വൈകിട്ട് അമ്മ ഉണ്ടാക്കിയ ചക്കയപ്പം കഴിച്ചോണ്ടു ഇരിക്കുമ്പോൾ ആണ് വല്യച്ഛൻ കയറി വന്നത്..
ആ ..... ക്ലാസ്സ് ഒക്കെ എങ്ങനെ ഉണ്ട് മോളെ?
കുഴപ്പം ഇല്ല വല്യച്ചാ..
ബാക്കി പരീക്ഷ ഒക്കെ എഴുതി സ്ഥിരം ആകാൻ നോക്ക് കേട്ടോ..
ഉവ്വ്... വല്യച്ചാ...
മുത്തശ്ശി എവിടെ?
അകത്തുണ്ട്.. എന്താ വല്യച്ചാ വിളിക്കണോ?
വേണ്ട... ഇതു കൊടുക്കാൻ വന്നതാ... നീ ഏൽപ്പിച്ചാൽ മതി.
ഒരു പൊതി എടുത്തു എനിക്ക് നേരെ നീട്ടി..
നിങ്ങളും എടുത്തോ..
അകത്തു നിന്ന് വന്ന നിഖിലയെ കൂടി നോക്കി പറഞ്ഞു വല്യച്ഛൻ പോകാൻ ഇറങ്ങി..
ഇരിക്ക് വല്യച്ചാ... 'അമ്മ ചക്കയപ്പമുണ്ടാക്കിയിട്ടുണ്ട്..
വേണ്ട... വീട്ടിൽ അവളും ഉണ്ടാക്കിയിട്ടുണ്ട്... ഒരു ചക്ക രണ്ടായി പകുത്തത് ആണേ...
വല്യച്ഛൻ നടന്നു മറഞ്ഞപ്പോൾ ഞാനും നിഖിലയും കൂടി പൊതി അഴിച്ചു നോക്കി..
നാരങ്ങാമിട്ടായിയും തേൻ മിട്ടായിയും...
ഞാൻ നിഖിലയെ നോക്കി ചിരിച്ചു.
എനിക്ക് തോന്നിയിരുന്നു ചേച്ചി... ഇത് ഇടയ്ക്ക് പതിവ് ഉള്ളത് ആണ്... മുത്തശ്ശിക്ക് രണ്ടാം ബാല്യം എന്നാ വല്യച്ഛൻ പറയുന്നേ... ഒരു പങ്കു എനിക്കും കിട്ടും ...
അവൾ ഒരു നാരങ്ങാ മിട്ടായി എടുത്തു വായിലിട്ടു പറഞ്ഞു..
അകത്തേക്ക് മുത്തശ്ശിയുടെ അടുത്തേക്ക് അതും കൊണ്ടു ചെന്നു...
കാലും നീട്ടി കട്ടിലിൽ ഇരിക്കുകയായിരുന്നു ആള്...
പൊതി നീട്ടി...
ശങ്കരൻ കൊണ്ടു വന്നതാ ല്ലേ??
വേഗം പൊതി നീട്ടി വാങ്ങി ചോദിച്ചു.
കൊതിച്ചി.. എന്നും പറഞ്ഞു അവൾ അതിൽ നിന്നെടുത്തു..
മുത്തശ്ശി മോണ കാട്ടി ചിരിച്ചു.
പണ്ട് അവരുടെ അച്ഛൻ ജോലി കഴിഞ്ഞു വരുന്നതും കാത്തു രണ്ടാളും ഉമ്മറത് ഇരിക്കുമായിരുന്നു... കയ്യിൽ എന്തെങ്കിലും കാണും.... അതും കാത്തു...
മുത്തശ്ശി ഓർമയിൽ നിന്നെടുത്തു കൊണ്ട് പറഞ്ഞു..
ഇപ്പൊ ഞാൻ അവർക്ക് കുട്ടിയായി അല്ലെ മോളേ...
അഖിലയെ നോക്കി ചോദിച്ചു..
