മഴമുകിൽ ഭാഗം : 7

Valappottukal
⛈️🌈 മഴമുകിൽ  ഭാഗം : 7 🌈⛈️             
           

         റിഷി മുന്നും പിന്നും നോക്കാതെ ബൈക്ക് പറപ്പിക്കുകയായിരുന്നു എയർപോർട്ടിലേക്ക്… പലയിടത്തും തെന്നി വീഴാനും  മറ്റുള്ള വണ്ടികളുമായി ഇടിക്കാനുമെല്ലാം പോയി….കണ്ണ് നിറഞ്ഞിട്ടാണെൽ മുന്നിലുള്ളതൊന്നും കാണാൻ പറ്റാത്ത അവസ്ഥ…. കുറച്ചു നേരത്തിനു ശേഷം ഡൊമസ്റ്റിക് എയർപോർട്ട് പാർക്കിങ്ങിൽ ഒരു ഇരമ്പലോടെ ബൈക്ക് ചെന്നു നിന്നു…..സ്റ്റാൻഡ് പോലും ഇടാതെ അവൻ മെയിൻ എന്ട്രന്സിലേക്ക്  ഓടുമ്പോൾ പിന്നിൽ  വണ്ടി മറിഞ്ഞു വീഴുന്ന ശബ്ദം കേൾക്കുന്നുണ്ടായിരുന്നു….  എൻട്രി പാസ്സ് എടുത്തു അകത്തേക്ക്  ഓടി  കയറുമ്പോളും അവളവിടെ ഉണ്ടാകുമെന്നു ഒരു പ്രതീക്ഷ വിശ്വാസംഎല്ലാം  അവനുണ്ടായിരുന്നു….ഒന്ന് കണ്ടാൽ മതി താൻ വിളിച്ചാൽ അവൾ ഓടി വരുമെന്ന് അവനു അറിയാമായിരുന്നു….
       ഭ്രാന്ത് പിടിച്ചവനെ പോലെ അവൻ അകത്തേക്കു ഓടി കയറി… ചുറ്റും ആളും ബഹളവും ആണ്…..എവടെ പോയി കണ്ടു പിടിക്കാനാ..ചില്ലു ജാലകത്തിലൂടെ എമിഗ്രേഷൻ സെക്ഷനിലേക്ക് നോക്കിയപ്പോൾ അവിടെ ഒന്നും അവളെ കാണാൻ കഴിഞ്ഞില്ല….അവന്റെ പ്രതീക്ഷകൾ മങ്ങിക്കൊണ്ടേയ് ഇരുന്നു….അവന്റെ കണ്ണുകൾ ഓരോ ഫ്ലൈറ്റിനും അനുവദിച്ചിരിക്കുന്ന ബോഡിങ് സെക്ഷനിൽ പരതി നടന്നു നിരാശ ആയിരുന്നു ഫലം.. അവസാനം ...എൻക്വയറി സെക്ഷനിൽ ചെന്നു അന്വേഷിച്ചപ്പോൾ  ബാംഗ്ളൂരിലേക്കുള്ള ഫ്ലൈറ്റ് അഞ്ചുമിനിറ്റിനുള്ളിൽ ടേക്ക് ഓഫ്‌ ചെയ്യുമെന്നറിഞ്ഞു….നിമിഷങ്ങൾക്കകം അവനെ സാക്ഷിയാക്കിക്കൊണ്ട് ബാംഗ്ലൂർ ഫ്ലൈറ്റ് അവളെയും കൊണ്ടു പറന്നുയർന്നു അവന്റെ എല്ലാ പ്രതീക്ഷകളെയും സ്വപ്നങ്ങളെയും  തകർത്തു കൊണ്ട്….
             റിഷി തളർച്ചയോടെ വെയ്റ്റിങ് ഏരിയ യിലെ കസേരയിലേക്കിരുന്നു ….തല വെട്ടി പൊളിയുന്നു…പ്രാന്ത് പിടിക്കുന്നപോലെ……കണ്മുന്നിൽ ഉണ്ടായപ്പോൾ വില അറിഞ്ഞിട്ടില്ല… അവളില്ലാതെ തന്റെ ഹൃദയം പോലും ഇടിക്കില്ല എന്ന്  അവൻ  തിരിച്ചറിയുകയായിരുന്നു…ഇത്രക്കും… ഇത്രയ്ക്കും താൻ അവളെ  സ്നേഹിച്ചിരുന്നോ… വെറുക്കാൻ ശ്രമിക്കുമ്പോളും ആട്ടി അകറ്റിയപ്പോളും എല്ലാം താൻ പോലും അറിയാതെ തന്റെ മനസ്  അവളോടടുക്കുകയായിരുന്നോ…..തന്റെ ഹൃദയം പൊട്ടി പിളരുന്നത് പോലെ തോന്നി അവനു……ഉള്ളം എന്തിനോ വിങ്ങുന്നു….കണ്ണുകൾ നീറുന്നു…കണ്ണീർ പൊടിയുകയാണോ…റിഷി കൈകളിൽ തല താങ്ങി അവിടെ തന്നെ ഇരുന്നു…..
