രചന: അഖില ഭാമ
നാളെ അവളുടെ കല്യാണമാണ്. പരസ്പരം സ്നേഹിച്ചിട്ടും ഒന്നിക്കാൻ കഴിയാതെ പോയവരുടെ കൂട്ടത്തിലേക്ക് നാളെ ഞങ്ങളുടെ പേരും എഴുതപ്പെടും. കഴിഞ്ഞകാലത്തിലേക്ക് തിരിഞ്ഞുനടക്കാൻ കൊതി തോന്നി.
റെക്കോർഡുമായി സ്റ്റാഫ് റൂമിലേക്ക് കയറി വന്ന അന്ന് പരസ്പരം കൂട്ടിമുട്ടിയായിരുന്നു ആദ്യത്തെ കൂടിക്കാഴ്ച. സോറി പറഞ്ഞു മുന്നോട്ടു നടന്നു നീങ്ങുന്നതിനിടെ വീണ്ടും തിരിഞ്ഞു നോക്കാനും മറന്നില്ല. മനസ്സിലെവിടെയോ വരച്ചിട്ട മുഖവുമായി അത്രയ്ക്ക് സാമ്യമായിരുന്നു അവൾക്ക്. നെറ്റിയിലെ ചന്ദനക്കുറിയും പിന്നിൽ മേടഞ്ഞിട്ട മുടിയും ഒരു നാടൻ പെണ്കുട്ടിയാണെന്നു വിളിച്ചോതുന്നുണ്ടായിരുന്നു.
പിന്നീട് പലയിടങ്ങളിലും വെച്ച് കാണുമ്പോഴെല്ലാം പരസ്പരം ഒരു പുഞ്ചിരി മാത്രം കൈമാറി അവൾ നടന്നകന്നു. കോളേജ് ഡേയുടെ അന്നാണ് ഞാൻ ആദ്യമായി അവളോട് സംസാരിച്ചത്. അല്ല പരിചയപ്പെട്ടത്.
"ഹായ്, അറിയോ? "
"അറിയാം. എന്നാൽ പേരാറിയില്ലാട്ടോ. "
"ഞാൻ വിവേക്. ഇവിടെ ഫസ്റ്റ്ഇയർ പിജി ചെയ്യുന്നു. ഇയാളുടെ പേരെന്താ"
"ഞാൻ കീർത്തന. ഫസ്റ്റ് ഇയർ ഡിഗ്രി "
അന്ന് അവിടെ സംസാരം അവസാനിച്ചെങ്കിലും. പിന്നീട് സംസാരിക്കാനുള്ള അവസരങ്ങൾ ഞാൻ തന്നെയുണ്ടാക്കി. പതിയെ പതിയെ എന്റെ ഇഷ്ടം അവളെ അറിയിക്കണമെന്നും കരുതി. സത്യം പറഞ്ഞാൽ പേടിയായിരുന്നു. പിന്നീട് അവൾ എന്നോട് സംസാരിക്കാതിരുന്നാലോ എന്ന്. അങ്ങനെ ഒരു വർഷം കടന്നു പോയി.
ആയിടക്കാണ് എന്റെ സുഹൃത്ത് അവളെ ഇഷ്ടമാണെന്ന് പറഞ്ഞു എന്റെ അടുത്തു വരുന്നത്. അവനോടു എതിർത്തു പറയാൻ എന്തു കൊണ്ടോ എനിക്കും സാധിച്ചില്ല. അവന്റെ ഇഷ്ടം ഞാൻ തന്നെ അവളോട് പറയണം എന്നു കൂടി അവൻ പറഞ്ഞപ്പോൾ ഞാൻ ശരിക്കും ധർമ്മസങ്കടത്തിലായി.
ക്ലാസ്സിൽ പോലും പെണ്കുട്ടികളുടെ മുഖത്ത് നോക്കാത്തവൻ എപ്പോഴാ കീർത്ഥനയെ കണ്ടതെന്ന് ചിന്തിച്ചു പോയി. ഇനി ഞാനും അവളെ സ്നേഹിക്കുന്നുണ്ടെന്നു അവനോട് പറഞ്ഞാലോ. എന്തായാലും ഇതിനൊരു സൊലൂഷൻ വേണം. എന്ത് ചെയ്യും എന്നാലോചിച്ചു വീർപ്പുമുട്ടി. അവസാനം ബെസ്റ്റ് ഫ്രണ്ട് ആയ പ്രണവിനോട് കാര്യം പറഞ്ഞു.
