വിശ്വഗാഥ, 12

Valappottukal
വിശ്വഗാഥ💕
ഭാഗം- 12

"എടോ... താൻ എന്ത് ആലോചിച്ച്  നിൽക്കുവാ?  ഇങ്ങോട്ട് വന്നേ ഒരു കാര്യം പറയാൻ ഉണ്ട്. അവിടെ വെച്ച് പറയണ്ടെന്ന് കരുതിയാ ഇങ്ങോട്ട് വരാൻ പറഞ്ഞെ"

ഏഹ്! അപ്പോൾ ഇതൊക്കെ എന്റെ തോന്നലായിരുന്നോ?

ഗാഥ വിഷമത്തോടെ വിശ്വയുടെ അടുത്തേക്ക് ചെന്നു.

"വേറെയൊന്നുമല്ല. അന്ന് തന്നെ തട്ടിക്കൊണ്ട് പോയവരില്ലേ... അവരെ ഞാൻ പോലീസിൽ ഏൽപ്പിച്ചിരുന്നു. അതിലൊരുത്തന് ജാമ്യം കിട്ടി എന്ന് SI വിളിച്ചു പറഞ്ഞിരുന്നു. ആ വർക്ക്‌ ഷോപ്പ് ഇട്ടിരിക്കുന്നവന് ആണെന്ന് തോന്നുന്നു. തന്നോട് പറയാൻ മറന്നുപോയി. അവൻ എങ്ങാനും തന്റെ അടുത്ത് വന്നിരുന്നോ?"

ഗാഥ ഇല്ലെന്ന് തലയാട്ടി.

"ഹ്മ്മ്... പൊയ്ക്കോ. ഇതറിയാൻ വേണ്ടി വിളിച്ചതാ"

വേറെയൊന്നും പറയാൻ ഇല്ലേ എന്ന ഭാവത്തിൽ അവൾ വിശ്വയെ നോക്കി. അവൻ ചിരിച്ചതല്ലാതെ ഒന്നും പിന്നെ പറഞ്ഞില്ല. ഗാഥക്ക് തിരിച്ചെന്തൊക്കെയോ ചോദിക്കണമെന്ന് തോന്നി. പക്ഷേ,  മനസ്സ് അനുവദിച്ചില്ല. അവനെ തിരിഞ്ഞു നോക്കാതെ അവൾ വീട്ടിലേക്ക് നടന്നു...

ഗാഥയുടെ മുഖഭാവം കണ്ടപ്പോൾ വിശ്വയെ കണ്ടുകാണില്ലെന്ന് ഗംഗക്ക് തോന്നി.

"എന്താ ചേച്ചി?  ഇന്നും കണ്ടില്ലേ?"

"കണ്ടു..."

"പിന്നെന്താ മുഖം ഒരുമാതിരി ഇരിക്കുന്നേ?"

വിശ്വ തന്നോട് സംസാരിച്ചതെല്ലാം അവൾ ഗംഗയോട് പറഞ്ഞു.

"ഹ്മ്മ്... അപ്പോൾ ചേച്ചി ഒന്നും ചോദിച്ചില്ലേ?  ഇത്രയും ദിവസം എവിടെ പോയിരുന്നുവെന്ന്?"

"ഇല്ലാ..."

"അതെന്താ?"

"ചോദിക്കാൻ മനസ്സ് അനുവദിച്ചില്ല"

"ഏഹ്? ചേച്ചിയല്ലേ ചോദിക്കേണ്ടത്. മൈൻഡ് ചെയ്യാതെ പോയപ്പോൾ അളിയൻ വിളിച്ചിട്ടല്ലേ ഗാഥേച്ചി നിന്നത്. എന്നിട്ടിപ്പോൾ ആളൊന്നും പറഞ്ഞില്ലല്ലോ എന്നോർത്ത് വിഷമിക്കുന്നു. എന്താ ചേച്ചിക്ക് പറ്റിയേ?"

