വിശ്വഗാഥ, ഭാഗം: 14

Valappottukal
വിശ്വഗാഥ💕
ഭാഗം- 14


"താൻ ഇവിടെ എങ്ങനെ...?"

വിശ്വ അവളുടെ കയ്യിന്മേൽ പിടിച്ചു. അവളെ നോക്കി പുഞ്ചിരിച്ചു. ഗാഥയും അവനെ നോക്കി ചിരിക്കവേ പെട്ടന്ന് വിശ്വയെ കാണാതായി.

"ചേച്ചി.... ഇവിടെ സ്വപ്നം കണ്ടു നിൽക്കുവാണോ?  വന്നേ... അമ്മ വാതിലിൽ  തട്ടി വിളിക്കുവാ..."
ഗംഗ ഗാഥയുടെ കയ്യിൽ പിടിച്ച് വലിച്ചു.

"ഏഹ്?! അയ്യോ... വരാം..."

അവർ രണ്ടുപേരും വേഗം മുറിയിലേക്ക് ചെന്നു. ഗാഥ ഉടനെ മൊബൈൽ മേശപ്പുറത്ത് വെച്ചു. ഗംഗ പോയി വാതിൽ തുറന്നു.

"എത്ര നേരമായി ഞാൻ വിളിക്കുന്നു... നീ ഇപ്പോൾ ഇങ്ങോട്ട് വന്നതല്ലേ ഉള്ളു. അപ്പോഴേക്കും ഉറങ്ങിയോ?"

"ഹാ... അമ്മേ. ഞാൻ വന്നപ്പോൾ ഗാഥേച്ചി നല്ല ഉറക്കം. പിന്നെ,  ഞാനും വേഗം കിടന്നുറങ്ങി"

"ഹ്മ്മ്... താഴേക്ക് വാ... നിങ്ങളുടെ അച്ഛൻ  വിളിക്കുന്നു"

"അച്ഛനോ?  എന്തിന്?"

"അതറിഞ്ഞാലേ വരുള്ളോ?"

"ഹൊ... ഞങ്ങൾ  ദാ വരുന്നു..."

 ഗംഗയും ഗാഥയും രാധികയുടെ ഒപ്പം താഴേക്ക് ചെന്നു.

"എന്താ അച്ഛാ ഞങ്ങളെ ഇപ്പോൾ വിളിച്ചേ?"

"അത് അച്ഛൻ രണ്ടു ദിവസത്തേക്ക് കാണില്ല. കോഴിക്കോട് വരെ പോകേണ്ട ആവശ്യമുണ്ട്"

"കോഴിക്കോടോ?  അവിടെയെന്തിനാ പോകുന്നേ?"

"പാറു മോൾക്ക് ഒരു  മുരളിയെ ഓർമ്മയുണ്ടോ?"

"മുരളിയോ? അച്ഛന്റെ പഴയ ഒരു ഫ്രണ്ട് അല്ലേ?  ഇവിടെ ഒരു ദിവസം വന്നിട്ടുണ്ടായിരുന്നു. ആ അങ്കിളിന്റെ മോനുമായി. ഞാൻ അപ്പോൾ പത്താം ക്ലാസ്സിൽ ആയിരുന്നു. എക്സാം ടൈം എന്തോ. ഓർമയുണ്ട് അച്ഛാ..."

"ആഹ്... അവൻ തന്നെ. അച്ഛനെ കുറേ സഹായിച്ചിട്ടുള്ളതാ. മറ്റന്നാൾ ഞായറാഴ്ച അവന്റെ മകന്റെ കല്യാണമാണ്‌. ഇപ്പോൾ അവൻ വിളിച്ചിട്ട് നാളെ വരുന്നില്ലേ എന്ന് ചോദിച്ചപ്പോഴാ എനിക്ക് ഓർമ വന്നത്. വെളുപ്പിന്  ട്രെയിൻ ഉണ്ടെങ്കിൽ അതിൽ പോകും. ഇല്ലേൽ ബസ്സിൽ പോകും. ഇവിടുന്നു ദൂരം കുറവാണേലും നേരത്തെ ചെല്ലണ്ടേ.. പിന്നെ,  തിങ്കളാഴ്ചയേ വരുള്ളു കേട്ടോ..."

"ആഹാ... എങ്കിൽ അച്ഛൻ അന്ന് ആ കടയിൽ നിന്നും വാങ്ങിയില്ലേ ഒരു ബ്ലൂ ഷർട്ട്‌. അത് കല്യാണത്തിന് ഇട്ടാൽ മതി. അച്ഛന് നന്നായി ആ ഷർട്ട്‌ ചേരും"

"ഓ ശെരി. നിങ്ങൾ പോയി കിടന്നുറങ്ങിക്കോ. ഈ കാര്യം പറയാൻ വേണ്ടി വിളിപ്പിച്ചതാ"

"അച്ഛാ പിന്നെ... അവിടെന്ന് വരുമ്പോ..."

