മഴമുകിൽ ഭാഗം : 5

Valappottukal
⛈️🌈 മഴമുകിൽ  ഭാഗം : 5 🌈⛈️ 

          റിഷിയുടെ കണ്ണുകൾ പേപ്പറിലേക്കും തന്റെ നേർക്ക് നടന്നു വരുന്ന  തനുവിലേക്കും അവിശ്വസനീയതയോടെ  മാറി മാറി പോയി…..
        “ആ ഇവിടെ ഇരിക്കാരുന്നോ… ദാ ചായ… “
          അവൾ ചായ നീട്ടിയെങ്കിലും റിഷി ഇപ്പോളും ഏതോ മരവിച്ച അവസ്ഥയിൽ അവളെ തന്നെ നോക്കിയിരിക്കുകയാണ്….
          “ആഹാ ചായ ഇട്ടാരുന്നോ…എന്നാ വാ തുറന്നു പറഞ്ഞൂടെ….“
          അവന്റെ കയ്യിലെ ചായ ഗ്ലാസ്‌ കണ്ടതും അവൾ പിന്നെ ഒന്നും പറയാതെ അകത്തേക്ക് തന്നെ  തിരിച്ചു  പോയി…റിഷി എന്ത് ചെയ്യണമെന്നറിയാതെ കുറച്ചു നേരം മരവിപ്പോടെ ഇരുന്നു പിന്നെ ഫോൺ എടുത്തു മനുവിനെ വിളിച്ചു….കുറച്ചു കഴിഞ്ഞപ്പോളേക്കും മനുവിന്റെ ബൈക്ക് അവിടേക്ക് പാഞ്ഞെത്തി…വന്നതും ബൈക്ക് സ്റ്റാൻഡിൽ പോലും ഇടാതെ റിഷിയുടെ മുറിയിലേക്കോടി…
     
        “എന്താടാ…എന്ത് പറ്റി… ആ കിളവി വടിയായോ….നീ എന്തിനാ വേഗം വരാൻ പറഞ്ഞേ… ആംബുലൻസ് പറയട്ടെ…. “
                മനു കിതച്ചുകൊണ്ട് അവന്റെ അടുത്തേക്ക് ഓടി വന്നു…
       “അതൊന്നും അല്ലടാ …”
     “അല്ലേ….. ചുമ്മാ മനുഷ്യനെ ആശിപ്പിച്ചു….റീത്തു വാങ്ങി വരാഞ്ഞത് ഭാഗ്യം തള്ള എന്റെ തല കൊയ്‌തേനെ… ..”
          മനു നിന്ന് പിറുപിറുത്തു….റിഷി പത്രം അവന്റെ നേർക്ക് നീട്ടി വാർത്ത കാണിച്ചു കൊടുത്തു….മനു അതിലേക്ക് കണ്ണുനട്ടതും നെഞ്ചിലേക്ക് ഒരു കൊള്ളിയാൻ മിന്നി…. അവൻ ഞെട്ടലോടെ   ഇനിയും വിശ്വാസം വരാതെ റിഷിയെ തുറിച്ചു  നോക്കി… “

