സർക്കാരുദ്യോഗസ്ഥൻ....

Valappottukal


രചന: സജി തൈപറമ്പ്.
"ഇനി എപ്പോഴാ ഉണ്ണിയേട്ടാ.. എന്റെ കഴുത്തിൽ താലികെട്ടുന്നത്, മൂക്കിൽ പല്ല് മുളച്ചിട്ടോ?

കല്യാണകാര്യം പായുമ്പോഴൊക്കെ ഒഴിഞ്ഞ് മാറുന്ന ഉണ്ണിക്കൃഷ്ണനോട്, ദേവിക അരിശത്തോടെ ചോദിച്ചു.

"നീയൊന്നടങ്ങ് ദേവീ..എനിക്ക് അപ്പോയിൻറ്മെന്റ് ഓർഡർ വന്നതല്ലേയുള്ളു, ഞാനൊന്ന് ജോയിൻ ചെയ്തോട്ടെ"

മുഖം കറുപ്പിച്ച് നിന്ന ദേവികയെ ഒന്ന് മയപ്പെടുത്താനായി അയാൾ പറഞ്ഞു.

"ഇത്രനാളും സ്ഥിരമായി ഒരു ജോലി ഇല്ലെന്ന കാരണം പറഞ്ഞാണ് ഒഴിഞ്ഞ് മാറിയത്, അവസാനം കാത്ത് കാത്തിരുന്ന സർക്കാർ ജോലി തന്നെ കിട്ടിയില്ലേ?ഇനിയെന്താ തടസ്സം"

അവൾ അക്ഷമയോടെ ചോദിച്ചു.

"ഇനി ഒരു തടസ്സവുമില്ല ,അമ്മയോട് പറഞ്ഞിട്ട് അമ്മാവൻമാരെ ഞാൻ നിന്റെ വീട്ടിലേക്ക് ഉടനെ തന്നെഅയക്കുന്നുണ്ട് ,അത്
പോരെ?

അത് കേട്ടപ്പോൾ ദേവികയുടെ മുഖത്തെ കാർമേഘങ്ങൾ ഒഴിഞ്ഞ് പോയി, പകരം നുണക്കുഴികൾ തീർത്ത് കൊണ്ട്, അവളുടെ കപോലങ്ങളിൽ മെല്ലെ പുഞ്ചിരി വിടർന്നു വന്നു .

അമ്പല പറമ്പിൽ നിന്നും ദേവികയോട് യാത്ര പറഞ്ഞ് ,ഉണ്ണിക്കൃഷ്ണൻ നേരെ വീട്ടിലേക്കാണ് പോയത്

"അമ്മേ... കഞ്ഞി വിളമ്പിക്കോ, നല്ല വിശപ്പുണ്ട്"

വന്ന വഴി തന്നെ , കിണറ്റിൻകരയിൽ നിന്നും കൈ കഴുകി ,ഉണ്ണിക്കൃഷ്ണൻ ഊണ് മേശയിൽ വന്നിരുന്നു.

"ദാ മോനേ.. കുടിച്ച് നോക്ക്, ഉപ്പുണ്ടോന്നൊരു സംശയം"

"ഇതെന്താ അമ്മേ.. മുട്ട പൊരിച്ച തോ?

കഞ്ഞീം പയറിന്റെയും ഒപ്പം പതിവില്ലാതെ മുട്ട ഓംലെറ്റ് കൂടി കണ്ടപ്പോൾ, അയാൾക്ക് അത്ഭുതമായി.

"ങ്ഹാ, എന്നും ഈ പയറ് തോരൻ മാത്രമായിട്ട് കഴിക്കുന്നതല്ലെ, ഞാനിന്ന് അങ്ങേതിലെ മറിയേടെ കയ്യീന്ന് പത്ത് മുട്ട കടം വാങ്ങി ,മോന്റെ ശബ്ബളം കിട്ടുമ്പോൾ കൊടുക്കാമെന്ന് പറഞ്ഞു."

"ഹ ഹ ഹ അത് കൊള്ളാല്ലോ, അമ്മ ഒരു മുഴം മുമ്പേ എറിഞ്ഞല്ലേ?

