രചന: Ullas Os
ഏട്ടാ,,,,,, സുധിയേട്ടാ...ഒന്നിങ്ങു വരൂ. ഒരൂട്ടം കാണിച്ചു തരാം... മിത്ര രാവിലെ തന്നെ മുറ്റത്തു നിന്നു വിളിച്ചു കൂവുന്നുണ്ട്.
കുറേ വിളിച്ചു കൂവി എങ്കിലും അവൾക്ക് മറുപടി ഒന്നും കിട്ടിയില്ല.
അമ്മേ, സുധിയേട്ടൻ ഉണർന്നില്ലേ ഇതുവരെ.? അവൾ ചെറിയ ഒരു ദേഷ്യത്തോടെ അടുക്കളയിലേക്ക് വന്നു..
ആവോ,,, ഇന്നലെ കുറേ ലേറ്റ് ആയല്ലേ അവൻ വന്നു കിടന്നത്. അതോണ്ട് എണീറ്റില്ല ഇതുവരെ. മിത്രയുടെ കൈയിലേക്ക് ഒരു കപ്പ് കാപ്പി കൊടുത്ത്കൊണ്ട് അവർ പറഞ്ഞു.
നീ എന്തിനാ അവനെ കാലത്തെ വിളിച്ചത്.. ആകെ കിട്ടുന്ന ഒരു ഞായറാഴ്ച അല്ലേ അവൻ ഉറങ്ങാൻ പറ്റൂ. സാമ്പാറിലേക്കുള്ള കഷണങ്ങൾ ഒക്കെ എടുത്തു വെള്ളത്തിലേക്ക് ഇട്ടുകൊണ്ട് അവർ മകളെ നോക്കി.
മിത്ര അമ്മയോട് ഒന്നും പറയാതെ അടുക്കളയിൽ നിന്നും ഇറങ്ങി പോയി.
മുത്തശ്ശി കാലത്തെ എഴുനേറ്റ്, എന്ന് അവൾക്കു മനസിലായി പൂജാമുറിയിൽ നിന്നും ഉയർന്നുവരുന്ന ചന്ദനത്തിരിയുടെ സുഗന്ധം അവിടമാകെ പടർന്നു..
അമ്മ പറഞ്ഞതുപോലെ ഏട്ടൻ ക്ഷീണിച്ചു കിടന്നു ഉറങ്ങുവാണോ... ബ്രഹ്മമുഹൂർത്തത്തിൽ ഉണരണം എന്നാണ് കാരണവന്മാർ പറയുന്നത്.
അങ്ങനെ പറഞ്ഞ സ്ഥിതിക്ക് ഇപ്പോൾ 7മണി കഴിഞ്ഞു.
തല മുഴുവൻ പുതച്ചുമൂടി കിടന്നു സുഖ ഉറക്കത്തിൽ ആണ് ഇഷ്ടൻ.
ഏട്ടാ,, സമയം എത്ര ആയിന്നു അറിയുമോ.വേഗം എണിറ്റു വാ, ഒരു കൂട്ടം കാണിച്ചു തരാം, അവൾ ചേട്ടന്റെ തോളിൽ പിടിച്ചു കുലുക്കി.
ഏട്ടാ ഏട്ടാ... അവൾ വീണ്ടും വിളിച്ചു.
എന്റെ പൊന്നു മോളേ, ഞാൻ കുറച്ചു കൂടി ഒന്ന് കിടക്കട്ടെ,ആകെ കിട്ടുന്ന ഒരു സൺഡേ ആണ്, അവൻ ചെറുതായൊന്നു തല പൊക്കിയിട്ട് അവളോട് പറഞ്ഞു, എന്നിട്ട് അതേപോലെ തന്നെ പുതച്ചു കിടന്നു
മിത്ര കുറച്ചു വിഷമത്തോടെ എഴുനേറ്റു,
അയ്യോ അമ്മേ.. സുധി നിലവിളിച്ചത് മിത്ര അവനിട്ടു ഒന്ന് കൊടുത്തിട്ടാണെന്നു മനസിലാക്കിയ അവൾ വേഗം പുറത്തേക്ക് ഓടി.