       
         കുറച്ചു കഴിഞ്ഞു  തോളിൽ ഒരു കര സ്പർശം അറിഞ്ഞപ്പോളാണ് അവൻ തല ഉയർത്തി നോക്കിയത്….. നോക്കിയപ്പോൾ മനു ആണ്….
     “നീ… നീയെന്താ ഇവിടെ…. “
       അവൻ ഇടറിയ ശബ്ദത്തോടെ ചോദിച്ചു….
        “ഞാൻ വീട്ടിൽ പോയിരുന്നു… അപ്പോളാ അറിഞ്ഞത്….പിന്നെ നേരെഇങ്ങോട്ട് പോന്നു…..നിന്നെ ഒറ്റക്കാക്കാൻ പറ്റില്ലല്ലോടാ അതെവിടെ ആയാലും….. “
          റിഷി അവന്റെ കൈകളിലേക്ക് തല ചേർത്ത് വെച്ചു….
          “അവൾ… അവൾ പോയെടാ എന്നെ തനിച്ചാക്കി…. ഞാൻ ഒറ്റയ്ക്കായി… എനിക്ക് സഹിക്കാൻ പറ്റണില്ല മനു ചങ്ക് പറിയുന്ന വേദന… അവളില്ലാതെ ഇനി എനിക്കു പറ്റില്ലടാ….“
                മനുവിന്റെ കൈകളിൽ റിഷിയുടെ കണ്ണുനീർ ഇറ്റുവീണു…..
         “ തളരരുതളിയാ…. തളരരുത്…. എവടെ കൊണ്ടു പോയി ഒളിപ്പിച്ചാലും അവളെ നമ്മൾ കണ്ടുപിടിച്ചിരിക്കും…ഞാനില്ലേ കൂടെ...നീ ടെൻഷൻ ആവാതിരിക്ക്…നമുക്ക് കണ്ടു പിടിക്കാന്നേ…നീ ഇങ്ങനെ വിഷമിക്കല്ലേ…. “
     
         മനു അവന്റെ മൂഡ് മാറ്റാനായി പരമാവധി ശ്രമിച്ചു കൊണ്ടേയിരുന്നു….
        “അതിനു നിനക്കവളെ അഡ്രെസ്സ് അറിയോ… വീടറിയോ… എന്ത് കുന്തമെങ്കിലും  അറിയോ….“
     “ഇല്ല “
      മനു നിഷകളങ്കമായി ചുമൽ കൂച്ചി കാണിച്ചു…
      “പിന്നെ എന്ത് മണ്ണാങ്കട്ട കണ്ടിട്ടാണ് കണ്ടുപിടിക്കാന് പറഞ്ഞത്…. “
         റിഷി അവനു നേരെ ചീറി..
          “അറിയാൻ പാടില്ലാഞ്ഞിട്ടു ചോദിക്കാ..സ്വന്തം ഭാര്യയുടെ ഊരും കുടീം അറിയാത്ത നീ എന്ത് കണ്ടിട്ടാണ് എന്റെ മെക്കിട്ടു കേറുന്നത് ..അവള് നിന്റെ ഭാര്യയോ അതോ എന്റേതോ...?
         “എന്റെ… !!!”
