പ്രണയത്തിലേക്ക് പോയിരുന്നോ മനസ്?

Valappottukal

എപ്പോഴാ മാഷേ  എത്തുക    സന്ധ്യക്കാണ് നാഗക്കളം.   ലേറ്റ് ആവില്ല ഞാൻ ഇറങ്ങി.  കാൾ കട്ട്‌ ചെയ്തു. ഡ്രൈവിങ്ങിൽ ശ്രദ്ധകൊടുത്തു.. 

എന്റെ കൂടെ വർക്ക്‌ ചെയ്ത കുട്ടിയാണ്..  എല്ലാം ഷെയർ ചെയ്യാൻ പറ്റുന്ന ഒരു കൂട്ടുകാരി.  ഇടക്കെപ്പോഴോ സൗഹൃദത്തിൽ നിന്നു പ്രണയത്തിലേക്ക് പോയിരുന്നോ മനസ്?  അറിയില്ല..   അല്ല അറിയാഞ്ഞിട്ടല്ല എന്നിൽ കൂടെ മാത്രം നിറവേറ്റണ്ട കുറേ കടമകൾ ഉണ്ടായിരുന്നു..  അതുകൊണ്ട്..  തമ്മിൽ തമ്മിൽ ഇഷ്ടമാണെന്നു അറിഞ്ഞിട്ടും..  പറയാൻ ബാക്കി വെച്ചതാണ് .

ശ്രീലക്ഷ്മി. 
ഒരു ചെറുപ്പുളശ്ശേരിക്കാരി
അവളുടെ നാടിനെ പറ്റി പറയുമ്പോൾ നൂറു നാവാണ്..  ഇപ്പോഴും കാവും വെച്ചാരാധനയും ഒക്കെയുള്ള  കുടുംബ പശ്ചാത്തലം. എപ്പോഴും ഉണ്ടാവും അതിനെ പറ്റിയുള്ള കുറേ കഥകൾ.   ഇന്നവളുടെ കുടുംബക്ഷേത്രത്തിലെ ഉത്സവമാണ്..  തോറ്റം പാട്ടും നാഗകളവും എല്ലാം ഉള്ള ഉത്സവം..  നാഗങ്ങൾക്കു തുള്ളാനായി  അവളാണത്രെ ഇരിക്കാ..മുൻപത്തെ രണ്ടു വർഷത്തെയും ഉത്സവത്തിന് വിളിച്ചതായിരുന്നു..  ഞാൻ  പോയില്ല..   പോവാൻ ഇഷ്ടമില്ലാഞ്ഞിട്ടല്ല..   എന്തുകൊണ്ടോ പോയില്ല.   ഈ പ്രാവശ്യം വിളിക്കില്ല എന്നാണ് കരുതിയത്.  പക്ഷേ അവളു മറക്കാതെ ഇപ്രാവശ്യവും വിളിച്ചു.. 

എന്നിലെ പ്രാരാബ്ദങ്ങളുടെ കെട്ടുപാടുകളൊക്കെ ഇപ്പോൾ ഒതുങ്ങിയിരിക്കുന്നു.  സ്വന്തം ഇഷ്ടങ്ങൾക്കുവേണ്ടിയും എനിക്കിപ്പോൾ സമയമുണ്ട്.  അതുകൊണ്ടും കൂടിയാണ് ഈ യാത്ര.. 

ഗ്രാമ ഭംഗി കാണണമെങ്കിൽ ശരിക്കും പാലക്കാട് തന്നെ പോണം എന്ന്‌ തോന്നി.    പാടങ്ങളും പനകളും..  വല്ലാത്തൊരു ഫീൽ തന്നെയാണ്. 
ലൊക്കേഷൻ ഷെയർ ചെയ്തു തന്നത് കൊണ്ടു വീടു കണ്ടുപടിക്കാൻ ബുദ്ധിമുട്ടേണ്ടി വന്നില്ല...

