വിശ്വഗാഥ 9

Valappottukal
വിശ്വഗാഥ💕
ഭാഗം- 9

"ഗാഥേ...  കഴിഞ്ഞില്ലേ..."

"ദാ വരുന്നു അമ്മേ..."

വിശ്വ വേഗം ഹെൽമെറ്റ്‌ എടുത്തുവെച്ച് അവിടെ നിന്നും പോയി.

"ചേട്ടൻ പോയോ ഗാഥേച്ചി?"

"മ്മ്... പോയി"

"ഞാൻ ശെരിക്കും ഫേസ് കണ്ടില്ല. ആഹ് നാളെ കാണാമല്ലോ. അല്ലാ... നാളെ സൺ‌ഡേ ആയിട്ട് കട തുറക്കോ?"

"എല്ലാ ദിവസവും ഉണ്ടെന്ന് ബോർഡ്‌ വെച്ചിരിക്കുന്നത് ഞാൻ കണ്ടായിരുന്നു"

"അപ്പോൾ ഓക്കേ. നാളെ അടുത്ത് കാണാമല്ലോ"

എന്ന് പറഞ്ഞിട്ട് ഗംഗ ബക്കറ്റ് എടുത്തുകൊണ്ട് താഴേക്ക് ഇറങ്ങി.

"അതേ... അവിടെ നിന്ന് സ്വപ്നം കാണുകയാണോ? വരുന്നില്ലേ... നാളെ കാണാം..."

"ശോ... ഇവള്... ഞാൻ ദേ വരുവാ..."

അന്ന് ഓരോന്നും പറഞ്ഞ് ഗംഗ ഗാഥയെ കളിയാക്കി കൊണ്ടിരുന്നു. എന്നാൽ അത് അവളെ സന്തോഷപ്പെടുത്തുകയാണ് ചെയ്‍തത്. ഗാഥക്ക് വന്ന മാറ്റം ഒരാൾ നിരീക്ഷിക്കുന്നുണ്ടായിരുന്നു. വേറെ ആരുമല്ല. അവരുടെ നാനി തന്നെ.

പിറ്റേന്ന് ഞായറാഴ്ച രാവിലെ നേരത്തെ തന്നെ ഗാഥയും ഗംഗയും ആശയുടെ വീട്ടിലേക്ക് പോകാൻ റെഡി ആയി. അവിടെ ബസ്സ് സ്റ്റോപ്പിൽ ഇറങ്ങിയതിനു ശേഷം അവർ  നടക്കാൻ തുടങ്ങി.

"ചേച്ചി... ഇന്ന്  അവിടെ നിന്നും ഡ്രസ്സ്‌ എടുക്കുന്നുണ്ടോ?"

"നോക്കട്ടെ"

"മ്മ്... നല്ല സെലെക്ഷൻസ് ഉണ്ടെങ്കിൽ രണ്ടുമൂന്നെണ്ണം  എടുക്കണം. എനിക്ക് എടുക്കാൻ അമ്മ സമ്മതിക്കുമോ എന്തോ?"

"അച്ഛൻ ഉണ്ടല്ലോ. സോ, കുഴപ്പമില്ല"

"ആഹ്... അതിലാ എന്റെ പ്രതീക്ഷ... പിന്നെ,  ചേച്ചി... ഇന്നലെ വന്ന പോലെ ഇന്നും ചേട്ടൻ വന്നു കാണുമോ? ഇന്നാണെങ്കിൽ അച്ഛൻ  വീട്ടിലുണ്ട്"

ഇത് കേട്ടതും ഗാഥ പെട്ടന്ന് നിന്നു.
     **********-------------**********
"ഡാ വിശ്വാ... ഇന്നും അവളുടെ വീടിന്റെ അവിടെ പോകാൻ വല്ല പ്ലാനും  ഉണ്ടോ? എങ്കിൽ അതങ്ങ് മാറ്റിയേക്ക്. മോൻ കാരണം  ആ പെങ്കൊച്ചിന് പേരുദോഷമൊന്നും വരുത്തി വെക്കരുത്. പറഞ്ഞത് മനസ്സിലായോ?"

"ഹ്മ്മ്... ഇന്നലെ കാണണമെന്ന് തോന്നി. പോയി"

"ഇനി അങ്ങനെ പോകണ്ടന്നാ പറഞ്ഞെ"

"അല്ല അമ്മേ... ഇനി അവളെ നാളെയല്ലേ കാണാൻ പറ്റുള്ളു"

"ആഹ്... മതി... നാളെ കണ്ടാൽ മതി. എന്നും അങ്ങനെ കാണാൻ പറ്റുമോ?  ശോ... ഇപ്പോഴേ ഇങ്ങനെ..."

"ഓഹ്... അച്ഛൻ അമ്മാവന്റെ ഒപ്പം ജോലിക്കു വന്നത് കൊണ്ട് അമ്മക്ക് എന്നും അച്ഛനെ കാണാമായിരുന്നല്ലോ. അല്ലേ?"

"എടാ... നീ എപ്പോൾ നോക്കിയാലും ഞങ്ങളെ കളിയാക്കലാണല്ലോ?  ഏഹ്?"

രാഗിണി അവന്റെ ചെവിക്ക് പിടിച്ചു. അവൻ  ചിരിച്ചു കൊണ്ടിരുന്നു.

