വിശ്വഗാഥ 11

Valappottukal
വിശ്വഗാഥ💕
ഭാഗം- 11

ഗംഗ കൈയ്യിൽ ഇരുന്ന നായിക്കുരണപ്പൊടിയുടെ കവർ മുറുകെ പിടിച്ചു. തിരിഞ്ഞുനോക്കിയതും  വനജ വന്നു.

"അവൾ കണ്ണനെ കാണാൻ വന്നതാ..."

"ആഹാ..."

രമേശിന്റെ ശ്രദ്ധ വനജയോട് നേരെ പോയതും ഗംഗ കൈ പുറകിലേക്ക് മാറ്റി.

"ഗംഗേ... ചായ ഇപ്പൊ എടുക്കാട്ടൊ. കണ്ണൻ ഉണർന്നോ രമേശേട്ടാ...?"

"മ്മ്... ഉണർന്നു. ഗംഗ പോയി കണ്ടോ"

ഗംഗ രമേശിനെ നോക്കി ചിരിക്കാൻ ശ്രമിച്ചു.

"ഞാൻ പോയി ഒന്നു ഫ്രഷ് ആകട്ടെ. ഇന്ന് ബാങ്കിൽ നേരത്തെ പോണം"

രമേശ്‌ അവിടെ നിന്നും പോയതും ഗംഗ കണ്ണൻ കിടക്കുന്ന റൂമിലേക്ക് ചെന്നു. അവിടെ കട്ടിലിൽ അവന്റെ അടുത്ത് ഇരുന്നു.

"ആഹ്... ഗംഗ ചേച്ചിയോ. ഗാഥ ചേച്ചി എവിടെ?"

"ഗാഥേച്ചി വന്നില്ലടാ. അടുക്കളയിൽ പണിയിലാ. പിന്നെ വരും"

"മ്മ്മ്..."

"നിനക്ക് പനി കുറഞ്ഞില്ലേ..."

എന്നും പറഞ്ഞ് കണ്ണന്റെ നെറ്റിയിൽ തൊടാൻ പോയപ്പോഴാ വലത്തെ കയ്യിൽ ഗ്ലൗസ് ഇട്ടിരിക്കുന്ന കാര്യം ഓർമ വന്നത്. അവൾ ഉടനെ കൈ മാറ്റി.

"ഗംഗ ചേച്ചിയുടെ കയ്യിൽ എന്താ?"

"ഒന്നുല്ലലോ... ഞാൻ പോയിട്ട് പിന്നെ ഗാഥേച്ചിയുമായി വരാമേ... ഇപ്പോ ഞാൻ പോട്ടെ..."

"മ്മ്മ്..."

കണ്ണൻ തലയാട്ടി. ഗംഗ എണീറ്റ് അവിടെ അടുക്കളയിലേക്ക് പോയി.

"വനജ ചേച്ചി..."

"എന്തോ..."

"ചായ ഇട്ടോ?"

"ദേ കട്ടൻ ചായ ഒഴിക്കാൻ പോണു..."

"അയ്യോ... ഒഴിക്കണ്ട. കുറച്ചു കഴിഞ്ഞ് ഞാൻ ഗാഥേച്ചിയുമായി വരാം. അപ്പോൾ മതി"

"ആണോ?  എന്നാൽ ശെരി"

"അപ്പോൾ ഞാൻ പോവാണേ... അവിടെ ഇനി അന്വേഷിക്കും"

"മ്മ്... പോയി വാ..."

വനജ അവളെ നോക്കി ചിരിച്ചു. ഗംഗ അവിടെന്നു വേഗം വീടിന്റെ പുറകുവശത്തേക്ക് ചെന്നു. അവിടെ കത്തിച്ചുകളയാൻ കൂട്ടി ഇട്ടേക്കുന്ന ചവറിന്റെ പുറത്ത് ഗ്ലൗസും കവറും ഇട്ടു. എന്നിട്ട് കരിയിലകളെ കാലുകൊണ്ട് നീക്കി അവയെ മറച്ചു. തുണിക്കല്ലിൽ വെച്ചിരുന്ന സോപ്പ് എടുത്ത് നല്ലതുപോലെ കൈ രണ്ടും കഴുകിയ ശേഷം വീടിനകത്തു കയറി.

ഗംഗയെയും കാത്ത് ഹാളിൽ തന്നെ ഇരിപ്പുണ്ടായിരുന്നു ഗാഥ. കണ്ടതും അവൾ ഉടനെ എണീറ്റു. കണ്ണുകൊണ്ട് എന്തായി എന്നു ചോദിച്ചു. ഗംഗ ഗാഥയെ നോക്കി കണ്ണിറുക്കി. എന്നിട്ട് അവളോട് പറയാൻ പോയതും കൈലാസ് ഭക്ഷണം കഴിക്കാനായി വന്നു.