കാർ വെട്ടുകല്ലുകൊണ്ടു  മനോഹരമായി കെട്ടിയ ഒരു പടിപ്പുരയുടെ മുന്നിൽ ചെന്നു നിന്നു.. 

വണ്ടിയിൽ നിന്നു ഇറങ്ങിയ എന്നെ കാത്തു അവളും കൂടെ വാലായി കുറച്ചു കുട്ടികളും ഉണ്ടായിരുന്നു.. 

വായോ മാഷേ..  അകത്തേക്ക് വരൂ.  അവളു ജോബ് റിസൈൻ ചെയ്തതിൽ പിന്നെ തമ്മിൽ കണ്ടിട്ടില്ല.  ഒരുപാട്  നാളുകൾക്കു ശേഷം കണ്ടതിന്റെ സന്തോഷം അവളുടെ കണ്ണിൽ നിന്നു വായിച്ചെടുക്കാൻ എനിക്കു കഴിഞ്ഞിരുന്നു. 

അച്ഛനും അമ്മയും എവിടെ?   
എന്ന്‌ ചോദിച്ചു തീരുമ്പോഴേക്കും..  വഴി കണ്ടു പിടിക്കാൻ ബുദ്ധിമുട്ടിയോ എന്ന്‌ ചോദിച്ചു അച്ഛൻ വന്നു..

ഇല്ലച്ഛാ..  മാപ് ഇട്ടു പോന്നു.  കയറി ഇരിക്കൂട്ടോ.  ഞാൻ വൈകീട്ടത്തെ ദീപാരാധനക്കുള്ള ഒരുക്കങ്ങൾ ശരിയാക്കിയിട്ടു വരാം.

പടിപ്പുരയും തെച്ചിയും മന്ദാരവും മുല്ലയും എല്ലാം ആ വർഷങ്ങൾ പഴക്കമുള്ള വീടിന്റെ ഭംഗി കൂട്ടുന്നതായി എനിക്കു തോന്നി.. 

ഉമ്മറത്തേക്കു കയറിയപ്പോൾ അമ്മയും വന്നു..  യാത്രയൊക്കെ  സുഖായോ?  ഇരിക്കൂട്ടോ ഇപ്പൊ ചായ എടുക്കാം..  ഇവളെപ്പോഴും പറയാറുണ്ട് മോനെ പറ്റി.  കഥകളൊക്കെ വായിക്കാനും തരാറുണ്ട് നല്ല എഴുത്താണ്.. 

ആ സന്തോഷം അമ്മാ..   ഓഹ് കംമെന്റിന് റിപ്ലൈ കൊടുക്കുന്ന പോലെ തന്നെ അമ്മയോടും അല്ലേ മാഷേ.. ?  അവളുടെ ആണ് മറുപടി 

ശീലായി..  എന്താ ചെയ്യാ.. ശ്രീ

നിങ്ങളു സംസാരിച്ചിരിക്കു.. ഞാൻ ചായ എടുക്കാം.

അമ്മ അകത്തേക്ക് പോയപ്പോൾ..  ഞാൻ അവളോട്‌ ചോദിച്ചു.. എന്തുവാടി.  മനുഷ്യനെ നാണം കെടുത്തുമല്ലോ.. 

എപ്പോഴാ നിന്റെ തുള്ളൽ.. സന്ധ്യക്ക്‌..  ദീപാരാധന കഴിഞ്ഞാൽ നാഗകളം.

എന്നാലും ഞാൻ കരുതിയില്ല വരുമെന്ന്.. എനിക്കെത്ര സന്തോഷായി എന്നറിയോ?  കഴിഞ്ഞ രണ്ടു പ്രാവശ്യവും ഞാൻ വിളിച്ചിട്ട് വന്നില്യാലോ.? 

കഴിഞ്ഞ രണ്ടു പ്രാവശ്യവും വിളിച്ചപ്പോൾ ഞാൻ നോക്കട്ടെ എന്നല്ലേ പറഞ്ഞത്..  ഈ പ്രാവശ്യം ഞാൻ വരും എന്നല്ലേ പറഞ്ഞത്.   അല്ലാ മാഷ്ക്ക്  കുളിക്കണ്ടേ..? 