"ഉം, ഇപ്പോഴാ മോനേ.. അമ്മയ്ക്ക് സമാധാനമായത്, ഈ കുടുംബത്തിന് ഒരു സ്ഥിരവരുമാനമായല്ലോ, മോൻ വന്നിട്ട് അമ്മ മോനോട് ഒരു കല്യാണകാര്യം പറയാൻ ഇരിക്കുകയായിരുന്നു"

"ആണോ ?അത് കൊള്ളാം ,ഞാനിതെങ്ങനെ അമ്മയോട് പറയുമെന്ന വിഷമത്തിലായിരുന്നു,
എന്തായാലും ഇനി അമ്മ തന്നെ പറയ് ,കേൾക്കട്ടെ"

ഉത്സാഹത്തോടെ അയാൾ അമ്മയുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു.

"ഉമയ്ക്ക് വയസ്സ് പത്തൊൻപത് കഴിഞ്ഞു ,വരുന്ന ചിങ്ങത്തിൽ സുഷമയ്ക്കും പതിനെട്ട് തികയും ഒരാളെയെങ്കിലും കെട്ടിച്ചയക്കണ്ടേ? ഞാനാ മൂന്നാൻ, കണാരനോട് നല്ല ആലോചന വല്ലതുമുണ്ടെങ്കിൽ കൊണ്ട് വരാൻ പറഞ്ഞിട്ടുണ്ട്"

പെട്ടെന്ന് ഉണ്ണിയുടെ മുഖത്തെ ചിരി മാഞ്ഞു.

,"അതിന് അവര് പഠിക്കുവല്ലേ അമ്മേ .. മാത്രമല്ല ഒരു കല്യാണമെന്ന് പറയുമ്പോൾ കുറഞ്ഞത്, അഞ്ചാറ് ലക്ഷം രൂപയെങ്കിലും കയ്യിൽ വേണ്ടേ?
ഈ വീട്ടിൽ അതിനുള്ള വകുപ്പ് വല്ലതുമുണ്ടോ ?

അയാൾ ആകാംക്ഷയോടെ ചോദിച്ചു .

"ഇവിടെയൊന്നുമില്ലെന്ന് നിനക്കുമറിയാവുന്നതല്ലേ?
അച്ഛന്റെ സമ്പാദ്യമെന്ന് പറയാൻ ആകെ ഈ വീട് മാത്രമാണുള്ളത്,
ഞാൻ വിചാരിക്കുന്നത്, ഇതിന്റെ ആധാരം പണയം വച്ചിട്ട് കുറച്ച് ലോണെടുക്കാമെന്നാ ,അത് കൊണ്ട് തല്ക്കാലം ഉമയുടെ കാര്യം നടത്താം"

"പക്ഷേ അമ്മേ, അപ്പോൾ ലോൺ തിരിച്ചടയ്ക്കണ്ടേ"

"അതിനുള്ള വഴിയല്ലേ ദൈവം ഇപ്പോൾ കാണിച്ച് തന്നത്, മോന് എന്തായാലും ഒന്നാം തിയതി മുടങ്ങാതെ ശബ്ബളം കിട്ടില്ലേ?അപ്പോൾ നമുക്ക് ലോൺ കുറേശ്ശേ അടച്ച് തീർക്കാമല്ലോ"

അമ്മയുടെ കണക്ക് കൂട്ടലുകൾ കേട്ടപ്പോൾ ഉണ്ണിക്കൃഷ്ണന് മറുപടിയില്ലാതായി.

ദേവിയോട് വീണ്ടും അവധി പറയുന്നതോർത്ത് ഉണ്ണികൃഷ്ണൻ വിഷണ്ണനായിരുന്നു.

ഉമയുടെ കല്യാണം കഴിഞ്ഞാൽ പിറ്റേ വർഷം തന്നെ നടത്താമെന്ന് അവളോട് പറയാം ,അല്ലാതെ വേറെ മാർഗ്ഗമൊന്നുമില്ല.

അങ്ങനെ ആധാരം ബാങ്കിൽ വച്ചിട്ട്, പത്ത് ലക്ഷം രൂപ തികച്ചടുക്കേണ്ടി വന്നു, ഉമയുടെ കല്യാണം വലിയ കുറവുകളൊന്നുമില്ലാതെ നടത്താൻ .

കല്യാണം കഴിഞ്ഞ്, രണ്ട് മാസം കഴിഞ്ഞപ്പോൾ , ഉമ വീട്ടിലേക്ക് തിരിച്ച് വന്നു .

അവൾ ഗർഭിണിയാണ്, നല്ല റെസ്റ്റ് വേണമന്ന് ഡോക്ടർ പറഞ്ഞത്രേ.

