അനിരുദ്ധ് വീട്ടിൽ ഇറക്കി കഴിഞ്ഞു, അവൾ നേരെ അവളുടെ മുറിയിൽ വന്നു കിടന്നു. ഫുഡ് കഴിക്കാൻ വിളിച്ചെങ്കിലും, അവൾ തലവേദന ആണെന്ന് പറഞ്ഞു താഴേക്ക് ചെന്നില്ല. അവന്റെ വാക്കുകൾ ആയിരുന്നു അവളുടെ മനസ്സിൽ.
'ശരി ആണ്, ഇന്നും അവനെ വെറുക്കാൻ ആയിട്ടില്ല. പരിഭവം മാത്രം ആണ് മനസ്സ് നിറയെ. അവൻ നോക്കുന്ന പല നിമിഷങ്ങളിലും അവൾ ആ പഴയ കൊച്ചു ആവുന്നുണ്ട്. അവന്റെ സാമീപ്യം കൊതിക്കുന്നുണ്ട്....' അവൾ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു കൊണ്ടിരുന്നു.
അല്പം കഴിഞ്ഞപ്പോൾ തന്നെ പൊന്നുവും അമ്മുവും കൂടെ കയറി വന്നു. പൊന്നുവിന്റെ കയ്യിൽ ഒരു ടിഫിൻ ബോക്സ് ഉണ്ടായിരുന്നു. അവൾ അത് നൈറ്റ് സ്റ്റാൻഡിലേക്ക് വച്ചുകൊണ്ട് ബെഡിലേക്കു കയറി ഇരുന്നു. അമ്മു കൊച്ചുവിനെ ചുറ്റി പിടിച്ചു കിടന്നു. കുറച്ചു നേരം അവർ മിണ്ടാതെ ഇരുന്നു. അവളെ ആശ്വസിപ്പിക്കാൻ അവർക്കും വാക്കുകൾ ഉണ്ടായിരുന്നില്ല.
അല്പം കഴിഞ്ഞു പൊന്നു പറഞ്ഞു, "മതി, കൊച്ചു.അവിടെന്നെ കരഞ്ഞോണ്ടല്ലേ വന്നേ. ഇന്നത്തെ കോട്ട കഴിഞ്ഞു. ഇനി നാളെ കരയാം. "
കൊച്ചു എഴുന്നേറ്റിരുന്നു അവളെ തുറിച്ചു നോക്കി.
"പിന്നല്ലാതെ! എല്ലാം കൂടെ ഇന്ന് തന്നെ കരഞ്ഞു തീർത്താൽ എങ്ങനാ. നാളെയും കരയണ്ടായോ? കരയണെങ്കിൽ ആരോഗ്യം വേണ്ടായോ ? അത് കൊണ്ട് മോള് എഴുന്നേറ്റു ഇത് കഴിച്ചേ. അമ്മു, നീ ആ പത്രം ഇങ്ങെടുത്തേ."
"എനിക്ക് വേണ്ട. " കൊച്ചു കാൽമുട്ട് മടക്കി വച്ച്, അതിലേക്കു തല ചായ്ച്ചു.
"ഒന്ന് നിർത്തെന്റെ, കൊച്ചു. മതി, ഒരു മാതിരി സീരിയൽ നായികാ കളിച്ചതു." അമ്മു അവളുടെ തോളിൽ ചെറുതായി തള്ളി കൊണ്ട് പറഞ്ഞു.
"നീ ഇങ്ങനെ ഇരുന്നു കരഞ്ഞത് കൊണ്ട് എന്ത് സംഭവിക്കാനാ! കഴിഞ്ഞതൊക്കെ ഇല്ലാണ്ടാകുവോ? ഇല്ലല്ലോ! ഇതൊക്കെ ഒരു തവണ കഴിഞ്ഞതല്ലേ!!! ഇനി എന്തിനാ വീണ്ടും കരയുന്നേ?" പൊന്നു ചോദിച്ചു.