          “ഇന്നത്തെ പത്രമാ… ഞാൻ കണ്ടതും നിന്നെ വിളിച്ചതാ…വേറെ ആരോടും പറയാൻ പറ്റില്ലാലോ.... “
           റിഷി ഒരുതരം മരവിപ്പോടെ പറഞ്ഞു…
     മനുവും ഞെട്ടലിൽ ആണ്…
    “എന്നാലും ഇതെങ്ങനെ… ഇവളിനി പ്രേതമാണോ ദൈവമേ…“?
        “പ്രേതോം ഭൂതോം  ഒന്നുമല്ല ഇതു വേറെന്തോ ഉടായിപ്പ് ആണ്….ഫോട്ടോ അടക്കം ഉണ്ട് അതാ മനസിലാവാത്തത് “
    “ഇവളുടെ വീട് എവിടെയാണെന്നാ പറഞ്ഞത് “
   “കളമശേരി എങ്ങാണ്ട് ആണ്.. കൂടുതലായി ഒന്നും അറിയില്ല.. “
     “എന്തായാലും നീ പെട്ടു മോനേ…സ്റ്റീഫൻ നമ്മൾ വിചാരിച്ച ആളേ അല്ല…. “
     “മനുഷ്യൻ ഇവിടെ പ്രാന്ത് പിടിച്ചു ഇരിക്കുമ്പോളാ അവന്റെ ആസ്ഥാനത്തെ കോമഡി… ഇന്നിതിന്റ സത്യാവസ്ഥ അറിഞ്ഞിട്ടു തന്നെ കാര്യം… “
      “അറിയുന്നതൊക്കെ കൊള്ളാം… ഇതിനെ തലയിൽ നിന്ന് ഒഴിവാക്കാനും നോക്കിക്കോ… അല്ലേൽ കുരിശാകും.. വേറെ ആരെങ്കിലും കണ്ടോ.. “
       “അവറ്റകളൊക്കെ പത്രം വായിക്കുന്ന കൂട്ടത്തിലല്ലാത്തതു കൊണ്ടു തല്ക്കാലം രക്ഷപെട്ടു…അല്ലേൽ കഴിഞ്ഞേനെ കത്തിക്കൽ “
        അപ്പോളേക്കും ആദിയും ഉണ്ണിയും  കൂടെ റിഷി യുടെ റൂമിലേക്ക്  വന്നിരുന്നു “
    “ആഹാ..  പൊട്ടനും കുട്ടനും ഉണ്ടല്ലോ “
     റിഷിയേയും മനുവിനെയും ഒരുമിച്ചു കണ്ട്  ഉണ്ണി പുറകിലായി വന്ന തനുവിന്റെ ചെവിയിൽ പറഞ്ഞു…
     “തനു ചേച്ചി ഇതാണ് നമ്മുടെ റിഷിയെട്ടന്റെ ചങ്ക്.. mr.മനു… “
         ആദി തനുവിന് മനുവിനെ പരിചയപ്പെടുത്തി കൊടുത്തു….
     “കണ്ടോടാ അവളെ നോട്ടം കണ്ടോ എന്തോ കള്ള ലക്ഷണമില്ലേ…..“
     തനുവിനെ നോട്ടം കണ്ടതും മനു റിഷിയുടെ ചെവിയിൽ പറഞ്ഞു…
     “എന്താണ് രണ്ടും കൂടി ഒരു കുശുകുശുപ്പ്…എന്തോ കള്ളത്തരം ഉണ്ടല്ലോ “
       ആദി സംശയത്തോടെ രണ്ടു പേരെയും നോക്കി….
     “ആ കള്ളത്തരം തന്നാ…ചിലരുടെ കള്ളത്തരം കയ്യോടെ പൊക്കും അതിനുള്ള മുന്നൊരുക്കമാ എന്തായി “
    റിഷി തനുവിനെ ഒന്ന് നോക്കിക്കൊണ്ട്  ആദിയോടായി പറഞ്ഞു… അവൾക്കൊന്നും മനസിലായില്ല…..
        “സുഖമാണോ മനുവേട്ടാ… “
        അവൾ നടന്നു മനുവിന്റെ അടുത്തേക്ക് വന്നു…
         “അടുത്ത് വരരുത് ശ്രീദേവി…. “
             തനു അടുത്തേക്ക് വരുംതോറും മനു പിന്നിലേക്ക് മാറിക്കൊണ്ടിരുന്നു…അവരൊക്കെ കാര്യം മനസിലാകാതെ പരസ്പരം നോക്കി നിന്നു..അവനു പിന്നെ പണ്ടേ  ഒരുപിരി കുറവായതുകൊണ്ട് ആരും ശ്രദ്ധിക്കാൻ പോയില്ല.. ഇതൊക്കെ സ്വാഭാവികമാണ്..
           പെട്ടെന്നു മഴ ചാറുന്നത് കണ്ടപ്പോൾ അഴയിൽ  വിരിച്ചിട്ട തുണികൾ എടുക്കാൻ  തനു മുകളിലേക്ക് പോയി മനു നോക്കി കണ്ണുകാണിച്ചപ്പോൾ റിഷിയും അവളുടെ പിന്നാലെ മുകളിലേക്ക് നടന്നു..… തുണി എടുത്തു തിരിഞ്ഞതും പിന്നിൽ നിന്നും ഒരു കൈ വന്നു അവളെ വാപൊത്തി പൊക്കി എടുത്തുകൊണ്ട് പോയി…. അലറി വിളിച്ചെങ്കിലും പിടിയുടെ ശക്തികാരണം ഒരു കുഞ്ഞു ശബ്ദം പോലും പുറത്തേക്ക് വന്നില്ല…..
            മുകളിലെ വിറക് ഒക്കെ വെച്ചിരിക്കുന്ന സ്റ്റോർ റൂമിൽ എത്തിയപ്പോളാണ് അവളിലെ പിടി അയഞ്ഞതും അവളെ  ഒരു മൂലയിലേക്ക് തള്ളി  ഇട്ടതും… റൂമിലെ അരണ്ട വെളിച്ചത്തിൽ തന്റെ നേർക്ക് വന്ന ആളെ അവൾ തിരിച്ചറിഞ്ഞു….
     “റിഷി… !!
   അവളുടെ ചുണ്ടുകൾ പേടിയോടെ മന്ത്രിച്ചു……..
           അവന്റെ മുഖത്തെ ഗൗരവവും ദേഷ്യഭാവവും അവളിലെ പേടി ഒന്നുകൂടി കൂട്ടി…. റിഷി പതിയെ അവൾക്കരികിൽ വന്നു നിന്നു അവളുടെ ഭയം നിഴലിക്കുന്ന കണ്ണുകളിലേക്കുറ്റു നോക്കി…..
             “ആരാടി നീ…. എന്താ നിന്റെ ഉദ്ദേശ്യം….. “
     റിഷിയുടെ ചോദ്യം അവളിൽ ഒരു ഉൾക്കിടിലം ഉണ്ടാക്കിയെങ്കിലും അത് സമർത്ഥമായി മറച്ചു കൊണ്ടു അവൾ പുഞ്ചിരിയോടെ അതിനെ നേരിട്ടു….
 