അപ്പോൾ അമ്മയാണ് പറഞ്ഞത്, എന്നാൽ പിന്നെ മോളിനി പ്രസവം കഴിഞ്ഞിട്ട് പോയാൽ മതിയെന്ന്.

"അല്ലമ്മേ ... ഉമയെ രണ്ട് മാസത്തേക്ക് മാറ്റി നിർത്താനായിരുന്നോ? ഇത്ര അത്യാവശ്യമായി ലക്ഷങ്ങൾ ലോണെടുത്ത് അവളുടെ കല്യാണം നടത്തിയത്"

ഉണ്ണി,തമാശരൂപേണ അമ്മയോട് ചോദിച്ചു .

"അതല്ലെടാ, അവളുടെ ഭർത്താവ് തിരിച്ച് പട്ടാളത്തിലേക്ക് പോയി കഴിഞ്ഞപ്പോൾ മുതൽ ,അമ്മായിയമ്മ അവളെ കൊണ്ട് അടുക്കള ജോലി മുഴുവനും ചെയ്യിക്കുമെന്ന് ,അപ്പോൾ ഞാനാണ് അവളോട് പറഞ്ഞത്
മോളിങ്ങോട്ട് പോര് ,നിന്റെ ആങ്ങള ഒരു സർക്കാര് ഉദ്യോഗസ്ഥനാണ്, നിന്നെയവൻ പൊന്ന് പോലെ നോക്കിക്കൊള്ളുമെന്ന്"

അത് കൊള്ളാം, അപ്പോൾ പെൺകുട്ടികളെ കെട്ടിച്ചയക്കുന്നത് ഭർത്താവിന്റെ വീട്ടിൽ പോയി കൈയ്യും കെട്ടി ഇരിക്കാനാണോ? എന്ന് ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും അമ്മയെ എതിർത്ത് ശീലമില്ലാത്ത ഉണ്ണി നാവടക്കി.

ഇനിയിപ്പോൾ ഉമയുടെ പ്രസവവും നൂല് കെട്ടുമൊക്കെ കഴിയാതെ, എന്തായാലും തന്റെ കല്യാണക്കാര്യം അവതരിപ്പിക്കാൻ കഴിയില്ലെന്ന്, അയാൾക്ക് മനസ്സിലായി .

ദിവസങ്ങളും മാസങ്ങളും കടന്ന് പോയ്കൊണ്ടിരുന്നു.

ഉമയുടെ വയറ് വലിപ്പം വയ്ക്കുന്നതനുസരിച്ച്, അവളുടെ ആഹാരത്തിനോടുള്ള കൊതിയും കൂടിക്കൊണ്ടിരുന്നു.

ഓരോ ദിവസവും ഉണ്ണി ഓഫീസിലേക്കിറങ്ങുമ്പോൾ, അവൾ മസാല ദോശയും ,ചിക്കൻ പൊരിച്ചതും ചപ്പാത്തിയും ,പിന്നെ നെയ്റോസ്റ്റുമൊക്കെ, മാറി മാറി കൊതിപറഞ്ഞ് വാങ്ങിപ്പിച്ച് കൊണ്ടിരുന്നു.

കാശ്മീരിലിരുന്ന് മഞ്ഞ് കൊളളുന്ന അളിയന് ഇത് വല്ലതു മറിയണോ?

അയാൾ തെല്ല് അസൂയയോടെ മനസ്സിൽ പറഞ്ഞു.

ഒടുവിൽ ഉമയുടെ പ്രസവം കഴിഞ്ഞു .

കുഞ്ഞിന്റെ നൂല് കെട്ട് ദിവസം, രാവിലെ സ്പെഷ്യൽ ക്ളാസ്സിന് പോയ സുഷമ, ഉച്ചയ്ക്ക് ഊണിന്റെ സമയമായിട്ടും തിരിച്ച് വന്നില്ല.

ചടങ്ങ് കഴിഞ്ഞ് ബന്ധുക്കളെല്ലാം പിരിഞ്ഞ് പോയിട്ടും,സുഷമ തിരിച്ച് വരാതിരുന്നപ്പോൾ, ഉണ്ണിക്കൃഷ്ണൻ അവളെ തിരക്കിയിറങ്ങി.

അവളുടെ കൂടെ പഠിക്കുന്ന രജനിയെ വഴിക്ക് വച്ച് കണ്ടപ്പോഴാണ്, ഇന്ന് സ്പെഷ്യൽ ക്ളാസ്സൊന്നുമുണ്ടായിരുന്നില്ലെന്ന് ഉണ്ണി അറിയുന്നത്.

