കൊച്ചുവും ഇഷാനും കയ്യും പിടിച്ചു കൊണ്ട് വരുന്നത് ആദ്യം കണ്ടത് അനിരുദ്ധ് ആണ്. അവൻ അടുത്ത് നിന്നിരുന്ന പൊന്നുവിനെ തോണ്ടി, അവരുടെ വരവ് കാണിച്ചു കൊടുത്തു. സംഭവം കണ്ടു പൊന്നുവും ഞെട്ടി.
അപ്പോഴേക്ക് മാളുവും അമ്മുവും അവരുടെ അടുത്തേക്ക് വന്നു.
"നീ ഇത് കാണുന്നുണ്ടോ പൊന്നുവേ?" മാളു ചോദിച്ചു.
"ഇവരിതു എന്ത് ധൈര്യത്തിലാ എല്ലാവരുടെയും മുന്നിൽകൂടെ ഈ കയ്യും പിടിച്ചു വരുന്നത്?" പൊന്നു ഒരു ആത്മഗതം എന്നോണം പറഞ്ഞു.
കൊച്ചുവും ഇഷാനും അടുത്തെത്തിയതും, അനിരുദ്ധ് ഇഷാനോട് ചോദിച്ചു," എന്താ സംഭവം ?"
"എന്ത് സംഭവം?" ഇഷാൻ ഒന്നും അറിയാത്തതു പോലെ ചോദിച്ചു.
"ചേട്ടനും ചേച്ചിയും കൂടെ എല്ലാവരുടെയും മുന്നിൽ ഈ കയ്യും പിടിച്ചു വന്ന കാര്യം തന്നെയാ ചോദിച്ചേ! നീ അഭിനയിക്കാതെ കാര്യം പറ. അല്ലെങ്കിൽ നീ പറ, കൊച്ചു" അനിരുദ്ധ് ആണ്.
"ശ്ശെടാ! ഞാൻ കെട്ടാൻ പോവുന്ന പെണ്ണിന്റെ കൈ പിടിച്ചു ഒന്ന് നടന്നത് ഇത്ര വല്യ തെറ്റാണോ? പോരാത്തതിന് ഇവള്ടെ അപ്പനില്ലാത്ത വിഷമം ആണല്ലോ നിനക്ക്" കുറച്ചു ദൂരെ മാറി, ഇവരെ നോക്കി ചിരിച്ചു കൊണ്ട് നിൽക്കുന്ന മാത്യുവിനെ ചൂണ്ടി കാണിച്ചു കൊണ്ട് ഇഷാൻ പറഞ്ഞു.
ഒരു നിമിഷം എന്താണെന്നു മനസ്സിലാവാതെ നിന്ന് എങ്കിലും, പൊന്നുവിനു പിന്നെ കാര്യം കത്തി. "ഡി! പപ്പാ സമ്മതിച്ചോ?" അവൾ പൊന്നുവിന്റെ രണ്ടു കൈകളിലും പിടിച്ചു കൊണ്ട് ചോദിച്ചു.
കൊച്ചു നിറഞ്ഞ സന്തോഷത്തോടെ അവളെ ചിരിച്ചു കാണിച്ചു.
പിന്നെ ഒരു കൂട്ട കെട്ടിപ്പിടുത്തം ആയിരുന്നു. ഇവരുടെ ബഹളം കണ്ടു വന്ന ബാക്കി ഫ്രണ്ട്സും അവരുടെ കൂടെ ചേർന്നു. ആകെ മൊത്തം ബഹളം.
ഇതിനിടയിലേക്കാണ് ലിസി കയറി വന്നത്.
"കൊച്ചു..." അവർ ദേഷ്യത്തിൽ വിളിച്ചു. അവരുടെ മുഖം കടന്നൽ കുത്തിയത് പോലെ വീർത്തിരുന്നു.
അവരുടെ ഭാവം കണ്ടപ്പോൾ, കൊച്ചുവിന് മനസ്സിൽ ഭയം നിറഞ്ഞു. അവൾ പൊന്നുവിനെ നോക്കി. പൊന്നു അവളുടെ കൈ പിടിച്ചു. മാളുവും അമ്മുവും അവരുടെ അടുത്തേക്ക് വന്നു നിന്നു.
"വാടി ഇവിടെ." ലിസി കൊച്ചുവിന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് പോയി. പൊന്നുവും അമ്മുവും മാളുവും അവരുടെ പുറകെ ചെന്നു.
ഇഷാൻ എന്ത് ചെയ്യണം എന്ന് അറിയാതെ നിന്നു. പിന്നീട് രണ്ടും കൽപ്പിച്ചു അവരുടെ പുറകെ ചെന്നു.
കൊച്ചുവിനെയും കൊണ്ട് ലിസി ചെന്നത്, ഒരു കോട്ടേജിലേക്കു ആണ്. അവിടെ നിതയും നീലും ഉണ്ടായിരുന്നു.
ലിസി അവളെ അവരുടെ മുന്നിലേക്ക് തള്ളി ഇട്ടു. വേച്ചു പോയെങ്കിലും, കൊച്ചു ഒരു മേശയിൽ പിടിച്ചു നിന്നു.
"ആരാടി അവന്മാരു?" ലിസി ദേഷ്യത്തോടെ കൊച്ചുവിനോട് ചോദിച്ചു.
"ആര്?"
"നീലിനെ insult ചെയ്തവന്മാര് ആരാണെന്നു?"
"നീലിനെ ആര് insult ചെയ്തെന്നു?"
"അവൻ നിന്നോട് സംസാരിച്ചുകൊണ്ടിരുന്നപ്പോ അവനോടു പോവാൻ പറഞ്ഞു വന്ന അവന്മാര് ആരാണെന്നു?"
"അതിനെ ആണോ ആന്റി insult ചെയ്തെന്നു പറഞ്ഞതു? ആരും insult ചെയ്തതൊന്നും അല്ല. എന്റെ ഇഷ്ടം ഇല്ലാതെ എന്നെ കയറി പിടിച്ചപ്പോൾ, അവർ ഇടപെട്ടു. അത്രയേ ഉണ്ടായുള്ളൂ."
"ഞാൻ ഒന്ന് കയ്യിൽ പിടിച്ചപ്പോ നിനക്ക് പൊള്ളി. അവനെ കെട്ടിപ്പിടിക്കാനും ഉമ്മ വയ്ക്കാനും ഒന്നും നിനക്ക് ഒരു പ്രശ്നവും ഇല്ലായിരുന്നല്ലോ." നീൽ ചൊടിച്ചു.
കൊച്ചു ഞെട്ടി അവനെ നോക്കി. നിതയും ലിസിയും കണ്ണുമിഴിച്ചു അവനെ നോക്കി.
അവൻ വേഗം ഫോൺ എടുത്തു, ഒരു വീഡിയോ പ്ലേയ് ചെയ്തു. നീൽ പോയതിനു ശേഷം കൊച്ചുവും ഇഷാനും കെട്ടിപിടിച്ചു നിൽക്കുന്നതും, അവർ കിസ് ചെയ്യുന്നതും ആയിരുന്നു ആ വിഡിയോയിൽ.