ഗംഗയുടെ ചോദ്യത്തിന് മറുപടി പറയാതെ ഗാഥ ടെറസ്സിലേക്ക് പോയി നിന്നു.
          **********-----------***********
"നീ എന്താ ഈ സമയത്ത്?"

"കടയിൽ ഇപ്പോൾ ആളുണ്ടല്ലോ. പിന്നെ,  നൗഷാദ് ഇക്ക നോക്കിക്കോളും. അവിടെയിരിക്കാൻ തോന്നിയില്ല"

"അതെന്താടാ?"

"നിന്റെ കടയിൽ  മിക്കതിനും വില കുറവാ എന്ന് അപ്പുറത്തെ  രമണി എന്നോട് പറഞ്ഞു. വല്ല ലോ ക്ലാസ്സ്‌ ഐറ്റംസ് ആണോ വിശ്വാ നീ അവിടെ വിൽക്കുന്നേ?"

കോമളത്തിന്റെ ചോദ്യം വിശ്വയെ ദേഷ്യം പിടിപ്പിച്ചു. അവൻ കോമളത്തിനെയൊന്നു തറപ്പിച്ചു നോക്കി.

"ഞാൻ എന്ത് ചോദിച്ചാലും നിനക്ക് തുറിച്ചു നോക്കാനേ അറിയുള്ളോ?"

"അല്ലാ... ഞാൻ അവിടെ എന്ത് വിറ്റാലും നിങ്ങളെ വല്ലതും അത്  ബാധിക്കുന്നുണ്ടോ?"

"ഭർത്താവിന്റെ സഹോദരിയുടെ മകൻ ഇങ്ങനെ ചീപ്പ് ആയുള്ള തുണികളൊക്കയാണ് വിൽക്കുന്നെ എന്ന് നാട്ടുകാർ പറയാൻ തുടങ്ങിയാൽ ഞങ്ങൾക്ക് അതൊരു നാണക്കേട് തന്നെയാ"

"ഓഹ്... അങ്ങനെ നാട്ടുകാർ പറയാൻ തുടങ്ങുകയാണേൽ നിങ്ങൾ ഈ നാട് വിട്ട് പൊയ്ക്കോ. അപ്പോൾ പ്രശ്നം തീർന്നില്ലേ? "

"ഡാ വിശ്വാ... നീ അകത്തു പോയേ..."

വിശ്വ രാഗിണിയെ ഒന്നു നോക്കിയ ശേഷം അവന്റെ മുറിയിലേക്ക് പോയി.

"ശ്ശെടാ... ഞങ്ങൾ നാട് വിട്ടു പോയാൽ പ്രശ്നം തീരുമോ? അവന് നല്ല തുണികൾ വിറ്റാൽ പോരേ?"

"ഇങ്ങനെ അവനോട് സംസാരിക്കുകയാണേൽ ഈ നാട് വിട്ടല്ല ഈ വീട് വിട്ട് ഏട്ടത്തിക്ക് പോകേണ്ടി വരും"

അത്രയും പറഞ്ഞിട്ട് രാഗിണി വിശ്വയുടെ അടുത്തേക്ക് ചെന്നു.  രാഗിണി പറഞ്ഞത് കേട്ട് കോമളം ഒരു പുച്ഛഭാവത്തിൽ അവിടെ നിന്നു.

"മോനെ... നിനക്ക് ഏട്ടത്തിയുടെ സ്വഭാവം അറിയില്ലേ... എന്തോ പറഞ്ഞിട്ട് പോകട്ടെ എന്ന് നിനക്ക് കരുതിക്കൂടെ?"

"നമ്മൾ ഇവിടെ വന്ന അന്ന് മുതൽ ഒരുമാതിരിയുള്ള പെരുമാറ്റമാ. ഇവിടുന്ന് പോകുന്ന അന്ന് ഞാൻ അവർക്ക് കൊടുക്കുന്നുണ്ട്"

"ശോ... അത് പോട്ടെ. നിനക്കെന്താ കടയിൽ ഇരിക്കാൻ തോന്നാത്തെ?"

