രചന: ശാലിനി വിജയൻ
അമ്മേ ദേ നോക്കിക്കേ ആ മാമൻ ആന്റിയെ ഉമ്മ വയ്ക്കുന്നു....
അഞ്ചു വയസുക്കാരി അനുമോൾ കുറച്ചു റക്കെ തന്നെയായിരുന്നു അത് പറഞ്ഞത്.
ഒരു ഞെട്ടലോടെ നിമിഷ തൊട്ടു മുന്നിലേ സീറ്റിലേക്ക് നോക്കിയതും ഉറക്കെ ച്ചിരിക്കുന്ന അനുമോളുടെ വായ അടച്ചു പിടിച്ചതും ഒരുമിച്ചായിരുന്നു.
ഇവർക്കൊക്കെ ഒരു നാണവും ഇല്ലേ ... ഇതൊക്കെ അവനവന്റെ വീട്ടിൽ ബെഡ് റൂമിൽ വച്ച് ചെയ്യെണ്ട കാര്യങ്ങളല്ലേ.... നിമിഷയുടെ അടുത്തിരുന്ന സ്ത്രീ പിറുപിറുത്തു.
അവർ പറഞ്ഞതും സത്യമായിരുന്നു. ലേഡീസ് കമ്പാർട്ട്മെൻറിൽ തനിച്ചായി പോകുമെന്നുള്ള ഭയം കൊണ്ടായിരുന്നു ജനറൽ കമ്പാർട്ട്മെൻറിൽ കയറിയത്.
മംഗലാപുരത്ത് നിന്നും അനുമോളെ ഹോസ്പിറ്റലിൽ കാണിച്ച് ചെന്നൈ സൂപ്പർഫാസ്റ്റ് ട്രെയിനിൽ കയറിയതു തൊട്ട് തൊട്ടു മുട്ടിലിരിക്കുന്ന യുവാവിന്റെയും യുവതിയുടെയും കേളികൾ അമ്പരപ്പിക്കുന്ന തരത്തിലായിരുന്നു.
കുറച്ചു നേരം അവൾ അവന്റെ മടിയിലുറങ്ങുന്നു. പിന്നീട് അവൻ ഉറങ്ങുന്നു ... രണ്ടും കൂടി ചേർന്നു പിടിക്കുന്നു ഉമ്മ വെയ്ക്കുന്നു.
ഒക്കെ കണ്ടിട്ടും നിമിഷ കണ്ണടച്ചങ്ങനെ കിടന്നതേയുള്ളൂ...
അവളുടെ മനസിൽ അടുത്തയാഴ്ച്ച ഡോക്ടർമാർ നടത്തണമെന്നു പറഞ്ഞ അനുമോളുടെ ഓപ്പറേഷനെക്കുറിച്ചായിരുന്നു.
അമ്മേ ദേ നോക്കിക്കേ ....
അനുമോൾ ഒന്നുകൂടി ഉറക്കെ പറഞ്ഞു കുണുങ്ങി ച്ചിരിച്ചു.
നിമിഷ തല ഉയർത്തി ചുറ്റുപാടും നോക്കി '
ജനറൽ കമ്പാർട്ട്മെന്റ് ആയതിനാൽ നല്ല തിരക്കും.
ചിലർ ഉറങ്ങുന്നു .. മറ്റു ചിലർ മൊബൈലിൽ
മുഖം പൂഴ്ത്തിയിരിക്കുന്നു...
വിന്റോ സീറ്റിനു സമീപമിരുന്ന മദ്ധ്യവയസ്കൻ എല്ലാം കണ്ട് തൃപ്തിയടഞ്ഞ മട്ടിൽ ആസ്വദിച്ചങ്ങനെയിരിപ്പാണ്.
ട്രെയിൻ കാസർഗോഡ് എത്തിയതും അനുമോൾ ചായവേണമെന്നും പറഞ്ഞ് ഉറക്കെ കരയാൻ തുടങ്ങി..
ചേട്ടാ ഒരു ചായയും രണ്ടു പരിപ്പുവടയും വാങ്ങാമോ?
വിന്റോ സീറ്റിനു സമീപത്തെ മദ്ധ്യവയസ്കനോടു നിമിഷആവശ്യപ്പെട്ടെങ്കിലും അയ്യാൾ ആ ലോകത്തൊന്നും ആയിരുന്നില്ല.
ഒടുവിൽ നിമിഷ തിരക്കിനിടയിൽ എങ്ങനെയോ ചായയും വാങ്ങി അനുമോളുടെ അരികിലെത്തി..
അമ്മാ നോക്കിയേ അതു പോലെ എനിക്കും കഴിക്കണം ..
നിമിഷ തൊട്ടു മുന്നിലെ സീറ്റിലേക്ക് നോക്കിയപ്പോൾ ഒരു തരം വിറയൽ അവൾക്കനുഭവപ്പെട്ടു.