"അലുവ കൊണ്ടുവരണമെന്നല്ലേ... മ്മ്മ്... പാറുവിനോ?"

"എനിക്ക്... മ്മ്... തേൻ മിട്ടായി മതിയച്ഛാ..."

"മ്മ്... കൊണ്ടുവരാം... നിനക്കോ?"
കൈലാസ് രാധികയോട് ചോദിച്ചു.

"അമ്മക്ക് അച്ഛൻ വേഗം വന്നാൽ മാത്രം മതി. അല്ലേ അമ്മേ?"
ഗംഗ രാധികയെ കളിയാക്കി.

"പോയി കിടന്നുറങ്ങിക്കെ... സമയം ഒരുപാട് വൈകി"

"മ്മ്...മ്മ്... അമ്മയുടെ മുഖത്തേക്ക് നോക്കിക്കേ അച്ഛാ... മാം കോ ശർമ് ആതി ഹെ..."

ഗംഗ പറഞ്ഞത് കേട്ട് കൈലാസ് രാധികയെ നോക്കി ചിരിച്ചു.

"ശേ... നാനിയും കൂടി ഇവിടെ വേണമായിരുന്നു"

"ഗംഗേ മതി അമ്മയെ കളിയാക്കിയത്. വാ പോകാം... ഗുഡ് നൈറ്റ് അച്ഛാ... അമ്മേ..."
രാധിക ഗാഥയെ നോക്കി തലയാട്ടി.

മുറിയിൽ ചെന്നപാടേ ഗംഗ മൂടിപ്പുതച്ച് കിടന്നു.

"ഗാഥേച്ചി... വന്ന് കിടക്ക്..."

"ഹാ... വരുന്നു..."

ഗാഥ വാതിൽ കുറ്റിയിട്ട ശേഷം ഗംഗയുടെ അടുത്ത് ചെന്ന് കിടന്നു.

"നീ എന്തിനാ വെറുതെ പാവം അമ്മയെ കളിയാക്കാൻ പോയേ?"

"ഇതൊക്കെ ഒരു രസമല്ലേ ഗാഥേച്ചി... അച്ഛന്റെ മുമ്പിൽ ആകുമ്പോൾ അമ്മയെ എന്ത് പറഞ്ഞ് കളിയാക്കിയാലും നമ്മളോട് ദേഷ്യപ്പെടാൻ പോണില്ല"

"ആഹ്... നാളെ ഇതിന് കിട്ടിക്കോളും. അച്ഛൻ രണ്ടുദിവസത്തേക്ക് ഇല്ലാന്ന് അറിയാലോ"

"ഓ അറിയാം..."

"മ്മ്... ഉറങ്ങിക്കോ.  ഗുഡ് നൈറ്റ്"

"പിന്നേ... ചേച്ചി അവിടെ എന്താലോചിച്ച് നിൽക്കുവായിരുന്നു. അളിയനെ വിളിച്ചില്ലേ?"

"ആഹ് വിളിച്ചു"

"എന്നിട്ട് എന്ത് പറഞ്ഞു?"

"കൂടുതൽ നേരം ടെറസ്സിൽ നിൽക്കാതെ പോയി കിടന്നുറങ്ങാൻ പറഞ്ഞു"

"ഏഹ്... ചേച്ചി പറഞ്ഞോ ടെറസ്സിലാണ് നിൽക്കുന്നതെന്ന്??"

"ഏയ്... ഇല്ലെന്നേ. അതെങ്ങനെ മനസ്സിലായെന്ന് ചോദിച്ചിട്ടും പറഞ്ഞില്ല"

"മ്മ്മ്... അളിയൻ പൊളിയാണ്..."

"ങേ? എന്ത്?"

"അളിയൻ സൂപ്പർ ആണെന്ന്. ഇനി കിടന്നുറങ്ങാം. എങ്കിലേ ചേട്ടനെ സ്വപ്നം കാണുകയുള്ളു..."

"ഓഹോ..."

 ഗംഗ ഉടനെ ഗാഥയെ കെട്ടിപ്പിടിച്ച് കിടന്നുറങ്ങാൻ തുടങ്ങി. നാളെ ഇതിനെ പറ്റി വിശ്വയോട് ചോദിക്കണമെന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ഗാഥയും ഉറക്കത്തിലേക്ക് വഴുതി വീണു.