"ഡീ!" എന്ന് വിളിച്ചു കൊണ്ട് ലിസി കൊച്ചുവിന്റെ നേരെ കയ്യോങ്ങി. പക്ഷെ അവർ അടിക്കുന്നതിനു മുന്നേ, അങ്ങോട്ടേക്ക് വന്ന ഇഷാൻ അവരുടെ കയ്യിൽ കയറി പിടിച്ചു.
"ഡാ! നീ ആരാടാ എന്റെ കയ്യിൽ കയറി പിടിക്കാൻ?" ലിസി ഇഷാന് നേരെ ദേഷ്യപ്പെട്ടു.
"ഞാൻ ആരെങ്കിലും ആയിക്കോട്ടെ. ഇവളെ തല്ലാൻ ഞാൻ സമ്മതിക്കില്ല." ഇഷാൻ കൊച്ചുവിനും ലിസിക്കും നടുവിലായി നിന്നു. കൊച്ചു അവന്റെ ഷിർട്ടിന്റെ സ്ലീവിൽ മുറുകെ പിടിച്ചു.
"ആന്റിക്കു ഇവനെ മനസ്സിലായില്ലേ? ഇപ്പൊ ഞാൻ കാണിച്ച വീഡിയോയിലെ ഹീറോ ആണ്." നീൽ പറഞ്ഞു.
അപ്പോഴാണ് ലിസിക്കും ആളെ മനസിലായത്. അവർ കൊച്ചുവിനെയും ഇഷാനെയും മാറി മാറി നോക്കി.
"ആരാടി ഇവൻ നിന്റെ?" ലിസി രൂക്ഷമായി കൊച്ചുവിനെ നോക്കി കൊണ്ട് ചോദിച്ചു.
"ഉത്തരം ഞാൻ പറഞ്ഞാൽ മതിയോ ലിസി?" പുറകിൽ നിന്ന് വന്ന സൗണ്ട് കേട്ട് എല്ലാവരും തിരിഞ്ഞു നോക്കി.
വാതിൽക്കൽ മാത്യു.
പുറകിൽ സാറയും പോളും ശേഖറും ആദിത്യനും പൊന്നുവും മാളുവും ഉണ്ടായിരുന്നു. അവർ അകത്തേക്ക് കയറുമ്പോഴേക്കു പോളിന്റെയും ശേഖരിന്റെയും ആദിത്യന്റെയും ഭാര്യമാരെയും കൊണ്ട് അമ്മുവും വന്നു. എല്ലാവരും കയറി കഴിഞ്ഞപ്പോൾ പൊന്നു ചെന്ന് ഡോർ ലോക്ക് ചെയ്തു.
"എന്താണ് ലിസിക്ക് അറിയേണ്ടത്? ഈ നിൽക്കുന്ന ഇഷാൻ ആരാണെന്നോ?" മാത്യു ലിസിയുടെ അടുത്തേക്ക് വന്നു. അയാൾ തുടർന്നു," എന്നാൽ കേട്ടോ... ഇതാണ് എന്റെ മോള് കെട്ടാൻ പോവുന്ന ചെറുക്കൻ. ഇഷാൻ. ഇഷാൻ സാമുവേൽ ജോർജ്. മാളിയേക്കൽ ജോർജ് സാമുവലിന്റെയും, റേച്ചൽ ജോർജിന്റെയും ഇളയ മകൻ."
ലിസിയും നിതയും നീലും ഞെട്ടി.
"അതെങ്ങനെ ശെരിയാവും? ഈ നിക്കുന്ന നീലും ആയി ഇവളുടെ കല്യാണം നടത്താം എന്ന് ഞാൻ വാക്ക് കൊടുത്തു." ലിസി പറഞ്ഞു.
"അങ്ങനെ എന്റെ മോളുടെ കല്യാണക്കാര്യം തീരുമാനിക്കാൻ ലിസിയോട് ആര് പറഞ്ഞു? അത് തീരുമാനിക്കേണ്ടത്, ഒന്നുകിൽ അവളുടെ പരെന്റ്സ് ആയ ഞാനും അച്ചായനും, അല്ലെങ്കിൽ ഞങ്ങളുടെ മോള്. ഞങ്ങളോ ഇവളോ ഇങ്ങനെ ഒരു പ്രൊപ്പോസലിനെ കുറിച്ച് അറിഞ്ഞിട്ടില്ല. ഞങ്ങൾ ആരും അറിയുകയോ തീരുമാനിക്കുകയോ ചെയ്യാത്ത വാക്കിന് എന്ത് വില ആണ് ഉള്ളത്." സാറ ചെറിയ പരിഹാസത്തോടെ പറഞ്ഞു.
"അപ്പൊ എന്റെ വാക്കിന് ഇവിടെ ഒരു വിലയും ഇല്ലേ?"
"വില ഉണ്ടായിരുന്നേനെ? എന്റെ മോളോട് നീ ഇന്ന് വരെ ഒരിക്കലെങ്കിലും സ്നേഹത്തോടെ ഒരു വാക്കി പറഞ്ഞിട്ടുണ്ടായിരുന്നെങ്കിൽ. സ്നേഹം വേണ്ട, മനുഷ്യത്വത്തോടെ ഒന്ന് നോക്കുക എങ്കിലും ചെയ്തിരുന്നെങ്കിൽ. കുറ്റപ്പെടുത്താനോ ദേഷ്യപ്പെടാനോ അല്ലാതെ നീ ഇത് വരെ അവളോട് ഇന്നേ വരെ സംസാരിച്ചിട്ടില്ല. പിന്നെ എന്ത് അധികാരത്തിൽ ആണ് നീ അവളുടെ കാര്യങ്ങൾ തീരുമാനിക്കുന്നത്? അത് തീരുമാനിക്കാൻ ഇവിടെ ഞങ്ങൾ ഉണ്ട്. ഞങ്ങൾക്കെന്തെലും പറ്റിയാൽ, അവളുടെ കാര്യങ്ങൾ തീരുമാനിക്കുന്നത് എന്റെ പോളും മരിയയും ആയിരിക്കും. ഒരിക്കലും നീ എന്റെ മകളുടെ ജീവിതത്തിലെ ഒരു ഡിസിഷനും എടുക്കില്ല ലിസി. അതിനു മരിച്ചാലും ഞങ്ങൾ സമ്മതിക്കില്ല." മാത്യു തികട്ടി വന്ന ദേഷ്യത്തിൽ നിന്നു കിതച്ചു.
ലിസി ഇഷാന് നേരെ തിരിഞ്ഞു ," നീ എന്ത് കണ്ടിട്ടാടാ ഈ ഭ്രാന്തി പെണ്ണിനെ കെട്ടാൻ പോവുന്നേ ? നിനക്കറിയ്യോ ഇവള് കുറെ നാളു ഭ്രാന്തിന്റെ ഡോക്ടറുടെ ചികിത്സയിൽ ആയിരുന്നത് ? ചോദിച്ചു നോ..."
പറഞ്ഞു തീരുന്നതിനു മുന്നേ പോളിന്റെ കൈ ലിസിയുടെ മുഖത്തു പതിഞ്ഞു.