"എനിക്ക് പറ്റുന്നില്ല. ഒക്കെ കഴിഞ്ഞതാന്നു വയ്ക്കാൻ എനിക്ക് പറ്റുന്നില്ല. കാണുമ്പോ, ഒക്കെ വീണ്ടും ഓർമ്മ വരുവാ. എത്ര വേണ്ടാന്ന് വച്ചിട്ടും പറ്റുന്നില്ല. ഇന്ന് ഞാൻ ഓരോന്ന് പറഞ്ഞപ്പോ, ആ കണ്ണ് നിറഞ്ഞപ്പോ, എനിക്ക് സഹിക്കാൻ പറ്റിയില്ല. എത്ര ഒക്കെ ദേഷ്യം കാണിച്ചാലും, എനിക്ക് അങ്ങേരെ വെറുക്കാൻ ആവുന്നില്ലടാ." കൊച്ചു തല ഉയർത്താതെ കരഞ്ഞു കൊണ്ട് പറഞ്ഞു.
"ടീ ടീ! നിർത്തിക്കേ? എങ്ങോട്ടാ ഈ പറഞ്ഞു കൊണ്ട് പോവുന്നെ എന്ന് മനസ്സിലായി. ഇപ്പോഴേ നിർത്തിക്കോ. " പൊന്നു അവളുടെ തോളിൽ പിടിച്ചു പൊക്കി.
"ഞാൻ വേണമെന്ന് വച്ചിട്ടില്ല പൊന്നു. വീണ്ടും ഇഷ്ടം അങ്ങനെ ഒക്കെ വന്നു പോണു." കൊച്ചു പൊന്നുവിനെയും അമ്മുവിനെയും ദയനീയം ആയി നോക്കി.
"വന്നെങ്കിൽ അതെ സ്പീഡിൽ പോവാൻ പറഞ്ഞോണം. അവളുടെ ഒരു ദിവ്യ പ്രണയം. അങ്ങേരു പോയപ്പോ ഒരു വാക്കു പറnഞ്ഞോ? അവിടെ ചെന്നിട്ടു ഒരു വാക്ക് പറഞ്ഞോ? പോട്ടെ... വന്നിട്ട് ഒരു വാക്കു പറഞ്ഞോ?" അമ്മു അവളെ നോക്കി കണ്ണുരുട്ടി.
"വന്നിട്ട് ഇങ്ങോട്ടു വന്നില്ലേ..." അവൾ മുഖം കൊടുക്കാതെ പതിയെ പറഞ്ഞു.
"ദേ കൊച്ചു... എനിക്ക് ചൊറിഞ്ഞു വരുന്നുണ്ട്. ഇപ്പൊ എന്തിനാ ഇങ്ങനെ ഒരു മനംമാറ്റം. " അമ്മു ചോദിച്ചു.
"അല്ല... നീ അങ്ങേരോട് ചോദിച്ചോ എന്തിനാ പോയെ എന്ന്?" പൊന്നുവിനു അറിയേണ്ടത് അതാണ്.
"ആ! ഞാൻ ഒന്നും ചോദിച്ചില്ല. ഇന്ന് സംസാരിക്കുമ്പോ ഒന്നും justify ചെയ്യാൻ പറ്റില്ല എന്നൊക്കെ പറയുന്നുണ്ടായിരുന്നു. എന്തോ ഉടായിപ്പു റീസൺ ആയിരിക്കും. ഞാൻ ചോദിക്കാൻ പോയില്ല." കൊച്ചു താൽപ്പര്യം ഇല്ലാത്തതു പോലെ പറഞ്ഞു. അവളുടെ കരച്ചിൽ ഒക്കെ തീർന്നിരുന്നു.
"ആദ്യം അതെന്താണെന്നു അറിയൂ. ഇനി അങ്ങേർക്കു നിന്നോട് ശെരിക്കും ഇഷ്ടം അന്നേ ഉണ്ടായിരുന്നില്ലെങ്കിലോ?" പൊന്നു പറഞ്ഞു.
"ഇല്ലടാ. ഇത്തവണ he's സീരിയസ്. എനിക്ക് അറിയാം." കൊച്ചു ഉറപ്പിച്ചു പറഞ്ഞു.
"അപ്പൊ പണ്ട് സീരിയസ് അല്ല എന്ന് നിനക്ക് അറിയാമായിരുന്നോ?" അമ്മു പുരികം ഉയർത്തി.