       “അതെന്താ റിഷിയേട്ടാ അങ്ങനൊരു ചോദ്യം ഇപ്പോ എന്നെ അറിയില്ലേ തൻവി.. കൂടുതൽ പറഞ്ഞാൽ mrs.തൻവി റിഷബ് മഹേന്ദ്രൻ “
   
       “അപ്പോൾ പിന്നെ ഇതാരാടി…”
       തന്റെ കയ്യിലിരിക്കുന്ന പേപ്പർ അവൾക്കുനേരെ എറിഞ്ഞു കൊണ്ടു  അവൻ അലറിയതും അവൾ പേടിയോടെ അതെടുത്തു നോക്കി….. തന്റെ ചിത്രത്തിൽ അവളുടെ കണ്ണുകൾ ഉടക്കിയതും പേടികൊണ്ട് മുഖം വിളറിവെളുത്തു അവൾ ദയനീയമായി പേടി വിളിച്ചോതുന്ന മിഴികളോടെ അവൾ  അവനെ നോക്കി…..
   “എന്താടി നാവിറങ്ങിപോയോ നിന്റെ.... ഒന്നും പറയാനില്ലേ നിനക്ക്…എന്താ ഇതെന്ന്….  “
      അവൻ അവളുടെ മുടിയിൽ കടന്നു പിടിച്ചു…
    “റിഷിയേട്ടാ പ്ലീസ് വിടു വേദനിക്കുന്നു… അവളുടെ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ ഒരുവേള അവന്റെ ഹൃദയത്തിൽ നീറ്റലുണ്ടാക്കിയതും പിടി വിട്ടു അവൻ  നീങ്ങി നിന്നു…..
    പക്ഷേ അവൾ നടന്നു നീങ്ങാൻ പോയതും അവൻ പിടിച്ചു നെഞ്ചിലേക്കിട്ടു വട്ടം പിടിച്ചു…
     “നീ ഇതിന്റെ സത്യാവസ്ഥ പറഞ്ഞിട്ട് പോയാൽ മതി….എനിക്കറിയണം അതിനുള്ള അവകാശം ഉള്ളതുകൊണ്ട്  തന്നെയാണ് ചോദിക്കുന്നത്… “
          അവന്റെ ശ്വാസ നിശ്വാസങ്ങൾ തന്റെ മുഖത്ത് പതിയുമ്പോൾ ഹൃദയം നിലച്ച അവസ്ഥയോടെ  തളർന്നു  വല്ലാത്തൊരവസ്ഥയിൽ അവൾ നിന്നു….തള്ളി മാറ്റാൻ നോക്കുന്തോറും അവന്റെ കൈകൾ അവളിൽ കൂടുതൽ മുറുകി …
     “റിഷിയേട്ടാ…. പ്ലീസ് “
     അവൾ നിന്നു കെഞ്ചി…
      “പറയാതെ നീ പോവില്ല ഇവിടുന്ന്…ചങ്കിൽ തീ ആയിട്ടാ ഞാൻ നിൽക്കുന്നത് അതണക്കാൻ നിനക്കേ കഴിയൂ… പറ…എന്താ ഇതിന്റെ സത്യാവസ്ഥ… “
 
