വിശ്വഗാഥ 7

Valappottukal
വിശ്വഗാഥ💕
ഭാഗം- 7

വിശ്വ വർക്ക്‌ ഷോപ്പിലെത്തിയപ്പോൾ അവിടെയൊരു  കൊച്ചുപയ്യൻ മാത്രമേ ഉണ്ടായിരുന്നുള്ളു.

"വണ്ടി നന്നാക്കാൻ വന്നതാണോ? മാമൻ ഇവിടെയില്ല. കുറച്ചു പണിസാധനങ്ങൾ വാങ്ങാൻ പോയിരിക്കുവാ"

"എപ്പോൾ വരുമെന്ന് അറിയാമോ?"

"ഇപ്പോഴായിട്ട് പോയതേ ഉള്ളു.  വരാൻ കുറച്ചു വൈകും"

"അപ്പോൾ ഈ വർക്ക്‌ ഷോപ്പിൽ വേറെയാരും ഇല്ലേ?"

"ഉണ്ട്.  അവർ ആരും ഇന്ന് വന്നില്ല. തുറക്കണ്ട എന്നു വിചാരിച്ചതാ. പക്ഷേ,  പെട്ടന്ന് ചെയ്തു കൊടുക്കാൻ ഒരു പണി കിട്ടി.  അതുകൊണ്ടാ മാമൻ ഇന്ന് തുറന്നേ.  ചേട്ടൻ ഒരു കാര്യം ചെയ്യ്.  ഇവിടുന്നു ദേ ആ വളവിന്റെ അവിടെ വലതുവശത്ത് താഴോട്ടൊരു വർക്ക്‌ ഷോപ്പ് ഉണ്ട്.  ഇതിനേക്കാൾ വലുതാ.  ചേട്ടൻ അങ്ങോട്ട്‌ ചെല്ല്.  അവിടെ ആള് കാണും മിക്കവാറും"

"മ്മ്... "

വിശ്വ വീണ്ടും ബുള്ളറ്റ് തള്ളിക്കൊണ്ട് ആ പയ്യൻ പറഞ്ഞ വർക്ക്‌ ഷോപ്പിലേക്ക് നടന്നു.
ആ വർക്ക്‌ ഷോപ്പിലേക്കായിരുന്നു അനന്തുവും പ്രദീപും ഗാഥയെ കൊണ്ടുപോയത്.

"ഡാ... ഇവളെ ആദ്യം അകത്തേക്ക് ആ ബെഡ് ഇല്ലേ... അവിടെ കിടത്താം. എടുക്ക്..."

"ഞാൻ സഹായിക്കണോടാ?"

"അളിയൻ ഇവിടെ ചുമ്മാ നിന്നാൽ മതി. ഞങ്ങൾ എടുത്തോളാം"

"ഓഹ് ശെരി"

"ചേട്ടൻ വിഷമിക്കണ്ടാന്നെ... സമയം ആകുമ്പോൾ ഞാൻ വിളിച്ചോളാം"

അനന്തു അയാളെ നോക്കി ഒരു കള്ളച്ചിരിയോടെ പറഞ്ഞു. വാനിൽ നിന്നും ഗാഥയെ പുറത്തെടുത്തപ്പോൾ അവളുടെ തോളിൽ നിന്നും ബാഗ് ഊർന്ന് അവിടെ നിലത്ത് വീണു. അവർ രണ്ടുപേരും ചേർന്ന് അവളെ അകത്തേക്ക് കൊണ്ടുപോയി. അപ്പോഴേക്കും വിശ്വയും അവിടെയെത്തി.

"ഹെലോ... ഇവിടെ ആരുമില്ലേ?  ഹെലോ..."

"ആഹ് ഉണ്ടല്ലോ..."

"അതേ ചേട്ടാ... ഇത് സ്റ്റാർട്ട്‌ ആകുന്നില്ല. പെട്ടന്ന് വഴിയിൽ നിന്നുപോയി. ഇന്നലെ ഉച്ചക്ക് ഫുൾ ടാങ്ക് അടിച്ചതാ. അതിന്റ പ്രശ്നമല്ല"

"ഹ്മ്മ്... ഞാൻ നോക്കിക്കോളാം. ചെറിയ എന്തേലുംപ്രോബ്ലം ആയിരിക്കും. സർ ഇരിക്ക്"

അവിടെ ഇട്ടിരുന്ന ഒരു സ്റ്റൂളിനെ ചൂണ്ടികാണിച്ച് അയാൾ പറഞ്ഞു. വിശ്വ തലയാട്ടിക്കൊണ്ട് ആ സ്റ്റൂളിൽ ചെന്നിരുന്നു. അവൻ അവിടെയൊക്കെ ചുറ്റും നോക്കി.

ഹ്മ്മ്... ആ പയ്യൻ പറഞ്ഞത് ശെരിയാ. ഈ വർക്ക്‌ ഷോപ്പ്  നല്ല വലുതാണ്.

എന്നിങ്ങനെ മനസ്സിൽ പറഞ്ഞുകൊണ്ട് വിശ്വ എണീറ്റ്‌ നിന്ന് അകത്തേക്ക് ഒന്നും കൂടി നോക്കി. അവിടെ കാറുകൾ ജീപ്പ്,  വാൻ ബൈക്കൊക്കെ കിടപ്പുണ്ട്.

"ഇതൊക്കെ നന്നാക്കാൻ ഉള്ളതാണോ?"

