക്കാൻ നീ എന്റെ മുന്നിൽ ഉണ്ടാകുമായിരുന്നില്ലന്ന്..

സ്വർണത്തിന്റെ മാറ്റിനും അപ്പുറം അളവറ്റ മാതൃ സ്നേഹത്തിന്റെ  പത്തരമാറ്റിന്റെ വാക്കുകൾ പറഞ്ഞു  മൂലയിൽ കൂട്ടി ഇട്ടിരുന്ന എന്റെയും അച്ഛന്റെയും മുഷിഞ്ഞ  തുണികൾ ചുരുട്ടി  എടുത്ത് കൊണ്ട് അലക്ക് കല്ലിന്റെ അരികിലേക്ക് ' കണ്ണുകൾ തുടച്ചു  നടന്നു നീങ്ങുന്ന അമ്മയെ അറിയാതെ ഞാൻ നോക്കി നിന്നു...

 ആ നിമിഷം മുതലായിരുന്നു ഞാൻ എന്റെ അമ്മയെ കുറിച്ചു    ആദ്യമായി ചിന്തിക്കാൻ തുടങ്ങിയത്.

   അമ്മയുടെ കൈയിലെ  മുഷിഞ്ഞ തുണികളുടെ  സ്ഥാനത്തു  ആ നിമിഷം  ഞാൻ കണ്ടത്   ഇനിയും ആരോടും  പറയാതെ  ബാക്കി വെച്ചിരിക്കുന്ന അമ്മയുടെ  ഒരു കൂട്ടം ആഗ്രഹങ്ങളുടെയും മോഹങ്ങളുടെയും ഭാണ്ഡകെട്ടുകളാണ്.

  വീട്ടിൽ അമ്മയുടെ സ്വന്തം എന്നു പറയാകുന്ന   തുണി വെക്കുന്ന  തകര പെട്ടിയുണ്ട്.. ..

  അന്ന്  ആദ്യമായി ഞാൻ അത് തുറന്നു നോക്കി..

 അതിൽ ആകെ ഉണ്ടായിരുന്നത് അടുത്ത ബന്ധുക്കളുടെ കല്യാണങ്ങൾക് മാത്രം 'അമ്മ ഇടുന്ന നിറം മങ്ങിയ  മുക്ക് പണ്ടത്തിന്റെ കരി മണി മാലയും  ഒരു  പോളിസ്റ്റെർ സാരിയും.. പിന്നെ എന്റെയും അനിയത്തിയുടേയും ചെറുപ്പത്തിലേ ഫോട്ടോയും മാത്രമായിരുന്നു ...

 ഇത്ര കാലവും എന്റെ അമ്മക് അണിഞ്ഞൊരുങ്ങാൻ കൂടെ നിന്നതിന്റെ ആദരവോടെ    ആ മുക്ക് മാല  കൈയിൽ എടുത്ത് ഞാൻ തിരിച്ചും മറിച്ചും നോക്കി ..

ഒരുപാട് ബന്ധുക്കളുടെ  കല്യാണങ്ങളും  പേരിടൽ ചടങ്ങും  പല വിശേഷങ്ങളും  അമ്മക്ക് ഒപ്പം സാക്ഷിയാകേണ്ടി വന്നതിന്റെ പഴക്കം അമ്മയുടെ ആ പോളിസ്റ്റെർ സാരിയിൽ  വ്യക്തമായി കാണാമായിരുന്നു...

    'അമ്മ വരുന്നതിന് മുമ്പ് എല്ലാം പഴയ പോലെ പെട്ടിയിൽ ഒതുക്കി വെച്ചു അമ്മയെ തേടി ഞാൻ  അലക്ക് കല്ലിന്റെ അവിടേക്ക്  നടന്നു.. .
.
  ഞാൻ അവിടെ എത്തുമ്പോൾ തുണി കുത്തി പിഴിയുന്നതിന്റെ  ഇടയിൽ ആരോടെന്നില്ലാതെ 'അമ്മ മനസിന്റെ നീറ്റൽ ' അമ്മയോട് തന്നെ പറഞ്ഞു തീർക്കുകയായിരുന്നു .....

അമ്മയുടെ നിൽപ്പും തനിച്ചുള്ള സംസാരവും കണ്ടപ്പോൾ മനസിന്റെ പിടി വിട്ടു പോകുന്ന പോലെ എനിക്ക്‌ തോന്നി ..