"അങ്ങനെ അല്ല. അന്ന് എനിക്കി സംശയിക്കേണ്ട കാര്യം ഒന്നും ഇല്ലല്ലോ! അത് കൊണ്ട് അങ്ങനെ ഒന്നും ആലോചിചതെ ഇല്ല. പക്ഷെ, ഈവൻ വിത്ത് മൈ പാസ്ററ് experience, എനിക്ക് പറയാൻ പറ്റുന്നുണ്ട്, ഇഷാൻ സീരിയസ് ആണെന്ന്." കൊച്ചു ഉറപ്പിച്ചു പറഞ്ഞു കൊണ്ട് അവരെ രണ്ടു പേരെയും നോക്കി.
"ഡി പോത്തേ! നീ ഒരു അനുഭവം കൊണ്ട് പഠിക്കത്തില്ലേ? പിന്നേം പോവാൻ പോവാണോ അങ്ങേരുടെ പുറകെ? " പൊന്നു അവളെ കലിപ്പിച്ചു നോക്കി.
"ഹേയ് ഇല്ലില്ല. ഒന്നാമത്തെ അപ്പൻ കെട്ടാൻ കൺവിൻസ് ചെയ്യാൻ നോക്കുന്നുണ്ട്. അതിനിടയ്ക്ക് ഒന്നും ചെയ്യാൻ നിക്കതൊന്നും ഇല്ല. ഇനി ഞാൻ അപ്പന് കൊടുത്ത വാക്ക് തെറ്റിക്കത്തില്ല. ഒരു തവണ ചെയ്തു, അതിനുള്ള നല്ല 8 ന്റെ പണി കർത്താവെനിക്കിട്ടു തന്നു. ഇനി രണ്ടാമത്, ഒന്ന് കൂടെ! നോ വേ! " കൊച്ചു പൊന്നുവിന്റെ കൈ പിടിച്ചു സത്യം ചെയ്യുന്നത് പോലെ പറഞ്ഞു.
"വെൽ... ടെക്‌നിക്കലി, ഒറ്റ തവണയേ നീ വാക്ക് തെറ്റിക്കുന്നുള്ളു." അമ്മു പതിയെ കട്ടിലിന്റെ ഹെഡ് ബോർഡിലേക്ക് ചാരി ഇരുന്നു കൊണ്ട് പറഞ്ഞു. പൊന്നുവും കൊച്ചുവും മനസ്സിലാവാതെ അവളെ നോക്കി.
"എന്ന് വച്ചാൽ, ആള് സെയിം ആണല്ലോ. അപ്പൊ, നീ വാക്ക് കൊടുത്ത് ഒരു തവണയേ തെറ്റിക്കുന്നുള്ളു. അതിന്റെ പണി നിനക്ക് ഈശോ തന്നു കഴിഞ്ഞല്ലോ! അപ്പൊ, ഇനി പേടിക്കേണ്ട." അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
കൊച്ചുവിന്റെ മുഖം ഒന്ന് തെളിഞ്ഞു. അവൾ പെട്ടന്ന് തിരിഞ്ഞു പൊന്നുവിനെ നോക്കി, അവളുടെ മുഖത്തെ കലിപ്പ് കണ്ടു, അപ്പൊ തന്നെ ചിരി മായ്ച്ചു കളഞ്ഞു.
"തലമണ്ട ഞാൻ അടിച്ചു പൊളിക്കും, ഇനി അങ്ങേരെ പ്രേമിക്കാൻ പോയാൽ. " പൊന്നു കൊച്ചുവിനോട് പറഞ്ഞിട്ട്, അമ്മുവിൻറെ നേർക്ക് തിരിഞ്ഞു, "കിടന്നു ലൂപ്പ് ഹോൾസ് ഉണ്ടാക്കാതെ, ആ പാത്രം എടുക്കെടി." പൊന്നു അമ്മുവിനെ നോക്കി ദേഷ്യത്തിൽ പറഞ്ഞു.
അമ്മു അപ്പൊ തന്നെ പത്രം എടുത്തു പൊന്നുവിന്റെ കയ്യിലേക്ക് കൊടുത്തു.