              “  എനിക്കു… എനിക്കു അറിയില്ല ഇതിനെ പറ്റി… സത്യമായും അറിയില്ല….ഞാൻ നിങ്ങളുടെ ഒക്കെ മുന്നിൽ ജീവനോടെ ഇല്ലേ…. പിന്നെന്താ…. ആരെങ്കിലും തെറ്റി കൊടുത്തതാകാം… അല്ലാതെ ഞാൻ എനിക്കറിയില്ല…. വിശ്വസിക്കണം…പ്ലീസ്….  “
             അവൾ കണ്ണീരോടെ കെഞ്ചിയതും റിഷി ഒന്ന് അയഞ്ഞു….
           “വിശ്വസിക്കുന്നു… ഈ ഒരു പ്രാവശ്യത്തേക്ക്.. പക്ഷേ കള്ളം പറഞ്ഞതാണെന്നങ്ങാനും അറിഞ്ഞാൽ അന്ന് നീ പുറത്താണ് ഈ വീട്ടിൽ നിന്നും പിന്നെ എന്റെ….. “
       അവൻ പറഞ്ഞുവന്നത് മുഴുവിക്കാതെ അവളെ ഒന്ന് നോക്കുകകൂടി ചെയ്യാതെ ഒരു കൊടുങ്കാറ്റുപോലെ  പുറത്തേക്ക് പോയി…..അവന്റെ പോക്ക് നോക്കി തനു അവിടെ തളർന്നിരുന്നു എത്ര നേരം എന്ന് പോലും അറിയാതെ ……
               അന്ന് മുഴുവൻ അവൾ അവന്റെ കണ്ണിൽ പെടാതെ നടന്നു…അവനും പൂർണ്ണമായും അവളെ അവഗണിച്ചു അവധി ദിവസം ആയതു കാരണം ഇതിന്റെ സത്യാവസ്ഥ തിരക്കി പോകാൻ പോലും പറ്റാത്ത അവസ്ഥയിൽ പ്രാന്ത് പിടിച്ചു നടക്കുകയാണ് അവൻ….
             പിറ്റേന്ന്  രാവിലെ ബ്രേക്ഫാസ്റ് കഴിക്കാൻ എല്ലാവരും ഒരുമിച്ചു ഇരിക്കുമ്പോളും അവന്റെ ഒരു നോട്ടം പോലും തന്റെ നേർക്ക് ഇല്ല  എന്നുള്ളത് അവളെ വല്ലാതെ ഒന്ന് വേദനിപ്പിച്ചു….  മനസിൽ എന്തോ ഒരു വിങ്ങൽ  പോലെ…. അവളുടെ നോട്ടം ഇടക്കിടക്ക് തന്റെ നേർക്ക് പാളി വീഴുന്നതറിഞ്ഞിട്ടും അബദ്ധാവശാ പോലും അവളെ ഒന്ന് നോക്കാതിരിക്കാൻ അവനും  ശ്രദ്ധിച്ചു….
        ഓഫീസിൽ ചെന്നിട്ടും  റിഷിക്ക് ഒരു മനസ്സമാധാനവും കിട്ടിയില്ല…. വെരുകിനെ പോലുള്ള നടപ്പ് കണ്ടിട്ട് മനു അന്തം വിട്ടിരിക്കുന്നുണ്ട്…
       
     “അവൾ എന്തേലും ആയാൽ നിനക്കെന്താടാ … നീ എന്തിനാ അതിനു ഇങ്ങനെ ടെൻഷൻ അടിക്കാൻ മാത്രം  നിന്റെ ഭാര്യ ഒന്നും അല്ലലോ അവൾ…  “
      റിഷി അവനെ രൂക്ഷമായി നോക്കിയപ്പോളാണ് പറഞ്ഞതിലെ അബദ്ധം അവനു മനസിലായത്…
      “സോറി അളിയാ ഓർത്തില്ല… “
      “ഓർത്തിട്ടൊരു എത്തും പിടിയും കിട്ടുന്നില്ലടാ… ആ പേപ്പർ കണ്ടപ്പോൾ അവളുടെ കണ്ണിലെ പിടപ്പ് ഞാൻ വ്യക്തമായി കണ്ടതാണ് പക്ഷേ അവൾ ഒരു തരത്തിലും പിടി തരുന്നില്ല… ഒന്ന് സത്യം തുറന്നു പറഞ്ഞിരുന്നെങ്കിൽ അത് എന്ത് തന്നെ ആയാലും ചേർത്ത് പിടിച്ചേനെ ഞാൻ….“
   “എന്തേനു…..!!
      മനു സംശയത്തോടെ അവനെ നോക്കി റിഷി പിടിക്കപെട്ടവനെ പോലെ തിരിച്ചും….