"ഹാ... ചിലരൊക്കെ വണ്ടി ഇവിടെ കൊണ്ടുവന്ന് ഇടും. പിന്നെ, വരത്തില്ല. കൂടുതലും പണമുള്ള ടീംസാ... നമ്മൾ നന്നാക്കുന്നത് വെറുതെ. ഒരാൾ എന്നോട് നന്നാക്കിയിട്ട് പിന്നെ വേണ്ട എന്നോട് തന്നെ എടുത്തോളാൻ പറഞ്ഞു. ആ വണ്ടിയാ ദാ കിടക്കുന്ന വാൻ"

അയാൾ പറഞ്ഞത് കേട്ട് വിശ്വ ആ വാൻ കിടക്കുന്നിടത്തേക്ക് നോക്കി. വാനിനെ നോക്കി തിരിഞ്ഞതും എന്തോ കണ്ടതുപോലെ തോന്നിയിട്ട് അവൻ വീണ്ടും  തിരിഞ്ഞുനോക്കി. അവിടെ വീണുകിടന്നിരുന്ന ഗാഥയുടെ ബാഗ് വിശ്വയുടെ കണ്ണിൽപ്പെട്ടു.

ഈ ബാഗ് ഞാൻ എവിടെയോ...

"സർ... വണ്ടിയുടെ താക്കോൽ തന്നേ സ്റ്റാർട്ട്‌ ആക്കി നോക്കട്ടെ..."

"ഹാ..."

"വിശ്വ ചെന്ന് അയാൾക്ക് താക്കോൽ കൊടുത്തു.

"ഡാ അനന്തു... ഇതിന്റെ ആന്റിഡോട്ട് കൊടുത്തിട്ട് ഇവൾക്ക് ബോധം വന്നില്ലാലോ..."

"ഹ്മ്മ്... ഇനി ബോധം വരാനൊന്നും കാത്തിരിക്കണ്ട"

എന്നും പറഞ്ഞ് അനന്തു ഗാഥയുടെ അടുത്ത് ഇരുന്നു. അപ്പോഴാണ് അയാൾ വിശ്വയുടെ ബുള്ളറ്റ് സ്റ്റാർട്ട്‌ ആക്കിയത്. ബുള്ളറ്റിന്റെ ശബ്ദം കേട്ടതും അവളുടെ കൃഷ്ണമണികൾ അങ്ങോട്ടും ഇങ്ങോട്ടും ചലിച്ചു. വൈകാതെ ഗാഥ കണ്ണു തുറന്നു. വിശ്വ ആ ബാഗിന്റെ അടുത്തേക്ക് നടന്നു.

"സർ... ദേ വണ്ടി ഓക്കേ ആയി. ഞാൻ പറഞ്ഞില്ലേ ചെറിയ പ്രോബ്ലം ആണെന്ന്..."

അവൻ അത് കേട്ടില്ല. ചിന്ത മുഴുവനും ആ ബാഗിനെ പറ്റി ആയിരുന്നു. വൈകാതെ അവന്റെ മനസ്സിലേക്ക് ഗാഥയുടെ ഓർമ ഓടിയെത്തി.

ഇത് ഗാഥയുടെ ബാഗ് ആണോ? അവൻ അത് ഓർത്തെടുക്കാൻ ശ്രമിച്ചു.

"ദേ നോക്ക് ബോധം വന്നിട്ടുണ്ട്. ഹാ..  അപ്പോൾ തുടങ്ങാം അല്ലേ... ഡി  മോളെ... നിനക്ക് ഈ ചേട്ടന്മാരെ ഓർമ വന്നോ?"

അനന്തുവിന്റെ ചോദ്യം കേട്ട് ഗാഥ ഞെട്ടി എണീറ്റു. അവൾ പുറത്തേക്ക് പോവാൻ ശ്രമിച്ചതും അനന്തു അവളുടെ കൈയ്യിൽ കേറി പിടിച്ചു. അവൾ അത് ബലമായി തട്ടിമാറ്റാൻ നോക്കിയെങ്കിലും പറ്റിയില്ല.

"നീ എവിടെ പോകാൻ നോക്കുവാ മോളെ... ഇവിടെ നിന്നെ രക്ഷിക്കാൻ ആരും വരില്ല. നിന്റെ മറ്റവൻ പോലും. ഹ ഹ ഹാ..."

"എന്നെ വിട്... വിടാനല്ലേ പറഞ്ഞേ..."

ഗാഥ ഉച്ചത്തിൽ കരഞ്ഞു ബഹളമുണ്ടാക്കി. വിശ്വ ആ ബാഗ് കുനിഞ്ഞെടുക്കാൻ പോയതും അവളുടെ കരച്ചിൽ കേട്ടു. അവൾ ഒരു വിധത്തിൽ അനന്തുവിന്റെ കൈ വിടുവിച്ച് അവനെ ബെഡിലേക്ക് തള്ളിയിട്ട്  ഓടി വന്നത്‌ വിശ്വയുടെ മുന്നിൽ.

"ഗാഥാ... താൻ ഇവിടെ..."

"ഡീ... നീ എന്നെ തള്ളിയിട്ട് ഓടിയല്ലേ?"