"പാറു... ഗംഗേ... വാ... വന്ന് ഇവിടെ ഇരിക്ക്"

അവർ രണ്ടുപേരും കൈലാസിന്റെ കൂടെ പോയിരുന്നു. ഭക്ഷണം കഴിച്ച ശേഷം കൈലാസ് ഉടനെ പുറത്തേക്ക് പോയി.

"അച്ഛൻ ഇന്ന് നേരത്തെ ആണല്ലോ അമ്മേ പോകുന്നെ?"

"ഹാ... നേരത്തെ പോണമെന്നു പറഞ്ഞു"

"ആഹ് അവിടെ അങ്ങേർക്കും നേരത്തെ പോണമെന്ന് പറഞ്ഞു"

"ആർക്ക്?"

"അ... അത് നാനി... കണ്ണന്റെ..."

"ഓഹ്... രമേശനോ? അവൻ നിന്നേക്കാളും എത്രയോ മൂത്തതാണ്. അങ്ങനെയൊന്നും പറയല്ലേ ബേട്ടാ... അത് നല്ല കുട്ടികളുടെ ലക്ഷണമല്ല"

"ബഹുമാനം അർഹതപ്പെട്ടവർക്കേ ഞാൻ കൊടുക്കാറുള്ളു. വാ ഗാഥേച്ചി..."

എന്നും പറഞ്ഞ് ഗംഗ ഗാഥയുടെ കൈപിടിച്ച് മുറിയിലേക്ക് കൊണ്ടുപോയി.

"ഡി... പറയ്‌"

"എന്ത് പറയാൻ? സക്സസ്👍. ഏയ്... അങ്ങനെ ഫുൾ ആയി പറയാൻ പറ്റില്ല. പകുതി. അങ്ങേരുടെ ഷർട്ടിനകത്ത് ഞാൻ പണി ഒപ്പിച്ചിട്ടുണ്ട്. ഇനി ചൊറിച്ചിൽ ആരംഭിച്ചാലേ ഫുൾ സക്സസ് ആവുള്ളു. ഇന്ന് ജോലിക്കു പോകാതെ വീട്ടിൽ ഇരുന്ന് ചൊറിയട്ടെ. ദേഹമൊക്കെ മാന്തിപൊളിക്കട്ടെ. ഗാഥേച്ചിയോട് അങ്ങനെ സംസാരിച്ചതുകൊണ്ടാ ഈ നായിക്കുരണപ്പൊടിയിൽ ഒതുക്കിയത്. ചേച്ചിയെ തൊടുകയോ പിടിക്കുകയോ ചെയ്തിരുന്നെങ്കിൽ ഇതൊന്നും ആയിരിക്കില്ല. ഹാ..."

ഗംഗ പറയുന്നതെല്ലാം കേട്ട് ഗാഥ അവളെ തന്നെ നോക്കിയിരുന്നു.

"എന്താ ചേച്ചി ഇങ്ങനെ നോക്കുന്നേ?"

ഗാഥ ഒന്നുമില്ലെന്ന് തലയാട്ടി. എന്നിട്ട് ഗംഗയെ കെട്ടിപ്പിടിച്ചു. ഗംഗയും തിരിച്ച് കെട്ടിപ്പിടിച്ചു.

"വാ ചേച്ചി താഴെ വരാന്തയുടെ അവിടെ പോയി നിൽക്കാം. അങ്ങേര് ചൊറിയുന്നത്  കാണണ്ടേ?  ഷർട്ട്‌ എടുത്ത് ഇട്ടുകാണും. ഇവിടുന്ന് പോകുന്നതിനു മുൻപ് ഒന്നു ചൊറിഞ്ഞു കണ്ടാൽ മതിയായിരുന്നു.

ഗാഥ ചിരിച്ചുകൊണ്ട് ഗംഗയുടെ കൂടെ താഴെ വരാന്തയുടെ അവിടെ പോയി നിന്നു.

"ദേ ചേച്ചി... പോണു..."

"രമേശേട്ടാ... കഴിച്ചിട്ട് പോ..."

"എനിക്കെങ്ങും വേണ്ട നിന്റെ ഇഡ്‌ഡലിയും സാമ്പാറും. ഞാൻ ഏതെങ്കിലും ഹോട്ടലിൽ പോയി കഴിച്ചോളാം"

"ഇഡ്‌ഡലിയും സാമ്പാറും അത്ര മോശം ഭക്ഷണമാണോ ചേച്ചി?  ഇങ്ങേരുടെ  അഹങ്കാരം നോക്കിയേ. എന്തേലും കഴിച്ചിട്ട് പോണമെന്നില്ല. പാവം വനജ ചേച്ചി കഷ്ടപ്പെട്ട് പെട്ടന്ന് ഉണ്ടാക്കിയത്  ഇങ്ങേർക്ക് വേണ്ടിയല്ലേ. അല്ലാ... ഇങ്ങേര് എന്താ ചൊറിയാത്തെ? പണി പാളിയോ?"

"അറിയില്ല... ഈ ഷർട്ട്‌ തന്നെയല്ലേ?"