അയാളുടെ ഉള്ളിൽ ഒരാന്തലുണ്ടായി.

ഈശ്വരാ.. ഇനി എവിടെ പോയി അന്വേഷിക്കും ,അമ്മയറിഞ്ഞാൽ അലമുറയിട്ട് നാട്ടുകാരെ മുഴുവൻ അറിയിക്കും ,കെട്ട് പ്രായം തികഞ്ഞ പെണ്ണല്ലേ?

നാട്ടുകാർക്ക് കഥകൾ മെനയാൻ നിമിഷ നേരം മതി.

ഓരോന്ന് ഓർത്തപ്പോൾ ഉണ്ണിയ്ക്ക് ശരീരം തളരുന്നത് പോലെ തോന്നി.

കുറച്ച് കഴിഞ്ഞപ്പോൾ വീട്ടിൽ നിന്നും ഫോൺ വന്നു.

"ഉണ്ണിയേട്ടാ അവളെ കണ്ടോ?

ഉമയായിരുന്നു അത്.

"ഇല്ല കണ്ടില്ല"

അത്രയും പറയാനേ അയാൾക്ക് നാവ് പൊന്തിയുള്ളു.

"ഏട്ടാ ... അവളുടെ ബുക്സുകളൊക്കെ ഇവിടെയുണ്ട്, പക്ഷേ പുതിയ രണ്ട് മൂന്ന് ചുരിദാറുകളും ബാഗും കാണാനില്ല,
എനിക്കെന്തോ പന്തികേട് തോന്നുന്നു ഉണ്ണിയേട്ടാ ..."

"നിന്റെ സംശയം ശരിയാണ് മോളെ, അവൾക്കിന്ന് ക്ളാസ്സുണ്ടായിരുന്നില്ല"

തളർച്ചയോടെ അയാൾ പറഞ്ഞു.

ഉമ ഫോൺ കട്ട് ചെയ്ത് കുറച്ച് കഴിഞ്ഞപ്പോൾ പട്ടാളത്തിലുള്ള അളിയൻ വിളിച്ചു.

"ഉണ്ണിയേട്ടാ.. ഇനി ഒന്നും ആലോചിക്കേണ്ട ,നേരെ പോലീസ് സ്‌റ്റേഷനിലേക്ക് വിട്ടോ ,അവിടെ ചെന്നിട്ട് ഒരു പരാതി എഴുതിക്കൊട് ,അവര് കണ്ട് പിടിച്ചോളും"

അളിയന്റെ ഉപദേശപ്രകാരം, ഉണ്ണിക്കൃഷ്ണൻ അടുത്ത പോലീസ് സ്റ്റേഷനിലേക്ക്, യാത്രയായി .
സ്റ്റേഷനിലേക്ക് ചെല്ലുമ്പോൾ ,ഉണ്ണിക്കൃഷ്ണന്റെ സുഹൃത്തും ആ സ്റ്റേഷനിലെ CPO യുമായ ജയദേവനെ വാതില്ക്കൽ വച്ച് കണ്ടു.

"ഉണ്ണീ.. ഞാൻ നിന്നെ വിളിക്കാനൊരുങ്ങുവായിരുന്നു, സുഷമയിവിടുണ്ട്"

"ങ്ഹേ, അവളെങ്ങനെ ഇവിടെ വന്നു"

"ഞങ്ങൾ മറ്റൊരു കേസ്സുമായി റയിൽവേ സ്റ്റേഷനിൽ ചെന്നതാ, അപ്പോഴാണ് അവിടെ വച്ച് സുഷമയെ കണ്ടത് ,കൂടെ അപരിചിതനായ ഒരു ചെറുപ്പക്കാരനെയും കണ്ടു ,അവരുടെ പെരുമാറ്റത്തിൽ എന്തോ പന്തികേട് തോന്നി ചോദ്യം ചെയ്തപ്പോഴാണറിയുന്നത്, അവര് തമ്മിൽ ഇഷ്ടത്തിലാണെന്നും, ഉച്ചയ്ക്കുള്ള ട്രെയിനിൽ ബാംഗ്ളൂരിലേക്ക് പോകാൻ നില്ക്കുകയാണെന്നും, എന്തായാലും അവർ വിവാഹം രജിസ്റ്റർ ചെയ്തിട്ടില്ല ,അങ്ങനെയാണ് Si സാർ പറഞ്ഞിട്ട്, ഞങ്ങളവരെ ഇങ്ങോട്ട് കൂട്ടികൊണ്ട് വന്നത് "

"എനിക്കവളെയൊന്ന് കാണണം ജയാ .."