      “അളിയോ… കുഴപ്പായോ…. “
         റിഷിയുടെ ഓരോ മാറ്റങ്ങളും കൃത്യമായി മനുവിന് അറിയാമായിരുന്നു..ചെറുപ്പം മുതലേ കാണുന്നതല്ലേ….
   
        “ഇപ്പോൾ കുഴപ്പായിട്ടില്ല പക്ഷേ കുഴപ്പമായേക്കാം “
      റിഷി ഒരു വളിച്ച ചിരിയോടെ പറഞു…
   
      “നിന്റെ ഇന്നത്തെ പെർഫോമൻസ്  കണ്ടപ്പോളേ എനിക്കു മണത്തതാ ഇത് പ്രേമപ്പനി പിടിച്ചതാണെന്നു…. എന്നാലും എന്റളിയാ ഇതെങ്ങനാ കടിച്ചു കീറാൻ നടന്നിരുന്ന നീയും അവളും….. “
     മനു കഷ്ടം വെച്ചു അവനെ നോക്കി..
 
        “ആവോ… എനിക്കറിയില്ല…. അവളെടുത്തു നിൽക്കുമ്പോൾ എത്രയൊക്കെ ദേഷ്യം കാണിച്ചാലും ഞൻ പതറി പോകുന്നത് പോലെ…. എന്നെ തന്നെ മറക്കുന്നത് പോലെ.. ഇനിയും എനിക്കു പിടിച്ചു നിൽക്കാൻ പറ്റൂന്ന് തോന്നണില്ലടാ…. പക്ഷേ… “
   
       “ഒരു പക്ഷെയും ഇല്ല… അവളെ നിന്റെ കാമുകിയല്ല ഭാര്യയാ ഭാര്യ…. നേരിട്ടു ചെന്നു പറയണം ഹേ “

