മഴമുകിൽ ഭാഗം : 1

Valappottukal
⛈️🌈 മഴമുകിൽ  ഭാഗം : 1 🌈⛈️
         

         “ആരെങ്കിലും ഈ വാതിലൊന്നു തുറക്കുമോ പ്ലീസ് …?? !!"

          കൊച്ചിയുടെ ഹൃദയഭാഗത്തു നിലകൊള്ളുന്ന  സാധാരണ ഒരു ലോഡ്ജിലെ  നൂറ്റിനാലാം നമ്പർ  മുറിയിൽ നിന്നു അവളുടെ ദയനീയമായ സ്വരം  പുറത്തേക്ക് വന്നു….

      "പ്ലീസ് ഹെല്പ്… ആരെങ്കിലും ഒന്ന് തുറക്കാവോ…?"

      പിന്നെയും പിന്നെയും ആ ശബ്ദം അവിടെ നിന്ന് ഉയർന്നു കേട്ടു.. അവളുടെ സ്വരം ഭയത്താൽ നേർത്തു പോയിരുന്നു….. നിമിഷങ്ങൾക്ക് ശേഷം  അവൾക്കുമുന്നിൽ ആ വാതിൽ തുറക്കപ്പെട്ടു… അവളുടെ മുഖത്തേക്ക് ഫ്ലാഷുകൾ തുരുതുരാ മിന്നി തന്റെ നേർക്ക് നീളുന്ന ഒരു കൂട്ടം അവജ്ഞയോടെയുള്ള നോട്ടത്തിന്റെ പൊരുളറിയാതെ അവളവിടെ തറഞ്ഞു നിന്നു….
       പത്രക്കാരും പോലീസുകാരും ഹോട്ടൽ ജീവനക്കാരുമടക്കം ഒരുകൂട്ടം ആളുകൾ അവളെ ഒരത്ഭുതജീവിയെ കാണുന്നപോലെ നോക്കി..എന്താ സംഭവിക്കാൻ പോകുന്നതെന്ന് മനസിലാവാതെ അവളും അവരെ പകച്ചുനോക്കിനിന്നു….

     “എന്താണ് മോൾക്ക്‌ ഇതിനുള്ളിൽ പരിപാടി..? ഒറ്റക്കെയുള്ളു..? നിന്റെ മറ്റവനെവിടെടി. !!!?
         അവളുടെ നേർക്ക് പുച്ഛത്തോടെ ഒരു നോട്ടം എറിഞ്ഞുകൊണ്ട്  കൂട്ടത്തിലെ ഒരു പോലീസുകാരൻ     ഒരു വഷള ചിരിയോടെ ചോദിച്ചു.. അവളെപ്പോളും പേടിച്ചരണ്ടു  എന്താണ് ചെയ്യേണ്ടതെന്നോ പറയേണ്ടതെന്നോ അറിയാതെ സംഭവിക്കുന്നതെന്താണെന്നു കൂടി  മനസിലാകാതെ നിൽക്കുകയാണ്….
      “ചോദിച്ചത് കേട്ടില്ലേടി എന്താരുന്നു നിനക്കിവിടെ പരിപാടിയെന്നു….?
           അവളുടെ അന്തംവിട്ടുള്ള നിൽപ്പ് കണ്ടു കൂട്ടത്തിലെ ലേഡി പോലീസ് മുന്നോട്ട് വന്നു അവളുടെ മുടിക്കുത്തിന് പിടിച്ചുകൊണ്ടു ചോദിച്ചു…..
      “സാറേ.. പഠിച്ച കള്ളിയാട്ടോ ഒരക്ഷരം മൊഴിയുന്നില്ല… “
       താൻ വേദനിപ്പിച്ചിട്ടും ഒരക്ഷരം പോലും മിണ്ടാതെയുള്ള അവളുടെ നിൽപ്പ് കണ്ട പോലീസ്കാരി അവളെ എസ് ഐ യുടെ നേർക്ക് എറിഞ്ഞുകൊണ്ട് പറഞ്ഞു….. തന്റെ കാൽക്കലേക്ക് വീണ ആ പെൺകുട്ടിയെ അയാൾ ചൂഴ്ന്നു നോക്കി…
         അപ്പോളേക്കും രണ്ടു  കോൺസ്റ്റബിൾമാർ റൂം മൊത്തം തിരഞ്ഞു ബാത്‌റൂമിൽ നിന്നു  ബോധമില്ലാതെ കിടക്കുന്ന ഒരു ചെറുപ്പക്കാരനെയും   തൂക്കിയെടുത്തുകൊണ്ടു പുറത്തേക്ക്  വന്നു…
        “ആഹാ ചേട്ടൻ അങ്ങ് ബാത്‌റൂമിൽ ആയിരുന്നോ..?
          അവളെനോക്കി ഒരു കണ്ണിറുക്കി താടി ഉഴിഞ്ഞു  വല്ലാത്തൊരു ഭാവത്തോടെ  അയാൾ ചോദിച്ചു…. അതു കേട്ടതും കണ്ട കാഴ്ച്ച വിശ്വസിക്കാനാവാതെ  അവൾ പിടഞ്ഞെഴുനേറ്റു ആ ചെറുപ്പക്കാരനെ പകച്ചു നോക്കി..
   രണ്ടു പേർ ചേർന്നു താങ്ങി പിടിച്ചിരിക്കുകയാണ്…. ആറടിപ്പൊക്കത്തിലും അതിനൊത്ത വണ്ണത്തിലും ഒരു ചെറുപ്പക്കാരൻ മുഖം ശരിക്കും കാണുന്നില്ല അവന്റെ നീണ്ട  ചെമ്പൻ മുടിയിഴകൾ മുഖത്തിനെയാകെ മറച്ചു കിടക്കുകയാണ്…..
       “ടൊ ഇവനെ നേരെ ആശുപത്രിയിലോട്ട് കൊണ്ടുപോയി ബോധം വരുമ്പോൾ അങ്ങ് സ്റ്റേഷനിൽ എത്തിച്ചേരേ… ഇവളെ ഞങ്ങൾ കൊണ്ടുപോവുകയാ “
       അതും പറഞ്ഞു എസ് ഐ നടന്നതും ലേഡി കോൺസ്റ്റബിൾ അവളെയും കൊണ്ടു മുന്നോട്ട് നടന്നു അവൾ എന്തൊക്കെയോ കരഞ്ഞു വിളിച്ചു കാലു പിടിച്ചു പറയുന്നുണ്ടെങ്കിലും അതൊന്നും കേൾക്കാൻ ആരും തയ്യാറായിരുന്നില്ല.. കാഴ്ച്ച കാണാൻ കൂടിയ ഒരുകൂട്ടം ആളുകളുടെ മുന്നിലൂടെ ഒരു കാഴ്ചവസ്തുവായി  നിസ്സഹായയായ ആ പെൺകുട്ടിയെ കൊണ്ടുപോയി…
                              ***************
         