"നീ വാ "

അകത്ത്, റൈറ്ററുടെ മുറിയുടെ സൈഡിലിട്ടിരിക്കുന്ന ബെഞ്ചിൽ ഒരു യുവാവിനൊപ്പം സുഷമ ഇരിപ്പുണ്ടായിരുന്നു, ഉണ്ണിയെ കണ്ടതും അവൾ ചാടിയെഴുന്നേറ്റ് തല കുനിച്ച് നിന്നു.

"മോളേ.. നീയെന്ത് അബദ്ധമാണീ കാണിച്ചത് ,ഒരു വാക്ക് ഏടനോട് പറഞ്ഞിരുന്നെങ്കിൽ, നിന്റെ ഇഷ്ടം ഏട്ടൻ നടത്തിത്തരില്ലായിരുന്നോ?

"ഏട്ടന്റെ കയ്യിൽ, അതിനുള്ള സമ്പാദ്യം വല്ലതുമുണ്ടോ ,ചേച്ചിയുടെ കല്യാണം നടത്തിയത് തന്നെ ഉണ്ടായിരുന്ന കിടപ്പാടം പണയം വച്ചിട്ടല്ലേ?

കുറിക്ക് കൊള്ളുന്ന അവളുടെ ചോദ്യത്തിന് മുന്നിൽ അയാൾ പകച്ച് നിന്നു .

"സുഷമേ.. ഉണ്ണിയോട് നീ അങ്ങനൊന്നുo സംസാരിക്കരുത്, അവന് നിന്റെ അച്ഛന്റെ സ്ഥാനമാണ് ,
ഇപ്പോൾ ഒരു എടുത്ത് ചാട്ടത്തിന് ഇന്നലെ കണ്ടുമുട്ടിയ ഒരാളുമായ് നീ ജീവിക്കാൻ ചാടി പുറപ്പെട്ടത് ശുദ്ധ മണ്ടത്തരമാ ,നിനക്കധികം പ്രായമായില്ലല്ലോ? സമയമാകുമ്പോൾ വീട്ടുകാര് ആലോചിച്ച് നിനക്ക് നല്ലൊരു വിവാഹം നടത്തിത്തരും, ഇപ്പോൾ നീ ഏട്ടനോടൊപ്പം വീട്ടിലോട്ട് പോകാൻ നോക്ക്"

ജയദേവൻ അവളെ ഉപദേശിച്ചു.

"ഞങ്ങൾ പ്രായപൂർത്തിയായവരാണ് ,ഒന്നിച്ച് ജീവിക്കാൻ നിയമം ഞങ്ങളെ അനുവദിക്കുന്നുണ്ട് ,അത് കൊണ്ട് ഞങ്ങളെ വേർപെടുത്താൻ നോക്കേണ്ട"

സുഷമ എല്ലാം ഉറപ്പിച്ച മട്ടിലായിരുന്നു.

"ഉണ്ണീ .. നീ ഇങ്ങോട്ട് വന്നേ,
ഞാൻ പറയട്ടേ"

ജയദേവൻ ഉണ്ണിയെ വിളിച്ച് കൊണ്ട് പുറത്തേക്ക് പോയി.

"ഡാ .. അവള് ഇതിൽ നിന്നും പിൻമാറുന്ന ലക്ഷണമില്ല, അവന്റെ വീട്ടുകാരുമായി ആലോചിച്ച് ഇതങ്ങ് നടത്തി കൊടുക്കുന്നതല്ലേ നല്ലത്, Si ഫോൺ ചെയ്തിട്ടുണ്ട്, അവര് ഉടനെയെത്തും"

മറ്റ് നിർവ്വാഹമൊന്നുമില്ലാതെ, ഉണ്ണിക്കൃഷ്ണൻ തല കുലുക്കി.

കുറച്ച് കഴിഞ്ഞപ്പോൾ ഒരു ഓട്ടോറിക്ഷയിൽ മദ്ധ്യവയസ്കരായ  രണ്ട് പേർ വന്നിറങ്ങി.

അവരെ കണ്ടപ്പോൾ ആ ചെറുപ്പക്കാരന്റെ അച്ഛനും അമ്മയുമായിരിക്കുമെന്ന് ഉണ്ണിക്കൃഷ്ണൻ ഊഹിച്ചു.

