മഴമുകിൽ ഭാഗം : 6

Valappottukal
⛈️🌈 മഴമുകിൽ  ഭാഗം : 6 🌈⛈️

         
           
       റിഷിയുടെ ചോദ്യം തനുവിനെ ആകെ  ഒന്ന് ഉലച്ചു… ഞെട്ടലോടെ അവളവനെ നോക്കി…. അവന്റെ കണ്ണുകളിലെ ദേഷ്യം അവൾക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു….ഇതുപോലൊരു ഭാവത്തിൽ ആദ്യമായിരുന്നു അവളവനെ കാണുന്നത്…. ഒരു നിമിഷം എന്ത് പറയണമെന്ന് പോലും അറിയാതെ  അവനെ തന്നെ നോക്കിയവൾ നിന്നു…

    “നിന്നോട് ചോദിച്ചത് കേട്ടില്ലേ… “?
      റിഷിയുടെ കനത്ത  സ്വരം വീണ്ടും അവളുടെ കാതിൽ മുഴങ്ങി.. അവൾ പേടിയോടെ അവനെ നോക്കി….
    “അത്.. പിന്നെ… ഞാൻ..എനിക്കു….. “
          അവളുടെ സ്വരം വിറക്കാനും ശരീരം വിയർക്കാനും തുടങ്ങി…നെറ്റിയിൽ പൊടിഞ്ഞ വിയർപ്പുകണങ്ങൾ ചെന്നിയിൽ ചാലുകൾ തീർത്തു….….
    അവളുടെ ഓരോ ഭാവങ്ങളും സൂക്ഷ്മതയോടെ നിരീക്ഷിച്ച റിഷി എന്തോ ആലോചിച്ചു ഉറപ്പിച്ചു കൊണ്ടു അവളുടെ കയ്യും പിടിച്ചു അവന്റെ   റൂമിൽ കൊണ്ടു പോയി വാതിലടച്ചു കുറ്റിയിട്ടു…. തനു പകപ്പോടെ അവനെ നോക്കി… അവന്റെ മുഖത്തു   അപ്പോളും ദേഷ്യഭാവം നിറഞ്ഞു നിന്നിരുന്നു…. അവൻ ഒരു ഗ്ലാസിൽ വെള്ളം എടുത്തു അവൾക്ക് നേരെ നീട്ടി…. അവളത് വാങ്ങി ഒറ്റ വലിക്കു കുടിച്ചു….
    “ ഇരിക്ക് “
      അവൻ കസേര വലിച്ചു അവളുടെ മുന്നിലേക്കിട്ടു കൊണ്ടു പറഞ്ഞു അവൾ പേടിയോടെ അതിലിരുന്നു….അവൻ കട്ടിലിലും….
     
         “ഇനി പറ…. സത്യം അറിയാനുള്ള അവകാശം ഉള്ളത് കൊണ്ടാണ് ചോദിക്കുന്നത്… അത് നിനക്കും നല്ലപോലെ  അറിയാല്ലോ “?
      അവൻ അത് പറഞ്ഞതും ഞെട്ടലോടെ അവളവന്റെ  മുഖത്തേക്ക് നോക്കി… നിയമപരമായി ഭാര്യ ഭർത്താക്കൻമാർ ആണെങ്കിലും ഇത് വരെ അവന്റെ ഭാഗത്തു നിന്ന് അങ്ങനെയൊരു അധികാരവും  സമീപനവും  ഉണ്ടായിട്ടില്ല…. ആദ്യമായാണ് ഇങ്ങനെ പറയുന്നത് പോലും അവൾ അവിശ്വസനീയതയോടെ അവനെ നോക്കി പക്ഷേ അവിടം നിർവികാരം ആയിരുന്നു… ഒരു ഭാവഭേദം പോലുമില്ലാതെ അവളെത്തന്നെ നോക്കിയിരിക്കുന്നു …
     “അത്… റിഷിയേട്ടാ.. ഞാൻ….. “
          അവൾക്ക് പേടി മൂലം വാക്കുകൾ പുറത്തേക്ക് വന്നില്ല….
    “സത്യം… സത്യം മാത്രം മതി…അന്നും ഞാൻ അതേ ചോദിച്ചിട്ടുള്ളു…..എന്നിട്ടും നീ.. ഇനിയെനിക്കറിയണം അത് എന്ത് തന്നെ ആണെങ്കിലും… “
       അവന്റെ സ്വരം കനത്തു…. മുഖം വലിഞ്ഞു മുറുകി….മുഷ്ടി ചുരുണ്ടു വരുന്നത് അവളുടെ ഉള്ളിൽ ഭീതിയുടെ കണികകൾ വിതറി….
     തനു കുറച്ചു നേരം എന്തോ ആലോചിച്ചിരുന്നു പിന്നെ പതിയെ കണ്ണുകൾ അമർത്തി തുടച്ചു  പറഞ്ഞു തുടങ്ങി അവളുടെ കഥ….
         