               കൺപോളകളിൽ വല്ലാത്ത ഭാരം പോലെ തുറക്കാൻ പറ്റുന്നില്ല....എങ്ങനെയോ റിഷി കണ്ണുകൾ വലിച്ചു തുറന്നു..അവനുമുന്നിൽ എന്തൊക്കെയോ അവ്യക്തമായ കാഴച്ചകൾ തെളിഞ്ഞു വന്നു… കണ്ണുതുറന്നു ചുറ്റും നോക്കിയപ്പോൾ ഹോസ്പിറ്റലിൽ ആണെന്ന് മനസിലായി കുറച്ചകലെ രണ്ടു പോലീസുകാർ നിൽക്കുന്നുണ്ട്…
     അളിയോ…… !!
      പരിചയമുള്ള ഒരു വിളി കേട്ടതും റിഷി തല ചെരിച്ചു നോക്കി അവനെ തന്നെ നോക്കിക്കൊണ്ട് സ്വന്തം ചങ്ക് ബ്രോ മനു അടുത്ത് ഇരുന്നു ഓറഞ്ച് പൊളിച്ചു കഴിക്കുന്നുണ്ട്…..
      “നീയെന്താ ഇവിടെ.. “?
      അവനെക്കണ്ടതും റിഷി ചോദിച്ചു…
   “അതു തന്നെയാ എനിക്കും ചോദിക്കാനുള്ളത്.. രാവിലെ ബിവറേജിൽ നിന്നും രണ്ടു കുപ്പി സൽസ വാങ്ങിക്കാൻ വിട്ട നീയെന്താ ഇവിടെന്നു…??
     “ടാ എനിക്കൊന്നും ഓർമകിട്ടുന്നില്ല… തലക്ക് ആകെ ഒരു പെരുപ്പ് പോലെ “
    റിഷി തലയ്ക്കു രണ്ടു  കയ്യും കൊടുത്തു ഇരുന്നുകൊണ്ട് പറഞ്ഞു..
     “പെരുപ്പ് കേറാൻ ഇരിക്കുന്നെ ഉള്ളു ഇനി… മോനേ നീയിപ്പോ വിവിഐപി  ആണ്…. നിനക്കിനി രാജയോഗം അല്ലയോ… മട്ടൻ ബിരിയാണി…പോലീസ് പ്രൊട്ടക്ഷൻ അങ്ങ് സുഖിക്കാം ഇനി…..”
     “നീ എന്ത് തേങ്ങയാടാ ഈ പറയുന്നേ ഒന്ന് തെളിച്ചു പറ.. “
      റിഷിക്ക് അവന്റെ വർത്തമാനം കേട്ട് ദേഷ്യം വരുന്നുണ്ടായിരുന്നു… അല്ലെങ്കിലേ ദേഷ്യത്തിന് കയ്യും കാലും വെച്ച മുതലാണ്…
       “മോനിപ്പോൾ  പീഡകനാ പീഡകൻ….  .. “
       “എപ്പോ… !!
       “കഴിഞ്ഞ ഏതാനും മണിക്കൂറുകളായി….”
        “എന്തോന്നാ… നീ കളിക്കാതെ കാര്യം തെളിച്ചു പറയുന്നുണ്ടോ മനൂ… “
      റിഷി ക്ഷമ നശിച്ചു തനി സ്വഭാവം പുറത്തെടുത്തു തുടങ്ങി…
     “ടാ കോപ്പേ നീ അനാശ്യാസത്തിനു അറസ്റ്റിലാണെന്നു.… “
      മനു  പറഞ്ഞതും റിഷി അവിശ്വസിനീയതയോടെ അവനെ നോക്കി….
   “എ…. എന്താ പറഞ്ഞേ..അ … അനാശ്യാസമോ ..?
         റിഷിയുടെ തൊണ്ടയിൽ വാക്കുകൾ കുടുങ്ങി…

