കണ്ണേട്ടന്റെ ദേവു, ഭാഗം: 1
ചിത്രത്തിന് കടപ്പാട് ഗൂഗിൾ...
രചന: Jebin James Veliyam
"ദേ ചെക്കാ നിന്റെ വിരട്ടൊന്നും എന്നോട് വേണ്ടാ..."
നീ ആരാടി പുല്ലേ... കമ്മീഷണർടെ മോളോ... അതോ മുഖ്യമന്ത്രിയുടെ മോളോ...
അത് താൻ അറിയണ്ട കാര്യമില്ല.. വഴീന്ന് മാറ്... എനിക്ക് ക്ലാസ്സിൽ പോണം അരുണിന്റെ മറുപടിയ്ക്ക് കാത്തു നിൽക്കാതെ മുന്നോട്ടു നടന്ന ദേവൂന്റെ കൈയിൽ അവൻ കടന്നു പിടിച്ചു...
നട്ടെല്ലുള്ള ആണൊരുത്തൻ കൂടെ ഉണ്ടെന്നുള്ള ധൈര്യം കൊണ്ടാണോ പാരമ്പര്യമായി കിട്ടിയതാണോ എന്തോ അരുണിന്റെ കരണം നോക്കിയുള്ള ദേവൂന്റെ അടിയുടെ ശബ്ദം കോളേജ് വരാന്തയിൽ ഇരുന്നു സൊള്ളിക്കൊണ്ട് ഇരുന്ന സകല പിള്ളേരും കേട്ടു...
ഡീീ.... തിരിച്ചു കൈ ഓങ്ങിയ അരുണിന്റെ കൈകളിൽ കടന്നു പിടിച്ചത് കണ്ണനായിരുന്നു... എന്താ ദേവു പ്രശ്നം
അത് കണ്ണേട്ടാ ഞാൻ ഇപ്പൊ അവന്റെ കൈയ്യിൽ പിടിച്ച് പ്രൊപോസ് ചെയ്യുന്ന പോലെ അഭിനയിച്ചു കാണിക്കണമെന്ന്... പറ്റില്ലാന്ന് പറഞ്ഞപ്പോ
ഞാൻ ഇവിടെ പഠിക്കണോ വേണ്ടയോ എന്ന് അവൻ തീരുമാനിക്കുമെന്ന്...
ടാ നിന്നോട് മുന്നേ ഞാൻ പറഞ്ഞതാ ഈ റാഗിങ്ങെന്നും പറഞ്ഞു പെൺപിള്ളേരോട് ഇമ്മാതിരി വേലത്തരുമായി ഇറങ്ങരുതെന്നു... കണ്ണന്റെ സ്വഭാവം നല്ല വൃത്തിയായി കഴിഞ്ഞ ആർട്സിനു അരുണിന് മനസ്സിലായത് കൊണ്ടാവണം മറ്റുള്ളവരുടെ മുന്നിൽ വച്ചു നാണം കെട്ടതിന്റെ പക ഉള്ളിൽ ഒതുക്കി ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നത്...
ദേവൂന്റെ കൈയും പിടിച്ചു കോളേജിന്റെ വരാന്തയിലുടെ നടന്ന കണ്ണൻ കോണിപ്പടി എത്തിയതും ചെവിൽ പിടിച്ചു കൊണ്ട് ചോദിച്ചു...
ടി കാന്താരി ഇതിനാണോ ഇങ്ങോട്ട് കെട്ടിയെടുത്തത്???
ടാ കണ്ണേട്ടാ.. അതിനു ഞാൻ വല്ലോം ചെയ്‌തെയാണോ അവനല്ലേ ആവശ്യമില്ലാതെ എന്റെ മെക്കിട്ടു കേറാൻ വന്നത്...
ആഹ് അത് പോട്ടെ... നീ നാളെ വരുമെന്നല്ലേ എന്നോട് പറഞ്ഞത്..
അത് പിന്നെ ഒരു സർപ്രൈസ് ആയിക്കോട്ടേന്നു വച്ചു.. അത് മാത്രമല്ല മോന്റെ ലീലാവിലാസങ്ങൾ ഒന്നു നേരിട്ട് കാണാമല്ലോ...