പിന്നേ കുളിക്കണം.  നീ പറയാറുള്ള കുളത്തിൽ തന്നെ കുളിക്കണം. 

എന്നാൽ വരൂ..  ഞാൻ കുളം കാണിച്ചു തരാം.. കവുങ്ങും തെങ്ങും നിറഞ്ഞ പറമ്പിലൂടെ നടക്കുമ്പോൾ അവൾ വാ തോരാതെ സംസാരിക്കുന്നുണ്ടായിരുന്നു..

കുളം കണ്ടപ്പോൾ..  മനസു നിറഞ്ഞു..  വെട്ടുകല്ല് കൊണ്ടു ചുറ്റും പടവുകൾ കെട്ടി..  നല്ല നീല നിറത്തിലുള്ള വെള്ളം. എന്താ മാഷേ അന്തം വിട്ടു നിക്കണേ..  യശോദേ എന്നും പറഞ്ഞു ചാടിക്കോ.. 

ഞാൻ അപ്പോഴേക്കും ഒരുങ്ങട്ടെ ദീപാരാധന കഴിഞ്ഞാൽ കളത്തിൽ ഇരിക്കണം..   പിന്നെ കുളിച്ചു കഴിഞ്ഞാൽ മാറാൻ ഉള്ളത് ദാ ആ കവറിൽ ഉണ്ട്.. 

ആ തണുത്ത വെള്ളത്തിൽ ഒന്നു നീന്തി കുളിച്ചപ്പോൾ തന്നെ വല്ലാത്തൊരു സുഖം..  കുളി കഴിഞ്ഞു .  അവൾ തന്ന കവറിലുള്ള ഡ്രസ്സ്‌ എടുത്തു നോക്കി..    ഒരു ബ്ലാക്ക് ഷർട്ടും ഒരു കാവി മുണ്ടും

വരുമെന്ന് ഉറപ്പില്ലാതിരുന്നിട്ടും ഇവളിതു വാങ്ങി വെച്ചോ.വരാതിരുന്ന രണ്ടു വര്ഷങ്ങളിലും ഇതുപോലെ പ്രതീക്ഷയോടെ കാത്തിരുന്നിട്ടുണ്ടാവും. ശബ്ദം പുറത്തു വരാതെ മനസ് പറയുന്നുണ്ടായിരുന്നു പാവം. 

തിരിച്ചു വരുമ്പോൾ വീടിനോടു ചേർന്നുള്ള അവളുടെ  കുടുംബക്ഷേത്രത്തിൽ നിറയെ ദീപങ്ങൾ തെളിഞ്ഞിരുന്നു.

ഞാൻ ഷർട്ട്‌ അഴിച്ചു ഉള്ളിൽ കേറി തൊഴുതു.. കർപ്പൂരത്തിന്റെയും ചന്ദനതിരിയുടെയും വാസനയിൽ തന്നെ മനസ് ഭക്തിയിൽ ലയിച്ചു പോവുന്നു  ഒരു ഭാഗത്തു നാഗങ്ങൾക്കുള്ള കളം വരക്കുന്നുണ്ട് പുള്ളുവനും പുള്ളുവത്തിയും കൂടി.. 

ദീപാരാധന കഴിഞ്ഞു. ശംഖുവിളിയോട് കൂടെ ആ      ശ്രീകോവിലിന്റെ നട തുറന്നു. മനസറിഞ്ഞു  കൈകൂപ്പി തൊഴുതു..  ലോകാ സമസ്താ സുഖിനോ ഭവന്തു.