"വല്ലതും കഴിച്ചിട്ട് കടയിൽ പോകാൻ നോക്ക്. ഞാൻ അങ്ങ് വന്നോളാം... നീ വാ..."

"മ്മ്... വരാം..."

അധികം വൈകാതെ ഭക്ഷണം കഴിച്ചതിനു ശേഷം വിശ്വ കടയിലേക്ക് പോയി.
ആ സമയം ഗാഥയും ഗംഗയും ആശയുടെ വീട്ടിലെത്തി കഴിഞ്ഞിരുന്നു.

"ഹാ... ഇത്ര നേരത്തെ വരുമെന്ന് കരുതിയില്ല. വാ... അമ്മേ... ദേ ഗാഥയും ഗംഗയും വന്നു"

"വാ മക്കളേ... അകത്തു കയറി ഇരിക്ക്"

"നിങ്ങൾ ഒന്നും കഴിച്ചു കാണില്ലലോ അല്ലേ... ഞാനും കഴിച്ചില്ല. നിങ്ങൾ വന്നിട്ട് കഴിക്കാമെന്നു കരുതി"

അവിടെ ആശയുടെ കുറച്ചു ബന്ധുക്കളും ഉണ്ടായിരുന്നു. അവളുടെ അമ്മ അവർക്ക് കഴിക്കാനുള്ളത് എടുത്തു കൊണ്ട് വന്നു.

"ദോശയും സാമ്പാറുമാണ്‌. നിങ്ങൾക്ക് ഇഷ്ടമല്ലേ?"

"പിന്നേ... ഇഷ്ടമാ. അച്ഛന് സാമ്പാർ എന്നു വെച്ചാൽ ജീവനാ. അതുകൊണ്ട് അച്ഛനു വേണ്ടി ഇടക്ക് ഉണ്ടാക്കാറുണ്ട്. ആദ്യമൊന്നും അത്ര ടേസ്റ്റ് വന്നില്ല. ഇപ്പോൾ ഇവിടെത്തെ പോലെ പഠിച്ചു. അച്ഛൻ തന്നെ പഠിപ്പിച്ചു കൊടുത്തതാ. അല്ലേ ഗാഥേച്ചി?"

"മ്മ്.."

"ആഹ്... അങ്കിൾ കുക്ക് ചെയ്യുമെന്ന് ഇവൾ പറഞ്ഞിട്ടുണ്ട്. പിന്നെ, ഗാഥേ... മാളവികയുടെ പുറകേ നടക്കുന്ന പയ്യൻ ഇല്ലേ... അതും അശോകേട്ടന്റെ കൂടെ വർക്ക്‌ ചെയ്യുന്നതാ. ഇന്നലെ ഫോണിൽ സംസാരിക്കുന്നത് കേട്ടപ്പോൾ ഞാൻ എന്താന്ന് ചോദിച്ചു. അപ്പോൾ പറഞ്ഞു മാളവികയുടെ പുറകേ നടന്ന കാര്യമൊക്കെ"

"ആണോ?"

"മ്മ്... നിങ്ങൾ കഴിക്ക്. ഒരു പത്തു മണി അടുപ്പിച്ച് അവർ വരുമെന്നാ പറഞ്ഞേ..."

"ഇത് പറഞ്ഞപ്പോൾ ചേച്ചിക്ക് എന്താ ഒരു നാണം? ഏഹ്?"

"ശോ... ഒന്നുമില്ല ഗംഗേ..."

"ഡി... മിണ്ടാതെ ഇരുന്ന് കഴിക്ക്"

ആശ ആദ്യം കഴിച്ച് എണീറ്റു. കൈ കഴുകാൻ പോകാൻ നേരം അശോക് അവളെ അവന്റെ മുറിയിലേക്ക് വിളിച്ചു.

"എന്താ ഏട്ടാ?"

"അതേ... നിന്റെ കൂട്ടുകാരിയെ എനിക്കു വേണ്ടി ആലോചിച്ചാലോ എന്ന് എന്റെ  മനസ്സ് പറയുന്നു. എന്താ നിന്റെ അഭിപ്രായം? "

"ങേ? ഏട്ടൻ കല്യാണം കഴിക്കുന്നതിനെ പറ്റിയാണോ ഈ പറഞ്ഞേ?"

"ആഹ് അതെ"

"ബെസ്റ്റ്. ഗാഥക്ക് ഏട്ടൻ ചേരില്ല"

"അതെന്താടി?"

"അവളേ... ശിവന്റെ വല്യ ഭക്തയാ. ആഴ്ചയിൽ പോകാൻ പറ്റുന്ന ദിവസമൊക്കെ അമ്പലത്തിൽ പോകും. ഏട്ടനോ? വീട്ടിൽ നിൽക്കുന്ന ദിവസമെങ്കിലും ഇവിടെ തൊട്ടടുത്തുള്ള അമ്പലത്തിൽ പോയി ഒന്നു തൊഴുതു വരാൻ പറഞ്ഞാൽ മൂടിപ്പുതച്ചു കിടന്ന് ഉറങ്ങും. അല്ലേൽ ഫോണിൽ കുത്തി കളിച്ചോണ്ടു ഇരിക്കും. വൈകുന്നേരം പോകാൻ പറഞ്ഞാൽ ഫ്രണ്ട്സിന്റെ ഒപ്പം കറങ്ങാൻ പോയിക്കളയും. അങ്ങനെ കുറച്ചു കാര്യങ്ങൾ ഉണ്ട്. അവളുടെ കാരക്ടറുമായി ഏട്ടൻ യോജിക്കില്ലെന്നേ..."