എന്ന് അലറികൊണ്ട് വന്ന അനന്തു വിശ്വയെ കണ്ട് ഞെട്ടി നിന്നു. പ്രദീപിനും അവനെ കണ്ട് ഭയം തോന്നി. വിശ്വ അവന്മാരെ ഒന്നു സൂക്ഷിച്ചുനോക്കി. അവന് വേഗം അവരെ പിടികിട്ടി. ഗാഥ വിശ്വയുടെ അടുത്തേക്ക് ഓടി വന്നു. വിശ്വ അവളെ ഒരു സൈഡിലേക്ക് മാറ്റി നിർത്തി. അവന്റെ കണ്ണിൽ ദേഷ്യം ആളിക്കത്തി.

"ഓഹ്... വന്നോ? നീ എങ്ങനെയാടാ മണത്തറിഞ്ഞോ ഇവൾ ഇവിടെ ഉണ്ടെന്ന്? ഏതായാലും വന്ന സ്ഥിതിക്ക് പഴയ കടം അങ്ങ് തീർത്തേക്കാം. അല്ലേടാ പ്രദീപേ?"

പ്രദീപ്‌ മറുപടി പറയാതെ അനന്തുവിനെയും വിശ്വയെയും മാറി മാറി നോക്കി.

"നീ എന്താടാ ഞങ്ങളെ ഇങ്ങനെ മാറി മാറി നോക്കുന്നേ? അന്ന് ഇവന്റെയിൽ നിന്നും കിട്ടിയപ്പോൾ മിണ്ടാതെ നിന്നത് പോലെയല്ല. ഇന്ന് ഞാൻ അവനെ ശെരിയാക്കും"

എന്നും പറഞ്ഞ് അനന്തു വിശ്വയുടെ അടുത്തേക്ക് വന്നതും അവന്റെ നെഞ്ചിലേക്ക് വിശ്വ ആഞ്ഞു ചവിട്ടി. അവൻ പുറകിലേക്ക് തെറിച്ചു വീണു.

"ഡാ... എന്റെ വർക്ക്‌ ഷോപ്പിൽ വന്നിട്ട് എന്റെ പിള്ളേരെ ചവിട്ടി തള്ളിയിടാൻ നീ ആരാടാ?"

പ്രദീപിന്റെ അളിയൻ വന്ന് വിശ്വയുടെ ഷർട്ടിന്റെ കോളറിൽ പിടിച്ചു. വിശ്വ അവനെ തറപ്പിച്ചു നോക്കി.

"നീ എന്താടാ തുറിച്ചു നോക്കുന്നേ?  ചോദിച്ചത് കേട്ടില്ലേ?"

അടുത്ത നിമിഷം കോളറിൽ പിടിച്ച കൈ തട്ടി മാറ്റിയിട്ട് വിശ്വ അവന്റെ കഴുത്തിനു കുത്തിപ്പിടിച്ച് അവിടെത്തെ ഒരു തൂണിൽ മുട്ടിച്ചു നിർത്തി.

"നീ ഇവിടെ വർക്ക്‌ ഷോപ്പ് നടത്തുന്നോ?  അതോ ഇതിന്റെ മറവിൽ പെൺകുട്ടികളെ....?"

വിശ്വ അവനെ ശ്വാസം മുട്ടിച്ചു. ഈ സമയം  അനന്തു വേഗം എണീറ്റ് അടുത്ത് കിടന്ന ഒരു ഇരുമ്പുകമ്പി എടുത്തുകൊണ്ട് ഗാഥയുടെ പുറകിലൂടെ  ചെന്ന് അവന്റെ ഇടത്തെ കൈ കൊണ്ട് അവളുടെ കഴുത്തോടൊപ്പം അമർത്തിപ്പിടിച്ചു. ഗാഥ അവന്റെ കൈ മാറ്റാൻ ശ്രമിച്ചുകൊണ്ടിരുന്നു.

"ഡാ... നീ ഇവൾക്ക് വേണ്ടിയല്ലേ അന്ന് എന്റെ മൂക്കിനെ പഞ്ഞിക്കിട്ടേ? ഈ കമ്പി ഇവളുടെ കഴുത്തിൽ കുത്തി ഇറക്കിയാലോ?  ഏഹ്?"

ഇത് കണ്ട് വിശ്വ അയാളുടെ കഴുത്തിലെ പിടി വിട്ടു. ഗാഥ അവനെ നിസ്സഹായതോടെ നോക്കി. അവൻ അവരുടെ അടുത്തേക്ക് വന്നതും അനന്തു ആ ഇരുമ്പുകമ്പി അവന്റെ മുഖത്തിനു നേരെ നീട്ടി. അത് വിശ്വക്ക് കൊണ്ടു. അവന്റെ കവിളിൽ ചെറിയൊരു പോറലുണ്ടാക്കി. വിശ്വ ഉടനെ അവന്റെ അടിവയറ്റിലൊരു ചവിട്ട് കൊടുത്തു. അപ്പോൾ അവൻ ഗാഥയുടെ കഴുത്തിൽ നിന്നും പിടുത്തം വിട്ടു.

അപ്പോൾ പ്രദീപ്‌ ഒരു ചുറ്റികയുമായി വിശ്വയെ തല്ലാൻ ഓടി വന്നു. വിശ്വ അത് പിടിച്ചുവാങ്ങി അവന്റെ തലക്കിട്ടു തന്നെ കൊടുത്തു. പെട്ടന്ന് പ്രദീപിന്റെ അളിയൻ വന്ന് വിശ്വയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് അവിടെത്തെ ചുമരിന്മേൽ തലയിടിപ്പിച്ചു രണ്ടു തവണ. എന്നിട്ട് അവനെ പിടിച്ച് തള്ളി. അവന്റെ നെറ്റി പൊട്ടി ചോര വരാൻ തുടങ്ങി. ഇത് കണ്ട് ഗാഥ വിശ്വയുടെ അടുത്തേക്ക് പോകാൻ തുടങ്ങിയതും അനന്തു അവളുടെ കയ്യിൽ പിടിച്ച് വലിച്ചു.