 പറഞ്ഞത് ഏറി പോയെന്ന് അറിഞ്ഞിട്ടും അമ്മയുടെ മുന്നിൽ പോയി മാപ്പ് പറയാനുള്ള ധൈര്യം  ആ നിമിഷം എനിക്ക് ഇല്ലായിരുന്നു.

അന്ന് സന്ധ്യക്ക് പണി കഴിഞ്ഞു വന്ന അച്ഛന്റെ മുന്നിൽ ചെന്ന് ഞാൻ രണ്ടും കൽപ്പിച്ചു അമ്മക്ക് ഒരു മാല വാങ്ങേണ്ട കാര്യം പറഞ്ഞു ..

അച്ഛന്റെ ചിന്തകളിൽ ഒരിക്കൽ പോലും കടന്നു വരാത്ത ഒരു കാര്യം  കേട്ട പോലെയാണ്  അച്ഛൻ അതിനോട് പ്രതികരിച്ചത്..

കൂടെ അടുക്കളയിൽ നിൽക്കുന്ന അമ്മയെ പരിഹസിക്കുന്ന പോലെ ഒരു ചോദ്യവും വയസ്സാൻ കാലത്ത് നിനക്ക്  ആരെ കാണിക്കാനാടി താലി മാലയെന്ന് 

 ഇതേ കുറിച്ചു ഒരു തവണ കൂടി അച്ഛനോട് ചോദിച്ചാൽ അത്  വഴക്കിൽ കലാശിക്കും എന്നു തോന്നിയത് കൊണ്ട് ഞാൻ പിന്നെ കൂടുതൽ ഒന്നും  പറയാൻ  മുതിർന്നില്ല...

അന്ന് തുടങ്ങിയ  കാത്തിരിപ്പായിരുന്നു ഈ  വലിയ അവധികാലത്തിന് വേണ്ടി....

നാട്ടിൽ ഏറ്റവും കൂടുതൽ കൂലി കിട്ടുന്ന ജോലിക്കായുള്ള തിരച്ചിലിൽ    കഷ്ടപ്പാട് കുറച്ചു  കൂടുതലാണെന്ന്  അറിഞ്ഞിട്ട് കൂടി   ഞാൻ  ചെന്നെത്തിയത്  മേസ്തിരി പണിയിലായിരുന്നു..

  ചിലപ്പോൾ സിമന്റും മണലും കൂട്ടുമ്പോൾ കൈ  നീറിയെന്ന് വരും  എന്നാലും  'അമ്മ ഈ കാലം വരെയും അനുഭവിച്ച വേദനയോളം വരില്ലന്ന് എനിക്ക് ഉറപ്പായിരുന്നു..

  സന്ധ്യക്ക് പണി കഴിഞ്ഞു വരുമ്പോൾ എത്ര കഴുകിയാലും  സിമെന്റിന്റെ വെള്ള പാട് ചെരിപ്പിലും കാലിലും തെളിഞ്ഞു കണ്ണും.. എന്നാലും  'ഒറ്റ സാരിയുമായി  ഇത്ര കാലം ജീവിക്കേണ്ടി വന്ന അമ്മയ്ക്ക് ഉണ്ടായ നാണക്കേടിനോളം വരില്ലലോ  അത്..

 പിന്നെ മറിച്ചൊന്നും ചിന്തിക്കാൻ ഞാൻ നിന്നില്ല..  പിറ്റേന്ന്  മുതൽ തന്നെ ഗോവിന്ദൻ  ആശാന്റെ കൂടെ ഞാൻ   പണിക്ക്‌ പോകാൻ തുടങ്ങി..

 പണിക്ക് പോകുന്നതിന്റെ ലക്ഷ്യത്തെ കുറിച്ച് അമ്മയോടും  അനിയത്തിയോടും ഒരു സൂചന  പോലും ഞാൻ  കൊടുത്തില്ല....

ആദ്യത്തെ ദിവസം പണി കഴിഞ്ഞു വന്ന എന്റെ മുന്നിൽ  എനിക്ക് കിട്ടിയ കൂലിക് വേണ്ടി അച്ഛൻ കൈ നീട്ടി...

ഞാൻ അത് തരില്ലെന്ന് തറപ്പിച്ചു  പറഞ്ഞു..