എത്ര പെട്ടെന്നാണ് കാലം പോയത്... അവരുടെ അച്ഛനെ കണ്ടതും കല്യാണം കഴിഞ്ഞതും മക്കൾ ആയതും ഒക്കെ ഇന്നലെ കഴിഞ്ഞ പോലെ... ഇപ്പൊ മക്കൾക്ക് മക്കൾ ആകാറായി...
അഖിലയെ നോക്കി ചിരിച്ചു കൊണ്ട് അവർ പറഞ്ഞു.
ഉണ്ണിയുടെയും നിന്റെയും കൂടെ കല്യാണം കൂടെ കണ്ടിട്ട് വേണം ഒന്ന് കണ്ണടയ്ക്കാൻ...
അഖിലയ്ക്ക് നെഞ്ചിൽ കൂടി ഒരു മിന്നൽ പാഞ്ഞു...
ഇത് എല്ലാ ആന്റിക് പീസുകളുടെയും അടവ് ആണ് ചേച്ചി... പെട്ടെന്ന് അങ്ങോട്ടു വന്ന നിഖില പറഞ്ഞു...
അഖില പക്ഷെ കണ്ണുരുട്ടി കാണിച്ചു അവളെ..
എന്താ മോളേ അവൾ ഇപ്പൊ പറഞ്ഞേ... ഈ കുരുത്തം കെട്ടവൾ എന്തൊക്കെയോ പറയാറുണ്ട് എനിക്ക് ഒട്ടും മനസിലാകാറില്ല..
ഒന്നും ഇല്ല മുത്തശ്ശി അവളുടെ ഓരോ വട്ട്..
വട്ട് ഒന്നും അല്ല... നിങ്ങൾ പ്രായം ആയവർ എന്തിനാ കണ്ണടയും എന്ന സെന്റിമെന്റ്‌സ് പറഞ്ഞു വെറുതെ എല്ലാവരെയും കല്യാണം കഴിപ്പിക്കാൻ നിൽക്കുന്നെ... ഇത് ഒരു സ്വാർത്ഥത അല്ലെ മുത്തശ്ശി... കല്യാണം കണ്ടിട്ട് അങ്ങു പോയാൽ സ്‌പെഷ്യൽ കൻസെഷൻ വല്ലതും ഉണ്ടോ??
മനുഷ്യന്മാർ സ്വന്തം കാലിൽ നിൽക്കാനും ഒരു ജോലി കണ്ടത്താനും ഒക്കെ ഒരു ലക്ഷ്യം വച്ചു നടക്കുമ്പോൾ തുടങ്ങും ഒരു കണ്ണടയുന്ന കാര്യം.. അതേ...... അങ്ങനെ എങ്ങാനും കണ്ണടഞ്ഞു പോയാൽ... പിന്നെ ചെക്കനെയും കൊണ്ടു അസ്ഥിതറയിൽ വന്നൊളാം... ജനിക്കുന്ന കൊച്ചിന് മുത്തശ്ശിയുടെ പേരും ഇടാം... കല്യാണിക്കുട്ടിയമ്മ എന്ന്... എന്താ...
അഖില വായും പൊളിച്ചു ഇരിപ്പാണ്..
മുത്തശ്ശിക്ക് ദേഷ്യം വന്നെന്ന് മുഖം കണ്ടാൽ അറിയാം...
ഈ അസ്സത്ത്... മുത്തശ്ശി തല്ലാനായി കൈ ഓങ്ങി... നിഖില ആണേൽ പൊട്ടിച്ചിരിച്ചുകൊണ്ട് ഇറങ്ങി ഓടി...
അവൾ പറയുന്നത് ഒന്നും എന്റെ മോള് കേൾക്കേണ്ട... കേട്ടോ... ഈ പ്രാവശ്യം ഉണ്ണി വരട്ടെ എല്ലാത്തിനും തീരുമാനം ഉണ്ടാക്കണം..