         “അ അ അനാശ്യാസം അല്ല വെറും അനാശ്യാസം…. ഞാൻ നിന്നെ കാണാഞ്ഞിട്ട്  ഫോണിലേക്ക് വിളിച്ചപ്പോൾ എടുത്തത് ഈ പോലീസുകാരാ.. അവരാ എന്നോട് ഇങ്ങോട്ട് വരാൻ പറഞ്ഞത്…കേട്ടപാതി രണ്ടു കിലോ ഓറഞ്ച് വാങ്ങി ഓടി വന്നതാ….ബൈ ദി ബൈ നീ എന്തിനാണ് ആ ലോഡ്ജിൽ  പോയത്. “
        അവൻ സംശയത്തോടെ റിഷിയെ നോക്കി… റിഷി ഒരു നിമിഷം എന്തോ ആലോചിച്ചിരുന്നു
   
        “ടാ ഞാൻ ബിവറേജിൽ ക്യു നിൽക്കുമ്പോളാ ഫോണിലേക്ക് ഒരു കോൾ വന്നത്…നമ്മുടെ ആദി അവിടെ ആ റൂമിൽ ഉണ്ടെന്ന് പറഞ്ഞിട്ട്..എന്തോ പ്രശ്നമുണ്ടെന്നും പറഞ്ഞു..  അവനെ വിളിച്ചിട്ട് കിട്ടുന്നും ഉണ്ടായിരുന്നില്ല പിന്നെ ഒന്നും നോക്കിയില്ല അങ്ങോട്ട് ചെന്നു…റൂം തുറന്നു അകത്തേക്ക് കയറിയതും തലയിൽ എന്തോ വന്നു ഇടിച്ചതു പോലെ തോന്നി പിന്നെ ഒന്നും ഓർമയില്ലടാ..ഇപ്പോളാ കണ്ണു തുറക്കുന്നത്.. “
 
        “ഹോ.. അപ്പോ മോൻ അനിയനെ കാണാൻ ഓടിയതാണല്ലേ… ഇതാരോ നിനക്കിട്ടു കരുതികൂട്ടി  പണിഞ്ഞതാ മോനേ….പക്ഷേ പെട്ടു പോയതൊരു പാവം പെണ്ണും “
 
       “പെണ്ണോ..!!!!?
     റിഷി ഒന്നും മനസിലാവാതെ അവനെ നോക്കി…
    “പിന്നെ ഈ അനാശ്യാസ്യമെന്ന കുൽസിത പ്രവർത്തി  ഒറ്റക്കാണല്ലോ  നടത്തുന്നത്..നിനക്കിതിനെ പറ്റി വല്ല്യ ധാരണ ഇല്ലാലേ  …നിന്റെ കൂടെ ഒരു പെണ്ണിനേം പിടിച്ചെടാ റൂമിന്നു… “
    “ദൈവമേ…  !!!
          റിഷിയുടെ കണ്ണ് രണ്ടും തള്ളി പുറത്തേക്ക് വന്നു….
         “ആ ദൈവത്തിനെ ഒക്കെ നല്ല നീട്ടി വിളിച്ചോ.. അവളിപ്പോൾ സ്റ്റേഷനിലുണ്ട് “

      “ഇതൊരു വല്ലാത്ത കുരിശായല്ലോ….. “
        റിഷി തലയ്ക്കും കൈ കൊടുത്തുകൊണ്ട് പറഞ്ഞു….
 
         “കുരിശിനി ആവാൻ കിടക്കുന്നതേ  ഉള്ളു മോനേ… പെണ്ണുകേസാ അടുത്തൊന്നും തലയൂരിപ്പോരാൻ പറ്റുമെന്നു തോന്നണില്ല…എല്ലാം മുൻജന്മ പുണ്യം …“
     “എടാ മഹാപാപി കരിനാക്കെടുത്തു വളക്കല്ലേടാ തെണ്ടി …ജീവിതത്തിൽ ഇതുവരെ ഒരു പെണ്ണിനെ പോലും വേറൊരു കണ്ണുകൊണ്ട് നോക്കാത്ത എനിക്കു ഇതുതന്നെ കിട്ടണം… “
     “കിട്ടണമെടാ കിട്ടണം അഞ്ചു മഞ്ജു ചിഞ്ചു ഒക്കെ നിന്റെ പിന്നാലെ നടക്കുമ്പോൾ നിനക്ക് ജാഡയല്ലാരുന്നോ…. ഗ്ലാമറുള്ളതിന്റെ അഹങ്കാരം… എന്നിട്ടെന്തായി പവനായി ശവമായി… ഇനി ഞാനൊക്കെ ഒന്ന് കളത്തിലിറങ്ങി വിലസട്ടെ.. നീയെന്തായാലും ഇനി ഒരു ആറേഴുകൊല്ലം ജയിലിൽ പോയി റസ്റ്റ്‌ എടുക്ക് “
             ടാ.. !!!
          റിഷി ദയനീയമായി അവനെ നോക്കി..
              “നിനക്ക് ചപ്പാത്തി ഒക്കെ പരത്തുവാൻ  അറിയാവോടെയ് “
              റിഷി എന്തിനാനുള്ള അർത്ഥത്തിൽ അവനെ നോക്കി…
      “ഇല്ലേൽ പഠിക്കണം അല്ലെങ്കിൽ ജയിലിൽ പോകുമ്പോൾ മോൻ വല്ലാതങ്  ബുദ്ധിമുട്ടും… “