"ഒന്നുല്ല..."

"പറയെടാ... ഇന്ന് ഗാഥയെ കാണാൻ കഴിഞ്ഞില്ലേ?"

"കണ്ടു..."

"ആഹാ... നിന്നോട് ചോദിച്ചോ ഇത്രയും ദിവസം എവിടെ പോയിരുന്നുവെന്ന്"

"ഒന്നു ചിരിച്ചതു പോലുമില്ല. അപ്പോഴാ..."

"ഏഹ്?  എന്താടാ നീ കാര്യം പറയ്‌"

വിശ്വ ഗാഥയെ കണ്ട കാര്യം പറഞ്ഞു കഴിഞ്ഞപ്പോൾ രാഗിണിക്ക് ചിരിയാണ് വന്നത്.

"അമ്മ എന്തിനാ ചിരിക്കുന്നെ?"

"അവൾ എന്താ ചിരിക്കാത്തെ എന്ന് നിനക്ക് മനസ്സിലായില്ലേ? എടാ ഇതുപോലെ നിങ്ങളുടെ അച്ഛൻ ഒരു ദിവസം എന്നോട് പറയാതെ നാട്ടിൽ പോയിക്കളഞ്ഞു. അദ്ദേഹത്തിന്റെ അമ്മക്ക് എന്തോ സുഖമില്ല എന്നറിഞ്ഞിട്ട്. ഏട്ടനോടും ചോദിക്കാൻ പറ്റില്ലാലോ എവിടെയാ പോയതെന്ന്. പിന്നെ, വന്നപ്പോൾ ഞാൻ അദ്ദേഹത്തോട് മിണ്ടാതെ ഇങ്ങനെ പരിഭവം കാണിച്ച് നടന്നു. ഏട്ടൻ ഏട്ടത്തിയോട് പറയുന്നത് കേട്ടപ്പോഴാ വിവരം അറിഞ്ഞത്. അന്ന് ഫോൺ ഉണ്ടായിരുന്നുവെങ്കിൽ വിളിച്ചു പറഞ്ഞേനെ"

"ഓഹോ..."

"ഹാ...ഞാനും  ഒരു പെണ്ണല്ലേ... എനിക്ക് മനസ്സിലാക്കാൻ പറ്റും അവളുടെ മനസ്സ്. ഇതൊക്കെ സ്വാഭാവികമാ. നിന്നെ കാണാതെ അവൾ വിഷമിച്ചു എന്നത് ഉറപ്പാണ്"

"ഹ്മ്മ്... അവിടെ പോയിട്ട് വിച്ചുവിനെയും കാണാൻ കഴിഞ്ഞില്ല. അവൻ ആരെയോ ഭയക്കുന്നുണ്ട്. അത് അവരെ തന്നെ ആയിരിക്കും. അതാ ഞാൻ അവിടെ എത്തിയതും മാറിക്കളഞ്ഞത്. അവനെ തിരഞ്ഞു നടന്ന സമയത്തും അവളെ കുറിച്ചായിരുന്നു ചിന്ത. ഞാൻ ആണേൽ SI വിളിച്ചു പറഞ്ഞ കാര്യം അവളോട് പറയാനും മറന്നു പോയി. ഇവിടെ എത്തുന്നത് വരെ ആകെ ടെൻഷനിൽ ആയിരുന്നു ഞാൻ. അവളെ കണ്ടപ്പോഴാ എനിക്ക് സമാധാനമായത്. ബസ്സിന്റെ പിന്നാലെ പാഞ്ഞു പോയി അവൾ എത്തുന്നതിനു മുൻപ് അവിടെ എത്തിയിട്ട് എന്നെ കണ്ടപ്പോൾ ഒരു മൈൻഡും ഇല്ലാതെ അങ്ങ് പോവാ... പിന്നെ എനിക്കും ഒന്നും പറയാൻ തോന്നിയില്ല"