പിറ്റേന്ന് ഇൻസ്റ്റിറ്റ്യൂട്ടിൽ പോകുന്നതിന് മുൻപ് ഗാഥ വിശ്വയെ കാൾ ചെയ്യാനായി ടെറസ്സിലേക്ക് ചെന്നു. കാൾ  ചെയ്തുകൊണ്ടിരിക്കെ  അവളൊന്ന്‌ താഴേക്ക് നോക്കി. അപ്പോൾ അവൾ കണ്ടത് തന്നെ നോക്കി നിൽക്കുന്ന വിശ്വയെയാണ്.

മഹാദേവാ... ഇതും എന്റെ തോന്നലാണോ? എനിക്കിപ്പോൾ സ്വപ്നം കാണുന്നത് കുറച്ച് കൂടുതലാണല്ലോ...  ഗാഥ ഒന്നും കൂടി സൂക്ഷിച്ചു നോക്കി. അവൾ ഉടനെ മൊബൈൽ എടുത്ത് കാണിച്ചു. അവൻ അവളെ നോക്കി ചിരിച്ചുകൊണ്ട് പോക്കറ്റിൽ നിന്നും തന്റെ മൊബൈൽ എടുത്ത് ചെവിയോട് ചേർത്ത് പിടിച്ചു.

അയ്യോ... ഇത് സ്വപ്നമല്ല...

"ഹെലോ..."

"അതേ... ഇവിടെ ഇങ്ങനെ നിൽക്കണ്ട"

"മ്മ്... താൻ എന്താ ഇപ്പോൾ വിളിച്ചേ? അത് പറയ്‌..."

"പ്ലീസ്... ഇവിടൊന്ന് ഒന്നു പോകുമോ..."

"എന്താ പേടിയാണോ? തന്റെ അച്ഛനൊന്നും ഇവിടെ ഇല്ലാലോ..."

"ഏഹ്?  അതും അറിഞ്ഞോ?"

"ഹാ... അറിഞ്ഞു. അല്ലാ...  താൻ ഇതുവരെ വിളിച്ച കാര്യം പറഞ്ഞില്ല"

"അത് ഇവിടുന്ന് പോയിട്ട് പറയാം"

"ഓഹ്... ഞാൻ മുകളിലേക്ക് നോക്കാതെ ഇരുന്നാൽ പോരേ? താൻ പറയ്‌"

"ഹ്മ്മ്..."
ഗാഥ ഉടനെ അവിടെ നിന്നും മാറി നിന്നു.

"അതേ... ഇന്നലെ രാത്രി ഞാൻ ചോദിച്ചിട്ട് പറഞ്ഞില്ലാലോ... എന്നെ പാറു എന്ന് വിളിക്കുന്നത് എങ്ങനെ അറിഞ്ഞുവെന്ന്"

"ശ്ശെടാ... അപ്പോൾ ഇന്നലെ രാത്രി മുഴുവനും ഇത് ആലോചിച്ചു കിടക്കുവായിരുന്നോ? താൻ ഇനി കൂടുതൽ ആലോചിക്കാൻ നിൽക്കണ്ട. അന്ന് കടയിൽ വന്നപ്പോൾ തന്റെ അച്ഛൻ വിളിക്കുന്നത് കേട്ടതാ"

"ഓ... അങ്ങനെ അറിഞ്ഞതാണോ?  അപ്പോൾ ഞാൻ ടെറസ്സിലാണ് നിൽക്കുന്നതെന്ന് അറിഞ്ഞതോ?"

"അത് ഞാൻ ജസ്റ്റ്‌ ഒന്നു ഊഹിച്ചതാ. വിളിച്ചപ്പോൾ ബാക്ക്ഗ്രൗണ്ട് നല്ല സൈലെൻസ്. പിന്നെ,  താൻ അനിയത്തിയുടെ അടുത്ത് നിന്ന് ഏതായാലും വിളിക്കില്ല. തന്റെ റൂമിന് തൊട്ടടുത്തായി ടെറസ്സ് ഉള്ളപ്പോൾ വേറെ ഒരിടത്തും ചെന്ന് സംസാരിക്കാനിടയില്ലെന്ന് തോന്നി. ദാറ്റ്‌സ് ഓൾ"

"മുകളിലത്തെ റൂമിലാണ് കിടക്കുന്നതെന്നും  മനസ്സിലായോ?"

"അതും ഗസ്സ് ആണ്"

"അപ്പോൾ അച്ഛൻ ഇന്ന് ഇവിടെ ഇല്ലെന്നുള്ള കാര്യമോ? അതും ഊഹിച്ചതാണോ?"