        “അങ്ങ് ചെന്നു പറഞ്ഞാ മതി… പള്ളയ്ക്ക് കത്തി കേറ്റാൻ നടക്കുന്നവളാ.. പിന്നെ അവളുടെ മനസിൽ അങ്ങനൊന്നുമില്ലെങ്കിൽ ഞാൻ തകർന്നുപോവും…
    പക്ഷേ അതിനൊക്കെ മുന്ന് ഇതിന്റെ സത്യാവസ്ഥ കണ്ടുപിടിക്കണം… അല്ലാതെ പോയി പറഞ്ഞു വെറുതെ നാണം കെടണ്ട… “
      “അതിനൊരു വഴി ഉണ്ട്… “
     മനു പറഞ്ഞതും റിഷി പ്രതീക്ഷയോടെ അവനെ നോക്കി…
    “ഈ പത്രത്തിൽ എന്റെ ഒരു കസിൻ വർക്ക്‌ ചെയ്യുന്നുണ്ട് അവനെ പൊക്കിയാൽ കുറച്ചു ഡീറ്റെയിൽസ് കിട്ടുമായിരിക്കും “
     “ഏത് അവനെയെങ്ങിലും കൊന്നിട്ടായാലും തപ്പി എടുത്തു തരണം അളിയാ ജീവിത പ്രശ്നമാണ് “
     “തന്നിരിക്കും “
     ഉച്ചക്ക് ശേഷം ലീവ് പറഞ്ഞോ രണ്ടാൾക്കും മുങ്ങാം….. ഉച്ചക്ക് ലീവും എടുത്തു റിഷിയും മനുവും നേരെ പത്രമോഫീസിൽ പോയി….അവരെ കാത്തിരിക്കുന്ന സത്യത്തിനെ കണ്ടെത്തുവാനായി…
     ***********
      വീട്ടിൽ ഉച്ചഭക്ഷണവും കഴിച്ചു മുത്തിയുമായി കഥ പറഞ്ഞു ഇരിക്കുകയാണ് തൻവി…
    “മുത്തീ.. റിഷിടേം ആദിടേം അച്ഛനും അമ്മയും?
      അവൾ ചോദ്യഭാവത്തിൽ നോക്കി..
     “അതൊക്കെ ഒരു കഥയാ മോളേ പറയാനാണേൽ കുറെയുണ്ട്…. “
             തനു കേൾക്കാനായി ഇരുന്നപ്പോൾ മുത്തി പറഞ്ഞു തുടങ്ങി…
         “  റിഷി ജനിച്ചു അഞ്ചു വർഷം കഴിഞ്ഞാണ് ആദി ഉണ്ടായത് പ്രസവത്തിലെ അമ്മ മരിച്ചു അച്ഛൻ ബാങ്ക് ജീവനക്കാരൻ   ആരുന്നു അതിൽ പിന്നെ അച്ഛനും അവരെ നോക്കാതെയായി കുടിച്ചു നശിച്ചു…..പ്രേമ കല്യാണം ആരുന്നേ അവളെന്നു പറഞ്ഞാൽ ജീവനായിരുന്നു…അവൾ പോയേപ്പിനെ മക്കളും വേണ്ട വീടും വേണ്ട ആദിയെ ഒന്ന് എടുത്തിട്ട് പോലും ഇല്ല…..റിഷിടെ അമ്മ ഈ നാട്ടുകാരി അല്ലാട്ടോ….ജോലി ചെയ്യുന്ന സ്ഥലത്തുന്നു സ്നേഹിച്ചു കെട്ടിയതാ….അതുകൊണ്ട് അമ്മവീട്ടുകാരുമായി ഒരു ബന്ധവും ഇല്ല…..
           റിഷിയാ ആദിയെ നോക്കിവളർത്തിയത് ഈ ഞാൻ പോലും ഒരു കാര്യം ചെയ്യാൻ അവൻ സമ്മതിക്കില്ല… എല്ലാം ഒറ്റക്ക് ചെയ്യണം ആദി പത്തിൽ പഠിക്കുമ്പോൾ ഒരു ആക്‌സിഡന്റിൽ അച്ഛനും…പിന്നെ റിഷിയുടെ ജീവിതവും കുത്തഴിഞ്ഞ പോലെ ആരുന്നു…അതൊന്നും പറയാതിരിക്കുന്നതാ നല്ലത്… “
             മുത്തി എന്തൊക്കെയോ ആലോചിച്ചു ദീർഘ നിശ്വാസം വിട്ടു….
              “ഒരുപാട് അനുഭവിച്ചു എന്റെ കുട്ടി…ദൈവാനുഗ്രഹം കൊണ്ടു മാത്രമാ  എല്ലാം നേരെ ആയി ഇന്ന് ഈ നിലയിലെത്തിയത് …..കുടുംബ സ്വത്ത്‌ ഉള്ളതുകൊണ്ട് പൈസക്കൊന്നും ബുദ്ധിമുട്ടുണ്ടായില്ല പക്ഷേ എന്റെ കുഞ്ഞുങ്ങൾക്കാരുമില്ലതായി …അവരുടെ സന്തോഷം നശിച്ചു. ..ഇപ്പോളും കാക്കക്കും പൂച്ചക്കും കൊടുക്കാതെ അടക്കിപ്പിടിച്ചു വളർത്തുവാ ആദിയെ അല്ലാതെ ഇഷ്ടമില്ലാഞ്ഞിട്ടല്ല ദേഷ്യവും വഴക്കും ഒന്നും അവൻ വളർന്ന സാഹചര്യം അങ്ങനെ ആയിരുന്നു… “
       മുത്തി കണ്ണു തുടച്ചുകൊണ്ട് അവളെ നോക്കി…. അവളുടെ നിറഞ്ഞൊഴുകുന്ന മിഴികൾ അവരിലും വേദന പടർത്തി…
   