"ഇങ്ങോട്ട് വാടി..."

വിശ്വ തന്റെ നെറ്റിയിൽ തൊട്ടു നോക്കി. ചെറുതായി അവന് നീറ്റൽ അനുഭവപ്പെട്ടു. ഗാഥ അവനെ തിരിഞ്ഞു നോക്കി കരഞ്ഞുകൊണ്ടിരുന്നു. വിശ്വക്ക് അത് താങ്ങാനായില്ല. അവൻ വേഗം ചെന്ന് അനന്തുവിന്റെ മുതുകത്ത് ആഞ്ഞു ചവിട്ടി. അനന്തു മൂക്കും കുത്തി നിലത്തു വീണു. അവൻ എണീക്കാൻ പോയപ്പോൾ വിശ്വ അവന്റെ പുറത്ത് ചവിട്ടിയിട്ട് അവന്റെ കോളറിൽ പിടിച്ച് പൊക്കിയെടുത്തു. പ്രദീപും അവന്റെ അളിയനും വിശ്വയെ പിടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല. വിശ്വ അനന്തുവിന്റെ തലമുടിയിൽ പിടിച്ച് അവിടെ അടുത്ത്  തുരുമ്പ് പിടിച്ചു കിടന്നിരുന്ന ഒരു കാറിന്മേൽ മുഖം അമർത്തി ഇടിപ്പിച്ചു. അവന്റെ മൂക്ക് നന്നായി ചതഞ്ഞു. അനന്തു വേദനകൊണ്ട് നിലവിളിച്ചു. വിശ്വ അവന്റെ വലതു കൈ പുറകിലേക്ക് തിരിച്ചൊടിച്ചു. എന്നിട്ട് ഒരു വശത്തേക്ക് തള്ളിയിട്ടു. വിശ്വയുടെ ദേഷ്യംകണ്ട് ഗാഥ അന്തം വിട്ടു നിന്നു. പ്രദീപും അവന്റെ അളിയനും വിശ്വയെ ഭയത്തോടെ നോക്കി. അവൻ അടുത്ത് വരുന്നത് കണ്ട് അവർ മാറി നിന്നു.
താഴെ കിടന്ന ഗാഥയുടെ ബാഗ് വിശ്വ എടുത്ത് അവൾക്ക് കൊടുത്തു.

"ഗാഥ ഇനി ഇവിടെ നിൽക്കണ്ട. വേഗം വീട്ടിൽ പോകാൻ നോക്ക്"

അവൾ വിശ്വയുടെ മുഖത്ത് ചോരയൊലിക്കുന്നത് നോക്കിക്കൊണ്ട് നിന്നു.

"പോകാൻ..."

വിശ്വ ദേഷ്യം കൊണ്ട് ഉച്ചത്തിൽ പറഞ്ഞു.
ആ ദേഷ്യത്തിലും തന്നോടുള്ള പ്രണയം അവന്റെ കണ്ണുകളിൽ അലയടിക്കുന്നതായി ഗാഥക്ക് തോന്നി  അവൾ വേഗം അവിടെ നിന്നും പുറത്ത് പോയി. വിശ്വ തന്റെ ഫോൺ എടുത്ത് SI നസീറിന് കാൾ ചെയ്ത്‌ കാര്യങ്ങൾ പറഞ്ഞു. അനന്തുവിനെ പ്രദീപും അളിയനും കൂടി പിടിച്ച് എണീപ്പിച്ചു.
ഒരു പത്തുമിനിറ്റ് കഴിഞ്ഞതും SI അവിടെയെത്തി.

"ആഹ് വിശ്വാ... അവന്മാർ എവിടെ?"

"ദേ അവിടെയുണ്ട്"

വിശ്വ അവരെ ചൂണ്ടികാണിച്ചു. SI അവരുടെ അടുത്തേക്ക് പോയി.

"ഇവരോ? കൊട്ടേഷൻ കൊടുത്താൽ പോലും നേരാ വണ്ണം ചെയ്യാൻ അറിയാത്തവന്മാരാ. ഡാ... നിന്റെ പേര് അനന്തു എന്നല്ലേ. കഴിഞ്ഞ തവണ നിന്നെ ഒരു കേസിൽ പിടിച്ചപ്പോൾ നിന്റെ അമ്മ സ്റ്റേഷനിൽ വന്ന് കരഞ്ഞു ബഹളമുണ്ടാക്കിയപ്പോൾ നിന്നെ ഞാൻ വെറുതെ വിട്ടതല്ലേടാ... വീണ്ടും നീ തുടങ്ങിയോ? നിന്റെയല്ലേ വർക്ക്‌ ഷോപ്പ്? പൂട്ടിക്കുന്നുണ്ട് ഞാൻ"

ഇത് കേട്ട് പ്രദീപിന്റെ അളിയൻ തല താഴ്ത്തി നിന്നു. കോൺസ്റ്റബിൾസ് അവരെ പിടിച്ച് ജീപ്പിൽ കേറ്റിയിരുത്തി.