      “ചിലക്കാതെടാ പട്ടി ഗ്ളൂക്കോസുംകുപ്പി എടുത്തു അണ്ണാക്കിൽ തിരുകിതരും ഞാൻ…ഓരോരോ ഗതികേടെ… ഇതിൽ നിന്ന് എങ്ങനെ ഒന്ന് ഊരി പോരും..അതു ഒന്ന് പറ..  “
        റിഷി എന്തൊക്കെയോ തലപെരുത്തു ആലോചിച്ചു കൊണ്ടു ചോദിച്ചിട്ടും  മനുവിന്റെ ഭാഗത്തു നിന്ന് യാതൊരു റെസ്പോൻസും കാണാതായപ്പോൾ അവൻ തല ചെരിച്ചൊന്നു നോക്കി.. ഡ്രിപ് എടുത്തു മാറ്റാൻ വന്ന നഴ്സുമായി കത്തിയടിയാണ്….
       “ബാക്കിയുള്ളവർ ചാവാൻ കിടക്കുമ്പോളാ അവന്റമ്മൂമ്മേടെ ലൈൻ വലി….“
      റിഷി പിറുപിറുത്തുകൊണ്ട് അവനെ നോക്കി പേടിപ്പിച്ചതും ആശാൻ പതിയെ അങ്ങോട്ട് വന്നു..
   
    “ടാ എന്തേലും ഒന്ന് പറഞ്ഞു താ…. “
       റിഷി പ്രതീക്ഷയോടെ അവനെ നോക്കി…..
         “ പേര് വീണ വയസിറുപ്പത്തഞ്ചു വീട് കോട്ടയം…. ഒറ്റ മോൾ b.sc നഴ്സ് ആണ് അടുത്ത മാസം അയർലണ്ടിലേക്ക് പോകും “
     മനു അഭിമാനത്തോടെ അവനെ നോക്കിയതും റിഷിയുടെ കലിപ്പ് കയറിയ മുഖമാണ് കണ്ടത്..
       “അതല്ലളിയാ…നീ ജയിലിൽ പോകാൻ പോകുന്നസ്ഥിതിക്ക് ഞാൻ പിന്നെ ആരെ ഓസിയടിച്ചു ജീവിക്കും എനിക്കും വേണ്ടേ ഒരു ജീവിതമൊക്കെ..?
      മനു ദയനീയമായി റിഷിയെ നോക്കി..
      “കൊടുങ്കാറ്റിൽ ആന പാറിപോയപ്പോളാ  അവന്റെ  കുഞ്ഞമ്മേടെ അയർലൻഡ്.. എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട… ബാക്കിയുള്ളവരുടെ ഭാവിയാണ് തുലയാൻ പോകുന്നത്…. “
     “നിന്നോടാരാ ആ പെണ്ണിനേം വിളിച്ചു  ലോഡ്ജിൽ പോയി  റൂം എടുക്കാൻ പറഞ്ഞത്.. വല്ല നല്ല ഫൈവ് സ്റ്റാർഹോട്ടലിൽ  പോവരുന്നില്ലേ  അതാ സേഫ്..ആരുമറിയില്ലന്നേ… “
     “ഇവനെ ഞാനിന്ന്…. “
      റിഷി അതും പറഞ്ഞു എഴുന്നേറ്റതും പോലീസുകാർ അങ്ങോട്ട് വന്നു…
     “ആഹാ  ബോധം വന്നോ… എന്നാപിന്നെ  നേരെ  സ്റ്റേഷനിലേക്ക് വിടാം അല്ല്യോടാ…പങ്കാളി അവിടല്ലയോ..കാണാതെ വിഷമിക്കുന്നുണ്ടാകും പാവം…  “
      പോലീസുകാർ റിഷിക്കിട്ടൊന്നു താങ്ങിയതും  ശ്രീനിവാസൻ ചിരിക്കുന്നത്  പോലുള്ള ചിരി കേട്ട് പോലീസുകാരടക്കം  ഞെട്ടി തിരിഞ്ഞു  നോക്കിയതും മനു ആണ്.. റിഷി അവനെ കടുപ്പിച്ചൊന്നു നോക്കി പിന്നെ പോലീസുകാരെയും.. അവന്റെ സ്വഭാവം വെച്ചു ഈ പറഞ്ഞതിന് അവരുടെ  മോന്തക്കിട്ടു  ഒന്ന് കിട്ടേണ്ടതാണ്… സാഹചര്യം ഇങ്ങനെ ആയിപോയത് അവരുടെ ഭാഗ്യം….
        ഡ്രിപ് തീർന്നെന്നു കണ്ടതും  അവർ  അവനെയും കൊണ്ടു സ്റ്റേഷനിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്.…ഇനി ഒരിക്കലും തിരിച്ചു വരാത്തത് പോലെ മനു അവനെ കെട്ടിപിടിച്ചു കണ്ണുതുടച്ചു മൂക്ക് അവന്റെ മേൽ തന്നെ പിഴിഞ്ഞ് തുടച്ചു  യാത്രയാക്കുന്നുണ്ട്..
  റിഷീ…. “!!!!!
      മനു കണ്ണ് നിറച്ചുകൊണ്ടു റിഷിയുടെ കൈകൾ കൂട്ടി പിടിച്ചു…
      “എന്താടാ… “
             റിഷിയുടെ സൗണ്ടും ഇടറി…കണ്ണുകൾ നിറഞ്ഞു…  എത്ര ആയാലും സ്വന്തം കൂട്ടുകാരൻ അല്ലേ തന്റെ ഈ അവസ്ഥയിൽ ചങ്ക് പറിക്കുന്ന വേദന കാണും അവനു പാവം ….ഇവനെക്കൂടെ താൻ തന്നെ ആശ്വസിപ്പിക്കണമല്ലോ ദൈവമേ….
           