"അതെ ചേച്ചി..."

"അപ്പോൾ അയാൾ ഷർട്ട്‌ നല്ലതുപോലെ കുടഞ്ഞിട്ടായിരിക്കും എടുത്തിട്ടത്"

"അങ്ങനെ കുടയേണ്ട കാര്യമൊന്നുമില്ല. അയൺ ചെയ്ത് വെച്ചതല്ലേ... പിന്നെ,  ഞാൻ നായിക്കുരണപ്പൊടി നല്ലതുപോലെ തേച്ചുപിടിപ്പിക്കുകയാ ചെയ്തത്"

"ഹ്മ്മ്..."

രമേശ്‌ അപ്പോൾ തന്നെ ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് വേഗത്തിൽ പോയി.

"ചേച്ചി എന്തേലും മഹാദേവനോട് പറഞ്ഞോ? അങ്ങേർക്ക്  ഒന്നും പറ്റാതെ ഇരിക്കാൻ?  ഏഹ്?"

"ഏയ്... ഇല്ലാ..."

"ശേ... എന്നിട്ട് എന്താ മഹാദേവൻ അപ്പ്രൂവ് ആക്കാത്തെ?  ആഹ് ഇനി വേറെ നോക്കാം. വാ ചേച്ചി നമുക്ക് കണ്ണനെ കണ്ടിട്ട് വരാം"

"മ്മ്..."

 ഗാഥയും ഗംഗയും കണ്ണനെ കണ്ടിറങ്ങും നേരം ഒരാൾ അവിടെ ബൈക്കിൽ വന്നു.

"വനജേ... ഇവിടെ വനജ ഇല്ലേ? ഒന്നു വിളിച്ചേ..."

"ആഹ് ചേച്ചി ഉണ്ടല്ലോ. വനജ ചേച്ചി... ചേച്ചി..."

"ദാ വരുന്നു... ഏഹ്? ഉണ്ണിയേട്ടനോ?  എന്താ ഉണ്ണിയേട്ടാ..."

"രമേശ്‌ അവിടെ മെയിൻ റോഡിലേക്ക് കേറിയതേ  ഉള്ളു. അവൻ പെട്ടന്ന് ബൈക്കിൽ നിന്നും കൈ വിട്ടു. ഒരു കാറിൽ കൊണ്ടിടിച്ചു. അവനും ബൈക്കിന്റെ ഒപ്പം ചെരിഞ്ഞു വീണു. ആ കാറിൽ ഉള്ളത് ഒരു ഡോക്ടർ ആയിരുന്നു. അവനെ ഉടനെ തന്നെ കാറിൽ കയറ്റി കൊണ്ടുപോയി"

"അയ്യോ... എന്റെ രമേശേട്ടന്...."
വനജ നിലവിളിക്കാൻ തുടങ്ങി.

"ഏയ്... നീ പേടിക്കാനുള്ള പരിക്കൊന്നും ഇല്ലാ. ഇടത്തെ കയ്യൊന്നു ഒടിഞ്ഞെന്നു തോന്നുന്നു. എത്രയും വേഗം ഹോസ്പിറ്റലിൽ വരാൻ നോക്ക്"

"മ്മ്..."
വനജ വേഗം അകത്തേക്ക് ഓടി കയറി.

"ഗാഥേച്ചി... വാ... ഇനി ഇവിടെ നിന്നാൽ ശെരിയാകില്ല. വനജ ചേച്ചിയുടെ സങ്കടം കാണാൻ വയ്യ..."

ഗാഥയും ഗംഗയും അവരുടെ വീട്ടിലേക്ക് കയറി.

"എന്താ അവിടെ വനജ എന്തോ നിലവിളിക്കുന്നത്‌ പോലെ തോന്നി. ക്യാ ഹുവാ ബേട്ടാ?"

"അങ്ങേർക്ക് ഒരു ആക്‌സിഡന്റ് പറ്റി"

"ആർക്ക്?  രമേശനോ?"

"ആഹ് അതെ. ഗാഥേച്ചി വാ... നമുക്ക് കുളിച്ചിട്ട് ശ്വേത ചേച്ചിയുടെ വീട്ടിൽ പോകണ്ടേ?  നേരത്തെ പോയിട്ട് വരാം"

"മ്മ്..."

അവർ രണ്ടുപേരും മുറിയിലേക്ക് പോയി. നാനി അവരെ തന്നെ നോക്കി നിന്നു.