അടുക്കളയിൽ വന്നപ്പോൾ അമ്മയും മുത്തശ്ശിയും ചായ കുടിച്ചുകൊണ്ട് ഇരിക്കുകയാണ്.
അവൻ അവിടെ കിടന്നു ഉറങ്ങട്ടെ, നീ എന്തിനാ കുട്ട്യേ ഒച്ച വെയ്ക്കണത്.
മുത്തശ്ശി അവളെ വാത്സല്യത്തോടെ നോക്കി.
അവൾ ആരോടും ഒന്നും മിണ്ടാതെ മുറ്റത്തേക്ക് ഇറങ്ങി പോയി.
വിശാലമായ മുറ്റത്തിന്റെ കിഴക്ക് വശം മുഴുവനും പൂന്തോട്ടം ആണ്.മറുവശത്തു അമ്മയുടെയും മുത്തശ്ശിയുടെയും അടുക്കളത്തോട്ടം, പൂന്തോട്ടം നിറയെ പലതരത്തിൽ ഉള്ള റോസാ പൂക്കൾ ആണ്,മുറ്റത്തിന്റെ കോണിൽ നിൽക്കുന്ന ചെമ്പകമരത്തിൽ ഓലേഞ്ഞാലി കുരുവി വന്നിരുപ്പുണ്ട്,മരച്ചില്ല ആടിയപ്പോൾ കുറച്ചു ചെമ്പക പൂക്കൾ ഭൂമിദേവിയുടെ സ്പർശനം ഏറ്റുവാങ്ങാനായി മണ്ണിലേക്ക് പതിച്ചു, കുറ്റിമുല്ല നിറയെ മുല്ലപ്പൂക്കൾ ആണ്,ചെണ്ടുമല്ലിയും ജമന്തിയും, അരളിയും എന്ന് വേണ്ട എല്ലാ തരത്തിലും ഉള്ള പൂക്കൾ ഉണ്ട് ആ പൂന്തോട്ടത്തിൽ. എല്ലാത്തിനും ഉപരിയായി വരുന്ന ഇലഞ്ഞിമരപ്പൂമണം അവിടമാകെ സുഗന്ധപൂരിതമാക്കി. മഞ്ഞുകണങ്ങളുടെ മുത്തം ഏറ്റു വാങ്ങിക്കൊണ്ടു ഓരോ റോസാപൂക്കളും നിൽക്കുന്നു, സുധി കൊണ്ടവന്ന ഒരു പ്രത്യേക തരം റോസാചെടി ആണ്, അത് കുറച്ചു ദിവസമായി മൊട്ടിട്ട് നിൽക്കുന്നു, മിത്ര ഇന്ന് കാലത്തെ നോക്കിയപ്പോൾ അത് പൂത്തുലഞ്ഞു അവിടമാകെ പരിമളം വിടർത്തി നിൽക്കുകയാണ്. അവൾ അത് കാണിക്കുവാനാണ് സുധിയെ വിളിച്ചു ബഹളം വെച്ചത്.
സുധിയേട്ടൻ ഇത്തിരി തിരക്കിലാണ്, നിന്നെ കാണാൻ കുറച്ചു കഴിഞ്ഞു വരും കെട്ടോ. അവൾ ആ പുതിയ റോസാപൂവിനെ തഴുകി. പെട്ടന്നവളുടെ കണ്ണുകൾ രണ്ടും പിന്നിൽ നിന്നു ആരോ പൊത്തി.
വേണ്ട, വേണ്ട,,, ഏട്ടനോട് ഞാൻ പിണക്കമാ.... അവൾ ചിണുങ്ങി.
എന്റെ കാന്താരി പെണ്ണേ,,, നിന്റെ ഒരു കാര്യം.. നൂറായിരം പ്രശ്നങ്ങൾ ഉണ്ട് എനിക്ക്, അതിന്റെ ഇടക്ക് ആണ് ആകെ ഒരു സൺഡേ ഉറങ്ങുന്നത്
അവൻ മിത്രയെ തനിക്ക് അഭിമുഖം ആയി നിർത്തിക്കൊണ്ട് അവളുടെ താടി പിടിച്ചു കുലുക്കി.
