"എന്താടി നീ കൊച്ചുകുട്ടിയാണോ... നിന്റെ അച്ഛനെന്താ എന്നും നിന്നെ കൂട്ടികൊണ്ട് പോകാൻ കോളേജിലേക്ക് വരുന്നത്.. നിനക്ക് ബസ്സ് കയറി പോകാനറിയില്ലേ? അതോ നിന്നെ വിശ്വാസമില്ലേ?"
കൂട്ടുകാരിയുടെ ആ ചോദ്യം കേട്ട് അവൾ ചെറുതായൊന്ന് ചമ്മിയെങ്കിലും പുഞ്ചിരിച്ച് കൊണ്ടാണ് അവൾ അതിന് മറുപടി നൽകിയത്...
"അതല്ല..ഇപ്പോഴത്തെ വാർത്തകളൊക്കെ നീയും കേൾക്കുന്നതല്ലെ? പെട്രോളൊഴിച്ച് കത്തിക്കലും തട്ടികൊണ്ടുപോക്കും പീഢനങ്ങളുമൊക്കെ.. എ ന്റെ ചെറുപ്പം മുതൽ അച്ഛനിങ്ങനെ തന്നെയാ.. എത്ര തിരക്കുണ്ടേലും എന്നെ കൊണ്ട് വരാൻ വരും... "
അവൾ പറഞ്ഞത് കേട്ട് അവളുടെ കൂട്ടുകാരികൾ അവളെ കളിയാക്കി ചിരിച്ചു..
"അങ്ങനെ പേടിച്ചാലെങ്ങനെ ജീവിക്കാനാ... ഇതിപ്പോ രണ്ട് മാസം ആയതല്ലേ ഉള്ളൂ ഫസ്റ്റ് ഇയർ തുടങ്ങീട്ട്.. ഇനിയും എത്ര വർഷം ബാക്കിയുണ്ട്.. അത്രയും കാലം അച്ഛൻ വരുമോ? നിന്റെ കാര്യം കഷ്ടാണല്ലോ? അച്ഛനെ വെട്ടിച്ച് ഒരു സിനിമയ്ക്ക് പോലും പോകാൻ പറ്റില്ലല്ലോ?"
അത് കേട്ട് അവളുടെ മുഖം വാടി..
" എന്തോ ഞാനിത് വരെ അങ്ങനെ സിനിമയ്ക്കൊന്നും പോയിട്ടില്ല... അഥവാ പോകുന്നുണ്ടെങ്കിൽ അച്ഛനോട് പറഞ്ഞിട്ട് പോകാൻ അച്ഛൻ പറഞ്ഞിട്ടുമുണ്ട്.. എന്റെ സേഫ്റ്റിക്ക് വേണ്ടിയല്ലേ അച്ഛനിതൊക്കെ ചെയ്യുന്നത്..?"
" ഉവ്വ.. ഉവ്വ..." അവർ വീണ്ടും അവളെ കളിയാക്കുക തന്നെയാണ് ചെയ്തത്..
അവരുടെ സംസാരം കേട്ടുകൊണ്ടിരുന്ന ക്ലാസ്സ്മേറ്റായ ജിതേഷിന് പക്ഷെ അവരുടെ കളിയാക്കൽ അത്ര രസിച്ചില്ല..
"അതിനെന്താ കുഴപ്പം.. എനിക്കും ഒരു പെങ്ങളുള്ളതാ ഞാനും അവളെ ഇങ്ങനെ തന്നെയാണ് നോക്കുന്നത്.. അതില് കളിയാക്കാനൊന്നുമില്ല.. ഓരോരുത്തർക്ക് അനുഭവത്തിൽ വരുമ്പോഴേ ആ കെയറിംഗിന്റെ വില മനസ്സിലാവൂ.."
അവൻ പറഞ്ഞത് കേട്ട് അവർ അവനേയും കളിയാക്കി ചിരിച്ചു..