        “ആ അതറിയാലോ ദൈവത്തിന് സ്തുതി… “
         ആ ഒരു ഒറ്റ ചോദ്യത്തോടെ റിഷി ഉത്തരം മുട്ടി നിന്നു…
    “ചിൽ റിഷി.. ചിൽ…..അത്രയും വലിയ ബിസിനെസ്സ് ആളുടെ മോളല്ലേ കണ്ടു പിടിക്കാൻ എളുപ്പം ആയിരിക്കും…. നമ്മൾ പൊക്കും ഏത് പാതാളത്തിൽ കൊണ്ടു പോയി ഒളിപ്പിച്ചാലും… നീ ടെൻഷൻ ആവല്ലേ…ഞാനില്ലേ കൂടെ..  “
      “വല്ലതും നടക്കുവോടെയ് “
           റിഷി പ്രതീക്ഷയോടെ അവനെ നോക്കി……
      “നടക്കും… നടത്തിയിരിക്കും……മൂന്ന് തരം…. ഞാനില്ലേ കൂടെ… “
          “അതാണെന്റെ പേടിയും…. “
        “ആക്കരുത്…. ഒരുമാതിരി ആക്കരുത് കേട്ടല്ലോ… കിടന്നു മോങ്ങുമ്പോൾ ആശ്വസിപ്പിക്കാൻ ഈയുള്ളവനെ ഉണ്ടായിരുന്നുള്ളു….നാണമുണ്ടോ കിടന്നു മോങ്ങാൻ ആൺപിള്ളേരെ പറയിപ്പിക്കാനായിട്ട്.. “
        “ഞാൻ ഒന്ന് താഴ്ന്നു തന്നുന്നു കരുതി എന്റെ തലയിൽ കയറി നിറങ്ങരുത് എന്താ ചെയ്യാന്നു പറ ആദ്യം… “
       
        മനുവും റിഷിയും കൂടെ കാര്യങ്ങൾക്കെല്ലാം ഒരു കൃത്യമായ പ്ലാൻ ഉണ്ടാക്കി….. പിറ്റേന്ന് ആദ്യത്തെ ബാംഗ്ളൂർ ഫ്ലൈറ്റിനു പോകാന്നു തീരുമാനിച്ചുറപ്പിച്ചിട്ടാണ് അവിടെ നിന്നും ഇറങ്ങിയത്…..  പിന്നെ  അവിടെ നിന്ന്  നേരെ വീട്ടിലേക്കു പോയി….
      അവന്റെ വണ്ടി വന്നതും പ്രതീക്ഷിച്ചപോലെ മുത്തിയും ആദിയും ഉണ്ണിയും പുറത്തേക്ക് ഇറങ്ങി വന്നു.. തനുവിനെ കൂടെ കാണാഞ്ഞിട്ട് മൂന്ന് പേരുടെ മുഖവും ഒരേപോലെ മങ്ങി….. റിഷിയേക്കാൾ വിഷമം ആണ് ഉണ്ണിക്ക്…എന്തോ പോയ അണ്ണാന്റെ പോലെ നടക്കുന്നുണ്ട്….
         “തനുമോള്…. “
         മുത്തി ചോദിച്ചതും റിഷി ഒന്നും പറയാനില്ലാത്തത് പോലെ  തല താഴ്ത്തി അകത്തേക്ക് പോയി……. പിന്നാലെ അവരും….മനു അവരോട് കാര്യങ്ങളൊക്കെ പറഞ്ഞു….
                “അപ്പോൾ ഇനിയെന്താ പ്ലാൻ “
          ആദി റിഷിയുടെ അടുത്ത് വന്നിരുന്നു…..
         “ഇനി ഒന്നും നോക്കാനില്ല നേരെ  ബാംഗ്ലൂർക്കു പോകുന്നു അവളെ പൊക്കുന്നു നമ്മൾ  ഇങ്ങോട്ട് കൊണ്ടു പോരുന്നു..സൊ സിംപിൾ… “
        റിഷി മറുപടി പറയാൻ വാ തുറന്നപ്പോളേക്കും മനു പറഞ്ഞു കഴിഞ്ഞിരുന്നു…. റിഷി അവനെ ഒന്ന് തറപ്പിച്ചു നോക്കി…
      “അല്ല അളിയാ…അതാണല്ലോ നമ്മുടെ പ്ലാൻ……..“

      “എന്നാ ഞാനും കൂടെ വരുന്നടാ മക്കളേ ബാംഗ്ലൂരിലേക്ക്… ഞാൻ ബാംഗ്ലൂർ  ഒന്നും കണ്ടിട്ടില്ല ഇതുവരെ… നിങ്ങടെ   മുത്തശ്ശൻ ആ പേട്ട് കിളവൻ  എന്നെ ഈ പട്ടിക്കാട് വിട്ട് ഒരുത്തിലും കൊണ്ടുപോയിട്ടില്ലടാ… എന്നേം കൂടെ കൂട്ടെടാ റിഷികുട്ടാ… “
    അത് കേട്ടതും റിഷിക്കങ്ങു പെരുത്തു കയറിയതാണ് സാഹചര്യം ഇതായത് കൊണ്ടു കലിയടക്കി  മിണ്ടാതിരുന്നു….