"നീ എന്തായലും അവളോട് ബിബിന്റെ ഇഷ്ടം പറ ഒന്നുമില്ലെങ്കിലും അവളുടെ മനസ്സിൽ എന്താന്ന് അറിയാലോ?"
എന്നു പ്രണവ് പറഞ്ഞപ്പോൾ ഇനി അവളെ കിട്ടില്ലെന്ന് ഉറപ്പിച്ചു.
അന്ന് ഉച്ചയ്ക്ക് അവളെ ക്ലാസ്സിൽ നിന്നും വിളിച്ചുവരുത്തി. ഓടി വന്ന അവളുടെ മനസ്സിൽ എന്തായിരുന്നു എന്നറിയില്ല എന്നാലും സന്തോഷത്തോടെയാണ് അവൾ വന്നത്.
എന്താ ഏട്ടാ എന്തിനാ വിളിച്ചത് എന്ന ചോദ്യത്തിൽ ഞാൻ ഒന്നു പതറി. എന്റെ മനസ്സ് പിടിക്കപ്പെട്ടലൊന്ന് ഭയന്ന് ഒരു ഭാവഭേദം ഇല്ലാതെ ഞാൻ അവളോട് പറഞ്ഞു.
"അതേ എന്റെ ഒരു ഫ്രണ്ടിന് നിന്നെ ഇഷ്ടമാണ്. അതാ ആ വരുന്നതാണ് ആള്." അത് പറഞ്ഞു കൊണ്ട് ഞാൻ ബിബിനെ ചൂണ്ടിക്കാട്ടി. കള്ളം ഒളിപ്പിക്കാൻ ഉള്ളത് കൊണ്ടാകാം. സംസാരത്തിന് അൽപ്പം വേഗം കൂടുതൽ ആയിരുന്നു. കാര്യം പറയുമ്പോഴും ഞാൻഅവളെ ഇടം കണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു. അവന് പറയാനുള്ളത് കേൾക്കാൻ പറഞ്ഞു ഞാൻ തിരിഞ്ഞു നോക്കാതെ നടന്നു. എന്നാലും മുന്നിലുള്ള കണ്ണാടിയിലൂടെ ഞാൻ അവളെ നോക്കുന്നുണ്ടായിരുന്നു. അവൾ എന്നെ തന്നെ നോക്കി നിന്നു. അവനാണെങ്കിൽ എന്തൊക്കെയോ പറയുന്നുണ്ട്.
ബിബിൻ തിരിച്ചു നേരെ വന്നത് എന്റെ അടുത്തേക്ക് തന്നെയായിരുന്നു. "അവളുടെ മനസ്സിൽ ഒരാളോട് ഇഷ്ടമുണ്ടെന്നു നിന്നോട് തന്നെ പറയാൻ പറഞ്ഞു."
അതെന്തായിരിക്കും അവളെന്നോടുത്തന്നെ പറയാൻ പറഞ്ഞത് എന്നായിരുന്നു ചിന്ത. പ്രണവുമായി സംസാരിച്ചപ്പോൾ ഇനി നീ അവളോട് നിന്റെ ഇഷ്ടം പറഞ്ഞോ എന്നായിരുന്നു അവന്റെ മറുപടി. അതിനു ശേഷം എന്റെ ഉറക്കവും പോയി. അവള് എന്നോട് മിണ്ടാതെയുമായി. ഇഷ്ടം തുറന്ന് പറയാനുള്ള ധൈര്യവും പോയി.
കുറച്ചു ദിവസങ്ങൾക്ക് ശേഷം ഒറ്റയ്ക്ക് അവള് നടന്നു പോകുന്നത് കണ്ടപ്പോൾ പിന്നെയും അവളുടെ അടുത്തേക്ക് അറിയാതെ കാലുകൾ ചലിച്ചു. എത്ര വിളിച്ചിട്ടും അവള് തിരിഞ്ഞു നോക്കിയില്ല. രണ്ടും കൽപ്പിച്ചു ഞാൻ അവളുടെ മുന്നിൽ പോയി നിന്നു.