ജയദേവൻ, അവരെയും ,ഉണ്ണിക്കൃഷ്ണനേയും Si യുടെ മുറിയിലേക്ക് കൂട്ടിക്കൊണ്ട് പോയി.

"ങ്ഹാ, ആ പെണ്ണിനെയും ചെറുക്കനെയും കൂടി ഇങ്ങോട്ട് വിളിക്ക്"

Si പറഞ്ഞതനുസരിച്ച് ജയദേവൻ സുഷമയേയും കൂടെ ഉണ്ടായിരുന്ന സജിത് എന്ന യുവാവിനെയും മുറിയിലേക്ക് കൊണ്ട് വന്നു.

"എന്താ നിങ്ങളുടെ തീരുമാനം, വീട്ടുകാരോടൊപ്പം അവരവരുടെ വീട്ടിലേക്ക് പോകുന്നുണ്ടോ?

Si ചോദിച്ചു.

"ഇല്ല സാർ ,ഞങ്ങൾ ഒരുമിച്ച് ജീവിക്കാൻ വേണ്ടിയാണ് ഒളിച്ചോടാൻ തീരുമാനിച്ചത്"

സജിത്താണ് അത് പറഞ്ഞത്.

"എന്ത് തോന്ന്യാസമാടാ ഈ പറയുന്നത് ,അപ്പോൾ നിന്റെ പെങ്ങളുടെ കാര്യമോ? അതെന്താ നീ ആലോചിക്കാതിരുന്നത് ,എന്റെ സാറെ... ഇവന്റെയും ,ഒരേ ഒരു പെങ്ങളുടെയും കല്യാണം, ഞങ്ങൾ ഉറപ്പിച്ച് വച്ചിരിക്കുവായിരുന്നു, പെണ്ണിനെ കെട്ടിച്ച് വിടാൻ ഞങ്ങൾക്ക് യാതൊരു നിർവ്വാഹവുമില്ലാത്തത് കൊണ്ട്, ഇവൻ കെട്ടാൻ പോകുന്ന പെണ്ണിന്റെ ആങ്ങളയെ കൊണ്ട് എന്റെ മോളെ കെട്ടിക്കാനുള്ള തീരുമാനത്തിലായിരുന്നു ഞങ്ങൾ, അങ്ങോട്ടുമിങ്ങോട്ടും കൊടുക്കൽ വാങ്ങലൊന്നുമില്ലായിരുന്നു ,
ഇവൻ ഈ ചതി ചെയ്താൽ ,അവളെ ഞങ്ങൾ വിഷം കൊടുത്ത് കൊല്ലേണ്ടി വരും ,എന്റെ മോള് ഒരു ദീനക്കാരിയാണ് സാറേ.., എല്ലാം അറിഞ്ഞോണ്ട് ഇനി ആരെങ്കിലും അവളെ കെട്ടാൻ വരുമോ?

സജിത്തിന്റെ അമ്മ അലമുറയിട്ടു.

"നിങ്ങള് ബഹളം വയ്ക്കാതെ, നമുക്കെന്തെങ്കിലും വഴി കണ്ടു പിടിക്കാം, എന്തായാലും സൃഷമയുടെ വീട്ടുകാർ അവളെ വെറുതെ അങ്ങോട്ടയക്കില്ലല്ലോ? ഒന്നുമില്ലേലും അവളുടെ ആങ്ങള ഒരു സർക്കാർ ഉദ്യോഗസ്ഥനല്ലേ?
അല്ലേടോ?

അവരെ സമാധാനിപ്പിച്ച് കൊണ്ട് si ,ഉണ്ണിക്കൃഷ്ണന്റെ മുഖത്ത് നോക്കി.

"അയ്യോ സർ, ഇവളുടെ മൂത്ത കുട്ടിയെ കല്യാണം കഴിച്ച് വിട്ടത് തന്നെ ,കുടുംബം പണയപ്പെടുത്തിയിട്ടാ, അതും ഒരു വർഷം മുമ്പ് ,ആ ബാധ്യത തീരാൻ തന്നെ വർഷങ്ങളെടുക്കും ,എനിക്ക് കുറച്ച് സാവകാശം തന്നാൽ ഞാൻ, പിന്നീട് അവൾക്ക് വേണ്ടത് ചെയ്യാം ,എന്തായാലും ഇത്രയും ആയ സ്ഥിതിക്ക് ,അവരുടെ വിവാഹം ലളിതമായി നടത്തിക്കൊടുക്കാം സാർ"