" ആഹാ.. ദാ വന്നിരിക്കുന്നു ഒരു നേരാങ്ങള... ഞങ്ങടെ കാര്യം നോക്കാൻ ഞങ്ങൾക്ക് അറിയാം.. ഈ ബോഡിഗാഡ് ഏർപ്പാടേ ബോറാ.."
"ഇതാണ് നിങ്ങടെ ഒക്കെ പ്രശ്നം... എന്നിട്ട് എന്തേലും ഉണ്ടായാ കിടന്ന് നിലവിളിക്കുകയും ചെയ്യും.. ഇങ്ങനെയുള്ള പല സമയത്തും സുരക്ഷക്കെത്തുന്നതും ആണുങ്ങൾ തന്നെയാണ് എന്നോർത്താ നന്ന്.. "
അതും പറഞ്ഞ് അവൻ അവിടെ നിന്ന് എഴുന്നേറ്റ് പോയി...
കൂട്ടുകാരികളുടെ ആ പെരുമാറ്റത്തിൽ അവൾക്ക് എന്തോ ഒരു വല്ലായ്ക പോലെ തോന്നി.. ശരിക്കും പറഞ്ഞാൽ അവൾക്ക് ഒറ്റക്ക് എവിടേക്കെങ്കിലും പോകാൻ തന്നെ ഭയമായിരുന്നു...
ആ ഭയം മനസ്സിലാക്കിയാണ് അച്ഛൻ അവളുടെ കൂടെ കൂടിയതും...
സ്കൂളിൽ പഠിക്കുമ്പോൾ മറ്റുകുട്ടികൾ അത് ശ്രദ്ധിച്ചിരുന്നു പോലുമില്ല....അത് കൊണ്ട് തന്നെ അവൾക്ക് അതിൽ ഒരു പ്രശ്നവും തോന്നിയിരു ന്നുമില്ല...
അവൾക്ക് അതിൽ വലിയൊരു സുരക്ഷിതത്ത്വം അനുഭവപെട്ടിരുന്നു...
അവൾക്ക് ധൈര്യം നൽകാൻ അദ്ദേഹം പരമാവധി ശ്രമിച്ചെങ്കിലും പത്ര വാർത്തകളും മറ്റും വായിച്ച് അവൾക്ക് ഭയം കൂടികൂടി വരുകയായിരുന്നത് കൊണ്ട് വീണ്ടും അവൾ അച്ഛന്റെ സുരക്ഷിതത്ത്വം തന്നെ തേടി...
അദ്ദേഹത്തിനോട് അവൾ അന്ന് കോളേജിൽ നടന്ന സംസാരത്തെ പറ്റി സൂചിപ്പിച്ചു...
പക്ഷെ അദ്ദേഹം അതിനെ പോസറ്റീവ് ആയിക്കാണാനാണ് ശ്രമിച്ചത്...
"മോളൂ... ഇനി നീ കുറച്ച് ബോൾഡ് ആയേ പറ്റൂ.. എപ്പോഴും ഞാനുണ്ടാവണമെന്നില്ലല്ലോ? കോളേജ് കാലം നിന്നെ കൂടുതൽ ധൈര്യവതിയാക്കും.. അച്ഛനുറപ്പുണ്ട്.."
ദിവസങ്ങൾ കടന്നു പോയ്ക്കൊണ്ടിരുന്നു...
അങ്ങനെ ഇരിക്കെ ഒരു ദിവസം ഓഫീസിൽ വച്ച് അദ്ദേഹത്തിന് പെട്ടെന്ന് ഒരു നെഞ്ച് വേദന വരുകയും സഹപ്രവർത്തകർ അദ്ദേഹത്തെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകുകയും ചെയ്തു..
ബോധം മറഞ്ഞത് കൊണ്ട് ഐ.സി.യൂവിലായി രുന്നു അദ്ദേഹത്തെ അഡ്മിറ്റ് ചെയ്തിരുന്നത്...