"ഇന്ന് നല്ല കുരുമുളകിട്ട ബീഫ് വരട്ടിയതുണ്ടാക്കി വീട്ടില്. അതാ." പൊന്നു പത്രം കൊച്ചുവിന് നീട്ടി.
കൊച്ചു സന്തോഷത്തോടെ അത് വാങ്ങി തുറന്നു, കഴിക്കാൻ തുടങ്ങി.
"ബീഫ് കണ്ടപ്പോ ലവൾക്കു പ്രേമോം വേണ്ട ഒരു കുന്തോം വേണ്ട. ഹോ! ഒന്ന് നിർത്തി നിർത്തി കഴിക്കെന്റെ കൊച്ചു. ഞങ്ങൾക്ക് വേണ്ട. നല്ലോണം കഴിച്ചിട്ടാ വന്നേ."
കൊച്ചു അവളെ മൈന്ഡാക്കാതെ , ഒരു കഷ്ണം ബീഫും ചപ്പാത്തിയും കൂടെ എടുത്തു വായിലിട്ടു. എന്നിട്ടു അമ്മുവിന്റ് നേർക്ക് തിരിഞ്ഞു," ഡാ. .. എന്തായി പെണ്ണ് കാണാൻ വന്നിട്ട് ?"
"എന്താവാൻ! നൈസ് ആയിട്ട് ചെക്കനെ അങ്ങ് വെറുപ്പിച്ചു." അമ്മു അവരെ നോക്കി കണ്ണടച്ചു കാണിച്ചു.
"ഇയാൾക്കെന്തായിരുന്നു കുഴപ്പം? ഞാൻ കണ്ടതാണല്ലോ ഫോട്ടോ. നല്ല handsome ആയിരുന്നു. പോരാത്തതിന് , നല്ല ജോലി, നല്ല ഫാമിലി. പിന്നെന്താ പ്രശ്നം?" പൊന്നു ചോദിച്ചു.
"പ്രശ്നം എന്താണെന്നു ചോദിച്ചാൽ, അങ്ങേർക്കു പ്രശ്നം ഒന്നും ഇല്ല. എനിക്ക്..." അമ്മു മുഴുമിപ്പിക്കാതെ നിർത്തി.
"നിനക്ക്..." കൊച്ചുവും പൊന്നുവും ഒരേ സ്വരത്തിൽ ചോദിച്ചു.
അമ്മു അവരെ രണ്ടു പേരെയും ഒരു കള്ള ലക്ഷണത്തോടെ നോക്കി. ബാക്കി 2 പേരും എന്തോ വശപിശകുണ്ടല്ലോ എന്ന ഭാവത്തിൽ തമ്മിൽ നോക്കിയിട്ടു അമ്മുവിലേക്കു നോട്ടം തിരിച്ചു.
"അതായത് രമണ... ഞാൻ നമ്മുടെ കിച്ചുവേട്ടനെ കെട്ടുന്നതിനോട് നിങ്ങൾക്കെന്താ അഭിപ്രായം?" അമ്മു പയ്യെ ചോദിച്ചു.
അവർ 2 പേരും ഞെട്ടി. "നമ്മുടെ കിച്ചു ഏട്ടനോ? " പൊന്നു കണ്ണ് മിഴിച്ചു ചോദിച്ചു.
"നീ പറയുന്നതു... മാളുവിന്റെ ഏട്ടൻ... കിച്ചു, അതേ ഏട്ടൻ തന്നെ... അല്ലെ?" കൊച്ചുവിന് ഞെട്ടിയിട്ട്, നേരെ ചൊവ്വേ വാക്കുകൾ പോലും കിട്ടുന്നുണ്ടായിരുന്നില്ല.
"ആന്നെ. അതന്നെ. പറഞ്ഞു വരുമ്പോൾ എന്റെ മുറച്ചെറുക്കൻ ആണല്ലോ. നമ്മുടെ കുടുംബത്തിൽ തന്നെ ഇങ്ങനെ ഒന്നാന്തരം ഒരു ചെക്കൻ ഉള്ളപ്പോ എന്തിനാ പുറത്തുന്നു ഒരെണ്ണത്തിനെ import ചെയ്യുന്നത്." അമ്മു നിസാരം ആയി പറഞ്ഞു.