ഛെ .. എന്തൊക്കെയാണിത് ... കൊച്ചു കുട്ടികളുടെ മുന്നിൽ വച്ചും..
അവൾക്കൊരു തരം ശ്വാസമുട്ടൽ അനുഭവപ്പെട്ടു തുടങ്ങി ...
അനുമോളേം എടുത്ത് മാറിയിരിക്കാൻ ശ്രമിച്ചെങ്കിലും തിരക്കായതിനാൽ മുന്നാട്ട് നീങ്ങാൻ കഴിയാതെ നിമിഷ അവിടെ തന്നെ നിലയുറപ്പിച്ചു.
അപ്പോഴേക്കും ട്രെയിൻ പയ്യന്നൂർ എത്തി കഴിഞ്ഞിരുന്നു. തിരക്കിന് അൽപ്പം അയവ് വന്നു തുടങ്ങി.
ട്രെയിൻ അൽപ്പം പോകാൻ തുടങ്ങിയതും ഒരു പ്രായമായ മനുഷ്യൻ കമ്പാർട്ട്മെന്റിലേക്ക് ചാടിക്കയറിയതും ഒരുമിച്ചായിരുന്നു.
അൻപ്പ സമയത്തെ സീറ്റന്വേഷണത്തിനൊടുവിൽ അയ്യാളും നിമിഷയുടെ സമീപത്തായി ഇടം പിടിച്ചു.
അവളിൽ ഭയം അനുഭവപ്പെട്ടു തുടങ്ങി.
കണ്ടാൽ ഒരു തെമ്മാടിയുടെ ഭാവമായിരുന്നു. തോളിൽ തിരുകി വച്ചിട്ടുള്ള ഒരു പഴഞ്ചൻ ബാഗും തീ പാറുന്ന ചുവന്ന കണ്ണുകളും ..
നിമിഷ അയ്യാളിൽ നിന്നും കുറച്ചകലം പാലിച്ചു അനുമോളേം ചേർത്തു പിടിച്ചങ്ങനെ ഇരുന്നു. പകലിന്റെ നിറം മാറി ഇരുട്ടു വന്നു തുടങ്ങി.
തോളിൽ വച്ചിരുന്ന ബാഗിൽ നിന്നും ഒരു കടലമിഠായി എടുത്തു അനുമോൾടെ നേർക്കയ്യാൾ നീട്ടി.
അനുമോൾടെ മുഖം ഭയത്താൽ ചുവന്നു തുടങ്ങിയിരുന്നു'...
വേണ്ട .. നിമിഷ മുഖം താഴ്ത്തി പറഞ്ഞു.
പേടിക്കേണ്ട.. എന്റെ വീട്ടിലും ഇതുപോലൊരു മോളുണ്ട്. ..
നിമിഷ അൽപ്പം പേടിയോടെ കടല മിഠായി വാങ്ങി ബാഗിൽ വച്ചു.
കുറച്ചു നേരം കഴിഞ്ഞപ്പോഴാണ് പ്രായമായ മനുഷ്യന്റെ യഥാർത്ഥ രൂപം പുറത്തുവന്നത്.
ഏട്ടാ ആ വയസൻ എന്തൊക്കെയോ കോപ്രായങ്ങൾ കാണിക്കുന്നു....
അതു വരെ അവരുടെതായ ലോകത്ത് യാത്ര ചെയ്തിരുന്ന ആ യുവതിയുടെ ശബ്ദമായിരുന്നു.
നിങ്ങളെപ്പോലുള്ളവരുടെ ഈ കോമാളിത്തരങ്ങൾ കണ്ടാൽ ആർക്കാണ് ചാഞ്ചാട്ടം സംഭവിക്കാത്തത്?
ഇത് പബ്ലിക്ക് സ്ഥലമാ.. നിങ്ങൾടെ ബെഡ് റൂമല്ല..
ഇതൊക്കെ അത്യാവശ്യമെന്ന് തോന്നിയാൽ വല്ലയിടത്തും റൂമെടുത്ത് താമസിക്ക് ..
തങ്ങളുടെ തെറ്റുകൾ എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കി തന്ന ആ പ്രായമായ മനുഷ്യന്റ മുന്നിൽ ഒന്നും പറയാനാകാതെ ആ യുവാവും യുവതിയും തൊട്ടടുത്ത സ്റ്റേഷനിലിറങ്ങി രണ്ടു പേരും പരസ്പരം എതിർദിശയിലേക്ക് നടന്നു തുടങ്ങി.
കണ്ടോ ... പരസ്പരം പ്രണയിക്കുന്നവരൊന്നും അല്ല. അൽപ്പനേരത്തെ സുഖത്തിന് വേണ്ടി ട്രെയിനിൽ കയറിയതാ ....
അതും പറഞ്ഞ് ആ വയസനായ മനുഷ്യൻ തൊട്ടടുത്ത കമ്പാർട്ട്മെൻറിലേക്ക് നടന്നു ....
രചന: ശാലിനി വിജയൻ