 അതിന്റെ ദേഷ്യത്തിൽ  അന്ന് രാത്രി എന്നെ അച്ഛൻ പറയാത്തതായി ഒന്നുമില്ലായിരുന്നു..

അച്ഛൻ പറഞ്ഞ അസഭ്യ വാക്കുകൾ ഒന്നും പൈസ തരില്ലെന്നാ എന്റെ തീരുമാനത്തെ ഒരു നെല്ലിട പോലും മാറ്റാൻ  കഴിഞ്ഞില്ല..

ഓരോ  സന്ധ്യകളിലും  പണികഴിഞ്ഞു വരുമ്പോൾ  വല്ലാത്ത ഒരു ആവേശത്തോടെ കിട്ടുന്നത് വലുതെന്നോ ചെറുതെന്നോ നോക്കാതെ   ഞാൻ  എല്ലാം കൂട്ടി  വെച്ചു. ...

ഇടക്ക് ഒരിക്കൽ 'അമ്മ എന്നോട് സ്വകാര്യത്തിൽ പറഞ്ഞു ..  നീ പൈസ എടുത്തു വെക്കുന്ന സ്ഥലത്തു അച്ഛനെ ഇടക്കിടെ കാണാറുണ്ടന്ന് മോൻ പൈസ  സൂക്ഷിച്ചു വെക്കണേ  എന്ന്...

അച്ഛനെ പേടിച്ചു അന്ന് മുതൽ ഞാൻ   എന്റെ കുഞ്ഞു അലമാരി പൂട്ടി താക്കോൽ എന്റെ കീശയിൽ കരുതാൻ തുടങ്ങി.. .


     എന്നും രാവിലെ കവലയിലെ  ചായ കടയിലെ ബഞ്ചിൽ  ഇരുന്ന് പത്രം വായിക്കുമ്പോൾ  എന്റെ കണ്ണുകൾ ആദ്യം തിരഞ്ഞിരുന്നത്   കമ്പോള കോളത്തിൽ സ്വർണത്തിന്റെ നിരക്കായിരുന്നു
.
   പിന്നെ അധികം വൈകാതെ   ജോലിയും അന്ന് തോന്നിയ കഷ്ടപ്പാടുകൾ എല്ലാം എന്റെ ജീവിതത്തിന്റെ ഭാഗമാകാൻ തുടങ്ങി..

രാത്രിയെന്നും പകലെന്നും പറഞ്ഞു ദിവസങ്ങൾ ഒന്നൊന്നായി മുന്നോട്ട് പോയി..

  ഒരു ദിവസം പോലും മുടങ്ങാതെ  പണിക്ക്    പോകാൻ തുടങ്ങിയിട്ടു   ഒന്നര മാസം
 ഞാൻ തികച്ചു..

സൊരുകൂട്ടിയ സമ്പാദ്യം എത്രയെന്ന്  എന്നും കനം നോക്കി തിട്ടപ്പെടുത്തുമ്പോഴും ഇനിയും ഒരുപാട് തികയ്ക്കാൻ ഉണ്ടെന്ന തോന്നലായിരുന്നു മനസിന്... 

  അങ്ങനെ ഒരു ദിവസം സന്ധ്യയ്ക്ക് പണി കഴിഞ്ഞ് വരുമ്പോൾ  അച്ഛൻ നന്നായി കുടിച്ച് വീടിന്റെ അകത്തു ഇരുന്നിരുന്നു.

ഞാൻ ഡ്രെസ്സ് മാറി ചായ കുടിക്കാൻ ഇരുന്നപ്പോൾ  'അമ്മ കൊണ്ട്  വെച്ച  ചായ  പത്രം എന്റെ മുന്നിൽ നിന്ന് എടുത്ത് അച്ഛൻ  മുറ്റത്തേക്ക് വലിച്ചെറിഞ്ഞു....

 എനിക്ക്‌ നേരെ വിരൽ ചൂണ്ടി കൊണ്ട് അച്ഛൻ പറഞ്ഞു...

പണിക്ക്‌ പോകുന്ന കാശ് വീട്ടിൽ കൊടുത്തിട്ട് മതി ഇനി  ഈ വീട്ടിൽ നിന്ന് എന്തെങ്കിലും തിന്നാൻ എന്ന്..