"ഇതൊക്കെ എപ്പോ?" പൊന്നുവിനെ വിശ്വാസം ആവുന്നുണ്ടായിരുന്നില്ല.
"ഓ... ഇപ്പോഴും അതിനു ഒന്നും ഉണ്ടായിട്ടൊന്നും ഇല്ല... ഈയിടെ ആയി അങ്ങേരെ കാണുമ്പോ എനിക്ക് ഒരു ഇളക്കം ഇല്ലേ.... എന്ന് എനിക്കൊരു സംശയം." അമ്മു പറഞ്ഞു.
"യേതിടെയായി?" കൊച്ചു പുരികം ഉയർത്തി.
"അതായത് ഒരു 7-8 വര്ഷം ആയി." അവൾ നല്ല വെളുക്കെ ചിരിച്ചു കൊണ്ട് പറഞ്ഞു.
"എടി ഭീകരീ! നീ എന്നിട്ടു ഇത് വരെ ഒന്നും പറഞ്ഞില്ലല്ലോ!" കൊച്ചു അവളെ പിച്ചി.
"അതിനു പറയാൻ മാത്രം ഒന്നും സംഭവിച്ചില്ലല്ലോ. അങ്ങേർക്കു അറിയത്തൊന്നും ഇല്ല. ഇത്ര നാളും ഞാൻ പുള്ളിയെ ചുമ്മാ ഇങ്ങനെ വായിനോക്കി നടക്കുവായിരുന്നു. ഇപ്പൊ കല്യാണം ആലോചിച്ചപ്പോഴാ, വേറെ ആരെയും കണ്ടിട്ട് അങ്ങേരെ കാണുമ്പോ ഉണ്ടാകുന്ന ആ സ്പാർക് അങ്ങ് വരുന്നില്ല. അപ്പോഴാ മനസിലായെ, ഞാൻ വെറുതെ വായിനോക്കിയതല്ല. ശെരിക്കും ഇഷ്ടം ആയിരുന്നുന്നു." അമ്മു അല്പം നാണത്തോടെ പറഞ്ഞു.
"മുത്തേ! കിടു! പക്ഷെ അങ്ങേർക്കു ഇനി വല്ല affairum കാണുവോ?" പൊന്നു സംശയം ചോദിച്ചു.
"ഹേയ്... affair ഒന്നും ഇല്ല..." അമ്മു ഉറപ്പിച്ചു പറഞ്ഞു.
"അതെന്താ നിനക്കിത്ര ഉറപ്പു? " കൊച്ചു ചോദിച്ചു.
"അത് പിന്നെ. .. ഇടയ്ക്കങ്ങേരുടെ നോട്ടത്തിനു ഒരു വശപിശകില്ലേ എന്നൊരു ഡൌട്ട് കുറച്ചു നാളായിട്ടുണ്ട്. പിന്നെ , ഒരിക്കൽ മാളു ആയിട്ടിരിക്കുമ്പോ പുള്ളി വീഡിയോ കാൾ ചെയ്തു. വിശേഷം പറയുന്ന കൂട്ടത്തിൽ, അങ്ങേരു ദുബായ് ന്നു ലീവിന് വരുമ്പോ, പറ്റിയ നല്ല ചെക്കൻ മാരെയും കൊണ്ട് വരാൻ അവള് പറഞ്ഞു. കാര്യം അന്വേഷിച്ചപ്പോ പൊന്നു പറഞ്ഞു എനിക്ക് കല്യാണം ആലോചിക്കുന്ന കാര്യം. പെട്ടന്ന് ആളുടെ മുഖം ഒക്കെ മാറി. ശെരിക്കും ഒരു പവർ കട്ട് വന്നത് പോലെ. അത് കഴിഞ്ഞു പെട്ടന്ന് തന്നെ വച്ചു. മൊത്തത്തിൽ കൂട്ടി വായിച്ചപ്പോ, എന്തോ ഒന്നില്ലേ എന്നൊരു തോന്നൽ. അതോ ഇനി എനിക്ക് തോന്നിയതാണോ എന്ന് അറിയില്ല. എന്തായാലും അടുത്ത ആഴ്ച ലാൻഡ് ചെയ്യുവല്ലോ. അപ്പൊ ചോദിക്കണം. എന്നിട്ടു വേണം പിന്നെത്തെ കാര്യങ്ങൾ നോക്കാൻ."