ലിസി കവിൾത്തടം പൊത്തി പിടിച്ചു, പേടിയോടെ പോളിനെ നോക്കി. ദേഷ്യം കൊണ്ട് വിറയ്ക്കുകയിരുന്നു പോൾ. ഇഷാൻ പോളിന്റെ തോളിൽ കൈ വച്ചു, എന്നിട്ടു പറഞ്ഞു,
"അവള് ചികിത്സയിൽ ആയിരുന്നതു എനിക്ക് അറിയാം ആന്റി, പക്ഷെ അതിനേക്കാൾ നന്നായി, എന്ത് കൊണ്ട് അവൾക്കു അങ്ങനെ ഒരു ട്രീത്മെന്റ്റ് ആവശ്യം ആയി വന്നു എന്നുള്ളതും അറിയാം. പക്ഷെ രണ്ടു കാര്യങ്ങൾ ആണ് എനിക്ക് ഇന്നും അറിയാത്തതു. ഒന്ന്, അവളുടെ കുഞ്ഞു മനസ്സിനെ ഒരു ഡിപ്രെഷനിലേക്കു വഴുതി വീഴ്ത്താൻ മാത്രം , നിങ്ങൾ അന്ന് അവളെ എത്രത്തോളം torture ചെയ്തിട്ടുണ്ടാവും എന്നുള്ളത് . രണ്ടു, ഇങ്ങനെ ഉള്ള തികച്ചും സൈക്കോ ബിഹേവിയർ നിങ്ങൾ കാണിച്ചിട്ടും, എന്ത് കൊണ്ട് നിങ്ങളെ ഒരു ഭ്രാന്തിന്റെ ഡോക്ടറെ ഇവർ കാണിച്ചില്ല. ഇത് രണ്ടും ആന്റി എനിക്ക് ഒന്ന് പറഞ്ഞു തന്നാൽ ഉപകാരം ആയിരുന്നു." ഇഷാൻ പറഞ്ഞു നിർത്തി.
ലിസി മറുപടി പറയാതെ തല കുനിച്ചു നിന്നു.
ഈ കാര്യങ്ങൾ കേട്ടതും, നിത നീലിനെയും വിളിച്ചു പുറത്തേക്കു പോയി. കൊച്ചുവിന്റെ ഡിപ്രെഷനീന്റെ കാര്യം അവർക്കു പുതിയ അറിവായിരുന്നു. പോവുന്ന വഴിക്കു ലിസിയെ ഒന്ന് തറപ്പിച്ചു നോക്കാനും നിത മറന്നില്ല...
"പെങ്ങൾ ആയി പോയി നീ. അല്ലായിരുന്നെങ്കിൽ, ജീവനോടെ നീ ഇവിടുന്നു പോവില്ലായിരുന്നു. ഇവളെ ഭ്രാന്തി എന്ന് വിളിച്ച നിന്നെ ഞാൻ ഇവിടെ ഇട്ടു വെട്ടിനുറുക്കിയേനെ!" പോൾ ലിസിയുടെ അടുത്ത് വന്നു, പല്ലു കടിച്ചു പറഞ്ഞു.
"കൊച്ചുവിനോടുള്ള സ്നേഹം കൊണ്ടൊന്നും അല്ലല്ലോ ലിസി, ഇപ്പൊ ഈ ആലോചനയും കൊണ്ട് വന്നത്. ആ ചെറുക്കനു എംഡി പഠിക്കാൻ പോയി, ഒരു പെണ്ണിന്റെ കൂടെ ലിവ് ഇൻ റിലേഷനിൽ ആയിരുന്നു. അതറിഞ്ഞ നിത, ലിസിയോട് ഉപദേശം ചോദിച്ചു. അതിനു നിന്റെ തലയിൽ വിരിഞ്ഞതല്ലേ ഈ ബുദ്ധി. അതിനു ഒരു കാരണം കൂടെ ഉണ്ടല്ലോ. റോബർട്ട്നെ(ലിസിയുടെ മകൻ) നിതയുടെ മോളെ കൊണ്ട് കെട്ടിക്കാൻ നീ നോക്കിയിട്ടു അവര് അടുക്കാതിരുക്കുകയിയിരുന്നല്ലോ. കൊച്ചുവിനെ അങ്ങോട്ട് കൊടുക്കുമ്പോ, അവരുടെ പെണ്ണിനെ ഇങ്ങോട്ടു തരണം. ഇതായിരുന്നില്ലേ, നിന്റെ ഡിമാൻഡ്?" ശേഖർ ചോദിച്ചു.
അവിടെ ഉണ്ടായിരുന്ന സ്ത്രീകളും, പിന്നെ ഇഷാനും ഞെട്ടി ശേഖർനെ നോക്കി. ബാക്കി എല്ലാവരും ലിസിയെ തറപ്പിച്ചു നോക്കി നിൽക്കുകയായിരുന്നു.
മാത്യു ലിസിയുടെ നേരെ തിരിഞ്ഞു ,"ഇപ്പൊ ഇറങ്ങണം ഇവിടുന്നു. ഇനി നമ്മൾ തമ്മിൽ ഒരു ബന്ധം ഇല്ല! മതിയായില്ലല്ലേടി നിനക്ക് എന്റെ കൊച്ചിനെ ഉപദ്രവിച്ചു. " അയാൾ ലിസിയുടെ മറുകരണതും അടിച്ചു.
ഇനി അവിടെ നിന്നിട്ടു കാര്യം ഇല്ല എന്ന് മനസ്സിലാക്കി ആവണം, ലിസി പുറത്തേക്കു പോയി.
"അഛേ... ഇതെന്തൊക്കെയാ ഈ പറഞ്ഞെ? അല്ല, അച്ഛ എങ്ങനെ ഇതൊക്കെ അറിഞ്ഞു?" മാളു ഞെട്ടലോടെ അവളുട അച്ഛനോട് ചോദിച്ചു.
"എന്നെ കുര്യച്ചൻ വിളിച്ചിരുന്നു 2 ദിവസം മുന്നേ. കാര്യങ്ങൾ ഒക്കെ എന്നോട് സൂചിപ്പിച്ചിരുന്നു. ഞാൻ അപ്പോഴേ ഇവരോടൊക്കെ കാര്യം പറഞ്ഞു. കുര്യൻനു നീലിന്റെ റിലേഷൻ അറിയാം. അയാൾക്ക് സമ്മതം ആയിരുന്നു അത് നടത്തിക്കൊടുക്കാൻ. നിതയോടു പറഞ്ഞതും ആണ്. പക്ഷെ ആ പെണ്ണിന്റെ വീട്ടിൽ സമ്പത്തു കുറവാണെന്നു പറഞ്ഞു അവർക്കു അത് ഇഷ്ടപ്പെട്ടില്ല. കുര്യൻ എന്നോട് പറഞ്ഞത്, നിത അവനെ ഫോഴ്സ് ചെയ്യും , പക്ഷെ അവനു കൊച്ചുവും ആയുള്ള കല്യാണത്തിന് സമ്മതം ആവില്ല എനാണു.എന്നാൽ ചെറുക്കൻ ഇങ്ങനെ നിന്ന നിൽപ്പിൽ മറുകണ്ടം ചാടും എന്ന് ആരും വിചാരിച്ചില്ല. കൊച്ചുവിനെ കണ്ടതും അവൻ കല്യാണത്തിന് ഓക്കേ പറഞ്ഞു." ശേഖർ എല്ലാവര്ക്കും ആയി കാര്യങ്ങൾ വിശദീകരിച്ചു കൊടുത്തു.