"ഹൊ... മഹാദേവാ... അങ്ങ് മാസ്സ് ആണ്. അങ്ങേര് ഇന്ന് മുഴുവനും ഇരുന്ന് ചൊറിയട്ടെ എന്നേ കരുതിയുള്ളു. ഇതിപ്പോൾ കിട്ടിയത് വനജ ചേച്ചിയോട് അങ്ങനെ പറഞ്ഞതുകൊണ്ടാ. എനിക്കെങ്ങും വേണ്ട നിന്റെ ഇഡ്‌ഡലിയും സാമ്പാറും ഞാൻ ഹോട്ടലിൽ പോയി കഴിച്ചോളാം എന്ന്. ഇനി എങ്ങനെ കഴിക്കാൻ പോകുമെന്ന് കാണണമല്ലോ. ശത്രുവിന്റെ വീഴ്ചയിൽ പോലും സന്തോഷിക്കരുതെന്നാ... എന്നാലും ഇത് അങ്ങേര്ക്കുള്ള അഹങ്കാരത്തിന്റെ തന്നെയാ. അല്ലേ ചേച്ചി..?"

"ഹ്മ്മ്..."

"ബൈക്കിൽ നിന്നും പിടി വിട്ടപ്പോൾ കാറിൽ പോയി ഇടിച്ചെന്നല്ലേ അയാൾ പറഞ്ഞേ. അപ്പോഴായിരിക്കും അങ്ങേർക്ക് ചൊറിച്ചിൽ വന്നിട്ടുണ്ടാവുക. ഹാ ഏതായാലും ഇനി കുറച്ചു ദിവസത്തേക്ക് അങ്ങേര് അടങ്ങി കിടക്കും. ആഹ്... ഇനി വൈകിട്ട് നാനി മുറ്റം അടിച്ചുവരുന്നതിനു മുൻപ് അതൊക്കെ കത്തിച്ചു കളയണം. എന്നാൽ ഞാൻ ആദ്യം പോയി കുളിക്കട്ടെ..."

"ശെരി... അവിടെ വേഗം പോയിട്ട് വരണം. അതുകൊണ്ട് പെട്ടന്ന് കുളിച്ചു ഇറങ്ങാൻ നോക്ക്"

"ഓക്കേ... ഞാൻ പെട്ടന്ന് ഇറങ്ങാം"

രണ്ടുപേരും കുളിയൊക്കെ കഴിഞ്ഞ് നേരെ ശ്വേതയുടെ വീട്ടിൽ പോയി.

"നീ ഇപ്പോഴും കട്ടിലിൽ തന്നെയാണോ?"

"അതേടി... ഹായ്‌ ഗംഗേ?  ഹൌ ആർ യൂ?"

"അയാം ഫൈൻ ചേച്ചി. ചേച്ചിയുടെ പനി ഇതുവരെ മാറിയില്ലേ?"

"പനി കുറഞ്ഞു ഡാ,  പക്ഷേ ഇപ്പോൾ ചുമയാ"

"മ്മ്..."

"അപ്പോൾ നീ ക്ലാസ്സിൽ വരില്ലേ?"

"നാളെ കഴിഞ്ഞ് വരാടി... നാളെ അമ്മയുടെ പിറന്നാളാ... പിന്നെ,  റെക്കോർഡും കംപ്ലീറ്റ് ആക്കണം"

"ആണോ ആന്റി? മെനി മെനി ഹാപ്പി റിട്ടേൺസ് ഓഫ് ദി ഡേ ആന്റി... ഇത് നാളെത്തേക്കാട്ടോ..."

"അഡ്വാൻസ് ഹാപ്പി ബർത്ത് ഡേ ആന്റി..."

ശ്വേതയുടെ അമ്മ അവരെ നോക്കി ചിരിച്ചു.

"ഞാൻ മക്കൾക്ക് എന്തേലും കുടിക്കാൻ എടുക്കാം"

"കൂൾ ഡ്രിങ്ക്സ് ഉണ്ടോ ആന്റി?"

"ദേ ആന്റി അതൊന്നും ഇവൾക്ക് കൊടുക്കണ്ടാട്ടൊ. എന്തേലും ഇത്തിരി തണുപ്പ് ഉള്ളിൽ ചെന്നാൽ മതി. പെട്ടന്ന് പനി ആയി കിടക്കും"

"അയ്യോ... ആണോ? എങ്കിൽ ഞാൻ കോഫിയും കട്ട്‌ലൈറ്റും എടുക്കാം. നിങ്ങൾ വരുന്നു എന്ന് പറഞ്ഞപ്പോൾ ഞാൻ അപ്പുറത്തെ കൊച്ചെറുക്കനെ വിട്ട് വാങ്ങിച്ചു"

"ഗാഥേ... അത്  നിങ്ങളുടെ ബേക്കറിയിൽ നിന്നാണെന്നു തോന്നുന്നു. ഇവിടെ അടുത്ത് അതല്ലേ ഉള്ളു"

"മ്മ്... നാളെ എന്താ പ്രോഗ്രാം?"

"അങ്ങനെ ഒന്നുല്ലാടി... അമ്പലത്തിൽ പോകും. പിന്നെ,  ഒരു ചെറിയ സദ്യ. അത്രേ ഉള്ളു. അല്ലാ... ഗംഗക്ക് ഇന്ന് ക്ലാസ്സ്‌ ഇല്ലേ?"