         “  ബിസിനസ് കിങ് ആനന്ദ് മൽഹോത്രയുടെയും ഭാര്യ മാലിനി മൽഹോത്രയുടെയും ഏക മകൾ തൻവി മൽഹോത്ര….സ്വർഗ്ഗതുല്യമായ ജീവിതം ആയിരുന്നു..അച്ഛന്റെയും അമ്മയുടെയും പ്രാണനായിരുന്നു അവൾ.… ബാംഗ്ളൂരിൽ  സ്ഥിരം ആക്കിയ  മലയാളി വേരുകൾ ഉള്ള പഞ്ചാബി കുടുംബം….. പക്ഷേ എല്ലാം തകിടം മറിഞ്ഞത് പെട്ടന്നാണ്….വിധി അവൾക്ക് കരുതി വെച്ചത് മറ്റു പലതും  ആയിരുന്നു…. തനു പ്ലസ് ടുവിൽ പഠിക്കുമ്പോൾ   ഒരു ആക്‌സിഡന്റിൽ രണ്ടുപേരും…….അന്ന്  അവൾ  മാത്രം ചെറിയ പരിക്കുകളോടെ   രക്ഷപെട്ടു……
             പിന്നീട് അങ്ങോട്ട് ചെറിയച്ചനും കുടുംബവും ആണ് അവളെ നോക്കിയത്…. അവൾക്കു പതിനെട്ടു വയസ് ആകുന്നത് വരെ സ്വത്തിന്റെ  പവർ ഓഫ് അറ്റോർണി അയാൾക്ക് ആയിരുന്നു… മാനവ് മൽഹോത്രക്കു…. അവൾക്ക് പതിനെട്ടു വയസ് തികയുന്നത്  വരെ നന്നായി തന്നെ നോക്കി…. മറ്റുള്ളവരെ ബോധിപ്പിക്കാൻ ആണെങ്കിലും ഒരു കുറവും ഇല്ലാതെ വളർത്തി….. പക്ഷേ സ്വത്ത്‌ കൈമാറുന്ന സമയം വന്നപ്പോൾ കളി മാറ്റി… പിന്നെ അവളെ എങ്ങനെയെങ്കിലും ഒഴിവാക്കാൻ ആയിരുന്നു ശ്രമം…. അതിനായി പല വഴികളും നോക്കി അവസാനം ആരും അറിയാതെ അയാളുടെ സുഹൃത്തിന്റെ മകൻ രാഹുലും ആയി കല്യാണം വരെ നിശ്ചയിച്ചു… അവനെക്കാളും വലിയ അഭാസൻ ആ നാട്ടിൽ തന്നെ ഉണ്ടായിരുന്നില്ല…. സ്വത്ത്‌ ഒക്കെ എങ്ങനെയെങ്കിലും കൈക്കലാക്കി അവളെ അവിടെ നിന്നും എന്നന്നേക്കും ആയി ഒഴിവാക്കാൻ ഉള്ള ശ്രമം… കല്യാണം കഴിഞ്ഞു അവന്റെ ആവശ്യം കഴിഞ്ഞാൽ  ഏതെങ്കിലും മാർവാടി കൾക്ക് കൊടുക്കും എന്ന് പറയുന്നത് കേട്ടു…. എന്ത് കൊണ്ടും നിസ്സഹായമായ അവസ്ഥ…ജീവിക്കണോ മരിക്കണോ എന്ന് പോലും അറിയാതെ പകച്ചു പോയ നാളുകൾ…..എതിർത്താൽ കൊന്ന് കളയും എന്ന് നല്ലപോലെ അറിയാം…..കൊന്നാൽ പോലും ചോദിക്കാൻ ആരുമില്ലാത്ത അവസ്ഥ….ഒറ്റപ്പെടലിന്റെ വേദനകൾ അനുഭവിച്ച നാളുകൾ…
     എല്ലാംകൊണ്ടും തകർന്ന അവളെ വീട്ടിലെ അവളോട് കൂറ് ഉള്ള ചില ജോലിക്കാർ ആണ് കല്യാണത്തലേന്ന്  ആരും കാണാതെ പുറത്തു കടത്തിയത്… പിന്നെകൂടെ പഠിച്ചിരുന്ന  ഒരു സുഹൃത്തിന്റെ സഹായത്തോടെ കേരളത്തിലേക്ക് വന്നു… അവളുടെ വീട്ടിലായരുന്നു ഇത്രയും കാലം….ചെറിയച്ഛന്റെ കണ്ണിൽ പെടാതെ കഴിഞ്ഞിരുന്നത്….അവർ കുടുംബത്തോടെ വിദേശത്തു സെറ്റിൽ ആയപ്പോൾ ഫ്രണ്ട് തന്നെ  ആണ് ഹോസ്റ്റൽ ശരിയാക്കി തന്നതും അങ്ങോട്ട് മാറിയതും എല്ലാം…..അവളുടെ അച്ഛൻ ശരിയാക്കി തന്ന   ഒരു ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ വന്നപ്പോളാണ് ലോഡ്ജിൽ അങ്ങനെ ഒരു പ്രശ്നം ഉണ്ടാകുന്നതും പിന്നെ റിഷിയുടെ ലൈഫിലേക്ക് വരുന്നതും…..
     പറഞ്ഞു കഴിഞ്ഞു നിറകണ്ണുകൾ ഉയർത്തി അവൾ അവനെ നോക്കി ആ കണ്ണുകളിൽ തെളിയുന്ന അപരിചിതമായ  ഭാവത്തിന്റ  അർത്ഥം മനസിലാവാതെ അവൾ നിന്നു..
    “അവരെന്നെ അന്വേഷിച്ചു ആളെ വിട്ടിട്ടുണ്ട് ചെറിയച്ഛന്റെ ആളുകളെ പല സ്ഥലങ്ങളിലും വെച്ചു കണ്ടിട്ടുണ്ട്… അന്ന് ആ ലോഡ്ജിൽ എനിക്ക് ഒരുക്കിയ ഏതോ ഒരു കെണിയിൽ ആണ് റിഷിയേട്ടനും…. അല്ലാതെ ആ പേപ്പറിൽ വന്ന ന്യൂസിനെ പറ്റി എനിക്കു ഒന്നുമറിയില്ല റിഷിയേട്ടാ ചിലപ്പോൾ അതെനിക്കുള്ള ഒരു മുന്നറിയിപ്പാകാം അല്ലെങ്കിൽ കണ്ടു പിടിക്കാനുള്ള തന്ത്രം…അന്ന് ചോദിച്ചപ്പോൾ  പേടിച്ചിട്ടാ ഞാൻ പറയാതിരുന്നത് ഇവിടെന്നും കൂടി ഇറക്കി വിട്ടാൽ എനിക്കു പിന്നെ.…..”