"അത് പോട്ടേ... ഇങ്ങനെയൊക്കെ ഉണ്ടാകും. മോനെ വിവാഹം ചെയ്യുകയാണേൽ അവളൊരു ഭാഗ്യവതി ആയിരിക്കുമെന്നേ അമ്മക്ക് പറയാനുള്ളു. പിന്നെ,  നീ വിഷമിച്ചു ഇരിക്കുന്നത് കാണാനും അമ്മക്ക് വയ്യ. ഇപ്പോൾ വിച്ചുവിനെ ഒന്നു ആശ്വസിപ്പിക്കാൻ പോലും എനിക്കാവില്ല"

"അമ്മ വിച്ചുവിന്റെ കാര്യം ഓർത്ത് വിഷമിക്കല്ലേ. ഇവിടെ നിന്നിട്ട് ഒന്നും നടക്കാതെ വന്നാൽ നമ്മൾ അധികം വൈകാതെ അങ്ങോട്ട്‌ പോകും"

"അപ്പോൾ ഗാഥ?"

"അവളെ മറക്കാൻ എന്നെക്കൊണ്ട് ആവില്ല അമ്മേ. എനിക്കൊപ്പം അവളും വേണമെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ, കൂടുതൽ അടുത്തറിയാതെ എങ്ങനെയാ ഞാൻ അവളോട് എന്നെ കുറിച്ചും നമ്മളെ കുറിച്ചുമൊക്കെ പറയുന്നെ? ഞങ്ങൾ അധികം അങ്ങനെ സംസാരിച്ചിട്ടുമില്ല"

"ഗാഥ നിന്നെ സ്നേഹിക്കാൻ തുടങ്ങിയെന്ന് നിനക്ക് ഉറപ്പല്ലേ..."

വിശ്വ അതെയെന്ന് തലയാട്ടി.

"നീ തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കണം. അതാണ് യഥാർത്ഥ സ്നേഹം. നിനക്കുള്ളതാണ് അവളെങ്കിൽ അവൾ നിന്നെ വിട്ട് ഒരിക്കലും പോകില്ല. അഥവാ പോയാൽ അത് നിനക്ക് ഉള്ളതല്ല എന്ന് മോൻ മനസ്സിലാക്കണം. കേട്ടോ?"

രാഗിണി പറഞ്ഞത് വിശ്വ മാത്രമല്ല കോമളവും സൗമ്യയും കൂടി കേട്ടു.

"ശേ... കുറച്ചും കൂടി നേരത്തെ വരാമായിരുന്നു"

"പതുക്കെ പറയ്‌ അമ്മേ..."

"എന്നാലും ഏതാ അവൾ? വല്ല പണക്കാരി പെണ്ണുമാണോ?"

"അമ്മ ഇപ്പോൾ എന്തിനാ ഇതൊക്കെ അന്വേഷിക്കുന്നേ?"

"ഏഹ്?  വെറുതെ... നീ പോയേ... ഡ്രസ്സ്‌ മാറ്റി വന്ന് വല്ലതും കഴിക്കാൻ നോക്ക്. നടക്ക് പെണ്ണേ..."

കോമളവും സൗമ്യയും താഴേക്ക് പോയി.
         ********------------********
പിറ്റേന്ന് ക്ലാസ്സിലേക്ക് മാളവിക വന്നു.

"ഗാഥേ ദേ മാളു... ഹായ്‌ മാളു. ഇങ്ങ് വന്നേ... ചോദിക്കട്ടെ"

"താങ്ക്സ് ഗാഥേ... എന്നെ അന്ന് ഹോസ്പിറ്റലിൽ എത്തിച്ചതിന്"

"നീ താങ്ക്സ് ഒന്നും പറയണ്ട. ഏകദേശം കാര്യങ്ങളൊക്കെ നമുക്ക് മനസ്സിലായി. ഇപ്പോൾ എന്തായി?"