"ഞാൻ ഇനി മുതൽ പൊയ്ക്കോളാമെടി..."

"അയ്യടാ... ഏട്ടനെ പോലെ ഏതു നേരവും  ഫോണും പിടിച്ചുകൊണ്ടിരിക്കുന്ന ഒരു പെണ്ണിനെ നമുക്ക് ആലോചിക്കാം. എന്തേ?"

"ഓഹ്... വേണ്ടായേ... നിനക്ക് ഇഷ്ടമുള്ള പെൺകുട്ടി തന്നെയാകട്ടെ നാത്തൂൻ ആയി വരട്ടെ എന്ന് ഞാൻ കരുതി"

"ഓഹോ... അല്ലാതെ ഗാഥയെ ഇഷ്ടമായതുകൊണ്ട്  അല്ലാലേ... മോൻ ഈ പൂതിയങ്ങ് മറന്നേക്ക്. ഓക്കേ?"

"ഹ്മ്മ്... ശെരി"

"ആശേ..."

"ദേ... അമ്മ വിളിക്കുന്നു. ഞാൻ ചെല്ലട്ടെ..."

അശോക് അവളോട് പൊയ്ക്കോളാൻ തലയാട്ടി.
പെണ്ണുകാണൽ ചടങ്ങൊക്കെ കഴിഞ്ഞതിനു ശേഷം ഗാഥയും ഗംഗയും അവിടെ നിന്നും ഇറങ്ങി. വിശ്വയുടെ കടയുടെ അടുത്തുള്ള ബസ്സ് സ്റ്റോപ്പിൽ വന്നതിന് ശേഷം ഗാഥ കൈലാസിന് കാൾ ചെയ്തു.
അരമണിക്കൂറിനുള്ളിൽ കൈലാസ് രാധികയെയും നാനിയെയും കൊണ്ട് കാറുമായി വന്നു.

"ദേ അച്ഛൻ വന്നു. ഇന്ന് ഞാൻ ഫ്രന്റ്‌ സീറ്റിൽ ഇരിക്കും. കേട്ടോ?"

"ഓ ശെരി"

അവർ രണ്ടുപേരും കാറിൽ കയറി.

"നമുക്ക് ആദ്യം സിനിമ കാണാൻ പോകാണോ?  അതോ എന്തേലും കഴിച്ചിട്ട് പോയാൽ മതിയോ?"

"ആദ്യം കഴിച്ചിട്ട് പോകാം അച്ഛാ... ഇല്ലേൽ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ വിശക്കും. അല്ലേ ഗാഥേച്ചി?"

"ഓഹ്... ഇവളുടെ ഒരു കാര്യം..."

"എന്താ അമ്മേ? അമ്മക്ക് വിശക്കില്ലേ? എന്നാൽ അമ്മ കഴിക്കണ്ട കേട്ടോ. നാനിക്കോ?"

"എനിക്ക് വിശക്കും"

"ആഹ്... അപ്പോൾ ഏതേലും നല്ല ഹോട്ടലിലേക്ക് കാർ പോട്ടേ..."

ഗാഥ മാത്രം ഒന്നും മിണ്ടാതെ രാധികയെയും നാനിയെയും നോക്കി ചിരിച്ചു. അവർ തിയേറ്ററിന് അടുത്തുള്ള ഒരു ഹോട്ടലിൽ കയറി ഫുഡ്‌ കഴിച്ച ശേഷം നേരെ സിനിമ കാണാൻ കയറി. എത്രയും വേഗം സിനിമ തീർന്നാൽ മതിയെന്നായിരുന്നു ഗാഥയുടെ ചിന്ത.

"ഗാഥേച്ചി... ഈ സിനിമ തീർന്നാൽ നമ്മൾ നേരെ ആ ചേട്ടന്റെ കടയിൽ തന്നെയാ പോവുക. ഇപ്പോൾ ഒന്നും ആലോചിക്കാതെ സിനിമ കാണാൻ നോക്ക്"

ഗംഗ ഗാഥയുടെ ചെവിയിൽ പറഞ്ഞു. ഗാഥ അവളുടെ കയ്യിൽ ചെറുതായൊന്നു അടിച്ചു.
    ************-------------***********
"അമ്മേ... ദേ ആ ചുരിദാർ സെറ്റ് ഇപ്പോൾ വീഴും. അതൊന്നു നേരെ എടുത്തു വെച്ചേ..."

"ഏത്?  ഇതോ?  ഹ്മ്മ്... രണ്ടുപേരെ കൂടി ഇവിടെ ജോലിക്കു വെക്കണം. അല്ലേടാ?"

"മ്മ്... ഞാൻ അന്വേഷിക്കുന്നുണ്ട്. സാഹിറ ഒരു ഫ്രണ്ടിനോടും കൂടി പറഞ്ഞിട്ടുണ്ട്"

"ആണോ?  മ്മ്..."

"പിന്നെ... ഇക്കാ... ആ പയ്യൻ വരാൻ തയ്യാറല്ലേ..."

"ആഹ് മോനെ... വരാമെന്ന് പറഞ്ഞിരുന്നു"

അപ്പോൾ വിശ്വക്ക് ഒരു കാൾ വന്നു.