        അവൾ പറഞ്ഞത് പൂർത്തിയാക്കാതെ തേങ്ങലോടെ   അവനെ നോക്കി മുഖത്ത് ഒരു ഭാവ വ്യത്യാസവുമില്ല .. എന്തോ ഓർത്തു ഇരിക്കുന്നത്പോലെ….. അതേ നിർവികാര ഭാവം….പക്ഷേ കണ്ണുകളിൽ കടലിരമ്പുന്നത് പോലെ തീക്ഷ്ണമായ ഭാവം….അവളതിന്റെ അർത്ഥം മനസിലാക്കാൻ കഴിയാതെ ഒരു നിമിഷം പതറി നിന്നു….
       പിന്നെ  പതിയെ എഴുനേറ്റു അവന്റെ മുന്നിലായി വന്നു മുട്ടു കുത്തിയിരുന്നു….അവന്റെ ഇരു കൈകളും ചേർത്ത് പിടിച്ചു  അതിലേക്ക് നെറ്റി ചേർത്ത് വെച്ചു….അവളുടെ കണ്ണുനീർത്തുള്ളികൾ അവന്റെ കൈവിരലിലൂടെ ഒലിച്ചിറങ്ങി….
 
            “എന്നെ… എന്നെ ഇവിടന്ന് പറഞ്ഞയക്കല്ലേ റിഷിയേട്ടാ…. പോകാൻ വേറെ ഒരു ഇടവും ഇല്ലാത്തത് കൊണ്ടാണ്…സ്വന്തമെന്നു പറയാൻ ആരും ഇല്ലാത്തത് കൊണ്ടാണ്…. ഒരു സ്ഥാനവും വേണ്ട ഒരു വേലക്കാരി ആയി തന്നെ ഞാൻ കഴിഞ്ഞോളം…ഒരു ശല്യത്തിനുംഞാൻ  വരില്ല….. അതിനു മാത്രം അനുവദിച്ചാൽ മതി….”
         അവൾ നിറകണ്ണുകളുയർത്തി അവനെ നോക്കി അവന്റെ കണ്ണിലെ ഭാവം അവൾക്ക് ഇപ്പോളും അജ്ഞാതം ആയിരുന്നു…..
           “കൈവിടരുത്….അപേക്ഷയാണ്  എന്നെ അവർ കൊന്ന് കളയും…..ഈ വീടിന്റെ ഒരു കോണിൽ ആർക്കുമൊരു ശല്യം ആകാതെ ഞാൻ കഴിഞ്ഞോളം…. ഒരിക്കലും ഒരു ഭാര്യാപദവി അവകാശപ്പെട്ടു ഞാൻ വരില്ല……എന്നെ പറഞ്ഞയക്കാതിരുന്നാൽ മാത്രം മതി……പ്ലീസ്…“
     അവൾ തൊഴുകൈകളോടെ  താഴേക്കൂർന്നു വീണു  അവന്റെ കാലിൽ കെട്ടിപിടിച്ചു കരയാൻ തുടങ്ങി…. അവളുടെ കരച്ചിലിന്റെ  ചീളുകൾ അവന്റെ നെഞ്ചിൽ തറഞ്ഞു തന്റെ കടമിഴിക്കോണിൽ ഉതിർന്ന ഒരു തുള്ളി കണ്ണുനീരിനെ തുടച്ചു മാറ്റിക്കൊണ്ട്  അവൻ അവളെ പിടിച്ചെഴുനേൽപ്പിച്ചു….. അവൾ പ്രതീക്ഷയോടെ അവനെ ഉറ്റു നോക്കി…
 