"നിനക്ക് എന്നോട് പിണക്കമാണോ"
അവളൊന്നും മിണ്ടിയില്ല
"നോക്ക് അവൻ എന്നോട് അപേക്ഷിച്ചതോണ്ടു അറിയാതെ വന്നു പറഞ്ഞു പോയതാ sorry."
"എനിക്ക് പോണം "അല്പം ദേഷ്യത്തോടെ അവളത് പറഞ്ഞപ്പോൾ പിണക്കത്തിന്റെ ആഴം കുറച്ചു കൂടുതൽ ആണെന്ന് എനിക് മനസിലായി
"നോക്ക് കീർത്തന സോറി പറഞ്ഞാൽ പിന്നെ മിണ്ടാതെ നിൽക്കല്ലേ. സോറി. പ്ലീസ് കീർത്തന."
അവൾ എന്നെ മറികടന്ന് നടക്കാൻ തുടങ്ങിയതും ഞാൻ അവളുടെ കയ്യിൽ പിടിച്ചു.
"നീ ഇപ്പോൾ പൊയ്ക്കോ എന്നാൽ ഒരു കാര്യം എനിക്ക് വേണം നിന്നെ എന്റെ പാതിയായി ഈ ജൻമം മുഴുവൻ. നിന്റെ മനസ്സിൽ എന്തായാലും മറുപടിക്ക് ഞാൻ കാത്തു നിൽക്കും." അതും പറഞ്ഞു ഞാൻ അവളുടെ കൈകൾ വിട്ടതും അവൾ ഒന്നും മിണ്ടാതെ നടന്നുപോയി. ഇഷ്ടം തുറന്നു പറയുമ്പോൾ ആ മുഖം ഒന്നു കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. എന്നാൽ അത് നടന്നില്ല.
ഞാൻ അവളെ തന്നെനോക്കി നിന്നപ്പോളാണ് പ്രണവ് വന്നത്." നീ നടക്കു നമ്മുക്ക് അവളെ ഹോസ്റ്റലിൽ കൊണ്ടാക്കി വരാം."
"വേണ്ടടാ അല്ലെങ്കിലേ കുറച്ചു കലിപ്പിലാ"
"നീ നടക്കേടാ " അവളുടെ ഹോസ്റ്റൽ വരെ ഞങ്ങൾ അവളുടെ പിന്നാലെ നടന്നു. ഒരുതവണ പോലും അവള് ഒന്നു തിരിഞ്ഞു നോക്കിയത് പോലുമില്ല. അവളുടെ വിഷമം ഞാൻ ഊഹിക്കുന്നതിലും കുറച്ചു കൂടുതൽ ആണെന്ന് മനസ്സിലായി.
ദിവസങ്ങൾ കടന്നു പോയിക്കൊണ്ടിരുന്നു. അവസാനംഎനിക്ക് വേണ്ടി സംസാരിക്കാൻ പ്രണവ് പോയി.
"ഞാൻപറഞ്ഞിട്ടാ വിവേക് ബിബിനു വേണ്ടി കീർത്ഥനയോട് സംസാരിച്ചത്. നീ ബിബിനെ ഇഷ്ടമല്ല എന്നു പറയും എന്നു ഉറപ്പുള്ളതു കൊണ്ടാ അവൻ ധൈര്യമായി നിന്നോട് പറഞ്ഞത്. വിവേകിന് നിന്നെ ഒരുപാട് ഇഷ്ടമാണ് പ്ലീസ് അവനോടു നിനക്ക് സംസാരിച്ചൂടെ."
അവൾ അതിലൊന്നും വീണില്ല.
അന്ന് വൈകുന്നേരം ഹോസ്റ്റലിൽ പോകുന്ന വഴിയിൽ ഞാൻ കാത്തുനിന്നു.
ഞങ്ങൾ രണ്ടുപേരും മാത്രമേ എന്നുറപ്പിച്ച ശേഷം ഞാൻ അവളെ തടഞ്ഞു. നിർത്തി.
"സോറി കീർത്തന ഞാൻ ചെയ്തത് തെറ്റാണെന്ന് എനിക്ക് മനസ്സിലായി. ഇനി ഞാൻ ശല്യം ചെയ്യാൻ വരില്ല ഒരിക്കലും. പറഞ്ഞതും ചെയ്തതുമായ എല്ലാ തെറ്റുകൾക്കും എന്നോട് ക്ഷമിക്കണം. ഞാൻ പോകുന്നു."