അന്ന് ആണെങ്കിൽ സ്പെഷൽ ക്ലാസ്സ് കൂടെ ഉണ്ടായിരുന്നത് കൊണ്ട് അവൾ കുറച്ച് ലേറ്റായാണ് കോളേജിൽ നിന്നും ഇറങ്ങിയത്..
പതിവ് പോലെ സ്ഥിരം കാത്ത് നിൽക്കുന്ന സഥലത്ത് അച്ഛനെ കാണാഞ്ഞ് അവൾക്ക് പരിഭ്രഭമായി...
അച്ഛനെ വിളിക്കാനായി മൊബൈൽ എടുത്തപ്പോഴാണ് അവളുടെ അമ്മയുടെ മിസ്സ്ഡ് കോളുകൾ കണ്ടത്...
വെപ്രാളത്തോടെ അവൾ അമ്മയ്ക്ക് ഡയൽ ചെയ്തു...
അച്ഛൻ ഹോസ്പിറ്റലിലാണെന്ന് അമ്മ അവളെ അറിയിച്ചതും അവൾക്ക് ആകെ പരിഭ്രമമായി...
പെട്ടെന്ന് ഒരു ഓട്ടോ വിളിച്ച് ഹോസ്പിറ്റലിലേക്ക് വരാനാണ് അമ്മ അവളോട് ആവശ്യപെട്ടത്..
ഫോൺ കട്ട് ചെയ്ത് കഴിഞ്ഞപ്പോഴാണ് അവളാ കാര്യം ഓർത്തത്...
അച്ഛൻ വരുമെന്ന വിശ്വാസത്തിൽ അവൾക്ക് പോക്കറ്റ് മണിയായി തന്നിരുന്ന പൈസ അവൾ ചെലവഴിച്ചിരുന്നു..
എന്ത് ചെയ്യണമെന്നറിയാതെ അവൾ ബസ്സ്സറ്റോപ്പിൽ പരിഭ്രമിച്ച് നിൽക്കുമ്പോഴാണ് ജിതേഷും ഫ്രണ്ട്സും അത് വഴി വന്നത്..
അവൾ അങ്ങനെ ബസ്സ് സ്റ്റോപ്പിൽ ബസ് കാത്ത് നിൽക്കുന്നത് പതിവില്ലാത്തതിനാൽ എന്താണ് കാര്യമെന്ന് തിരക്കാനായി അവൻ അവളുടെ അരികിലെത്തി...
അവൾ അവനോട് അച്ഛന് സംഭവിച്ച കാര്യം പറഞ്ഞു...
അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു...
അല്പനേരം ആലോചിച്ചതിന് ശേഷം അവൻ അവളോട് ബൈക്കിന് പുറകിൽ കയറാൻ പറഞ്ഞപ്പോൾ അവൾക്ക് കൂടുതൽ പരിഭ്രമമായി..
പക്ഷെ വേറെ വഴിയില്ലെന്ന് മനസ്സിലാക്കിയ
അവൾ ബൈക്കിന് പുറകിൽ കയറി ഇരുന്നു..
അച്ഛനല്ലാതെ മറ്റൊരു ആണിന്റെ പുറകിലിരുന്ന് ആദ്യമായാണ് അവൾ സഞ്ചരിക്കുന്നത് തന്നെ..
പക്ഷെ അവളുടെ മനസ്സിൽ മുഴുവൻ അച്ഛന്റെ മുഖമായിരുന്നു അപ്പോൾ...
ഹോസ്പിറ്റലിനകത്തേക്ക് അവളെ കൂട്ടിക്കൊണ്ട് പോയതും അവരാണ്..
ഐ.സി യുവിന് പുറത്ത് അവളുടെ അമ്മയും മുത്തച്ഛനും ആണ് അപ്പോൾ ഉണ്ടായിരുന്നത്..
അമ്മയെ കണ്ടതും അവൾ ഓടിച്ചെന്ന് അമ്മയെ കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി...
"അച്ഛനൊന്നുമില്ല മോളേ... " അവർ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു...