ഓഹ് അതിനു വേണ്ടിയാണോ മാഡം ഈ കോളേജിലേക്ക് തന്നെ പഠിക്കാൻ വന്നത്...
അതേലോ.. അങ്ങനെ ഇപ്പോ മോൻ ഇവിടങ്ങനെ സുഖിച്ചു കഴിയണ്ട... ഇനിയുള്ള രണ്ടു കൊല്ലം കണ്ണേട്ടനെ നോക്കാൻ അച്ഛൻ എന്നെയാ ഏൽപിച്ചേക്കുന്നേ...
ഓഹ് എന്റെ അച്ഛൻ വേണു മാഷിനെ നീ കൈയിൽ എടുത്തേക്കുവാണല്ലോ... അതോണ്ടല്ലേ ഇങ്ങനെ ഒരു കുരിശിനെ എന്നെകൊണ്ട് തന്നെ കെട്ടിക്കണം എന്ന് അമ്മാവനുമായി വാക്ക് ഉറപ്പിച്ചു വച്ചേക്കുന്നത്...
അത്ര വല്യ ബുദ്ധിമുട്ടാണെൽ കെട്ടെണ്ടെന്നേ ഇപ്പോഴേ അങ്ങ് പറഞ്ഞേക്ക്.. ഞാൻ ഇവിടെ ഒരു നല്ല ഫ്രീക്കൻ ചെക്കനെ കണ്ടു പിടിച്ചു അങ്ങ് കെട്ടിക്കോളാം... അതു പറഞ്ഞതും കണ്ണൻ ദേവൂന്റെ ചെവിയ്ക്ക് വീണ്ടും കൊടുത്തു നല്ലത്.. ക്ലാസ്സിൽ പോടീ പെണ്ണേ... ചിരിച്ചു കൊണ്ട് ഓടിയ ദേവു തിരിഞ്ഞു കണ്ണനെ നോക്കി കൊഞ്ഞനം കാട്ടിയിട്ടു പറഞ്ഞു...
അതേയ്... ഈ ദേവു കണ്ണന്റെ മാത്രമാ ട്ടൊ... കണ്ണൻ ഒരു ചെറു പുഞ്ചിരിയോടെ തിരിഞ്ഞു നടന്നു...
വീട്ടുകാർ പറഞ്ഞു ഉറപ്പിച്ചു വച്ചിരിക്കുന്ന കാര്യമാ കണ്ണന്റെയും ദേവൂന്റെയും കല്യാണം... അതുകൊണ്ട് തന്നെ ആകണം കോളേജിൽ അവരുടെ പ്രണയം പാട്ടായതും... വീട്ടുകാരുടെ സമ്മതത്തോടു കൂടിയുള്ള പ്രണയം അത് വല്ലാത്തൊരു ഫീൽ തന്നെയാ...
ദിവസവും ലേഡീസ് ഹോസ്റ്റലിൽ നിന്നും ദേവൂനെയും കൂട്ടിയുള്ള കണ്ണന്റെ വരവ് കണ്ടു അസൂയ തോന്നാത്ത പ്രണയ ജോടികൾ ഇല്ലാ എന്ന് തന്നെ പറയാം ആ കോളേജിൽ...
കോളേജിന്റെ കാന്റീനിൽ കൂട്ടുകാർക്കൊപ്പം ഇരുന്ന് സൊറ പറയുന്നതിനിടയിൽ വിഷ്ണു കണ്ണനോടായി പറഞ്ഞു
അളിയാ.. നിന്റെ ലൈഫാ അളിയാ ലൈഫ്
അതെന്താടാ നിങ്ങള്ടെ ഒക്കെ ലൈഫോ അപ്പൊ..
ഓഹ് നമ്മക്കെന്ത് ലൈഫ്... ഒരുത്തി ഉള്ളതാണേൽ തേച്ചു ഒട്ടിച്ചിട്ട് പോയി
അതിനു മനസ്സ് നന്നാവണമെടാ എന്ന് കിട്ടിയ ഗ്യാപ്പിൽ കണ്ണൻ ഗോൾ അടിച്ചു...