              “ഗോവിന്ദ ചാമിയെ ഒക്കെ കൂട്ടു  കിട്ടുമ്പോൾ ഈയുള്ളവനെ നീ മറക്കരുത് കാത്തിരിക്കും എത്ര വർഷം വേണമെങ്കിലും…..“
             വാക്കുകളിടറിക്കൊണ്ട് മനു പറഞ്ഞതും  കലി കയറിയ റിഷി അതിനുള്ള  മറുപടി ആയി   ചെവിയിൽ നല്ല ലേറ്റസ്റ്റ് മോഡലിൽ ഉള്ള എന്തോ മലയാള പദങ്ങൾ അനർഗള നിർഗളം  പറഞ്ഞുകൊടുത്തപ്പോളാണ് അവൻ പിടി വിട്ടത് അല്ലപിന്നെ സഹിക്കുന്നതിനൊക്കെ ഒരു പരിധിയില്ലേ …
        “മതി മതി സ്നേഹ പ്രകടനമൊക്കെ വന്നു കേറിയാട്ടെ…. “
      പോലീസുകാർ റിഷിയെ കൊണ്ടുപോയി ജീപ്പിൽ കയറ്റി…

           “അളിയാ ടാറ്റ ടാറ്റ… “
      ജീപ്പിൽ കയറിയ റിഷിക്കു പിന്നാലെ വന്നു കൈവീശി റ്റാറ്റാ കൊടുക്കുകയാണ് മനു..
       “കൂട്ടുകാരൻ വീഗാലാന്റിൽ ടൂർ പോവുകയല്ല റ്റാറ്റാ കൊടുത്തു പറഞ്ഞു വിടാൻ ..പീഡന കേസിനെ അകത്തു പോവുകയാ….ഇതൊക്ക എന്തോ ജന്മം ആണാവോ….. “
          കൂടെയുള്ള പോലീസ്കാരൻ അവനെ ഒന്ന് പുച്ഛിച്ചു..
   