       
         “ഈ കർക്കിടകവും എങ്ങനെയോ കഴിഞ്ഞു രക്ഷപെട്ടു നിക്കാണ് കിളവി ബാംഗ്ലൂർ പോണത്രെ…എന്തിന്റെ കേടാണാവോ ഇതിനു….. “
       മനു നിന്ന് പിറുപുറുത്തു…
     “എന്താടാ നിന്ന് മുറുമുറുക്കുന്നത്… മുഖത്ത് നോക്കി പറയടാ…. “
            മുത്തി മനുവിനെ കയ്യോടെ പൊക്കി…
     “എന്റെ പോന്നു  tiktok റാണി പാവങ്ങളുടെ  സണ്ണി ലിയോണെ… ഞങ്ങൾ ടൂർ പോവല്ല ആ പെണ്ണിനെ എങ്ങനെയെങ്കിലും കണ്ടു പിടിക്കാൻ പോകുവാ… ജീവനോടെ തിരിച്ചു വരുമോ ഇല്ലയോ എന്നുകൂടി അറിയില്ല….കുളമാക്കരുത് പ്ലീസ്…. “
       മനു മുത്തിയെ നോക്കി ഒരു ലോഡ് പുച്ഛം വിതറി….
        “എങ്ങനായാലും വേണ്ടില്ല… അവളെ എത്രയും വേഗം കൊണ്ടു വന്നാമതി… എല്ലാ മിഡിയും ടോപ്പും അവള് കൊണ്ടു പോയടാ  മക്കളേ  ഒരെണ്ണം പോലും വെച്ചില്ല ഇനി ഞാൻ എന്തോ  ഇട്ട് tiktok ചെയ്യും… “
        മുത്തി മൂക്ക് പിഴിയലും കരച്ചിലും തുടങ്ങി… ബാക്കിയുള്ളവരെല്ലാം പകച്ചു നിക്കുന്നുണ്ട്…കൊടുങ്കാറ്റിൽ ആന പാറി പായപ്പോളാ കിളവിടെ മിഡിയും ടോപ്പും….റിഷി ഇരുന്നു പല്ല് ഞെരിച്ചു…

        “ടാ… ആദീ… ഈ എക്സ്പൈറി ഡേറ്റ്  കഴിഞ്ഞ സാധനത്തിനെ എന്റെ മുന്നീന്ന് വിളിച്ചോണ്ട് പൊയ്ക്കോ… ബാക്കിയുള്ളവർ തല പെരുത്ത് നിക്കാണ് ഇവിടെ…. അതിനിടയിലാ തള്ളേടെ   ടിക്ടോക്കും  കോപ്പും....”
       റിഷി കിടന്നു മുത്തിക്ക് നേരെ ചീറ്റുന്നുണ്ട്…..
          “നിനക്ക് അതുതന്നെ വേണമെടാ….ഇത്രഅങ്ങ്  വിഷമിക്കാൻ അവൾ നിന്റെ കെട്ടിയോൾ ഒന്നും അല്ലലോ…ഇവിടുള്ളപ്പോൾ അവൾക്ക് നേരെ ചീറുകയല്ലാരുന്നോ ഇവൻ…എന്നിട്ടെന്താ ഇപ്പോൾ ഒരു ഇളക്കം….“
            മുത്തിയുടെ ഡയലോഗ് കേട്ടതും റിഷിയും മനുവും ഒരേപോലെ ഞെട്ടി….. പരസ്പരം നോക്കി….
       “എവിടെയോ എന്തോ……!!!!!!!
          റിഷിക്ക് എവിടെയോ കല്ലു കടി ഫീൽ ചെയ്തു….
             “പൊന്ന് റിഷി…. തള്ള കാഞ്ഞ വിത്താണ്… വേഗം അനുനയിപ്പിച്ചോ… അല്ലേൽ പണി പാലും വെള്ളത്തിൽ  ബൂസ്റ്റിട്ടു കലക്കി  തരും… നിനക്കിതിനെ ആ കേണലങ്കിളിന്റെ തലയിൽ എങ്ങാനും  കെട്ടിവെക്കാൻ മേലായോ…. അങ്ങേര് അനുഭവിക്കട്ടെടാ…..“
         മനു റിഷിയുടെ ചെവിയിൽ ആരും കേൾക്കാതെ പറഞ്ഞു….
      “എന്താടാ രണ്ടും കൂടെ നിന്ന് പിറുപിറുക്കുന്നത്…. എന്താണേലും ആരുപോയിട്ടാണേലും ആരെ കൊന്നിട്ടാണേലും  അവളിവിടെ എത്തണം..കൊല്ലേണ്ടതും തല്ലേണ്ടതും പിന്നെ  രണ്ടാളോടും പ്രത്യേകിച്ച് പറയേണ്ട കാര്യം ഇല്ലാലോ നന്നായിട്ടറിയാമല്ലോ…. എന്നിട്ട് വേണം എനിക്കു കുറച്ചു തീരുമാനങ്ങൾ ഒക്കെ എടുക്കാൻ… “
       അതും പറഞ്ഞു റിഷിയെ ഒന്ന് കടുപ്പിച്ചു നോക്കി മുത്തി മുറിയിലേക്ക് പോയി…
        “എന്തുവാടെ ഇതു… പഴകുംതോറും വീര്യം കൂടി വരുവാണല്ലോ ഇതിനു….ഇനി കാലൻ വരുന്ന വഴിയിലെങ്ങാനും കൊണ്ടുപോയി നിർത്തേണ്ടി വരും…..”
     മുത്തിയുടെ പോക്ക് കണ്ടു മനു പറഞ്ഞു …
     “എന്തായാലും നിന്റെ കാര്യത്തിൽ ഒരു തീരുമാനമായി മോനേ റിഷികുട്ടാ…എന്തോ ആടാറു  പണി വരുന്നുണ്ട്…ഞാൻ പറഞ്ഞ പോലെ ആ സാധനത്തിനെ എങ്ങനേലും കെട്ടിച്ചു വിട്….കേണലങ്കിളിനെ ഇനി നിന്നെ രക്ഷിക്കാൻ പറ്റൂ…  “
         
                രാത്രി വൈകി ആണ് മനു പോയത് അവനെ തന്നെ നാളെ ബാംഗ്ളൂരിലേക്കുള്ള  ഫ്ലൈറ്റ് ടികെറ്റ് എടുക്കാൻ ഏല്പിച്ചിട്ടാണ് റിഷി വിട്ടത്….
       
               കുറച്ചു ദിവസത്തിനു ശേഷമാണ് റിഷി തന്റെ റൂമിലേക്ക് വരുന്നത്. അവൻ ചുറ്റും നോക്കി ആകെ ഒരു മാറ്റം പോലെ നിറഞ്ഞുനിൽക്കുന്ന ഗന്ധത്തിനു പോലും മാറ്റം വന്നിരിക്കുന്നു… …അവിടമാകാം അവളുടെ മണം നിറഞ്ഞു നിക്കുന്നത് പോലെ തോന്നി അവനു….വല്ലാത്തൊരു ശ്വാസം മുട്ടൽ തോന്നി അവനു…ഇന്നലെ അവൾ തന്നെ പറഞ്ഞയക്കല്ലേ റിഷിയേട്ടാ എന്ന്കരഞ്ഞു പറഞ്ഞത് അവന്റെ ഓർമകളെ കൂടുതൽ വേദനയുറ്റതാക്കി…..നെഞ്ചോക്കെ വിങ്ങി പൊട്ടുന്നപോലെ തോന്നി അവനു…..
         അവൻ ബെഡിലിരുന്നു പതിയെ അവൾ കിടന്നിരുന്നിടത്ത്   വിരലുകളോടിച്ചു…..കൂടെ ഉള്ളപ്പോൾ അറിഞ്ഞില്ല പക്ഷേ ഇപ്പൊ എന്തിനോ  ഉള്ളം  വല്ലാതെ വിങ്ങുന്നു… പറ്റുന്നില്ല തനിക്കു…. ഇനിയും അവളെ കണ്ടില്ലേൽ പ്രാന്ത് പിടിക്കും..എന്ന അവസ്ഥയിൽ ആണ്… ആട്ടി ഓടിച്ചിട്ടേ ഉള്ളു പാവത്തിനെ… ആരുമില്ലെന്നറിഞ്ഞപ്പോളെങ്കിലും…ഒരു പ്രാവശ്യമെങ്കിലും ഒന്ന് ചേർത്ത് പിടിച്ചിരുന്നെങ്കിൽ നിനക്ക് ഞാനില്ലെടി എന്നൊന്ന് പറഞ്ഞിരുനെങ്കിൽ…ഇന്നീ ഇടനെഞ്ചിൽ തല ചായ്ക്കാൻ  അവളുണ്ടായേനെ…കുറ്റബോധം അവനെ വല്ലാത്തൊരു മാനസികാവസ്ഥയിൽ എത്തിച്ചു…. കണ്ണുള്ളപ്പോൾ വില അറിയാത്തത് പോലെ …..പോയപ്പോളാണ് തന്റെയുള്ളിൽ ഇത്രയും ആഴത്തിൽ അവൾ  പതിഞ്ഞുപോയെന്ന സത്യം അവൻ  മനസിലാക്കിയത്….