അഖിലയ്ക്ക് വല്ലാത്ത വീർപ്പുമുട്ടൽ തോന്നി.. പിന്നെ അവിടെ ഇരിക്കാൻ തോന്നി ഇല്ല... നേരെ ഇറങ്ങി മുറ്റതൊട്ടു നടന്നു... പറമ്പിൽ കൂടി ഇത്തിരി നടന്നു...
മനസ്സിൽ മുത്തശ്ശി പറഞ്ഞ വാക്കുകൾ ആയിരുന്നു... ഇനി ഉണ്ണിയെട്ടൻ വന്നാൽ...??
എങ്ങനെ പറയും ... അവതരിപ്പിക്കാൻ ധൈര്യം തരണേ എന്നു പ്രാർത്ഥിച്ചു... തടസങ്ങൾ ഉണ്ടാകല്ലേ എന്നവൾ ആശിച്ചു... ഇതുവരെ നാട്ടിൽ ഇങ്ങനെ ഒരു കല്യാണം നടന്നതായി അറിവില്ല... ദേവന് ഒരു ചുറ്റുവിളക്കും മാതാവിന് ഒരു കൂട് മെഴുകുതിരിയും നേർന്നു... ധൈര്യം തരണേ....
*******
പിറ്റേദിവസം രാവിലെ തന്നെ അമ്പലത്തിലേക്ക് പോയി... ഒന്ന് മനസ്സ് തുറന്ന് പ്രാർത്ഥിച്ചാൽ കുറച്ചു സമാധാനം കിട്ടും എന്നു തോന്നി... മഴ പെയ്തു തോർന്ന വഴിയിൽ കൂടി മെല്ലെ നടന്നു... പച്ച വിരിച്ച വഴിയിൽ കൂടി രാവിലെ ഉള്ള യാത്ര തന്നെ മനസിന് ഒരു ഉണർവ് തന്നു.... അമ്പലത്തിലേക്ക് കയറും മുൻപ് കുളത്തിലേക്ക് പോയി... പടവ് എത്തും മുൻപേ കേട്ടു ബഹളം... കുളിക്കാൻ ആൾക്കാർ ഉണ്ടെന്ന് തോന്നുന്നു... മെല്ലെ കടവിലേക്ക് ഇറങ്ങുമ്പോൾ തന്നെ കണ്ടു പ്രസാദെട്ടനും റോയിച്ചനും അപ്പുവും...
ഒന്ന് അമ്പരന്നു... എന്നെ തീരെ പ്രതീക്ഷിച്ചില്ല എന്നു തോന്നുന്നു... റോയിച്ചൻ ആകെ ചമ്മി നിൽക്കുന്നു... ഒരു തോർത്തു ആയിരുന്നു വേഷം... ആകെ നനഞ്ഞു നിൽക്കുന്നു... കണ്ണൊക്കെ ചുവന്നു ഇരിപ്പാണ്... പടിയിൽ നിൽക്കുകയായിരുന്ന റോയിച്ചൻ വേഗം വെള്ളത്തിൽ ഇറങ്ങി നിന്നു... പൊട്ടി വന്ന ചിരി അടക്കി ...
പ്രസാദെട്ടൻ വിശേഷങ്ങൾ ചോദിച്ചു... കാര്യങ്ങൾ പറഞ്ഞു വേഗം കാലും കഴുകി തിരിച്ചു കയറി... മുകളിൽ എത്തി ഒന്ന് തിരിഞ്ഞു നോക്കി... എന്നെ തന്നെ നോക്കി നിൽക്കുന്നു.... ഒന്ന് ചിരിച്ചു കണ്ണു ചിമ്മി കയറി വന്നു...