        “ കരയേണ്ട….കണ്ണ് തുടക്ക്…. നിനക്കിവിടെ കഴിയാം ആരും…ആരും കൊണ്ടു പോകില്ല നിന്നെ…. “
     അതും പറഞ്ഞു അവൻ  അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ മുറിവിട്ട്  പോയി
       അവൻ പോയതും  മനസ്സിൽ നാമ്പിട്ട  എല്ലാ  പ്രതീക്ഷകളും ഒറ്റയടിക്ക് ഇല്ലാതായത്  പോലെ  അവൻ പോയവഴിയേ  നോക്കി അവൾ നിന്നു……
   
        റിഷി റൂമിൽ വന്നതും  ബെഡിലേക്ക് ചാഞ്ഞു കൈകൾ കൊണ്ടു കണ്ണുകൾ മറച്ചു കിടന്നു…. അതുവരെ പിടിച്ചു നിർത്തിയ കണ്ണുനീരിനെ പൂർണമായും  സ്വന്ത്രമാക്കി വിട്ടു..ചെന്നിയിലൂടെ നിശബ്ദമായി കണ്ണുനീർ തുള്ളികൾ ചാലിട്ടൊഴുകി….
   
      “ഈശ്വരാ… തന്റെ പെണ്ണ്….. കണ്മുന്നിൽ നിന്ന് കരഞ്ഞപ്പോൾ… എന്നെ പറഞ്ഞയക്കല്ലേ റിഷിയേട്ടാന്നു  പറഞ്ഞു കെഞ്ചിയപ്പോൾ നെഞ്ചു പൊട്ടി പോകുന്ന പോലെ തോന്നിയിട്ടും….. മാറോടണച്ചു ഇനി ഒരിക്കലും കൈവിടില്ലെന്നു ആ കാതുകളിൽ പറയണമെന്ന് തോന്നിയിട്ടും…. ചേർത്ത് പിടിച്ചു അവളുടെ വിഷമങ്ങളെല്ലാം ഈ നെഞ്ചിൽ ഏറ്റുവാങ്ങണമെന്ന്  മനസ് നിശബ്ദം  പറഞ്ഞിട്ടും തനിക്കെന്തേ  കഴിഞ്ഞില്ല…ചങ്ക് പറിയുന്ന വേദനയും സഹിച്ചു അവൾക്ക് മുന്നിൽ താൻ നിന്നു…..  പറിച്ചെറിയാൻ  ശ്രമിക്കുംതോറും  മനസ്സിൽ ആഴത്തിൽ പതിഞ്ഞു പോയ മുഖം ആണ്…തനിക്കു അവകാശപെട്ടവളാണ് തന്റെ ഭാര്യയാണ്….. ഇപ്പോൾ തന്റെ പ്രാണനാണ്….അറിയില്ല എങ്ങനെയെന്നോ  എപ്പോളാണെന്നോ  ഒന്നും അറിയില്ല അറിയേം വേണ്ട…. പക്ഷേ  ഒന്നറിയാം ഇനി ഒരാൾക്കും വിട്ടു കൊടുക്കില്ല അവളെ ഈ ഇടനെഞ്ചിൽ  തുടിപ്പ് ഉള്ളിടത്തോളം കാലം നെഞ്ചോടു ചേർത്തു നിർത്തും …..റിഷിയുടെ പെണ്ണായി……