അച്ഛൻ പറഞ്ഞതിനെ എതിർത്തു  ഒരു വാക്ക് പോലും പറയാൻ എനിക്ക് തോന്നിയില്ല...

അച്ഛനെ ചീത്ത പറയാൻ തുടങ്ങിയ അമ്മയോട്  മിണ്ടാതെ നിൽക്കാൻ പറഞ്ഞു ഞാൻ ആംഗ്യം കാണിച്ചു...

.  അന്ന്  രാത്രി അത്താഴം കഴിക്കാതെയായിരുന്നു ഞാൻ കിടന്നത്

 എത്ര ശ്രമിച്ചിട്ടും എനിക്ക് അന്ന് ഉറങ്ങാൻ കഴിഞ്ഞില്ല..

പിറ്റേന്നു രാവിലെ നേരത്തെ  തന്നെ
എന്റെ എണ്ണിനോക്കാത്ത സമ്പാദ്യവുമായി   നേരെ പോയത്‌ തട്ടാൻ ശേഖരേട്ടന്റെ വീട്ടിലേക്കായിരുന്നു..

  ശേഖരേട്ടനെ വിളിച്ചുണർത്തി
  എന്റെ കയ്യിലെ പൊതി ശേഖരേട്ടന്റെ മുന്നിലേക്ക് നീട്ടി കൊണ്ട് ഞാൻ പറഞ്ഞു..

 ഇതിൽ എത്ര ഉണ്ടെന്ന് എനിക്ക് അറിയില്ല..  എനിക്ക് ഒരു പവന്റെ മാലയും ഒരു കുഞ്ഞു താലിയും വേണം..  ഇനി ഇതിൽ പൈസ കുറവാണെങ്കിൽ ഞാൻ  ഒരു മാസത്തിന്റെ ഉള്ളിൽ കൊണ്ട് തരാമെന്ന്....

എന്നെ  സമാധാനിപ്പിച്ചു  തിണ്ണയിൽ ഇരുത്തി..   പൈസ ഒന്നൊന്നായി  ശേഖരേട്ടൻ  എണ്ണാൻ തുടങ്ങി.  ..

  എണ്ണി കഴിഞ്ഞ് കണക്കു കൂട്ടി എന്നെ  അത്ഭുതപ്പെടുത്തി കൊണ്ട് ശേഖരേട്ടൻ പറഞ്ഞു.  ഒന്നര പവന്റെ മാലക്കും താലിക്കും ഉള്ള തുക ഇതിൽ ഉണ്ടെന്ന്..

വിശ്വസിക്കാൻ പറ്റാതെ ഞാനും പൈസ വാങ്ങി എണ്ണി നോക്കി ..ശേഖരേട്ടൻ പറഞ്ഞത്   സത്യമായിരിന്നു..  അത്  പ്രതീക്ഷിച്ചതിലും അധികം തുക  ഉണ്ടായിരുന്നു... എന്റെ  ഒന്നര മാസത്തെ മുഴുവൻ കൂലിക്കും മുകളിൽ...

  മാലക്ക് കുറച്ചു നേരത്തെ കാലതാമസം ഉണ്ടെന്നും  എന്നോട് ഉമ്മറത്ത് കസേരയിൽ ഇരിക്കാനും പറഞ്ഞ് മാല പണിയാൻ  ശേഖരേട്ടൻ ആലയിലേക്ക് പോയി..

  ആ ഉമ്മറത്തെ കസേരയിൽ ഇരുന്ന്‌  ഇത്രയും പൈസ എവിടുന്ന് വന്നു എന്ന് തലങ്ങും വിലങ്ങും ഞാൻ ആലോചിച്ചു നോക്കി ..

എത്ര ആലോചിച്ചിട്ടും എനിക്ക് ഒരു എത്തും പിടിയും  കിട്ടിയില്ല..

 കുറച്ചു കഴിഞ്ഞപ്പോൾ  ഒരു ഒന്നാന്തരം മാലയും അതിൽ  കോർത്തിട്ട പൊൻ തിളക്കമുള്ള  താലിയുമായി ശേഖരേട്ടൻ എന്റെ മുന്നിൽ വന്നു നിന്നു...

ചുവന്ന തങ്ക കടലാസിൽ പൊതിഞ്ഞു തന്ന താലിയും കൊണ്ട്  എല്ലാം മറന്നു  ഓടുകുയായിരുന്നു ഞാൻ  വീട്ടിലേക്ക്..