          “അതാണ്‌ സാറേ എന്റെ ഏക  ആശ്വാസം…അപ്പൊ വേഗമിങ്ങു  ഊരിപ്പോരാമല്ലോ നിങ്ങടെ ഒക്കെ എല്ലാ പിന്തുണയും സഹകരണവും  വേണം…അതാണല്ലോ ഇപ്പോളത്തെ ട്രെൻഡ്….  “
         “ടാ ടാ നീ പോലീസുകാർക്കിട്ടു ഉണ്ടാക്കല്ലേ… ഇത്രയും പറഞ്ഞ സ്ഥിതിക്ക് മോൻ  വണ്ടി എടുത്തു പിന്നാലെ പൊന്നോ… ഏതെങ്കിലും ഒരു കേസെടുത്തു നൈസ് ആയി തലയിൽ വെച്ചുതരാം…കൂട്ടുകാരനൊരു കൂട്ടാവട്ടെടാ.. ”
       “സിവനെ പെട്ട്… “
        തലക്കടി കിട്ടിയ പോലെ നിന്ന മനുവിനെ വല്ല കാര്യം ഉണ്ടായിരുന്നോ എന്ന ഭാവത്തിൽ റിഷി നോക്കി…
         “വേണ്ടാരുന്നു…..”
              മനു ദയനീയമായി പൊലീസുകാരെ നോക്കിയതും വണ്ടിയെടുത്തു പിന്നാലെ വരാനുള്ള ആജ്ഞ ആണ് കിട്ടിയത്…വേലിയിൽ ഉള്ള പാമ്പിനെ എടുത്തു തോളിലിട്ട അവസ്ഥയിൽ അവരുടെ വണ്ടി നീങ്ങിയതിന് തൊട്ട് പുറകെയായി    മനുവും വണ്ടിയെടുത്തു   ചെന്നു …. വീട്ടിൽ ഒന്നും അറിയിക്കണ്ടാന്നു റിഷി മനുവിനെ ആദ്യമേ  പ്രത്യേകം  ചട്ടം കെട്ടിയിരുന്നു….
          *********************
          ഈ സമയം പോലീസ് സ്റ്റേഷനിൽ ഒരു മൂലക്ക് ചാരി ഇരിക്കുകയായിരുന്നു അവൾ…
      തൻവി…. !!!
     ഒരുപാട് പ്രതീക്ഷയോടെ ജോലി തേടി വന്നതാണ് ഈ നഗരത്തിൽ  അത് അവസാനം ഇങ്ങനെയും…..അവളുടെ കണ്ണുകൾ ഇടതലവില്ലാതെ നിറഞ്ഞൊഴുകി…….
      രാവിലെ തന്നെ താമസസ്ഥലമായ കളമശേരിയിൽ നിന്നും മെട്രോയിൽ വന്നു ഇറങ്ങിയതാണ്…… ഇന്റർവ്യൂ അറ്റെൻഡ് ചെയ്യാൻ വന്ന തന്നോട് റൂമിൽ ഇരിക്കാൻ പറഞ്ഞപ്പോളെ  തന്നെ ഡൌട്ട് തോന്നിയതാണ്.. പക്ഷേ തന്റെ മുന്നിൽ ഈ ജോലി അല്ലാതെ വേറെ വഴിയില്ലെന്ന് തോന്നിയപ്പോളാണ് മനസില്ലാമനസോടെ ആ റൂമിൽ പോയത്… പക്ഷേ ശരിക്കും ഞെട്ടിയത് താൻ കേറിയതും പുറത്തു നിന്ന് ലോക്ക് വീണപ്പോളാണ്….. അത് ഇങ്ങനെ ഒരു ചതിക്കാണെന്നു സ്വപ്നത്തിൽ പോലും വിചാരിച്ചില്ല…..
          പക്ഷേ ആ ചെറുപ്പക്കാരൻ അതാരാണ്…തന്നെപോലെ തന്നെ അറിയാതെ വന്നു പെട്ടതാകുമോ.. അതോ…. അവളുടെ കൺമുന്നിൽ മുഖം മറഞ്ഞു കിടക്കുന്ന ആ ഇടതൂർന്ന  ചെമ്പൻ മുടികൾ മാത്രം പതിഞ്ഞു നിന്നു….
     “എന്താടി.. ഇരുന്നു ചൊപ്പനം കാണുവാണോ…?
        അവളുടെ കാലിൽ ഒരു തട്ട് കൊടുത്തുകൊണ്ട് ലേഡി കോൺസ്റ്റബിൾ ചോദിച്ചു….  അവളവരെ കത്തിക്കുന്ന ഒരു നോട്ടം നോക്കി..
      “അയ്യോ.. നോക്കിപ്പേടിപ്പിക്കല്ലേ ഞാനങ്ങു നിന്നു വിറക്കുവാ….. നിന്റെ മറ്റവൻ വന്നിട്ടുണ്ടടി രണ്ടു പേർക്കും കൂടി ഒരു സെല്ല് മതിയല്ലോല്ലേ..അതാകുമല്ലോ നിനക്കൊക്കെ  കൂടുതൽ  സൗകര്യം..  “
   
       അവളെ നോക്കി ഒരു വഷളച്ചിരിയോടെ  പറഞ്ഞതും  തനു മുഷിച്ചിലോടെ മുഖം വെട്ടിച്ചതും കണ്ണുടക്കിയത്  അകത്തേക്ക് കയറി വരുന്ന ചെമ്പൻ മുടിയിഴകളുള്ള ആളിലാണ് അവനെ തിരിച്ചറിയാൻ അതു മാത്രം മതിയാരുന്നു അവൾക്ക് അവൾ പതിയഎഴുനേറ്റു ഭയത്തോടെ  മൂലയിലേക്ക് മാറി നിന്നു…..
 
        “ആ  നമ്മുടെ  ഹീറോ വന്നല്ലോ… “
 
            അവനെ കണ്ടതും എസ് ഐ പുച്ഛത്തോടെ ചിറി കോട്ടി.. ചുറ്റും നിന്ന പോലീസുകാർ അവനെ നോക്കി ചിരിക്കാൻ തുടങ്ങി… റിഷിക്ക് എല്ലാംകൂടെ കണ്ടു അങ്ങോട്ട്‌ അരിച്ചു കയറുന്നുണ്ട് വല്ലതും ചെയ്യാൻ പറ്റുവോ…അവൻ മുഷ്ടിയും ചുരുട്ടി പല്ലും കടിച്ചങ്ങനെ നിന്നു…
   
        “അയ്യോ.. പിസി…  സാറിനു ദേഷ്യം വരുന്നുണ്ടേ ഒരു കയ്യകലത്തിൽ നിന്നോ അല്ലെങ്കിൽ ഇവനിപ്പോ ഉലത്തിക്കളയും  നമ്മളെയൊക്കെ “
     
         “സാറ് പുതിയ ആളായത് കൊണ്ടാ ഇവൻ ഇവിടുത്തുകാരനാ… ഞങ്ങൾക്കൊക്കെ നല്ലപോലെ അറിയാം അല്ലേടാ…. “
         
         കോൺസ്റ്റബിൾ എസ് ഐയോട് റിഷിയെ നോക്കിക്കൊണ്ട് പുച്ഛത്തിൽ പറഞ്ഞു.. റിഷി പതഞ്ഞു പൊന്തുന്ന  ദേഷ്യവും  കടിച്ചു പിടിച്ചു നിൽക്കുകയാണ് എസ് ഐ നടന്നു വന്നു അവന്റെ മുന്നിലെ ടേബിളിലിൽ കാലുവെച്ചിരുന്നു…
   