നടയിൽ നിന്ന് പ്രാര്ഥിച്ചപ്പോൾ വല്ലാത്ത സമാധാനം തോന്നി... എന്റെ ദേവന്റെ ദർശനം നേരത്തെ കിട്ടിയ ഒരു സന്തോഷം കൂടി ഉണ്ടായിരുന്നു... മടങ്ങുമ്പോൾ പ്രസാദെട്ടൻ ഒക്കെ പോയിരുന്നു... നടന്നു വന്നപ്പോൾ കണ്ടു ആൽത്തറയിൽ റോയിച്ചൻ... തോർത്തു പിഴിഞ്ഞെടുത്തു തോളിൽ ഇട്ടിട്ടുണ്ട്.... എന്നെ കണ്ടപ്പോൾ ഒന്ന് നോക്കി നിന്നു... അടുത്തേക്ക് ചെന്ന് ഇലച്ചീന്തിലെ ചന്ദനം ആ നെറ്റിയിൽ തൊട്ടു കൊടുത്തു... അത്ഭുതത്തോടെ റോയ് അവളെ നോക്കി...
കൃഷ്ണന്റെയും ക്രിസ്തുവിന്റെയും എല്ലാവരുടെയും അനുഗ്രഹം വേണ്ടേ നമുക്ക്??
ചിരിച്ചു കൊണ്ട് അവൾ ചോദിച്ചു..
അവനും ഇത്തിരി ചന്ദനം കയ്യിൽ എടുത്തു അവളുടെ കഴുത്തിലേക്ക് തൊട്ട് കൊടുത്തു... പ്രതീക്ഷിക്കാത്തത് കൊണ്ട് അവൾ ഒന്ന് വിറച്ചു....
ഇപ്പോൾ നിന്നെ മാത്രമേ ഞാൻ സ്വപ്നം കാണാറുള്ളൂ... പൂമ്പാറ്റപെണ്ണേ.... സ്വപ്നങ്ങൾ ഇത്രയും മനോഹരം ആണെന്ന് ഇപ്പോൾ ആണ് മനസിലായത്.... ഇന്ന് ഈ കഴുത്തിൽ ഇട്ടു തന്ന പോലെ നിന്റെ സിന്ദൂരരേഖ ചുമപ്പിക്കാൻ കാത്തു കാത്തു നിൽക്കുവാ ഞാൻ...
അവളുടെ കവിളൊന്ന് ചുവന്നു...
പെട്ടെന്ന് മുത്തശ്ശി പറഞ്ഞത് ഓർത്തു..
വീട്ടിൽ അടുത്ത വട്ടം ഉണ്ണിയേട്ടൻ വന്നാൽ കല്യാണം ആലോചിക്കാൻ പറയുന്നു...
അവൻ വരുമ്പോഴേക്കും അല്ലെ.. നമുക്ക് തീരുമാനം ആക്കാം പെണ്ണേ...
നീ വിഷമിക്കാതെ...
മ്മ്...
അല്ല.... ടീച്ചർക്ക് കോളേജിൽ പോകണ്ടെ??
വേണം..
വാ... നടക്കാം...
ഇരുവരും ഒരുമിച്ചു നടന്നു നീങ്ങി.. ഇടയ്ക്ക് വെള്ളം കെട്ടി നിൽക്കുന്ന ഇടത്തു റോയ് അവൾക്ക് നേരെ കൈ നീട്ടി... ആ കയ്യിൽ കോർത്തു പിടിച്ചു വെള്ളം മറികടന്നു നീങ്ങി... കൈ അപ്പോഴും വീട്ടിലായിരുന്നു... ഒടുവിൽ റോയിക്ക് മാറി പോകണ്ട വഴി എത്തിയപ്പോൾ കൈ അയഞ്ഞു...
പോകട്ടെ...
മ്മ്... അഖില തലയാട്ടി..
റോയ് നടന്നു തുടങ്ങിയപ്പോൾ അവൾക്കെന്തോ ഒരു നീറ്റൽ കണ്ണിലൂടെ പോയി...
റോയ്ച്ചാ....
അവൻ തിരിഞ്ഞു നോക്കി..
എന്താ പെണ്ണേ??