അദ്ദേഹത്തിന് ബോധം തെളിയുന്നതും കാത്ത് ജിതേഷും കൂട്ടരും അവരോടൊപ്പം തന്നെ നിന്നു..
മരുന്ന് വാങ്ങിക്കാനും മറ്റ് ആവശ്യങ്ങൾക്കും എല്ലാം അവരാണ് മുൻകൈ എടുത്തിരുന്നത്..
അത് അവർക്ക് വലിയ സഹായവുമായിരുന്നു..
കുറച്ച് സമയത്തിന് ശേഷം ഐ.സി.യൂവിൽ നിന്നും അവളെ കാണണമെന്ന് അച്ഛൻ പറയുന്നുണ്ടെന്ന അറിയിപ്പ് വന്നത്..
ബോധം വന്നതും അദ്ദേഹം ആദ്യം അന്വേഷിച്ചത് അവളെയായിരുന്നു..
അവൾ നഴ്സിനോടൊപ്പം അകത്തേക്ക് കയറി..
അച്ഛനെ കണ്ടതും അവൾ വേഗത്തിൽ അവിടേക്ക് നടന്നു...
അവളെക്കണ്ടപ്പോഴാണ് അദ്ദേഹത്തിന് ആശ്വാസമായത്..
അവൾ സേഫ് ആയി എത്തിയതിൽ അദ്ദേഹത്തിന് ആശ്വാസം തോന്നി...
താൻ ആൺകുട്ടികളോടൊപ്പം ആണ് ഹോസ്പിറ്റലെലേക്ക് വന്നത് എന്നത് തൽക്കാലം അവൾ അയാളെ അറിയിച്ചില്ല..
അച്ഛന് ചിലപ്പോൾ ടെൻഷനായൊലോ എന്ന് കരുതിയാണ് അവൾ ആ കാര്യം മറച്ച് വച്ചത്..
രണ്ട് ദിവസത്തിന് ശേഷം ആണ് അദ്ദേഹത്തെ ഐ.സിയൂവിൽ നിന്നും റൂമിലേക്ക് മാറ്റിയത്...
അന്ന് അവളോടൊപ്പം ജിതേഷും കൂട്ടരും ഉണ്ടായിരുന്നു...
അവരെകണ്ടതും അദ്ദേഹം ഒന്ന് ശങ്കിച്ചു...
അത് മനസ്സിലാക്കിയെന്നോണം അവൾ പറഞ്ഞു..
"അച്ഛാ.. ഇത് എന്റെ ക്ലാസ്സ്മേറ്റ്സ് ആണ്... ഇവരാണ് എന്നെ ഹോസ്പിറ്റലിലേക്ക് സേഫ് ആയി കൊണ്ട് വന്നിരുന്നത്.."
അത് കേട്ടതും അദ്ദേഹം അവളുടെ മുഖത്തേക്ക് ആശ്ചര്യത്തോടെ നോക്കി..
" ഈ രണ്ട് ദിവസവും ഞാൻ സേഫ് ആയി തന്നെയാണ് ഇവിടെ വന്നിരുന്നത് അച്ഛാ.. ഇവരോടൊപ്പം വരാൻ എനിക്കൊരു പേടിയും തോന്നിയില്ല.. കാരണം ഇവർ എന്റെ ക്ലാസ്സ് മേറ്റ്സ് ആണ്.. "
അദ്ദേഹത്തിന് അത്ഭുതമായിരുന്നു അത്..
കാരണം പരിചയമില്ലാത്ത ആണുങ്ങളോട് സംസാരിക്കുന്നതേ ഭയമുള്ള തന്റെ മകൾ ആൺകുട്ടികളോടൊപ്പമാണ് ഹോസ്പിറ്റലിൽ വന്നതെന്ന് കേട്ടപ്പോൾ അയാൾക്ക് അത് വിശ്വസിക്കാനായില്ലായിരുന്നു..
അവൾ തുടർന്നു..