പിന്നേ പിന്നേ, ഏട്ടനെന്താ ഈ നൂറായിരം പ്രശ്നങ്ങൾ..പെണ്ണുകെട്ടിയില്ല, മക്കൾ ഇല്ല, പിന്നെന്താ ഇത്ര പ്രശ്നങ്ങൾ, അവൾ രണ്ടു കൈകളും എളിക്ക് കുത്തികൊണ്ട് ചോദിച്ചു.
എടീ മോളേ, പെണ്ണുകെട്ടി, മക്കൾ ഉള്ളവർക്കാ പ്രശ്നം എന്ന് നിന്നോട് ആരാ പറഞ്ഞത്, അതിലും വലിയ പ്രശ്നം മോള് കേൾക്ക്, നമ്മളുടെ ആന്മരിയ ഇല്ലേ, അവൾ ലണ്ടനിൽ പോകുവാന്നു, അവൾ ഈ സാറ്റർഡേ വരെ ഹോസ്പിറ്റലിൽ ഒള്ളൂ,അവൾ ആയിരുന്നു നമ്മളുടെ ഹോസ്പിറ്റലിൽ ഉള്ളതിൽ വെച്ച് നല്ല ഒരു ഡോക്ടർ, ഇനി ആരാ പകരം നല്ല ഒരു പീഡിയാട്രീഷൻ, ഈ ഒരാഴ്ച കൊണ്ട് കിട്ടണം, അവൻ ആകുലതയോടെ പറഞ്ഞു.
അയ്യോ, അതെന്താ ഇങ്ങനെ അവസാന നിമിഷം പറഞ്ഞാൽ എങ്ങനെ ശരിയാകും, പകരം ഒരാളെ കിട്ടണ്ടേ ഏട്ടാ.. മിത്ര ചിന്താധീനയായി.
മ്, എന്തേലും ചെയ്യണം. അതിന്റെ തിരക്കിൽ ആണ് ഞാൻ.
ആഹ് ഈ റോസിൽ പൂവ് ഉണ്ടായോ, ബ്യൂട്ടിഫുൾ. പെട്ടന്ന് സുധി അഹ്ലദാത്തോടെ ആ റോസാച്ചെടിയിൽ നോക്കി.
ഇത് കാണിക്കുവാൻ ആണ് ഞാൻ ഈ ഒച്ച എല്ലാം വെച്ചത്. അവൾ ഏട്ടനോട് ചേർന്ന് നിന്നു.
രണ്ടാളും കൂടി പൂന്തോട്ടം എല്ലാം നിരീക്ഷിച്ചു.
മിത്ര.... ഇന്ന് ഏകാദശി ആണ്, നീ ഇന്ന് അമ്പലത്തിൽ പോകുന്നില്ലേ, അവർക്കരികിലേക്ക് വന്ന അമ്മ മകളോട് ചോദിച്ചു.
അയ്യോ ഏട്ടാ ഞാൻ അത് മറന്നു, ടു മിനിറ്റ്, ഇപ്പോൾ റെഡി ആകാം.. അതും പറഞ്ഞു അവൾ ഓടി.
ഹോ എനിക്കിന്ന് കുറച്ചു തിരക്കുണ്ടായിരുന്നു, ഒരു മീറ്റിംഗ് ഞാൻ വിളിച്ചുകൂട്ടിയതാ, സുധി അക്ഷമനായി.
പെട്ടന്ന് തൊഴുത്തിട്ട് പോകാം മോനെ, നീ റെഡി ആകു.. അമ്മ മകനെ സമാധാനിപ്പിച്ചു.
സുധിയും മനസില്ലാമനസോടെ അമ്മയുടെ പുറകെ പോയി.
ഇത് പാഥേയം കുടുംബം. പാഥേയത്തിൽ ഗോപിനാഥവർമ്മയുടെയും ഗീതാദേവിയുടെയും മക്കൾ ആണ് സുധി എന്ന അവിനാഷും മിത്ര എന്ന മിത്രവിന്ദയും.