"സെമിനാർ ആണ്. അതുകൊണ്ട് ഞാൻ പോയില്ല"

"മ്മ്മ്... ചേട്ടന്റെ നിർബന്ധമാ. അമ്മയുടെ പിറന്നാളിന് സദ്യ ഉണ്ടാക്കണമെന്ന്. കല്യാണം കഴിഞ്ഞതും ചേട്ടൻ പോയി. ഇനി ആശയുടെ കല്യാണത്തിന് വരാമെന്ന് പറഞ്ഞിട്ടുണ്ട്. അശോകേട്ടന്റെ ഫ്രണ്ട് കൂടിയല്ലേ. എന്റെ അക്കൗണ്ടിൽ കുറച്ചു പൈസയും ഇട്ടിട്ടാ പോയേ"

"ഇതാ മക്കളെ കഴിക്ക്..."

"ഹാ,  ആന്റി..."

അവർ ഒരു ഉച്ച ആയപ്പോൾ അവിടെ നിന്നും ഇറങ്ങി.

"ഈ വഴിയിൽ മരങ്ങൾ ഉള്ളതുകൊണ്ട് വെയിൽ അധികം കൊള്ളില്ല അല്ലേ ചേച്ചി?"

"മ്മ്... അതെ"

"പിന്നെ,  ശ്വേത ചേച്ചി ലക്കി ആണല്ലേ. ഇങ്ങനെയൊരു ചേട്ടനെ കിട്ടിയതിന്. നല്ല ലവിങ് ആൻഡ് കെയറിങ്. രണ്ടുപേർക്കും പരസ്പരം ജീവനാ"

"ആഹ്. ആശയുടെ അവിടെ മിക്കപ്പോഴും പരസ്പരം അടിയാ. എങ്കിലും സ്നേഹമുണ്ട്"

"ഞാനും ആഗ്രഹിച്ചിരുന്നു നമുക്ക് ഒരു ചേട്ടൻ ഉണ്ടായിരുന്നുവെങ്കിൽ എന്ന്..."

"അമ്മ പറയുമായിരുന്നു... രണ്ടാമത് ഒരു ആൺകുട്ടിയെ ആയിരുന്നു ആഗ്രഹിച്ചത് എന്ന്. അതിന് നാനി എന്താ പറഞ്ഞതെന്ന് അറിയോ?  പെൺകുട്ടി ആണേലും നിനക്ക് ആണിനെ പോലെ ചങ്കൂറ്റമുള്ള ഒന്നിനെയല്ലേ ഭഗവാൻ തന്നത്. നിന്റെ കരാട്ടെ ക്ലാസ്സ്‌ പകുതിക്ക് വെച്ച് അച്ഛൻ നിർത്തിയത് നന്നായി. ഇല്ലായിരുന്നുവെങ്കിൽ നീ നാനിയെ അടിച്ചൊരു പരുവമാക്കിയേനെ"

"ഈൗ..."

ഗാഥ ഗംഗയെ നോക്കി ചിരിച്ചു.

"അതേ ഗാഥേച്ചി... ഞാൻ നേരത്തെ പറഞ്ഞില്ലേ... നമുക്കൊരു ചേട്ടൻ ഉണ്ടായിരുന്നുവെങ്കിൽ എന്ന്. ആ വിഷമം ഇപ്പോൾ ഇല്ലാട്ടോ"

"അതെന്താ?"

"എനിക്ക് ചേട്ടനെ കിട്ടിയല്ലോ. വിശ്വ..."

അത് പറഞ്ഞപ്പോൾ ഗാഥയുടെ മുഖത്ത് ഒന്നും കൂടി ചിരി പടർന്നു.

"കേട്ടിടത്തോളം ഗാഥേച്ചിയെ പുള്ളിക്ക് വല്യ ഇഷ്ടാണ്. ചേച്ചിക്ക് പുള്ളിയെയും. നല്ലതുപോലെ നോക്കുമെന്ന് എനിക്ക് ഉറപ്പാണ്. ആ ചേട്ടൻ എപ്പോഴേലും ഇഷ്ടമാണെന്ന് പറഞ്ഞോ?"

"ഇല്ലാ..."

"ചേച്ചി എന്താ പറയാത്തെ?"

"ഞാൻ എന്താ പുള്ളിയോട് പോയി ഐ ലവ് യൂ പറയണോ?"

"അയ്യേ... വേണ്ടാ. ഞാൻ ചോദിച്ചെന്നെ ഉള്ളു. പരസ്പരം ഇഷ്ടമുണ്ടല്ലോ അത് മതി. അത് അങ്ങനെ പടർന്നു പന്തലിക്കട്ടെ. എനിക്കൊരു നല്ല അളിയനെ വേണം. ആ ചേട്ടൻ മഹാദേവനെ പോലെ മാസ്സ് ആണ്"

"ഓഹോ..."