ഒരു നിമിഷം അവനെ ഒന്ന് നോക്കി .... ഒന്നുമില്ല എന്ന് തലയാട്ടി....
മെല്ലെ തിരിഞ്ഞു നടന്നു...
തോട്ടു വക്കത്തുള്ള താളിലകളിലെ വെള്ളം തട്ടി തെറിപ്പിച്ചു കൊണ്ടു നടന്നു നീങ്ങി...
വീട്ടിൽ ചെന്ന് ചായ കുടിച്ചു കഴിഞ്ഞു പിന്നെ ഡ്രസ് ഒക്കെ മാറാൻ മടി ആയി... ആ മുണ്ടും നേര്യതും ഉടുത്തു തന്നെ കോളേജിൽ പോയി..
പനി ഒക്കെ മാറി ഉമയും വന്നു...
പക്ഷെ മുഖത്തു ഒരു ക്ഷീണം കാണാം...
ബസ് സ്റ്റോപ്പിലേക്ക് കയറുമ്പോൾ തന്നെ അവൾ ചോദിച്ചു...
നിന്റെ ഇച്ചൻ എന്തിയെ ടി??
ങേ!!
ആ... റോയിച്ചൻ..
സത്യം പറഞ്ഞാൽ അവളുടെ ചോദ്യം കേട്ടു ചിരി വന്നു..
""ഇച്ചൻ"" മെല്ലെ മന്ത്രിച്ചു..
ടീ...!
അവളുടെ വിളി കേട്ട് ഒന്ന് ഞെട്ടി...
ആ... പോയി കാണും..
മ്മ്... ടീ എനിക്കിന്ന് കുറച്ചു സാധനം വാങ്ങാൻ ഉണ്ട്... ഞാൻ ക്ലാസ്സ് കഴിഞ്ഞു കോളേജിലേക്ക് വരാം... എന്നിട്ട് ഒരുമിച്ചു പോകാം...
ശരി..
അപ്പോഴേക്കും ബസ്സ് വന്നു...
ക്ലാസിലെ കുട്ടികളും ആയി ഒരു നല്ല സൗഹൃദം രൂപപ്പെടാൻ തുടങ്ങിയിരുന്നു... ആസ്വദിച്ചു ക്ലാസ്സ് തുടങ്ങുന്ന തലത്തിലേക്ക് ഉള്ള യാത്രയിൽ ആയിരുന്നു...
ഉച്ചയ്ക്ക് ഭക്ഷണ സമയത്തു ക്ലാസും കഴിഞ്ഞു ഇറങ്ങി വരുമ്പോൾ ആണ് ശരത് സാർ ബാഗും എടുത്തു കെമിസ്‌ട്രീ ഡിപാർട്മെന്റിൽ നിന്നും ഇറങ്ങി വരുന്നത് കണ്ടത്...
പെട്ടെന്ന് എന്നെ കണ്ടു.... നടത്തം നിന്നു..
അടുത്തേക്ക് ചെന്നു..
സാർ... പോകുവാണോ?
ആ.... വേറെ ഒരു ആവശ്യം ഉണ്ട്... നേരത്തെ പോകണം...
മ്മ്... ഞാൻ ശരി എന്ന രീതിയിൽ തലയാട്ടി നടക്കാൻ ആഞ്ഞപ്പോൾ ചോദിച്ചു..
ഉണ്ണി... ഉണ്ണി പോയോ?
കുറച്ചു ദിവസം ആയി പോയിട്ട്...
തിരിഞ്ഞു നിന്ന് പറഞ്ഞു..
ഒന്ന് ആലോചിച്ചു നിന്നു.. എന്നിട്ട് അവളെ നോക്കി ശരി എന്നും പറഞ്ഞു വേഗം പോയി.
വൈകിട്ട് ഉമ വന്നു കോളേജിലേക്ക് ... ഒരുമിച്ചു ഇറങ്ങി ...