          ഓരോന്ന് ഓർത്തുകൊണ്ട് കണ്ണുനീരിനിടയിലും  നിറ പുഞ്ചിരിയോടെ റിഷി ഉറക്കത്തിലേക്ക് വീണു… പക്ഷേ തനു മനസ്സിനുള്ളിലെ ഭാരങ്ങൾ എല്ലാം ഇറക്കിയെങ്കിലും റിഷിയുടെ നിർവികാരത അവളെ വല്ലാതെ ഉലച്ചു  കളഞ്ഞിരുന്നു…..എത്രയൊക്കെ ആരുമല്ലന്നു പറഞ്ഞാലും തന്നെ വേണ്ടാന്നു പറഞ്ഞാലും ഭർത്താവ് ആണ് അങ്ങനെയേ കണ്ടിട്ടുള്ളു…. അവൻ കൂടെയുള്ളപ്പോൾ വല്ലാത്തൊരു സുരക്ഷിതത്വം ആണ്….ചീത്ത പറഞ്ഞാലും ആട്ടി ഓടിച്ചാലും എല്ലാം ആസ്വദിച്ചിട്ടേ ഉള്ളു…കിട്ടാത്തതാണെന്നു അറിഞ്ഞിട്ടും ഒരുവേള താനും ആഗ്രഹിച്ചുപോയോ…. ഒന്ന് ചേർത്തു പിടിക്കുമെന്നും  ആശ്വസിപ്പിക്കും എന്നുമൊക്ക കൊതിച്ചുപോയോ …നെറുകയിലൊരു നറു ചുംബനം താനും മോഹിച്ചുവോ…..
       വേണ്ട ഒന്നും വേണ്ട….. ഒരാഗ്രഹവും  വേണ്ട സ്നേഹിക്കുന്നവർ എല്ലാം പോയിട്ടേ ഉള്ളു….അല്ലെങ്കിലും തന്നെപ്പോലൊരു  പെണ്ണിനെ റിഷി  സ്നേഹിക്കുമെന്നു വിചാരിച്ച താനല്ലേ  മണ്ടി…  ഒന്നും വേണ്ട മനസ്സിൽ അറിയാതെ എങ്കിലും തളിരിട്ട മോഹങ്ങൾ എല്ലാം കുഴികുത്തി  മൂടിയേക്കു തനു…..തനിക്കു വിധിച്ചിട്ടില്ല ഒന്നും….അർഹിക്കാത്തത് ആഗ്രഹിക്കുകയും വേണ്ട… എന്ന് മനസിനെ സ്വയം പഠിപ്പിച്ചു  ഉറക്കം വരാതെ കിടന്നു അവൾ നേരം വെളുപ്പിച്ചു….
      രാവിലെ എഴുനേറ്റു ചെടിക്ക് വെള്ളം നനയ്ക്കുമ്പോൾ റിഷി ജോഗ്ഗിങ്ങിനു  പോകുന്നത് കണ്ടു… അവളെ ഒന്ന് മൈൻഡ്  ആക്കിയത് കൂടിയില്ല…..ഒരു നോട്ടത്തിനായി കൊതിച്ചെങ്കിലും അവഗണന ആയിരുന്നു ഫലം…
       രാവിലെ എല്ലാവരും കൂടി ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോളും അവളുടെ നോട്ടം പല വഴി അവന്റെ മുഖത്തേക്ക് പാളി വീണെങ്കിലും അബദ്ധവശാൽ  പോലും അവിടെനിന്നു ഒരു ദര്ശനപുണ്യം കിട്ടിയില്ല…ആദി ആണെങ്കിൽ തനുവിനെ തന്നെ നോക്കി ഇരിക്കുകയായിരുന്നു….
     “ജാതിക്ക തോട്ടം എജ്ജാതി നിന്റെ നോട്ടം….. 🎶🎼🎵