" അച്ഛൻ ഒന്നുകൊണ്ടും പേടിക്കണ്ട... ഞങ്ങൾ പെൺകുട്ടികൾക്ക് എന്ത് വിഷമമുണ്ടേലും ഞങ്ങൾക്ക് ആദ്യം പങ്ക് വയ്ക്കാൻ തോന്നുന്നത് ഇവരോടാണ്.. കൂട്ടത്തിൽ തന്നെയുള്ള ആരെങ്കിലും മോശമായി ഉണ്ടെങ്കിൽ ഇവർ തന്നെ ഞങ്ങൾക്ക് മുന്നറിയിപ്പ് തരാറുമുണ്ട്.. സ്വന്തം പെങ്ങളെപ്പോലെ തന്നെ ഞങ്ങളേം നോക്കുന്നവരാണ് അച്ഛാ ഇവർ... ഇവരുള്ളൊടൊ ത്തോളം ഞങ്ങൾ സേഫ് ആണ്..."
അവൾ പറഞ്ഞത് കേട്ട് അദ്ദേഹം അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു..
അപ്പോഴാണ് അവർക്കും ശ്വാസം നേരെ വീണത്..
ജിതേഷ് അദ്ദേഹത്തിന് അരികെ വന്ന് അദ്ദേഹത്തിന്റെ കൈകളിൽ പിടിച്ചുകൊണ്ട് പറഞ്ഞു..
"അങ്കിൾ പേടിക്കണ്ട..റെസ്റ്റ് എടുത്തോളൂ... നീന ഇനി എന്നും സേഫ് ആയി തന്നെ വീട്ടിൽ വരും..ഇത് ഞങ്ങളുടെ ഉറപ്പാണ്.. "
അദ്ദേഹത്തിന്റെ കണ്ണുകൾ അപ്പോൾ നിറഞ്ഞിരുന്നു...
" സന്തോഷം മക്കളേ.. പല വാർത്തകളും കണ്ടും കേട്ടും മനസ്സ് മരവിച്ചിരിക്കു കയായിരുന്നു.. ഭയമായിരുന്നു എനിക്ക്.. പെൺകുട്ടികളുള്ള ഏതൊരച്ഛന്റെയും അവസ്ഥ ഇത് തന്നെയാവും.. മകൾ സ്കൂളിലോ കോളേജിലോ പോയി തിരികെ വരുന്നത് വരെ ഒരു സമാധാനവും ഉണ്ടാവില്ല.. അവൾക്ക് ഒരു ചേട്ടനോ അനിയനോ ഇല്ലാത്തതിൽ എനിക്ക് ഒരുപാട് വിഷമം ഉണ്ടായിരുന്നു..ഇപ്പോൾ എനിക്കാ വിഷമം ഇല്ല... നിങ്ങളുണ്ടല്ലോ അവൾക്ക്.. നിങ്ങളിലൂടെ അവൾ ധൈര്യവതിയാവും.. എനിക്ക് ഉറപ്പുണ്ട്.... "
രണ്ട് വർഷങ്ങൾക്ക് ശേഷം പത്രത്തിൽ കണ്ട ആ ചിത്രം കണ്ട് അദ്ദേഹം അഭിമാനപൂർവ്വം അവളെ നോക്കി... സന്തോഷം കൊണ്ട് അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു..
കന്യാകുമാരിയിൽ മുതൽ ലേ ലഡാക്ക് വരെ ബൈക്കിൽ ഒറ്റയ്ക്ക് സഞ്ചരിച്ച് ഉയരങ്ങൾ കീഴടക്കി തിരികെയെത്തിയ പെൺകുട്ടിയുടെ ചിത്രമായിരുന്നു അത്...
ഒറ്റയ്ക്ക് ബസ്സിൽ പോകാൻ പോലും പേടിച്ചിരുന്ന ഒരു പെൺകുട്ടിയെ ലഡാക്ക് വരെ എത്തിച്ചത് ആ സൗഹൃദങ്ങളായിരുന്നു...
പ്രവീൺ ചന്ദ്രൻ