"ഹെലോ... ആഹ് പറയെടാ... ഏഹ്?! തിരിച്ചു പോയോ? എന്ന്?  ശേ... ഹ്മ്മ്... ശെരി..."

"ആരാ വിശ്വാ?"

"ഷാജുവാ അമ്മേ..."

"എന്തു പറഞ്ഞു അവൻ?"

"ഒന്നുല്ല..."

പിന്നെ,  വിശ്വയുടെ മുഖത്ത് ദേഷ്യവും സങ്കടവും ഇടകലർന്ന് കാണപ്പെട്ടു. ഇത് കണ്ട് രാഗിണി അവനെ ആശ്വസിപ്പിക്കാൻ  പോയതും ഗാഥയും ഫാമിലിയും ഡോർ തുറന്ന് അകത്തേക്ക്  വന്നു.
ഗാഥയെ പ്രതീക്ഷിക്കാതെ കണ്ടപ്പോൾ വിശ്വക്ക് അതിയായ സന്തോഷം തോന്നി. പക്ഷേ,  അവൻ അത് പുറത്ത് കാണിച്ചില്ല. രാഗിണി ഉടനെ അവന്റെ മുഖത്ത് നോക്കി ചിരിച്ചു.

ഡ്രസ്സ്‌ എടുക്കുന്നതിനിടയിൽ വിശ്വയും ഗാഥയും പരസ്പരം നോക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. എല്ലാവർക്കും ഡ്രസ്സ്‌ എടുത്തു. അവർക്ക് അവിടെയുള്ള മെറ്റീരിയൽസൊക്കെ ഇഷ്ടപ്പെട്ടു. പോകാൻ നേരം ഗാഥ രാഗിണിയെ നോക്കി ചിരിച്ചു. അവരും ചിരിച്ചു. അപ്പോൾ കൈലാസ് വിശ്വയോട് എന്തോ ചോദിക്കുന്നുണ്ടായിരുന്നു. ഗ്ലാസ്സ് ഡോറിലൂടെ കാർ പോകുന്നതും നോക്കി വിശ്വ നിന്നു.

"അതേ മോനെ... ഇപ്പോൾ വന്ന കുട്ടിയില്ലേ... ഇന്നലെ മോനെ അന്വേഷിച്ചു വന്നായിരുന്നു. കട തുറന്നിട്ട്‌ അധിക നേരം ആയില്ലായിരുന്നു. ഇവിടെയില്ലെന്ന് പറഞ്ഞപ്പോൾ പോയി"

ഇത് കേട്ട് രാഗിണിയും വിശ്വയും പരസ്പരം നോക്കി ചിരിച്ചു.
   **********--------------**********
വീട്ടിൽ ചെന്നയുടനെ ഗംഗ മെറ്റീരിയൽസൊക്കെ എടുത്ത് നോക്കാൻ തുടങ്ങി.

"ഗാഥേച്ചി പറഞ്ഞപ്പോൾ ഇത്രയും സെലെക്ഷൻസ് ഉണ്ടാകുമെന്ന് കരുതിയില്ല. എവിടെ നിന്നാണാവോ തുണികളൊക്കെ കൊണ്ടുവരുന്നേ?
കുറച്ചു ഡ്രസ്സും കൂടി എടുക്കാമായിരുന്നു അല്ലേ?"

"നിനക്ക് ഇത്രയും എടുത്തത് പോരേ ഗംഗേ?"

"ഓഹ് മതി. അല്ലാ... അമ്മയുടെ സാരി കാണിച്ചേ... അമ്മ ഇത് ഉടുക്കുമ്പോൾ നല്ല സുന്ദരി ആയിരിക്കും. അല്ലേ അച്ഛാ?"

കൈലാസ് രാധികയെ നോക്കി ചിരിച്ചുകൊണ്ട് അവരുടെ മുറിയിലേക്ക് പോയി.

"ഞാൻ ഒരു സാരി കൂടി കണ്ടു. അതും കൂടി എടുക്കാമായിരുന്നു. ആ സാരി ഇതിനേക്കാൾ അടിപൊളി ആയിരുന്നു. പിന്നെ,  അമ്മ വഴക്ക് പറയുമെന്ന് കരുതിയാ ഞാൻ പറയാത്തെ?"

"ശേ... നീ അപ്പോൾ പറയാത്തെ എന്തേ?  നമുക്ക് പിന്നൊരു ദിവസം കൂടി പോയി നോക്കാം"

"മ്മ്... ഞാനത് ഗാഥേച്ചിക്ക് കാണിച്ചു തന്നില്ലേ?"

"ഏഹ്?  എന്താ?  ഓഹ്...മ്മ്മ്..."

"എന്ത് പറ്റി ബേട്ടാ?"

"ഒ...ഒന്നുല്ല നാനി... ഞാൻ ശെരിക്ക് കേട്ടില്ല"

"ഹ്മ്മ്... സഭി കപടെ  ഠിക്ക് ഹേം..."

"ഗാഥേച്ചി വന്നേ... നമുക്ക് ഇതൊക്കെ റൂമിൽ പോയി നോക്കാം"

"ശെരി"

ഗാഥയും ഗംഗയും അവർക്ക് വാങ്ങിയ ഡ്രസ്സുകൾ എടുത്തുകൊണ്ട് മുറിയിലേക്ക് പോയി. മുറിയിൽ കേറിയ ഉടനെ ഗംഗ വാതിൽ കുറ്റിയിട്ടു.