          ആദിയുടെ പാട്ടു കേട്ടതും തനു റിഷിയിൽ  നിന്നും ഞെട്ടലോടെ കണ്ണുകൾ വലിച്ചെടുത്തു…. റിഷി ഫുഡ്‌ കഴിക്കുന്നത് നിർത്തി എഴുന്നേറ്റും  പോയി… പോകുന്ന വഴി ആദിയെ നോക്കി പേടിപ്പിക്കാനും  മറന്നില്ല….
     ഓഫീസിൽ മൂളി പാട്ടും പാടി ജോലി ചെയുന്ന റിഷി മനുവിന് ഒരു പുതിയ കാഴ്ച ആയിരുന്നു…അല്ലേൽ ഗൗരവത്തിനു കയ്യും കാലും വെച്ചവനാ….. ടീ ബ്രേക്കിൽ മനുവിന് റിഷിയുടെ വക ഒരു ചീസ് ബർഗറും ഹോട്ട് ചോക്‌ളേറ്റും സ്പെഷ്യലായിട്ടു കിട്ടി.…. നാരങ്ങ വെള്ളം പോലും വാങ്ങി തരാത്തവൻ ആണ്…. മനുവിന് എവിടെയോ എന്തോ വശപിശക് തോന്നി….
   “എന്താടാ കഴിക്കുന്നില്ലേ “
    തന്നെ തന്നെ നോക്കി ഇരിക്കുന്ന മനുവിനോട് റിഷി ചോദിച്ചു….
    “അല്ല സഹോ…. എന്താണ് ഉദ്ദേശം… “
     “തീർത്തും ദുരുദ്ദേശം… “
         റിഷി ചിരിച്ചു കൊണ്ടു പറഞ്ഞു..മനു ചോദ്യഭാവത്തിൽ അവനെ നോക്കി….
    “ടാ.. ഞാൻ അവളെയങ്ങു കെട്ടിയാലോന്ന് ആലോചിക്കാ..”
    “ഏതവളെ… ഒന്ന് കെട്ടിയ ക്ഷീണം തന്നെ മാറിയിട്ടില്ല അപ്പോളാ അടുത്തത്..നിനക്കിനിയും മതിയായിട്ടില്ലലേ… “
    “ടാ പൊട്ടാ… അവളെ തന്നെയാ… “
        റിഷി അവനോട് കാര്യങ്ങൾ എല്ലാം പറഞ്ഞു..
    “ഇതൊരുമാതിരി ഹലാക്കിലെ അവിലും കഞ്ഞി പോലുണ്ടല്ലോ.. എന്നിട്ട് നീ ഇത് അവളോട് പറഞ്ഞോ…”
       “എവിടുന്ന്…. ഇന്നാണെൽ ഒന്ന് മുഖത്ത് കൂടി നോക്കാൻ എനിക്കു പറ്റണില്ലടാ അവളെ കാണുമ്പോൾ എന്റെ സകല ധൈര്യവും ചോർന്നു പോകാണ്…എങ്ങനൊക്കെയോ മുഖത്ത് നോക്കാതെ ഞാൻ ഓടിപ്പോന്നതാ മോനേ….”
   
     “അടിപൊളി.. അതു നിന്റെ കാമുകിയല്ല ഭാര്യയാ ഭാര്യ..അതോർത്താൽ  നന്ന്…നിന്റെ ഇമേജും നോക്കി ഇരുന്നാലേ പെണ്ണ് പെണ്ണിന്റ പാട്ടിനു പോകും… പിന്നെ അയ്യോ പൊത്തോന്ന് ഇവിടെ കിടന്നു  നിലവിളിച്ചിട്ട് കാര്യമില്ല….  “
       “എന്നാലും അളിയാ… അവളെങ്ങാനും ഇല്ലന്ന് പറഞ്ഞാൽ  ഞാനങ്ങു ഇല്ലാണ്ടായിപ്പോവില്ലേ…എന്റെ മാനം…  “
    “ചുമ്മാ ഇല്ലാത്ത കാര്യത്തിനെ കുറിച്ച് സംസാരിച്ചു സമയം കളയല്ലേ റിഷീ.. “
      “എന്ത്… !!
     “അല്ല മാനമേ അതൊക്ക നിനക്കുണ്ടോടെയ്.. “
     “ഒരുമാതിരി ആക്കരുത്….. ബാക്കിയുള്ളവർ സീരിയസ് ആയി എന്തേലും പറയുമ്പോൾ ഉള്ള നിന്റെ ഈ അളിഞ്ഞ കോമഡി ഉണ്ടല്ലോ ഇതോടെ നിർത്തിക്കോണം കേട്ടല്ലോ…. “
   “ നീ അപ്പൊ ശരിക്കും സീരിയസ് ആണോ.. “
  “പൊന്ന് മനൂ  ഐ സി യൂ വിൽ   വരെ കിടക്കാനുള്ള സീരീയസ്  ആണ്.. എന്തേലും ഒന്ന്  പറഞ്ഞു താ… എനിക്കു പ്രാന്ത് പിടിക്കുന്നു.. “
          “ഒരഞ്ചു പത്തു പേരെ വളച്ചു തേച്ച ആളെന്ന നിലയൽ എനിക്കു പറയാനുള്ളത് എന്താണെന്നു വെച്ചാൽ യുദ്ധത്തിലും പ്രേമത്തിലും നമ്മൾ നിയമം നോക്കരുത്...”
     “മനസിലായില്ല.??
              റിഷി സംശയത്തോടെ അവനെ നോക്കി…
            “ടാ…പൊട്ടാ… ഇനി ഒന്നും നോക്കാനില്ല നേരെ പോയി നിനക്ക് ഇഷ്ടമാണെന്ന് പറയുന്നു ..അവളും ഇഷ്ടമാണെന്ന് പറയുന്നു ഒരു കെട്ടിപിടുത്തവും… ഏറിയാൽ ഒരു കിസ്സടി…കഴിഞ്ഞു..സൊ സിംപിൾ…..   “
     “ഇതൊക്കെ നടക്കുവോടെ.. എനിക്കാണേൽ ഇതൊന്നും വല്ല്യ വശവും ഇല്ല …. “
   