സുധി ഡോക്ടർ ആണ്, അച്ഛന്റെയും മുത്തശ്ശന്റെയും കാലശേഷം അവരുടെ തന്നെ ഹോസ്പിറ്റൽ ആയ വർമാസ് സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റൽ നോക്കി നടത്തുന്നത് സുധി ആണ്. അതുകൊണ്ട് സുധി എപ്പോളും തിരക്കിൽ ആണ്, മിത്രക്ക് ആണെങ്കിൽ വൈദ്യശാസ്ത്രം തീരെ ഇഷ്ടം അല്ല. അതുകൊണ്ട് അവൾ എൻജിനീയറിങ് ആണ് തിരഞ്ഞെടുത്തത്. മിത്രയും അവളുടെ കോഴ്സ് കംപ്ലീറ്റ് ആക്കി പുതിയ ജോലിക്ക് തയ്യാറാടുക്കുന്നു.
രണ്ടുപേരും അവിവാഹിതർ ആണ്, ഏട്ടനെ കെട്ടിച്ചിട്ടു മാത്രം തന്റെ വിവാഹം എന്നാണ് മിത്രയുടെ നിലപാട്.
ഏട്ടാ...ആം റെഡി. മിത്ര വിളിച്ചു പറഞ്ഞു.
സുധി ഒരുങ്ങി വന്നപ്പോൾ മിത്ര ഒരു മഞ്ഞ നിറം ഉള്ള ചുരിദാർ അണിഞ്ഞു അതീവ സുന്ദരി ആയി അമ്പലത്തിൽ പോകാൻ റെഡി ആയി ഇരിക്കുന്നു.
രണ്ടു പേരും കൂടി വേഗം അമ്പലത്തിലേക്ക് പോയി.
ഏകാദശി ആയതിനാൽ കുറച്ചു തിരക്കുണ്ടായിരുന്നു, സുധിക്ക് തിരക്കുണ്ടായിരുന്നത് കൊണ്ട് അവർ രണ്ടാളും വേഗം വഴിപാട് നടത്തി, തൊഴുതു ഇറങ്ങി.
ഏട്ടാ ഇനി എന്താ നെക്സ്റ് പ്രോഗ്രാം, ആര്യാസ് അല്ലേ,, കാറിലേക്ക് കയറവേ മിത്ര സഹോദരനെ നോക്കി.
അയ്യോ, ഇപ്പോൾ തന്നെ ലേറ്റ് ആയി, എന്റെ മിത്തു അടുത്ത ആഴ്ച നമ്മൾക്ക് മസാല ദോശ കഴിക്കാം.. സുധി വണ്ടി തിരിച്ചുകൊണ്ടു പറഞ്ഞു. പുതിയ പീഡിയാട്രീഷനെ എടുക്കുന്നതും ആയി ബന്ധപെട്ടു ഒരു മീറ്റിംഗ് ഞാൻ വിളിച്ചിട്ടുണ്ട്. സുധി അനിയത്തിയെ നോക്കി.
പോക്കറ്റ് റോഡ് കഴിഞ്ഞു പ്രധാന റോഡിലേക്ക് ഇറങ്ങിയതും ഒരു പെൺകുട്ടി കാറിന്റെ മുൻപിലേക്ക് വന്നതും ഒരുമിച്ചായിരുന്നു. സ്പീഡ് കുറഞ്ഞയത് കൊണ്ട് ഒരു അപകടം ഒഴിവായി.
ഓഹ് ഗോഡ്... സുധിയും മിത്രയും ഒരുപോലെ അലറി വിളിച്ചുകൊണ്ട് കാർ തുറന്നു പുറത്തേക്ക് ഇറങ്ങി.
മിത്ര ഓടിച്ചെന്നു ആ പെൺകുട്ടിയെ പിടിച്ചെഴുനേൽപ്പിച്ചു. അവളുടെ കൈയുടെ മുട്ട് പൊട്ടി രക്‌തം വരുന്നുണ്ടയിരുന്നു, അധരത്തിലും അവൾക്ക് നീറ്റൽ അനുഭവപെട്ടു.