"ആഹ്... ഞാൻ സീരിയസ് ആയി പറഞ്ഞതാ. ഇനി നിങ്ങൾ സീരിയസ് ആകുമ്പോൾ ചേച്ചി അച്ഛനോട്‌ പറയണേ..."

ഗാഥ ഒന്നും മിണ്ടാതെ ചിരിച്ചുകൊണ്ട് നടന്നു.

"ചേച്ചി... ഒരു ബുള്ളറ്റിന്റെ സൗണ്ട് അല്ലേ കേൾക്കുന്നേ? ആഹ് അത് തന്നെ.. ദേ ആ ചേട്ടൻ..."

അവരെ കണ്ടതും വിശ്വ ബുള്ളറ്റ് നിർത്തി.

"ഹായ്‌ ചേട്ടാ... എങ്ങോട്ടാ വീട്ടിൽ പോവുകയാണോ?"

വിശ്വ ചിരിച്ചുകൊണ്ട് അതെയെന്ന് തലയാട്ടി.

"ഞാൻ ഗംഗ. ഗാഥേച്ചിയുടെ അനിയത്തിയാ"

എന്നും പറഞ്ഞ് ഗംഗ വിശ്വയുടെ നേരെ കൈ നീട്ടി. അവൻ അവൾക്ക് ഷേക്ക്‌ ഹാൻഡ് കൊടുത്തു.

"എന്തിനാ ഇപ്പോൾ ഈ സമയത്ത് പോകുന്നെ?"

"അമ്മ ചോറുണ്ണാൻ വിളിച്ചു"

"ഓഹ്... അപ്പോൾ ആന്റി കടയിൽ നിൽക്കുന്നില്ലേ?"

"ഇല്ലാ... വേറെ ആളുകൾ ഉണ്ട്"

"എന്നാൽ ശെരി... ചേട്ടൻ വിട്ടോ... പിന്നെ കാണാം"

"മ്മ്..."

ഗംഗയാണ് ചോദിച്ചതെങ്കിലും വിശ്വ എല്ലാ മറുപടികളും പറഞ്ഞത് ഗാഥയുടെ മുഖത്ത് നോക്കിയാണ്. ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്തതും ഗാഥ വിശ്വയെ നോക്കി. അവൻ അവൾക്കൊരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് ബുള്ളറ്റോടിച്ച് പോയി.

"പുള്ളി ഗാഥേച്ചിയെ നോക്കിയിട്ടാണല്ലോ സംസാരിച്ചത്.ചേച്ചി  എന്നോട് എല്ലാം പറഞ്ഞു കാണുമെന്ന് മനസ്സിലായി കാണും"

"മ്മ്... വാ നടക്ക്..."

"ആഹാ മുഖത്ത് എന്താ ഒരു സന്തോഷം"

ഗംഗ അവളെ നുള്ളിക്കൊണ്ട് പറഞ്ഞു. ഗാഥയും അവളെ തിരിച്ചു നുള്ളി. രണ്ടുപേരും സന്തോഷത്തോടെ നടന്നുപോയി.
     ***********-------------***********
"അമ്മേ... കഴിക്കാൻ എടുത്തേ..."

"ഇന്ന് എന്താ ചെക്കാ നല്ല സന്തോഷത്തിൽ ആണല്ലോ"

"ഏയ്..."

"മ്മ്മ്... ഗാഥയെ കണ്ടോ?"

"അമ്മ ചോറെടുത്ത് വെക്ക്. പറയാം. അവർ രണ്ടുപേർ എവിടെ?"

"കോമളത്തിന്റെ ഒരു ബന്ധുവിന്റെ വീട്ടിൽ പോയതാ"

"ഹ്മ്മ്..."

"നീ പറയ്‌. എവിടെ വെച്ചാ കണ്ടേ?"

വഴിയിൽ ഗാഥയെയും ഗംഗയെയും കണ്ടതും സംസാരിച്ചതുമൊക്കെ വിശ്വ രാഗിണിയോട് പറഞ്ഞു.

"ആഹാ... അപ്പോൾ ഇന്ന് അവർ പഠിക്കാനൊന്നും പോയില്ലേ?"

"പോകണ്ടായിരിക്കും. അവളുടെ അനിയത്തി ഒരു ചെറിയ കാന്താരി ആണെന്ന് തോന്നുന്നു"

"മ്മ്... എനിക്കും അങ്ങനെ തോന്നിയിരുന്നു അന്ന് കണ്ടപ്പോൾ. നല്ല ചുറുചുറുക്കുണ്ട്. ഗാഥ നിന്റെ കാര്യമൊക്കെ അവളുടെ അനിയത്തിയോട് പറയുന്നുണ്ടാകും"

"ആഹ്... അതെനിക്ക് മനസ്സിലായി. വിച്ചുവിനെ പ്രസവിച്ചു കഴിഞ്ഞപ്പോൾ അടുത്തത് ഇതുപോലൊരു കാന്താരിയെ മതിയെന്നാ ആഗ്രഹിച്ചത്. പക്ഷേ, ദൈവം തന്നത് ഈ ചക്കരക്കുട്ടനെയല്ലേ?"