ഓരോന്നും പറഞ്ഞു നടക്കുന്നിതിനിടയ്ക്ക് കാലൊന്ന് പാളി...
യ്യോ!
എന്താടി... ഉമാ ചോദിച്ചു..
ചെരിപ്പ് പൊട്ടി..
അവളൊന്നു കാലിലേക്ക് നോക്കി..
സാരമില്ല.. കുറച്ചപ്പുറം കട ഉണ്ട്.. വാ... വാങ്ങാം..
പൊട്ടിയത് ഇട്ടു നടക്കാൻ പ്രയാസം ആയതു കൊണ്ടു അതു കളഞ്ഞു..
നടന്നു നീങ്ങുന്നിതിനിടയിൽ ആണ് കാലിൽ എന്തോ കുത്തി കയറിയത്..
ആ..!!
കണ്ണിൽ നിന്നും ചോര പൊടിഞ്ഞു എന്നു പറയാം.. വീഴാൻ ആഞ്ഞതും ഉമയെ ശക്തിയിൽ പിടിച്ചു..
എന്താടി?!!?
എന്റെ കാൽ..
അവൾ മുണ്ട് നീക്കി... കാലിൽ നിന്ന് ചോര കുത്തി ഒലിക്കുന്നു..
യ്യോ... എന്തോ കൊണ്ടതാ പെണ്ണെ..
നോക്കിയപ്പോൾ കൂർത്ത കുപ്പിച്ചില്ലു ഒരെണ്ണം തറഞ്ഞു കയറിയിരിക്കുന്നു..
വേദന കൊണ്ട് കരയാൻ തുടങ്ങി...
അഖിലേ.... ഇവിടെ ഹോസ്പിറ്റൽ ഒന്നും ഇല്ല ... വാ ഓട്ടോ ഒരെണ്ണം പിടിക്കാം... എന്നിട്ട് സിറ്റി ഹോസ്പിറ്റലിലേക്ക് പോകാം..
ഉമ ആകെ പേടിച്ചിരിക്കുന്നു എന്നു മുഖം കണ്ടാൽ അറിയാം..
വേഗം ഒരു ഓട്ടോ പിടിച്ചു..
പിന്നെ ഹോസ്പിറ്റലിൽ എത്തി വേഗം കാൽ ക്ളീൻ ചെയ്യാനും മറ്റും തുടങ്ങി... ഡോക്ടർ വന്നു കുപ്പിച്ചില്ലു എല്ലാം വലിച്ചെടുത്തു ഡ്രസ് ചെയ്തു... കണ്ണിൽ ആകെ ഇരുട്ട് കയറും പോലെ തോന്നി... കൈ പിടിച്ചു ഉമാ കൂടെ തന്നെ ഉണ്ടായിരുന്നു..
പെട്ടെന്നാണ്.... ഒരു വീൽ ചെയർ തള്ളി കൊണ്ടു ശരത് സാർ അകത്തേക്ക് വന്നത്... കുറച്ചു പ്രായം ഉള്ള സ്ത്രീ ആയിരുന്നു കൂടെ ഉള്ളത്... അവിടെ ഉള്ള ഡോക്ടറോട് സംസാരിക്കുകയും റിപ്പോർട്ട് കാണിക്കുകയും ചെയ്യുന്നു..
എന്റെ നോട്ടം കണ്ടിട്ടാവും.. ഉമ ചോദിച്ചു
ആരാടി അത്?? ഒരു യുവ സുന്ദരൻ?
കോളേജിലെ സാർ ആണ്... ഉണ്ണിയേട്ടന്റെ ക്ലാസ് മേറ്റ്...
ഓ... ഇതാണോ ആള്...
മ്മ്..
ഡോക്ടറോട് സംസാരിച്ചു തിരിഞ്ഞപ്പോൾ ആണ് അഖിലയെ ശരത്ചന്ദ്രൻ കാണുന്നത്..