വീടിന്റെ ഉമ്മറത്ത് അച്ഛൻ ഇരിക്കുന്നത് അകലെ നിന്ന് തന്നെ ഞാൻ   കണ്ടു .

അതു കണ്ടപ്പോൾ തന്നെ  എന്റെ കാലിന്റെ വേഗത പതിയെ കുറയാൻ തുടങ്ങി..

     ഇന്നലത്തെ പരിഭവം എല്ലാം മാറ്റി വെച്ചു അമ്മയുടെ കഴുത്തിൽ ഈ താലി മാല അച്ഛൻ അണിയിച്ചു കാണണം  എന്ന ആഗ്രഹം അച്ഛനോട്  പറഞ്ഞാലോ  എന്നൊരു തോന്നൽ മനസിൽ ഉദിച്ചു..

 എന്തൊക്കെ പറഞ്ഞാലും അച്ഛൻ അമ്മയ്ക്ക് അണിച്ചു കൊടുത്താലെ ഈ താലിയുടെ പവിത്രത പൂർണമാകുകയുള്ളൂ..

 ചോദിച്ചാൽ ചിലപ്പോൾ എന്നെ  വീടിന്റെ ചുറ്റും ഓടിച്ചിട്ടു   തല്ലിയേക്കാം എന്നാലും വേണ്ടില്ല   രണ്ടും കൽപ്പിച്ചു ഞാൻ  അച്ഛനോട് അത്  ചോദിക്കാൻ തന്നെ തീരുമാനിച്ചു..

പതിയെ ഞാൻ വീടിന്റെ ഉമ്മറത്തേക്ക് കയറി ....
.
പെട്ടെന്ന് അച്ഛൻ കസേരയിൽ നിന്ന് എന്റെ മുന്നിലേക്ക് എണീറ്റ് വന്ന് സ്വകാര്യത്തിൽ  എന്നെ അത്ഭുതപ്പെടുത്തി കൊണ്ട്   ഒരു ചോദ്യം  മാല  ഒന്നര പവൻ തികച്ചു കിട്ടിയോ എന്ന്..

 കൂടെ അന്ന് വരെ അച്ഛന്റെ മുഖത്ത്  കാണാത്ത ഒരു കള്ള ചിരിയും...

 ആ ചിരിയിൽ ഉണ്ടായിരുന്നു.  എന്റെ കുഞ്ഞു അലമാരിയെ ചുറ്റി പറ്റി നടന്നത്തിന്റെ രഹസ്യവും  അധികമായി ഞാൻ കണ്ട പൈസ എവിടുന്നാണ് എന്നുള്ള ഉത്തവും.

താലി എന്റെ കൈയിൽ നിന്ന്  വാങ്ങി  അച്ഛൻ എന്നെ ചേർത്ത് പിടിച്ചു..
.
ആരോടും പറയാതെ ഞാൻ മനസ്സിൽ കൊണ്ട് നടന്നത് അച്ഛൻ എങ്ങനെ അറിഞ്ഞു എന്ന് ചോദിച്ചപ്പോൾ ... അതിന് മറുപടിയായി പറഞ്ഞത്  നീ എന്നിൽ നിന്ന് ഉണ്ടായത് തന്നെ അല്ലെ ആ  നിന്നെ മനസിലാക്കാൻ എനിക്ക്‌ എന്ത് ബുദ്ധി മുട്ടാണ് ഉള്ളതെന്നാണ്..

 അപ്പോഴേക്കും അമ്മയും അനിയത്തിയും ഉമ്മറത്തേക് വന്നു.

ഞാൻ പറഞ്ഞത് അനുസരിച്ചു അവൾ   ഓടിച്ചെന്ന് നിലവിളക്ക് കത്തിച്ചു...

 സ്നേഹം എന്ന മുഹൂർത്തത്തിൽ കുടുംബം എന്ന സാന്നിധ്യത്തിൽ എന്നെയും അനിയത്തിയേയും സാക്ഷി നിർത്തി എന്റെ അച്ഛൻ എന്റെ അമ്മയ്ക്ക് ഒരിക്കൽ കൂടി മിന്നു ചാർത്തി...
രചന: Sarath Krishna

കൂടുതൽ കഥകൾക്ക് ഫോളോ ചെയ്യൂ വളപ്പൊട്ടുകൾ
To Top