ദീപാരാധനയ്ക്കു ശേഷം നല്ല കടും പായസം കിട്ടി..    പ്രസാദം കഴിച്ചു കൈ കഴുകി വരുമ്പോഴേക്കും. നാഗങ്ങൾക്കുള്ള പാട്ടു തുടങ്ങി..   പല നിറത്തിലുള്ള പൊടികളിട്ടു വരച്ച കളത്തിന്റെ നടുക്ക് അവളെ ഇരുത്തിയിരിക്കുന്നു..  മുകളിൽ കുരുത്തോല പന്തലിട്ടിട്ടുണ്ട്.  കൂടെ അവളുടെ പ്രായത്തിലുള്ള വേറൊരു കുട്ടിയും..  രണ്ടു പേരുടെ കയ്യിലും കവുങ്ങിൻ പൂക്കുലയുണ്ട്.   

എല്ലാവരും ഭക്തിയോടെ കൈ കൂപ്പി ഇരിക്കുന്നു..  ചിലരൊക്കെ എന്നെ നോക്കുന്നുണ്ട്..  ഇതാരപ്പാ  ഇതുവരെ കണ്ടിട്ടില്ലാത്തതാണല്ലോ എന്ന ഭാവത്തിൽ..

ചിലര് ശ്രീടെ ഫ്രണ്ട് ആണല്ലേ..  പറഞ്ഞു അറിയാട്ടോ എന്നൊക്കെ പറഞ്ഞു പരിജയപെട്ടു  പോകുന്നുണ്ട്. 

കൂടെ വരാൻ പറഞ്ഞപ്പോൾ വരാതിരുന്ന കൂട്ടുകാരനോട്  എനിക്കു ദേഷ്യം വന്നു..  അതങ്ങിനെ ആണല്ലോ പരിജയമില്ലാത്തിടത്തു ചെല്ലുമ്പോൾ..  അതും മറ്റുള്ളവർ നമ്മളെ ശ്രദ്ധിക്കുമ്പോൾ ഒറ്റയ്ക്ക് പിടിച്ചു നിൽക്കാൻ വല്യ പാടാണ്.  ചെന്നു പെട്ടവർക്ക് അറിയാം.. 

ഞാൻ പാട്ടിൽ ശ്രദ്ധ കേന്ദ്രീകരിച്ചു..  അവരുടെ താളത്തിൽ പതിയെ പതിയെ ലയിച്ചു ചേർന്നു..  വീണയുടെ ശബ്ദവും പുള്ളോൻ കുടത്തിന്റെ ശബ്ദവും മുറുകി..  പാട്ടിന്റെ ഭാവവും അതിനൊപ്പം മാറി.. 

കളത്തിലിരുന്ന അവളും മറ്റേ കുട്ടിയും..  ആ പാട്ടിനൊപ്പം..  തുള്ളി തുടങ്ങി എല്ലാവരും ഭക്തിയോടെ കൈകൾ കൂപ്പി നിൽക്കുന്നു...   കയ്യിലെ കവുങ്ങിൻ പൂക്കുലയാലും അഴിച്ചിട്ട മുടികളാലും. ആ കളം അവർ മായ്ച്ചു തുടങ്ങി..  രണ്ടു നാഗങ്ങളുടെ ഭാവത്തോടെ.  വാലിൽ നിൽക്കുന്ന നാഗങ്ങളെ പോലെ എണീറ്റു നിന്നു പന്തലിട്ട കുരുത്തോല പറിച്ചു..  ആ കളം അവർ മായ്ച്ചു..   

ആ കാഴ്ചയിൽ എന്തെന്ന് അറിയാത്തൊരു വികാരം എന്റെ കണ്ണു നനയിപ്പിച്ചു.. 

പുള്ളുവത്തി ചോദിക്കുന്ന ചോദ്യങ്ങൾക്കൊക്കെ മറുപടി കൊടുത്തു..   കല്പനകൾ എന്നാണത്രെ അതിനെ പറയാ... വീണ്ടും പാടി പാടി..  അവർ അവരുടെ വിശ്വാസത്തിന്റെയും ആചാരങ്ങളിൽ നിന്നും..  സ്ഥായി ഭാവത്തിലേക്ക് തിരിച്ചു വന്നു.

 മുടിയിലും ചുറ്റിയ സെറ്റ് മുണ്ടിലും നിറയെ നിറങ്ങൾ  പറ്റി പിടിച്ചിരുന്നു. 

നാഗകളം കഴിഞ്ഞപ്പോഴേക്കും രാത്രിയായി..  അവളുടെ കൂടെ വാലായുളള കുട്ടികളുമായി കഥ പറഞ്ഞിരിക്കുമ്പോഴാണ്..  അവളു കുളിയൊക്കെ കഴിഞ്ഞു വന്നത്.  മാഷ്  കഴിച്ചുവോ? 

ഇല്ല ശ്രീ വന്നിട്ട് ഒന്നിച്ചു ഇരിക്കാന്നു കരുതി. 

എങ്ങിനെയുണ്ട് എന്റെ കുട്ടിപട്ടാളംസ്? 

സൂപ്പർ അല്ലേ..  നാളെ  അവരെ  കറക്കാൻ കൊണ്ടു പോണം എന്ന്‌. 

ആ ബെസ്റ്റ്.   മാഷ് അല്ലാണ്ട് ഇവരോട് മിണ്ടുവോ..  ഇവരുടെ കൂടെ പോയാൽ നാളെ മാഷിനെ വിറ്റു ആ പൈസക്ക് ഐസ് ക്രീം വാങ്ങി വരും.   ഞാൻ ഒരു  വിധത്തിലാ കൊണ്ടു നടക്കണേ.. 

മാഷ് വായോ മ്മക്ക് ഇരിക്കാം..  അമ്മേം അച്ഛനും കഴിച്ചോ.  ഇല്ല അവര് ലേറ്റ് ആവും..  പണികൾ ഇല്ലേ എല്ലാം ഒതുക്കണം.. 

അവളുടെ കൂടെ ഇരുന്നു ചൂടുള്ള ചോറിൽ സാമ്പാറും പപ്പടവും കൂട്ടി കുഴച്ചു കഴിക്കുമ്പോഴാണ്.  അവളു പറഞ്ഞത്.  മാഷ്ക്ക്  ഇഷ്ടപ്പെട്ടോ ഞങ്ങളുടെ ഉത്സവം. 

ആ പിന്നല്ലാതെ..  ഞാൻ പലയിടത്തും കണ്ടിട്ടുണ്ടെങ്കിലും മുഴുവനായിട്ടു ഇന്നാണ് പറ്റിയത് മാത്രമല്ല..  മുൻപ് കണ്ടിട്ടുള്ള പോലല്ല ഇന്ന് അതിനൊരു ഫീൽ ഉണ്ടായിരുന്നു. 

യാത്ര ക്ഷീണം ഇല്ലേ..  തട്ടും പുറത്തെ മുറി  ശരിയാക്കിഇട്ടിട്ടുണ്ട്.  മാഷ്  പോയി കിടന്നോളു.. 

ഇല്ല ഞാൻ ഇറങ്ങാൻ നോക്കാ ശ്രീ..  പോണം..  ഈ രാത്രിയോ.  അതു പറ്റില്ല മാഷേ..   അതും ഇത്ര വൈകിട്ടു..  ഞാൻ സമ്മതിച്ചാലും അമ്മേം അച്ഛനും സമ്മതിക്കില്ല..  അതുകൊണ്ട്‌ നല്ല കുട്ടിയായിട്ടു പോയി കിടന്നു ഉറങ്ങാൻ നോക്കു.

രാവിലെ എണീറ്റു കുളിച്ചു റെഡിയായി വന്നപ്പോഴേക്കും നല്ല ചൂടുള്ള ഇഡലിയും ചമ്മന്തി പൊടിയും സാമ്പാറും..  മേശയിൽ നിരന്നിരുന്നു..