പെട്ടെന്ന് ഒന്നതിശയിച്ചു.. പിന്നെ വീൽ ചെയർ തള്ളി കൊണ്ട് തന്നെ അടുത്തേക്ക് വന്നു... ആ സ്ത്രീ മനസിലാകാതെ തിരിഞ്ഞി സാറിനെ നോക്കുന്നുണ്ട്..
അടുത്തു എത്തി...
കാലിലേക്ക് നോക്കി..
എന്തു പറ്റി അഖില??
സ്വരത്തിൽ ഇത്തിരി പരിഭ്രമം ഉണ്ടായോ?? അഖില ആലോചിച്ചു..
ഉമാ കാര്യങ്ങൾ പറഞ്ഞു.
ആരാ ചന്ദ്രു ഇത്?
അമ്മേ... കോളേജിലെ ടീച്ചർ ആണ്.. എന്റെ ക്ലാസ്സ്മേറ്റ് ന്റെ അനിയത്തിയും...
അവർ ചിരിച്ചു കൊണ്ട് അഖിലയെ നോക്കി.. അവളെ ആകെ മൊത്തം ഒന്നു നോക്കി..
ശ്രദ്ധിച്ചു നടക്കണ്ടേ മോളേ??
അഖില ചിരിച്ചതെ ഉള്ളു...
സാർ ഇവിടെ?
അമ്മയെ കാണിക്കാൻ എല്ലാ മാസവും ഉള്ളതാണ്..
സ്ട്രോക്ക് വന്നതാ മോളേ... ഒരു വശം സ്വാധീനക്കുറവ് ഉണ്ട്.. നടക്കാൻ വയ്യ..
അവരെ കണ്ടപ്പോൾ എന്തോ അവൾക്കൊരു വിഷമം തോന്നി...
എന്നാൽ നമുക്ക് ഇറങ്ങാം അഖിലേ...
ഉമാ പറഞ്ഞു..
എങ്ങനെയാ മോളേ പോകുന്നേ... ആ 'അമ്മ ചോദിച്ചു..
ഓട്ടോ പിടിക്കണം അമ്മേ... ഈ കാലും വെച്ചു ബസ്സിൽ പോകാൻ പറ്റില്ലല്ലോ?
എന്നാൽ ഞങ്ങടെ ഒപ്പം വാ മോളേ... ഞങ്ങൾ കൊണ്ടു വിടാം... ഇവൻ കാർ കൊണ്ട് വന്നിട്ടുണ്ട്..
ശരത് ഒന്ന് ഞെട്ടി..
അത്... അത് വേണ്ടമേ... ഞങ്ങൾ പൊയ്ക്കോളം .. നിങ്ങൾക്ക് ബുദ്ധിമുട്ട് ആകും..
ഇല്ല കുട്ടി... ചന്ദ്രു ഒന്ന് പറയൂ... കാലിനു കൂടുതൽ ബലം കൊടുത്താൽ നല്ലതല്ല..
ശരത്ചന്ദ്രൻ എന്തു പറയണം എന്നറിയാതെ നിന്നു...
ചന്ദ്രു!! അവർ ഒന്നും കൂടി വിളിച്ചു..
വാ... അഖില ഞങ്ങൾ കൊണ്ടു വിടാം... കുറച്ചു ദൂരം അല്ലെ ഉള്ളു...
ഉമയെ നോക്കിയപ്പോൾ അവൾ സമ്മതം എന്ന രീതിയിൽ കൺ ചിമ്മി..
അങ്ങനെ ശരത്ചന്ദ്രന്റെ കാറിൽ വീട്ടിലേക്ക് മടങ്ങി..
കാർ ടൌൺ കടന്ന് ഞങ്ങളുടെ നാടിന്റ പച്ചപ്പിനിടയിലൂടെ നീങ്ങി...
(തുടരും)
ലൈക്ക് ചെയ്ത അഭിപ്രായങ്ങൾ കമന്റ് ചെയ്യണേ കൂട്ടുകാരെ...
രചന: ഋതു