ഉണ്ണിക്കൃഷ്ണൻ, താഴ്മയായി പറഞ്ഞു

"ഹയ്യടാ... അതങ്ങ് പള്ളീൽ പോയി പറഞ്ഞാൽ മതി ,എന്റെ മോന് നല്ല ഒന്നാന്തരം ആലോചനകള് വേറെ കിട്ടും,പെങ്ങളെ ഓസിന് പറഞ്ഞ് വിടാനുള്ള വേലയങ്ങ് മനസ്സിലിരിക്കട്ടെ"

സജിത്തിന്റെ അമ്മ രൗദ്രഭാവം പൂണ്ടു.

"അമ്മേ... ഒന്ന് മിണ്ടാതിരിക്കുന്നുണ്ടോ ?അദ്ദേഹത്തിന്റെ കയ്യിൽ ഇപ്പോൾ ഇല്ലാത്തത് കൊണ്ടല്ലേ പിന്നീട് തരാമെന്ന് പറഞ്ഞത്"

സജിത് ,അമ്മയെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.

"നീ മിണ്ടാതിരിക്കെടാ ചെറുക്കാ
തൊലി വെളുപ്പുള്ള പെണ്ണിനെ കണ്ടപ്പോൾ നിനക്ക് നിന്റെ കാര്യം നടന്നാൽ മതിയെന്നായി ,അല്ലേ?

"അങ്ങനെയെങ്കിൽ ഒരു കാര്യം ചെയ്യാം ,ഞാനൊരു അഭിപ്രായം പറയാം, എന്റെ കല്യാണത്തിനൊപ്പം എന്റെ പെങ്ങളുടെ കല്യാണം കൂടി നടത്താം"

സജിത് ഒരു വഴി പറഞ്ഞു.

"അതിന് നീ ചെറുക്കനെ കണ്ട് വച്ചിട്ടുണ്ടോ?

അമ്മ അരിശത്തോടെ ചോദിച്ചു.

"ഉണ്ട്, ഈ നില്ക്കുന്ന ഉണ്ണിയേട്ടൻ ,ആള് സർക്കാരുദ്യോഗസ്ഥനാ ,അത് കൊണ്ട്, പരസ്പരം കൊടുക്കൽ വാങ്ങലുകളൊന്നും വേണ്ടല്ലോ ?എന്ത് പറയുന്നു ഉണ്ണിയേട്ടാ ..."

ഞെട്ടലോടെയാണ് ഉണ്ണിയത് കേട്ടത് .

"അത് നല്ല ആശയമാണല്ലോ? ഉണ്ണീ ...എങ്കിലിത് ഉറപ്പിച്ചാലോ?

Si ആണ് അത് ചോദിച്ചത്.

ഉണ്ണിക്കൃഷ്ണൻ ,ചെകുത്താനും കടലിനുമിടയിൽ പെട്ടതു പോലെയായി.

ഒരു വശത്ത് പെങ്ങളുടെ ഭാവി തുലാസിൽ തൂങ്ങിയാടുമ്പോൾ ,മറുവശത്ത് ദേവികയുടെ ദൈന്യതയാർന്ന മുഖം തെളിഞ്ഞ് വരുന്നു.

ഉണ്ണിക്കൃഷ്ണൻ ഒരു തീരുമാനത്തിലെത്താനാവാതെ കുഴങ്ങി.

"ഉണ്ണിയേട്ടാ ... ആലോചിച്ചിട്ട് ഒരു തീരുമാനമെടുത്താൽ മതി ,എന്തായാലും മറ്റൊരാളുമായി ഒളിച്ചോടാൻ പോയ പെണ്ണിനെ വീട്ടിൽ കൊണ്ടിരുത്തിയാൽ എടുക്കാ ച്ചരക്കായിപോകത്തേയുള്ളു, അത് കൊണ്ട്, ഇപ്പോൾ പെങ്ങളെ കൂട്ടികൊണ്ട് പൊയ്ക്കൊള്ളു.  തീരുമാനം ഒരുപാട് വൈകാതെ ഞങ്ങളെ അറിയിച്ചാൽ മതി ,അമ്മേ .. അച്ഛാ .. വരു നമുക്ക് വീട്ടിലേക്ക് പോകാം"

സജിത്തിന്റെ പെട്ടെന്നുള്ള മാറ്റം ഏവരേയും അമ്പരപ്പിച്ചു.