കാപ്പി കുടിച്ചു കൈ കഴുകുമ്പോൾ ആണ്..  അവൾ പറഞ്ഞത്.  എനിക്കൊരു വഴിപാടുണ്ട് കുന്നും പുറത്തെ അമ്പലത്തിൽ..  എന്റെ കൂടെ വരോ? 
ഞാൻ ഒന്നു നോക്കിയപ്പോൾ..  ലാസ്റ്റ് ആണ് ഇനിയൊന്നും പറയില്ല..  എന്നതിൽ ദയനീയമായി നോക്കി.. 

ഒക്കെ പോയേക്കാം..  കാറിന്റെ ചാവി എടുത്തു ഇറങ്ങിയപ്പോഴാണ് അവളുടെ അച്ഛൻ പറഞ്ഞത്.  കാറിൽ പോയാൽ ഒരുപാട് നടക്കണം എന്റെ വണ്ടി എടുത്തോ എന്ന്‌ പറഞ്ഞു ചായ്‌പിൽ ടാർപ്പായ കൊണ്ടു മൂടി  വെച്ചേക്കുന്ന വണ്ടി കാണിച്ചു തന്നത്. 

പഴയ ഒരു ബുള്ളറ്റ്..  ആഹാ.  കൊള്ളാലോ.  അച്ഛനും എന്റെ പോലെ വണ്ടി ഭ്രാന്ത്  ഉണ്ടോ?  ആ കുറച്ച്. 

കുറച്ചൊന്നുമല്ലാട്ടാ.  ഇത്തിരി കൂടിയ ടൈപ്പ് ആണ്.  അവളുടെയാണ് കമന്റ്‌.

 അവളെയും കൊണ്ടു ആ ബുള്ളറ്റ് ശംഖുപുഷ്പങ്ങൾ നിറഞ്ഞ ഇടവഴിയിൽ കൂടെ നീങ്ങി.

നിന്റെ അച്ഛൻ കൊള്ളാട്ടോ ശ്രീ..  ഇത്ര പഴക്കം ഉണ്ടായിട്ടും ഇവനൊരു കുലുക്കമില്ല സ്മൂത്ത്‌ വർക്കിംഗ്‌  ആണ്. 

ഞാൻ അച്ഛനെ കളിയാക്കി പറയുന്നത് അച്ഛന്റെ മൂത്ത മോൻ ബുള്ളറ്റ് ആണെന്നാണ്.. പോന്നു പോലെയാ നോക്കണേ.

ഞാൻ ചിരിച്ചു..  മിററിൽ കൂടി നോക്കിയപ്പോൾ അവളും ചിരിക്കുന്നുണ്ട്.. 

കുന്നുംപുറത്തുള്ള കോവിലിൽ  ആളുകൾ ഇല്ലായിരുന്നു..  ഒരു പൂജാരി മാത്രം..    വലിയൊരു പാറയുടെ മുകളിൽ ഒരു കുഞ്ഞു ക്ഷേത്രം.   മുന്നിൽ ഒരു കൽവിളക്ക്.    ആ പാറയിൽ വേരുകൾ പറ്റി പിടിച്ചു നിൽക്കുന്ന ഒരാൽ മരം..   ആൽ മരത്തിൽ നിറയെ കുഞ്ഞു കുഞ്ഞു മണികൾ കെട്ടിയിട്ടുണ്ട്.. 

ഇതെന്തിനാ ശ്രീ ഈ മണികൾ..  ഇതു ഓരോരുത്തരുടെ പ്രാർത്ഥനകളാ  മാഷേ. 

ശ്രീ കെട്ടിയിട്ടുണ്ടോ ഇവിടെ മണി..

 ഞാനും കെട്ടിയിട്ടുണ്ട്..

ആഹാ..  എന്തിനാ.
 
അതൊന്നും പറയാൻ പാടില്ല..  നടന്നാലേ പറയാൻ പാടൂ.. 

കോവിലിന്റെ മുൻപിൽ കൈകൂപ്പി നിൽക്കുമ്പോൾ.. വീശുന്ന കാറ്റിൽ അവളുടെ കറുത്ത കരയുള്ള സെറ്റ് സാരിയുടെ തലപ്പ് പറക്കുന്നുണ്ടായിരുന്നു.. 