        റിഷി റൂമിന് ചുറ്റും കണ്ണോടിച്ചു….. അവളുടെ ഗന്ധവും നിശ്വാസവും തങ്ങി നിക്കുന്ന മുറി…അവനൊരു പുതിയ അനുഭവം പോലെ തോന്നി….. അവൻ പതിയെ എഴുനേറ്റു ചുറ്റും നോക്കി… ഇല്ല… അവളുടേതായ ഒരു സാധനങ്ങളും തന്നെ  ഇല്ല…അപ്പോളാണ് ഡ്രസിങ് ടേബിളിനു മുകളിലായി  റിഷിയുടെ കണ്ണിൽ ഒരു കടലാസ് കഷ്ണം പെട്ടത്…. അതെടുത്തു നോക്കിയതും അവന്റെയുള്ളിൽ  എന്തുകൊണ്ടോ ഒരു ആശ്വാസം വിരിഞ്ഞു…..ചുണ്ടുകളിൽ പുഞ്ചിരിയും…..
         *****************************
          പിറ്റേന്ന് രാവിലെതന്നെ ഉള്ള ഫ്ലൈറ്റ്നു  റിഷിയും മനുവും കൂടെ ബാംഗ്ലൂരിലേക്ക്  പുറപ്പെട്ടു….ബാഗ്ലൂരിൽ അവരുടെ ഒരു ഫ്രണ്ട് ഉണ്ട് ശ്രീരാഗ് അവനെ വിളിച്ചു കാര്യങ്ങൾ ചുരുക്കി പറഞ്ഞു…..
          ഫ്ലൈറ്റിൽ  കയറിയിട്ടും റിഷി മൗനം തന്നെ.. മഎന്തൊക്കെയോ ആലോചിച്ചുകൊണ്ടുള്ള ഇരിപ്പാണ്….മനു ആണേൽ എയർ ഹോസ്റ്റസുമാരുടെ വായിൽ നോക്കി വെള്ളമിറക്കി  ഇരിപ്പുണ്ട്….
             “അളിയാ… നോക്ക് അവൾ മലയാളി ആണെന്ന് തോന്നുന്നു… ഒന്ന് കേറി മുട്ടി നോക്കിയാലോ “
                    എയർ ഹോസ്റ്റസിനെ കണ്ടതും മനുവിന് ചെറുതായിട്ട് ഇളക്കം തുടങ്ങി… റിഷിയുടെ രൂക്ഷമായ നോട്ടം ആരുന്നു ഇതിനുള്ള മറുപടി…
      “പട്ടി  പുല്ല് തിന്നേം ഇല്ല……പശൂനെക്കൊണ്ട് തീറ്റിക്കെമില്ല ഇതെന്താ വെള്ളരിക്കാപട്ടണമോ.. “
         മനു ഇരുന്നു പിറുപിറുത്തു…..
          “എന്താകുമെന്നോ ഏതാകുമെന്നോ അറിയാതെ ബാക്കിയുള്ളവർ ഇവിടെ മൂട്ടിൽ തീ പിടിച്ചു തലക്ക്  നട്ടപ്രാന്ത് പിടിച്ചു ഇരിക്കുമ്പോളാ അവന്റെ ഒടുക്കത്തെ വായിന്നോട്ടം… “
       
       “എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട… അവളിത്രനാളും അവിടുണ്ടായപ്പോ ഓടിക്കാനാരുന്നല്ലോ മോനു തിടുക്കം അപ്പോൾ അശോകന് ഇച്ചിരി ക്ഷീണമാകാം….ബാക്കിയുള്ളവരുടെ ലൈഫ് ഒന്ന് സെറ്റ് ആകാൻ സമ്മതിക്കഡേയ് “
           അതും പറഞ്ഞു മനു എയർഹോസ്റ്റസിനെ വിളിക്കാനുള്ള ബട്ടൺ പ്രെസ്സ് ചെയ്തു…
      “വരുന്നുണ്ടളിയാ… ദൈവമേ മിന്നിച്ചേക്കണേ… “
            മനു റിഷിയെ തോണ്ടിക്കൊണ്ട് മുകളികളിലേക്ക് നോക്കി പ്രാർത്ഥിച്ചു കൊണ്ടു പറഞ്ഞു…. റിഷി മുഖം തിരിച്ചു ഇരിക്കുകയാണ്…
       “യെസ് സർ…മേ ഐ ഹെല്പ് യൂ…. “
                 ബെൽ പ്രെസ്സ് ചെയ്തതും ഐർഹോസ്റ്റസ് അടുത്തേക്ക് വന്നു..