രാഗിണി വിശ്വയുടെ താടിയിൽ പിടിച്ചുകൊണ്ട് പറഞ്ഞു.

"നീ ഇതുവരെ അവളോട് ഇഷ്ടമാണെന്ന് പറഞ്ഞില്ലാലോ. അതെന്താ? ആ കുട്ടിയും പറഞ്ഞില്ല"

"ചില കാര്യങ്ങൾ നമ്മൾ പറയേണ്ട കാര്യമില്ല. അത് അനുഭവിച്ച് അറിയുന്നതാ അതിന്റെ സുഖം. അത് അമ്മക്ക് അറിയില്ലേ?"

"ഓഹോ?  അങ്ങനെയാണോ?  പിന്നെ,  വിശ്വാ...വിച്ചുവിന്റെ വല്ല വിവരവും കിട്ടിയോ മോനെ?"

"അന്വേഷിക്കുന്നുണ്ട് അമ്മാ... ചിലർ കണ്ടിരുന്നു എന്ന് പറഞ്ഞു. പക്ഷേ,  താമസ സ്ഥലം ഇതുവരെ കണ്ടുപ്പിടിക്കാൻ കഴിഞ്ഞില്ല"

പെട്ടന്ന് വിശ്വക്കൊരു കാൾ വന്നു. സംസാരിച്ചുകഴിഞ്ഞതും അവന്റെ മുഖത്തെ ഭാവം കണ്ട് അതൊരു സന്തോഷ വാർത്ത ആയിരിക്കുമെന്ന്  രാഗിണിക്ക് തോന്നി.

"എന്താ മോനെ?  വല്ല സന്തോഷ വാർത്തയും ആണോ?"

"അതെ അമ്മേ... നമ്മുടെ വിച്ചുവിന്റെ താമസസ്ഥലം ഷാജഹാൻ  കണ്ടുപ്പിടിച്ചെന്ന്"

"അതെയോ?  എന്റെ മഹാദേവാ... അങ്ങേക്ക് ഒരുപാട് നന്ദി"

"ഇന്ന് രാത്രി തന്നെ പോണം അമ്മേ..."

"മ്മ്... പോയിട്ട് വാ... കടയിലെ കാര്യങ്ങൾ അമ്മ പോയി നോക്കിക്കൊള്ളാം"

"അതല്ലാ..."

"പിന്നെ?"

വിശ്വ രാഗിണിയുടെ മുഖത്തേക്ക് നോക്കി. അവർക്ക് കാര്യം മനസ്സിലായി.

"ശേ... നീ നാളെ കഴിഞ്ഞ് ഇങ്ങ് എത്തില്ലേ? ഇപ്പോൾ തന്നെ നിനക്ക് കാണാതെ ഇരിക്കാൻ വയ്യാലേ?  കുറച്ചു ദിവസം കാണാതെ ഇരിക്കട്ടെ. അപ്പോൾ  ഉള്ളിൽ സ്നേഹം കൂടത്തേ  ഉള്ളു"

രാഗിണി വിശ്വയുടെ വിഷമം മാറ്റാൻ ശ്രമിച്ചു.

എന്നാൽ വിശ്വ മൂന്ന് ദിവസം കഴിഞ്ഞാണ് തിരികെ വന്നത്. അത്രയും ദിവസം ഗാഥ വിശ്വയെ കാണാത്തതിൽ വിഷമിച്ചു കഴിഞ്ഞു.

"ചേച്ചി എന്തിനാ വിഷമിക്കുന്നെ? ആള് നാട് വിട്ടൊന്നും പോയി കാണില്ല. എന്തേലും അത്യാവശ്യത്തിന് എവിടേലും പോയതായിരിക്കും. ചിലപ്പോൾ നാളെ വന്നാലോ..."

"വരുമെന്ന് എന്താ ഉറപ്പ്?"

"അയ്യേ... എന്റെ ഗാഥേച്ചി എന്താ ഇങ്ങനെ?  ആള് വരുമെന്ന് ഞാൻ പറഞ്ഞില്ലേ? ഇപ്പോഴേ കാണാതെ ഇരിക്കാൻ പറ്റുന്നില്ലേ?  സാരമില്ല. ചേച്ചിയുടെ മഹാദേവൻ നാളെ ആളെ അടുത്ത് എത്തിക്കും. പോരേ? കിടന്നു ഉറങ്ങാൻ നോക്കിയേ..."

"മ്മ്..."