"ഇവന്മാർ കൊണ്ടുവന്ന പെൺകുട്ടി വിശ്വക്ക് വേണ്ടപ്പെട്ട ആരെങ്കിലും ആണോ?"

"മ്മ്... പിന്നെ സർ,  അവളെ ഈ കേസിൽ കൊണ്ടുവരണ്ട"

"ഏയ്... ഇല്ല. ഞാൻ ചോദിച്ചെന്നെ ഉള്ളു. അപ്പോൾ ശെരി. ഞങ്ങൾ ഇവന്മാരെ കൊണ്ടു പോവാ..."

"സർ... എനിക്ക് ഇവർക്കിട്ട് കുറച്ച് കൊടുക്കേണ്ടി വന്നു..."

"അത് സാരല്ല. ആരായാലും കൊടുത്തുപോകും. ഈ കേസ് ഞാൻ നോക്കിക്കോളാം. പിന്നെ, താൻ വേഗം ഹോസ്പിറ്റലിൽ പോയി ഈ മുറിവിനു മരുന്ന് വെക്ക്"

വിശ്വ ശെരിയെന്ന് തലയാട്ടി. അവരെയും കൊണ്ട് ജീപ്പ് പോയതിനു ശേഷം വിശ്വയും ബുള്ളറ്റിൽ കേറി അവിടെന്നും പോയി.
      ***********-------------**********
അപ്പോഴേക്കും ഗാഥ അവിടെ നിന്നും ഓട്ടോ പിടിച്ച് വീട്ടിൽ എത്തിയിരുന്നു.

"എന്താ ബേട്ടാ ഇന്ന് നേരത്തെ?  ക്ലാസ്സ്‌ ഇല്ലേ?"

"അത്... അത് എനിക്കൊരു തലവേദന വന്നു നാനി. കുറച്ചു നേരം കിടന്നുനോക്കി. മാറിയില്ല. പിന്നെ,  ക്ലാസ്സിൽ ഇരിക്കണ്ടാന്ന് തോന്നി"

"ആണോ?  മ്മ്മ്... മുഖത്ത് നല്ല ക്ഷീണം ഉള്ളതുപോലെ. നീ കുറച്ചു നേരം കിടന്നോ. ഉച്ചക്ക് കഴിക്കാൻ നേരത്ത് ഞാൻ വന്ന് വിളിച്ചോളാം..."

"ശെരി അമ്മേ..."

ഗാഥ മുറിയിൽ ചെന്ന് ആദ്യം പോയി മുഖത്ത് നല്ലതുപോലെ വെള്ളം തളിച്ച് കഴുകി. ബാഗും മാറ്റി വെച്ച് അവൾ ബെഡിൽ കിടന്നു. വിശ്വയെ ഓർത്ത് അവൾക്ക് സങ്കടം വന്നു. അവിടെ നടന്ന കാര്യങ്ങളെല്ലാം ഓർത്ത് അവൾ മയങ്ങിപ്പോയി. ഉച്ചക്ക് രാധികയും നാനിയും   ഭക്ഷണം കഴിക്കാനായി അവളെ  വിളിക്കാൻ മുറിയിലേക്ക് വന്നു. പക്ഷേ,  അവളുടെ ഉറക്കം കണ്ടപ്പോൾ ഉറങ്ങിക്കോട്ടെ എന്ന് വിചാരിച്ച് അവർ തിരിച്ചു പോയി. വൈകുന്നേരം സ്കൂൾ വിട്ട് ഗംഗ വന്നപ്പോഴാണ് ഗാഥ ഉറക്കമുണർന്നത്.

"ഏഹ്?  ചേച്ചി ഇന്ന് നേരത്തെ വന്നോ?  എന്ത് പറ്റി?  നല്ല ഉറക്കമായിരുന്നോ?  ദേ കണ്ണൊക്കെ ചുവന്നിരിക്കുന്നു"

ഇത് കേട്ട് ഗാഥയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

"അയ്യോ ചേച്ചി കരയുന്നോ? എന്ത് പറ്റി?  ശേ... കാര്യം പറ..."

ഗംഗ ഉടൻ പോയി വാതിൽ കുറ്റിയിട്ടു. എന്നിട്ട് ഗാഥയുടെ അടുത്ത് പോയിരുന്നു.

"എന്താ എന്റെ ഗാഥേച്ചിക്ക് പറ്റിയേ?"

ഗാഥ ഉടനെ എണീറ്റ് ഗംഗയെ കെട്ടിപ്പിടിച്ച് കരഞ്ഞു.

"ദേ കരയാതെ കാര്യം പറയുന്നുണ്ടോ ചേച്ചി?"

ഗാഥ അവിടെ നടന്ന സംഭവമെല്ലാം ഗംഗയോട് പറഞ്ഞു. ഇതൊക്കെ കേട്ട് ഗംഗ വാ പൊത്തി.

"എന്റെ ഈശ്വരാ... അവന്മാരോ?  ഹൊ ആ ചേട്ടൻ വന്നതുകൊണ്ട് രക്ഷപ്പെട്ടു. അവന്മാർക്ക് നല്ലത് കിട്ടിയല്ലേ... ഇനി അവരെ പോലീസിൽ പിടിപ്പിക്കണം. എന്നിട്ട് അവിടെ നിന്നും ശെരിക്ക് കിട്ടണം. നല്ലതുപോലെ ചതക്കണം. ഓഹ് എനിക്ക് ദേഷ്യം വരുന്നു..."