       “എസ്ക്യൂസ്‌ മി യുവർ ഗൂഡ്‌നെയിം പ്ലീസ്… “
          “പാർവതി.. “
          “മലയാളി ആണോ… പൊളിച്ചു… ഞാൻ മനു  ഇത് എന്റെ ഫ്രണ്ട് റിഷി….നാട്ടിലെവിടെയാ… “
             അവൾക്ക് നേരെ കൈ നീട്ടിക്കൊണ്ട് മനു പറഞ്ഞു….. പെട്ടെന്നുള്ള ആവേശത്തിൽ ഒച്ച ഇത്തിരി കൂടിപോയതും എല്ലാവരും ശ്രദ്ധിക്കാൻതുടങ്ങി…. ആ പെൺകുട്ടിയും ആകെ പകച്ചു നിക്കുന്നു… ഇങ്ങനൊരു സാധനത്തിനെ ആദ്യമായി കാണുവാനെന്നു തോനുന്നു…ഇതു കടിക്കുമോ എന്ന് ആണ് ചിന്തിക്കുനന്നതെന്നു  അവളുടെ മുഖഭാവത്തിൽ നിന്ന് നമുക്ക് ഊഹിച്ചെടുക്കാം….അതുപോലെ പകച്ചു നോക്കുന്നുണ്ട്….
         “സോറി.. കൗതുകം ലേശം കൂടുതലാണേ… ബൈ ദു ബൈ കുട്ടി മാരീഡ് ആണോ…. “
                   അതുടെ കേട്ടതോടെ അവനെയൊന്ന് കനപ്പിച്ചു നോക്കിയിട്ടു ഐർഹോസ്റെസ്സ് കടന്നുപോയി…
     “കുട്ടിക്ക് വല്ല്യ ഇന്ട്രെസ്റ് ഇല്ലന്ന് തോനുന്നു… “
          മനു ചമ്മിയ ചിരിയോടെ റിഷിയെ നോക്കി….
      “അവിടെത്തുന്നത് വരെ ഇനി നിന്റെ തിരുവാ തുറന്നാൽ മൂക്കിടിച്ചു പരത്തും കള്ള  പന്നി….മനുഷ്യനെ നാണം കെടുത്താനായിട്ട്..ഏത് നേരത്താണാവോ ഇതിനെ ഒക്കെ  കൂട്ടാൻ തോന്നിയത് നാശം പിടിക്കാൻ …  “
        റിഷിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു….
            “സ്പർശനെ അല്ലെ പാപം ഉള്ളു… ദർശനേ പുണ്യം ആണല്ലോ… ഞാൻ നോക്കി ഇരുന്നു  വെള്ളമിറക്കിക്കോളാം..അതിനാർക്കും ടാക്സ് ഒന്നും തരണ്ടല്ലോ  അല്ലപിനെ  … “
        “നോട്ടമെങ്കിൽ നോട്ടം ഇതായിരിക്കും നമുക്കൊക്കെ വിധി… “
     അങ്ങനെ ഓരോന്നും പറഞ്ഞു പിറുപിറുത്തു മനു അസ്സലായി വായിനോട്ടം തുടർന്നു….
       ഫ്ലൈറ്റ് ലാൻഡ് ചെയ്തെന്നു അറിയിപ്പ് വന്നതും ഹാൻഡ് ലഗേജ് എടുത്തു അവർ പുറത്തേക്ക് ഇറങ്ങി…. വാതിൽക്കൽ നിന്നിരുന്ന ഐർഹോസ്റ്റസിനു നേരെ ഒന്ന്  സൈറ്റും അടിച്ചു അവർ പുറത്തേക്കിറങ്ങി….
         എയർപോർട്ടിൽ അവരെ റിസീവ് ചെയ്യാൻ   ശ്രീരാഗ് വന്നിട്ടുണ്ടായിരുന്നു…. അവന്റെ വണ്ടിയിലാണ് താമസസ്ഥലത്തേക്ക് വന്നത്… ശ്രീരാഗിന്റെ കമ്പനി വക ഫ്ലാറ്റ് ആണ്… ഒറ്റക്കാണ് താമസം ഇവിടെ…വന്നതും  അവൻ ഉണ്ടാക്കി  കൊടുത്ത ബ്ലാക്ക് കോഫിയും ഊതികുടിച്ചു ഇരിക്കുവാണ് റിഷിയും മനുവും….
       “യാത്ര ഒക്കെ എങ്ങനുണ്ടാരുന്നടാ “
          ശ്രീ  റിഷിയെ നോക്കി ചോദിച്ചു “
         “ഒന്ന് രണ്ടെണ്ണം കൊള്ളാം… “
        പക്ഷേ മറുപടി വന്നത് മനുവിന്റെ ഭാഗത്തു നിന്നാണ് “
     “എന്ത് “
      ശ്രീ സംശയത്തോടെ അവനെ നോക്കി….