"ഏയ്... അത് ഗസ്സ് ചെയ്തത് അല്ല. കണ്ട കാര്യം പറഞ്ഞതാ. ഇന്ന് അമ്മാവന് ഇടുക്കിയിൽ വരെ പോകേണ്ട കാര്യമുണ്ടായിരുന്നു. അപ്പോൾ വെളുപ്പിന് K.S.R.T.C സ്റ്റാൻഡിൽ ഞാനാ കൊണ്ടുവിട്ടത്. അവിടെ വെച്ച് ഞാൻ കണ്ടായിരുന്നു. എവിടെ പോയതാ?"

"ഗാഥേച്ചി..."

"അയ്യോ... എന്നെ ഗംഗ വിളിക്കുന്നുണ്ട്. കഴിക്കാൻ വിളിക്കുന്നതായിരിക്കും. ഞാൻ ചെല്ലട്ടെ"

"മ്മ്... എനിക്കും ഒരിടം വരെ പോണം. അങ്ങനെ ഈ വഴി വന്നതാ. ഇവിടെയെത്തിയപ്പോൾ ജസ്റ്റ്‌ ഒന്നു നോക്കി. അപ്പോൾ തന്നെ നിന്നെ കണ്ടു"

"ഹ്മ്മ്... ഓക്കേ"

അവൻ കാൾ കട്ട്‌ ചെയ്ത് ബുള്ളറ്റ് സ്റ്റാർട്ട്‌ ആക്കി. നേരെ മുന്നോട്ട് ഓടിച്ചു പോയി. പോകും വഴി രമേശിനെ കണ്ടു. വിശ്വ അവനെ രൂക്ഷമായി നോക്കി. രമേശ്‌ വേഗം അകത്തേക്ക് കയറി പോയി.

"അളിയനെ തന്നെയാണോ രാവിലെ വിളിച്ചത്. ഏഹ്?"

"മ്മ്... അച്ഛനെ രാവിലെ ബസ്സ് സ്റ്റാൻഡിൽ വെച്ച് കണ്ടെന്ന് പറഞ്ഞു. അമ്മാവനെ എന്തോ അവിടെ കൊണ്ടാക്കാൻ പോയപ്പോൾ..."

"ആണോ? മ്മ്... വാ... അവിടെ അമ്മ വിളിക്കും മുന്പേ കഴിക്കാൻ പോകാം"

"മ്മ്..."

ഗാഥ അന്ന് ഇൻസ്റ്റിറ്റ്യൂട്ടിൽ ചെന്നപ്പോൾ അവിടെ റോഡിൽ ചെറിയൊരു ആൾക്കൂട്ടം ഉണ്ടായിരുന്നു. എന്താന്ന് അറിയാൻ അവൾ അങ്ങോട്ട് പോയതും ആശ അവളുടെ കയ്യിൽ കേറി പിടിച്ചു.

"ഡി... അങ്ങോട്ട്‌ പോകണ്ട. ഒരു ആക്‌സിഡന്റ് നടന്നു. ഒരാൾ നല്ല  സ്പീഡിൽ ബുള്ളറ്റിൽ വന്ന്  ദാ,  അവിടെ ആ മരത്തിൽ കൊണ്ടുപോയി ഇടിച്ച് തെറിച്ചു വീണു. ഞാൻ കണ്ടു. ആളെ ഇപ്പോഴായിട്ട് കൊണ്ടുപോയതേ ഉള്ളു"

"ബുള്ളറ്റിലോ?? "

"ആഹ്..."

"വരുന്ന വഴിക്ക് ആംബുലൻസ് ഒന്നും ഞാൻ കണ്ടില്ലല്ലോ..."

"അയാളെ കൊണ്ടുപോയത് ആംബുലൻസിലൊന്നും അല്ല. ഒരു ഓട്ടോ വന്നു. അതിൽ കയറ്റികൊണ്ടു പോയി"

"ഹ്മ്മ്..."

ബുള്ളറ്റ് എന്ന് കേട്ടപ്പോൾ വിശ്വയെ ഓർത്ത് ഗാഥക്ക് ടെൻഷൻ ആയി. ആശ അടുത്ത് നിൽക്കുന്നത് കൊണ്ട് വിളിക്കാനും മുതിർന്നില്ല.

"ദേ... ശ്വേത വന്നു. വാ... ഇനി ക്ലാസ്സിലേക്ക് പോകാം"

"മ്മ്..."

"നിങ്ങളുടെ ബസ്സ്സ്റ്റോപ്പുകൾ  തമ്മിൽ രണ്ടു സ്റ്റോപ്പിന്റെ വ്യത്യാസമല്ലേ ഉള്ളു. അപ്പോൾ നിങ്ങൾക്ക് ഒരു ബസ്സിൽ വരാൻ നോക്കിക്കൂടെ?"