"അത്... അത് അച്ഛൻ സമ്മതിച്ചു"

"നിങ്ങളുടെ കല്യാണത്തിനോ?"

"മ്മ്... അതെ. അടുത്ത മാസം ആദ്യം തന്നെ കാണും. ഹരിയേട്ടൻ ഇപ്പോൾ ഓക്കേ ആയി വരുന്നുണ്ട്. നിങ്ങളെ എല്ലാവരെയും വിളിക്കാട്ടോ"
മാളവിക വല്യ സന്തോഷത്തിൽ പറഞ്ഞു.

"ശോ... നീ ലക്കി തന്നെ. എത്ര വർഷമായി നിങ്ങളുടെ പ്രേമം തുടങ്ങിയിട്ട്. ഏഹ്?"

"രണ്ടു വർഷം ആയി..."

"ആഹാ... ഫസ്റ്റ് ലവ് ആണോ?"

"മ്മ്..."

"കൊള്ളാലോ... നാണിക്കണ്ട. ചെന്നിരിക്ക്. ഇതുപോലെ നമ്മുടെ  മനസ്സിൽ ആദ്യം ഇഷ്ടം തോന്നുന്ന ആളെ തന്നെ കിട്ടിയാൽ എന്ത് ഭാഗ്യമാണല്ലേ..."

"അങ്ങനെ എല്ലാവർക്കും ആ ഭാഗ്യം കിട്ടില്ല ആശേ... ചിലർക്ക് ആദ്യപ്രണയത്തിന്റെ ഓർമകൾ പോലും കാണില്ല. അവർ മറന്നു കളയും വേറെ ആളെ കിട്ടുമ്പോൾ"

"നീ എന്താ ശ്വേതേ ഇങ്ങനെ പറയുന്നേ?"

"ഏയ്... ഒന്നുല്ല. ഞാൻ ജസ്റ്റ്‌ ഒന്നു പറഞ്ഞതാ"

"ഹ്മ്മ്..."

ആശ പറഞ്ഞതു കേട്ട് ഗാഥയും അതിനെ കുറിച്ച് ആലോചിച്ചു ഇരുന്നു.

"ഇനി നീയെന്താ പറയാൻ പോകുന്നെ?"

"ഏഹ്?  എ... എന്ത് പറയാൻ?"

"നീ ആലോചിച്ചു ഇരിക്കുന്നത് കണ്ടിട്ട് ചോദിച്ചതാ. ഈ ഇടയായിട്ട് നീ എപ്പോഴും വല്യ ആലോചനയിലാണല്ലോ ഗാഥേ? നിന്റെ മഹാദേവൻ എങ്ങാനും വന്നോ?"

ആശ അവളെ കളിയാക്കി. കൂടെ ശ്വേതയും പങ്ക് ചേർന്നു. ഗാഥ അവരെ നോക്കി ചിരിച്ചതല്ലാതെ ഒന്നും പറയാൻ പോയില്ല.

വൈകുന്നേരം ബസ്സ് സ്റ്റോപ്പിലേക്ക് വരുന്ന  സമയത്ത് ഒരു തട്ടമിട്ട പെൺകുട്ടിയോടൊപ്പം പുറത്ത് സംസാരിച്ചു നിൽക്കുന്ന വിശ്വയെയാണ് ഗാഥ കണ്ടത്.

ഇതാരാ?  വിശ്വ നല്ല ചിരിച്ചുകൊണ്ടാണല്ലോ  സംസാരിക്കുന്നെ?

"ഡി ഗാഥേ... എന്റെ ബസ്സ് വരുന്നു. ഞാൻ പോവാണേ... ബൈ ശ്വേതാ..."
ആശ അവിടെ നിന്നും ബസ്സ് കയറി പോയി.