എന്തേലും പറ്റിയോ, ഏട്ടാ വേഗം വണ്ടി എടുക്ക്, നമ്മൾക്കു ഹോസ്പിറ്റൽ കൊണ്ട് പോകാം,, മിത്ര ധൃതി കാട്ടി.
സാരല്യ, ഞാൻ പോയ്കോളാം,അവൾ കൈമുട്ട് മടക്കി പിടിച്ചിരിക്കുക ആണ്.
എവിടെ നോക്കിയാണ് നീ ഒക്കെ നടന്നത്, രാവിലെ മനുഷ്യനെ ബുദ്ധിമുട്ടിക്കാൻ ഓരോരോ മാരണങ്ങൾ... സുധി തന്റെ വാച്ചിലേക്ക് നോക്കി പറഞ്ഞു.
ഏട്ടാ.. ഒന്ന് നിർത്തുന്നുണ്ടോ, മിത്ര സുധിയെ തറപ്പിച്ചു ഒന്ന് നോക്കി.
ആ നായ കുറുകെ വന്നു കുരച്ചപ്പോൾ ഞാൻ കരുതി അത് കടിക്കും എന്ന്, അപ്പോൾ ആണ് പെട്ടന്ന് കാർ വന്നത്, ഞാൻ കണ്ടില്ലാരുന്നു, മിത്രയോട് അത് പറയുമ്പോൾ ആ പെൺകുട്ടിയുടെ കണ്ണ് നിറഞ്ഞു.
സാരമില്ല,, വരൂ നമ്മൾക്കു ഒന്ന് ഹോസ്പിറ്റലിൽ പോകാം, എന്നിട്ട് പോയാൽ മതി, മിത്ര അവളുടെ കൈയിൽ പിടിച്ചു..
വേറെ പ്രോബ്ലം ഒന്നും ഇല്ലെങ്കിൽ പിന്നെന്താ മിത്ര.. സുധി അനുജത്തിയെ നോക്കി.
നിക്ക് കുഴപ്പം ഒന്ന് ഇല്ലാ, ഞാൻ പോയ്കോളാം, അതും പറഞ്ഞു അവൾ മിത്രയുടെ കൈ വിടുവിച്ചു.
പെട്ടന്നവൾക്ക് കണ്ണിൽ ഇരുട്ട് കയറണത് പോലെ തോന്നി,
ഏട്ടാ.. മിത്ര ഉറക്കെ വിളിച്ചു.
സുധി വേഗം പിടിച്ചില്ലായിരുന്നു എങ്കിൽ അവൾ വീണു പോയേനെ.
ഇവളും അമ്പലത്തിൽ പോയതാണെന്ന് സുധിക്ക് തോന്നി, നെറ്റിയിൽ അണിഞ്ഞിരിക്കുന്ന ചന്ദനക്കുറിക്ക് അപ്പോളും ഈർപ്പം ഉണ്ടായിരുന്നു , അവളുടെ മേനിയിൽ നിന്നും ഉയർന്നുവന്ന പനിനീരിന്റെ സുഗന്ധം
അവന്റെ നാസികയിൽ തുളച്ചുകയറി.
മിത്ര, നീ വേഗം കുറച്ചു വെള്ളം എടുക്ക്, കാറിന്റെ അകത്തു ഇരിപ്പുണ്ട്,സുധി പറഞ്ഞതും മിത്ര വേഗം വെള്ളം എടുത്തു.
മിത്ര അവളുടെ മുഖത്തേക്ക് വെള്ളം തളിച്ചു,പെട്ടന്നവൾ അവളുടെ ഇമകൾ ചലിപ്പിച്ചു.
കണ്ണു തുറന്നപ്പോൾ അവൾ സുധിയുടെ കൈകളിൽ ആണ്, അവൾ വേഗം പിന്നോട്ട് മാറി.
മിത്ര അവളുടെ കൈയിൽ പിടിച്ചുകൊണ്ട് കാറിലേക്ക് കയറി. നമ്മൾക്ക് ഹോസ്പിറ്റലിൽ പോകാം, ഏട്ടാ വണ്ടി എടുക്ക്. ഇതും പറഞ്ഞു മിത്രയും കയറി.