      “തനു മോളുടെ അമ്മയും അച്ഛനും ഒക്കെ എന്ത് ചെയ്യുവാ ഒറ്റ മോളാണോ…. മോളെപ്പറ്റി ഒന്നും പറഞ്ഞില്ലല്ലോ…“
     മുത്തി ചോദിച്ചതും അടുക്കളയിൽ നിന്ന് കുക്കറിന്റ വിസിൽ അടിച്ചതും ഒരുമിച്ചായിരുന്നു…. തനു എല്ലാ ദൈവങ്ങൾക്കും നന്ദി പറഞ്ഞുകൊണ്ട്  അടുക്കളയിലേക്കോടി….. അവളുടെ മനസിലൂടെ ഒരുപാട് കാര്യങ്ങൾ ഒരുപാട് നിറമുള്ള ഓർമ്മകൾ ഒരു നിമിഷത്തേക്ക്  മിന്നിമറഞ്ഞു…… അതെല്ലാം കണ്ണീരായി ചാലിട്ടു ഒഴുകാൻ തുടങ്ങി.....അതൊന്നും ഓർക്കാൻ കൂടെ ഇഷ്ടമില്ലാത്തത് പോലെ അവൾ കണ്ണുകൾ ഇറുക്കി അടച്ചു….
     ********
     ഉച്ചക്ക് ശേഷം ലീവ് എടുത്തു  റിഷിയും മനുവും കൂടെ നേരെ കാര്യങ്ങൾ അന്വേഷിക്കാൻ പത്രം ഓഫീസിലേക്ക് വിട്ടു…. ചെന്നതും മനുവിന്റെ ഫ്രണ്ടിനെ കണ്ടു കാര്യങ്ങൾ എല്ലാം ധരിപ്പിച്ചു….അവൻ ഡീറ്റെയിൽസ് തപ്പി എടുക്കാം എന്ന് പറഞ്ഞു വെയിറ്റ് ചെയ്യിച്ചിരിക്കുകയാണ്…. റിഷി മുള്ളിൻമേൽ ഇരിക്കുന്നപോലെയാണ്…
    “നിന്റെ ഭാര്യ അകത്തു പ്രസവിക്കാൻ കിടക്കുന്നുണ്ടോ “
        മനുവിന്റെ കസിൻ  പോയ സ്ഥലത്തേക്ക് ഇടയ്ക്കിടയ്ക്ക് പോയി നോക്കുന്ന റിഷിയെ കണ്ട് അവൻ ചോദിച്ചു…. രൂക്ഷമായ ഒരു നോട്ടം ആയിരുന്നു അതിനുള്ള മറുപടി…
      “നോക്കി പേടിപ്പിക്കേണ്ട… നിന്റെ മട്ടും ഭാവവും കണ്ടു ചോദിച്ചു പോയാതാ…ഇവിടെ വന്നൊന്നിരിക്ക് അവൻ തപ്പിയെടുത്തു കൊണ്ടുവന്നോളും അല്ലപിന്നെ… “
   