"അടുത്ത് നമുക്ക് പോകാനുള്ള ബസ്സ് വന്നാൽ മതിയായിരുന്നു. വൈകുന്നേരം മാമന്റെ വീട്ടിൽ പോകാനുള്ളതാ. ഗാഥേ... നീ ഇത് ആരെയാ വായി നോക്കുന്നേ?"

"ഏഹ്?  ആ തട്ടമിട്ട പെൺകുട്ടി ഏതാന്ന് നോക്കിയതാ"

ഗാഥ പറഞ്ഞുകഴിഞ്ഞതും ആ പെൺകുട്ടി വിശ്വക്ക് ഷേക്ക്‌ ഹാൻഡ് കൊടുത്തിട്ട് തിരിഞ്ഞു.

"ങേ?  ഇത് സാഹിറയല്ലേ? സാഹി..."

"അയ്യോ... ഗാഥ... നീ ഇവിടെ?"

സാഹിറ ഗാഥയുടെ അടുത്ത് വന്ന് അവളെ കെട്ടിപ്പിടിച്ചു.

"ഞാൻ ഇവിടെ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുവാ. ഇത് എന്റെ ഫ്രണ്ട് ശ്വേത"

"ഹൈ ശ്വേത"

ശ്വേത സാഹിറയെ നോക്കി ചിരിച്ചു.

"ഗാഥേ ഞാൻ വിചാരിച്ചു നിന്റെ കല്യാണമൊക്കെ കഴിഞ്ഞു കാണുമെന്ന്. നീ ഡിഗ്രി കഴിഞ്ഞിട്ട് എന്താ ചെയ്തേ?"

"M.Com എടുത്തായിരുന്നു"

"എന്നിട്ടാണോ ഇവിടെ പഠിക്കാൻ ചേർന്നേ?"

"അത്..."

"ഡി... നമ്മുടെ ബസ്സ് വരുന്നു"

"ആഹ്... നീ പൊയ്ക്കോ. ഞാൻ അടുത്ത ബസ്സിൽ പൊയ്ക്കോളാം"

ശ്വേത അപ്പോൾ വന്ന ബസ്സിൽ കയറി പോയി. വിശ്വ അവിടെ നിന്ന് അവരുടെ സംസാരം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

"ഇങ്ങ് വന്നേ..."

സാഹിറ വിശ്വയെ അടുത്തേക്ക് വരാൻ വിളിച്ചു.

"ഞങ്ങളുടെ ബാപ്പ ഈ കടയിൽ ജോലി ചെയ്യുന്നുണ്ട്. ഇത് എന്റെ ഇക്കയുടെ ഫ്രണ്ട് ആണ്. പേര് വിശ്വ. പിന്നേ,  ഇത് എന്റെ പ്ലസ്‌ ടു വിലെ  ബെസ്റ്റ് ഫ്രണ്ട് ആണ് - ഗാഥ"

വിശ്വയും ഗാഥയും പരസ്പരം നോക്കി ജസ്റ്റ്‌ ഒന്നു ചിരിച്ചു.

"എന്നാൽ നിങ്ങൾ സംസാരിക്ക്. ഞാൻ അകത്തേക്ക് ചെല്ലട്ടെ"

എന്നും പറഞ്ഞ് വിശ്വ കടക്കകത്തേക്ക് കയറി.

"ഡി... പറയ്‌. നീ തന്ന നമ്പറിന് എന്ത് പറ്റി?"

"ആ സിം കളഞ്ഞു പോയെടി. പിന്നെ,  ഡിഗ്രിക്കു ചേർന്ന് ഒരു മൂന്നു മാസം കഴിഞ്ഞപ്പോൾ ഉമ്മ മരിച്ചു. നിങ്ങളുടെ നമ്പറൊക്കെ ഓട്ടോഗ്രാഫിൽ ആയിരുന്നില്ലേ. അതൊക്കെ ഉമ്മ ആക്രിസാധനങ്ങളുടെ കൂടെ എടുത്തു കൊടുത്തിരുന്നുവെന്ന് അത് അന്വേഷിച്ചപ്പോഴാ മനസ്സിലായത്. നീ ഇപ്പോഴും അവിടെ തന്നെയല്ലേ താമസിക്കുന്നത്?"