അളിയാ ശവത്തിൽ കുത്തരുത്... നിനക്ക് ചങ്ക് പറിച്ചു സ്നേഹിക്കുന്നൊരു പെൺകൊച്ചു ഉണ്ടെന്നു വച്ച്.. എല്ലാ പെൺപിള്ളേരും അങ്ങനെ ആവണം എന്നുണ്ടോ...
ചുമ്മാ പറഞ്ഞതാടാ... ഞാൻ അങ്ങോട്ട് ഇറങ്ങുവാ ലവൾക്കു ക്ലാസ്സ് കഴിയാറായി ഒരു ചെറു പുഞ്ചിരിയോടെ കണ്ണൻ നേരെ ഗിരിയേട്ടന്റെ കൈയ്യിൽ കാശും കൊടുത്തു ദേവൂന്റെ അടുത്തേക്ക് പോയി...
പ്രണയത്തിന്റെയും പഠനത്തിന്റേതുമായ ആറു മാസം വളരെ പെട്ടെന്ന് തന്നെ കടന്നു പോയി... മാസത്തിൽ ഒരു തവണ മാത്രമാണ് ഇരുവരും വീട്ടിൽ പോകുന്നത്.. സാധാരണ ഒന്നിച്ചു പോകാറാണ് പതിവ് പക്ഷെ അമ്മയ്ക്ക് സുഖമില്ലാത്തതു കൊണ്ട് കണ്ണൻ രണ്ടു ദിവസം മുന്നേ പോയിരുന്നു...
ഹോസ്റ്റലിന്റെ അടുത്തു തന്നെ റെയിൽവേ സ്റ്റേഷൻ ആയതു കൊണ്ട് വിളിക്കാൻ വരാമെന്നു പറഞ്ഞ കണ്ണനെ അവൾ വിലക്കി... അങ്ങനെ പറയാനും കാരണമുണ്ട് അമ്മയ്ക്ക് സുഖമില്ലാതെ ഹോസ്പിറ്റലിൽ കിടക്കുമ്പോ ഇത്രയും ദൂരം കണ്ണേട്ടനെ വിളിക്കാൻ വരുത്തിക്കുന്നത് എന്തിനാ... വൈകിട്ട് ആറരയ്ക്കുള്ള ഏറനാട് എക്സ്പ്രസ്സിൽ പോകാമെന്നു കരുതി...
ആറു മണിക്ക് തന്നെ ദേവു ഹോസ്റ്റലിൽ നിന്നും ഇറങ്ങി... ചെറിയൊരു ഷോർട്കട്ട് ഉണ്ട് റെയിൽവേ സ്റ്റേഷനിലേക്ക് ഒരു പത്തു മിനിറ്റ് നടക്കാനുള്ള ദൂരം പക്ഷെ വൈകിട്ട് അങ്ങനെ ആ ചെറു വഴിയിലുടെ അധികം ആൾക്കാർ സഞ്ചരിക്കാറില്ല... അല്പം ധൈര്യം ഒക്കെ ഉള്ള കൂട്ടത്തിൽ ആയതു കൊണ്ടാകാം ദേവു ആ വഴി തന്നെ പോകാമെന്നു കരുതിയത്...
സാധാരണ ദിവസത്തെക്കാളും ഇരുട്ടിയിരുന്നു അന്ന്... വിജനമായ ആ വഴിയിലൂടെ അവൾ നടന്നു... പകുതി എത്തിയപ്പോഴേക്കും പിന്നിൽ നിന്നൊരു വിളി..
ഡീീ.......
തിരിഞ്ഞു നോക്കിയ അവൾ ആളെ കണ്ടതും ഞെട്ടി... കൈകാലുകൾ വിറയ്ക്കാൻ തുടങ്ങി അവളുടെ.... ഹൃദയസ്പന്ദനം ഇരട്ടി വേഗത്തിലായി...
(താഴെയുള്ള ലിങ്കിൽ നിന്നും ബാക്കി ഭാഗങ്ങൾ തുടർന്ന് വായിക്കൂ...)
രചന: Jebin james Veliyam
ഭാഗം: 2 വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ....
ഭാഗം: 3 വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.....
രചന: Jebin james Veliyam