മുറപ്പെണ്ണ്, ഈ കഥ ഒന്നു വായിക്കണേ....

Valappottukal

രചന: ശാലിനി മുരളി
കാത്തിരിക്കുന്ന നിമിഷങ്ങൾക്ക് ഇതുവരെ തോന്നാത്ത അക്ഷമയെന്താണെന്ന് അവൾ അത്ഭുതപ്പെട്ടു..കരി നീലിച്ച മേഘങ്ങൾ
ക്കിടയിലൂടെ ഊളിയിട്ട് പറവകൾ കൂടണഞ്ഞുകൊണ്ടിരുന്നു.

വീട്ടിലപ്പോൾ നന്ദിനി മാത്രമേ ഉണ്ടായിരുന്നുള്ളൂ..പോയവർ തിരിച്ചു
വരാൻ വൈകുന്നതെന്താവും..
പോയിട്ട് നേരം കുറെയായി.

ചിലപ്പോൾ തന്റെ ഉള്ളിന്റെ പിടപ്പ്
കൊണ്ട് തോന്നുന്നതായിരിക്കും !
പെങ്ങൾ വീട്ടിൽ പോയതല്ലേ..
വിശേഷങ്ങൾ പറയാനൊരുപാട് കാണും !

അവൾ നിലവിളക്ക് കൊളുത്തുമ്പോഴാണ്
ചരൽമണ്ണിലൂടെ പതിയെ നടന്ന് അച്ഛനും അമ്മയും കയറിവന്നത്..

ദീപനാളത്തിന്റെ പ്രഭയിൽ രണ്ട് പേരുടെയും മുഖം വല്ലാതെ ചുവന്നത് പോലെ..

അമ്മ അടുക്കളയിലേക്കാണ് നേരെ പോയത്..
തിരിച്ചു വരുമ്പോൾ അച്ഛന് കുടിക്കാൻ ചൂട് വെള്ളം കൈയിലുണ്ടായിരുന്നു.
വല്ലാത്ത പരവേശത്തോടെ ഒറ്റ വീർപ്പിന് വെള്ളം കുടിക്കുന്നത് നോക്കി ഞാൻ നിന്നു.

എന്ത് പറ്റി.. ആരും ഒന്നും മിണ്ടുന്നില്ലല്ലോ.
ചോദിക്കാനുള്ള സങ്കോചം കൊണ്ട് അവൾ മുറിയിലേക്ക് തിരിച്ചു പോയി..

പിന്നിൽ അമ്മയെന്തോ അച്ഛനോട് പിറുപിറുക്കുന്നതു പോലെ..

വാതിൽക്കൽ നിന്ന് പരുങ്ങുന്ന അമ്മയെക്കണ്ടു  അവൾ തിരിഞ്ഞു നോക്കി..

കട്ടിലിന്റെ ഷീറ്റിലെ ചുളുക്കം മാറ്റിയും
ചിതറിയ നോട്ടങ്ങൾ കൊണ്ടും അമ്മയവളെ വല്ലാതെ അസ്വസ്ഥയാക്കി..

"നന്ദൂ.. ഞാനൊരു കാര്യം പറഞ്ഞാൽ
നീ വിഷമിക്കരുത്..
അവന് ഈ കല്യാണത്തിന് ഇപ്പോൾ
സമ്മതമല്ലത്രെ !"

മിഴിഞ്ഞു പോയ കണ്ണുകൾ അടക്കാൻ മറന്ന് അവളിരുന്നു !

"ജോലിയുള്ള ഒരു പെൺകുട്ടിയുടെ
ആലോചന ശ്രീയ്ക്ക് വന്നിട്ടുണ്ട്.. വീട്ടിൽ എല്ലാവരും നല്ല താൽപ്പര്യത്തിലാണ് .. അവരങ്ങനെ പറയുമ്പോൾ പിന്നെ
നമുക്ക് കാലുപിടിക്കാൻ പറ്റുമോ?? "

രക്തം വാർന്നത് പോലെ അവളുടെ മുഖം വിളറിപ്പോയിരുന്നു..

നോട്ട് ബുക്കിലേക്ക് തുളുമ്പി വീഴുന്ന നീർമണികൾ പടർന്നു അക്ഷരങ്ങൾ
മഷിക്കാടുകൾ പോലെയായി !