"ഒന്ന് നിന്നേ ..."

സുഷമയുടെ ശബ്ദം കേട്ട് സജിത്തും വീട്ടുകാരും തിരിഞ്ഞ് നിന്നു.

"നിങ്ങൾ നിങ്ങളുടെ പെങ്ങളെ സ്നേഹിക്കുന്നതിനെക്കാൾ കൂടുതൽ, എന്റെ ഉണ്ണിയേട്ടൻ എന്നെ സ്നേഹിക്കുന്നുണ്ട്,
അത് കൊണ്ട് ചിലപ്പോൾ, അദ്ദേഹത്തിന്റെ ജീവിതം ബലികഴിച്ച് കൊണ്ട്, ഒരു പക്ഷേ നിങ്ങളുടെ ഡിമാന്റ് ഉണ്ണിയേട്ടൻ അംഗീകരിച്ചേക്കാം ,പക്ഷേ ഞാനൊരിക്കലും അതിന് സമ്മതിക്കില്ല ,കാരണം നിങ്ങൾക്കെന്നോട് ആത്മാർത്ഥമായി സ്നേഹമുണ്ടായിരുന്നെങ്കിൽ, എന്നെ വച്ച് ഒരിക്കലും ഇങ്ങനെ വിലപേശില്ലായിരുന്നു ,അമ്മയെ പേടിച്ച്, പാതി വഴിയിൽ എന്നെ ഉപേക്ഷിച്ച നട്ടെല്ലില്ലാത്ത നിങ്ങളോടൊപ്പം ഞാനിനി വരില്ല,
ഇനി എത്ര നാൾ കഴിഞ്ഞിട്ടാണെങ്കിലും, എനിക്ക് പറ്റിയ ഒരു വരനെ എന്റെ ഏട്ടൻ കണ്ടെത്തി തരുമെന്ന് എനിക്ക് ഉറപ്പുണ്ട്, വരു ഏട്ടാ .. നമുക്ക് പോകാം"

സുഷമ ഉണ്ണിക്കൃഷ്ണന്റെ കയ്യിൽ പിടിച്ച് വലിച്ചപ്പോൾ, ടi ഉൾപ്പെടെ എല്ലാ പോലീസുകാരും കയ്യടിച്ചു.

"പെൺകുട്ടികളായാൽ ഇങ്ങനെ വേണം വെരി ഗുഡ്"

si അവളുടെ തോളിൽ തട്ടി അഭിനന്ദിച്ചു.

##################

"ഏട്ടാ ... ഏട്ടന്റെ കല്യാണം ഇനിയും വച്ച് താമസിപ്പിക്കരുത്, ഏട്ടന് മടിയാണെങ്കിൽ, അമ്മയോട് ഞാൻ പറഞ്ഞോളാം ദേവികേച്ചിയുടെ കാര്യം"

ഉണ്ണിയോടൊപ്പം ,ബൈക്കിന്റെ പിന്നിലിരുന്ന് വീട്ടിലേക്ക് പോകുമ്പോൾ, സുഷമ പറഞ്ഞത് കേട്ട് അയാൾ അമ്പരന്നു.

"എടീ കുരിപ്പേ ..നീയതെങ്ങനെയറിഞ്ഞെടീ"

"അതോ? അത് പിന്നെ ഏട്ടന്റെ ഷർട്ടുകൾ കഴുകാൻ എടുക്കുമ്പോൾ ,പോക്കറ്റിലുള്ള പേപ്പറുകൾ നനയാതിരിക്കാൻ, ഞാനല്ലേ എടുത്ത് മേശപ്പുറത്ത് വയ്ക്കുന്നത്, അപ്പോൾ അറിയാതെ ഞാനതൊക്കെ തുറന്ന് വായിക്കാറുണ്ടായിരുന്നു"

"എടീ.. എടീ.. നിന്നെ ഞാൻ ശരിയാക്കിത്തരുന്നുണ്ട്, വീട്ടിലേക്ക് ചെല്ലട്ടെ"

അങ്ങനെ ,ഒരു പകല് മുഴുവൻ നീറിപ്പുകഞ്ഞ തങ്ങളുടെ മനസ്സിലേക്ക് പ്രതീക്ഷയുടെ ഇത്തിരി വെളിച്ചവുമായി, സന്തോഷത്തോടെ അവർ വീട്ടിലേക്കുളള യാത്ര തുടർന്നു.


രചന: സജി തൈപറമ്പ്.
To Top