"അത് ചിലപ്പോൾ കറക്റ്റ് ആയി കിട്ടില്ലാടി. ഒരേ സമയത്ത് ഇറങ്ങാൻ എപ്പോഴും വരാൻ പറ്റില്ലാലോ... അല്ലേ ഗാഥേ?"

"ഏഹ്?  മ്മ്മ്..."

"എന്താടി നിന്ന് ആലോചിക്കുന്നെ?"

"ഏയ്... ഒന്നുല്ല. ഞാനൊന്നു അമ്മക്ക് ഫോൺ ചെയ്യട്ടെ. ഒരു കാര്യം പറയാൻ മറന്നു പോയി. നിങ്ങൾ നടക്ക്"

"മ്മ്..."

 ആശയുടെയും ശ്വേതയുടെയും  പിന്നിലായി ഗാഥ നടന്നു. അവൾ മൊബൈൽ എടുത്ത് ഉടനെ വിശ്വയെ കാൾ ചെയ്തു. അവൻ കാൾ എടുക്കാൻ വൈകുംതോറും അവളുടെ ടെൻഷൻ കൂടി വന്നു.

"ഹെലോ..."

വിശ്വ ഹെലോ പറഞ്ഞതും ഗാഥക്ക് സമാധാനമായി.

"എന്താടോ?"

"ഏയ്... ഒന്നുല്ല..."

"പിന്നെ?"

"അറിയാതെ വിളിച്ചതാ..."

"ആണോ? ഹ്മ്മ്... എങ്കിൽ വെക്കട്ടെ"

"അത്... ആഹ്...ശെരി"

ഗാഥ കാൾ കട്ട്‌ ചെയ്തതും ആശയും ശ്വേതയും അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.

"നിങ്ങൾ എന്താ എന്നെ ഇങ്ങനെ നോക്കുന്നേ?"

"നീ നിന്റെ അമ്മയെ തന്നെയാണോ വിളിച്ചേ?"

"ആഹ്... അ..അതെ. എന്തേ?"

"ഏയ്... അങ്ങനെ തോന്നിയില്ല. വളരെ പതുക്കെ സംസാരിച്ചതുകൊണ്ട് തോന്നിയതാ"

"ഓഹ്... അതുകൊണ്ടാണോ? മ്മ്മ്... ദേ... മാളവിക വല്യ സന്തോഷത്തിലാണല്ലോ ഇരിക്കുന്നേ... വാ... എന്താന്ന് ചോദിക്കാം"

"ഹ്മ്മ്..."

"ഡി ശ്വേതേ... ഗാഥക്ക് എന്താ പറ്റിയത്?"

ആശ പതിയെ ശ്വേതയുടെ ചെവിയിൽ ചോദിച്ചു.

"ഇതല്ലേ നീ അന്നും എന്നോട് ചോദിച്ചത്. ഗാഥക്ക് ഒരു കുഴപ്പവുമില്ല"

"ആഹ്...അപ്പോൾ എന്റെ തോന്നലായിരിക്കും"

"മാളു എന്താ ഒറ്റക്കിരുന്ന് ആലോചിച്ച് ചിരിക്കുന്നേ?"

"അത്... അത് ഗാഥേ... കല്യാണത്തിന് ഡേറ്റ് ഫിക്സ് ചെയ്തു. അടുത്ത മാസം 21ന്"

"ആഹാ... അതൊക്കെ നോക്കിയോ?  നിന്റെ ചേട്ടന് ഇപ്പോൾ എങ്ങനെയുണ്ട്?"

"ചേട്ടൻ ഈ തിങ്കളാഴ്ച മുതൽ ബാങ്കിൽ വീണ്ടും പോയി തുടങ്ങും"

"പെട്ടന്ന് റിക്കവർ ആയോ? അത് നന്നായി. മാളുവിന്റെ അച്ഛൻ കല്യാണം വേഗം നടത്താനാണോ പ്ലാൻ?"

"അച്ഛൻ എന്റെ ജാതകം നോക്കിയാർന്നു. അപ്പോൾ എനിക്ക് ഇപ്പോൾ കല്യാണത്തിന് നല്ല സമയം ആണെന്ന് പറഞ്ഞു. ഇനി നീട്ടിക്കൊണ്ടു പോകണ്ട എന്ന് ജ്യോത്സ്യൻ പറഞ്ഞു"

"ആ... ഇതുപോലൊരു ജ്യോത്സ്യനാ എന്റെ കാര്യത്തിലും തീരുമാനമാക്കിയേ. എൻഗേജ്മെന്റ് ഒന്നും ഇല്ല.വന്നു... പെണ്ണ് കണ്ടു...പോയി. ഇനി നേരെ കല്യാണം..."