ഞാൻ പിന്നെ തിരിഞ്ഞു നോക്കാതെ നടക്കാൻ തുടങ്ങിയതും അവളെന്നെ വിളിച്ചു.
"ഏട്ടാ...." ഞാൻ. തിരിഞ്ഞു നോക്കിയതും നെഞ്ചിൽബോംബ് വീണ പോലെ അവളെന്റെ നെഞ്ചിൽ അടിച്ചിച്ചതും ഒരുമിച്ചായിരുന്നു.
"സ്വന്തം പെണ്ണിനെ ആർക്കെങ്കിലും വേണം എന്നു പറഞ്ഞാൽ വിട്ടു കൊടുക്കോ ആരെങ്കിലും. എന്നിട്ടും എന്നോട് അത് പറയാൻ ഏട്ടൻ തന്നെ വന്നപ്പോൾ എന്റെ മനസ്സു പിടഞ്ഞത് ഞാൻ മാത്രമേ അറിഞ്ഞുള്ളൂ." അതും പറഞ്ഞു കരഞ്ഞു എന്റെ നെഞ്ചത്തു തന്നെ അടിച്ചു അവസാനം എന്റെ നെഞ്ചോടു ചേർന്ന് അവൾ കരഞ്ഞപ്പോൾ ഞാൻ ചേർത്തു പിടിച്ചു.
"ഇനി ആർക്കും നിന്നെ വിട്ടു കൊടുക്കില്ല" എന്നു വാക്കു കൊടുത്തു.
പിന്നീട് ഞങ്ങളുടെ പ്രണയകാലം തന്നെയായിരുന്നു. പിണങ്ങിയും ഇണങ്ങിയും ദിവസങ്ങൾ കടന്നുപോയി. പഠനകാലം കഴിഞ്ഞു ഞാൻ ഒരു ജോബ് നോക്കുന്ന തിരക്കിൽ അവളെ വിളിക്കാൻ പോലും സമയം കിട്ടാറില്ല. എന്നാലും പരാതിയൊന്നും പറയാതെ എനിക്ക് കട്ടസപ്പോർട്ട് ആയി അവൾ നിന്നു. അവസാനം തൽക്കാലം ഒരു ബാങ്കിൽ ജോലി കിട്ടി. ഞാൻജോലി ചെയ്യുന്ന അതേ സ്ഥലത്തെ കോളേജിൽ അവൾക്ക് പിജിക്ക് ചേർന്നു.
അതുകൊണ്ട് ഞങ്ങളുടെ കൂടിക്കാഴ്ചയ്ക്ക് ഒരു മുടക്കവും ഉണ്ടായിരുന്നില്ല.
ഒരു ദിവസം 11 മണിയോടെ എനിക്ക് അച്ഛന്റെ കാൾ വന്നു.
"മോനെ അച്ഛന്റെ ഒരു സുഹൃത്ത് സുരേഷിന്റെ മകൾ ആക്‌സിഡന്റയി അവിടെ ഉള്ള ഫാത്തിമ ഹോസ്പിറ്റലിൽ ആണ് ഒന്നു പോയ് നീ വിവരങ്ങൾ അറിയണം. അപ്പോഴേക്കുംഅവർ അവിടെ എത്തും."
"ശരി അച്ഛാ ഞാൻ ഇപ്പോൾ തന്നെ പോകാം."
ബാങ്കിൽ കാര്യം പറഞ്ഞു ഞാൻ നേരെ ഹോസ്പിറ്റലിൽ എത്തി.
"ഹലോ ഇന്നു രാവിലെ ഇവിടെ ആക്‌സിഡന്റയി കൊണ്ടു വന്ന"
അപ്പോഴാണ് ഞാൻ അച്ഛനോട് പേര് ചോദിച്ചില്ല എന്നോർത്തത്
"സർ രണ്ടു പേരുണ്ട് വീണ മനോജ് പിന്നെ കീർത്തനസുരേഷ്"
അച്ഛന്റെ പേര് സുരേഷ് എന്നല്ലേ അച്ഛൻ പറഞ്ഞത് അപ്പോൾ കീർത്തനസുരേഷ് ആയിരിക്കും.