"മ്മ്... അതെ. നിന്റെ കല്യാണം കഴിഞ്ഞില്ലേ..."

"പിന്നേ... രണ്ടു വയസ്സ് ആയ ഒരു മോനുണ്ട്.  ഞാൻ ഇപ്പോൾ ഇവിടെയൊരു ബാങ്കിൽ ജോലി ചെയ്യുന്നു. ഞങ്ങളുടെ വീട് ഇവിടെന്നു ഒരു രണ്ടു കി.മീ. ഉള്ളു. ഇന്ന് ജബീറിക്കയുടെ ഒപ്പം ഒരു ഫങ്ക്ഷന് പോകണം. അതുകൊണ്ട് നേരത്തെ ഇറങ്ങിയതാ. പിന്നെ, ബാപ്പയെ കണ്ടിട്ട് പോകാമെന്ന് കരുതി. ശോ...ആരോ വിളിക്കുന്നുണ്ട്. ജബീറിക്ക ആയിരിക്കും"

സാഹിറ അവളുടെ ബാഗ് തുറന്ന് മൊബൈൽ എടുത്തു.

"ആഹ്... ഇക്ക തന്നെയാ. ഹെലോ... ഇക്കാ... ഞാൻ ദാ വരുന്നു..."

സാഹിറ ഉടനെ കാൾ കട്ട്‌ ചെയ്തു.

"എടി ഞാൻ പോവാണേ... നമുക്ക് പിന്നൊരു ദിവസം കാണാട്ടോ"

ഗാഥ അവളെ നോക്കി ചിരിച്ചുകൊണ്ട് തലയാട്ടി. സാഹിറ അപ്പോൾ അത് വഴി വന്ന ഒരു ഓട്ടോക്ക് കൈ കാണിച്ചു. അതിൽ കയറി ഗാഥയെ നോക്കി കൈ വീശി. അപ്പോൾ തന്നെ ഗാഥക്ക് പോകാനുള്ള ബസ്സും വന്നു. പെട്ടന്ന് തന്നെ വിശ്വ പുറത്തേക്ക് ഇറങ്ങി. ഗാഥ ബസ്സിന്റെ  ബാക്ക് ഡോർ വഴി കയറി. അവനും കൂടെ കയറി. തിരക്ക് കുറവായതിനാൽ അവൾ ബാക്ക് സീറ്റിൽ തന്നെ ഇരുന്നു. വിശ്വ അവളുടെ അടുത്ത് തന്നെ ഇരുന്നു. ഗാഥ വിശ്വയെ കണ്ടെങ്കിലും മൈൻഡ് ചെയ്യാതെ പുറത്തേക്ക് നോക്കി ഇരുന്നു. വിശ്വ തന്നെ അന്നും ടിക്കറ്റ് എടുത്തു.

ഇവളുടെ ഈ പരിഭവം ഞാൻ എങ്ങനെ മാറ്റാനാ ഭഗവാനേ...
വിശ്വ മനസ്സിൽ പറഞ്ഞുകൊണ്ട് അവളെ വിളിച്ചു.

"ഗാഥേ..."

എന്താ എന്ന ഭാവത്തിൽ അവൾ അവനെ നോക്കി.

"എനിക്ക്... എനിക്ക് തന്റെയൊരു ഹെൽപ്പ്  വേണം"

"ഹെൽപ്പോ?"

"മ്മ്... അത്യാവശ്യമാ"

"ആഹ് പറയ്‌..."

"ഒരാളുടെ ഫോൺ നമ്പർ വേണം"

"ആരുടെ ഫോൺ നമ്പറാ?"

"തനിക്ക് കൂടുതൽ അടുത്തറിയാവുന്ന ഒരാളുടേതാ. അത് കിട്ടിയാൽ കൊള്ളാമായിരുന്നു. ഇനി എനിക്ക് എവിടേലും പെട്ടന്ന് പോകേണ്ടി വരുമ്പോൾ  വിളിച്ചു പറയാലോ ഇത്ര ദിവസം കഴിഞ്ഞേ വരുള്ളൂ എന്ന്"

വിശ്വ ഒരു കള്ളച്ചിരിയോടെ പറഞ്ഞു. തന്റെ നമ്പറാണ് ചോദിക്കുന്നതെന്ന് ഗാഥക്ക് മനസ്സിലായി. അവൾ അവന്റെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു.

"എന്താ?  ഹെൽപ്പ് ചെയ്യില്ലേ?"

വിശ്വ ചോദിച്ചത് കേട്ട് ഗാഥയുടെ ചുണ്ടിൽ ചിരി വിരിഞ്ഞു. അവൾ വീണ്ടും പുറത്തേക്ക് നോക്കി ഇരിക്കാൻ തുടങ്ങി.  വിശ്വ അവളുടെ മുഖം മറഞ്ഞു കിടന്ന മുടികളെ പുറകിലേക്ക് മാറ്റിവെച്ചു. അവൾ പ്രണയാർദ്രമായി അവന്റെ കണ്ണുകളിലേക്ക് നോക്കി. ഈ കഴിഞ്ഞ ദിവസങ്ങളിൽ തന്നെ ഓർക്കാത്ത ഒരു നിമിഷം പോലും ഇല്ലായിരുന്നു എന്ന് വിളിച്ചു പറയുവാൻ അവളുടെ ചുണ്ടുകൾ ആഗ്രഹിച്ചു. പക്ഷേ, അവൾക്ക് പറയാൻ കഴിഞ്ഞില്ല.

വിശ്വ തന്റെ മൊബൈൽ എടുത്ത് ഗാഥയുടെ കയ്യിൽ കൊടുത്തു. ചുണ്ടിൽ ചെറുപുഞ്ചിരിയോട് കൂടി അവൾ നമ്പർ ഡയൽ ചെയ്തു. അവൻ ഉടനെ വാങ്ങി കാൾ ചെയ്തു. ഗാഥയുടെ മൊബൈൽ അപ്പോൾ തന്നെ റിങ്ങും ചെയ്തു. വിശ്വ അവളെ നോക്കി ചിരിച്ചുകൊണ്ട് എണീറ്റു.

"എനിക്ക് ഇവിടെ ഒരാളെ കാണാൻ ഉണ്ട്. ഞാൻ പോട്ടെ..."

വിശ്വ താൻ ഇറങ്ങും വരെ കാണുമെന്നാണ് ഗാഥ കരുതിയത്. ഉള്ളിൽ ചെറുതായി വിഷമം വന്നെങ്കിലും അവൾ ചിരിച്ചുകൊണ്ട് തലയാട്ടി. അവൻ ഇറങ്ങിയതും ഗാഥ തന്റെ മൊബൈൽ എടുത്ത് വിശ്വയുടെ നമ്പർ സേവ് ചെയ്തു.

വീട്ടിൽ ചെന്നയുടനെ മുറിയിലേക്ക് ചെന്ന്  ഗംഗയെ പോയി കെട്ടിപ്പിടിച്ചു. ഉടനെ തന്നെ അവളോട് കാര്യങ്ങളും പറഞ്ഞു.

"ആഹാ... അപ്പോൾ ചേച്ചി നമ്പർ കൊടുത്തോ?"

"മ്മ്..."

ഗാഥ ചിരിച്ചുകൊണ്ട് അതെയെന്ന് തലയാട്ടി.

"ആർക്ക് നമ്പർ കൊടുത്ത കാര്യമാ പറയുന്നേ"

അയ്യോ... അമ്മ...
(തുടരും)
©ഗ്രീഷ്മ. എസ് 
To Top