"മ്മ്... ഇവിടെയും എൻഗേജ്മെന്റ് ഒന്നുമില്ല. ലെറ്റർ അടിക്കാൻ അച്ഛൻ കൊടുത്തിട്ടുണ്ട്.  അത് കയ്യിൽ കിട്ടുമ്പോൾ കൊണ്ടുവരാട്ടോ..."

"ആഹ്... മതി. ഛോട്ടു... നിന്റെ ഡേറ്റ് ഫിക്സ് ആക്കിയോ?  ഇല്ലാടി. ഈ ഞായറാഴ്ച അമ്മയും അമ്മാവനും പിന്നെ അമ്മായിയും കൂടി പോകും ജ്യോത്സ്യന്റെ അടുത്തേക്ക്..."

"ശോ... രണ്ടുകല്യാണവും ഒരു ഡേറ്റിൽ ആകാതെ ഇരുന്നാൽ മതിയാർന്നു..."

"ദേ ശ്വേതേ... നിന്റെ കരിനാക്ക് വളച്ച് ഒന്നും പറയല്ലേ... അന്ന് നീ ഇതുപോലെ എന്നോട് ഹീൽസ് ചെരിപ്പ് വാങ്ങി വെക്കാൻ പറഞ്ഞു. എന്നിട്ട് എനിക്ക് വാങ്ങിക്കേണ്ടി വന്നില്ലേ... നല്ല പൊക്കമുള്ള ആളെ തന്നെ വീട്ടുകാർ കണ്ടുപിടിച്ചു. ഇനി ഇതെങ്ങാനും നടന്നാൽ... ആഹ്..."

"നടന്നാൽ എന്താ?"

"നിങ്ങൾക്ക് രണ്ടു കല്യാണത്തിനും പോകാൻ പറ്റുമോ?"

"അതിനെന്താ പോകാലോ... നിന്റെ വീട്ടിൽ തലേ ദിവസം ഫങ്ക്ഷൻ കാണില്ലേ?"

"കാണും"

"ആഹ്... ഞാനും ശ്വേതയും തലേ ദിവസം വരും. എന്നിട്ട് പിറ്റേന്ന് മാളുവിന്റെ കല്യാണത്തിന് പോകും"

"അയ്യടാ... പറ്റൂല... പറ്റൂലാ... എന്റെ കല്യാണത്തിന് രണ്ടുപേരെയും കണ്ടില്ലെങ്കിൽ... ആഹ്... പിന്നെ,  ജീവിതത്തിൽ ഞാൻ നിങ്ങളോട് മിണ്ടില്ല..."

"എന്റെ ഛോട്ടുവേ... ഇതിപ്പോൾ നീ സംസാരിക്കുന്നത് കണ്ടാൽ ഡേറ്റ് സെയിം ആയതുപോലെയാണല്ലോ..."

"അത് ഗാഥേ... എനിക്ക് ഈ തെണ്ടിയുടെ  കരിനാക്കിനെ പേടിയാ..."

ആശ പറഞ്ഞത് കേട്ട്  മൂന്നു പേരും ചിരിക്കാൻ തുടങ്ങി. അപ്പോഴാണ് അവരുടെ മിസ്സ്‌ ക്ലാസ്സിലേക്ക് വന്നത്.

"അതേ... എക്സാം ഡേറ്റ് ഓക്കേ ആയിട്ടുണ്ട്. കുറച്ചു കഴിഞ്ഞ് നോട്ടീസ് ബോർഡിൽ ഇടും. ഉച്ചക്ക് ചെന്ന് നോക്കിയാൽ മതി"

"എക്സാം എന്ന് കഴിയും മിസ്സ്‌?"

"അത്... 26 ആണെന്ന് തോന്നുന്നു..."
എന്ന് പറഞ്ഞിട്ട് അവർ തിരിച്ചു പോയി.

"ഗാഥേ... നീ എന്നാ മുംബൈയിലേക്ക് പോകുന്നെ?"

"അത്... എപ്പോഴത്തെയും പോലെ ഏപ്രിൽ ആണെന്നാ തോന്നുന്നെ..."

"മ്മ്... നിന്റെ കല്യാണം എക്സാം കഴിഞ്ഞിട്ട് നോക്കുമെന്നല്ലേ പറഞ്ഞെ"

"മ്മ്..."