"മോളെ ഗംഗേ... എനിക്ക് വിശ്വയെ കാണണം"

"ഏഹ്? എങ്ങനെ കാണാനാ? ഇവിടുന്ന് എന്തു പറഞ്ഞ് പുറത്തുപോകും. ശ്വേത ചേച്ചിയാണേൽ വന്നിട്ടുമില്ല. എങ്കിൽ ആ പേരും പറഞ്ഞ് പോകാമായിരുന്നു. നാനി ചിലപ്പോൾ എന്നെയും കൂട്ടിനു പറഞ്ഞു വിട്ടേനെ. ഇതിപ്പോൾ..."

"ഡി... പിന്നെ അവിടെ എന്താ സംഭവിച്ചേ എന്ന് അറിയില്ലലോ. വിശ്വക്ക് എന്തേലും പറ്റി കാണുമോ? എനിക്ക് ഓർത്തിട്ട് പേടിയാകുന്നു..."

"ശേ... ചേച്ചി ചുമ്മാ ടെൻഷൻ അടിക്കാതെ ഇരുന്നേ. ആ ചേട്ടന് ഒന്നും സംഭവിക്കില്ല. കേട്ടിടത്തോളം ആള് ഹീറോ തന്നെയാ. ഈ ഗാഥയുടെ ഹീറോ. അല്ലെങ്കിൽ കൃത്യസമയത്ത് ഇങ്ങനെ രക്ഷിക്കാൻ വരില്ലലോ. ദേ ഇങ്ങനെ കരഞ്ഞ് അമ്മക്കും നാനിക്കും  വെറുതെ സംശയം ഉണ്ടാക്കരുത്. ചേച്ചി നാളെ നേരത്തെ ഇവിടെ നിന്നും ഇറങ്ങിക്കോ. എന്നിട്ട് നേരെ ചേട്ടന്റെ കടയിലേക്ക് പോ. ഓക്കേ?"

ഗാഥ വിഷമത്തോടെ തലയാട്ടി.

"ആഹ് പിന്നെ ഒന്നും കഴിച്ചു കാണില്ലെന്ന് അറിയാം. ഞാൻ ദേ ഈ യൂണിഫോം ഒന്നു മാറ്റിക്കോട്ടെ.  നമുക്ക് ഒരുമിച്ചു താഴെ പോയിരുന്ന് ഭക്ഷണം കഴിക്കാം"

ഗംഗ ഡ്രസ്സ്‌ മാറ്റാൻ ബാത്‌റൂമിലേക്ക് പോയി. ഗാഥ വിശ്വയെ ഓർത്ത് ബെഡിൽ തന്നെ ഇരുന്നു.
        *********------------**********
വൈകിട്ട് വീട്ടിൽ വന്ന വിശ്വയുടെ മുഖം  കണ്ട രാഗിണി ഞെട്ടിപ്പോയി.

"അയ്യോ  വിശ്വാ... മോനെ നിനക്ക് എന്ത് പറ്റി? ഇതെങ്ങനെ?  ഇതുകൊണ്ടാണോ നീ ഉച്ചക്ക് ചോറുണ്ണാൻ വരാത്തത്?  ഒന്നു പറയെടാ..."

"അമ്മ വാ... എല്ലാം പറയാം"

"വിശ്വാ... എന്താ മുഖത്ത് പറ്റിയേ?  തലക്ക് വല്ല അടിയും കിട്ടിയോ?  സൂക്ഷിക്കണ്ടേ മോനെ...."

"ഒന്നുല്ല അമ്മാവാ... നെറ്റിയൊന്നു ചെറുതായി മുറിഞ്ഞു. അത്രേ ഉള്ളു"

എന്നും പറഞ്ഞ് വിശ്വ അവന്റെ മുറിയിലേക്ക് പോയി. കൂടെ രാഗിണിയും ചെന്നു. അമ്മയോട് അവൻ എല്ലാം പറഞ്ഞു.

"മഹാദേവാ... ഞാൻ എന്താ ഈ കേൾക്കുന്നേ?  ആ കുട്ടിക്ക് ഒരു കുഴപ്പവും ഇല്ലാലോ അല്ലേ?"

"ഇല്ല... പിന്നെ,  നാളെ മുതൽ അമ്മ കടയിൽ വരണം കേട്ടോ?  ഹരിത ഇപ്പോഴൊന്നും വരില്ല. അവളുടെ ചേട്ടൻ ICU വിൽ ആണ്. നാളെ വാർഡിലേക്ക് മാറ്റുമെന്ന് പറയുന്നു"

"മ്മ്... ഇവിടെ രാവിലെത്തെ പണിയൊക്കെ കഴിഞ്ഞിട്ട് അമ്മ വന്നോളാം. മോനെ മഹാദേവൻ ആയിട്ട് അവിടെ എത്തിച്ചതാ. ഇല്ലെങ്കിലോ..."

"അമ്മേ... എനിക്ക് അവളെ കാണണമെന്ന് തോന്നുന്നു"

"ഇനി എങ്ങനെ കാണാനാ മോനെ? നാളെ അവൾ പഠിക്കാൻ വരില്ലേ... അപ്പോൾ കാണാം"

"എന്തോ... എനിക്കവളെ ഇപ്പോൾ കാണണം. ഇവിടെ വന്ന് അമ്മയോട് പറഞ്ഞിട്ട് പോകാമെന്നു കരുതി"

"ഏഹ്?  എവിടെ പോകുന്ന കാര്യമാ നീ ഈ പറയുന്നെ?  ഇപ്പോൾ ആ കുട്ടിയെ  കാണണമെങ്കിൽ അവളുടെ വീട്ടിൽ പോകണ്ടേ?"