         “എന്നാ പിന്നെ പറഞ്ഞാട്ടെ ആ നിക്കുന്നവളെ നിനക്കെങ്ങനെയാ പരിചയം… “
        അയാൾ  ചൂണ്ടിക്കാണിച്ചിടത്തേക്ക് റിഷിയുടെ നോട്ടം  പോയതും അവന്റെ കണ്ണുകൾ അത്ഭുതം കൊണ്ടു വിടർന്നു…..തൂവെള്ള ചുരിദാറുമിട്ടു മാലാഖയെ പോലൊരു പെൺകൊച്ചു ഒരു മൂലയിൽ ചുമരിനോട് ചേർന്നു പേടിച്ചരണ്ട് നിൽക്കുന്നുണ്ട്…     
     “ഇങ്ങോട്ട് വാടി “
      എസ് ഐ അലറിയതും പേടിച്ചിരണ്ട ഭാവത്തോടെ അവൾ പതിയെ നടന്നു അവനടുത്തായി വന്നു നിന്നു…. അവളുടെ നിഷ്കളങ്കമായ മേക്കപ്പിന്റെ ഒരംശം പോലുമില്ലാത്ത മുഖത്തേക്കും ചുവന്നു വീർത്ത  നീര്മിഴികളിലേക്കും..വിതുമ്പി വിറയ്ക്കുന്ന അധരങ്ങളിലും  അവന്റെ നോട്ടം പതിഞ്ഞു…അവളുടെ  പേടി വിളിച്ചോതുന്ന നിറ മിഴികൾ അവന്റെ നെഞ്ചിലെവിടെയോ ഒരു വേദന സൃഷ്ടിച്ചപോലെ….. റിഷി അവളെ കണ്ണിമയ്ക്കാതെ നോക്കി നിന്നു….
  അവന്റെ നോട്ടം തന്റെ നേർക്കാണെന്ന് മനസിലായതും അവൾ പേടിയോടെ തല കുനിച്ചു….
       “ഹലോ സാറേ…. നോക്കി കഴിഞ്ഞോ.. റൂമിൽ വെച്ചു കണ്ടതിൽ കൂടുതലൊന്നും തന്നെ ഇല്ലടാ….. “
     
         എസ് ഐ വീണ്ടും ഒന്ന് ചൊറിഞ്ഞു…ദേഷ്യത്താൽ റിഷിയുടെ നാഡീ ഞെരമ്പുകൾ വലിഞ്ഞു മുറുകി …..മുഷ്ടി ചുരുട്ടി ദേഷ്യം അടക്കിപിടിച്ചവൻ നിന്നു…..
               “നിന്റെ പേരെന്താടി…. “
       അയാൾ അവളുടെ നേരെ തിരിഞ്ഞു…..
     
         “തൻവി.. !!
       
    അവളുടെ ഇടറിയ നേർത്ത ശബ്ദം റിഷിയുടെ ചെവിയിൽ മുഴങ്ങി… അവന്റെ ചുണ്ടുകൾ ആ പേര് വീണ്ടും വീണ്ടും മന്ത്രിച്ചു….
    “കണ്ടിട്ട് കുടുംബത്തിൽ പിറന്നതാണെന്നു തോന്നുന്നല്ലോ പിന്നെങ്ങനാ ഇവിടെ എത്തിയത്.. “
     
         സാർ ചോദിച്ചതും  തനു ഒരു വിതുമ്പലോടെ റിഷിയെ  നോക്കി ..തന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കയും ഭയവുമാണ് ആ കണ്ണുകളിൽ നിഴലിച്ചത്….. റിഷി ഒരു വേദനയോടെ അത് നോക്കി നിന്നു…. താനും ഇതിനു ഒരു കാരണക്കാരൻ ആണല്ലോ എന്നുള്ളത് അവനെയും ഒരുമാത്ര വേദനിപ്പിച്ചു……
 
         “ഇനി പറ എന്തായിരുന്നു രണ്ടാളും കൂടെ അതിനുള്ളിൽ പരിപാടി”
     എസ് ഐ രണ്ടു പേരെയും മാറി മാറി നോക്കിക്കൊണ്ട് ചോദിച്ചു… റിഷി ഒരു നിമിഷം അവളെ നോക്കിനിന്നു… അവളുടെ തളർന്നു അവശയായ നിൽപ്പും ദയനീയതയോടെയുള്ള നോട്ടവും അവനെ വല്ലാത്തൊരവസ്ഥയിൽ എത്തിച്ചിരുന്നു… ഒരു പക്ഷെ തന്നെപോലെ പെട്ടുപോയതാകാം…. പിന്നെന്തൊ തീരുമാനിച്ചുറപ്പിച്ച പോലെ എസ് ഐ ക്കു നേർക്ക് തിരിഞ്ഞു….തനു എന്തോ പറയാൻ പോകുന്നതിനു മുന്നേ തന്നെ റിഷിയുടെ സ്വരം അവളുടെ കാതിൽ മുഴങ്ങി…..
   