"അപ്പോൾ ഞങ്ങൾ മുംബൈയിലേക്ക് വരണമല്ലേ കല്യാണം കൂടാൻ...
സാരമില്ല... ഞങ്ങളുടെ ഹണി മൂൺ അവിടെ മുംബൈയിലേക്ക് ആക്കാൻ രതീഷേട്ടനോട് പറയാം. നീയോ ശ്വേതേ..."

"ഞങ്ങൾ വെക്കേഷൻ ട്രിപ്പ്‌ ആക്കും"

"ആഹ്... അത് കൊള്ളാം... പിന്നെ,  നിന്റെ കാര്യം എങ്ങനെയാ മാളു?"

"ഹരിയേട്ടനോട് ഞാൻ  പറഞ്ഞാൽ കേൾക്കുകയൊക്കെ ചെയ്യും. പാവമാ..."

"അപ്പോൾ എല്ലാം ഓക്കേ... നിന്റെ കല്യാണം ഞങ്ങൾ അടിച്ചുപൊളിക്കും ഗാഥേ..."

ആശയും ശ്വേതയും സന്തോഷത്തോടെ  ഒരുമിച്ച് പറഞ്ഞു. പക്ഷേ, ഗാഥയുടെ മുഖത്ത് ഒരു സന്തോഷവും വന്നില്ല.

"നിനക്ക് എന്താ ഗാഥേ ഒരു സന്തോഷവും ഇല്ലാത്തെ?"

"ഏയ്..."

"നിന്നെ ആരാ കെട്ടാൻ പോകുന്നെ എന്നാലോചിച്ചാണോ? അതിനെക്കുറിച്ച് നീ ടെൻഷൻ ആകണ്ട. നിന്റെ മഹാദേവനെ പോലെയൊരു ആളെ തന്നെ കിട്ടട്ടേ...  അതല്ലേ നിന്റെ ആഗ്രഹവും?"

"ഹൊ... ഈ കാര്യത്തിൽ നിന്റെ കരിനാക്ക് ഫലിച്ചാൽ എനിക്ക് സന്തോഷമേ ഉള്ളു"
ഇത് കേട്ട് ഗാഥ അവരെ നോക്കി ചിരിച്ചു.

വൈകുന്നേരം അവർ ബസ്സ് സ്റ്റോപ്പിൽ എത്തിയപ്പോൾ വിശ്വ പുറത്ത് എവിടെയോ പോയിട്ട് വരുന്നതേ ഉള്ളായിരുന്നു. ബുള്ളറ്റ് നിർത്തി ഹെൽമെറ്റ്‌ ഊരിയിട്ട് ഗാഥയെ ഒന്നു നോക്കി. രണ്ടുപേരും പരസ്പരം കണ്ണുകളാൽ പുഞ്ചിരിച്ചു. വിശ്വ ഉടനെ  തന്നെ കടക്കകത്ത് കയറി.

"ഈ പുള്ളിക്കാരൻ കൊള്ളാമല്ലേ ഗാഥേ..."

"ആഹ്... ബുള്ളറ്റിൽ വരുന്നതൊക്കെ കാണാൻ ഒരു സ്റ്റൈൽ ഉണ്ട്"

"യെസ്... ഹി ഈസ്‌ ഹാൻഡ്‌സോം..."

ആശയും ഗാഥയും പറയുന്നത് കേട്ട് ഗാഥ മിണ്ടാതെ നിന്നു.

"ഗാഥ മോളേ... ഞങ്ങൾ പറഞ്ഞത് വല്ലതും കേട്ടോ?"

"എന്താ?"

"ഓഹ്... ഒന്നുമില്ലേയ്... ഹാവൂ... ബസ്സ് വരുന്നുണ്ട്. ദേ പുറകേ നിങ്ങളുടേതും വരുന്നുണ്ട്"

ബസ്സിൽ ഇരിക്കുമ്പോൾ ഗാഥ തന്റെ  കല്യാണക്കാര്യത്തെ കുറിച്ച് ആലോചിച്ച്  ഇരുന്നു. ബസ്സിൽ നിന്നും ഇറങ്ങി വീട്ടിലേക്ക് നടക്കുന്ന വഴിയെല്ലാം അവൾ ഓരോന്നും ആലോചിച്ചുകൊണ്ട് നടന്നു.

"ഗാഥ ചേച്ചീ... ഒന്നു ഇങ്ങ് വന്നേ... അമ്മ എനിക്ക് ഗോൾഡ് ഫിഷ് മേടിച്ചു തന്നു. അകത്തു വെച്ചേക്കുവാ... വാ കാണാം..."

"പിന്നെ,  വരാം കണ്ണാ..."