"ഞാൻ പോണൂ..."
വിശ്വ ഉടനെ എണീറ്റു.

"ഡാ മോനെ ഞാൻ പറയുന്നത് ഒന്നു കേൾക്ക്. നാളെ കാണാം..."

വിശ്വ അത് ചെവികൊണ്ടില്ല. അവന് വന്ന മാറ്റം കണ്ടിട്ട് രാഗിണി അത്ഭുതപ്പെട്ടു. അവൻ വേഗം താഴേക്ക് ചെന്നു. ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്യുന്ന ശബ്ദം കേട്ടപ്പോൾ രാഗിണി തലയിൽ കൈ വെച്ചു.
   ***********--------------**********
"ദേ ചേച്ചി... റൂമിൽ പോയി ഇരിക്കണ്ട. മര്യാദക്ക് എന്റെയൊപ്പം ഇരുന്ന് പഠിക്കാൻ നോക്ക്"

ഗംഗ ഗാഥയെ തന്റെയൊപ്പം പിടിച്ചിരുത്തി. ഗാഥയുടെ മുഖം നാനി ശ്രദ്ധിച്ചു.

"എന്താ ബേട്ടാ തലവേദന മാറിയില്ലേ... എങ്കിൽ പോയി വിശ്രമിക്കൂ..."

"ഓഹോ... ഗാഥേച്ചിക്ക് ഒരു തലവേദനയുമില്ല. എന്നെ പോലെ തന്നെ അടുത്ത മാസം എക്സാം ആണ്. ഇവിടെയിരുന്ന് പഠിക്കട്ടെ"

"ഹൊ... ഞാൻ ഒന്നും പറഞ്ഞില്ലേ..."

എന്നും പറഞ്ഞ് നാനി അടുക്കളയിലേക്ക് പോയി.

"മോളെ ഗാഥേ... നിനക്ക് കുഴപ്പമൊന്നും ഇല്ലല്ലോ? "

"ഏയ്... ഇല്ലമ്മേ..."

"മ്മ്..."

കുറച്ചു കഴിഞ്ഞ് ഒരു ബുള്ളറ്റ് വരുന്നതിന്റെ ശബ്ദം ഗാഥ കേട്ടു.

"ഗംഗേ... ഒരു ബുള്ളറ്റിന്റെ ശബ്ദം കേൾക്കുന്നില്ലേ?"

"എവിടെ?  ഞാനൊന്നും കേൾക്കുന്നില്ല. ചേച്ചിയുടെ മൈൻഡിൽ അതിന്റെ സൗണ്ട് കിടക്കുന്നത് കൊണ്ട് തോന്നുന്നതാ..."

"ഹ്മ്മ്..."

എന്നാൽ അത് ഗാഥയുടെ തോന്നൽ അല്ലായിരുന്നു. വിശ്വയുടെ ബുള്ളറ്റിന്റെ ശബ്ദം തന്നെയായിരുന്നു അത്. അവൻ അവളുടെ വീടിന്റെ അടുത്ത് എത്താറായതും കൈലാസിന്റെ കാർ എതിരെ നിന്നും വന്നു. അത് അകത്തേക്ക് പോകുന്നത് കണ്ടപ്പോൾ വിശ്വ കുറച്ചു ദൂരം മുന്നോട്ട് പോയിട്ട് പിന്നെ തിരിച്ചു പോയി.
പരസ്പരം കാണാനുള്ള മോഹവുമായി അവർ രണ്ടുപേരും ആ രാത്രി എങ്ങനെയോ തള്ളിനീക്കി.
 
പിറ്റേന്ന് ഗാഥ വീട്ടിൽ നിന്നും നേരെ പോയത്  വിശ്വയുടെ കടയിലേക്കാണ്. പക്ഷേ,  അവൻ അവിടെ ഉണ്ടായിരുന്നില്ല.

"അതേ... വിശ്വ എപ്പോൾ വരുമെന്ന് അറിയാമോ?"

"മോൻ ഒരു സ്ഥലം വരെ പോയേക്കുവാ. എപ്പോൾ വരുമെന്ന് പറഞ്ഞില്ല മോളെ. അവനോട് എന്തേലും പറയണോ?"

"ഏയ് വേണ്ടാ... ഞാൻ ഒന്നു അന്വേഷിച്ചുവെന്നേ ഉള്ളു"

എന്നും പറഞ്ഞ് ഗാഥ പുറത്തിറങ്ങി. കുറച്ചു ദൂരം നടന്നതും മാളവിക അവളുടെ അടുത്തേക്ക് വന്നു.

"ഹേയ് ഗാഥാ... ഇന്ന് നേരത്തെ ആണല്ലോ?"

ഗാഥ അവളെ നോക്കി ചെറുതായൊന്നു ചിരിച്ചു.
പെട്ടന്ന് ഒരാൾ ബൈക്കിൽ അവരുടെ മുന്നിൽ വന്നു.

"മാളവിക ഒന്നു നിന്നേ..."

മാളവികയും ഗാഥയും പരസ്പരം നോക്കി.