"ആ അതേ കീർത്തനസുരേഷ്."
"സർ ആ കുട്ടി icuവിലാണ്."
"താങ്ക്സ്."എന്നു പറഞ്ഞു മുന്നോട്ടു പോകുമ്പോഴും. Icu വിന് മുൻപിൽ കാത്തു നിൽക്കുമ്പോഴും. എമർജൻസി. ഓപ്പറേഷൻ നടത്താൻ അതിൽ ലോക്കൽ ഗാർഡിയൻ ആയി ഒപ്പിട്ട് കൊടുക്കുമ്പോഴും. എന്റെ ഹൃദയം എനിക്ക് തന്നെകേൾക്കാൻ പാകത്തിന് മിടിക്കുമ്പോഴും. ഞാൻഅറിഞ്ഞിരുന്നില്ല എന്റെ മനസ്സു തന്നെയാണ് അവിടെ ജീവന് വേണ്ടി പിടയുന്നത് എന്നു.
ഓപ്പറേഷൻ തിയറ്ററിലേക്ക് അവളെ കൊണ്ടു പോകുന്ന സമയത്ത് സിസ്റ്റർ വിളിച്ചപ്പോഴാണ് ഞാൻ കീർത്തനയെ കാണുന്നത്. മനസ്സിന്റെ നിയന്ത്രണം ഒരു നിമിഷത്തേക്ക് കൈ വിട്ടവനെ പോലെ ഓടി വന്നു അവളെ ഞാൻ തട്ടിവിളിച്ചു കൊണ്ടിരുന്നു. അവിടെയുള്ള സ്റ്റാഫ് എന്നെ പിടിച്ചുമാറ്റി. ഇനി എന്ത് എന്നു പോലും ചിന്തിക്കാൻകഴിയാതെ ഒരുപാട്സമയം ഞാൻ ഓപ്പറേഷൻതിയറ്ററിനു മുന്നിൽ ഇരുന്നു. കൂടെ വർക്ക് ചെയ്യുന്നവൻ സംഭവംഅറിഞ്ഞു വന്നപ്പോൾ അതുവരെ പിടിച്ചുവെച്ച സങ്കടം ഒരു മഴയായി കണ്ണുകളിൽ നിന്നും പെയ്തിറങ്ങി. ഓപ്പറേഷൻ കഴിയുമ്പോഴേക്കും കീർത്തനയുടെ അച്ഛനും അമ്മയും അവിടെ എത്തിയിരുന്നു. അവളുടെ അച്ഛന്റെ കൂടെ ഡോക്ടറുടെമുറിയിൽ ഞാനും കയറി. അവിടെ ഞങ്ങളുടെ ജീവിതം വഴി മറുകയാണെന്നു ഞാൻ കരുതിയില്ല.
"കീർത്ഥനയ്ക്ക് വീഴ്ചയിൽ തലയ്ക്കാണ് അടിപെട്ടത്. ഓപ്പറേഷൻ സക്‌സസ് ആണ്. എന്നാലും ചിലപ്പോൾ അവളുടെ കഴിഞ്ഞകാലം അവൾ മറക്കാൻ സാധ്യതയുണ്ട്. ഡോക്ടരുടെ വാക്കുകൾ എന്റെ ഹൃദയത്തിലാണ് അടിച്ചത്."
"സർ അവൾക്കിനി പഴയതോന്നും ഓർക്കാൻ കഴിയില്ലേ"
"ഒരിക്കലും ഓർമ തിരിച്ചു കിട്ടില്ല എന്നു പറയുന്നില്ല. സമയം എടുക്കും അത് എപ്പോൾ എന്നു ഉറപ്പിക്കാൻ കഴിയില്ല."
ഒരു നേർത്തപ്രതീക്ഷയ്ക്ക് അപ്പുറം ദൈവം അവളെ ജീവനോടെ തിരിച്ചു തന്നല്ലോ എന്ന സന്തോഷം ഉണ്ടായിരുന്നു.
അവൾക്ക് ബോധം വരുമ്പോൾ സ്വന്തം അച്ഛനെയും അമ്മയെയും പോലും അവൾ തിരിച്ചറിഞ്ഞില്ല.അവൾ ഡിസ്ചാർജ് ആകുന്നത് വരെ അവർക്ക് വേണ്ട സഹായവു ആയി ഞാൻ ഉണ്ടായിരുന്നു.