"അത് പറ്റൂലാ... ഇപ്പൊ വാ... വന്നില്ലെങ്കിൽ കണ്ണൻ ഇനി മിണ്ടില്ല"

"എനിക്ക് തലവേദനയാ കണ്ണാ..."

"ഞാൻ വിക്സ് എടുത്ത് തരാം ചേച്ചിക്ക്... വാ..."

കണ്ണന്റെ നിർബന്ധത്തിന് വഴങ്ങി ഗാഥ അങ്ങോട്ടേക്ക് ചെന്നു.

"അമ്മ എവിടെ?"

"അമ്മ അടുക്കളയുടെ പുറക് വശത്ത് ചെടി നടുവാ..."

"മ്മ്..."

"ദേ... നോക്കിക്കേ... എന്ത് രസാലേ... ഇതിന്റെ ചിറകൊക്കെ കാണാൻ..."

"മ്മ്..."

"അച്ഛൻ ഒരു അക്വേറിയം ശെരിയാക്കുമെന്ന് പറഞ്ഞു. അയ്യോ... ഗാഥ ചേച്ചിക്ക് ഞാൻ വിക്സ് എടുത്ത് തന്നില്ലാലോ... അത് കട്ടിലിന്റെ അടിയിൽ കിടക്കുന്നുവെന്നാ തോന്നുന്നെ..."

"വേണ്ട കണ്ണാ... ഞാൻ പോവാ..."

"നിൽക്ക്... ഞാനിപ്പൊ എടുത്തോണ്ട് വരാം..."

 കണ്ണൻ വേഗം മുറിയിലേക്ക് ഓടി. അപ്പോൾ രമേശൻ അങ്ങോട്ട് വന്നു. അവനെ കണ്ടതും ഗാഥ തിരിച്ചു പോകാനൊരുങ്ങി.

"ഒന്നു നിൽക്കടി..."
രമേശൻ ഗാഥയുടെ മുന്നിലായി വന്ന് നിന്നു.

"മാറ്... എനിക്ക് പോണം..."

"അങ്ങനെ ഇപ്പോൾ പോകണ്ട. എനിക്ക് കുറച്ചു കാര്യം നിന്നോട് പറയാനുണ്ട്"

"എനിക്കൊന്നും കേൾക്കണ്ട. ദേ... നിങ്ങളുടെ സ്വഭാവം ഞാൻ വനജ ചേച്ചിയെ അറിയിച്ചിട്ടില്ല. ചേച്ചി വരും മുൻപ് മാറ്..."

"വനജയൊന്നും ഇപ്പോൾ ഇങ്ങോട്ട് വരാൻ പോണില്ല. അന്ന്  നിന്നെയൊന്നു തൊടുക പോലും ചെയ്തില്ല. അതിന് മുന്നേ നിന്റെ മറ്റവൻ എനിക്കിട്ട് പൊട്ടിച്ചു. അതിന് പകരമായി ഞാൻ അവനെയൊന്നും ചെയ്യാൻ പോണില്ല. പക്ഷേ, നിനക്ക് ഞാൻ ഒരു ഉമ്മയെങ്കിലും തന്നിട്ടേ നീ ഇപ്പോൾ ഇവിടുന്ന് പോവുള്ളു. ആ അടിയുടെ വേദന മാറാൻ എനിക്കത് മതി..."

എന്ന്  പറഞ്ഞതും ഗാഥ  കൈ വീശി അവന്റെ കരണം നോക്കി തന്നെ ഒരെണ്ണം കൊടുത്തു. അവളിൽ നിന്നും രമേശൻ ആ അടി പ്രതീക്ഷിച്ചില്ല. അവൻ അറിയാതെ കവിളിൽ കൈ വെച്ചു പോയി.

"ഇത് ഞാൻ തന്നെ അന്ന് തനിക്ക് തരണമായിരുന്നു..."

അത്രയും പറഞ്ഞിട്ട് ഗാഥ മുന്നോട്ട് നോക്കിയപ്പോൾ വനജ അവിടെ നിൽക്കുന്നു. ആ കണ്ണുകളിലെ നീർത്തിളക്കം കണ്ടപ്പോൾ എല്ലാം കേട്ടുകാണുമെന്ന് ഗാഥക്ക് മനസ്സിലായി. രമേശനും ഉടനെ തിരിഞ്ഞു നോക്കി. അവൻ വനജയെ കണ്ട് അന്ധാളിച്ചു നിന്നു.
(തുടരും)
©ഗ്രീഷ്മ. എസ്

അഭിപ്രായങ്ങൾ അറിയിക്കണേ, കൂട്ടുകാരെ....
To Top