"ദേ ഗാഥേച്ചി... നാനിക്ക് എന്തോ ഡൌട്ട് അടിച്ചതു പോലെ തോന്നുന്നുണ്ട്. ചേച്ചി താഴെ എന്ത് ആലോചിച്ചു നിൽക്കുവായിരുന്നു?"

"അത് ഒന്നുല്ല മോളെ... അച്ഛൻ വിശ്വയോട് എന്തോ സംസാരിച്ചില്ലേ... അത് എന്തായിരിക്കും എന്ന് ആലോചിച്ചതാ"

"ഓഹ് അതോ?  അതിനെ കുറിച്ച് ഓർത്ത് ചേച്ചി എന്തിനാ ടെൻഷൻ അടിക്കുന്നെ? അവർ രണ്ടുപേരും ചിരിച്ചു കൊണ്ടല്ലേ സംസാരിച്ചേ...?"

"മ്മ്..."

"ചേച്ചി അത് വിട്ടേക്ക്.  നമുക്ക് ഇതൊക്കെ അടുക്കി അലമാരയിൽ വെക്കാം"

"ഹ്മ്മ്..."

"അതേ ഗാഥേച്ചി... നമ്മൾ ഇതുവരെ കണ്ണനെ കാണാൻ പോയില്ലലോ. അവന് പനി കുറഞ്ഞോ എന്തോ..."

"മ്മ്... ഇന്നലെ വൈകുന്നേരം പോകാമായിരുന്നു. ഹാ... ഞാൻ നാളെ വൈകുന്നേരം വന്നിട്ട് നോക്കാം"

"ആഹ് ശെരി. ദേ... ഗാഥേച്ചിയുടെ ഫോൺ റിങ്ങ് ചെയ്യുന്നു"

"മ്മ്... ശ്വേതയാ... ഹെലോ... പറയെടി... ഇപ്പോഴാണോ വിളിക്കാൻ തോന്നിയേ?"

"എനിക്ക് പനി പിടിച്ചു. കുറേ ഐസ് ക്രീമൊക്കെ കഴിച്ചെടി. അവിടെന്ന് ജലദോഷമായാ വന്നേ..."

"ആണോ?  കൊള്ളാം. അപ്പോൾ നീ നാളെ ക്ലാസ്സിൽ വരില്ലേ?"

"ഇല്ലാടി... അത് പറയാനാ വിളിച്ചേ"

"മ്മ്... പിന്നെ റെക്കോർഡ് കംപ്ലീറ്റ് ആക്കിയിട്ട് വരുന്നതായിരിക്കും നല്ലത്. മിസ്സ്‌ ചോദിച്ചു നിന്റെ കാര്യം?"

"അയ്യോ?  ആണോ?"

"അതെ..."

"ഓക്കേ, ശെരി ടി... ഞാൻ വെക്കുവാ. പറ്റുമെങ്കിൽ മെസ്സേജ് അയക്കാം"

"മ്മ്... ശെരി"

"എന്താ ചേച്ചി?"

"ശ്വേതക്ക് പനി ആയി"

"ഏഹ്?  എങ്കിൽ നമുക്ക് നാളെ വൈകുന്നേരം ശ്വേത ചേച്ചിയുടെ വീട്ടിൽ പോയാലോ? ചേച്ചി നാളെ നേരത്തെ വരൂലേ?"

"മ്മ്... വരാം"

എന്നാൽ പിറ്റേന്ന് ഗാഥക്ക് നേരത്തെ ഇറങ്ങാൻ സാധിച്ചില്ല. അവിടെയിരുന്ന് തീർക്കേണ്ട കുറച്ചു വർക്ക്‌സ് ഉണ്ടായിരുന്നു. ബസ്സ് സ്റ്റോപ്പിൽ എത്തിയതും ഗാഥ വിശ്വ വരുന്നുണ്ടോ എന്ന് നോക്കി കൊണ്ടിരുന്നു. ആശ പോയപ്പോഴാണ് വിശ്വ പുറത്തേക്ക് വന്നത്. ഗാഥയെ കണ്ടപ്പോൾ അവന് കലിയാണ് തോന്നിയത്. അവൻ അവളുടെ അടുത്തേക്ക് ചെന്നു.

"അതേ... ഇത്രയും ലേറ്റ് ആകാൻ  അവിടെ എന്താ പഠിപ്പിക്കുന്നെ? അഞ്ചര ആകുമ്പോൾ തന്നെ ഇപ്പോൾ ഇരുട്ടി തുടങ്ങുമെന്ന് അറിയാലോ?"

"അത്... കുറച്ചു വർക്ക്‌സ് കംപ്ലീറ്റ് ആക്കാൻ ഉണ്ടായിരുന്നു. ചെയ്ത് കഴിഞ്ഞപ്പോൾ സമയം പോയത് അറിഞ്ഞില്ല..."

"നാളെത്തേക്ക് മാറ്റി വെച്ചാൽ പോരായിരുന്നോ? ഇനി അവിടെ എത്തുമ്പോഴേക്കും ആറു കഴിയും. ഇനിയും ആരെങ്കിലും വരും ബുക്കോ ബാഗോ തട്ടിപ്പറിക്കാൻ. ചിലപ്പോൾ നിന്നെ തന്നെ കൊണ്ടുപോകും. നിന്റെ വീട്ടിലേക്ക് പോകുന്ന വഴിയിൽ അങ്ങനെ വീടുകളേ ഇല്ല. പോരാത്തതിന് ഇടവഴികളും. എല്ലാം നിനക്ക് അറിയാവുന്നത് അല്ലേ?  ഇരുട്ടുന്നതിനു മുൻപ് വീട്ടിൽ എത്താൻ ഇനിയും പഠിച്ചില്ലേ?"