     “ദേ… ബാക്കിയുള്ളവർ ഇവിടെ തീയിൽ ചവിട്ടിയപോലെ നിക്കുവാന്  ആ നേരത്ത് അളിഞ്ഞ കോമേഡിയുമായി വന്നാൽ മൂക്കിടിച്ചു പരത്തും പന്നി “
     റിഷി ഉള്ളിലുള്ള ടെൻഷൻ എല്ലാം പുറത്തു വിട്ട തൃപതിയിലും മനു കിട്ടേണ്ടതെല്ലാം കിട്ടി ബോധിച്ചതു കൊണ്ടും മിണ്ടാതെ ഇരിക്കുന്നുണ്ട്…..
    കുറച്ചു കഴിഞ്ഞു മനുവിന്റെ കസിൻ പുറത്തേക്ക് വന്നതും റിഷി അങ്ങോട്ടെഴുന്നേറ്റു ഓടി…
   “ഇവന് വട്ടാണോ.. അവൻ ഇങ്ങോട്ട് തന്നെയല്ലേ വരുന്നത്… “
        മനുവും പിറുപിറുത്തുകൊണ്ട് പിന്നാലെ പോയി..റിഷി പ്രതീക്ഷയോടെ അവന്റെ മുഖത്തേക്ക് നോക്കി നിൽക്കുകയാണ് എന്താ അവനു പറയാനുണ്ടാവവുന്നതും എന്നാലോചിച്ചു ….
       അവൻ പറയുന്ന ഓരോ കാര്യങ്ങളും കേട്ട റിഷിയുടെ കണ്ണുകൾ ചുവന്നു കുറുകി വന്നു…ഞരമ്പ് വലിഞ്ഞു മുറുകി…. മനുവിന്റെ കൈകളിൽ അവന്റെ പിടി മുറുകുംതോറും അവൻ അനുഭവിക്കുന്ന  മാനസിക  പിരിമുറുക്കത്തിന്റെ അളവ് മനുവും അറിയുകയായിരുന്നു….
           രാത്രി എല്ലാവരും ഭക്ഷണം കഴിച്ചു കിടന്നിട്ടും റിഷി വന്നിട്ടുണ്ടായിരുന്നില്ല…മുത്തി വാതിൽ തുറക്കാനുള്ള ഡ്യൂട്ടി  തനുവിനെ ഏൽപ്പിച്ചു നേരത്ത് തന്നെ ഫോണിങ് പ്രോഗ്രാമിലേക്കു പോയിരുന്നു… ആദിയും ഉണ്ണിയും റിഷി വരുന്നവരെ പബ്‌ജി കളിയിലും ആണ് ആന കുത്തിയാൽ പോലും രണ്ടും ഇനി അറിയൂല  കൊല്ലടാ തല്ലടാ എന്നൊക്കെ വിളിച്ചു കൂവുന്നുണ്ട്…. അത്രയ്ക്ക് ഡെഡിക്കേഷൻ ആണ് രണ്ടിനും…..
                രാത്രി ലേറ്റ് ആയാണ് അവൻ വന്നത്….കോളിങ് ബെൽ മുഴങ്ങിയതും തനു പോയി വാതിൽ തുറന്നു കൊടുത്തു…. റിഷിയെ നോക്കാതെ തന്നെ അവൾ തിരിഞ്ഞു നടന്നു…….
       “ടീ...!!
         അവന്റെ വിളി കേട്ടതും പിടിച്ചുകെട്ടിയ പോലെയവൾ നിന്നു….പിന്നെ തിരിഞ്ഞു ചോദ്യഭാവത്തോടെ അവനെ നോക്കി….അവന്റെ മുഖഭാവം കണ്ടതും അവളുടെ മനസിലേക്ക് വല്ലാത്തൊരു പേടി ഇരച്ചു കയറി….മുഖം വലിഞ്ഞുമുറുകി ചുവന്നു ഇരിക്കുന്നു കണ്ണുകളിൽ ദേഷ്യഭാവം…അവളെ  രൂക്ഷമായി നോക്കുന്നുമുണ്ട്…. ഇതുവരെ കാണാത്ത വല്ലാത്തൊരു ഭാവത്തിൽ അവൻ തന്റെ മുന്നിൽ നിന്നതും തനു  ചെറുതായി ഒന്ന് വിറക്കാൻ തുടങ്ങി…..
         “എ…ന്താ….
        അവൾ വിക്കിവിക്കി ചോദിച്ചു….
       “നിന്റെ വീട് എവിടെയാണെന്നാ  പറഞ്ഞത് “
       റിഷിയുടെ ചോദ്യത്തിലെ കനത്തഭാവം തിരിച്ചറിഞ്ഞതും അവളൊന്നു വിറച്ചു..
     “അത്… പിന്നെ… കളമശേരിയിൽ…. “
     കരണം പുകച്ചുള്ള ഒരു അടി ആയിരുന്നു അതിനുള്ള മറുപടി…. തനു നടന്നതെന്താണെന്നു കൂടി മനസിലാവാതെ കവിളിലും കൈവെച്ചു അവനെത്തന്നെ നോക്കിനിന്നു…..തലയിലൊക്കെ ഒരു പെരുപ്പ് കയറുന്നത് പോലെ….വായിൽ ഉപ്പുരസം നിറയുന്നു…. കണ്ണുനീർത്തുള്ളികൾ കവിളിനെ നനയിച്ചുകൊണ്ടു ചാലിട്ടൊഴുകി… അവളെന്തോ വീണ്ടും പറയാൻ വന്നതും റിഷി കൈ ഉയർത്തി തടഞ്ഞു…
      “കള്ളം….കള്ളം മാത്രം പറയരുതെന്ന് ഒരു വട്ടം ഞാൻ പറഞ്ഞു എന്നിട്ടും നീ…. “
           ജ്വലിക്കുന്ന കണ്ണുകളോടെ അവൻ നിന്നു വിറച്ചു…..
             “റിഷിയേട്ടാ… ഞാൻ.. !!!!!
              എന്തോ പറയാനായി വന്ന അവളെ കൈ ഉയർത്തി തടഞ്ഞു അവൻ…..അവന്റെ കണ്ണുകളിലെരിയുന്ന ദേഷ്യം അവളെ ഒന്നാകെ  ചുട്ടു പൊള്ളിച്ചു….
   
         “ബാംഗ്ലൂർ ഉള്ള ബിസിനെസ്സ് രാജാവ് ആനന്ദ് മൽഹോത്രയുടെ  ഒരേയൊരു മകൾ തൻവി മൽഹോത്ര എപ്പോളാടി  കളമശ്ശേരിക്കാരിയായത് “
 
         അവന്റെ ചോദ്യം ഒരു ഇടിത്തീ പോലെ അവളുടെ കാതിൽ പതിച്ചതും  എന്ത് പറയണമെന്നറിയാതെ അവൾ തരിച്ചു നിന്നു…..!!!!

(തുടരും...)

ഇഷ്ടമാകുന്നുണ്ടോ കൂട്ടുകാരെ, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കാൻ ആരും മടിക്കല്ലേ...

രചന: മീനു
To Top