"ഏപ്രിലിൽ നിന്റെ പരീക്ഷ തീരട്ടെ..
എന്നിട്ട് നമുക്ക് നല്ല ചെക്കന്മാരെത്തന്നെ
നോക്കാം.. അവനോടു പോകാൻ പറ.. "

വളരെ നിസ്സാരമായി അമ്മയതും പറഞ്ഞു തിരിഞ്ഞു  നടക്കുമ്പോൾ ഓടിച്ചെന്നു കട്ടിലിലേക്ക് ഒറ്റ വീഴ്ചയായിരുന്നു !

വേണ്ട. എനിക്കിനി കല്യാണമേ വേണ്ട..
ആരും വരണ്ട. മൂകമായി അവളുടെ മനസ്സ് മാത്രം മന്ത്രിച്ചുകൊണ്ടിരുന്നു..

ഞാനല്ലല്ലോ ശ്രീയേട്ടനെ പ്രണയിച്ചത്.
കുട്ടിക്കാലം തൊട്ടേ കൂട്ടുകാരെ പോലെ ഓടിക്കളിച്ചു വളർന്നിട്ടും വല്യ പെണ്ണായപ്പോഴുമൊന്നും അങ്ങനെ ഒരു
വിചാരം പോലും മനസ്സിൽ തോന്നിയിരുന്നില്ല..

മുറച്ചെറുക്കനും മുറപ്പെണ്ണുമൊക്കെ പഴഞ്ചൻ ഏർപ്പാട് ആണെന്ന് പുച്ഛിച്ചു ചിരിച്ചിട്ടുള്ള
തന്റെ ഉള്ളിൽ പിന്നെയെങ്ങനെയാണ് ഒരു കിനാവള്ളിയായി ശ്രീയേട്ടൻ പടർന്നു പന്തലിച്ചതെന്നോർത്ത് ചിലപ്പോഴെങ്കിലും നന്ദിനി അതിശയിച്ചിട്ടുണ്ട് !!

ഒരവധിക്കാലത്ത് സേതുഅപ്പച്ചിയുടെ വീട്ടിൽ പാർക്കാൻ ചെന്നനാളിലെങ്ങോ ആണ് ശ്രീക്കുട്ടി ഒരു സ്വകാര്യം പോലെ തന്റെ ചെവിയിൽ മന്ത്രിച്ചത്‌..
ഒരിക്കൽ ശ്രീയേട്ടൻ അപ്പച്ചയോട് ആരും കേൾക്കാതെ പറഞ്ഞത് പക്ഷേ അവൾ എങ്ങനെയോ കേട്ടിരുന്നു !

നന്ദൂനെ വിവാഹം കഴിക്കാൻ  ഇഷ്ടമാണെന്ന് !!

അതുകേട്ട അപ്പച്ചിക്കും താൽപ്പര്യമാണെന്ന് ശ്രീക്കുട്ടിയിൽ നിന്നറിഞ്ഞപ്പോൾ നന്ദിനിയുടെ ദേഹത്തൂടെ ഒരു വിറയൽ പാഞ്ഞുപോയി..

പക്ഷേ അപ്പോഴൊന്നും ആ ഒരു ഇഷ്ടം ശ്രീയുടെ ഭാഗത്ത്‌ നിന്ന് ഉള്ളതായി പ്പോലും അവൾക്ക് തോന്നിയില്ല.. എത്ര തമാശകൾ പറഞ്ഞാലും ആളിന്റെ മുഖത്തെ ഗൗരവം ഒരലങ്കാരമായിട്ടാണ് തോന്നിയിട്ടുള്ളത്..

അറിഞ്ഞ ഇഷ്ടം അവളും അടക്കിപ്പിടിച്ചു..
പഴയ പൊട്ടിപ്പെണ്ണായിട്ടു തന്നെ !
പഠിത്തമെല്ലാം കഴിഞ്ഞു ബാങ്കിൽ നല്ലൊരു ജോലി കിട്ടിയപ്പോഴും ആരോരുമറിയാത്തൊരു പ്രണയ നദി അവർക്കിടയിലൂടെ മന്ദമായി ഒഴുകിക്കൊണ്ടിരുന്നു..

ഇടയ്ക്ക് ശ്രീക്കുട്ടിയുടെ ഫോൺ വിളിയിലൂടെ ആയിരുന്നു അവൾ കേൾക്കാനാഗ്രഹിച്ച വിശേഷങ്ങളൊക്കെ അറിഞ്ഞിരുന്നത്..