വിശ്വ അവളെ തറപ്പിച്ചു നോക്കി കൊണ്ടു നിന്നു.

"എന്തേലും സംഭവിച്ചാൽ എന്റെ മഹാദേവൻ എന്നെ രക്ഷിച്ചോളും"

"ഓഹ്... എന്നാൽ ശെരി. ദേ ബസ്സ് വരുന്നുണ്ട്. കേറി പൊയ്ക്കോ?"

ഗാഥ ഉടനെ തിരിഞ്ഞുനോക്കിയപ്പോൾ ബസ്സ് അടുത്തെത്തി കഴിഞ്ഞു. ബസ്സിൽ കേറാൻ നേരത്ത് അവൾ വിശ്വയെ നോക്കി.  അവൻ കയ്യും കെട്ടി നിൽപ്പാണ്. അവന്റെ മുഖഭാവം കണ്ട് അവൾക്ക് ഉള്ളിൽ വിഷമം തോന്നി. ബസ്സ് അവിടെന്നും പോകും വരെ ഗാഥ വിശ്വയെ നോക്കിക്കൊണ്ടിരുന്നു. അവൻ ആ നിൽപ്പ് തന്നെയാണ്.

വിശ്വ ഒപ്പം ഉണ്ടാകുമെന്ന് കരുതിയാണ് ലേറ്റ് ആയിട്ടും താൻ  അവിടെ ഇരുന്ന് വർക്ക്‌ കംപ്ലീറ്റ് ആക്കിയത്. ഇതിപ്പോൾ...

ഗാഥ വിഷമത്തോടെ പുറത്തേക്ക് നോക്കി ഇരുന്നു.

ബസ്സ് പോയതും വിശ്വ വേഗം കടക്കകത്തേക്ക് കയറി ഹെൽമെറ്റ് എടുത്തു.

"അമ്മേ ഞാൻ ഇപ്പൊ വരാം. തിരിച്ചു വന്നാൽ ഉടനെ നമുക്ക് വീട്ടിൽ പോകാം"

"മ്മ്...ശെരി മോനെ..."

വിശ്വ വേഗം ചെന്ന് ബുള്ളറ്റ് സ്റ്റാർട്ട്‌ ആക്കി ആ ബസ്സിന്റെ പിന്നാലെ പോയി. ഗാഥ ബസ്സിൽ നിന്നും ഇറങ്ങി നടക്കാൻ തുടങ്ങിയതും വിശ്വയെ കണ്ട് അതിശയിച്ചു. അവൻ അവളുടെ അടുത്തേക്ക് വന്നു.

"ഇനി നിന്നെ എങ്ങാനും ഈ സമയത്ത് ഞാൻ കണ്ടാൽ...?  മ്മ്മ്... നടക്ക്... ഞാൻ ഇത് ഇവിടെ സൈഡിൽ ഒതുക്കട്ടെ "

ഗാഥക്ക് മനസ്സിൽ ഒത്തിരി സന്തോഷം തോന്നി. അവൾക്ക് അവനോടുള്ള ഇഷ്ടം കൂടി വന്നു.
അപ്പോഴാണ് ഒരാൾ ബൈക്കിൽ അവിടേക്ക് വന്നത്.

"ഗാഥേ... നീയെന്താ ഈ സമയത്ത് ഇവിടെ നിൽക്കുന്നെ? വീട്ടിലേക്കല്ലേ പോകുന്നെ? അല്ലാ... ഇതാരാ?"

"അതെ രമേശേട്ടാ... അവിടെ നിന്നും ഇറങ്ങിയപ്പോൾ ലേറ്റ് ആയി"

"കൊള്ളാം. നീ കേറ്..."

ഗാഥ ഉടനെ വിശ്വയെ നോക്കി. അവൻ ഒന്നും മിണ്ടിയില്ല.

"മടിച്ചു നിൽക്കാതെ വേഗം കേറ് ഗാഥേ... നമ്മളുടെ വീടുകൾ  അടുത്തടുത്തല്ലേ?"

രമേശൻ നിർബന്ധിച്ചപ്പോൾ പിന്നെ അവൾക്ക്  കേറേണ്ടി വന്നു. ഗാഥ വിശ്വയെ നോക്കിയിരുന്നു.

പ്രതീക്ഷിക്കാതെ വിശ്വയെ കണ്ടതിന്റെ സന്തോഷം ഒരു നിമിഷം കൊണ്ട്  പോയതിന്റെ വിഷമത്തിലായിരുന്നു ഗാഥയുടെ മനസ്സ്. പോകും വഴി ഒരിക്കൽ കൂടി അതാരാണെന്ന് രമേശൻ അവളോട് ചോദിച്ചു.

"അറിയില്ല രമേശേട്ടാ..."

"ഹ്മ്മ്..."

അപ്പോഴേക്കും അവിടെ സ്ട്രീറ്റ് ലൈറ്റ് വന്നു. രമേശ്‌ ശ്വേതയുടെ വീട്ടിലേക്ക് പോകുന്ന വഴിയിലേക്ക് ബൈക്ക് തിരിച്ചു.