ഇതൊക്കെ കേട്ട് ഞെട്ടി ഇരിക്കുകയാണ്, കൊച്ചുവും പൊന്നുവും.
"ഇവള് ഫുൾ ടൈം നമ്മുടെ കൂടെ ഉണ്ടായിട്ടു, നമ്മൾ ഇതൊന്നും അറിഞ്ഞില്ലല്ലോ!" പൊന്നു കൊച്ചുവിനെ നോക്കി പറഞ്ഞു.
"എന്തായാലും സംഭവം സൂപ്പർ! കിച്ചുവേട്ടൻ ഒരു പാവം ആണ്! ഈ മുതലിനെ എങ്ങനെ സഹിക്കുവോ എന്തോ!" കൊച്ചു അമ്മുവിനെ കളിയാക്കി.
അതിനു മറുപടി ആയി അവൾ ഇളിച്ചു കാണിച്ചു.
"മാളുവിന് അറിയുവോ?" കൊച്ചു ചോദിച്ചു.
"ഇയ്യോ ഇല്ല... എനിക്ക് പേടിയാ അവളോട് പറയാൻ." അമ്മുവിന്റെ പേടി മുഖത്തു തെളിഞ്ഞു കാണായിരുന്നു.
അപ്പൊ അവളോട് പറയാൻ ഉദ്ദേശം ഒന്നും ഇല്ലേ?" പൊന്നു ചോദിച്ചു.
"ആദ്യം അങ്ങേർക്കു ഇഷ്ടം ആണോന്നു അറിയണ്ടേ! എന്നിട്ടു പോയി അവളുടെ കയ്യിന്നു അടി വാങ്ങിക്കൂട്ടിയാൽ പോരേ? ഇത് ഇനി വെറുതെ തിളയ്ക്കുന്ന സാംബാർ ആണെങ്കിലോ!" അമ്മു പറഞ്ഞു.
"അത് നേരാണ്. ഇത്തവണ വരുമ്പോ നമുക്ക് ഇതിനൊരു തീരുമാനം ഉണ്ടാക്കാം." പൊന്നു പറഞ്ഞു.
അങ്ങനെ ഓരോന്ന് പറഞ്ഞിരുന്നു അവർ എപ്പോഴോ കിടന്നു.
*************************************************************************************************************************************
പിന്നീടുള്ള കുറച്ചു ദിവസങ്ങൾ പൊന്നുവും അമ്മുവും മനപ്പൂർവം കൊച്ചുവിനെ പരിപാടി നടക്കുന്ന സ്ഥലത്തേക്ക് വിടാൻ സമ്മതിച്ചില്ല. പൊന്നുവും അമ്മുവും കൂടെ ആണ് ഫങ്ക്ഷനിന്റെ കാര്യങ്ങൾ ഒക്കെ നോക്കി നടത്തിയത്. കൊച്ചുവിനെ ഒന്നില്ലെങ്കിൽ ഹോസ്പിറ്റലിലേക്കോ, ഷോപ്പിങ്ങിനോ, മെഹ്രുവിനു കൂട്ടായോ ഇരുത്തി.
ഇതിനിടയ്ക്ക് മാളുവും വന്നു. ഗൗതമിനു ക്ലാസ് ഉള്ളത് കാരണം ഒരാഴ്ച കൂടെ കഴിഞ്ഞേ വരികയുള്ളു. മാളു കൂടെ എത്തിയതോടെ, കൊച്ചുവിന് ഒരു രീതിയിലും ഇഷാനിന്റെ മുന്നിൽ ചെന്ന് പെടേണ്ട അവസ്ഥ ഇല്ലാതായി. അത് ഒരേ സമയം കൊച്ചിവിനു ആശ്വാസവും വേദനയും നൽകി. പക്ഷെ, അവൾ അവരെ ധിക്കരിക്കാൻ പോയില്ല.