        “സാർ ഞങ്ങൾ വീട്ടുകാർ അറിയാതെ ഒളിച്ചോടി വന്നതാണ്..കല്യാണം രജിസ്റ്റർ ചെയ്യാൻ ഇരിക്കുവാ… അതിനുവേണ്ടിയാ റൂം എടുത്തതും അല്ലാതെ…. “
     
        അവൻ പറഞ്ഞു നിർത്തിയതും തനു ഞെട്ടലോടെ അതിലേറെ അവിശ്വസിനീയതയോടെ അവനെത്തന്നെ തുറിച്ചു നോക്കി…എ സ് ഐ എഴുനേറ്റു അവളുടെ മുന്നിലായി വന്നു നിന്നു …
   
       “ഇവൻ പറഞ്ഞത് സത്യമാണോ?
           
        തനു റിഷിയുടെ മുഖത്തേക്കു തന്നെ ഉറ്റുനോക്കി നിൽക്കുകയാണ്… തന്റെ ജീവിതമാണ്.. സത്യം പറഞ്ഞാൽ കേസിൽ പെടും… ഇങ്ങനെയൊരു നുണയിലൂടെ രക്ഷെപ്പടുന്നേൽ പെടട്ടെ…
          റിഷിയും അവളെത്തന്നെ ദയനീയമായി നോക്കിക്കൊണ്ടിരുന്നു… അവളെങ്ങാനും അല്ലെന്നു പറഞ്ഞാൽ പോലീസുകാർ എല്ലാംകൂടി തന്നെ പഞ്ഞിക്കിടും…മൂന്നാം മുറ മുതൽ  ഉരുട്ടിക്കൊല വരെ ഒരുനിമിഷം  അവന്റെ മനസിലൂടെ കടന്നുപോയി
      ദൈവമേ…. !!
    അവന്റെ മുഖത്ത് പ്രാണഭയം നിറഞ്ഞുനിന്നു…. തനു കണ്ണുകൾ ഇറുക്കിയടച്ചു ശ്വാസം വലിച്ചെടുത്തു… കണ്ണു തുറന്നപ്പോൾ തന്നെ തന്നെ നോക്കി നിൽക്കുന്ന രണ്ടു ജോഡി കണ്ണുകൾ ആണ് അവളുടെ മുന്നിൽ തെളിഞ്ഞു നിന്നത്   ഒന്നിൽ ചോദ്യഭാവവും മറ്റൊന്നിൽ ദയനീയതയും
       “നീയെന്താ ധ്യാനിക്കുകയാണോ… ചോദിച്ചത് കേട്ടില്ലേടി… “
         എസ് ഐ വീണ്ടും അലറി…
    “അ.. അതെ… സത്യമാണ്… “
      അവൾ വിക്കി വിക്കി പറഞ്ഞതും റിഷി ആശ്വാസത്തോടെ ശ്വാസം വലിച്ചു വിട്ടു…. തല്ക്കാലം രക്ഷപെട്ട ആശ്വാസത്തിൽ….അവളുടെ മുഖത്തും ഒരു ആശ്വാസഭാവം നിറഞ്ഞു….
       
         “എന്നാ പിന്നെ അങ്ങനെ ആവട്ടെ മക്കൾ പറഞ്ഞത് വെള്ളം തൊടാതെ ഞങ്ങൾ അങ്ങ് വിഴുങ്ങി….എന്തായാലും നിങ്ങളെ പിടിച്ചു കൊണ്ടു വന്നതിനും അപമാനിച്ചതിനും പരിഹാരമായിട്ട് ഒരു പ്രായശ്ചിത്തം പോലെ  നിങ്ങളുടെ കല്യാണം ഞങ്ങൾ പോലീസുകാർ  നടത്തിത്തരും….. ഇപ്പോൾ ഈ നിമിഷം ഇവിടെവെച്ചു….എന്താ സമ്മതമാണോ രണ്ടാൾക്കും….. “
   
           എസ്ഐ ഗൂഢമായ  ഒരു ചിരിയോടെ  അവരുടെ നേർക്ക് ചോദ്യമെറിഞ്ഞതും റിഷിയും തനുവും കേട്ടത് വിശ്വസിക്കാനാവാതെ  പകച്ചു പണ്ടാരമടങ്ങി പരസ്പരം നോക്കി മിഴിച്ചു നിന്നു….
               Yes they are trapped 😎😛
                                ( തുടരും )
                    ചെറിയൊരു ഇടവേളക്ക് ശേഷം ഒരു കുഞ്ഞു സ്റ്റോറിയുമായി വീണ്ടും എന്റെ പ്രിയപ്പെട്ട കൂട്ടുകാരുടെ  മുൻപിൽ…ദേവയുടെയും താരയുടെയും സിദ്ധുവിന്റെയും അപ്പുവിന്റെയും കൂട്ടത്തിലേക്ക് ഒരു ജോഡി കൂടി കൂടി തനുവും റിഷിയും….… ഇഷ്ടമായാൽ ലൈക് ചെയ്തു എനിക്കുവേണ്ടി രണ്ടു വരി കുറിക്കില്ലേ… 
                              നിങ്ങളുടെ മീനു 💕

രചന: മീനു

------------------
Unauthorized usage (Re-uploading/ Editing) of this content in social media or Digital platforms will be taken as violation of Copyright act and will be followed with legal proceedings...
To Top