"അപ്പൊ എല്ലാം അറിഞ്ഞിട്ടാണോ പപ്പാ ഇവളെ അവന്റെ കൂടെ വിട്ടത്?" പൊന്നു മാത്യുവിനോട് ചോദിച്ചു. കൊച്ചുവിന്റെ മനസ്സിലും അതെ ചോദ്യം ആയിരുന്നു.
"എന്റെ മോളെ... ഞാൻ അറിഞ്ഞോ അവനെ ഇങ്ങനെ ഒരു കോഴി ആണെന്ന്. എന്റെ വിചാരം അവൻ ഇവളോടെ കല്യാണത്തിന് സമ്മതം അല്ലെന്നോ മറ്റോ പറയും എന്നല്ലേ."
"എന്നതൊക്കെ ആണേലും, നിന്നെ എനിക്ക് ബോധിച്ചെടാ മോനെ! അവളുടെ മുൻപിൽ ആ നെഞ്ചും വിരിച്ചുള്ള നിപ്പുണ്ടല്ലോ! അത് കലക്കി!" പോൾ ഇഷാന്റെ തോളത്തു കൈ ഇട്ടുകൊണ്ട് പറഞ്ഞു.
"നിങ്ങൾ ഒന്ന് ഒരുമിച്ചു നിന്നെ, ഞങ്ങൾ ഒന്ന് കാണട്ടെ" മരിയ കൊച്ചുവിനെ പിടിച്ചു ഇഷാനിന്റെ അടുത്ത് നിർത്തി.
അമ്മമാരുടെ എല്ലാം കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു.
"ഇനി നിങ്ങളുടെ ഇടയിൽ ഒരു പ്രേശ്നവും ഉണ്ടാവാത്തില്ല. നിങ്ങൾ ചെന്ന് അടിച്ചു പൊളിക്കേടാ പിള്ളാരെ!" പോൾ അവരെ എല്ലാവരെയും പുറത്തേക്കു പറഞ്ഞു വിട്ടു.
അന്നത്തെ രാത്രി വീണ്ടും കളിചിരികളാൽ നിറഞ്ഞു.
*******************************************
പിന്നീട് കാര്യങ്ങൾ ഒക്കെ വളരെ വേഗത്തിൽ ആയിരുന്നു. മെഹ്രുവിന്റെ കല്യാണം കഴിഞ്ഞു പിറ്റേന്ന് തന്നെ, ഇഷാന്റെ കുടുംബക്കാർ കൊച്ചുവിന്റെ വീട്ടിൽ അവളെ പെണ്ണുകാണാനായി വന്നു.
ആദ്യം വല്യമ്മച്ചിക്കു എല്ലാവരോടും സംസാരിക്കാൻ ഒക്കെ ഒരു മടി ഉണ്ടായിരുന്നു എങ്കിലും, എല്ലാവരുടെയും ഹൃദ്യമായ പെരുമാറ്റവും, സംസാരവും വേഗം തന്നെ അവരുടെ മടി മാറ്റിയെടുത്തു.
കൊച്ചുവിനെ കണ്ടതും, അവർ അവളുടെ അടുത്ത് ചെന്ന്, അവളുടെ കൈ കവർന്നു, "ഫോട്ടോയിൽ കണ്ടതിലും സുന്ദരി ആണല്ലോ മോള്! വല്യമ്മച്ചി കാരണം മോള് കുറെ വിഷമിചെന്ന് അറിയാം. മോള് ഈ വല്യമ്മച്ചിയോടു ക്ഷമിക്കണം."
"ഇങ്ങനെ ഒന്നും പറയല്ലേ. എനിക്ക് പിണക്കം ഒന്നും ഇല്ല, വല്യമ്മച്ചീനോട്." കൊച്ചു ചിരിച്ചു.
ആ ചിരിയിൽ അമ്മച്ചി ഫ്ലാറ്റ്.
ഫിലിപ്പും മാത്യുവും പഴയ കാര്യങ്ങൾ ഒക്കെ തമാശരൂപേണ സംസാരിച്ചു, ആ ഒരു awkward ടോപ്പിക്ക് കോമഡി ടോപ്പിക്ക് ആക്കി മാറ്റി. ഫിലിപ്പ് ഇടയ്ക്കു എന്തോ പറഞ്ഞു സാറയെ നോക്കി ചിരിച്ചപ്പോ, ഇഷാൻ ഫിലിപ്പീന് മാത്രം കേൾക്കാൻ പാകത്തിൽ ചെവിയിൽ പറഞ്ഞു, " ഒരു മയത്തിൽ ഒക്കെ വായിനോക്കു. ദേ സിസിലി ആന്റി അവിടെ ഇരുന്നു നോക്കുന്നുണ്ട്. "
ഫിലിപ്പ് നല്ലവണ്ണം ചമ്മി. അത് മറയ്ക്കാൻ അയാൾ ഇഷാന്റെ തുടയിൽ നല്ലോണം ഒന്ന് അടിച്ചു, എന്നിട്ടു അവന്റെ ചെവിയിൽ അതിനു മറുപടി പറഞ്ഞു, "നിനക്കുള്ള പണി ഞാൻ താരാടാ! ".
എന്നിട്ട് എല്ലാവരോടും ആയി പറഞ്ഞു, "ചെക്കനും പെണ്ണും മുന്നേ അറിയാവുന്ന സ്ഥിതിക്ക്, ഇനിയിപ്പോ തമ്മിൽ സംസാരം എന്നുള്ള ചടങ്ങു നമുക്കങ്ങു ഒഴിവാക്കാം. നേരെ കാര്യത്തിലേക്കു കടക്കാം. എന്ത് പറയുന്നു?"
ഇഷാൻ രൂക്ഷം ആയി "നിങ്ങക്ക് ഞാൻ താരാട്ടാ! " എന്ന ഭാവത്തിൽ ഫിലിപ്പിനെ നോക്കി. അയാൾ അവനെ നല്ലോണം ചിരിച്ചു കാണിച്ചു.
"എത്രയും വേഗം നടത്തണം എന്നാണു ഞങ്ങൾക്ക്. നാളെ എങ്കിൽ നാളെ. എനിക്കിവളെ എന്റെ മോളായിട്ടു വേണം." അടുത്തിരുന്ന കൊച്ചുവീണ്ട് മുടിയിൽ തഴുകികൊണ്ട് റേച്ചൽ പറഞ്ഞു.
"ഞങ്ങൾക്കും സമ്മതം." മാത്യുവും സാറയും സമ്മതിച്ചു.
അങ്ങനെ ഹോസ്പിറ്റലിന്റെ annual ഡേ കഴിഞ്ഞുള്ള അടുത്ത ആഴ്ച മനസ്സ് ചോദ്യവും, അതിന്റെ അടുത്ത ആഴ്ച കെട്ടുകല്യാണവും നടത്താൻ തീരുമാനിച്ചു, സന്തോഷത്തോടെ അവർ പിരിഞ്ഞു.
**************************************************************************************************************************************
പിന്നീടുള്ള ദിവസങ്ങൾ ശരവേഗത്തിൽ പോയിക്കൊണ്ടിരുന്നു. ഹോസ്പിറ്റലിന്റെ പരിപാടിയുടെ തിരക്കിൽ അനിരുദ്ധും, ഇഷാനും നടന്നു. കല്യാണ ഷോപ്പിങ്ങും, കല്യാണ വിളിയും ഒക്കെ ആയി ബാക്കി എല്ലാവരും. എല്ലാം വളരെ മനോഹരം ആയി തന്നെ കഴിയുകയും ചെയ്തു.
എല്ലാവരുടെയും അനുഗ്രഹാശിസ്സുകളോടെ ഇഷാൻ കൊച്ചുവിനെ മിന്നു കെട്ടി അവന്റെ സ്വന്തം ആക്കി. ചടങ്ങുകൾ ഒക്കെ കഴിഞ്ഞു, ഇഷാന്റെ കൂടെ കാറിൽ കയറാൻ നേരം കൊച്ചു മാത്യുവിനെ കെട്ടി പിടിച്ചു കരഞ്ഞു. അവളെ അടർത്തി മാറ്റി, അവളുടെ കൈ ഇഷാന്റെ കയ്യിലേക്ക് ഏൽപ്പിച്ചു മാത്യു പറഞ്ഞു,"എന്റെ ജീവൻ ആണ് ഇവൾ. നോക്കിയേക്കണെടാ മോനേ." മാത്യുവിന്റെ കണ്ണുകളും നിറഞ്ഞു. അതിനു ഉറപ്പു കൊടുക്കുവാൻ എന്നോണം, ഇഷാൻ കൊച്ചുവിന്റെ കൈ വിടാതെ, മറുകൈ കൊണ്ട് മാത്യുവിനെ കെട്ടിപിടിച്ചു.
കൊച്ചുവിന് വേണ്ടി മാത്യു വാങ്ങിയ പുതിയ bmw 5 സീരിസിൽ ആണ് അവർ മാളിയേക്കലേക്കു തിരിച്ചത്. റയാനും അനിരുദ്ധും മുന്നിൽ കയറി.
കൊച്ചുവിനെയും കൊണ്ട് ഇഷാൻ പുറകിലും. വിൻഡോയിലൂടെ കൊച്ചുവിന്റെ കൈ പിടിച്ചു കൊണ്ട് പൊന്നു ഇഷനെ ഭീഷണിപ്പെടുത്തി,"ചേട്ടായി, ഞങ്ങടെ കൊച്ചുവിനെ എങ്ങാനും ഇനി കരയിച്ചാൽ, അറിയാല്ലോ, ഞങ്ങളെ?"
"ഇല്ലെന്റ പൊന്നോ!" ഇഷാൻ പേടിച്ചത് പോലെ കാണിച്ചു കൊണ്ട് പറഞ്ഞു.
അനിരുദ്ധ് വണ്ടി എടുത്തു. കൊച്ചുവിന്റെ കരച്ചിലിന്റെ ശക്തി കൂടി, പുറത്തു നിന്നിരുന്നവരുടെയും.
കുറച്ചു പോയിക്കഴിഞ്ഞിട്ടും കൊച്ചുവിന്റെ കരച്ചിൽ തീർന്നിരുന്നില്ല. അവളെ സമാധാനിപ്പിക്കാൻ ഇഷാൻ അവളെ ചേർത്ത് പിടിച്ചു പറഞ്ഞു," വാവേ, നീ ഇങ്ങനെ കരയല്ലേ. നിനക്ക് ഞാനില്ലേ ?". വളരെ ആർദ്രം ആയി ആണ് അവൻ പറഞ്ഞതു.
"പോടാ... എനിക്ക് നിന്നെ വേണ്ട. എനിക്ക് വീട്ടിൽ പോയാൽ മതി." കൊച്ചു വിതുമ്പികൊണ്ടു പറഞ്ഞു.
ഇത് കേട്ടതും മുന്നിൽ ഇരുന്ന അനിരുദ്ധും റയാനും ചിരിപൊട്ടി. ഇഷാൻ ആകെ ചമ്മി വളിച്ചിരുന്നു.
"പുല്ലു! വേണ്ടാരുന്നു!" അവൻ അവനോടു തന്നെ പറഞ്ഞു.
അവൾ പിന്നെയും കരഞ്ഞു കൊണ്ടിരുന്നു. അനിരുദ്ധും റയാനും ഇഷാനും ഒരുമിച്ചു ശ്രമിച്ചെങ്കിലും, അവളുടെ കരച്ചിൽ മാറിയില്ല. 3 മണിക്കൂർ ഡ്രൈവ് ഉണ്ടായിരുന്നു, ഇഷാന്റെ വീട്ടിലേക്കു. അതിലെ ഒരു മണിക്കൂർ കഴിഞ്ഞിട്ടും കൊച്ചുവിന്റെ കരച്ചിൽ തോർന്നില്ല.
"ഇനിയിപ്പോ ഒരു വഴിയേ ഉള്ളു!" അനിരുദ്ധ് അതും പറഞ്ഞു വണ്ടി സൈഡ് ഒതുക്കി. വണ്ടിയുടെ പുറകിൽ നിന്ന് ഒരു ബോട്ടിലെ വൈൻ എടുത്തിട്ട് വന്നു.
ഡ്രൈവിംഗ് സീറ്റിൽ ഇരുന്നിട്ട്, ആ ബോട്ടിലെ കൊച്ചുവിന് നേരെ നീട്ടി, "ഡി കൊച്ചു! നീ ഇതിൽനിന്നു കുറച്ചെടുത്തു പിടിപ്പിച്ചേ."
"ഡാ! അത് വേണ്ട! ഇവൾക്ക് കിക്ക് ആയാൽ ഭയങ്കര സീൻ ആണ്. ഈ പോത്തിന് ഇത് കുടിച്ചാലും കിക്ക് ആവും." ഇഷാൻ അനിരുദ്ധിനെ തടയാൻ നോക്കി.
"ഇല്ല! എനിക്ക് വേണം." കൊച്ചു വൈനിന്റെ ബോട്ടിലെ പിടിച്ചു വാങ്ങി.
"എന്റെ പൊന്നു വാവേ, ഇച്ചായൻ പറയുന്നത് കേൾക്കു. രാത്രിയിൽ ഞാൻ എത്ര വേണം എങ്കിലും നിനക്ക് കൊണ്ട് വന്നു തരാം. ഇതും കുടിച്ചു നീ കുടുംബത്തെക്കു വലതു കാലു വച്ച് കയറുന്നതിനു പകരം നാല് കാലിൽ കയറുന്നതു എന്റെ വീട്ടുകാര് കാണേണ്ടി വരും. നല്ല വാവ, അല്ലെ? പ്ളീസ്!" ഇഷാൻ അവനെ കൊണ്ട് ആവുന്നത് പോലെ ഒക്കെ പറഞ്ഞു നോക്കി.
കൊച്ചു അവൻ പറയുന്നത് മുഴുവൻ തലയും കുലുക്കി കേട്ടിരുന്നു. അവൻ പറഞ്ഞു തീർന്നപ്പോ, അവനെ നോക്കി കോക്രി കാണിച്ചു, ബോട്ടിലെ ഓപ്പൺ ചെയ്തു വായിലേക്ക് ഒറ്റ കമിഴ്ത്.
"സുബാഷ്" ഇഷാൻ തലയിൽ കൈ വച്ചു. റയാനും അനിരുദ്ധും ഇതൊക്കെ കണ്ടു ചിരി ആണ്. റയാൻ ഫുൾ വീഡിയോ എടുക്കുന്നുണ്ട്.
"ഡാ പട്ടി! ഇതെങ്ങാനും നീ ഗ്രൂപ്പിൽ ഇട്ടാലുണ്ടല്ലോ!" പറഞ്ഞു തീരുന്നതിനു മുന്നേ, ഇഷാന്റെയും അനിരുദ്ധിന്റേയും ഫോൺ വൈബ്രേറ്റ് ചെയ്തു. "ഇട്ടല്ലെടാ, സാമ ദ്രോഹി!"
"യെസ്, ഓഫ് കോഴ്സ്!" നല്ലോണം ഇളിച്ചു കാണിച്ചു കൊണ്ട് റയാൻ പറഞ്ഞു.
ഇഷാന്റെ നല്ല നേരം കൊണ്ടോ മറ്റോ, വൈനിനു വിചാരിച്ച അത്രയും വീര്യം ഉണ്ടായിരുന്നില്ല. പക്ഷെ അത് കൊണ്ട് കൊച്ചുവിന്റെ കരച്ചിൽ തീർന്നു. അവളുടെ മൂഡ് ശെരിയായതും, പിന്നെ കാറിൽ കളിയും ചിരിയും ബഹളവും നിറഞ്ഞു. നിറയെ ഫോട്ടോയും വിഡിയോയും ഒക്കെ എടുത്തു അവർ 4 പേരും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.
കല്യാണത്തിനു ഒരു ചെറിയ പണി കൊടുക്കുന്നതിന്റ ഭാഗമായി, ഇടയ്ക്കു നല്ല തിരക്കുള്ള ഒരു സ്ഥലത്തു കാർ നിർത്തി, കല്യാണ വേഷത്തിൽ ഇരിക്കുന്ന കൊച്ചുവിനെ കൊണ്ട് അവര് ബേക്കറിയിൽ കയറ്റി ഐസ് ക്രീം വാങ്ങിപ്പിച്ചു; ഇഷാനെ കൊണ്ട് മെഡിക്കൽ സ്റ്റോറിൽ നിന്ന് കോണ്ടം വാങ്ങിപ്പിച്ചു. ഇതൊക്കെ വീഡിയോ എടുക്കാനും അവര് മറന്നില്ല.
മൊത്തത്തിൽ അടിച്ചു പൊളിച്ചു അവർ മാളിയേക്കൽ തറവാട്ടിൽ എത്തി. കൊച്ചു ആ വീടിന്റെ മരുമകൾ ആയി വലം കാലു വച്ച് കയറി. നിറയെ ബന്ധുക്കളെയും നാട്ടുകാരെയും കൊണ്ട്, ആ വീട് നിറഞ്ഞിരുന്നു. സ്ത്രീകൾ വന്നു അവളുടെ ചുറ്റും കൂടി. എല്ലാവരുടെയും നോട്ടവും ചോദ്യങ്ങളും കൊച്ചുവിനെ വല്ലാതെ ഇറിറ്റേറ്റഡ് ആക്കി എങ്കിലും, അവൾ അത് കടിച്ചു പിടിച്ചു, ചിരിച്ചു കൊണ്ട് തന്നെ മറുപടി പറഞ്ഞു. കുറെ കഴിഞ്ഞപ്പോൾ റേച്ചൽ വന്നാണ് അവളെ രക്ഷിച്ചത്, "എല്ലാവരും കൂടെ എന്റെ കുഞ്ഞിനെ ഇങ്ങനെ ശ്വാസം മുട്ടിക്കാതെ. മോളെ, നിലാന, ഇങ്ങു വന്നേ. നീ കൊച്ചുവിനെയും കൊണ്ട് മുറിയിലേക്ക് ചെല്ലു. കുട്ടി ഒന്ന് ഫ്രഷ് ആവട്ടെ. മോള് ഒന്ന് ഫ്രഷ് ആയിട്ട് ഡിന്നർ കഴിക്കാൻ വാ, കേട്ടോ? "
നിലാന, ഇഷാന്റെ കസിൻ ആണ്. കൊച്ചുവിന്റെ അതെ പ്രായം ആണ്.
അവൾ കൊച്ചുവിനെയും വിളിച്ചു ഇഷാന്റെ റൂമിലേക്ക് ചെന്നു. നല്ല വലിപ്പമുള്ള റൂം ആണ് ഇഷാന്റെ. റൂമിൽ നിന്ന് ഒരു വലിയ ബാൽക്കണി ഉണ്ടായിരുന്നു. അവിടെ നിന്നാൽ പുറത്തെ ഗാർഡനും garage ഉം കാണാമായിരുന്നു.
റൂം ഒക്കെ കാണിച്ചു കൊടുത്തിട്ടു, നിലാന കൊച്ചുവിന് അവളുടെ കബോർഡ് കാണിച്ചു കൊടുത്തു. അതിൽ അവൾക്കായി പല തരത്തിൽ ഉള്ള ഡ്രെസ്സുകൾ വാങ്ങി വെച്ചിട്ടുണ്ടായിരുന്നു. പലതും അവൾക്കിഷ്ടപ്പെട്ട ഡ്രെസ്സുകളും കളറുകളും. കൊച്ചു അത്ഭുതത്തോടെ നോക്കി നിന്നു.
"ഹന്നാ ഞെട്ടേണ്ട. ഇതില് മിക്കതും ഉണ്ണി ചേട്ടൻ തന്നെയാ സെലക്ട് ചെയ്തേ. ഞങ്ങൾ ഓരോന്നെടുക്കുമ്പോ പറയും, ഹേയ് അതവളിടത്തില്ല, ഈ കളർ അവൾക്കിഷ്ടപ്പെടത്തില്ല, എന്നൊക്കെ. പല കാര്യത്തിനും ഉണ്ണി ചേട്ടനെ കിട്ടില്ല. ഹന്നയ്ക്ക് ഡ്രസ്സ് എടുക്കാൻ പോയപ്പോ മാത്രം കറക്റ്റ് ആയി വന്നു." നിലാന ചിരിച്ചു. കൊച്ചുവും.
"കൊച്ചു എന്ന് വിളിച്ചോളൂ. എന്നിട്ടു നിലാനയുടെ ഉണ്ണി ചേട്ടൻ എവിടെ? വന്നിട്ട് കണ്ടില്ലല്ലോ? " കൊച്ചു ചോദിച്ചു.
"എന്നെ നീലു എന്ന് വിളിച്ചോളൂട്ടോ കൊച്ചു. ഉണ്ണി ചേട്ടന്റെ ഫ്രണ്ട്സിന്റെ കൂടെ താഴെ ഉണ്ട്. അവരെ ആരെയും മുകളിലേക്ക് കയറ്റിലെന്നു പറഞ്ഞു പോയതാ. എന്തോ പണി തരും ന്നു പേടി ആണ്." നീലു ചിരിച്ചു കൊണ്ട് പറഞ്ഞു. അത് കേട്ടതും കൊച്ചു ഒന്ന് ഞെട്ടി. ഇഷാന് പണി കൊടുക്കുക എന്ന് വച്ചാൽ, അത് തനിക്കും കൂടെ കിട്ടുമല്ലോ!
മെഹ്രുവിനും ഹാഷിമിനും ബെഡിൽ പൂവിന്റെ ഒപ്പം ഉറുമ്പിനെയും കൂടെ ഇട്ടാണ് പണി കൊടുത്ത്. രയന്റെയും അന്നയുടെയും കല്യാണത്തിന് ഇഷാൻ സ്ഥലത്തില്ലായിരുന്നു എങ്കിലും, ഫോൺ വഴി പണി കൊടുക്കുന്നതിൽ സപ്പോർട്ട് ഉണ്ടായിരുന്നു എന്ന് അറിഞ്ഞിരുന്നു. അവർക്കു ബെഡ്‌റൂമിൽ പലയിടത്തും ബ്ലൂടൂത്ത് സ്പീക്കർ വച്ച്, അതിൽ പല സമയത്തും പല ടൈപ്പ് പാട്ടുകൾ പ്ലേയ് ചെയ്യുതു ശല്യം ചെയ്യലായിരുന്നു പണി. ഇത് രാവിലെ 3 -3:30 വരെ നീണ്ടു. ഇവര് കൊടുക്കുന്ന പണി ഒക്കെ ഭാര്യയും ഭർത്താവും ഒരുമിച്ചാണ് അനുഭവിക്കുന്നത്. അത് കൊണ്ട് കൊച്ചുവിന് ടെൻഷൻ ആയി.
നീലു പുറത്തേക്കു പോയതും, കൊച്ചു ഡോർ ലോക്ക് ചെയ്തു, കബോര്ഡില് നിന്നും ഒരു ചുരിദാർ എടുത്തു, കുളിക്കാൻ കയറി. കുളിച്ചു പുറത്തു വരുമ്പോ കേട്ടു , റൂമിന്റെ പുറത്തു നല്ല ബഹളം.
കൊച്ചു വന്നു ഡോർ അല്പം തുറന്നു നോക്കി. ഇഷാൻ ഡോറിന്റെ മുന്നിൽ തന്നെ നിൽപ്പുണ്ട്. ഇഷാന്റെ കൂട്ടുകാര് എല്ലാവരും റൂമിലേക്ക് കയറാൻ എന്തൊക്കെയോ ബാഗും കവരും ഒക്കെ പിടിച്ചു നിൽപ്പുണ്ട്.
കൊച്ചു ഡോർ തുറന്ന ഒച്ച കേട്ട് ഇഷാൻ തിരിഞ്ഞു നോക്കി. അപ്പോഴേക്ക് എല്ലാം കൂടെ റൂം തള്ളി തുറന്നു, അകത്തേക്ക് കയറി. ഇഷാൻ തലയിൽ കൈ വച്ച് റൂമിനു പുറത്തു തന്നെ നിന്നു.
കൊച്ചു എന്താ എന്ന് ഇഷാനെ കൈ കാണിച്ചു.
"ഇനി എന്താവാൻ?" ഇഷാൻ പറഞ്ഞു കൊണ്ട് റൂമിനു അകത്തേക്ക് വന്നു.
എല്ലാവരും നേരെ ബെഡിൽ കയറി ഇരുന്നു. ഇഷാൻ കൊച്ചുവിന്റെ തോളിൽ പിടിച്ചു, വാതിൽക്കൽ തന്നെ നിന്നു.
"അതേ, ഞങ്ങൾക്ക് ഇവിടെ കുറച്ചു പണി ഉണ്ട്. 2um ഒന്ന് പുറത്തേക്കു ഇറങ്ങിയേ." അനിരുദ്ധ് അവരോടു രണ്ടു പേരോടും ആയി പറഞ്ഞു.
"അനു ചേട്ടായി, പൊന്നുനെ കല്യാണം കഴിക്കേണെങ്കി മര്യാദയ്ക്ക് ഈ പരിപാടിയിൽ നിന്ന് ബാക് ഔട്ട് ചെയ്തോ?" കൊച്ചു ചെറിയ ഒരു ഭീഷണി മുന്നോട്ടു വച്ചു.
"ഞാൻ ബാക് ഔട്ട് ചെയ്താലും ഇല്ലെങ്കിലും നിങ്ങള്ക്ക് പണി കിട്ടും. അത് പോലെ തന്നെ, എന്റെ കെട്ട് കഴിയുമ്പോ നീയൊക്കെ എനിക്കിട്ടു ഇത് പോലെ തന്നെ പണിയും. ഇപ്പൊ ഞാൻ നിങ്ങൾക്കിട്ടു ഒരു പണി തന്നാൽ, at least നിനക്കൊക്കെ ഇങ്ങനെ പണി തന്നു എന്നൊരു സാറ്റിസ്ഫാക്ഷൻ എനിക്കുണ്ടാവും. അത് കൊണ്ട് രണ്ടും സമയം കളയാതെ പുറത്തേക്കു ചെല്ല്."
"ഹാഷിക്ക..." കൊച്ചു അടുത്ത ആളെ പിടിച്ചു.
"വെറുതെ സമയം കളയണ്ട കൊച്ചു! ഇവൻ തന്ന പണിക്കു എന്തെങ്കിലും ഞാൻ തിരിച്ചു കൊടുക്കണ്ടേ! എനിക്ക് വേണ്ടി ഉള്ള, ഉറുമ്പിനെ പിടിക്കാൻ മെയിൻ ആള് ഈ നിക്കണ നിന്റെ കെട്ടിയോനായിരുന്നു! സൊ മോളെ, നോ മേഴ്‌സി!" ഹാഷിം രണ്ടും കൽപ്പിച്ചാണ്.
കൊച്ചു ഇഷാനെ കലിപ്പിച്ചു നോക്കി.
"ഒരു ഓളത്തിനു ചെയ്തു പോയതാ... ഞാനും കല്യാണം കഴിക്കും എന്ന് ഓർത്തില്ല!" ഇഷാൻ ദയനീയം ആയി പറഞ്ഞു.
"അവിടെ കിടന്നു തിത്തിത്താരാ കളിക്കാതെ ചേട്ടനും ചേച്ചിയും പുറത്തോട്ടൊന്നു ഇറങ്ങിയാട്ടെ!" റയാൻ രണ്ടു പേരെയും പുറത്താക്കി.
"അളിയാ... ഒന്നൂടെ ആലോചിച്ചിട്ട്???" ഇഷാൻ അവസാന ശ്രമം എന്നോണം പറഞ്ഞു.
"ഒന്നും ആലോചിക്കാനില്ല. നല്ലോണം ആലോചിച്ചു കുറെ പണികൾ ശെരി ആക്കി വച്ചിട്ടുണ്ട്. ഇനി ആലോചിച്ചാൽ 2-3 എക്സ്ട്രാ പണി കൂടെ തരാം എന്നെ ഉള്ളു. എന്താ അത് വേണോ?" റയാൻ ചോദിച്ചു. ഇഷാൻ ഒന്നും മിണ്ടാതെ പുറത്തിറങ്ങി. റയാൻ ഒരു കൊലച്ചിരി ചിരിച്ചു കൊണ്ട്, ഡോർ അടച്ചു.
"പണി കിട്ടിയല്ലോടാ! ഇനി എന്നാ ചെയ്യും." ഇഷാൻ കൊച്ചുവിനോട് ചോദിച്ചു.
"പണി കിട്ടി. പക്ഷെ, നമുക്കല്ല. അവർക്കു! ഇത് ആദ്യം പറ... ആരും പുറത്തില്ലല്ലോ? എല്ലാവരും അകത്തില്ലേ?" കൊച്ചു ഒരു കള്ളാ നോട്ടത്തോടെ ചോദിച്ചു.
"ഇല്ല! എല്ലാം അകത്തുണ്ട്. എന്താ?" ഇഷാന് ആകാംഷ ആയി.
"ടൺ ട ടാൻ" അവൾ കയ്യിൽ ഒളിപ്പിച്ചു വച്ചിരുന്ന ഡോറിന്റെ കീ എടുത്തു കാണിച്ചു കൊടുത്തു. എന്നിട്ടു റൂം പുറത്തു നിന്ന് ലോക്ക് ചെയ്തു.
"എടി ഭീകരി! നീ തകർത്തു." ഇഷാൻ കൊച്ചുവിനെ കെട്ടിപിടിച്ചു കവിളിൽ അമർത്തി ചുംബിച്ചു.
ഇഷാന്റെ പെട്ടന്നുള്ള ആ പ്രവർത്തിയിൽ, കൊച്ചു ഞെട്ടി, ചുറ്റും നോക്കി. അവരുടെ ഭാഗ്യത്തിന് ചുറ്റും ആരും ഉണ്ടായിരുന്നില്ല.
"അപ്പൊ ഇനി എന്താ പരിപാടി?" കൊച്ചു മതിലിലേക്കു ചാരി നിന്നു.
ഇഷാൻ ഒരു നിമിഷം ആലോചിച്ചു.
"ഹ്മ്മ്മ്... ഒരു പരിപാടി ഉണ്ട്. നീ വാ." ഇഷാൻ കൊച്ചുവിന്റെ കൈ പിടിച്ചു താഴേക്ക് കൊണ്ട് പോയി. അവളോട് നീലുവിന്റെ അടുത്ത് നില്ക്കാൻ പറഞ്ഞിട്ട്, ഇഷാൻ ഫിലിപ്പിന്റെയും ജോർജിന്റെയും അടുത്തേക്ക് പോയി.
കൊച്ചു അവർ സംസാരിക്കുന്നത് നോക്കി നിന്നു. ഇഷാൻ തല ചൊറിഞ്ഞു എന്തോ പറയുന്നു, ജോർജും ഫിലിപ്പും തമ്മിൽ ഒന്ന് നോക്കിയിട്ടു പൊട്ടി ചിരിക്കുന്നു. ഇഷാനും ഒരു ചമ്മിയ ചിരി ചിരിക്കുന്നുണ്ട്. പിന്നെ ജോർജ് തലയാട്ടികൊണ്ടു എന്തോ പറഞ്ഞു, അയാളുടെ പേഴ്സ് എടുത്തു ഇഷാന് കൊടുത്തു. ഇഷാൻ പിന്നെ പോയി, കീ ഒക്കെ ഇടുന്ന സ്ഥലത്തു നിന്ന്, അവിടെ തൂക്കി ഇട്ടിരുന്ന 4-5 കീ എടുത്തിട്ട് വന്നു ഫിലിപ്പിനെ ഏൽപ്പിച്ചു എന്തോ പറഞ്ഞു.
ഇത്രയും ചെയ്തിട്ട് ഇഷാൻ വന്നു കൊച്ചുവിനെയും വിളിച്ചു റേച്ചലിന്റെയും വല്യമ്മച്ചിയുടെയും അടുത്ത് പോയി.
"'അമ്മ, വല്യമ്മച്ചി, ഞങ്ങൾ ഒന്ന് പുറത്തു പോകുവാണെ... നാളെ വരത്തൊള്ളൂ. കാര്യം അപ്പനോടും പേപ്പനോടും പറഞ്ഞിട്ടുണ്ട്. ഇപ്പൊ കാര്യം detailed ആയി പറയാൻ സമയം ഇല്ല. അവരോടു ചോദിച്ചാൽ മതി." ഇഷാൻ പറഞ്ഞു.
വല്യമ്മച്ചിയും റേച്ചലും കണ്ണ് മിഴിച്ചു. കൊച്ചുവും.
കൂടുതൽ ചോദ്യങ്ങൾ വരുന്നതിനു മുന്നേ, അവൻ കൊച്ചുവിനെയും വിളിച്ചു വേഗത്തിൽ പുറത്തേക്കു നടന്നു.
അവൻ നേരെ ചെന്ന് വണ്ടി എടുത്തു. കൊച്ചുവിനോടും കയറാൻ പറഞ്ഞു.
കൊച്ചു കയറാൻ തുടങ്ങുമ്പോഴേക്കും, മുകളിൽ ഇഷാന്റെ റൂമിന്റെ ബാല്കണിയിൽ നിന്ന് ഒച്ച കേട്ടു,"ഹലോ ഹലോ... ഇതെങ്ങോട്ടാ? " വരുൺ ആണ്.
ഇഷാൻ പെട്ടന്നു പുറത്തിറങ്ങി, "ഞങ്ങൾക്കിന്നു ഒരു ഫസ്റ്റ് നൈറ്റ് ഉണ്ട് അളിയാ. മിസ് ആക്കാൻ പറ്റില്ല. നിങ്ങൾ രാത്രി ഫുഡ് ഒക്കെ കഴിച്ചിട്ടേ പൊകാവേ! അപ്പൊ ശെരി അളിയാ... റൂമൊക്കെ നല്ലോണം ഡെക്കറേറ്റ് ചെയ്തിട്ട് നിങ്ങൾ തന്നെ അവിടെ കിടന്നോ.. നാളെ കാണാം. പിന്നെ ഡോർ തല്ലിപ്പൊളിക്കാൻ നോക്കേണ്ട. .. അത് ലോക്കാ!" ഇഷാൻ അവനെ നോക്കി ചിരിച്ചു കാണിച്ചു.
"എടാ... ദേണ്ടടാ... നമ്മളെ ഇവിടെ പൂട്ടി ഇട്ടിട്ടു, ലവൻ അവളേം കൊണ്ട് പോണു." വരുൺ അകത്തേക്ക് വിളിച്ചു പറഞ്ഞു.
എല്ലാവരും കൂടെ ബാൽക്കണിയിലേക്കു ഓടി വന്നു.
"കൊച്ചു... അവന്മാര് അവിടെന്നു താഴേക്ക് ചാടുന്നതിനു മുൻപ് വേഗം കയറു." ഇഷാൻ കൊച്ചുവിനോട് വിളിച്ചു പറഞ്ഞു.
തുടരും
ലൈക്ക് ചെയ്ത്, അഭിപ്രായങ്ങൾ അറിയിക്കണേ...
രചന: സെഹ്‌നസീബ്