ഇഷാന് അവളെ കാണാതെ വട്ടു പിടിക്കുന്നുണ്ടായിരുന്നു. അവൻ അനിരുദ്ധദിനോട് പറഞ്ഞെങ്കിലും അവനു ഇഷാനെ ഹെല്പ് ചെയ്യാൻ ഒരു നിർവാഹമുണ്ടായിരുന്നില്ല. ഒന്നാമത്, കൊച്ചു-ഇഷാൻ ബന്ധം അവർ ഡിസ്‌കസ് ചെയ്യാറില്ല. രണ്ടാമത്, അതിനെങ്ങാൻ അവൻ ശ്രമിച്ചാൽ, പൊന്നു അവന്റെ കട്ടേം പടോം മടക്കും. എന്ത് ചെയ്യണം എന്ന് അറിയാതെ, അവൻ ഇരുന്നു.
3-4 ദിവസം അങ്ങനെ കടന്നു പോയി. അവസാനം സഹികെട്ടു, ഇഷാൻ നേരെ മെഹ്രുവിന്റെ വീട്ടിലേക്കു ചെന്നു. അവിടുള്ളവർ ചോദിച്ചപ്പോ എന്തോ colorinte കാര്യം നോക്കാൻ ആണെന്ന് മറുപടിയും പറഞ്ഞു. അപ്പോൾ അവർ പറഞ്ഞാണ് മെഹറുവും കൊച്ചുവും കൂടെ ഷോപ്പിംഗിനായി മാള് ലേക്ക് പോയിരിക്കുകയാണെന്നു അറിഞ്ഞത്. പിന്നെ ഒന്നും നോക്കിയില്ല. നേരെ മാള് ലേക്ക് വണ്ടി വിട്ടു. അവൻ പോവുമ്പോഴാണ് മാളു ഇഷാനെ കാണുന്നതു. ഇഷാൻ പക്ഷെ മാളുവിനെ കണ്ടിരുന്നില്ല. എത്രയും പെട്ടന്ന് കൊച്ചുവിന്റെ അടുത്തെത്താൻ ഉള്ള ദ്രിതിയിൽ ആയിരുന്നു അവൻ. മാളു ഫോൺ എടുത്തു പൊന്നുവിനെ വിളിച്ചു.
weekday ആയതു കാരണം മാള്il അധികം തിരക്കില്ലായിരുന്നു. കുറെ അന്വേഷിച്ചു നടന്നതിനു ശേഷം, അവർ 2 പേരും ഫുഡ് കോർട്ടിൽ ഇരിക്കുന്നത് അവൻ കണ്ടു. അവൻ അവർ കാണാതെ ഒരു ടേബിളിൽ വന്നിരുന്നു, കൊച്ചുവിനെ നോക്കികൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അവൾ എഴുന്ന്ട്ട് വാഷ്‌റൂമിലേക്കു പോയി. ഇഷാനും പുറകെ ചെന്നു.
കൈ കഴുകി, തല ഉയർത്തി നോക്കുമ്പോഴാണ് കണ്ണാടിയിൽ തന്റെ പുറകിൽ കൈ കെട്ടി, മതിലിൽ ചാരി നിൽക്കുന്ന ഇഷാനെ കണ്ടത്. അവൾ വിടർന്നു വന്ന ചിരി സമർത്ഥമായി ഒളിപ്പിച്ചെങ്കിലും, അവളുടെ കണ്ണുകളിലെ തിളക്കം അവിടെ തന്നെ നിലകൊണ്ടു. ഇത് കണ്ട ഇഷാൻ അവളെ നോക്കി ചിരിച്ചു. അവൾ പതിയെ അവനു നേരെ തിരിഞ്ഞു. ഒരു നിമിഷം അവനെ ഒന്ന് നോക്കിയിട്ടു, അവൾ ഒന്നും മിണ്ടാതെ പുറത്തേക്കിറങ്ങാൻ പോയതും, ഇഷാൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു അവന്റെ നെഞ്ചിലേക്കിട്ടു.
നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യൂ....
(തുടരും...)
രചന: സെഹ്‌നസീബ്