മാസങ്ങളായി അവളെ പറ്റി ഞാൻ അന്വേഷിച്ചു കൊണ്ടിരുന്നു. പിന്നീട് അതും തടസപ്പെട്ടു. അവളില്ലാതെ മുന്നോട്ടു പോകുന്തോറും സ്വയം ഇല്ലാതാകുന്നത് പോലെ തോന്നി.അതിനു ശേഷം ഇന്നലെവീട്ടിൽ വന്നപ്പോഴാണ് അച്ഛൻ അവളുടെ കല്യാണക്കാര്യം പറയുന്നത്. എരിയുന്ന മനസിലേക്ക് കുറച്ചു കൂടി കനൽ കോരിയിട്ടത് പോലെ മനസ്സ് എരിയുന്നത് ഞാൻ അറിഞ്ഞു.
ഇന്ന് അച്ഛനോടൊപ്പം അവളുടെവീട്ടിൽ ചെന്നപ്പോൾ അവളുടെ ഓർമ്മകൾ തിരിച്ചു വന്നിരുന്നെങ്കിൽ എന്നു അറിയാതെ കൊതിച്ചുപോയി. അവിടെ വെച്ച് അവളെ കണ്ടപ്പോൾ എന്റെ കണ്ണുകൾനിറയുന്നത് ഞാൻ അറിഞ്ഞു. അവളോട് ഒന്നു സംസാരിക്കാൻ തോന്നി. അടുത്തേക്ക് ചെന്നപ്പോൾ അവൾ ഇമ വെട്ടാതെ എന്നെ തന്നെ നോക്കി നിന്നു. ഒന്നും പറയാതെ പരസ്പരം നോക്കി നിൽക്കാൻ മാത്രമേ സാധിച്ചുള്ളൂ.
ഫോൺറിങ് എന്നെ ഓർമ്മകളിൽ നിന്നും ഉണർത്തി. നോക്കുമ്പോൾ പ്രണവാണ്.
"ഹലോ എടാ നാളെ നീ പോകുന്നുണ്ടോ
ആ പോകണം. ഒരിക്കൽ അവളെ ആർക്കും വിട്ടു കൊടുക്കില്ലെന്നു പറഞ്ഞ വാക്ക് നാളെ തെറ്റും." കണ്ണുകൾ അറിയാതെ നിറഞ്ഞു.
"എടാ നീ പോകണ്ട. നിനക്ക് ആ കാഴ്ച കാണാനുള്ള ശക്തി ഉണ്ടോ."
"അറിയില്ല. എന്നാലും നീ എന്റെകൂടെ വരുമോ. ഞാൻ വീഴാതിരിക്കാൻ. "
"എടാ അത്..."
"പറ്റില്ലെങ്കിൽ വേണ്ടടാ."
"അതല്ല. ഞാൻവരാം." ഫോൺ വെച്ച് ഉറക്കത്തിലേക്ക് എപ്പോഴോ വഴുതിവീണു.
രാവിലെ അച്ഛൻ പോകാൻ വിളിച്ചപ്പോഴാ അറിഞ്ഞത്. "നീ വരുന്നില്ലേ?"
"അച്ഛാ പ്രണവ് വരും ഞങ്ങൾ ഒന്നിച്ചു വന്നോളാം."
"എന്നാ ഞങ്ങളിറങ്ങുകയാ" അതും പറഞ്ഞു അമ്മയും അച്ഛനും പോയി.
ഞാനും പ്രണവും അവിടെ എത്തുമ്പോൾ ഒരു ഒച്ചപ്പാടും ബഹളവ് ഒക്കെ ആയിരുന്നു. ഞാൻമെല്ലെ അച്ഛന്റെ അടുത്തേക്ക് പോയി. അച്ഛൻ കീർത്തനയുടെ അച്ഛനെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. എന്താ സംഭവിച്ചത് എന്നറിയാത്തതു കൊണ്ടു. അവൾ എന്തെങ്കിലും അവിവേകം കാട്ടിയോ എന്നായിരുന്നു ചിന്ത. കണ്ണുകൾ അവളെ തിരഞ്ഞു.