"എന്താ രമേശേട്ടാ... ഈ വഴിക്ക് പോകുന്നേ?"

"നീ ഇന്നലെ ഹോസ്പിറ്റലിന്റെ അവിടെ വെച്ച്  ആരെയോ കെട്ടിപ്പിടിക്കുന്നത് കണ്ടല്ലോ. അത് ആരാന്ന് ഞാൻ വ്യക്തമായി കണ്ടില്ല. അവൻ ആരാ ഗാഥേ?"

"രമേശിന്റെ ചോദ്യം ഗാഥയിൽ  ഞെട്ടലുണ്ടാക്കി.

അയ്യോ മഹാദേവാ... രമേശേട്ടൻ കണ്ടായിരുന്നോ?

"എന്താടി നീ ഒന്നും മിണ്ടാത്തെ?"

ഗാഥ നോക്കിയപ്പോൾ കുറച്ചു ദൂരം പിന്നിട്ടു കഴിഞ്ഞു.

"രമേശേട്ടൻ ഇതെങ്ങോട്ടാ പോകുന്നേ? ബൈക്ക് നിർത്തിക്കെ..."

രമേശൻ ഉടനെ ബൈക്ക് നിർത്തി. ഗാഥ വേഗം ബൈക്കിൽ നിന്നും ഇറങ്ങി. അവനും ഇറങ്ങി ബൈക്ക് ഒരു സൈഡിലേക്ക് ഒതുക്കി വെച്ച ശേഷം അവളുടെ അടുത്തേക്ക് വന്നു. അവൾക്ക് ആകെ ഭയം തോന്നി.

"നിനക്കത്‌ ആരെന്ന് പറയാൻ വയ്യെങ്കിൽ വേണ്ട. നിനക്ക് വേണ്ടപ്പെട്ടവൻ ആയിരിക്കുമല്ലോ, അല്ലേ? ആഹ് അതു പോട്ടേ...
നിന്നെ ഒന്നു ഒറ്റക്ക് കിട്ടാൻ കാത്തിരിക്കുകയായിരുന്നു ഞാൻ. നിങ്ങളുടെ അപ്പുറത്ത് താമസമാക്കാൻ തുടങ്ങിയപ്പോഴേ വിചാരിച്ചതാ നീയുമായി... ഏഹ്?...."
അവനൊരു കള്ളച്ചിരി ചിരിച്ചു.

"ഇതാണ് പറ്റിയ അവസരം. ഇവിടെയാണേൽ ഒരു കുഞ്ഞു പോലുമില്ല. ഇവിടെ എവിടേക്ക് വേണേലും നമുക്ക് മാറി നിൽക്കാം. എന്താ?"

ശേ... ഇയാൾ ഇത്രക്ക് വൃത്തികെട്ടവൻ ആയിരുന്നോ? ഏത് കഷ്ടകാലത്താണാവോ ഇയാളുടെ ബൈക്കിൽ എനിക്ക് കേറാൻ തോന്നിയേ... എന്റെ മഹാദേവാ... ഞാൻ ഇനി എന്ത് ചെയ്യും. ഒന്നു പോകുമ്പോൾ അടുത്തത് ഉടനെ കിട്ടുകയാണല്ലോ...

പെട്ടന്ന്  ബുള്ളറ്റ് വരുന്നതിന്റെ ശബ്ദം ഗാഥ കേട്ടു. അപ്പോൾ അവൾക്കിത്തിരി ധൈര്യം കിട്ടിയത് പോലെ തോന്നി. രമേശൻ ശബ്ദം കേട്ട ഭാഗത്തേക്ക്‌ നോക്കി.

വിശ്വ അവരുടെ മുന്നിൽ ബൈക്ക് നിർത്തി.  എന്നിട്ട് അതിൽ നിന്നും ഇറങ്ങി. ഹെൽമെറ്റ്‌ ഊരി ബുള്ളറ്റിന്റെ പുറത്ത് വെച്ച ശേഷം  ഗാഥയെയും രമേശനെയും മാറി മാറി നോക്കി. വിശ്വയെ തൊട്ടടുത്ത് കണ്ടപ്പോൾ രമേശിന്റെ മുഖത്തെ ഭാവം മാറി.

"നിനക്ക് എന്റെ കയ്യിൽ നിന്നും കിട്ടിയത് പോരേ?"

വിശ്വ രമേശിന്റെ കോളറിൽ കുത്തിപ്പിടിച്ചു. ഗാഥ വേഗം വിശ്വയുടെ അടുത്തേക്ക് മാറി നിന്നു.

"നീ ഇപ്പോൾ ഇവളോട് എന്താ പറഞ്ഞതെന്ന് എനിക്ക് ഊഹിക്കാവുന്നതേ ഉള്ളു"

"ഞ...ഞാൻ... ഒന്നും.. പറഞ്ഞി..ല്ലാ..."

"ഇല്ലേ?"

വിശ്വ ദേഷ്യത്തോടെ ചോദിച്ചുകൊണ്ട് രമേശിന്റെ കരണം നോക്കി ശക്തമായി ഒന്നു പൊട്ടിച്ചു. അവന്റെ ചുണ്ടു പൊട്ടി ചോര വരാൻ തുടങ്ങി.