പത്തു മണിക്ക് ആണ് മീറ്റിംഗ് വിളിച്ചു കൂട്ടിയത്, ഇപ്പോൾ തന്നെ പതിനൊന്നു ആയി.സുധിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു.
എന്നെ ആ ജംഗ്ഷനിൽ ഇറക്കിയാൽ മതി, ഞാൻ പോയ്കോളാം, അവൾ പിറുപിറുത്തു.
ഒരു മണിക്കൂറിനുള്ളിൽ നമ്മൾക്കു തിരിച്ചു വരാം, മിത്ര അവളുടെ കയ്യിൽ പിടിച്ചു.
ഫോൺ കാറിന്റെ അകത്തായതിനാൽ സുധി അത് ശ്രദ്ധിച്ചില്ലയിരുന്നു, അത് എടുത്തു നോക്കിയതും കുറേ മിസ്സ്ഡ് കാൾ, എല്ലാം ഹോസ്പിറ്റലിൽ നിന്നാണ്.
സുധി പെട്ടന്ന് കണ്ട നമ്പറിൽ തിരിച്ചു വിളിച്ചു.
ഹലോ ആ അശ്വിൻ, ഞാൻ ഇപ്പോൾ വരാം, ഓഹ് ഒന്നും പറയേണ്ട, ഓരോ വയ്യാവേലി... സുധി ഫോൺ വെച്ച്. കാർ വേഗത്തിൽ മുൻപോട്ട് എടുത്തു.
ഞാൻ ഇവിടെ നിന്നും ഒരു ഓട്ടോക്ക് പോയ്കോളാം,
ജംഗ്ഷൻ എത്തിയതും ആ പെൺകുട്ടി വീണ്ടും മിത്രയോട് പറഞ്ഞു,
മിത്ര അവളെ കണ്ണുരുട്ടി കാണിച്ചു.
ഹോസ്പിറ്റലിൽ എത്തിയതും സുധി വേഗം അകത്തേക്ക് പോയി, അതിനു മുൻപ് അവൻ മിത്രക്ക് വേണ്ട നിർദ്ദേശം കൊടുത്തിരുന്നു.
മിത്ര നേരെ കാഷുവാലിറ്റിയിൽ ചെന്നു അവിടുത്തെ ഡോക്ടറെ കണ്ടു,
വേറെ പ്രോബ്ലം ഒന്നുമില്ല മാഡം,ബോഡി കുറച്ചു വീക്ക് ആണ്, ആൾ കുറച്ചു പേടിച്ചു, കൈക്ക് ഫ്രാക്ചർ ഒന്നുമില്ല. ഡ്യൂട്ടി ഡോക്ടർ മിത്രയോട് പറഞ്ഞു.
ഡ്രിപ്പിന്റെ ആവശ്യം ഉണ്ടോ, മിത്ര വീണ്ടും ഡ്യൂട്ടി ഡോക്ടറോട് ചോദിച്ചു.
കുഴപ്പമില്ല കുട്ടി, ശരിയായിക്കോളും.. പെട്ടന്നവൾ മിത്രയുടെ കൈയിൽ പിടിച്ചു.
ഇതിനോടിടക്ക് അവൾ മിത്രയോട് ഫോൺ മേടിച്ചു അവളുടെ വീട്ടിലേക്ക് വിളിച്ചു,ഹോസ്പിറ്റൽ പേര് ഒക്കെ പറഞ്ഞു കൊടുത്തിരുന്നു.
കുറച്ചു കഴിഞ്ഞതും അവളുടെ വീട്ടിൽ നിന്നും അച്ഛനും അമ്മയും വന്നു,
അനുമോളെ.... അവളുടെ അമ്മ കരഞ്ഞുകൊണ്ട് വിളിച്ചു.
ഇല്ല അമ്മേ, ഒന്നും പറ്റിയില്ല, അമ്മ എന്തിനാ ഇങ്ങനെ കരയണത്,
മിത്ര സംഭവിച്ച കാര്യങ്ങൾ ഒക്കെ അവരോട് പറഞ്ഞു,
വേറെ പ്രോബ്ലം ഒന്നും ഇല്ലാത്തത്കൊണ്ട് അവർ വീട്ടിലേക്ക് പോകുവാൻ തയ്യാറയി.