       “നടത്തണം…. പിന്നെന്തിനാ മുത്തേ കൂട്ടുകാരനാണെന്നും പറഞ്ഞു ഞാൻ ഇവിടെ നിക്കുന്നത്……എല്ലാം ഞാൻ പഠിപ്പിച്ചു തരില്ലേ…. ആദ്യം അവളെ വീഴ്ത്താം… പിന്നെ നിന്റെ വീട്ടിലൊരു  ആന്റിക് പീസ് ഉണ്ടല്ലോ അതിനെയും “
     “അതിന്റെ കാര്യം കുഴപ്പമില്ലടാ ഒരു മേക്കപ്പ് സെറ്റിൽ ഒതുക്കം… അവളോട് പറയേണ്ടതാണ്  സീൻ… “
     “അതൊക്കെ ശരിയാകുമെന്നെ  … ചിലപ്പോൾ ദൈവം ആയി കൂട്ടി മുട്ടിച്ചതാകും  നിങ്ങളെ..എനിക്കെന്തോ അങ്ങനെ തോനുന്നു… “
        റിഷി പ്രതീക്ഷയോടെ മനുവിനെ നോക്കി…. അവൻ എല്ലാം ശരിയാകും എന്ന് കണ്ണടച്ചു കാട്ടി… എന്തൊക്കെയോ ഉപദേശവും കൊടുത്തു..
           ഓഫീസിൽ നിന്നും ഇറങ്ങി റിഷി നേരെ ഒരു ഫ്ലവർ ഷോപ്പിൽ പോയി റെഡ് റോസിന്റെ ഒരു ബൊക്കെ വാങ്ങി..പുഞ്ചിരിയോടെ അതും തന്നെ നോക്കി നിന്നു… മനു പഠിപ്പിച്ചു കൊടുത്ത ബാലപാഠങ്ങൾ മനസിൽ ഉരുവിട്ടു….
   “ സ്വന്തം ഭാര്യയെ പ്രൊപ്പോസ് ചെയ്യാൻ പോകുന്ന ലോകത്തിലെ  ആദ്യത്തെ   ഹതഭാഗ്യനായ  ഭർത്താവ് ആണ്…. ദൈവമേ മിന്നിച്ചേക്കണേ… “
    വീട്ടിലേക്കു വണ്ടി ഓടിക്കുമ്പോളും  അവന്റെ മനസ് അവിടെ ഒന്നും അല്ലായിരുന്നു…അവന്റെ കണ്ണുകളിൽ അവളുടെ നിഷ്കളങ്കമായ മുഖവും ചിരിക്കുമ്പോ കവിളിൽ വിരിയുന്ന കുഞ്ഞു  നുണക്കുഴികളും  താൻ ചേർത്ത് പിടിക്കുമ്പോൾ കൂമ്പിയടഞ്ഞ  മിഴികളുമെല്ലാം നിറഞ്ഞു നിന്നു…മനസിന്റെ സന്തോഷം ചുണ്ടുകളിൽ പുഞ്ചിരിയായി  വിടർന്നു… താൻ ഈ ലോകത്തോന്നുമല്ലെന്നു  തോന്നി അവനു…മനസൊക്കെ പട്ടം പോലെ പാറി പറന്നു നടക്കുന്ന അവസ്ഥ….. എത്രയും പെട്ടെന്നു വീട് എത്തിയാൽ മതിയെന്നതുപോലെ …. ആക്സിലറേറ്ററിൽ അവന്റെ കൈകൾ  ഒന്നുടെ  അമർന്നു…….
          വീട്ടിൽ എത്തിയതും അവൻ ബൊക്കെ ബാഗിൽ  വെച്ചു … ആദിയും  ഉണ്ണിയും കണ്ടാൽ തീർന്ന്… എന്തിനു മുത്തി എങ്ങാനും കണ്ടാൽ പിന്നെ ആ  പഞ്ചായത്തിൽ തന്നെ മൈക്ക് വെക്കേണ്ട ആവശ്യം ഇല്ല….മാനം എപ്പോ കപ്പല് കേറി മുങ്ങി താണു എന്ന് ആലോചിച്ചാൽ മതി…
           റിഷി എല്ലാം സെറ്റ് ആക്കി ഒരു കള്ളച്ചിരിയോടെ അകത്തേക്ക് കയറിയതും കണ്ടത് ഹാളിൽ പല ഭാഗങ്ങളിൽ ആയി ചുരുണ്ടു കൂടി ഇരിക്കുന്ന മുത്തിയേയും ആദിയെയും ഉണ്ണിയേയും ഒക്കെയാണ്…. അവന്റെ കണ്ണുകൾ തനുവിന് വേണ്ടി  തിരഞ്ഞു….. അല്ലെങ്കിൽ ഈ സമയത്ത് നാലുംകൂടി വീട് തല തിരിച്ചു വെക്കുന്നതാണ്….ആട്ടവും പാട്ടും ബഹളവും ഒക്കെയായി… അവളെ ആണെങ്കിൽ കാണുന്നുമില്ല…..ബാക്കിയുള്ളവരുടെ ഇരിപ്പും അത്ര പന്തിയല്ല… ഇതിപ്പോൾ എന്ത് പറ്റിയോ ആവോ…