"എന്നെ മനസ്സിലായോ? ഞാൻ മിഥുൻ. ചിലപ്പോൾ എന്നെ മറന്നു കാണും. ഹരിയുടെ ഫ്രണ്ട്‌"

"ഇല്ല മിഥുനേട്ടാ... മറന്നിട്ടില്ല"

"ഓഹ്... അപ്പോൾ ഹരിയെയോ? അവൻ നിന്റെ പുറകേ നടക്കാൻ തുടങ്ങിയിട്ട് വർഷം രണ്ടായി. ഇഷ്ടമല്ലെങ്കിൽ ഇഷ്ടമല്ല എന്ന് മുഖത്ത് നോക്കി പറയണം. എനിക്ക് നിങ്ങളെ ഇഷ്ടമല്ല. ഇങ്ങനെ പുറകേ നടക്കരുതെന്ന്. അല്ലാതെ ആൾക്കാരെ വിട്ട് തല്ലിച്ചതക്കുവല്ല വേണ്ടത്"

"ഏഹ്?  ചേട്ടൻ എന്തൊക്കെയാ ഈ പറയുന്നെ?"

"അവൻ ഇപ്പോൾ ICU വിൽ ആണ്. ഇവിടെ അടുത്തുള്ള ഹോസ്പിറ്റലിൽ തന്നെ. ഞാൻ കണ്ടിട്ടാ വരുന്നെ. നിന്റെ അച്ഛന്റെ ആളുകളോ മറ്റോ ആയിരിക്കും അതിന് കാരണം. അല്ലാതെ എന്റെ അറിവിൽ അവന് വേറെ ശത്രുക്കളൊന്നും ഇല്ല. നിന്റെ അച്ഛൻ അങ്ങ് കൊമ്പത്തെ ആളല്ലേ... മാധവൻ തമ്പി. അങ്ങേര് അറിഞ്ഞുകാണും മോളുടെ പുറകേ അവൻ നടക്കുന്ന കാര്യം. അതോ നീ പറഞ്ഞു കൊടുത്തോ?  ഇനി അവൻ എങ്ങാനും ചത്താൽ കൂടി അവനെ കാണാനെന്നും  പറഞ്ഞ് വന്നേക്കരുത്"

എന്ന് പറഞ്ഞിട്ട് അവൻ അവിടെ നിന്നും  പോയതും മാളവിക തലകറങ്ങി വീഴാൻ തുടങ്ങിയതും ഒരുമിച്ചായിരുന്നു. ഗാഥ ഉടനെ അവളെ താങ്ങിപ്പിടിച്ചു.

"മാളൂ... കണ്ണു തുറന്നേ? എന്റെ മഹാദേവാ ഇവൾക്കെന്താ പറ്റിയേ?"

"അയ്യോ ഗാഥേ... മാളവികക്ക് എന്തു പറ്റി?"
അവരുടെ മിസ്സ്‌ ആയിരുന്നു അത്.

"അറിയില്ല മിസ്സ്‌ എന്താ പറ്റിയതെന്ന്"

"ദാ ഒരു ഓട്ടോ വരുന്നു. നമുക്ക് ഹോസ്പിറ്റലിൽ കൊണ്ടുപോകാം"

മാളവികയെ ഓട്ടോയിൽ കയറ്റി അവർ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. അവിടെ ചെന്നിട്ടും മാളവികക്ക് ബോധം വന്നില്ല.

"മാധവൻ സാറിന്റെ നമ്പർ എന്റെ കയ്യിൽ ഉണ്ട്. ഞാൻ വിളിക്കാം. പിന്നെ ഗാഥ ക്ലാസ്സിൽ പൊയ്ക്കോളൂ. കവിത മിസ്സിനോടും ഞാൻ കാര്യം പറഞ്ഞോളാം"

"അല്ല മിസ്സ്‌... മാളുവിന്‌ എന്താ പറ്റിയതെന്ന് അറിയാതെ..."

"ഞാൻ ഇവിടെന്ന് അങ്ങ് വരുമല്ലോ... അപ്പോൾ ഞാൻ പറയാം. മാളവികക്ക് കുഴപ്പമൊന്നും കാണില്ല. ഗാഥ ടെൻഷൻ അടിക്കണ്ട. പൊയ്ക്കോ..."

ഗാഥ ശെരിയെന്ന് തലയാട്ടിക്കൊണ്ട്  പുറത്തേക്ക് ഇറങ്ങി. അവൾ  മാളവികയുടെ കാര്യം ആലോചിച്ച് നടന്നു. ഹോസ്പിറ്റലിന്റെ മുൻവശത്ത് വിശ്വ നില്പുണ്ടായിരുന്നു. അവിടെയൊരു  ഓട്ടോ വരുന്നത് കണ്ട് ഗാഥ കൈ കാണിക്കാൻ പോയി. അപ്പോഴാണ് അവൾ അവനെ കണ്ടത്. അവൾ വേഗം അവന്റെ അടുത്തേക്ക് ഓടിച്ചെന്നു. വിശ്വ ഗാഥയെ അവിടെയൊട്ടും പ്രതീക്ഷിച്ചിരുന്നില്ല. അവൻ അവളെ തന്നെ നോക്കിക്കൊണ്ട് നിൽക്കെ ഗാഥ വിശ്വയെ ഇറുകെ കെട്ടിപ്പിടിച്ചു. അവനത് ഷോക്കായി. പതിയെ അവന്റെ കൈകളും അവളെ പുണർന്നു.
(തുടരും)
©ഗ്രീഷ്മ. എസ്
To Top