        “അല്ല.. എയർ ഹോസ്റ്റസുമാരെ… “
             “ഒരു മാറ്റോം ഇല്ലാലെ… കഷ്ടം.. “
            മനു ഇല്ലന്ന് നിഷ്കളങ്കമായി ചുമൽ കൂച്ചി കാണിച്ചു….
              “അളിയാ… നീ പറ എന്താ പ്രശ്നം….. “
          ശ്രീ റിഷിയുടെ അടുത്തേക്ക് ചെയർ വലിച്ചിട്ടു ഇരുന്നു…. റിഷി ഒരു നിമിഷം അവനെനോക്കി ഇരുന്നു പിന്നെ ഇതുവരെ ഉണ്ടായ കാര്യങ്ങൾ എല്ലാം വിശദമായി  പറഞ്ഞു കൊടുത്തു….
              “ഇതിപ്പോ ഈ വലിയ നഗരത്തിൽ എവടെ പോയി തപ്പാനാ മോനേ….. “
          ശ്രീ ചോദ്യഭാവത്തിൽ അവനെ നോക്കി….
      “പ്രധാന പ്രശ്നം ഇതൊന്നുമല്ല…. “
        ശബ്ദം കെട്ടിടത്തേക്ക് ശ്രീയും റിഷിയും  ഞെട്ടലോടെ ഒരുപോലെ നോക്കി…
      “അല്ലാ… അവൾക്ക് നിന്നെ ഇഷ്ടമാണൊന്നു അറിയണ്ടേ…. അവസാനം ഒരുമാതിരി പട്ടി ചന്തക്കു പോയത് പോലെ ആകാതിരുന്നമതി … “
      “ഇവനെ ഞാനിന്നു…. “
         റിഷി എഴുന്നേറ്റതും ശ്രീ അവനെ തടഞ്ഞു….
             “ശ്രീ.. ടാ… അവളുടെ അഡ്രെസ്സ് എന്റെ കയ്യിലുണ്ട്…. “
       “ആഹാ… എന്നിട്ടാണോ മനുഷ്യനെ വെറുതെ ടെൻഷൻ അടിപ്പിച്ചത് ഇനി കണ്ടുപിടിക്കാൻ എളുപ്പമല്ലേ നമ്മൾ പൊക്കിയിരിക്കും തന്നെ നോക്കട്ടെ “
           ശ്രീ ചോദിച്ചതും റിഷി തനുവിന്റെ മുറിയിൽ നിന്നു കിട്ടിയ കടലാസുകഷ്ണം എടുത്തു കൊടുത്തു….. അത് വായിച്ചതും ശ്രീയുടെ മുഖം വിളറി…..
        “ടാ.. ഇത്…. തൻവി അല്ലെ ..തൻവി മൽഹോത്ര…മൽഹോത്ര ബിസിനെസ്സ് ഗ്രുപ്പിന്റെ ഒരേയൊരു അവകാശി…. “
       “അതെ….!!
            റിഷി ഇവനിത് എങ്ങനെ അറിയാം എന്ന ഭാവത്തിൽ ശ്രീയെ നോക്കി…
         “നിനക്ക്… നിനക്കെങ്ങനെ…..””!!??
        റിഷി അവനെ ചോദ്യഭാവത്തിൽ നോക്കി…
      “നീ ആദ്യം പറഞ്ഞില്ലലോ ഇതൊന്നും… ടാ ഞാൻ വർക് ചെയ്യുന്നത് ഇവരുടെ കമ്പനിയിലാണ്… മൽഹോത്ര കൺസ്റ്റ്‌ക്ഷൻസിൽ “
         “അപ്പോൾ കാര്യങ്ങളൊക്കെ എളുപ്പമായല്ലോ “
      റിഷി പ്രതീക്ഷയോടെ അവനെ നോക്കി…
       “എളുപ്പമാണ്…. പക്ഷെ….??
     
        ശ്രീരാഗ് എന്താ പറയേണ്ടതെന്നറിയാതെ റിഷിയെ നോക്കി…..
   “പിന്നെ…പിന്നെ…. എന്താ പ്രശ്നം…. “
       
      അവന്റെ മുഖഭാവം കണ്ടതും റിഷിയുടെ മനസ്സിൽ ഒരു ആപത്തു മണത്തു…..
 
        “അത്… നാളെ… നാളെ അവളുടെ കല്യാണമാണ്……. രാഹുൽ മേനോനുമായി…..“!!!!!
           ശ്രീയുടെ വാക്കുകൾ ഒരു ഇടിത്തീ പോലെ റിഷിയുടെ കാതുകളിൽ പതിഞ്ഞതും  ഒരു ഞെട്ടലോടെ അതിലേറെ തളർച്ചയോടെ അവനെത്തന്നെ നോക്കി പകച്ചു നിന്നു….
To Top