അപ്പച്ചിക്ക് ശ്രീയേട്ടനെ വിവാഹം കഴിപ്പിക്കാൻ ധൃതിയായത്രേ ! ജോലി കിട്ടിയില്ലേ. ഇനിയെന്തിനാണ് നീട്ടിക്കൊണ്ട് പോകുന്നതെന്ന് ചോദിച്ചപ്പോൾ അവളുടെ പരീക്ഷ കഴിയട്ടെ എന്നിട്ട് പറയാമെന്നാണ് കക്ഷി പറഞ്ഞിരിക്കുന്നതെന്ന് കേട്ടപ്പോൾ
നന്ദിനിയുടെ മനസ്സ്  വർണ്ണ നൂലുകൾ പാകിയൊരു പട്ടം കണക്കെ വാനിലേക്ക്  ഉയർന്നു പൊങ്ങി..

എമ്മെയ്ക്ക് അവസാന വർഷമായിരുന്നു അവളപ്പോൾ.. വീട്ടിലും ഓരോ ആലോചനയുടെ അടക്കം പറച്ചിലുകൾ തുടങ്ങിക്കഴിഞ്ഞിരുന്നു..
 പരീക്ഷയ്ക്ക് ഇനി കുറെ ദിവസങ്ങൾ കൂടി മാത്രം..

ഇതുവരെ തുറന്നു പറയാത്തൊരു പ്രണയത്തിനെ അവിശ്വസിക്കാൻ അവൾക്ക് കഴിഞ്ഞില്ല. കാരണം അവൾ മറ്റൊരു പുരുഷനോടും അത്രയ്ക്കടുത്തിട്ടില്ലായിരുന്നു.

കുട്ടിക്കാലം മുതൽ അറിഞ്ഞവർ..
മറ്റൊരാളും തന്നെ കാണാൻ വരേണ്ട എന്ന് ഉറച്ചിട്ട് തന്നെയാണ് അമ്മയോട് ശ്രീയേട്ടന്റെ കാര്യം പറഞ്ഞത് പോലും !

അമ്മയത് വലിയ സന്തോഷത്തോടെയാണ് അച്ഛനോടും പറഞ്ഞത്..

"അതിനെന്താ നല്ലൊരു കാര്യമാണല്ലോ..
അവൾക്ക് അങ്ങനെയൊരു ബന്ധത്തിന്
താല്പര്യം ഇല്ലെന്ന് കരുതീട്ടല്ലേ നമ്മളും
വേറെ പയ്യന്മാരെ നോക്കിയത്.. "

അച്ഛന്റെ വാക്കുകളിലെ സന്തോഷം അവൾ കർട്ടനു പിന്നിൽ  മറഞ്ഞു നിന്ന് കേട്ടു ..

ശ്രീയേട്ടനെ ഒന്നു വിളിച്ചാലോ..
ആ സ്വരം കേൾക്കാൻ വല്ലാത്ത ഒരാഗ്രഹം..
ഫോണിലൂടെ ആ പേര് കണ്ടപ്പോൾ
ഉള്ളിലിരുന്ന് ആരോ വിലക്കുന്നത് പോലെ.

വേണ്ട. ഇതുവരെ നിന്നോട് ഒന്നും പറയാത്ത ആളിനോട് നീ എന്ത് പറയാനാണ്. ഇങ്ങോട്ട് പറയട്ടെ.. അതുവരെ  ഒന്നും അറിഞ്ഞിട്ടില്ല..

പക്ഷേ നന്ദിനിയുടെ പരീക്ഷ കഴിഞ്ഞാലുടൻ ഒരു നിശ്ചയം എങ്കിലും നടത്തിവെക്കണമെന്ന് അമ്മയാണ് പറഞ്ഞത്.. അതുകേട്ട് അച്ഛനും സമ്മതമായി.. നല്ല ജോലിയും കാണാൻ ചേലുമുള്ള ചെറുക്കാനാണ്.

പെങ്ങളുടെ മോനാണെങ്കിലും നമ്മൾ പറയാതിരുന്നാൽ അവന് വേറെ നല്ല ആലോചന വല്ലതും വന്നാൽ സേതു അതങ്ങു നടത്തും.. അതുകൊണ്ട് എത്രയും പെട്ടെന്ന് തന്നെ അവിടെ പോയി സംസാരിക്കണം..

അമ്മയോട് വല്ലാത്ത സ്നേഹം കൂടിപ്പോയ നിമിഷങ്ങൾ ആയിരുന്നു അത്..

പക്ഷേ അപ്പച്ചിയുടെ അടുത്ത് പോയിട്ട് വന്ന്  അമ്മ പറഞ്ഞ വാക്കുകൾ അവളുടെ ഹൃദയത്തിൽ വിടർന്നു പരിലസിച്ചു നിന്നൊരു പനിനീർ പുഷ്പത്തെ കരിച്ചു കളഞ്ഞിരിക്കുന്നു !