എനിക്കൊരുപാട് വിശ്വാസമുള്ള ക്ഷേത്രമാണ്.  എന്റെ സന്തോഷങ്ങളും സങ്കടങ്ങളും എല്ലാം.. ഇവിടെയാണ് ഞാൻ പറയാ..

ശ്രീക്കു എന്താ ഇപ്പൊ സങ്കടം..  ഒന്നൂല്യ മാഷേ.

പറയെടോ? 

 ഒന്നുല്യാന്നു പറഞ്ഞൂലോ
പറയുണ്ടെങ്കിൽ പറ.  ഇനി ഒരു വരവും കാണലും ഒന്നും ഉണ്ടാവില്ല ചിലപ്പോൾ. 

മാഷ്ക്ക് എന്നോടൊട്ടും സ്നേഹമില്ലേ?   മൂന്നു വാക്കുകളേ ഉള്ളൂവെങ്കിലും അതു ചോദിച്ചപ്പോൾ അവളുടെ സ്വരം ഇടറിയിരുന്നു...

എന്താ അങ്ങനൊരു ചോദ്യം. 

ഇന്നലെ വന്നിട്ട് രാത്രിതന്നെ പോവാന്ന് പറഞ്ഞപ്പോൾ എനിക്കങ്ങിനെ തോന്നി.  എത്ര കാലം കൂടി കണ്ടതാ ഒന്നു സംസാരിക്കാൻ കൂടി പറ്റിയില്ല.

ഫീൽ ചെയ്തോ? 

ഹേയ് എനിക്കെന്തിനാ മാഷേ വിഷമം. 

പിന്നെന്തിനാ കണ്ണു നിറയണേ?

എന്നാലേ ഇനി ആ കണ്ണു നിറയണ്ട. ആ കയ്യൊന്നു നീട്ടിക്കേ.. 

നിനക്കായി വാങ്ങിയതാണ്.  സമ്മാനമല്ല ഇതു.  ഒരിക്കലും കൈ വിടില്ല എന്ന വിശ്വാസമാണ്.  ആ വിശ്വാസം ഉണ്ടെങ്കിൽ നിനക്കിതു വിരലിൽ അണിയാം സ്നേഹമെന്ന വിശ്വാസത്തിന്റെ ആഴം അനുഭവിച്ചറിയാം..

പിന്നെ ശ്രീടെ അച്ഛൻ പറഞ്ഞുലോ..  വരുന്ന ആലോചനകളെല്ലാം ഓരോ കാരണം പറഞ്ഞു ശ്രീ മുടക്കാണെന്നു..    മോനൊന്നു ചോദിക്ക് എന്താ കാരണമെന്ന് എന്ന് ?   

ഇനിയിപ്പോ  എനിക്കു പറയാലോ  ഞാനായിരുന്നു ആ കാരണം എന്ന്.  ഇനി ഒറ്റ ആലോചനയേ വരൂ.  അതിൽ മോളുടെ കല്യാണം നടക്കുമെന്ന്..  ആ ആലോചന എന്റെ വീട്ടിൽ നിന്നാവും എന്ന്‌. 

അതു പറഞ്ഞു തീർന്നതും അവളു നെഞ്ചിലേക്ക് മുഖമമർത്തി കരഞ്ഞു വീണതും ഒരുമിച്ചായിരുന്നു.. 

നോക്കണ്ട..  കാത്തിരിപ്പു അവസാനിച്ചതിന്റെ കരച്ചിലാണ്.

സ്നേഹം സത്യമാണെങ്കിൽ വിശ്വാസത്തോടെ കാത്തിരിക്കണം.  ആ സ്നേഹത്തെ കാലം ചേർത്തു വെച്ചോളും.. 

സ്നേഹപൂർവ്വം
ശ്രീജിത്ത്‌ ആനന്ദ്
തൃശ്ശിവപേരൂർ

വളപ്പൊട്ടുകൾ ഫോളോ ചെയ്യണേ....
To Top