        അവൻ ഓരോന്ന് ആലോചിച്ചു ആദിയെ  നോക്കിയതും അവൻ എഴുനേറ്റു റിഷിയുടെ അടുത്തേക്ക് വന്നു അവന്റെ കണ്ണുകൾ തിരയുന്നത് അവളെയാണെന്നു  മറ്റാരേക്കാളും നന്നായിട്ട് അവനു അറിയാമായിരുന്നു….
     “ഏട്ടാ…. ചേച്ചി…. ചേച്ചി…പോയി…അവര് കൊണ്ടുപോയി……ഞങ്ങൾ കുറെ വിളിച്ചല്ലോ ഏട്ടൻ എന്താ ഫോൺ എടുക്കാഞ്ഞത്  “
          ആദി നിറകണ്ണുകളോടെ പറഞ്ഞതും റിഷി അവിശ്വസനീയതയോടെ അവനെ നോക്കി….ബാഗ് തോളിൽ നിന്നും ഊരി ഊർന്നു താഴെ വീണു …  അവന്റെ നോട്ടം നേരിടാനാവാതെ ആദി  തല താഴ്ത്തി….അപ്പോളാണ് ഫോൺ ഓഫീസ് ടൈമിൽ സൈലന്റ് ആക്കിയ കാര്യം അവൻ ഓർത്തത്….റിഷി നേരെ മുത്തിയുടെ അടുത്തേക്ക് ചെന്നു…അവരും നിറകണ്ണുകളോടെ അവനെ നോക്കി..
     “എന്താ… എന്താ… ഉണ്ടായത്… “
      “ അവൻ വിറയാർന്ന  ശബ്ദത്തിൽ ചോദിച്ചു…. “
    “തനുവിന്റെ ബന്ധുക്കളെന്നു പറഞ്ഞു മൂന്നാല് പേര് അവളെ കൂട്ടിക്കൊണ്ട് പോയി…. രാത്രിയിലെ ഫ്ലൈറ്റിനു  ബാംഗ്ലൂരിലേക്ക് പോകുമെന്ന്   പറഞ്ഞു…. അവളുടെ ബന്ധുക്കൾ ആയിരിക്കാം…അവളും മറുത്തൊന്നും പറഞ്ഞില്ല മോനെ….  പക്ഷേ… ഇറങ്ങാൻ നേരത്ത് ആ കൊച്ചു നോക്കിയ നോട്ടം അത് കണ്ണിൽ നിന്നു  പോകുന്നില്ല  റിഷികുട്ടാ…നെഞ്ചിലൊരു പിടച്ചിൽ പോലെ… അതിനെ എന്തോ ആപത്തിലേക്ക് തള്ളി വിട്ടപോലൊരു തോന്നൽ…. “
        റിഷി ഒന്നും കേൾക്കുന്നുണ്ടായില്ല …. അവളെ ബാംഗ്ലൂരിലേക്ക്  കൊണ്ടുപോകുന്നു എന്നുള്ളത് മാത്രം അവന്റെ ചെവിയിൽ മുഴങ്ങി കേട്ടു ….അവന്റെ കണ്മുന്നിൽ കരഞ്ഞു തളർന്നു തൊഴു കൈകളോടെ  തന്റെ മുന്നിൽ നിന്ന അവളുടെ മുഖം നിറഞ്ഞു നിന്നു….താൻ ഒന്ന് ചേർത്ത് പിടിച്ചിരുന്നെങ്കിൽ ഒന്നാശ്വസിപ്പിച്ചിരുന്നെങ്കിൽ…കൂടെയുണ്ടാകും എന്ന് ഒന്ന് പറഞ്ഞിരുന്നെങ്കിൽ…ഇന്നവൾ……അവന്റെ മനസ് കുറ്റബോധത്താൽ നീറി…. നിറഞ്ഞു വരുന്ന തന്റെ കണ്ണുകളെ അവരിൽ നിന്നെല്ലാം സമർത്ഥമായി മറച്ചുകൊണ്ട് അവൻ   പുറത്തേക്ക് ഓടി  ബൈക്കും എടുത്തു ഒരു പറപ്പിക്കൽ  ആയിരുന്നു നേരെ  എയർപോട്ടിലേക്ക്……..       (തുടരും...)

വായിക്കുന്ന കൂട്ടുകാർ ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ....

രചന: മീനു
To Top