ആഹാരം  കഴിക്കാൻ പോലും എഴുന്നേറ്റില്ല.. ആരുടെയും മുഖത്ത് നോക്കാനുള്ള ശക്തി അവൾക്കില്ലായിരുന്നു..

അമ്മ കുറെ പ്രാവശ്യം വന്നു വിളിച്ചു..
പക്ഷേ അനക്കമൊന്നും ഇല്ലാഞ്ഞതുകൊണ് ഉറങ്ങിക്കാണുമെന്നു വിചാരിച്ചു
തിരിച്ചു പോയി..

പുലർച്ചെ എപ്പോഴോ ഫോൺ റിങ് ചെയ്യുന്നത്
കേട്ടാണ് കണ്ണുകൾ വലിച്ചു തുറന്നത്..
കരഞ്ഞു വീർത്ത കൺപോളകൾക്ക്
വല്ലാത്ത വേദന !
കയ്യെത്തി ഫോൺ എടുത്തപ്പോൾ സ്‌ക്രീനിൽ തെളിഞ്ഞു കണ്ട പേര് അവളെ കോപാകുലയാക്കി !

ശ്രീയേട്ടൻ !

ഇനിയും എന്തെങ്കിലും പറയാൻ ബാക്കിയാണോ.. എങ്കിൽ
എനിക്കിനി ഒന്നുമറിയണ്ട.
എല്ലാ മോഹങ്ങളും ഇന്നലെ ആർത്തു പെയ്ത
മഴയിൽ ഒലിച്ചു പോയിരിക്കുന്നു !

ഫോൺ സ്വിച്ചോഫ് ചെയ്ത് തലയിണയിലേക്ക്
മുഖം അമർത്തി ..

"മോളേ ഒന്നെഴുന്നേറ്റെ.. ദാ ശ്രീയ്ക്ക് നിന്നോട്
സംസാരിക്കണമെന്ന്..  "

അമ്മ ഫോണും പിടിച്ചു അവളെ തട്ടി വിളിച്ചു..

"വേണ്ട.. എനിക്ക് ആരോടുമൊന്നും സംസാരിക്കാനില്ല.. "

പെട്ടന്ന് അമ്മ ചെവിയിലോട്ട് വെച്ച ഫോണിലൂടെ ഒരു വലിയ പൊട്ടിച്ചിരി !

"എടീ പൊട്ടിക്കാളീ..നീയാ
കലണ്ടറിലേക്കൊന്ന് നോക്കിയേ.. "

അവൾ അമ്പരപ്പോടെ തിരിഞ്ഞു നോക്കി..

ഏപ്രിൽ ഒന്ന് !!

"മര്യാദക്കിരുന്ന്പഠിച്ചോണം.
പരീക്ഷയ്‌ക്കെങ്ങാനും തോറ്റേച്ചു
വന്നാൽ ഞാൻ വേറെ നല്ല
കിളി പോലത്തെ പെണ്ണിനെയും കെട്ടി
നിന്റെ മുന്നിൽ കൊണ്ടുവന്നു നിർത്തും.. "

അമ്മയുടെ അടക്കിയ ചിരി കേട്ടപ്പോൾ
വിളറിപ്പോയ മുഖമൊന്ന് അമർത്തി തുടച്ചു.

ശ്രീയേട്ടനെക്കുറിച്ചുള്ള ചിന്തയിൽ തീയതിയും ദിവസവുമൊന്നും ശ്രെദ്ദിച്ചിട്ടുണ്ടായിരുന്നില്ല !

"ഇപ്പൊ വിഷമമൊക്കെ മാറിയോ..
അവനാണ് ഞങ്ങളോട് പറഞ്ഞത് നിന്നെയൊന്ന് ഏപ്രിൽ ഫൂളാക്കണമെന്ന്.
നിന്റെ പരീക്ഷ കഴിഞ്ഞിട്ട് പറയാമെന്നു കരുതിയാ ആരോടും ഒന്നും പറയാതിരുന്നത്..
ഇത്  പറയാൻ ശ്രീ ഇങ്ങോട്ട് വരുന്നുണ്ട്.."

അമ്മയുടെ മുഖത്തു നോക്കാനാവാതെ മുഖം കുനിച്ചു നിൽക്കുമ്പോൾ
പ്രണയം ചുവപ്പിച്ച പൂമരത്തിന്റെ ചില്ലകൾ പോലെ അപ്പോളവളുടെ മനസ്സും പൂത്തുലഞ്ഞു..

  രചന: ശാലിനി മുരളി

To Top