"അന്ന് സാഹിറയോട് ഇതുപോലെ കാണിച്ചപ്പോൾ കിട്ടിയത് പോലെ ആയിരിക്കില്ല ഇവളോട് കാണിക്കുമ്പോൾ. അത് നീ മനസ്സിലാക്കിയാൽ നന്ന്.  പോലീസ് കേസ് ആക്കാത്തത്‌ സാഹിറയെ ഓർത്തിട്ടാ. ഇനി ഇവളുടെ വീട്ടിൽ പോയി എന്തേലും പറയാൻ ആണേൽ ഉദ്ദേശമെങ്കിൽ നിനക്ക് പിന്നെ നിന്റെ കുടുംബം കാണില്ല.  ഓഫീസിലെ ഒളിച്ചുകളിയൊക്കെ നിന്റെ ഭാര്യ അറിയും. അന്ന് ഞാൻ നിനക്ക് താക്കീത്‌ തന്നതാ. എന്നിട്ടും നീ നിന്റെ സ്വഭാവം മാറ്റിയില്ല. ഇനി ഗാഥയുടെ കൺവെട്ടത്ത് നിന്റെ നിഴൽ പോലും വീഴരുത്. വീണാൽ ഈ  വിശ്വ ആരാന്ന് നീ ശെരിക്കും അറിയും. കേട്ടോടാ?"

രമേശ്‌ തല താഴ്ത്തി നിന്നു.

"നിനക്കിട്ടു കൂടുതൽ പൊട്ടിക്കാൻ അറിയാത്തത് കൊണ്ടല്ല. എന്തിനാ നിന്റെ ഭാര്യക്ക്  ടെൻഷൻ കൊടുക്കുന്നെ?  മര്യാദക്ക് ഭാര്യയെയും കൊച്ചുമായി ജീവിച്ചാൽ നിനക്ക് കൊള്ളാം. വേഗം ബൈക്ക് എടുത്ത് പോകാൻ നോക്ക്. പോകാൻ..."

വിശ്വയുടെ ദേഷ്യം കണ്ടപ്പോൾ രമേശ്‌ വേഗം ബൈക്കുമായി സ്ഥലം വിട്ടു. ഗാഥ അവൻ പോകുന്നതും നോക്കി അന്തം വിട്ട് നിന്നു. വിശ്വ ഉടനെ ബുള്ളറ്റ് സ്റ്റാർട്ട്‌ ആക്കി.

"ഡി... നിന്നോട് ഞാൻ ഇനി പറയണോ ഇതിൽ കേറാൻ?"

അത് കേട്ടപ്പാടെ ഗാഥ അവന്റെ ബുള്ളറ്റിൽ കയറി ഇരുന്നു. വീടിനു തൊട്ട് മുമ്പത്തെ വളവ് കഴിയുന്ന അവിടെ ആയപ്പോൾ അവളോട് ഇറങ്ങാൻ പറഞ്ഞു.

"ഇപ്പോൾ പട്ടാപ്പകൽ പെൺകുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന കാലമാ. അത് നിനക്ക് അനുഭവം ഉണ്ടല്ലോ, അല്ലേ? ഇനി ഇതുപോലെ വൈകി വരുമോ?"

വിശ്വ തന്റെ ശബ്ദം ഒന്നു കനപ്പിച്ചു. ഗാഥ ഇല്ലെന്ന് തലയാട്ടി.

"ഹ്മ്മ്... പൊയ്ക്കോ..."

ഗാഥ മുന്നിലേക്ക് നടക്കാൻ തുടങ്ങി. പെട്ടന്ന് അവൾ നിന്നു. എന്നിട്ട് വിശ്വയുടെ അടുത്തേക്ക് തിരിച്ചു നടന്നു. അവന്റെ തൊട്ടടുത്തായി വന്ന് അവനെ തന്നെ നോക്കി. അടുത്ത നിമിഷം അവന്റെ ഹെൽമെറ്റിനു പുറത്തായി ഒന്നു ചുംബിച്ച ശേഷം ഗാഥ തിരികെ നടന്നുപോയി... വിശ്വയുടെ ചുണ്ടിൽ അതൊരു ചെറുപുഞ്ചിരി പരത്തി.
(തുടരും)
©ഗ്രീഷ്മ. എസ്
[അതേ... ഒരു കാര്യം പറയാൻ ഉണ്ട്.
 Jana Na Dil Se Dhoor(മൗനം സമ്മതം- 3) എന്ന സീരിയലിന്റെ സ്റ്റോറി അല്ലേ എന്ന് ചോദിക്കുന്നവരുമുണ്ട്. ഒരു സീരിയലിന്റെ സ്റ്റോറി കോപ്പി അടിച്ച് എഴുതേണ്ട കാര്യം എനിക്ക് ഇല്ല😑. ആ കഥാപാത്രങ്ങളെ അത്രയേറെ മനസ്സിൽ പതിഞ്ഞതു കൊണ്ടായിരിക്കാം. എനിക്കും ഇഷ്ടമാണ് ഈ ജോഡി. അതുകൊണ്ട് തന്നെയാണ് ഇവരെ സെലക്ട്‌ ചെയ്തതും. ചില പാർട്ട്സൊക്കെ പിക് കണ്ടതിന് അനുസരിച്ചു എഴുതിയതാണ്. ഇത്രയും പറയണമെന്ന് തോന്നി. പറഞ്ഞത് ഇഷ്ടമായില്ലേൽ ക്ഷമിക്കണം🙏🙏]
To Top