"ആ മോനെ നീ വന്നോ. "
സുരേഷേ ഞാൻ ഒരു കാര്യംപറയട്ടെ. നിനക്ക് സമ്മതമാണ് എങ്കിൽ എന്റെ മോളായിട്ടു തരോ നിന്റെ മോളെ.
അച്ചന്റെ ചോദ്യം കേട്ടു അമ്പരന്നത് ഞാൻആണ്.
എനിക്ക് സമ്മതമാണ് എന്നു പറഞ്ഞു അവളുടെഅച്ഛൻ എന്റെ അച്ഛനെ കെട്ടിപിടിച്ചു.
പിന്നീട് ഒക്കെ പെട്ടന്നായിരുന്നു ഒരുക്കവും മേളവും കല്യാണപെണ്ണായി അവൾ വരുന്നത് നോക്കി നിന്നപ്പോൾ അവളെ അന്ന് ആദ്യമായി കാണുന്ന ഫീൽ ആയിരുന്നു മനസ്സിൽ. അവളുടെ കഴുത്തിൽതാലി ചർത്തുമ്പോൾ ഞാൻ കണ്ടു അവളുടെ മുഖം നാണത്തോടെ ചുവക്കുന്നത്. ലോകത്തിലെ സകല ദൈവങ്ങളെയും വിളിച്ചു ഞാൻ ആദ്യമായി നന്ദിപറഞ്ഞു. എന്റെ പെണ്ണിനെ എനിക്ക് തന്നെ തന്നതിന്. വീട്ടിൽ അവൾ വലതു കാൽ വെച്ച് കയറുമ്പോൾ അമ്മയുടെ മുഖത്ത് വലിയ സന്തോഷം ആയിരുന്നു.
എന്നാലും എന്താണ് നടന്നത് എന്നറിയാൻ ഒരു ആകാംഷ ഉള്ളതൊണ്ട ഞാൻ പ്രണവിനെവിളിക്കാൻ ഫോൺഎടുത്തതും അവൻ എന്നെ ഇങ്ങോട്ട് വിളിച്ചു.
"എടാ എന്താ സംഭവിച്ചത്?"
"ഒന്നുമില്ല മോനെ. അവൾക്ക് ഓർമ്മ നഷ്ടപ്പെട്ടത് അറിഞ്ഞു. ചെക്കൻ വേണ്ടാന്ന് പറഞ്ഞു. അത് മറച്ചുവെച്ചാണ്. കല്യാണം നടത്താൻ നോക്കിയത്. പിന്നെ ഞാൻ നിനക്ക് ഒരു സമ്മാനം അവളെ ഏല്പിച്ചിട്ടുണ്ട്. അപ്പോൾ ഓൾ ദി ബെസ്റ്റ്. "അവൻ ഫോൺ കട്ട്ചെയ്തു.
"ഇവനെന്താ ഓൾ ദി ബെസ്റ്റ് എന്നു പറഞ്ഞേ."
അപ്പോഴാണ് എന്റെ പ്രിയതമയുടെ രംഗപ്രവേശം. നാണത്തിന് പകരം അന്ന് ഇടവഴിയിൽ വെച്ച് കണ്ട ആ മുഖഭാവം.
അവൾ പതിയെ വാതിലടച്ചു. എന്താ കാമുകൻ എന്നെ മറന്നോ. പിന്നെ അതേ പോലെ എന്റെ നെഞ്ചിൽ അന്നത്തെ അതേ അടിയോടെ എന്നെ ഇട്ടിട്ടു പോകുമോ ഇനി എന്നൊരു ചോദ്യവും. അതിനുള്ള മറുപടി അവളെ വലിച്ചു എന്നോട് ചേർത്തി അവളുടെ നെറ്റിയിൽ ഒരു ചുംബനം നൽകി ആയിരുന്നു.
❤️❤️❤️❤️❤️ ❤️❤️❤️❤️❤️❤️❤️❤️❤️❤️
കുറച്ചായി എഴുതിയിട്ട്. പോരായ്മകൾ ഉണ്ടാകും. എന്തായാലും എല്ലാവരുടെയും അഭിപ്രായങ്ങൾ പറയാൻ മറക്കരുത്.
സ്നേഹത്തോടെ
രചന: അഖില ഭാമ