ഗംഗ പറഞ്ഞതുപോലെയാകാൻ ഗാഥയുടെ മനസ്സ് കൊതിച്ചു.
പിറ്റേന്ന് വൈകുന്നേരം ഗാഥ ബസ്സിൽ കേറിപോകുമ്പോഴാണ് വിശ്വ ഗാഥയെ കണ്ടത്. അവൻ ഉടനെ തന്നെ അതിന്റെ പിന്നാലെ ബുള്ളറ്റിൽ പാഞ്ഞു ചെന്നു. എന്നിട്ട് ശിവക്ഷേത്രത്തിന്റെ അവിടെയായി നിന്നു. ഗാഥ വിശ്വയെ കണ്ടപ്പോൾ അവൾക്ക് ഒരുപാട് സന്തോഷമായി. പക്ഷേ,  ഇത്രയും ദിവസം പറയാതെ പോയതിന്റെ പരിഭവം ചെറുതായി അവളുടെ ഉള്ളിൽ ഉണ്ടായിരുന്നു. അവനെ നോക്കി ചിരിക്കാതെ അവന്റെ അടുത്ത് കൂടി ഗാഥ നടന്നു പോയി.

"ഗാഥേ..."

വിശ്വയുടെ വിളിയിൽ അവൾ അറിയാതെ നിന്നു പോയി. ഗാഥ അവനെ തിരിഞ്ഞു നോക്കി.

"ദേ... ഈ വഴിയിലൊന്നു വന്നേ..."

ശ്വേതയുടെ വീട്ടിലേക്കുള്ള വഴിയെ ചൂണ്ടിയാണ് വിശ്വ പറഞ്ഞത്. അവൾ എന്തേലും ചോദിക്കും മുന്നേ അവൻ ബുള്ളറ്റോടിച്ചുകൊണ്ട് പോയി. ഗാഥ ഒരു നിമിഷം ആലോചിച്ചു നിന്നു. പിന്നെ ആ വഴിയിലേക്ക് നടന്നു. കുറച്ചു ദൂരം കഴിഞ്ഞപ്പോൾ വിശ്വ ബുള്ളറ്റിന്റെ പുറത്ത് ഇരിക്കുന്നത് കണ്ടു. ഗാഥയെ കണ്ടതും അവൻ എണീറ്റ് അവളുടെ മുന്നിലേക്ക് വന്നു. അവൾ അവന്റെ മുഖത്തേക്ക് നോക്കാതെ മരങ്ങളെ നോക്കി തിരിഞ്ഞ്  നിന്നു.

വിശ്വ അവളുടെ തൊട്ടടുത്തേക്ക്  വന്ന്  അവളുടെ മുഖം മൂടി കിടക്കുന്ന മുടിയിഴകളെ ഒതുക്കി വെച്ചു. അവൾ ഉടനെ അവന്റെ മുഖത്തേക്ക് നോക്കി. അവൻ ഗാഥയുടെ വലതുകൈ എടുത്ത് തന്റെ കയ്യുമായി ചേർത്തു പിടിച്ചു. എന്നിട്ട് അവളുടെ കണ്ണുകളിലേക്ക് നോക്കി.

"ഇപ്പോൾ പരിഭവം മാറിയോ?"

ഗാഥ ഒന്നും മിണ്ടാതെ അവനെ തന്നെ നോക്കി നിന്നു.

"എടോ... തന്നോടാ ഈ ചോദിച്ചേ..."

പെട്ടന്ന് ഗാഥ അവന്റെ കൈ വിടുവിച്ചു.

"ഞാൻ പോണു... ആരേലും കാണും"

"ഇവിടെ അങ്ങനെ ആളുകൾ വരില്ലെന്ന് എന്നേക്കാൾ നന്നായി തനിക്കറിയാം. പിന്നെ,  ഏത് ആളുകളാ? ഏഹ്?"

വിശ്വ തന്റെ പുരികം പൊക്കി ഒരു ചിരിയോടെ ഗാഥയോട് ചോദിച്ചു.

"ഞാൻ പോകുവാ..."

"മ്മ്... ശെരി. പിണക്കം മാറിയാൽ പൊയ്ക്കോ. ഇല്ലെങ്കിൽ പിന്നെ ഇനി എന്നെ കാണില്ല"

കേൾക്കാൻ പാടില്ലാത്തത് എന്തോ കേട്ടപോലെ അവൾ അവന്റെ മുഖത്തേക്ക് ഉറ്റുനോക്കി. തൊട്ടടുത്ത നിമിഷം അവൾ വിശ്വയെ കെട്ടിപ്പിടിച്ചു. അവൻ ചിരിച്ചുകൊണ്ട് അവളെ തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു.

"താൻ എന്നെ വിട്ട് പോകുമോ വിശ്വാ?"

"ഇല്ല. ഒരിക്കലുമില്ല. ഞാൻ എപ്പോഴും നിന്റെ കൂടെ തന്നെ കാണും"

ഗാഥയുടെ ഹൃദയത്തിൽ വിശ്വയോടുള്ള പ്രണയം അലയടിച്ചുകൊണ്ടിരുന്നു. അവൾ പുഞ്ചിരി തൂകി കൊണ്ട് അങ്ങനെ നിന്നു.
(തുടരും)
©ഗ്രീഷ്മ. എസ്

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ....
To Top