മിത്ര കൊണ്ട് ചെന്നു വിടാം എന്ന് പറഞ്ഞെങ്കിലും അവർ അത് കൂട്ടാക്കിയില്ല, ഒരു ഓട്ടോയിൽ ആണ് അവർ വന്നത്, അതിൽ പോയ്കോളാം എന്നും പറഞ്ഞു അവർ മിത്രയോട് യാത്ര പറഞ്ഞു.
എന്തെങ്കിലും ഉണ്ടെങ്കിൽ വിളിച്ചാൽ മതി, പോകാൻ നേരം മിത്ര അവളുടെ കൈയിൽ പിടിച്ചു.
അവിനാശ് എത്തിയപ്പോൾ മിത്ര വെറുതെ അവന്റെ ഫോണിൽ നോക്കി ഇരിക്കുന്നു,
എന്തായി കാര്യങ്ങൾ.. അവൻ അങ്ങോട്ട് വന്നു.
ആ കുട്ടി പോയി, അവളുടെ അച്ഛനും അമ്മയും വന്നു, മിത്ര ഏട്ടനോട് കാര്യങ്ങൾ പറഞ്ഞു.
മ്... എന്നാൽ വരൂ മിത്തുകുട്ടി നമ്മൾക്ക് പോകാം.. ആര്യാസിൽ കയറേണ്ട, വിശന്നിട്ടു വയ്യ. സുധി അവളെ നോക്കി ചിരിച്ചു.
മിത്രയും എഴുനേറ്റു, രണ്ടാളും കൂടി പുറത്തേക്ക് പോയി.
ഏട്ടൻ ആ പെൺകുട്ടിയോട് ദേഷ്യപ്പെടണ്ടായിരുന്നു, പാവം,, അത് പറഞ്ഞില്ലേ ആ നായ കുരച്ചുവന്നപ്പോൾ പേടിച്ചതാണെന്നു. മിത്ര അല്പം ഗൗരവത്തിൽ പറഞ്ഞു.
ഓഹ് പിന്നേ,,, നൂറായിരം പ്രശ്നങ്ങൾ ഉള്ളപ്പോൾ, നീ പോ മിത്ര, അഥവാ എന്തേലും സംഭവിച്ചാൽ നമ്മൾ അകത്തു പോകും, നിനക്ക് അറിയാമോ.. അവനും ഒച്ച വെച്ചു.
പിന്നീട് മിത്ര ഒന്നും പറഞ്ഞില്ല.
രണ്ടുപേരും കൂടി തിരികെ വീട്ടിൽ എത്തിയപ്പോൾ കുറച്ചു വൈകിയിരുന്നു.
ശിവ ശിവ... എന്തേലും ആ പെൺകുട്ടിക്ക് പറ്റിയിരുന്നെങ്കിൽ എന്തായേനെ.. മുത്തശി കണ്ണടച്ച് ദൈവത്തിനു നന്ദി പറഞ്ഞു.
നിനക്ക് കുറച്ചു സ്പീഡ് കൂടുതലാ, അത് പറയാതെ വയ്യ. ഗീതദേവി അത് പറഞ്ഞപ്പോൾ മിത്രയും മുത്തശ്ശിയും അത് പിന്താങ്ങി.
ഓഹ് എല്ലാവരും തുടങ്ങിക്കോ, എവിടെയോ കിടന്ന ഒരുത്തി വന്നു വട്ടം ചാടിയതും പോരാ നിങ്ങൾ എല്ലാവരും എന്നോട് ഒച്ച വെയ്ക്കുവാനോ. അതും പറഞ്ഞു കുറച്ചു ദേഷ്യത്തിൽ അവൻ തന്റെ മുറിയിലേക്ക് പോയി.
അവനു അവളോട് ദേഷ്യം തോന്നി, എല്ലാത്തിനും കാരണം അവൾ ആണ്, അവളുടെ ഒരു നായ.. അവൻ പല്ലു ഞെരിച്ചു... ബാക്കി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക