ഒരു Complicated ലൗ സ്റ്റോറി, Part 36

Valappottukal


ബെഡ്‌റൂം ഡോറിൽ ആരോ കൊട്ടുന്നത് കേട്ടാണ് ഇഷാൻ കണ്ണ് തുറന്നതു. അവൻ ഫോൺ എടുത്തു സമയം നോക്കി. 11 മണി കഴിഞ്ഞു. തലേന്ന് കുറെ രാത്രി ആയിട്ടാണ് അവൻ മാളിയേക്കൽ തറവാട്ടിൽ എത്തിയത്. അത് കാരണം ഇതുവരെ എഴുന്നേറ്റിലായിരുന്നു.

ഉറക്കച്ചടവോടെ അവൻ ചെന്ന് ഡോർ തുറന്നു. മുന്നിൽ ഫിലിപ്പിനെ കണ്ടതും, അവന്റെ മുഖം സന്തോഷം കൊണ്ട് വിടർന്നു.

"പേപ്പാ!" അവൻ അയാളെ കെട്ടിപ്പിടിച്ചു. ഫിലിപ്പ് തിരിച്ചും.

"എന്നാലും എന്റെ മോനെ, നീ ഞങ്ങളെ ഒക്കെ ഇട്ടിട്ടു അങ്ങ് പോയി കളഞ്ഞല്ലോ! ഒന്ന് വിളിക്കാൻ പോലും തോന്നിയില്ലല്ലോ നിനക്ക്. അത്രയേ ഉള്ളു നിനക്ക് പേപ്പനോടുള്ള സ്നേഹം, അല്ലെ?" അയാൾ അവന്റെ തോളിൽ കയ്യിട്ടു കൊണ്ട് അവന്റെ മുറിയിലേക്ക് കയറി. അവൻ us il നിന്ന് മടങ്ങി വന്നിട്ട് അന്നാണ് ഫിലിപ്പിനെ കാണുന്നത്.

"അത് പേപ്പ, ഒരു പ്രത്യേക സാഹചര്യത്തിൽ..." അവൻ തലചൊറിഞ്ഞു.

"ഹ്മ്മ്മ്... നിന്റെ അപ്പൻ ഏതാണ്ടൊക്കെ പറഞ്ഞു. പ്രേമനൈരാശ്യം എന്നൊക്കെ. എന്താടാ സംഭവം? ഏതാ കൊച്ച്? ലവൾ നിന്നെ തേച്ചൊട്ടിച്ചാ?" ഫിലിപ്പ് അവനെ കളിയാക്കി.

"എന്നെ തേച്ചൊന്നും ഇല്ല. എന്നെകൊണ്ട് ആ മഹാപാപം ചെയ്യിച്ചു, ഇവരെല്ലാം കൂടെ." അവൻ ദേഷ്യത്തിൽ വന്നു ബെഡിൽ ഇരുന്നു.

"നീ ഇങ്ങനെ തലേം വാളും ഇല്ലാതെ പറയാതെ, കാര്യങ്ങൾ നല്ല വെടിപ്പായി പറയെടാർക്കാ." ഫിലിപ്പും അവന്റെ കൂടെ കട്ടിലിൽ വന്നിരുന്നു.

"എന്റെ കോളേജിലെ ജൂനിയർ ആയിരുന്നു. അവളുടെ കാര്യം വീട്ടിൽ പറഞ്ഞപ്പോ വല്യമ്മച്ചി അമ്പിനും വില്ലിനും അടുക്കുന്നില്ല. അത് കേട്ട് അപ്പനും അമ്മയും അതിനൊപ്പം തുള്ളി. എനിക്കാണെങ്കിൽ ആകെ കലിപ്പായി. അവളെ തന്നെയേ കെട്ടുള്ളുന്നു പറഞ്ഞു ബഹളം വച്ച അന്നാണ് വല്യമ്മച്ചിക്കു ഹാർട്ട് അറ്റാക്ക് വന്നേ. അതും കൂടെ ആയപ്പോ ഇമോഷണൽ ബ്ലാക്‌മെയ്ൽ അങ്ങ് ഉച്ഛസ്ഥായിൽ ആയി. ആ കലിപ്പിൽ ആണ്, അവളോടും ആരോടും ഒരു വാക്കു പറയാതെ ഞാൻ പോയെ." ഇഷാൻ കാര്യങ്ങൾ പറഞ്ഞു.

"അമ്മച്ചിക്ക് അല്ലെങ്കിലും ഈ ആവശ്യം ഇല്ലാതെ ഒടക്കുണ്ടാക്കുന്നതിന്റെ ഏനക്കേട്‌ അല്പം കൂടുതൽ ആണ്. നീ ഒരു കാര്യം ചെയ്യെടാ ചെക്കാ... നമുക്ക് പോയി അവളെ പോയി കാണാം, ഞാൻ പറയാം അവളോട് ഉണ്ടായ കാര്യങ്ങൾ. എന്നിട്ടു അവളെ പറഞ്ഞു സമ്മതിപ്പിച്ചു, നിങ്ങടെ കെട്ട് ഞാൻ നല്ല അന്തസ്സായി നടത്തിത്തരാം." ഫിലിപ്പ് കട്ടിലിൽ നിന്ന് ചാടി എഴുന്നേറ്റു. പെട്ടന്ന് സംശയത്തോടെ തിരിച്ചിരുന്നിട്ടു, ഇഷനോട് ചോദിച്ചു,"അല്ലടാ ഉണ്ണിമോനെ, ഇനി ലവളുടെ കെട്ടു എങ്ങാനും കഴിഞ്ഞു കാണുവോ?"

"കെട്ടൊന്നും കഴിഞ്ഞിട്ടില്ല. പിന്നെ പ്രോബ്ലം ഒക്കെ ഞാൻ സോൾവ് ചെയ്തിട്ടുണ്ട്." ഇഷാൻ ഒരു കള്ള ചിരിയോടെ പറഞ്ഞു.

"എടാ കള്ളതിരുമാലി! അതൊക്കെ എപ്പോ ശെരിയാക്കി ? അപ്പൊ നിനക്ക് ശെരിക്കും അപ്പന്റേം അമ്മേടേം സമ്മതം ഒന്നും വേണ്ടല്ലേ?" അയാള് അവനെ പതിയെ മുതുകത്തു ഇടിച്ചു കൊണ്ട് ചോദിച്ചു.

"അവര് സമ്മതിച്ചു, പേപ്പാ. ഞാൻ അവിടെ പോയിട്ട് മിണ്ടാതേം വിളിക്കാതേം ഒക്കെ ഇരുന്നപ്പോ, അവസാനം അവര് സമ്മതിച്ചു. വല്യമ്മച്ചിയും, പേപ്പനും മാത്രം സമ്മതിച്ചാൽ മതി. എന്നിട്ടു വേണം അവളുടെ വീട്ടിൽ പറയാൻ. അവൾക്കു കല്യാണം നോക്കുന്നുണ്ട്. അത് കൊണ്ട് സമയം ഇല്ല. വേഗന്നാക്കണം എല്ലാം." ഇഷാൻ പറഞ്ഞു.

"എനിക്ക് പണ്ടേ സമ്മതം." ഫിലിപ്പ് അവന്റെ കയ്യിൽ അടിച്ചു പറഞ്ഞു.

"അല്ല... സമ്മതിക്കാൻ വരട്ടെ... ചെറിയൊരു catch ഉണ്ട്." ഇഷാൻ ഒരു കള്ള നോട്ടത്തോടെ പറഞ്ഞു.

"എന്ത് catch?" ഫിലിപ്പ് ചോദിച്ചു.

"അത് പിന്നെ... അവള്... പേപ്പന്റെ ആ പഴയ ഫ്ലോപ്പ് ആയ ലവ് സ്റ്റോറി ഇല്ലേ? അതിലെ ഹീറോയിനിന്റെയും വില്ലന്റെയും മകൾ ആണ്." ഫിലിപ്പിന്റെ തല്ലു കിട്ടും എന്ന് പേടിച്ചു, അയാളുടെ കൈ രണ്ടും കൂട്ടി പിടിച്ചാണ് ഇഷാൻ അത് പറഞ്ഞത്.

"എന്നതാന്നു?" ഫിലിപ്പ് അവന്റെ മുഖത്തേക്ക് നോക്കി സംശയത്തോടെ ചോദിച്ചു.

"പേപ്പാ, പണ്ട് പേപ്പന്റെ നടക്കാതെ പോയ കല്യാണത്തിലെ, കല്യാണ പെണ്ണില്ലേ? സാറാ. ആ സാറ ആണ് അവളുടെ അമ്മ. അന്ന് പേപ്പനെ കൊണ്ട് കെട്ടാൻ സമ്മതിക്കാതെ, സാറയെ വളച്ചൊടിച്ചു വിളിച്ചിറക്കി കൊണ്ട് പോന്ന മാത്യു ഇല്ലേ? പുള്ളി ആണ് അവളുടെ അപ്പൻ." ഇഷാൻ പറഞ്ഞു നിർത്തി.

ഫിലിപ്പ് ഞെട്ടി അവനെ നോക്കി ഇരുന്നു. പിന്നെ ഒന്നും മിണ്ടാതെ എഴുന്നേറ്റു പോയി.

ഇഷാൻ ഇനി എന്ത് ചെയ്യും എന്ന് അറിയാതെ ഇരുന്നു. പേപ്പനെ എങ്ങനെ എങ്കിലും പറഞ്ഞു സമ്മതിപ്പിച്ചേ പറ്റുകയുള്ളു എന്ന് അവനു അറിയാമായിരുന്നു. അവൻ അല്പം നേരം ആലോച്ചിരുന്നു. എന്നിട്ടു എഴുന്നേറ്റു ബാത്‌റൂമിൽ പോയി, കുളി ഒക്കെ കഴിഞ്ഞു, താഴത്തേക്കു ചെന്നു.

താഴെ ഹാളിൽ അവന്റെ അപ്പനും ജോർജും, അമ്മ റേച്ചലും, സിസിലി ആന്റിടെ കൂടെ സംസാരിച്ചിരിപ്പുണ്ട്.

അവൻ ചെന്ന് എല്ലാവരോടും കുറച്ചു നേരം സംസാരിച്ചിരുന്നു.

അവൻ ഫിലിപ്പിനെ അവിടെ ഒക്കെ നോക്കി. കാണാഞ്ഞപ്പോൾ സിസിലി ആന്റിയോടു ചോദിച്ചു. അപ്പോഴാണ് അറിഞ്ഞത് ഫിലിപ്പ് ഗാർഡനിൽ ഉണ്ടെന്നു. അവൻ അങ്ങോട്ടേക്ക് ചെന്നു.

patio സ്വിങ്ങിൽ ഇരുന്നു, എന്തോ വല്യ ആലോചനയിൽ ആണ് അയാൾ. ഇഷാൻ അയാൾക്കടുത്തേക്കു ചെന്ന്, അയാളുടെ കൂടെ സ്വിങ്ങിൽ ഇരുന്നു. ഫിലിപ്പ് പതിയെ തല ചരിച്ചു ഇഷാനെ നോക്കി ചെറുതായി പുഞ്ചിരിച്ചു.

"ഫ്ലാഷ് ബാക്കിൽ ആയിരുന്നോ?" ഇഷാൻ ചോദിച്ചു.

"ഹ്മ്മ്മ് ചെറുതായിട്ട്." അയാൾ വീണ്ടും വിദൂരത്തിയിലേക്കു നോക്കി.

"പേപ്പാ, എനിക്ക്... എനിക്ക് അവളില്ലാതെ പറ്റില്ല. പേപ്പൻ സമ്മതിക്കണം. പ്ളീസ്." ഇഷാൻ അയാളുടെ കയ്യിൽ പിടിച്ചു.

ഫിലിപ്പ് ഞെട്ടി അവനെ നോക്കി, "അതെന്നാടാ ഉണ്ണിമോനെ നീ അങ്ങനെ പറഞ്ഞെ? നിന്റെ ഏതു ഇഷ്ടത്തിനാടാ ഞാൻ എതിര് നിന്നിട്ടുള്ളത്? "

"അതല്ല... പേപ്പന് അവരെ വീണ്ടും കാണുന്നത് എത്ര ബുദ്ധിമുട്ടുണ്ടാക്കും എന്ന് എനിക്ക് ഊഹിക്കാൻ പോലും കഴിയില്ല. പക്ഷെ ഞാൻ അവൾക്കു വാക്ക് കൊടുത്തു പോയി. എല്ലാവര്ക്കും വേണ്ടി ഞാൻ ഒരു തെറ്റും ചെയ്യാത്ത അവളെ ഒരിക്കൽ ഞാൻ വേദനിപ്പിച്ചതാ. ഇനി എനിക്ക് പറ്റില്ല, പേപ്പാ. അവളെ എനിക്ക് നഷ്ടപ്പെട്ടാൽ, എനിക്ക് പിന്നെ..." അവൻ പറഞ്ഞു തീർക്കാൻ ആവാതെ നിർത്തി.

"എന്റെ മോനെ! നീ എന്തിനാ ഇങ്ങനെ ഒക്കെ പറയുന്നേ. എടാ ചെറുക്കാ, നിനക്കവളെ ഇഷ്ടം ആണ്, അവൾക്കു നിന്നേം ഇഷ്ടം ആണെങ്കിൽ, ഞാൻ നടത്തി തരില്ലെടാ നിങ്ങടെ കല്യാണം. നിന്നെക്കാൾ വലുതാണോടാ എനിക്ക് എന്നോ നടക്കാതെ പോയ ഒരു കല്യാണം. അല്ലെങ്കിലും അവരെന്തു തെറ്റാ ചെയ്തേ. ഞാൻ അല്ലെ ആഗ്രഹിച്ചുള്ളു. സാറ ആഗ്രഹിച്ചത് എന്നെ അല്ലല്ലോ. ഒന്നില്ലെങ്കിലും, അവൾ കല്യാണത്തിന് മുന്നേ തന്നെ എല്ലാം തുറന്നു പറഞ്ഞില്ലേ. എന്നെ വഞ്ചിച്ചില്ലല്ലോ! അന്ന് കുറച്ചു നാണക്കേടുണ്ടായിരുന്നു. പിന്നെ, സ്നേഹിച്ച പെണ്ണിനെ നഷ്ടപ്പെട്ട വേദനയും കൂടെ ആയപ്പോ, കുറച്ചു നാളു എന്റെ ജീവിതം ഒന്ന് താളം തെറ്റി എന്നുള്ളത് നേരാണ്. പക്ഷെ, അത് കൊണ്ടല്ലെടാ, എനിക്കു എന്റെ സിസിലിയെ കിട്ടിയേ. ആ താളം തെറ്റൽ പോലും, അവളിലേക്കെത്താൻ കർത്താവു ഉണ്ടാക്കിയ മാർഗം ആയിട്ടാണ് ഇന്ന് ഞാൻ കാണുന്നത്." ഫിലിപ്പ് ഇഷാനെ നോക്കി ചിരിച്ചു. ഇഷാൻ തിരിച്ചും.

"എന്നിട്ടെവിടെ? നിന്റെ പെണ്ണിന്റെ ഫോട്ടോ കാണിച്ചേ. ഞാനും ഒന്നും കാണട്ടെ, ഞങ്ങടെ ഉണ്ണിമോനെ ക്ലീൻ ബൗൾഡ് ആക്കിയ സുന്ദരിനെ." ഫിലിപ്പ് അവന്റെ അരയിൽ ചൂണ്ടു വിരൽ കൊണ്ട് കുത്തി കൊണ്ട് പറഞ്ഞു.

ഇഷാൻ ഷോർട്ട്സിന്റെ പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു, ഫോട്ടോസ് കാണിച്ചു. അവന്റ ഫോൺ ഗാലറി കണ്ടതും, ഫിലിപ്പ് അവന്റെ കയ്യിൽ നിന്ന് ഫോൺ തട്ടിപ്പറിച്ചു വാങ്ങി കൊണ്ട് പറഞ്ഞു, "ഇത് ഫുൾ അവളുടെ ഫോട്ടോസ് ആണല്ലോ??!? ഇതൊക്കെ എപ്പോ എടുത്തു? "

"അതായത് ഫിലിപ്പച്ചാ. .. ഞാൻ ഇപ്പൊ ചെയ്യുന്ന ഇവന്റ്, ഇവരുടെ ഫാമിലി ഫ്രണ്ടിന്റെ കല്യാണം ആണ്. വളരെ ക്ലോസ് ആണ്. സൊ എന്നും ആ പേരും പറഞ്ഞു കാണാറുണ്ട്."

"എടാ കള്ളതിരുമാലി! അതിനാണ് നീ വന്നിട്ട് എന്നെ പോലും ഒന്ന് കാണാൻ വരാതെ, ഇവന്റ് എന്നും പറഞ്ഞു ഓടിയതല്ലേ? " ഫിലിപ്പ് അവന്റെ തോളത്തു നല്ലോണം ഇടിച്ചു. അയാൾ സ്ക്രോൾ ചെയ്തു, ഇഷാനും കൊച്ചുവും കൂടെ നിൽക്കുന്ന ഒരു ഫോട്ടോയിൽ വന്നു നിന്ന്. പൂള് സൈഡിൽ വച്ച്, അനിരുദ്ധ് എടുത്തു കൊടുത്ത ഒരു ഫോട്ടോ ആയിരുന്നു അത്. ഇഷാനും കൊച്ചുവും തമ്മിൽ നോക്കി ചിരിച്ചു നിൽക്കുന്ന ഫോട്ടോ ആണ്. സൈഡിൽ പൂളും, ബാക്ക്ഗ്രൗണ്ട് il ബീച്ചും കാണാം. വല്ലാത്ത ഒരു ഭംഗി ആയിരുന്നു ആ ഫോട്ടോയ്ക്ക്.

കുറച്ചു നേരം ആ ഫോട്ടോയിൽ നോക്കി ഇരുന്നിട്ട് ഫിലിപ്പ് പറഞ്ഞു, " യു ബോത്ത് റീലി ലുക്ക് ലൈക് എ മാച്ച് made ഇൻ ഹെവൻ." ഇഷാൻ അയാളെ കെട്ടിപ്പിടിച്ചു.

"നീ വല്ലാണ്ടങ് സന്തോഷിക്കാൻ വരട്ടെ. ഒരു ആളെ കൂടെ ഇല്ലേ സമ്മതിപ്പിക്കാൻ? നിന്റെ വല്യമ്മച്ചി. അധികം പ്രതീക്ഷ ഒന്നും വയ്‌ക്കേണ്ട, കേട്ടല്ലോ?" ഫിലിപ്പ് അവനു ഒരു മുന്നറിയിപ്പെന്നോണം പറഞ്ഞു.

"ഹ്മ്മ്മ്... വല്യമ്മച്ചീടെ അടുത്ത് ഞാൻ പറഞ്ഞു നോക്കും. സമ്മതിച്ചില്ലെങ്കിലും ഞാൻ അടുത്താഴ്ച അവളുടെ വീട്ടിൽ പോയി പെണ്ണ് ചോദിക്കും. എനിക്ക് ബാക്കി നിങ്ങളുടെ ഒക്കെ സമ്മതം മതി. ഇനിയും ഞാൻ വച്ച് താമസിപ്പിക്കില്ല. ഇപ്പൊ തന്നെ അവൾക്കു കല്യാണാലോചനകൾ വന്നു തുടങ്ങി. അവൾക്കു അവന്റെ അപ്പനെ ധിക്കരിക്കാൻ പറ്റില്ല. അത് കൊണ്ട്, ഞാൻ വേഗം കാര്യങ്ങൾ നീക്കിയെ പറ്റത്തൊള്ളൂ. വല്യമ്മച്ചി വേണം എങ്കിൽ എത്ര നാൾ ആയാലും വാശി വച്ചോണ്ടിരിക്കും. അത് സോൾവ് ആക്കാനുള്ള ടൈം ഒന്നും ഇപ്പൊ എന്റെ കയ്യിൽ ഇല്ല. അവളെ നഷ്ടപ്പെടുത്തി കൊണ്ട് ഒരു കാര്യത്തിനും ഞാൻ ഇല്ല." ഇഷാൻ തീരുമാനിച്ചുറപ്പിച്ചത് പോലെ എഴുന്നേറ്റു.

"കാര്യം എന്റെ അമ്മച്ചി ഒക്കെ തന്നെയാ. പക്ഷെ ആവശ്യമില്ലാത്ത ഈ വാശി സമ്മതിച്ചു കൊടുക്കേണ്ട ആവശ്യം ഒന്നും ഇല്ല. ജീവിക്കേണ്ടത് നീയാണ്. ഇവിടെ പ്രസക്തി നിന്റെ ഇഷ്ടത്തിനാണ്. ആരുടെയും വാശിക്കല്ല. നീ വാ. നമുക്കേതായാലും ചെന്ന് സംസാരിക്കാം." ഫിലിപ്പും അവന്റെ കൂടെ എഴുന്നെറ്റു, അവർ രണ്ടു പേരും അകത്തേക്ക് നടന്നു.

ഉച്ച ഭക്ഷണം കഴിഞ്ഞു എല്ലാവരും ഹാളിൽ ഇരിക്കുകയാണ്. അപ്പോഴാണ് ജോർജ് കല്യാണത്തിന്റെ വിഷയം എടുത്തിട്ടത്.

"അമ്മച്ചി, നമ്മുടെ ഉണ്ണി മോന് വേണ്ടി ഒരു പെണ്ണ് കാണാൻ പോയാലോ എന്ന് ആലോചിക്കുകയായിരുന്നു ഞങ്ങൾ."

"എവിടെക്കണ്ടാ ജോർജേ?" ചാരു കസേരയിൽ ചാരി ഇരുന്നു കൊണ്ട് ജോർജിന്റെയും ഫിലിപ്പിന്റെയും അമ്മച്ചി, ഏലിയാമ്മ, ചോദിച്ചു.

അത് അമ്മച്ചി, അവൻ പണ്ട് പറഞ്ഞില്ലായിരുന്നോ? അവന്റെ കോളേജിലെ..." ജോർജ് വാക്കുകൾക്കായി പരതി.

"ഏതു? ആ അഴിഞ്ഞാടി നടന്നവടെ മകളോ?" ഏലിയാമ്മ എഴുന്നേറ്റിരുന്നു.

"ഹന്നാ, അതാണ് അവളുടെ പേര്. അമ്മയുടെ പേര് സാറ, അപ്പൻ മാത്യു." ഇഷാൻ ഏലിയാമ്മയുടെ സംസാരം ഇഷ്ടപ്പെടാതെ പറഞ്ഞു.

"പേരെന്തെങ്കിലും ആയിക്കോട്ടെ. അത് പണ്ടേക്കു പണ്ടേ വേണ്ട എന്ന് വച്ച കാര്യം അല്ലെ? ഇപ്പൊ എന്തിനാ അത് വീണ്ടും പറയുന്നതു?" ഏലിയാമ്മ എല്ലാവരെയും രൂക്ഷമായി നോക്കി കൊണ്ട് പറഞ്ഞു.

"ഞാൻ ഒന്നും വേണ്ട എന്ന് വച്ചിട്ടില്ല. നിങ്ങളൊക്കെ വേണ്ട എന്ന് വച്ചെങ്കിൽ അതെന്റെ കുഴപ്പോം അല്ല." ഇഷാനു ദേഷ്യം വരുന്നുണ്ടായിരുന്നു. അത് അവന്റെ വാക്കുകളിലും മുഖഭാവത്തിലും വ്യക്തം ആയിരുന്നു.

റേച്ചൽ അവന്റെ കയ്യിൽ പിടിച്ചു, കണ്ണ് കൊണ്ട് മിണ്ടാതെ ഇരിക്കാൻ പറഞ്ഞു.

"അമ്മച്ചി, അവനിപ്പോഴും ആ കൊച്ചിനെ മറക്കാൻ പറ്റിയിട്ടില്ല. അതിന്റെ കല്യാണവും ഒന്നും കഴിഞ്ഞിട്ടും ഇല്ല. വെറുതെ എന്തിനാ പിള്ളേരെ വിഷമിപ്പിക്കുന്നത്. അവര് സന്തോഷം ആയി ജീവിക്കട്ടെ. വെറുതെ പഴയതും പറഞ്ഞിരുന്നു, ഇവരുടെ ജീവിതം നശിപ്പിക്കണോ?" ജോർജ് എലിയാമ്മയെ അനുനയിപ്പിക്കാൻ നോക്കി.

"മറക്കാൻ പറ്റിയില്ലെങ്കിൽ, മറക്കാൻ ഉള്ള വഴി നോക്കുക. വേറെ ഒരു പെണ്ണ് കേട്ടട്ടേ അവൻ. അപ്പൊ ഒക്കെ തനിയെ മറന്നോളും. അവളീ ലോകത്തെ അവസാനത്തെ പെണ്ണൊന്നും അല്ലല്ലോ, അവളെ തന്നെ കെട്ടാൻ." ഏലിയമ്മ ചൊടിച്ചു.

"എന്നെ വേറെ കെട്ടിക്കാൻ ഒന്നും വല്യമ്മച്ചി കഷ്ടപ്പെടേണ്ട. ഞാൻ ഹന്നയെ മാത്രേ കെട്ടത്തൊള്ളൂ." ഇഷാൻ വീണ്ടും ഒച്ച ഉയർത്തി. റേച്ചൽ വീണ്ടും അവന്റെ കയ്യിൽ പിടിച്ചു കണ്ട്രോൾ ചെയ്യാൻ ശ്രമിച്ചു.

"ഞാൻ ജീവിച്ചിരിക്കുമ്പോ ഇതിനു സമ്മതിക്കില്ല." വല്യമ്മച്ചി അവനെ ഭീഷണി പെടുത്തി.

"അമ്മച്ചി ജീവിച്ചിരുന്നാലും ഇല്ലെങ്കിലും അവൻ അവളെ തന്നെ കെട്ടും. ഞാൻ നടത്തി കൊടുക്കും, ആര് കൂടെ നിന്നില്ലേലും. അവന്റെ മനസ്സ് വിഷമിപ്പിക്കാൻ ഞാൻ ആരേം സമ്മതിക്കില്ല." അത് വരെ മിണ്ടാതിരുന്ന ഫിലിപ്പ് പറഞ്ഞു.

അവന്റെ അങ്ങനെത്തെ ഒരു മറുപടി എല്ലാവരെയും ഒന്ന് ഞെട്ടിച്ചു, പ്രത്യേകിച്ച് ഏലിയാമ്മയെ.

"നിന്നെ കളഞ്ഞിട്ടു പോയവളുടെ കുടുംബത്തുന്നു തന്നെ നിനക്ക് ഈ തറവാട്ടിലേക്ക് പെണ്ണിനെ കൊണ്ട് വരണോ? എങ്ങാണ്ടോ പോയി അഴിഞ്ഞാടി നടന്നു വയറ്റിലുണ്ടാക്കിയതാ അവളുടെ അമ്മ. അങ്ങനെ ഉണ്ടായതാണ് ആ പെണ്ണ്. അങ്ങനെ ഒരുത്തിയെ തന്നെ വേണോ ഈ കുടുംബത്തെ മരുമകൾ ആക്കാൻ?" ഏലിയാമ്മ പുലമ്പി.

"ആര് കളഞ്ഞിട്ടു പോയി? ആര് അഴിഞ്ഞാടി?അവൾ എന്നെങ്കിലും പറഞ്ഞിരുന്നോ എന്നെ ഇഷ്ടം ആണെന്ന്? ഞാനുമായിട്ടുള്ള കല്യാണത്തിന് സമ്മതം ആയിരുന്നെന്നു? പോട്ടെ, ഇവിടുന്നു ആരെങ്കിലും ഒന്ന് അന്വേഷിച്ചോ? പിന്നെ അഴിഞ്ഞാട്ടത്തിന്റെ കാര്യം. അങ്ങനെ ഒരു അഴിഞ്ഞാട്ടക്കാരി ആയിരുന്നു സാറ എങ്കിൽ, അവൾ ഒന്നും മിണ്ടാതെ വന്നു എന്റെ മുന്നിൽ മിന്നു കിട്ടാനായി തല കുനിച്ചേനെ. ആ കൊച്ചിനെ ഇവിടെത്തെ കൊച്ചു മകളായി എല്ലാവരും കൊണ്ട് നടക്കുകയും ചെയ്തേനെ. അതൊന്നും സാറ ചെയ്തില്ലല്ലോ? അങ്ങനെ ചെയ്തിരുന്നെങ്കിൽ, അതല്ലേ തെറ്റ്. ഇതിപ്പോ തെറ്റ് ചെയ്യാതിരിക്കാൻ നോക്കിയതിനല്ലേ, ഇത്ര നാളു അവള് പഴി കേൾക്കേണ്ടി വന്നതു? ഹന്നയുടെ കാര്യം ആണെങ്കിൽ, അവൾ അപ്പനും അമ്മയും എന്ന് പറഞ്ഞു ചൂണ്ടി കാണിക്കുന്നത്, അവൾക്കു ജന്മം കൊടുത്ത ആൾക്കാരെ തന്നെയാ. ഭാവിയിലെ നാണക്കേട് മറയ്ക്കാൻ ആയി അവളുടെ അപ്പനും അമ്മയും അവരുടെ തെറ്റ് മറച്ചു വയ്ക്കാനോ, ഇല്ലാതാക്കാനോ നോക്കിയില്ല. അന്തസ്സായി തന്നെ അവളെ വളർത്തി വലുതാക്കി. അങ്ങനെ അല്ലെങ്കിൽ തന്നെ, ആ കുട്ടി എന്ത് തെറ്റ് ചെയ്തു ? എന്തിനു അവളെ ക്രൂശിക്കണം?" ഫിലിപ്പ് നിന്ന് കിതച്ചു.ജോർജ് എഴുന്നേറ്റു വന്നു ഫിലിപ്പിന്റെ തോളത്തു കൈ വച്ചു.

"പണ്ടെന്നോ നടന്ന കാര്യങ്ങൾ പറഞ്ഞു, ഇനിയും കടിച്ചു തൂങ്ങി കിടക്കാൻ എന്നെ കൊണ്ട് ആവില്ല. എനിക്ക് വലുത് എന്റെ മകന്റെ സന്തോഷം ആണ്. അത് കൊണ്ട്, അമ്മച്ചി ക്ഷമിക്കണം. എന്തൊക്കെ സംഭവിച്ചാലും, ഈ കല്യാണം നടക്കും." ജോർജ് പറഞ്ഞു. റേച്ചലും എഴുന്നെറ്റു ഭർത്താവിന്റെ കൂടെ നിന്നു. അവരുടെ മുഖത്തും അതെ ഉറപ്പാണ് ഉണ്ടായിരുന്നത്. സിസിലി ഒന്നും പറഞ്ഞില്ല എങ്കിലും, അവരുടെ തീരുമാനത്തോട് യോജിക്കുന്നു എന്ന് വിളിച്ചോതുന്നത് പോലെ ഒരു പുഞ്ചിരി അവളുടെ മുഖത്തുണ്ടായിരുന്നു.

തുടരും

അഭിപ്രായങ്ങൾ അറിയിക്കണേ...

രചന: സെഹ്‌നസീബ്
To Top